വിദ്യാർഥിയെന്ന നിലയിൽ ഭാവിയെക്കുറിച്ച് എനിക്ക് പേടിയുണ്ട്

ആശയപരമായ നിർദ്ദേശങ്ങൾ നൽകിയ അധ്യാപകരും വിദ്ധ്യാർഥിനേതാക്കളും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഹിന്ദുത്വ അജണ്ടകൾ കോവിഡിന്റെ മറവിൽ സാക്ഷാൽകരിക്കപ്പെടുമ്പോൾ കെട്ടടങ്ങുന്നത് 2020ന്റെ തുടക്കത്തിൽ വിദ്യാർത്ഥികൾ കൈവരിച്ച തിരിച്ചറിവുകൂടിയാണ്, ഇനി സമരം ചെയ്യുക എന്നതുമാത്രമാണ് ഒരു പോംവഴി എന്ന തിരിച്ചറിവ്. ഇങ്ങനെ ഭയത്തിൽ തുടങ്ങി, പ്രതിരോധത്തിലൂടെ സഞ്ചരിച്ചു വീണ്ടും ഭയത്തിൽ എത്തി നിൽക്കുന്ന വിദ്യാർഥിസമൂഹത്തിന്റെ അനുഭവം തുറന്നെഴുതുകയാണ്, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ ലേഖകൻ

ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി, ഡൽഹിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടാം എന്ന ആഗ്രഹത്തിലാണ്, ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. സാധാരണ യൂണിവേഴ്‌സിറ്റികളെല്ലാം പൊതുഇടങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട തുരുത്തുകളാണ്. അറിവിന്റെ ഉൽപാദനവും, വിതരണവും എല്ലാം നടക്കുന്നത് പൊതുഇടങ്ങളിൽ നിന്ന് വേർപെടുത്തി എടുത്ത ഈ തുരുത്തുകളിലാണ്. എന്നാൽ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാകുന്നു. തുറന്നതും, പബ്ലിക്കുമായി വളരെയധികം ഇഴുകിച്ചേർന്നതുമാണ് ഡി.യു പരിസരം. അതുകൊണ്ടുതന്നെ തലസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയം അതേപടി കാമ്പസിലും പ്രതിഫലിക്കും. ഈ പ്രതിഫലത്തിനോടുള്ള വിദ്യാർത്ഥികളുടെ ഭയവും, അതിനെതിരെയുള്ള പ്രതിരോധവും എല്ലാം ആണ്, ഡി. യുവിൽ ഒരു വർഷം തികയ്ക്കു​മ്പോൾ അറിയാൻ കഴിഞ്ഞത്.

കൊറോണയുടെ വരവോടെ, പൊതു ഇടത്തിന്റേതായ ഈ രാഷ്ട്രീയത്തോടുള്ള ഭയം തീവ്രമാകുന്നു. കാമ്പസ്​ രാഷ്ട്രീയം ജെ.എൻ.യു പോലെയോ ജാമിയ മിലിയ പോലെയോ രാഷ്ട്രീയപരമായ ബഹളം ഉണ്ടാകാനുള്ള അവസരങ്ങൾക്ക് വഴി വെക്കാതെ, രാഷ്ട്രീയം അക്കാദമിക ചർച്ചയായി മാറുന്നന്നതാണ് ഡി. യുവിന്റെ സ്വഭാവം. ലോകത്താകെ നടക്കുന്ന രാഷ്ട്രീയം ചേരിതിരിഞ്ഞുള്ള വഴക്കായല്ല, മറിച്ച് ഗൗരവമുള്ള വിഷയങ്ങളായി

പഠനം അതിന്റെ ജൈവികമായ രീതിയിൽ ക്ളാസ് മുറികളിൽ നിന്ന് ലഭിക്കാത്തതിന്റെ വിഷമത്തോടൊപ്പം കൈവിട്ടു പോയ ഒരു സമരവും കൂടിയാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്

കണ്ട് പഠിക്കുവാനാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്​. രാഷ്ട്രീയത്തെ പഠിക്കുക എന്നത് പ്രധാനമായി വന്നപ്പോൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പഠനം മാത്രമായി പോവുകയും, വിദ്യാർത്ഥി യൂണിയൻ ഇലക്ഷൻ, പണം മാറിമറിയുന്ന ചടങ്ങായി മാറുകയും ചെയ്തു. എ.ബി.വി.പിയും എൻ.എസ്.യു. ഐയും പണം വാരിയെറിയുന്ന ഈ മത്സരത്തിൽ പ്രതിഫലിക്കപ്പെടുന്നതാകട്ടെ കാമ്പസിന് വെളിയിൽ വളർന്നുവരുന്ന ഫാസിസ്റ്റ് രാഷ്ട്രീയവും.

ഭയത്തിന്റെ ആരംഭം

ഡി.യുവിലെ പഠനം ആരംഭിച്ച് കുറച്ച് നാളുകൾക്ക് ശേഷമാണ്, പെട്ടെന്നൊരുനാൾ നോർത്ത് കാമ്പസിലെ ആർട്‌സ് ഫാക്കൽറ്റിയുടെ വാതിൽക്കൽ സവർക്കറുടെയും, ഭഗത്‌സിംഗിന്റെയും, സുഭാഷ് ചന്ദ്ര ബോസിന്റേയും പ്രതിമകൾ താമര ഇതളുകളുള്ള തൂണിൽ സ്ഥാപിച്ചതായി കണ്ടത്. സാധാരണ എന്നത്തെയും പോലെ ക്ളാസിലേക്കു പോകുന്ന കുട്ടികൾ ഇതുകണ്ട് സംശയത്തോടെ നിന്നപ്പോഴാണ്, ആ വർഷം പിരിഞ്ഞു പോകുന്ന യൂണിയൻ പ്രസിഡന്റ് ശക്തിസിംഗ് സ്ഥാപിച്ചതാണ് അത് എന്ന വാർത്ത ലഭിച്ചത്.

പ്രൊഫ. സായിബാബ

എ.ബി.വി.പി വിഷയം ഏറ്റെടുത്തില്ല, വിഷയം ധരിപ്പിച്ച മുനിസിപ്പൽ കോർപ്പറേഷൻ ആകട്ടെ ആൾക്കൂട്ടം ഉണ്ടായിരുന്നതുകൊണ്ട് പ്രശ്നം എന്തെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പറഞ്ഞത്. പിന്നെ കുറച്ചുനാളുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പ്രതിമകൾ മാറ്റി. പ്രതിമ സ്ഥാപിക്കാനുണ്ടായ കാരണം വ്യക്തമാക്കാൻ ചോദിച്ചപ്പോൾ, താനൊരു തീവ്രദേശീയവാദിയാണ് എന്നാണ് ശക്തിസിംഗ് മറുപടി പറഞ്ഞത്. പിന്നീട് ആ വർഷം ഇലക്ഷനിൽ എ.ബി.വി.പി ചരിത്ര വിജയം നേടുകയും ചെയ്തു.

പ്രതിരോധശ്രമങ്ങൾ

ഇത്തരം ഹിന്ദുത്വ അജണ്ടകൾക്ക് എതിരായ പ്രതിരോധം ഉണ്ടായത് ചർച്ചകൾ സംഘടിപ്പിച്ച് കൊണ്ടായിരുന്നു, അധ്യാപകർ തന്നെ സവർക്കറുടെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. പുറത്തുനിന്ന്​അകത്തേക്ക് കടക്കുന്ന രാഷ്ട്രീയ ചിന്തകൾക്ക് ബദലായി

2014ൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ. സായിബാബയും, ഈ അടുത്ത കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഹാനി ബാബുവുമെല്ലാം ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ ശക്തമായ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിച്ചവരായിരുന്നു

ശക്തമായ ഒരു അംബേദ്കർ-പുരോഗമന ആശയ സഞ്ചയം വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയമായ നിലപാടുകളുടെ പേരിൽ 2014ൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ. സായിബാബയും, അടുത്ത കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഹാനി ബാബുവുമെല്ലാം ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ ശക്തമായ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിച്ചവരായിരുന്നു. പക്ഷെ ഇത്തരം പ്രതിരോധങ്ങൾ ഒന്നും അക്കാദമികപരിസരം വിട്ട് തുറന്ന പ്രതിഷേധം എന്ന നിലയിൽ വളർന്നിരുന്നില്ല. സി.എ.എയും എൻ.ആർ.സിയും അക്കാദമിക്ക് ചർച്ചകളുടെ ഭാഗമായി പഠിക്കപ്പെട്ടു.

ഹാനി ബാബു

ഇങ്ങനെ ക്ളാസുകളിലേക്കു മടങ്ങിപ്പോകുകയും, പരീക്ഷയുടെ തിരക്കിലാകുകയും ചെയ്ത വിദ്യാർത്ഥികളെ പെട്ടെന്ന് മാറ്റിചിന്തിക്കുവാൻ പ്രേരിപ്പിച്ചത് ജാമിയ മിലിയ സംഭവമായിരുന്നു. അന്നുവരെ നടന്ന ചർച്ചകൾ മാറ്റിവെച്ച് പ്രതിഷേധത്തിനുള്ള സമയമായി എന്നാണ് ഏവരും അന്ന് തിരിച്ചറിഞ്ഞത്.

തുറന്ന പ്രതിഷേധം

എല്ലാ വിദ്യാർത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും പ്രതിഷേധത്തിനായി കാമ്പസിൽ വന്നുചേരാനുള്ള സന്ദേശം എത്തി. സോഷ്യൽ സയൻസ് ഫാക്കൽറ്റിയുടെ മുമ്പിലായിരുന്നു ആദ്യ പ്രതിഷേധങ്ങൾ. പരീക്ഷ കഴിഞ്ഞുള്ള അവധിയായതുകൊണ്ട് കുട്ടികൾ കുറവായിരുന്നു. എങ്കിലും മറ്റു സ്ഥലങ്ങളിലെ സംഘർഷാവസ്ഥ പരിഗണിച്ച് പൊലീസ് കാമ്പസിൽ എത്തി. എ.ബി.വി.പി പ്രവർത്തകർ (വിദ്യാർത്ഥികൾ എന്ന് പറയാൻ കഴിയില്ല, അവർ പുറത്ത് നിന്നുള്ളവരായിരുന്നു) കൂട്ടംകൂടി നിന്നവരെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിരുന്നു. സ്റ്റീൽ റോഡും മറ്റുമായാണ് അവർ വന്നിരുന്നത്. വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തി പോലീസും എ.ബി.വി.പി പ്രവർത്തകരും ഒരുമിച്ചാണ് കൂട്ടംകൂടിയവരെ ബലം പ്രയോഗിച്ചു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത്. കുറച്ച് നാളുകൾ ഇങ്ങനെ തുടർന്നു, പിന്നീട് ജനുവരി എട്ടിനാണ് പ്രതിഷേധം കനത്തത്. പഠനം നിർത്തിവെച്ച്

കാലങ്ങളായി വിദ്യാർത്ഥികളും ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വീണ്ടും മതവും ജാതിയും ഛർദിക്കുന്ന ഒരു ഭരണകൂടത്തിനോടുള്ള എതിർപ്പായിരുന്നു എല്ലാവർക്കും

കാമ്പസിന് വെളിയിൽ വന്നു നിറഞ്ഞവരിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികളായിരുന്നു. പല സംഘടനകളുടെയും കൊടികൾക്ക് കീഴിലാണ് അവർ അണിനിരന്നതെങ്കിലും ലാൽസലാമിനും നീൽസലാമിനുമെല്ലാം മുകളിൽ ‘ആസാദി' ആണ് ഉയർന്നു കേട്ടത്. നോർത്ത് കാമ്പസിന് ചുറ്റും നടന്ന മാർച്ച് വൈകിട്ടോടെ തിരിച്ച്​ കാമ്പസിൽ വന്നു നിൽക്കുമ്പോൾ നേതൃനിരയിലെ ഓരോത്തരെയും പോലീസ് സൂക്ഷ്മമായി വീഡിയോ റെക്കോർഡറിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് കർശന നിയന്ത്രണങ്ങളാണ് കാമ്പസിൽ നിലവിൽ വന്നത്. വിദ്യാർത്ഥികളുടെ ഈ പ്രതിഷേധം, വെളിയിൽ അവരുടെ മാതാപിതാക്കളാണ് ഏറ്റെടുത്തത്. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയാണ് ഷഹീൻ ബാഗിൽ ഉയർന്നുവന്ന സമരം. ആ സമയത്ത് എല്ലാ പ്രതിഷേധങ്ങളെയും പോലെ വളരെ പെട്ടെന്നുണ്ടായ ഒന്നാണ് ഡി.യുവിലേതും. അതുകൊണ്ടുതന്നെ ഒരു നേതാവോ, കൃത്യമായി സമരത്തെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഏകീകൃത പാർട്ടിയോ ഒന്നും ഉണ്ടായില്ല. തീർച്ചയായും ഒരു ഫാസിസ്റ്റുവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടായിരുന്നു. പക്ഷെ അത് കൃത്യമായി ആവിഷ്‌കരിക്കപ്പെട്ടില്ല, അതൊരു പ്രകടനമായി ഒതുങ്ങി. കാലങ്ങളായി വിദ്യാർത്ഥികളും ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വീണ്ടും മതവും ജാതിയും ഛർദിക്കുന്ന ഒരു ഭരണകൂടത്തിനോടുള്ള എതിർപ്പായിരുന്നു എല്ലാവർക്കും.

കൊറോണ തകർത്ത സമരങ്ങളും തീവ്രമാകുന്ന ഭയങ്ങളും

‘കൊറോണ വന്നതോടെ ഷഹീൻ ഭാഗിനെ ഞങ്ങൾ തൂത്തുവാരി' എന്ന് വളരെ സന്തോഷത്തോടെ ബി.ജെ.പി അനുഭാവമുള്ള ഒരു സുഹൃത്ത് പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു. 2019 ഡിസംബറിൽ തുടങ്ങിയ പ്രതിഷേധങ്ങൾ അത്രയും വ്യക്തമായ രൂപം കൈവരിക്കുന്നതിന് മുൻപേ കോവിഡിലൂടെ നിശ്ചലമാക്കപ്പെട്ടു. ആശയ സംവാദങ്ങൾ സാധ്യമാക്കി തന്ന ക്ളാസ് മുറികൾ ഇല്ലാതായതോടെ വിദ്യാർത്ഥികളെല്ലാവരും വീടുകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ഓൺലൈൻ പഠനം സാധ്യമായേക്കാം, പക്ഷെ അത്തരം ക്ളാസുകളും ഇനി ഭരണകൂടനിരീക്ഷണത്തിലായിരിക്കും. ആശയപരമായ നിർദ്ദേശങ്ങൾ നൽകിയ

ആശയ സംവാദങ്ങൾ സാധ്യമാക്കി തന്ന ക്ളാസ് മുറികൾ ഇല്ലാതായതോടെ വിദ്യാർത്ഥികളെല്ലാവരും വീടുകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ഓൺലൈൻ പഠനം സാധ്യമായേക്കാം, പക്ഷെ അത്തരം ക്ളാസുകളും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും

അധ്യാപകരും വിദ്ധ്യാർഥിനേതാക്കളും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഓരോ ഹിന്ദുത്വ അജണ്ടകൾ കൊറോണയുടെ മറവിൽ സാഷാത്കരിക്കപ്പെടുമ്പോൾ കെട്ടടങ്ങുന്നത് 2020-ന്റെ തുടക്കത്തിൽ വിദ്യാർത്ഥികൾ കൈവരിച്ച തിരിച്ചറിവുകൂടിയാണ്, ഇനി സമരം ചെയ്യുക എന്നത് മാത്രമാണ് ഒരു പോംവഴി എന്ന തിരിച്ചറിവ്. ഡൽഹിയിൽ കോവിഡ്​ വ്യാപനം തീവ്രമാകുന്ന സമയത്ത് കുറച്ച് നാളുകൾ കൂടി അവിടെ തങ്ങേണ്ടി വന്നിരുന്നു. വലിയ കുഴപ്പമില്ലാതെ ഡൽഹി നിവാസികളോടൊപ്പം താമസിക്കുകയായിരുന്നു അതുവരെ. എന്നാൽ കുറച്ച് നാളുകൾക്കു ശേഷമാണ്, ഡൽഹി നിവാസികൾക്ക് ഒഴികെ മറ്റാർക്കും വൈദ്യസഹായം നൽകില്ല എന്ന പ്രസ്താവന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയത്, പിന്നീടങ്ങോട്ട് ഡൽഹിയിലെ താമസം ദുസ്സഹമായി, സാധാരണ പാൽ വാങ്ങിക്കുവാൻ പോകുന്നിടത്തെ കടയുടമയും, വാങ്ങാൻ വന്നവരും എല്ലാം കാണുമ്പോൾ സ്ഥിരം നൽകാറുള്ള പുഞ്ചിരി നൽകാതെയായി. ‘ഇവർക്ക് തിരിച്ച് നാട്ടിൽ പൊയ്ക്കൂടെ എന്നതായി' അവരുടെ ഇടയിലെ സംസാരം. പിന്നീട് ആ പ്രസ്താവന കെജ്​രിവാൾ പിൻവലിച്ചു എന്നൊക്കെ കേട്ടു.

എന്നിരുന്നാലും അവിടെനിന്ന്​ എന്നെ പിടികൂടിയ ഭയം പതിയെ വീട്ടിലേക്കെത്തിച്ചു. കോവിഡ്​ വ്യാപനത്തിനിടയിലും അയോധ്യയിൽ രാമക്ഷേത്രത്തിന്​ കല്ലിട്ടപ്പോൾ കെജ്​രിവാളിന്റെ പ്രതികരണം, രാമൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമെന്നും, ഇന്ത്യ അടുത്ത സൂപ്പർ പവർ ആകുമെന്നുമെല്ലാമാണ്. മറ്റു പ്രതിപക്ഷ പാർട്ടികളുടെയും അഭിപ്രായവും വ്യത്യസ്തമല്ല. ഹിന്ദുത്വ അജണ്ടകൾ എല്ലാ പാർട്ടികളിലേക്കും അരിച്ചിറങ്ങുകയാണ്, പ്രതിഷേധിക്കാനുള്ള അവസരം പോലും നൽകാത്ത കോവിഡിന്റെ പശ്ചാത്തലത്തിൽ. ഇങ്ങനെ ഭയത്തിൽ തുടങ്ങി, പ്രതിരോധത്തിലൂടെ സഞ്ചരിച്ച്​ വീണ്ടും ഭയത്തിൽ എത്തി നിൽക്കുന്ന വിദ്യാർഥിസമൂഹം, ഭാവിയെ കാണുന്നത് വളരെ ആശങ്കയോടെയാണ്. പ്രതിഷേധമാണ് ഒരു പോംവഴി എന്ന് കണ്ടെത്തുമ്പോഴും ഇപ്പോഴുള്ള രാഷ്ട്രീയപാർട്ടികളോടുള്ള അവിശ്വാസ്യതയും അവരെ അലട്ടുന്നുണ്ട്. പഠനം അതിന്റെ ജൈവികമായ രീതിയിൽ ക്ളാസ് മുറികളിൽ നിന്ന് ലഭിക്കാത്തതിന്റെ വിഷമത്തോടൊപ്പം കൈവിട്ടു പോയ ഒരു സമരവും കൂടിയാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്.

Comments