മരങ്ങളില്ലാത്ത കാട്ടിൽ

''2003 മുതൽ 2011 വരെ റേഡിയോ വാർത്താ അവതാരകനായി ജീവിച്ച നാടാണ് യു. എ. ഇ. അക്കാലയളവിൽ ഉപയോഗിച്ച ക്രെഡിറ്റ് കാർഡുകളുടെ ബാധ്യതയായിരുന്നു ജയിൽ ജീവിതത്തിന്റെ അടിസ്ഥാനം. രണ്ട് കാർഡുകളിലായി ഏഴായിരത്തോളം ദിർഹവും അതിന്റെ പലിശയുമായിരുന്നു ബാധ്യത. ഖത്തറിൽ നിന്ന് ദുബായ് എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്.'' എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കുഴൂർ വിത്സന്റെ ജയിലനുഭവങ്ങൾ പരമ്പരയുടെ ആദ്യ ഭാഗം

ആമുഖം

2016 മെയ് മാസം 22 മുതൽ 41 ദിവസങ്ങൾ യു. എ. ഇ യിലെ രണ്ട് ജയിലുകളിലായി കഴിയേണ്ടി വന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങൾ ദുബായിലെ അൽ അവീർ ജയിലിലും തുടർന്ന് അജ്മാൻ ജയിലിലുമാണു കഴിഞ്ഞത്. 2003 മുതൽ 2011 വരെ റേഡിയോ വാർത്താ അവതാരകനായി ജീവിച്ച നാടാണ് യു. എ. ഇ. അക്കാലയളവിൽ ഉപയോഗിച്ച ക്രെഡിറ്റ് കാർഡുകളുടെ ബാധ്യതയായിരുന്നു ജയിൽ ജീവിതത്തിന്റെ അടിസ്ഥാനം. രണ്ട് കാർഡുകളിലായി ഏഴായിരത്തോളം ദിർഹവും അതിന്റെ പലിശയുമായിരുന്നു ബാധ്യത. ഖത്തറിൽ നിന്ന് ദുബായ് എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്. നോർവ്വെ ആസ്ഥാനമായുള്ള ഒരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടി, ഏഷ്യൻ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയാണ് ഖത്തറിലെത്തിയത്. ആ ജോലിയിലെ സാഹസങ്ങളും നിയമക്കുരുക്കുകൾ വർദ്ധിപ്പിച്ചു. മാധ്യമപ്രവർത്തനത്തിലൂടെയും കവിതയിലൂടെയും യു. എ. ഇ എന്ന നാടിനെ അഭിസംബോധന ചെയ്ത ഒരാൾക്ക് ആ നാൽപ്പത്തി ഒന്ന് ദിവസങ്ങൾ തികച്ചും വേറെയായിരുന്നു. ആ ദിവസങ്ങളിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കഥകളാണു മരങ്ങളില്ലാത്ത കാട്ടിൽ എന്ന പുസ്തകത്തിൽ. ഉള്ളിൽ പണിത ലോകവും മനുഷ്യരും മറ്റൊരളവിലേക്ക് മാറ്റപ്പെട്ട ദിനങ്ങൾ കൂടിയായിരുന്നു അത്. മരങ്ങളില്ലാത്ത കാട്ടിലെ ചില അനുഭവകഥകൾ പങ്ക് വയ്ക്കുന്നു. മരങ്ങളില്ലാത്ത കാട്ടിൽ എന്ന തലക്കെട്ടിന് വി. മുസഫർ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയോട് കടപ്പാട്.

അരിമണിയുമായി ഒരുറുമ്പ്

അജ്മാൻ ജയിലിൽ ചെന്നതിന്റെ രണ്ടാമത്തെ ദിവസം. നോമ്പുകാലമാണ്. തലേന്ന് കാര്യമായൊന്നും കഴിച്ചിരുന്നില്ല. ഉച്ചയ്ക്ക് സലാഡ് കൂട്ടി കുറച്ച് ചോറ് തിന്നിട്ടുണ്ട്. നല്ല വിശപ്പ്. സന്ധ്യയായി. ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കുകയാണ്. തടവുകാർ തന്നെയാണ് വിളമ്പുന്നത്. വിഭവങ്ങളിലേക്ക് കണ്ണെത്തിച്ച് നോക്കി. ആദ്യത്തെ പാത്രത്തിൽ ബിരിയാണിച്ചോറ്. പിന്നെ സലാഡ്. മൂന്നാമതായി ചിക്കൻ പൊരിച്ചത്. നാലാമത് ആപ്പിളോ ഓറഞ്ചോ. മൊരിഞ്ഞ കോഴിക്കഷണങ്ങളിൽ മാത്രമായിരുന്നു ശരിക്കും കണ്ണുടക്കിയത്.

കാലങ്ങൾക്ക് ശേഷം കൊതിയെന്ന വാക്ക് അടിമുടി ശരീരത്തിലും പ്രാണനിലും കത്തുകയാണ്. നിരയിൽ എനിക്ക് മുൻപായി പത്ത് പതിനഞ്ച് പേരുണ്ട്. ഓരോരുത്തരായി ബിരിയാണിയും സലാഡും ചിക്കനും പഴങ്ങളും വാങ്ങി കഴിക്കാനുള്ള ഇടം തേടുന്നു. ഓരോരുത്തരുടേയും പാത്രത്തിലേക്കാണ് എന്റെ കണ്ണ്. കൊതി കിട്ടുക എന്ന മലയാളപ്രയോഗം സത്യമാണെങ്കിൽ എനിക്ക് മുന്നേ കഴിച്ച എല്ലാവർക്കും അത് കിട്ടിക്കാണും. ജീവിതത്തിൽ പലപ്പോഴായി നീക്കിവച്ച വിഭവങ്ങളോട് ആദ്യമായി മാപ്പ് പറഞ്ഞു.

കാലങ്ങൾക്ക് ശേഷം കൊതിയെന്ന വാക്ക് അടിമുടി ശരീരത്തിലും പ്രാണനിലും കത്തുകയാണ്. നിരയിൽ എനിക്ക് മുൻപായി പത്ത് പതിനഞ്ച് പേരുണ്ട്.

പാത്രത്തിൽ എത്ര വിളമ്പുന്നു. എത്ര ചിക്കൻ കഷണങ്ങളാണ് കിട്ടുക എന്നതിൽ മാത്രമായി പിന്നെ ശ്രദ്ധ. ഒരു ചിക്കനപ്പാടെ വിഴുങ്ങാനുള്ള ആർത്തിയുണ്ട്. ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ചിക്കൻ വിളമ്പുന്ന ആൾ ചിലർക്ക് രണ്ട് കഷണങ്ങൾ നൽകുന്നു. ചിലർക്ക് ഒന്ന്. വളരെ ചിലർക്ക് മൂന്ന്. എനിക്കാധിയായി. ഒരു കഷണത്തിനായി മനസ്സ് വഴങ്ങുന്നില്ല.

ഊഴമെത്തി. ബിരിയാണി കിട്ടി. സലാഡ് കിട്ടി. ചിക്കന്റെ മുൻപിലാണ്. വിളമ്പുന്നത് ഒരു പാക്കിസ്ഥാനിയാണ്. ലോകത്തിലെ ഏറ്റവും പാവമായ ഒരാളുടെ മുഖം എന്റെ മുഖത്ത് വരയ്ക്കാൻ പണിപ്പെട്ട് നിൽക്കുകയാണ്. ആളെന്റെ മുഖത്ത് നോക്കി.
ആപ്പ് ഹിന്ദി ഹേ? അയാൾ ചോദിച്ചു. യെസ് ഐ ആം ആൻ ഇന്ത്യൻ. ആപ്പ് ഹിന്ദി ഹേ? ആൾ ഒന്ന് കൂടി ചോദിച്ചു. നീ ഹിന്ദുവാണോ എന്നാണു ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ബോൺ ആസ് എ ക്രിസ്ത്യൻ. ജീവിക്കുന്നത് അങ്ങനെയല്ല എന്നർത്ഥം വരുന്ന ഒരു വാചകം കൂടി ഞാനൊപ്പിച്ചു. അയാളെനിക്ക് രണ്ട് കഷണം ചിക്കൻ വറുത്തത് വിളമ്പി. ലോകം കീഴടക്കിയ ഭാവത്തോടെ ഞാൻ കഴിക്കാനാരംഭിച്ചു.

കുറ്റം മാത്രം മതമായ ജയിലിൽ ജാതിയും മതവും ദേശവും നോക്കി വിളമ്പുന്ന ആളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. ജീവപര്യന്തം തടവുകാരനാണ് പേര് ജാവേദ്. അജ്മാൻ ജയിലിൽ വന്നിട്ട് പതിനഞ്ച് വർഷമായി. രാജകുടുംബത്തിൽപ്പെട്ട ഒരു പയ്യനെ കൊന്നതാണ് കുറ്റം. മരിക്കും വരെ അയാൾ ഈ ജയിലിൽ തന്നെ കഴിയണം.

ജീവപര്യന്തം മതത്തിന്റെ തടവുകാരനായ അയാളെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ, അതാ ഒരുറുമ്പ് ഒരു അരിമണിയുമായി തിടുക്കത്തിൽ പോകുന്നു. എനിക്കൊന്നും തോന്നിയില്ല.

ആടുമാറാട്ടം

അജ്മാൻ ജയിലിൽ ഞാനെത്തി പത്ത് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാധാകൃഷ്ണൻ വരുന്നത്. കൊല്ലത്തുകാരനാണ്. എഞ്ചിനീയറിംഗ് ബിരുദധാരി.

നാട്ടിൽ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. വീട്ടിൽ അമ്മയും ഭാര്യയും കുഞ്ഞും. കുഴപ്പമില്ലാതെ ജീവിതം പോകുന്നതിനിടയിലാണ് ഒരു അലുമ്‌നി മീറ്റിംഗ് വന്നത്. അതിൽ പങ്കെടുത്ത ഗൾഫുകാരായ സഹപാഠികൾ അയാളെ പ്രലോഭിപ്പിച്ചു. എങ്ങിനെയൊക്കെയോ റാസൽഖൈമയിലെത്തി ഒരു കമ്പനി തുടങ്ങി. കൂടെ മൂന്ന് ജീവനക്കാരും. ബിസിനസ്സ് അറിയാത്ത രാധാകൃഷ്ണന്റെ കമ്പനി പൊട്ടി. ചെക്കുകൾ മടങ്ങി. അങ്ങനെ ഒരു ചെക്ക് കേസിലാണ് അയാൾ എത്തിയിരിക്കുന്നത്. വയ്യാതായ അമ്മയെ കാണാൻ നാട്ടിൽ പോയി മടങ്ങുന്നതിനിടെ എയർപോർട്ടിൽ വച്ച് പൊലീസ് പൊക്കുകയായിരുന്നു.

ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന സൂചന രാധാകൃഷ്ണന് കിട്ടിയിട്ടുണ്ട്. എന്നാൽ എഴുത്തുകാരനാണെന്നും ആട് ജീവിതം അതിലെ കഥാപാത്രമായ നജീബിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തതും, നജീബിന്റെ ആദ്യഅഭിമുഖം റേഡിയോയിൽ കൊടുത്തതും ഞാനാണെന്നും അയാൾക്കറിയില്ല.

ഒരു സന്ധ്യക്ക് രാധാകൃഷ്ണൻ എന്നോട് ചോദിച്ചു.

വിത്സൺ ആടുജീവിതം വായിച്ചിട്ടുണ്ടോ?

എന്തേ?

ഒന്നുമില്ല .അതിലെ ചില രംഗങ്ങൾ ഓർമ്മ വരുന്നു.

അയാൾ ആടുജീവിതത്തിലെ ചില ഭാഗങ്ങൾ പറയാൻ തുടങ്ങി. വലിയ താത്പര്യമില്ലാത്ത മട്ടിൽ ഞാനൊഴിഞ്ഞു മാറി. സാഹിത്യത്തിന്റെ ശല്യം പിന്നീടങ്ങനെ അയാളിൽ നിന്നുണ്ടായില്ല.

ജയിലിൽ കിടന്ന് എന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് രാധാകൃഷ്ണൻ മനസ്സിലാക്കിയിരിക്കുന്നു. വളരെ പാകം വന്ന ഒരു മനോരോഗവിദഗ്ധന്റെ ശബ്ദത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. വിത്സണ് ഒരു കുഴപ്പവുമില്ല. ഇവിടെ നിന്ന് ഇറങ്ങുന്നതോടെ എല്ലാം ശരിയാകും.

വേറെ ഒരു ദിവസം വന്നു. അന്ന് രാധാകൃഷ്ണൻ എന്റെ അടുത്താണ് ഉറങ്ങാൻ കിടന്നത് . രണ്ട് പേരും മുകളിലേക്ക് നോക്കി കിടക്കുന്നതിനിടയിൽ രാധാകൃഷ്ണൻ വീണ്ടും ആടുജീവിതമെടുത്തിട്ടു. നജീബ് ആടുകൾക്ക് മനുഷ്യരൂപം കൊടുക്കുന്ന ഭാഗമാണ് വർണ്ണന. ഇതിവിടെ നിർത്തിയേ തീരൂ എന്ന മട്ടിൽ ഞാൻ പറഞ്ഞു. രാധാകൃഷ്ണന് അറിയുമോ, ആ ആടുജീവിതം ബഹറൈനിൽ വച്ച് നജീബിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തത് ഞാനാണ്.

ആ ചെറിയ ഇരുട്ടിലും അയാളെന്റെ മുഖത്തേക്ക് നോക്കി. എനിക്കെന്താണു പറ്റിയത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. ജയിലിൽ കിടന്ന് എന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് രാധാകൃഷ്ണൻ മനസ്സിലാക്കിയിരിക്കുന്നു. വളരെ പാകം വന്ന ഒരു മനോരോഗവിദഗ്ധന്റെ ശബ്ദത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. വിത്സണ് ഒരു കുഴപ്പവുമില്ല. ഇവിടെ നിന്ന് ഇറങ്ങുന്നതോടെ എല്ലാം ശരിയാകും.

ആടുമാറാട്ടത്തിന് വീണ്ടും അകത്തായില്ലെങ്കിൽ. ഉള്ളിലെന്തോ എഴുതുമ്പോൾ ഞാനും പറഞ്ഞു.

മറിയൂമ്മിന്റെ ഉമ്മകൾ

നല്ല കറുത്ത കട്ടിക്കണ്ണട ഫ്രെയിം. രസമുള്ള താടി. കയ്യിലെപ്പോഴും നല്ല സിഗരറ്റ്. കാഴ്ച്ചയിൽ ഒരെഴുത്തുകാരൻ. മറിയൂമ്മിനെ ശ്രദ്ധിക്കാനുള്ള കാരണങ്ങൾ അതൊക്കെയായിരുന്നു. ലെബനോൺകാരനാണ്. മറിയൂം അജ്മാൻ ജയിലിലെത്തി മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ പരിചയപ്പെട്ടു. അയാളുടെ തരക്കേടില്ലാത്ത ഇംഗ്ലീഷും എന്റെ മുറി ഇംഗ്ലീഷും കുറച്ചടുത്തു എന്ന് പറയുന്നതാവും ശരി.

ജയിലിനകത്തും വരേണ്യവർഗ്ഗവും അടിയാളരുമുണ്ട്. അതിന്റെ അകത്തളങ്ങളിൽ മട്ടുപ്പാവും ചേരികളും രൂപപ്പെടുന്നത് നമുക്ക് കണ്ണാലേ കാണാം. സ്വദേശികളായ അറബികൾക്കാണു മേൽക്കോയ്മ എന്ന് പറയേണ്ടതില്ലല്ലോ. കിടിലൻ ഫുഡ്, മുന്തിയ സിഗരറ്റുകൾ , എല്ലായ്‌പ്പോഴും ടിവി സീരിയലുകൾ . അവരുടെ മൂലകൾ എപ്പോഴും ഉത്സവപ്രതീതിയിലായിരിക്കും. ബംഗ്ലാദേശികളും ഇന്ത്യക്കാരും ഉൾപ്പെട്ട ഏഷ്യൻ മൂലകൾ നേരെ തിരിച്ചും. ബാത്ത്റൂമുകൾക്കും ഈ വരേണ്യത ബാധകമാണ്. ദരിദ്രവാസികളായ നമ്മൾക്കും വരേണ്യരായ അറബികൾക്കും ഇടയിലാണ് മറിയൂം ഉൾപ്പെട്ട ലെബനോൺകാർക്കൊക്കെ ഇടം. അറബ് വംശജരുടെ ബാത്ത്റൂമുകളിൽ തിരക്കായപ്പോൾ ഒരടി താഴേക്കുള്ള ഇടത്തേക്ക് വന്നതാണ് അവൻ. ഞാനാണെങ്കിൽ അൽപ്പം ഇംഗ്ലീഷിന്റെ ബലത്തിൽ ഒരടി മുന്നോട്ടും. അങ്ങനെ ഒരു ബാത്ത്റൂമിന്റെ മുൻപിൽ ഊഴം കാത്തു നിൽക്കുമ്പോഴാണ് മറിയൂമ്മുമായി മിണ്ടിയത്. അപ്പോൾ അവന്റെ കയ്യിൽ നല്ല ഒരു കപ്പ് കാപ്പിയുണ്ടായിരുന്നു. കാപ്പിയുടെ പകുതിയും വില കൂടിയ ഒരു സിഗരറ്റും അവനെനിക്ക് തന്നു. കാപ്പിയുടെയും സിഗരറ്റിന്റേയും ബലത്തിൽ ഞങ്ങൾ ഉള്ള ചങ്ങാത്തം പങ്കുവച്ചു.

മുപ്പത് വയസ്സായിട്ടില്ല മറിയൂമ്മിന്. യു. എ. ഇ യിൽ വന്നിട്ട് അഞ്ച് വർഷത്തോളമായി. അജ്മാനിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സായിരുന്നു. അറബികളിൽ നിന്ന് കെട്ടിടങ്ങൾ മൊത്തമായി വാടകയ്ക്ക് എടുക്കുക. ആവശ്യക്കാർക്ക് മുറിച്ച് കൊടുക്കുക. ലാഭമുള്ള പണിയാണ്. അത്യാവശ്യം കാശുമുണ്ട്.

ജയിലിനകത്തും വരേണ്യവർഗ്ഗവും അടിയാളരുമുണ്ട്. അതിന്റെ അകത്തളങ്ങളിൽ മട്ടുപ്പാവും ചേരികളും രൂപപ്പെടുന്നത് നമുക്ക് കണ്ണാലേ കാണാം.

ഉമ്മ വച്ചതായിരുന്നു മറിയൂമ്മിന്റെ കുറ്റം. ഉമ്മ വച്ചതിനു ജയിലിൽ വരേണ്ടി വരുമോ? അവൻ ഇത് പറഞ്ഞപ്പോൾ ഞാനും ചിരിച്ച് ചിന്തിച്ചതും ഇതാണ്. മറിയൂം ഉമ്മ വച്ചത് കാറിൽ വച്ചാണ്. അജ്മാൻ -ഷാർജ ബോർഡറിലെ കടൽക്കരയിൽ വച്ച്. തന്റെ തന്നെ നാട്ടുകാരിയായ കാമുകിയായിരുന്നു കാറിൽ. രണ്ട് പേർ ചേർന്നാണ് ഉമ്മ വച്ചതെങ്കിലും കാമുകി രക്ഷപ്പെട്ടു. അവളുടെ അമ്മ പിടിപാടുള്ളവരായിരുന്നു. അവർ നൈസിൽ മോളെ ഇറക്കി. മറിയൂം പെട്ടു. കാമുകിയുടെ അമ്മയ്ക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സാണ്. തന്നെ നേരത്തേ തന്നെ അവർക്ക് കണ്ട് കൂടായിരുന്നുവെന്നും തന്നെയവർ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതാണെന്നും അവനെന്നോട് പറഞ്ഞു. ഞങ്ങൾ കുറെ സംസാരിച്ച അന്ന് മറിയൂം കോടതിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ടാണ് കക്ഷി കാലത്തേ തന്നെ റെഡിയാവാൻ ബാത്ത്റൂം തിരഞ്ഞെത്തിയത്. അതുകൊണ്ട് ഉമ്മ വച്ചതിന് ജയിലിലായ ഒരാളെ എനിക്ക് പരിചയപ്പെടാൻ പറ്റി (യു എ ഇ യിൽ കാറിൽ വച്ച് ഞാനും ഉമ്മ വച്ചിട്ടുണ്ട്. അന്നൊക്കെ അവൾ തമാശയായി പറയുമായിരുന്നു. ഒരേ ജയിലിൽ ഒരേ സെല്ലിൽ നമ്മളെ കിടത്തുമെങ്കിൽ നമുക്കും പിടികൊടുക്കാമായിരുന്നു എന്ന്).

മറിയൂം ജയിൽശിക്ഷ മാത്രം അനുഭവിച്ചാൽ പോരാ. യു എ ഇ യിൽ നിന്ന് നാട്കടത്തപ്പെടുകയും ചെയ്യും. കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയതൊക്കെയും ഇവിടെ ഇട്ടിട്ട് പോകേണ്ടി വരും. അതാണ് മറിയൂമ്മിന്റെ സങ്കടം. കാമുകിയെ പിരിയുന്നതിന്റെ സങ്കടം വേറെയും. ഫോൺ വഴി കുറെ കെട്ടിടങ്ങളൊക്കെ പലർക്ക് കൈമാറി. ഉള്ളത് നാട്ടിലെ അക്കൗണ്ടിൽ കിട്ടുമല്ലോ എന്ന ആശ്വാസം. നാട്ടിൽ ചെന്നാൽ ടൂറിസം മേഖലയിൽ എന്തെങ്കിലും പരിപാടി തുടങ്ങുമെന്നും കാമുകിയെ നാട്ടിലെത്തിച്ച് കെട്ടുമെന്നും അവൻ പ്രത്യാശ വച്ചു. എനിക്ക് നാട്ടിലെ ഫോൺ നമ്പറും മറ്റും കൈമാറി. എന്നെങ്കിലും ലെബനോണിൽ വന്നാൽ വിളിക്കണമെന്നും കാണണമെന്നും അവൻ പറഞ്ഞു. ലെബനോൺ അറാക്ക് വളരെ ഇഷ്ടമാണെന്നും ആ ദേശം എന്നെങ്കിലും കാണണമെന്നുണ്ടെന്നും ഞാനും പറഞ്ഞു. കേരളത്തിൽ ഒരിക്കലെങ്കിലും വരുമെന്ന് അവനും പറഞ്ഞു. ഞാനും നാട്ടിലെ നമ്പർ കൊടുത്തു.

മറിയൂം ഇപ്പോൾ എവിടെയാവും. എന്തെടുക്കുകയാവും? ഉമ്മ വച്ചതിനു ജയിലിലായ മറിയൂമ്മേ, ഇതൊക്കെ ഇപ്പോൾ ഓർമ്മിപ്പിച്ചതിനു നിനക്കുമ്മകൾ

റെജിയച്ചായന്റെ ഭക്തിഗാനങ്ങൾ

ക്രിസ്തുമത വിശ്വാസികൾക്ക് വിശുദ്ധീകരണസ്ഥലം എന്ന പ്രയോഗം പെട്ടെന്ന് മനസ്സിലാകും. ഒരു ആത്മാവിനെ നേരെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ കടത്തി വിടും മുൻപുള്ള പരിശോധനാ സ്ഥലമാണ് ഈയിടം.യു. എ. ഇ ജയിലുകളിലും അങ്ങനെ ഒരിടമുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് നേരെ വരുന്നത് ഇവിടേക്കാണ്. മിക്കവാറും കോടതിയിലെ ആദ്യവിസ്താരം കഴിഞ്ഞാവും അവരെ മെയിൻ ജയിലുകളിലേക്ക് മാറ്റുന്നത്. അജ്മാനിൽ അങ്ങനെയൊരു വിശുദ്ധീകരണസ്ഥലത്ത് എനിക്ക് മൂന്ന് ദിവസം കഴിയേണ്ടി വന്നു. അജ്മാനിലെ മുഖ്യജയിലിലേക്ക് മാറ്റിയതിനു മുൻപുള്ള ദിനങ്ങൾ. അവിടെ വച്ചാണ് സഹതടവുകാർ അച്ചായൻ എന്ന് വിളിക്കുന്ന റെജി ഭായിയെ പരിചയപ്പെടുന്നത്. കോട്ടയത്തുകാരനാണ്. ഈ വിശുദ്ധീകരണസ്ഥലത്ത് വന്നിട്ട് മാസങ്ങളായി. നൂറിലധികം ചെക്ക് കേസുകളുണ്ട് ആളുടെ പേരിൽ. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് വരും. അത് കൊണ്ട് തന്നെ എത്ര കാലം ജയിലിൽ കഴിയണമെന്ന് പോലും അറിയില്ല. യു. എ. ഇ യിലെ വിവിധ സ്റ്റേഷനുകളിലാണ് ഈ ചെക്ക് കേസുകളെന്നതിനാൽ ഒടുവിൽ ഏത് ജയിലിലാകും കഴിയുകയെന്ന് ഉറപ്പുമില്ല. അങ്ങനെയൊരു ദു:സ്ഥിതിയിലാണു ആൾ കുറച്ചധികമായി ഈ വിശുദ്ധീകരണസ്ഥലത്ത് കഴിയുന്നത്. ഈ വിഭാഗത്തിൽ സീനിയോരിറ്റിയുള്ള തടവുകാർ കുറവായിരിക്കും. ഒരു കേസൊക്കെ ഉള്ളവർ കൂടി വന്നാൽ രണ്ട് മൂന്ന് ദിവസങ്ങൾ മാത്രമാണ് ഇവിടെ കഴിയുക. അപ്പോൾ മാസങ്ങളായി അവിടെ കഴിയുന്ന ഒരാളുടെ സീനിയോരിറ്റി മനസ്സിലാക്കാമല്ലോ. ആ സീനിയോരിറ്റിയുടെ പുറത്ത് അച്ചായൻ അവിടെ ഒരു സ്വകാര്യമുറി ഒപ്പിച്ചെടുത്തിട്ടുണ്ട്. ഫോൺ വിളി, കാപ്പികുടി, സിഗരറ്റ് വലി, ഭക്തിഗാനമെഴുത്ത് തുടങ്ങിയവയാണ് ആളുടെ അവിടത്തെ പരിപാടികൾ. സിഗരറ്റ് വലിക്കാനാണ് ഞാൻ റെജിച്ചായനെ തേടി ആളുടെ മുറിയിലേക്ക് പോയത്.

മാധ്യമപ്രവർത്തകനായിരുന്നു എന്നറിഞ്ഞപ്പോൾ ഒരു തരം നീരസം ആ മുഖത്ത് ഞാൻ കണ്ടു. കവിതയെഴുതും എന്നറിഞ്ഞപ്പോൾ അത് പതുക്കെ മാറുന്നതും. എന്തായാലും റെജിച്ചായൻ എനിക്ക് സിഗരറ്റുകൾ തന്നു. കൂടെ തന്റെ കഥകളും.

യു. എ. ഇ യിൽ പല ഭാഗത്തായി ചിതറിക്കിടക്കുന്ന നിർമ്മാണമേഖലയിലെ വലിയ കോൺട്രാക്റ്ററാണ് അച്ചായൻ. പത്ത് പതിനഞ്ച് വർഷങ്ങളുടെ പരിശ്രമം കൊണ്ട് നേടിയതാണ്. നൂറിലധികം തൊഴിലാളികൾ, പല തരത്തിലായി നാൽപ്പതിലധികം വാഹനങ്ങൾ, വീട്ടുകാര്യങ്ങൾ നോക്കുന്ന ഭാര്യ. കുഞ്ഞ്. കൂടെ അച്ചായന്റെ കലാപ്രേമവും. എല്ലാം കൊണ്ടും സന്തോഷവാനായിരുന്നു കക്ഷി. നല്ല കാലത്ത് യു. എ. ഇ യിൽ നടത്തിയ സ്റ്റേജ് ഷോകളുടെ കാര്യവും തന്റെ ഭക്തിഗാനപ്രേമവും ആൾ പങ്ക് വച്ചു.

ബ്രേക്കിംഗ് ന്യൂസും ബന്ധുക്കളായ തന്റെ തന്നെ ജീവനക്കാരുമാണ് റെജിച്ചായന്റെ ജീവിതം ഈ വിധത്തിലാക്കിയത്. റാസൽഖൈമ പള്ളിയുടേതുൾപ്പടെ യു. എ. ഇ യുടെ വിവിധ ഭാഗങ്ങളിലായി ജോലികൾ പുരോഗമിക്കുന്ന സമയം. ഫണ്ട് ക്രയവിക്രിയത്തിൽ ചെറിയ പാളിച്ച പറ്റി. പൈസക്ക് ഷോർട്ടേജ് വന്നു. ഒരു ചെക്ക് മടങ്ങി. ആൾ കടത്തിലായെന്ന വിവരം പരന്നു. പല ഇടപാടുകാരും ചെക്കുകൾ സമർപ്പിക്കാൻ തുടങ്ങി. രാവും പകലുമോടി അച്ചായൻ പഴുതുകൾ അടച്ചു. ഈ പ്രതിസന്ധികൾക്കിടയിൽ ദുബായിലെ അദ്ദേഹത്തിന്റെ ലേബർക്യാമ്പിൽ ഒരു സംഭവമുണ്ടായി. . റെജിച്ചായൻ നാട്ടിൽ നിന്ന് കൊണ്ട് വന്ന ബന്ധുക്കളായ രണ്ട് അനുജന്മാർക്കായിരുന്നു ദുബായ് ക്യാമ്പിന്റെ ചുമതല.

അന്ന് ശരിക്കും മുങ്ങേണ്ടി വന്നുവെന്ന് ആളെന്നോട് പറഞ്ഞു. ഒന്ന് ഫോൺ വിളിച്ച് അന്വേഷിക്കാൻ ആ റിപ്പോർട്ടർ തയ്യാറായില്ല എന്ന സത്യവും ആളെന്നോട് പങ്ക് വച്ചു. കുറ്റബോധത്തോടെയായിരുന്നു ആളുടെ മുൻപിൽ എന്നിലെ മാധ്യമപ്രവർത്തകൻ ഇരുന്നത്.

പ്രതിസന്ധിയുണ്ടായെങ്കിലും ശമ്പളവും ഭക്ഷണവും മുടങ്ങാതിരിക്കാനുള്ള ഏർപ്പാടുണ്ടാക്കിയിരുന്നു. പക്ഷേ കാര്യങ്ങൾ അവിടെ നിന്നില്ല. ഒരു മാസത്തെ ശമ്പളം വൈകി. മലയാളം ചാനലുകളിൽ എന്തുമേതും ബ്രേക്കിംഗ് ന്യൂസ് ആകുന്ന കാലമായിരുന്നു. ഭക്ഷണവും ശമ്പളവുമില്ലാതെ നൂറു കണക്കിന് മലയാളികൾ ദുരിതത്തിൽ, മലയാളി മുതലാളി മുങ്ങി എന്നർത്ഥം വരുന്ന ബ്രേക്കിംഗ് ഒരു പ്രമുഖ ചാനലിൽ വരുത്തുന്നതിൽ ആളുടെ അനുജന്മാർ വിജയിച്ചു. യു എ ഇ യിലുള്ള റെജിച്ചായന്റെ എല്ലാ ഇടപാടുകാരും തങ്ങളുടെ ചെക്കുകൾ സമർപ്പിച്ചു. അന്ന് ശരിക്കും മുങ്ങേണ്ടി വന്നുവെന്ന് ആളെന്നോട് പറഞ്ഞു. ഒന്ന് ഫോൺ വിളിച്ച് അന്വേഷിക്കാൻ ആ റിപ്പോർട്ടർ തയ്യാറായില്ല എന്ന സത്യവും ആളെന്നോട് പങ്ക് വച്ചു. കുറ്റബോധത്തോടെയായിരുന്നു ആളുടെ മുൻപിൽ എന്നിലെ മാധ്യമപ്രവർത്തകൻ ഇരുന്നത്.
തനിക്കിനി പുറത്തിറങ്ങാൻ കഴിയുമെന്ന വിശ്വാസം അച്ചായനിൽ ഉണ്ടായിരുന്നില്ല. ചെറിയ മകളുമായി ഷാർജയിൽ താമസിക്കുന്ന ഭാര്യയാണ് കേസിന്റെ കാര്യങ്ങൾ നോക്കുന്നത്. നാട്ടിലെ വസ്തുവകകളൊക്കെ വിറ്റു. ചില കേസുകൾ ഒത്തുതീർപ്പാക്കി. എന്നിട്ടും കിടക്കുകയാണ് ബാക്കി. ഇതിനിടയിൽ കമ്പനിയിലെ സാധനങ്ങൾ ചില തൊഴിലാളികൾ എടുത്ത് വിറ്റു. വാഹനങ്ങൾ മദ്യകടത്തിനുപയോഗിച്ചു. ആ വഴിക്കും കേസുകൾ വേറെ. എല്ലാത്തിനും നാട്ടിൽ നിന്ന് കൊണ്ട് വന്ന അനുജന്മാർ കൂട്ടുനിന്നുവെന്നതായിരുന്നു ആളെ ഏറെ വേദനിപ്പിച്ചത്.

സിഗരറ്റ് വലി കഴിഞ്ഞ് തിരികെ പോരാൻ നേരം ദൈവസ്‌നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ എന്ന ഭക്തിഗാനത്തിന്റെ ചുവടുപിടിച്ചുള്ള കുറച്ച് വരികൾ റെജിച്ചായന്റെ നോട്ടുബുക്കിൽ ഞാൻ കണ്ടു. ആളുടെ കമ്പനി യു. എ. ഇ യുടെ പലഭാഗങ്ങളിലായി പണിതുയർത്തിയ പള്ളികളുടെ മിനാരങ്ങൾ മനസ്സിൽ മിന്നി.


കുഴൂർ വിത്സൺ

കവി, മാധ്യമപ്രവർത്തകൻ. കവിതകൾ തമിഴ്​, കന്നട, ഹിന്ദി, ഇംഗ്ലീഷ്​, അറബിക്​, ജർമൻ, സ്​പാനിഷ്​ ഭാഷകളിലേക്ക്​ വിവർത്തനം ചെയ്​തിട്ടുണ്ട്​. ഉറക്കം ഒരു കന്യാസ്​ത്രീ, വിവർത്തനത്തിന്​ ഒരു വിഫലശ്രമം, കുഴൂർ വിത്സന്റെ കവിതകൾ, വയലറ്റിനുള്ള കത്തുകൾ, തോറ്റവർക്കുള്ള പാട്ടുകുർബാന, ഇന്ന്​ ഞാൻ നാളെ നീയാൻറപ്പൻ, മിഖായേൽതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments