അധികാരം, വൈറസ് നേടിയെടുത്തതും വൈറസിലൂടെ ഭരണകൂടം നേടിയെടുത്തതും

ഒരു വശത്ത്​ ജീവി എന്ന നിലയിൽ മരണത്തിനോടും രോഗത്തോടുമുള്ള ഭയം, മറുവശത്ത്​, നമ്മുടെ അറിവ് തന്നെ നമുക്ക് നേടിത്തരുന്ന യാദൃശ്ചികതയും ജീവിതത്തിന്റെ നിരർത്ഥകതയും; ഇതിനിടയിൽ അവശേഷിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം. പ്രമുഖ തത്വചിന്തകർ കോവിഡാനന്തര ലോകത്തെ എങ്ങനെയാണ്​ വിശദീകരിക്കുന്നത്​?

1947ൽ പ്രസിദ്ധികരിക്കപ്പെട്ട ആൽബർട്ട് കാമ്യുവിന്റെ ‘പ്ലേഗ്' എന്ന നോവലിൽ, പ്ലേഗിന്റെ അപകടത്തോടൊപ്പം അതിനുള്ളിൽ കണ്ടെത്താവുന്ന മറ്റ് സാധ്യതകളെ കുറിച്ച് പരാമർശിക്കുന്ന ഒരു ഭാഗമുണ്ട്. ‘What's true of all the evils in the world is true of plague as well. It helps men to rise above themselves' എന്നിങ്ങനെയാണ് ആ പരാമർശം. കാമ്യു കണ്ടെത്തുന്ന ഉയർച്ചയെ നമുക്ക് പലതരത്തിലുള്ളതായി കാണാം, ഒരു പുതിയ മരുന്നിന്റെ കണ്ടെത്തലായിട്ടോ, അതോടൊപ്പം ഉണ്ടാകുന്ന ശാസ്ത്രത്തിന്റെ വികാസമായിട്ടോ, ഒരുപക്ഷെ ജീവിതത്തിന്റെ യാദൃശ്ചികതയെയോ നിരർത്ഥകതയെയോ കുറിച്ചുള്ള തത്ത്വചിന്താപരമായ തിരിച്ചറിവുകളായിട്ടോ അതിനെ വായിക്കാം. കൊറോണ ഒരുക്കി തരുന്ന പരിസരവും ഇത്തരത്തിൽ അപകടവും സാധ്യതയും കലർന്നതാണ്.

ചരിത്രപരമായി നോക്കുമ്പോൾ കൊറോണ ഉണ്ടാക്കുന്ന സാഹചര്യം ഒരു ‘ബ്രേക്ക്' ആയി കാണാം. രോഗത്തിന്റെ പുതുമയും ആഗോള വ്യാപനവും എല്ലാം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ പിടിച്ചുനിർത്തുകയാണ് ചെയ്തത്. മനുഷ്യൻ ഇന്നുവരെ ആർജിച്ച അറിവാണ് ഭീഷണിയിലായിരിക്കുന്നത്​. ഈ പിടിച്ചുനിർത്തലിൽ നിന്ന് അല്ലെങ്കിൽ ബ്രേക്കിൽ നിന്ന് രക്ഷപ്പെടാൻ ആധുനികവൈദ്യശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പോൾ മറുവശത്ത്​ തത്വചിന്തകർ ഈ അവസ്ഥ മനസിലാക്കുവാൻ ശ്രമിക്കുന്നു.

ലോകത്താകമാനം ഉണ്ടായ തതചിന്താപരമായ കണ്ടെത്തലുകൾ പരിശോധിച്ചാൽ ചരിത്രപരമായി ഈ കാലത്തെ അടയാളപ്പെടുത്താം. ‘It's age written in thought' എന്ന് ഹെഗൽ അഭിപ്രായപ്പെട്ടത് പോലെ നമ്മുടെ കാലത്തെ എഴുതപ്പെട്ടിരിക്കുകയാണ്, കൊറോണ സൃഷ്ടിക്കുന്ന ഓരോ ചിന്തകളിലും.

‘കൊറോ നേഷൻ’
കൊറോണയുടെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന പ്രധാന തത്വചിന്താചർച്ചകൾ വൈറസ് നേടിയെടുത്ത അധികാരം, വൈറസിലൂടെ ഭരണകൂടം നേടിയെടുത്ത അധികാരം എന്നിവയാണ്. ഫ്രഞ്ച് കവി മിഷേൽ ഡഗ്യ കൊറോണയെ കുറിച്ച് എഴുതിയ കവിതക്ക് ‘Coronation' എന്ന് പേരുനൽകിയത്, കൊറോണക്ക് നേടാൻ കഴിഞ്ഞ പരമാധികാരത്തെ സൂചിപ്പിക്കുന്നതിനാണ്. ക്രോസ്‌കോപ്പിനുകീഴിൽ നോക്കുമ്പോൾ മാത്രമല്ല മനുഷ്യസമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും കൊറോണ കീരീടധാരണത്തിനുശേഷം അധികാരം നേടിയെടുത്തു.

മിഷേൽ ഡഗ്യ

കൊറോണയുടെ അധികാരത്തിനുകീഴിൽ നമ്മുടെ സ്വാതന്ത്ര്യം, ദൈനംദിനജീവിതം, ഭാവിയെക്കുറിച്ചുള്ള ചിന്തകളെല്ലാം തന്നെ ത്യജിക്കപ്പെട്ടു.

‘അധികാരം' ചർച്ചകളുടെ കേന്ദ്രബിന്ദുവാകുന്നതിന്റെ കാരണം ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ കണ്ടെത്തലുകളാണ്.

രോഗം പടരുന്നത് തടയുന്നതിന്​ ഉണ്ടാക്കപ്പെടുന്ന പല ടെക്‌നോളജികളും ഭാവിയിൽ മുമ്പും ചരിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളതുപോലെ അധികാരം നിലനിർത്താൻ ഭരണകൂടം ഉപയോഗിക്കാൻ സാധ്യതയുണ്ട്

വൈദ്യശാസ്ത്രത്തെയും അധികാരത്തെയും (ബയോ പൊളിറ്റിക്‌സ് ) ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ഇന്നത്തെ അവസ്ഥയുമായി ചേർത്തുവെക്കാം. പടർന്നുപിടിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിൽ തുടങ്ങി ഭരണകൂടം നടപ്പിലാക്കുന്ന പല നടപടികളും പിന്നീട് ഭരണകൂടത്തിന്റെ അതിശക്തമായ നിരീക്ഷണത്തിലേക്കും ശിക്ഷണശക്തിയിലേക്കും നയിക്കപ്പെടുന്നു എന്നും അതൊരുപക്ഷെ രോഗത്തിന്റെ ഉന്മൂലനത്തിനു ശേഷവും നിലനിൽക്കാവുന്ന ഒന്നാണെന്നും ഫൂക്കോയിൽ നിന്ന്​ വായിച്ചെടുക്കാം.
ഫൂക്കോയുടെ കണ്ടെത്തലിന്റെ ചുവടുപിടിച്ചാണ് ഇറ്റാലിയൻ തത്വചിന്തകൻ ഗ്രിഗോറിയോ അഗേമ്പൻ കൊറോണയെ വിശദികരിക്കുന്നത്. കൊറോണയെ കണ്ടെത്തിയ ദിനം മുതലുണ്ടായ ഭരണകൂടത്തിന്റെ പെരുമാറ്റത്തിനെയാണ് അഗേമ്പൻ സംശയത്തോടെ നോക്കുന്നത്. പകർച്ചാസാധ്യത കൂടുതലെങ്കിലും മരണനിരക്ക് കുറവായ ഒരു രോഗത്തെ എന്തിനിങ്ങനെ ഭയക്കണം എന്നും, മുമ്പ്​ഇല്ലാതിരുന്ന പോലെ ഭരണകൂടം ഇതിനെ വാർത്തയാകുന്നത് എന്തിന് എന്നുമാണ് അഗേമ്പൻ ചോദിക്കുന്നത്. ഒരു വൈറസിന്റെ ആക്രമണം പതിയെ ഒരു അപവാദസ്ഥിതയായി (state of exception) കണ്ട്​, ജനങ്ങളുടെ ഇടയിൽ ഭയമുണ്ടാക്കി കൂടുതൽ അധികാരം നേടിയെടുക്കുകയാണ് ഭരണകൂടം. (നോമി ക്‌ളീൻ കണ്ടെത്തുന്ന ‘ഷോക്ക് ഡോക്ടറിന്' ഈ കണ്ടെത്തലുമായി സാമ്യമുണ്ട്). രോഗം പടരുന്നത് തടയുന്നതിന്​ ഉണ്ടാക്കപ്പെടുന്ന പല ടെക്‌നോളജികളും ഭാവിയിൽ മുമ്പും ചരിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളതുപോലെ അധികാരം നിലനിർത്താൻ ഭരണകൂടം ഉപയോഗിക്കാൻ സാധ്യതയുണ്ട്. അധികാരത്തിൽ ഒളിഞ്ഞിരിക്കുന്ന ഈ ചൂഷണസാധ്യത അഗേമ്പൻ കാണുന്നു. രാഷ്ട്രീയ ഇടപെടലുകളിലൂടെ ഉണ്ടാകുന്ന ഒരു പുതിയ രാഷ്ട്രീയക്രമവും അദ്ദേഹം മുന്നിൽ കാണുന്നുണ്ട്, ഇങ്ങനെ അധികാരത്തിന്റെ കടന്നുകയറ്റത്തിന് അറിയാതെ ജനങ്ങൾ ഇരയാകുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്. രോഗഭയത്താൽ നാം ത്യജിക്കുന്ന സാമൂഹികജീവിതം പതിയെ നമ്മെ എങ്ങനെയെങ്കിലും നിലനിന്നുപോകുക എന്ന ചിന്തയിലേക്ക് നയിക്കുമെന്നും അതിലൂടെ അധികാരം ഭരണകൂടത്തിൽ കേന്ദ്രികരിക്കപ്പെടുമെന്നും കാണാം. വളരെയധികം വിമർശനത്തിന് കാരണമായതായിരുന്നു ഈ കണ്ടെത്തലുകൾ, പക്ഷെ അതിലെ എത്തിക്കൽ വശം മാറ്റി നിർത്തിയാൽ അഗേമ്പൻ നടത്തുന്ന കണ്ടെത്തലുകൾ ഭയപ്പെടുത്തുന്നതാണ്. ഒരു അപവാദസ്ഥിതിയായ കൊറോണയുടെ വ്യാപനം സാധാരണവൽക്കരി​ക്കപ്പെടുമോ? എന്ന ഭയമാണ് അദ്ദേഹത്തെ കോറോണക്കാല തത്ത്വചിന്തകരിൽ പ്രധാനിയാക്കുന്നത്​.

ദൈവത്തിൽനിന്ന്​ വേർപെടുത്തപ്പെട്ട മനുഷ്യൻ
തുടർന്ന് തത്ത്വചിന്താലോകത്തുണ്ടായ പല കണ്ടെത്തലുകളും അഗേമ്പന്റെ കണ്ടെത്തലിനോടുള്ള പ്രതികരണമായിരുന്നു. ഫ്രഞ്ച് തത്ത്വചിന്തകനായ ഴാങ് ലക്ക് നാൻസി, ഇറ്റാലിയൻ തത്വചിന്തകരായ റോബർട്ടോ എസ്‌പോസിറ്റോ, സെർജിയോ ബെൻവേണ്ട്‌ടോ, റോക്കോ റോഞ്ചി, മാസ്സിമോ ഡി കാരോലിസ് എന്നിവരും ഇന്ത്യൻ തത്വചിന്തകരായ ദിവ്യ ദ്വിവേദി, ഷാജ് മോഹൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലുണ്ടായ തത്വചിന്താപരമായ കണ്ടെത്തലുകൾ പ്രധാനമായും ടി.വി മധു, വി.സനിൽ, ദാമോദർ പ്രസാദ്, നിസ്സാർ അഹമ്മദ് എന്നിവരുടെതാണ്.

ദിവ്യ ദ്വിവേദി

ഇതോടൊപ്പം സ്ലോവേനിയൻ തത്ത്വചിന്തകനായ സ്ലാവോജ് സിസേക്കും, ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്‌ക്കിയും കൊറോണയെ മേൽപറഞ്ഞവരിൽ നിന്ന് സ്വതന്ത്രമായി മനസിലാക്കുവാൻ ശ്രമിച്ചിട്ടുണ്ട്.

ആഗോളവത്കരണത്തിന്റെ ഉൽപന്നമാണ് കൊറോണയെന്നും, ഒരു രോഗം എന്നതിനെ ‘ഡിവൈൻ പണിഷ്‌മെന്റായി' കണ്ടിരുന്ന മനുഷ്യൻ ഇന്ന് വൈറസിനെകുറിച്ചുള്ള അറിവിനാൽ ദൈവത്തിൽ നിന്ന് വേർപെടുത്തപ്പെട്ടു എന്നും കണ്ടെത്തുന്നു

അധികാരത്തിന്റെ കടന്നുകയറ്റത്തെ കുറിച്ചുള്ള അഗേമ്പന്റെ പരാമർശത്തെ ശക്തമായി എതിർത്തത് ഴാങ് ലക്ക് നാൻസിയാണ്. അഗേമ്പന്റെ അപവാദവസ്ഥയെ കുറിച്ചുള്ള പരാമർശത്തെ, മനുഷ്യന്റെ ജീവിതം കൊറോണയ്ക്കുമുൻപും അപവാദമായിരുന്നു എന്നും മനുഷ്യൻ തന്നെ ഒരു അപവാദ ജീവിയാണ് എന്നു പറഞ്ഞു നാൻസി എതിർക്കുന്നു. ഈ കണ്ടെത്തൽ പക്ഷെ ഒരിക്കലും അഗേമ്പന്റെ, വൈറസ് സൃഷടിക്കുന്ന അപവാദസ്ഥിതിയെ എതിർക്കുകയല്ല, മറിച്ച് അതൊരു സാധാരണാവസ്ഥയായി പരിണമിക്കും എന്ന പ്രവചനത്തെയാണ് എതിർക്കുന്നത്. ഭരണകൂടം തീർത്തും കാര്യങ്ങൾ നിവർത്തിക്കാനുള്ള മെഷിനറി മാത്രമാണ് എന്നുകാണുന്ന നാൻസി, പിന്നീട് വാദങ്ങൾ കൊണ്ടുപോകുന്നത് ആധുനികതയിലേക്കും മനുഷ്യൻ എത്തിനിൽക്കുന്ന അവസ്ഥയിലേക്കുമാണ്.

ഷാജ് മോഹൻ

ആഗോളവൽക്കരണത്തിന്റെ ഉൽപന്നമാണ് കൊറോണയെന്നും, ഒരു രോഗം എന്നതിനെ ‘ഡിവൈൻ പണിഷ്‌മെന്റായി' കണ്ടിരുന്ന മനുഷ്യൻ ഇന്ന് വൈറസിനെ കുറിച്ചുള്ള അറിവിനാൽ ദൈവത്തിൽ നിന്ന് വേർപെടുത്തപ്പെട്ടു എന്നും കണ്ടെത്തുന്നു. ഈ വേർപടലിനെ നാൻസി കാണുന്നത് ആധുനിക മനുഷ്യനുണ്ടായ മരണത്തെ കുറിച്ചുള്ള ചിന്തയായിട്ടാണ്. അങ്ങനെ മനുഷ്യൻ അവനിടയിൽ തന്നെ കാണുവാൻ കഴിയുന്ന വൈരുധ്യങ്ങളെയും കുറവുകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവിനെ ചേർത്തുനിർത്തുന്നതാണ് പിന്നീടുണ്ടായ പല കണ്ടെത്തലുകളും. റോബർട്ടോ എസ്പാസിറ്റോ നാൻസിയെ വിമർശിക്കുന്നത് ബയോ പൊളിറ്റിക്‌സിനെ ഒഴിവാക്കി എന്നതിലാണ്. അതേസമയം, അഗേമ്പന്റെ കണ്ടെത്തലുകൾ പൊലിപ്പിച്ചവയാണ് എന്നും പറയുന്നുണ്ട്. ആരോഗ്യത്തിന്റെ പേരിൽ ജനം വേർതിരിക്കപ്പെടുന്നതിലൂടെ വൈദ്യശാസ്ത്രം രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നുണ്ട് എന്നത് യാഥാർഥ്യമാണെങ്കിലും അതൊരിക്കലും ജനാധിപത്യത്തിന് എതിരാവില്ല എന്ന് റോബർട്ടോ കാണുന്നു.

യൂറോപ്യൻ ലോകത്തിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യ

സെർജിയോ ബെൻവേണ്ട്‌ടോ, സാമൂഹിക അകലവും ഒറ്റപ്പെടലും എല്ലാം ഇനി ജീവിതത്തിന്റെ ഭാഗമാകും എന്നാണ് സമർത്ഥിക്കുന്നത്. സാമൂഹിക ബന്ധങ്ങൾ ഇനിയങ്ങോട്ട് ദൂരങ്ങളിൽ നിന്ന് കൊണ്ടായിരിക്കുമെന്നും ബന്ധങ്ങൾ കൊറോണക്കുശേഷം മാറും എന്നും കാണുന്നു. ഇന്ത്യൻ തത്വചിന്തകരായ ദിവ്യ ദ്വിവേദിയും ഷാജ് മോഹനും അഗേമ്പൻ പറയുന്ന അപവാദവസ്ഥയെ ഇന്ത്യയുമായി താരതമ്യം ചെയ്തുകൊണ്ടാണ്, ആഗോള സ്വഭാവമുള്ള തിയറിയല്ല എന്ന് പറയുന്നത്. ടെക്‌നോളജി ഒരു തരത്തിൽ ടെക്‌നോതിയോളജി ആയി പരിണമിച്ച യൂറോപ്യൻ ലോകത്തിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിൽ. അഗേമ്പൻ, ഇപ്പോൾ നാം എത്തി നിൽക്കുന്ന അവസ്ഥ അപവാദമാണ് എന്ന് പറയുമ്പോൾ മുൻപുണ്ടായിരുന്ന അവസ്ഥ സാധാരണമായിരുന്നോ? എന്ന ചോദ്യം ഇവർ ഉന്നയിക്കുന്നു. ഇങ്ങനെ വിവരിക്കുമ്പോഴും മനുഷ്യൻ ഇന്ന് എത്തിനിൽക്കുന്നത് ഒരു തഴയപ്പെട്ട അവസ്ഥയിലാണ്. ‘വീ ആർ ഫോർസെക്കൻ' എന്ന് നമ്മുടെ ചിന്തയിൽ ആവർത്തിച്ച് വരുന്നത് അതുകൊണ്ടാണ്' എന്നവർ കണ്ടെത്തുന്നു. നാം ഇന്നേവരെ ആർജിച്ച ലോകത്തെ അറിയാനുള്ള കഴിവിൽ തന്നെ നാം കാലിടറി വീഴും എന്നും അവർ കാണുന്നു. ‘The world wraps around us with it's intrigues of reason while at the same time reason itself drives us towards the absence of itself in the fact of a reason, a seizure from one cannot shake free'. എന്ന് വീക്ഷിക്കുന്ന ഷാജ് മോഹൻ അപകടം നമുക്ക് വെളിയിലോ അകത്തോ അല്ല നാം തന്നെയാണ് അപകടം എന്ന് കാണുന്നു.

സാമൂഹിക സന്തോഷമാണോ അതോ ആരോഗ്യമാണോ നമ്മുടെ മുൻഗണന?. മറ്റൊരു ചോദ്യം രാഷ്ട്രീയ നിലനിൽപ്പാണോ അതോ വെറും ജൈവിക നിലനിൽപാണോ നമുക്ക് ആവശ്യം?

ഇങ്ങനെ ആധുനികതയെ തന്നെ ചോദ്യം ചെയ്യുമ്പോൾ, മാസ്സിമോ ഡി കാരോലിസ് ചേർക്കുന്നത് രണ്ടു പ്രധാന ചോദ്യങ്ങളാണ്, സാമൂഹിക സന്തോഷമാണോ അതോ ആരോഗ്യമാണോ നമ്മുടെ മുൻഗണന?. മറ്റൊരു ചോദ്യം, രാഷ്ട്രീയ നിലനിൽപ്പാണോ അതോ വെറും ജൈവിക നിലനിൽപാണോ നമുക്ക് ആവശ്യം? ഈ രണ്ടു ചോദ്യങ്ങളും മനുഷ്യൻ ഇപ്പോൾ നേരിടുന്ന കാതലായ ചോദ്യങ്ങളായി അദ്ദേഹം കാണുന്നു, ഉത്തരം കണ്ടെത്തുന്നതിനേക്കാൾ ഈ ചോദ്യങ്ങൾ ഭാവിയെ തീരുമാനിക്കും. മറ്റൊരു പ്രധാന വാദം ഉന്നയിക്കുന്നത് റോക്കോ റോഞ്ചിയാണ്, അദ്ദേഹം വൈറസിനെ തന്നെ വിർച്യു അടങ്ങുന്ന ഒരു ഇവന്റ് ആയാണ് കാണുന്നത്, ആ വിർച്യു ആകട്ടെ ‘രാഷ്ട്രീയ'മാകുന്നു. രാഷ്ട്രീയം പറയുക എന്നതാണ് ഈ ഇവന്റ് സാധ്യമാക്കിയത് എന്നും, സ്വാതന്ത്ര്യം, ഉത്തരവാദിത്വം എന്നിവ പുനർനിർവ്വചിക്കപെടുമെന്നും അദ്ദേഹം കാണുന്നു. റോക്കോ പ്രധാനമായും കൊറോണ എന്ന ഇവെന്റിനെ കാണുന്നത് മനുഷ്യരെ ഒരു മതിൽ കെട്ടുന്നതിലേക്കു നയിച്ചു എന്നാണ്, ഈ മതിൽ മറ്റുള്ളവന് വേണ്ടിയാണ്, സ്‌നേഹം, കരുതൽ എന്നിവ ഒരു അകലത്തിൽ നിർവചിക്കപ്പെടുന്നു എന്നതാണ് കോറോണയുടെ സവിശേഷത എന്നിങ്ങനെ റോക്കോ വളരെ പോസിറ്റീവായ പോസ്റ്റ് കോവിഡ് ലോകം കാണുന്നുണ്ട്.

കേരളത്തിലെ ചർച്ചകൾ

ടി.വി. മധു

കേരളത്തിൽ കോവിഡിനെ കുറിച്ചുള്ള ചർച്ചകളിൽ അഗേമ്പന്റെ കണ്ടെത്തലുകളാണ് ടി.വി. മധു ഉപയോഗിക്കുന്നത്. പ്രധാനമായും ‘ആൾക്കൂട്ടം' എന്ന ഒരു ആശയം ഉപയോഗിച്ച്, എങ്ങനെ കോവിഡിനോടുള്ള സർക്കാരിന്റെ പ്രതികരണം ആൾക്കൂട്ടവിരുദ്ധമായി മാറി എന്ന്​ അന്വേഷിക്കുന്നു. ഒരു പക്ഷെ ആളുകളെല്ലാം വളരെ പെട്ടെന്ന് അവരുടെ സ്വകാര്യതകളിലേക്കു പോകാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ, ആ അവസ്ഥയിൽ അകലത്തിൽ ഉണ്ടാകുന്ന ഒരു രാഷ്ട്രീയക്രമം എന്നിവ സാധ്യമാകുകയാണ്. ജനങ്ങളുടെ അധികാരത്തോടുള്ള ബന്ധം ഒരേസമയം ഒളിവിലും (അതായത്​ മുഖം മറയ്ക്കുകയും, എന്നാൽ മറച്ച മുഖത്തിന്റെ തെളിവ് സർക്കാരിന് മുൻപിൽ ഹാജരാക്കേണ്ടിയും വരുന്ന അവസ്ഥ) തെളിവിലും ആകേണ്ടിവരുന്ന വരുന്ന അവസ്ഥ. ഈ പൊരുത്തക്കേട് യഥാർത്ഥത്തിൽ കാണിക്കുന്നത് നമ്മുടെ അവസ്ഥയുടെ പൊരുത്തക്കേട് തന്നെയാണ് എന്നുകാണാം. അധികാരികളുടെ വാക്കുകൾക്കായി കാത്തിരിക്കുന്ന ഒരു നിർവീര്യമാക്കപ്പെട്ട ആൾക്കൂട്ടവും കോവിഡിന്റെ ഫലമാകാം. ദാമോദർ പ്രസാദും ഏതാണ്ട് ഇതേ കണ്ടെത്തൽ നടത്തുന്നു, പക്ഷെ അധികാരത്തിന്റെ നോട്ടം (ഫുക്കോയുടെ ‘പനോപ്റ്റിക് സർവയലൻസ്’ ) ഒരു പടികൂടി കടന്ന്, ഉയർന്നുവരുന്ന ഇന്റർനെറ്റ് ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ഡാറ്റയുടെ ശേഖരണവും, അതിൽനിന്ന് ഉയർന്നുവരുന്ന ചൂഷണസാധ്യതകളും ദാമോദർ പ്രസാദ് ചേർക്കുന്നുണ്ട്.

ഫുക്കോ

ഇതിനുപുറമെ, രോഗത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായി സ്റ്റേറ്റിന് നൽകുന്ന ഡാറ്റയെ കുറിച്ചും അദ്ദേഹം സംശയാലുവാണ്.

ആധുനിക മനുഷ്യൻ ഒരു പക്ഷെ കുറെ കാലത്തോളം മരണത്തെ ഒഴിവാക്കി നിർത്തിയിരുന്നു. എന്നാൽ ഇന്ന് മരണം മാറ്റിവെക്കേണ്ടതാണോ? ഒഴിവാക്കേണ്ടതാണോ? എന്ന ചോദ്യങ്ങൾ പ്രസക്തമാകുന്നു

സ്റ്റേറ്റിന്റെ വർധിച്ചു വരുന്ന അധികാരസാധ്യതകൾ കാണുന്നതുപോലെ തന്നെ മരണത്തെ കുറിച്ച് ശ്രദ്ധിക്കപ്പെടേണ്ട കണ്ടെത്തൽ നടത്തുന്നത് വി.സനിൽ ആണ്. ആധുനിക മനുഷ്യൻ ഒരു പക്ഷെ കുറെ കാലത്തോളം മരണത്തെ ഒഴിവാക്കി നിർത്തിയിരുന്നു. എന്നാൽ ഇന്ന് മരണം മാറ്റിവെക്കേണ്ടതാണോ? ഒഴിവാക്കേണ്ടതാണോ? എന്ന ചോദ്യങ്ങൾ പ്രസക്തമാകുന്നു. ആധുനികവൈദ്യശാസ്ത്രം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ എല്ലാ ഭയങ്ങളും അദ്ദേഹം വെളിവാക്കുന്നുണ്ട്, ഒരുപക്ഷെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു കൂട്ടത്തെ തന്നെ വേർതിരിക്കുന്നതിലൂടെ, പിന്നീട് പല തരത്തിൽ ഒരു സാമൂഹിക നിരീക്ഷണം വൈദ്യശാസ്ത്രം നടത്താൻ സാധ്യത ഉണ്ടെന്നും ഒരുതരത്തിലുള്ള വൈദ്യനിരാസത്തിലൂടെ മാത്രമേ ഈ അവസ്ഥയെ നേരിടുവാൻ കഴിയൂ എന്നും അദ്ദേഹം സമർഥിക്കുന്നു. നിസ്സാർ അഹമ്മദ് കോവിഡിനെ കാണുന്നത്, അറിവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ അടിസ്ഥാനത്തിലാണ്. പെട്ടെന്നുള്ള ലോക്ക്ഡൗണും മുഖം മറയ്ക്കലും എല്ലാം മനുഷ്യന്റെ അറിവില്ലായ്മയുമായി ബന്ധപ്പെടുത്താവുന്ന ഒന്നാണ്. കോവിഡിനെ നേരിടുക എന്നത് ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിലൂടെ സാധ്യമല്ല എന്നും അതിനു തീർച്ചയായും എംപിരിക്കലായ കണ്ടെത്തലുകൾ ആവശ്യമാണ് എന്നും കണ്ടെത്തുന്നു.

വൈറസ് ഒരു തരത്തിലുള്ള ആശയവിനിമയമാണ്​

നോം ചോംസ്‌കി

നോം ചോംസ്‌കിയും സിസെക്കും കോവിഡിനെ കാണുന്നത് മേൽപറഞ്ഞ കണ്ടെത്തലുകളിൽ നിന്ന് വ്യത്യസ്തമായാണ്. കോവിഡ്, നിലനിൽക്കുന്ന സാമ്പത്തിക വ്യത്യാസങ്ങളെ വലുതാക്കിയെന്നും ക്യാപിറ്റലിസത്തിന്റെ ജീർണതയും ആത്മഹത്യാപരതയും വെളിവാക്കുന്നതായും ചോംസ്‌കി പറയുന്നുണ്ട്. ഒരുപക്ഷെ കോവിഡിനുശേഷം നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് ആഗോളതാപനത്താൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സിസേക് പക്ഷെ ഇത്തരം ഒരു ഭയത്തിലേക്കോ, ഭീഷണിയിലേക്കോ പോകുന്നില്ല. അദ്ദേഹം കാണുന്നത്, കോവിഡാനന്തര ലോകത്തെ കമ്യൂണിസമാണ്, ലോകമാകെ കോവിഡിനെ ചെറുക്കുന്നതിന്റെ ഭാഗമായി നടന്ന സോഷ്യലിസ്റ്റ് നടപടികളാണ്, സിസേക്കിനെ ഇത് പറയുവാൻ പ്രേരിപ്പിക്കുന്നത്.

വ്യത്യസ്തമായ ചിന്തകളാണ് കൊറോണ പരിസരത്തിൽ നിന്ന് ഉദയം കൊള്ളുന്നത്. പ്രധാനമായും അധികാരവും അതിന്റെ ഉയർന്നുവരുന്ന കടന്നുകയറ്റവുമാണ് തത്വചിന്തകരെ അലട്ടുന്നത്, ഒരു വശത്ത് ജീവി എന്ന നിലയിൽ മരണത്തിനോടും രോഗത്തോടുമുള്ള ഭയം, മറുവശത്ത്, നമ്മുടെ അറിവുതന്നെ നമുക്ക് നേടി തരുന്ന യാദൃശ്ചികതയും ജീവിതത്തിന്റെ നിരർത്ഥകതയും; ഇതിനിടയിൽ, അവശേഷിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം. ഇങ്ങനെ പല തരം മനസിലാക്കലുകളിൽ, ഭൂരിപക്ഷവും തുറന്ന് കാട്ടുന്നത് പല തരം ഭയങ്ങളാണ്. (കോവിഡാനന്തര ലോകം വളരെ പോസിറ്റീവായി കാണുന്നവർ കുറവാണ്). ഈ ഭയങ്ങളെല്ലാം കൂടി ചേർന്ന് ഉണ്ടാക്കുന്ന നിരർത്ഥകത യഥാർത്ഥത്തിൽ വെളിവാക്കുന്നത്​ ആധുനിക മനുഷ്യൻ എത്തിനിൽക്കുന്ന അവസ്ഥയുടെ അപകടത്തെയാണ്. ആധുനിക മനുഷ്യൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഇന്ന് എത്തിനിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക തലങ്ങൾ ഉൾകൊള്ളുന്ന മുഖ്യധാരാമനുഷ്യരെയാണ്. ഈ മനുഷ്യർ നേടിയെടുത്ത അറിവിന്റെയും പുരോഗതിയുടെയും ശരികേടാണ് കൊറോണയുടെ വരവോടെ പുറത്തുവരുന്നത്.

ഭയങ്ങളെല്ലാം കൂടി ചേർന്ന് ഉണ്ടാക്കുന്ന നിരർത്ഥകത്വം യഥാർത്ഥത്തിൽ വെളിവാക്കുന്നത് ആധുനിക മനുഷ്യൻ എത്തി നിൽക്കുന്ന അവസ്ഥയുടെ അപകടത്തെയാണ്

നോം ചോംസ്‌ക്കിയുടെ അഭിപ്രായത്തിൽ ഈ വൈറസിന്റെ വരവ് പ്രവചിക്കപ്പെട്ടതായിരുന്നു, കാലാവസ്ഥാവ്യതിയാനവും, അവസാനിക്കാത്ത പ്രകൃതി ചൂഷണവുമെല്ലാം വർധിച്ചു വരുന്ന രോഗങ്ങൾക്ക് കാരണമാകാം എന്ന് മുപ്പത് കൊല്ലങ്ങൾക്ക് മുമ്പേ ശാസ്ത്രജ്ഞർ കണ്ടെത്തിയതുമാണ്. അവിടെയാണ് ‘പ്രകൃതി' എന്നത് ഇന്നേവരെ ആധുനിക ചിന്തധാരകളിൽ ഇടം നേടാതെ പോയതിന്റെ അപകടം നാം അറിയുന്നത്. കേവലം തത്ത്വചിന്തകന്മാരുടെ ഇടയിൽ മാത്രമുള്ള ഒരു പ്രശ്‌നമല്ല ഇത്, മറിച്ച് തത്ത്വചിന്തയിൽ തുടങ്ങി ആധുനിക മനുഷ്യന്റെ പൊതുബോധത്തിലും പ്രകൃതി ഒരു ഭാഗമായില്ല എന്നതാണ് അപകടം ഭീകരമാക്കുന്നത്. ആധുനികത പ്രകൃതിയെ മനസിലാകുന്നതിൽ വരുത്തിയ തെറ്റുകൾ ജർമൻ തത്ത്വചിന്തകനായ എഡ്മണ്ട് ഹസറൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് . ‘Nature became a strangely applied mathematics and the arithmetization of geometry , leads to the emptying out of it's meaning ' എന്ന് പറയുന്നിടത്ത് ഇന്നത്തെ അപകടം കാണാം. കൊറോണ പോലെ ഒരു വൈറസ് മറ്റു ജീവജാലങ്ങളിൽ നിന്ന്​ മനുഷ്യരിലേക്ക് വരുന്നത് ‘സ്പീഷിസ് ജംപ്​' എന്ന പ്രതിഭാസം ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട് . ഒരു വൈറസ് ഒരു ജന്തു വിഭാഗത്തിൽ നിന്ന്​ മറ്റൊന്നിലേക്ക് വരുന്നതാകട്ടെ, മുമ്പുണ്ടായിരുന്ന ജന്തുവിഭാഗത്തിന്റെ നിലനിൽപ്പ് ഭീഷണിയിലായതുകൊണ്ടും. എന്നാൽ ഇതാണ് രോഗത്തിന്റെ ഉറവിടത്തിന് കാരണം എന്ന് ആധുനിക മനുഷ്യൻ അറിഞ്ഞാലും ഈ കാരണത്തോടല്ല, മറിച്ച് രോഗത്തോടാണ് ആധുനിക വൈദ്യശാസ്ത്രത്തിലൂടെ അവൻ/അവൾ പ്രതികരിക്കുന്നത്. ഇങ്ങനെ ഈ പ്രശ്‌നത്തെ നേരിടുന്നത് ഒരു മാത്തമറ്റിക്കൽ പ്രോബ്ലം സോൾവ് ചെയ്യുന്നത് പോലെയാണ്. അതാകട്ടെ താൽകാലികമായ വാക്‌സിന്റെ നിർമാണത്തിലൂടെയും. കൊറോണയുമായി ബന്ധപെട്ട് ശാസ്ത്ര ചരിത്രകാരനായ രോഹിത് ഗുപ്ത നടത്തുന്ന കണ്ടെത്തൽ ഇതിനോട് ചേർത്ത് വെക്കാം, എന്തുകൊണ്ട് ഈ വൈറസ് ഒരു മുന്നറിയിപ്പായി കണ്ടുകൂടാ എന്ന് അദ്ദേഹം സൂചിപ്പിക്കുമ്പോൾ ആധുനികമനുഷ്യൻ പിന്നെയും രോഗത്തെ നിയന്ത്രിച്ചതിനു ശേഷം മുമ്പുണ്ടായിരുന്ന തിരക്കിലേക്ക് തിരികെ പോകാൻ വെപ്രാളപ്പെടുകയാണ്. ഈ വെപ്രാളമാണ് ആധുനികതയുടെ മരിക്കാനുള്ള വെമ്പലായി കാണേണ്ടത്.

ഈ വെമ്പലിന്റെ സാധ്യതയിൽ നിന്നുമാണ് നാം ആദിമനിവാസികളുടെ ചിന്തകളും പൊതുബോധങ്ങളും കൂടി അറിയുവാൻ ശ്രമിക്കണം എന്ന് നോമ് ചോംസ്‌കി പറയുന്നതിനെ കേൾക്കേണ്ടത്; ‘Indigenous peoples across the world are the ones keeping the human race from destroying itself and leading earth to a disaster' എന്ന് പറയുന്ന ചോംസ്‌കി ഉദ്ദേശിക്കുന്നത് നാം ഓടിക്കൊണ്ടിരിക്കുന്ന ആധുനികതയുടെ ഓട്ടത്തിൽ നിന്ന്​ ഒഴിഞ്ഞുമാറി മറ്റ് ദിശകളിലേക്കും കൂടി നോക്കാനായിരുന്നു. കൊറോണയുടെ വരവോടെ സംജാതമായിരിക്കുന്നത്, മറ്റു ദിശകളിലേക്ക് കൂടി നോക്കാനുള്ള ആ അവസരമാണ്.

വളരെ നാളുകൾക്കുശേഷം പ്രേക്ഷകരോട് ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ച പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രസംവിധായകൻ ജീൻ ലുക് ഗൊദാർദ് കോവിഡിനെക്കുറിച്ച് പരാമർശിച്ചപ്പോൾ, വൈറസ് ഒരു തരത്തിലുള്ള ആശയവിനിമയമാണ് എന്നാണ് പറഞ്ഞത്. മനുഷ്യർ ഒന്നാകെ ഈ വൈറസിന്റെ വരവോടെ ഇല്ലാതാകും എന്നൊന്നും കാണേണ്ട കാര്യമില്ല, എന്നാൽ അതോടൊപ്പമുള്ള ജീവിതം ദുസ്സഹമായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ അപകടം അറിഞ്ഞുവേണം മനുഷ്യർ ഈ വൈറസിനോട് പ്രതികരിക്കാൻ. അരിസ്റ്റോട്ടിൽ കണ്ടെത്തിയത് പോലെ ‘Nature does nothing in vain'. അതേ, ജീവനുള്ള നിർജ്ജീവമായ വസ്തുവിലൂടെ പ്രകൃതി നടത്തുന്ന ആശയവിനിമയം കൃത്യമായി മനസിലാക്കുക എന്നതാണ് നമ്മൾ ഈ ബ്രേക്കിൽ ചെയ്യേണ്ടത്.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിദ്യാർത്ഥിയാണ് ലേഖകൻ

Bibliography.

https://www.journal-psychoanalysis.eu/coronavirus-and-philosophers/
https://nofilmschool.com/jean-luc-godard-instagram-live

https://www.thehindu.com/news/national/covid-19-is-alarm-bell-for-climate-change-more-outbreaks-may-follow-science-historian/article31636930.ece

https://philossophy.wordpress.com/2010/04/10/modernity/

https://www.triballink.org/news/2017/12/11/noam-chomsky-indigenous-people-are-our-only-hope-for-survival

https://www.clinicalmicrobiologyandinfection.com/article/S1198-743X(14)60436-5/pdf

https://www.facebook.com/watch/muzirizpost/295808824783108/

Comments