കുറുപ്പ്; ജീവിതം പോലെ വ്യർഥമായ സിനിമ

യഥാർഥ കുറുപ്പിനെ പ്രതീക്ഷിക്കുന്ന പ്രേക്ഷകനോടോ ഫിക്ഷനൽ കുറുപ്പായി നിറഞ്ഞാടുന്ന ദുൽഖറിനെ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനോടോ കുറുപ്പ് എന്ന ചിത്രം നീതി പുലർത്തുന്നില്ല.

റിഞ്ഞ കഥ പ്രകാരം പരാജയപ്പെട്ട ഒരു ജീവിതമാണ് കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റേത്. ആസൂത്രണം ചെയ്ത ക്രൈം ആദ്യം തന്നെ പാളിപ്പോയി, അത് കവർ ചെയ്യാനുള്ള ശ്രമം പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെ പൊലിഞ്ഞു. കുറുപ്പിന്റെ ജീവിതത്തിൽ ഉദ്വേഗമുണ്ടാക്കുന്ന ഒരേയൊരു കാര്യം പൊലീസിനെ കബളിപ്പിച്ചുള്ള ഒളിജീവിതമാണ്. കേരള പൊലീസിന്റെ അന്വേഷണ രീതിയും ജനങ്ങളിൽ അതീവ താൽപര്യമുണ്ടാക്കിയ വിഷയമാണ്. ഈ രണ്ട് കാര്യങ്ങളാണ് കുറുപ്പ് സിനിമയാകുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുക.

പിന്നെയുള്ള സാധ്യത ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഒരു അപരനെ കൊന്ന് കൃത്രിമ തെളിവുണ്ടാക്കുന്ന ഒരു കൊലയാളിയുടെ കഥ ഫിക്ഷനലായി സൃഷ്ടിക്കുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ പക്ഷേ കുറുപ്പ് എന്ന പേരും കുറുപ്പിനെ ചുറ്റിപ്പറ്റി നിൽക്കുന്ന പൊതുജനങ്ങളുടെ ഉദ്വേഗവും കുറുപ്പിന്റെയും ചാക്കോയുടെയും ജീവിതവും ഉപയോഗിക്കണമോ എന്നുള്ളതാണ് ചോദ്യം. അങ്ങനെ ഉപയോഗിക്കുമ്പോൾ അതിനൊപ്പം വരുന്ന പ്രേക്ഷക പ്രതീക്ഷകൾ കൂടി നിറവേറ്റാൻ സംവിധായകന് ഉത്തരവാദിത്തവമുണ്ട്. എന്നാൽ യഥാർഥ കുറുപ്പിനെ പ്രതീക്ഷിക്കുന്ന പ്രേക്ഷകനോടോ ഫിക്ഷനൽ കുറുപ്പായി നിറഞ്ഞാടുന്ന ദുൽഖറിനെ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനോടോ കുറുപ്പ് എന്ന ചിത്രം നീതി പുലർത്തുന്നില്ല.

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കുറുപ്പിന്റെ കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി. ഹരിദാസിന്റെ കഥാപാത്രമാണ് സ്‌ക്രീനിലെ കൃഷ്ണദാസ്. വിരമിക്കൽ ചടങ്ങിനിടെ കൃഷ്ണദാസിന്റെ ഡയറി യാദൃച്ഛികമായി സഹപ്രവർത്തകർ വായിക്കുന്നതിലൂടെയാണ് ഗോപീകൃഷ്ണൻ എന്ന സുധാകര കുറുപ്പിന്റെ ജീവിതത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും കഥ പ്രവേശിക്കുന്നത്.

കുറുപ്പിന്റെ കഥ മലയാളികളിൽ മിക്കവർക്കും അറിയാം, നിരവധി ടി.വി. പരിപാടികളായും യൂട്യൂബ് വിഡിയോകളായും വർഷം തോറും മലയാളികൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന കഥയാണത്. പ്രേക്ഷകർക്ക് കഥയറിയാമെന്ന് തങ്ങൾക്കറിയാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ആദ്യമേ തന്നെ വ്യക്തമാക്കുന്നുണ്ട് ചിത്രത്തിന്റെ ടൈറ്റിൽസിലൂടെ. സുകുമാരക്കുറുപ്പിന്റെ നമുക്കറിയാവുന്ന കഥ ഗ്രാഫിക് സ്റ്റോറിയാക്കി ആദ്യമേ തന്നെ ടൈറ്റിലിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്നുണ്ട്. തീർച്ചയായും സിനിമയിൽ കൂടുതലായെന്തെങ്കിലുമുണ്ടാവും എന്ന പ്രതീക്ഷയെ ടൈറ്റിൽസ് ഒന്നുകൂടി ശക്തിപ്പെടുത്തുന്നുണ്ട്.

കൃഷ്ണദാസിന്റെ ഡയറിയിൽ നിന്ന് ഗോപീകൃഷ്ണന്റെ സുഹൃത്തായ പീറ്ററിന്റെ(സണ്ണി വെയിൻ) നരേഷനിലേക്കാണ് സിനിമ കടക്കുന്നത്. കുറുപ്പിന്റെ ഒരു ഫിക്ഷനൽ ഭൂതകാലം പറയുകയാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ. പഠനത്തിൽ മികവുകാണിക്കാത്ത കുറുപ്പ് നിരവധി പരിശ്രമങ്ങൾക്ക് ശേഷം ഇന്ത്യൻ എയർഫോഴ്‌സിൽ ജോലി തേടിയെത്തുന്നതും അവിടെ വച്ച് പുതിയ സൗഹൃദങ്ങളും പ്രണയവുമുണ്ടാക്കുന്നതാണ് ആദ്യഭാഗങ്ങൾ കാണിക്കുന്നത്. എന്നാൽ കുറുപ്പിന്റെ കുടിലതയോ ചിന്താരീതിയോ മാനറിസങ്ങളോ പോലുമോ എസ്റ്റാബ്ലിഷ് ചെയ്യാനാവാതെ വെറുതെയുള്ള കാഴചകളായി മാറാനാണ് വിഷ്വൽ റിച്ച് ആയ ആദ്യഭാഗത്തിന്റെ വിധി. സിനിമയുടെ ബാക്കിഭാഗങ്ങളുമായി വലിയ ബന്ധമില്ലാതെ അകലം പാലിച്ച് നിൽക്കുന്ന ഈ സീനുകളെ നമുക്ക് എളുപ്പം മറക്കാവുന്നതാണ്.

കൊല്ലപ്പെടുന്ന ഫിലിം റെപ്. ചാക്കോയായി ചാർളിയുടെ കഥപാത്രത്തിന്റെ കടന്നുവരവോടെയാണ് നമുക്കറിയാവുന്ന കഥയിലേക്ക് ചിത്രം കടക്കുന്നത്. തുടർന്ന് കൊലപാതകവും കേസന്വേഷണവുമായി യഥാർഥ സംഭവത്തിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെ സിനിമ മുന്നോട്ട് പോവുന്നു. സിനിമയിൽ ടെൻഷനും നരേഷനിലെ പരീക്ഷണങ്ങളും കൊണ്ടുവരാൻ ഏറെ സാധ്യതകളുണ്ടായിരുന്ന ഭാഗമാണ് ഇവ. എന്നാൽ കുറുപ്പിന്റെ യഥാർഥ കഥയിലെ ഏറ്റവും ഉദ്വേഗഭരിതമായ സംഭവങ്ങൾ വെറുതെ പറഞ്ഞു പോവുക മാത്രമാണ് ചിത്രം ചെയ്യുന്നത്. കുറുപ്പിന്റെ ഒളിവു ജീവിതവും വലിയ പ്രാധാന്യമില്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരാളെ കൊന്ന് കത്തിച്ച കുറ്റവാളി എന്ന നിലയിൽ നിന്ന് കുറേക്കൂടെ മുന്നോട്ട് പ്ലോട്ടിനെ കൊണ്ടുപോവുന്നുണ്ട് സിനിമ. എന്നാൽ ചിത്രത്തിന്റെ അതുവരെയുള്ള മൂഡിൽ എടുത്ത് മാറ്റപ്പെട്ടപോലെ മറ്റൊരു കഥയായി അത് മുഴച്ച് നിൽക്കുന്നു. പൊലീസ് ഡയറി, പീറ്റർ എന്ന സുഹൃത്ത് എന്നിവയിലൂടെ നരേറ്റ് ചെയ്യുന്ന കഥ പിന്നീട് കുറുപ്പിന്റെ തന്നെ നരേഷനിൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ ആദ്യം കണ്ടതിൽ നിന്ന് അനുമാനിച്ചെടുക്കാനാവുന്നതിൽ കൂടുതലായൊന്നും പറയാനില്ലാതെ വെറും ആവർത്തനമായിപ്പോവുകയാണ് മിക്ക സീനുകളും.

ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരു പരീക്ഷണ ചിത്രമെന്ന ലേബലിലായിരുന്നു റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ ആദ്യമായി സ്‌ക്രീനിലെത്തിയ ചിത്രം സംവിധാന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാൽ കുറുപ്പിന്റെ അത്ര മികച്ചതല്ലാത്ത തിരക്കഥയെ രക്ഷിച്ചെടുക്കാൻ ശ്രീനാഥിന്റെ സംവിധായക മികവ് പോരാതെ വന്നു.

ഷൈന് ടോം ചാക്കോ

ചിത്രത്തെ എൻഗേജ് ചെയ്യിക്കുന്ന രണ്ട് ഘടകങ്ങൾ നിമിഷ് രവിയുടെ സിനിമറ്റോഗ്രഫിയും സുഷിൻ ശ്യാമിന്റെ മ്യൂസിക്കുമാണ്. പലകാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ക്യാമറ ചിത്രത്തിന്റെ മൂഡിന്റെ പരിധിയിൽ നിന്ന് വിട്ട് പോകാതെ അവയെ പകർത്തിയെടുക്കുന്നു. സംഗീതത്തിന്റെ കാര്യത്തിലും ഇതുതന്നെ പറയാം. പാർട്ടി സോംഗ് ആയി അവതരിപ്പിച്ച ഡിംഗിരി ഡിങ്കാലെ അത്ര ഓളമുണ്ടാക്കാതെ പോയപ്പോൾ പകലിരവുകളായി എന്ന പാട്ട് മികച്ച് നിന്നു.

കഥാപരമായി കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യാൻ ചിത്രം ശ്രമിക്കുന്നില്ലെങ്കിലും ദുൽഖറിന്റെ അപ്പിയറൻസും മാനറിസങ്ങളും സ്വമേധയാ കഥാപാത്രത്തിനൊരു ഹീറോ പരിവേഷം നൽകുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ നായകനായിട്ട് പോലും ദുൽഖറിന് ചിത്രത്തിൽ കാര്യമായി സ്‌ക്രീൻ പ്രസൻസ് കിട്ടുന്നില്ല. മറ്റു അഭിനേതാക്കളുടെ കാര്യവും അതുതന്നെ. വിജയരാഘവൻ, അനുപമ പരമേശ്വരൻ, വിജയകുമാർ പ്രഭാകരൻ, എം.ആർ. ഗോപകുമാർ തുടങ്ങി ഒരുപാട് അഭിനേതാക്കളുണ്ടെങ്കിലും അവർക്കെല്ലാം ആവശ്യമായത്ര കഥാപാത്രങ്ങൾ ചിത്രത്തിലില്ല. ഇതിനിടയിൽ ഷൈൻ ടോം ചാക്കോയുടെ പ്രകടനമാണ് എടുത്ത് പറയാവുന്നത്. കുറുപ്പിന്റെ അളിയന്റെ കഥാപാത്രമായെത്തിയ ഷൈൻ ടോം ചാക്കോ സ്‌ക്രീൻ നിറഞ്ഞാടി. നായികയായെത്തിയ ശോഭിത ദുലിപാല കാര്യമായ പ്രകടനങ്ങളില്ലാതെ കടന്നുപോയി.

Comments