പുറംലോകവുമായി ബന്ധമറ്റ്​, വാർത്തകളിൽനിന്ന്​ അപ്രത്യക്ഷമാകുന്ന ലക്ഷദ്വീപ്​

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങളിലെ ജനാധിപത്യ വിരുദ്ധതയോട് തുടക്കത്തിലുണ്ടായ പ്രതിഷേധം ഇപ്പോൾ ഉയരുന്നില്ല. ദ്വീപ് ജനതയുടെ ദുരിതങ്ങളിൽ പലതും വാർത്ത പോലുമാകുന്നുമില്ല. ദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും നശിപ്പിക്കുന്നു എന്നതല്ല, അവരുടെ ജീവിതം തന്നെ അടിമുടി തകർത്തുകളയുന്നു എന്നതാണ് ദ്വീപിൽ നിന്നുയരുന്ന നേർത്ത നിലവിളികൾ സൂചിപ്പിക്കുന്നത്.

2022 സെപ്തംബർ 19 ന് രാവിലെ ലക്ഷദ്വീപിലെ കവരത്തിയിൽ ചിൽഡ്രൻസ് പാർക്കിന് സമീപം ഒരു മൃതദേഹം കണ്ടത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഭഗവൻ നാരായണൻ ഖണ്ഡരെ എന്ന ഗുജറാത്ത് സിൽവാസാ സ്വദേശിയുടേതായിരുന്നു ആ മൃതദേഹം.

മെച്ചപ്പെട്ട ജീവിതം തേടി, കുടുംബം പോറ്റാനായായിരുന്നു ഖണ്ഡരെയും ലക്ഷദ്വീപിലേക്ക് കപ്പൽ കയറിയത്. എന്നാൽ താൻ ഏറെ ആഗ്രഹിച്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ ആത്മഹത്യയിൽ കൊണ്ടെത്തിക്കുകയായിരുന്നു. ലീവ് വാങ്ങി, വീട്ടിലേക്ക് പോകാൻ ഒരുക്കം പൂർത്തിയാക്കി ‘അറേബ്യൻ സീ’ എന്ന കപ്പലിൽ കയറിയ ഖണ്ഡരെയെ വെയ്റ്റിംങ് ലിസ്റ്റ് ടിക്കറ്റ് കാരണം കപ്പലിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ്. ക്യാബിൽ മടങ്ങിയെത്തിയ ഇദ്ദേഹം വൈകീട്ട് ആറിന്​ ക്യാബിൽ നിന്നിറങ്ങിപ്പോയി. പൊലീസിന്റെ തിരച്ചിലിനൊടുവിൽ പിറ്റേന്നുരാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ജവാനാണ് തന്റെ രാജ്യത്തിനകത്തെ ഒരു പ്രദേശത്തുനിന്ന്​ നാട്ടിലേക്കുപോകാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്നതെങ്കിൽ ദ്വീപിലെ 70,000ഓളം വരുന്ന മനുഷ്യർ അനുഭവിക്കുന്ന യാത്രാപ്രതിസന്ധിയുടെ, നിസ്സഹായാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നുണ്ട് ഈ മരണം.

രോഗിക്കല്ല, മുൻഗണന മന്ത്രിക്ക്​

ഇതേവർഷം ജൂണിലാണ്​, ചെത്തിലത്ത് ദ്വീപ് നിവാസിയായ അബ്ദുൽ ഖാദർ എന്ന 28 കാരൻ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ചത്. രാത്രി ഒൻപതരയോടെയാണ് അബ്ദുൽഖാദറും, ഇബ്രാഹിമും യാത്ര ചെയ്തിരുന്ന ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞത്. തലക്ക്​ പരുക്കേറ്റ ഇരുവരേയും ഉടൻ ചെത്തിലത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. പ്രഥമശ്രശ്രൂഷയ്ക്കപ്പുറം ചികിത്സാസൗകര്യം അവിടെയുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ പത്ത് മണിയായി, ഗുരുതരാവസ്ഥയിൽ തുടരുന്ന യുവാക്കളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലിക്കോപ്റ്ററെത്താൻ. രോഗികളുമായി നേരെ കൊച്ചിയിലേക്ക് തിരിക്കേണ്ടതിനുപകരം ഹെലിക്കോപ്റ്റർ പോയത് കവരത്തി ദ്വീപിലേക്ക്. കവരത്തിലെത്തിയപ്പോഴേക്കും അബ്ദുൽഖാദർ മരിച്ചു. പിന്നെയും മണിക്കൂറുകൾ വൈകി വൈകീട്ട് മൂന്ന് മണിയോടെയാണ് ഇബ്രാഹിമിനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചത്. മെച്ചപ്പെട്ട ചികിത്സാസൗകരമില്ലാത്തതും ചികിത്സ ലഭ്യമാക്കാനുള്ള യാത്രാ സൗകര്യമില്ലാത്തതും കാരണം നഷ്ടപ്പെട്ടത് ഒരു ജീവൻ. ഇത് ആദ്യ സംഭവമായിരുന്നില്ല, അവസാനത്തെതുമല്ല. ദ്വീപിലിത് തുടർക്കഥയാണ്.

ഭഗവൻ നാരായണൻ ഖണ്ഡരെ

കഴിഞ്ഞ ജൂലൈ ഏഴിന് പക്ഷാഘാതത്തെ തുടർന്ന് മൂന്നുദിവസമായി എയർ ആംബുലൻസിനുവേണ്ടി കാത്തിരുന്ന അഗത്തി ദ്വീപിലെ 69 കാരനായ സെയ്ദു മുഹമ്മദിന്റെയും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ വീണ്, തലയ്ക്ക് പരിക്കേറ്റ അമിനി ദ്വീപ് വളപ്പിലെ ഹംസക്കോയ എന്ന വയോധികന്റെയും മരണത്തിനു കാരണം ചികിത്സാ നിഷേധം തന്നെയായിരുന്നു.
ഹംസക്കോയയെ വിദഗ്ധ ചികിത്സക്ക്​ കൊച്ചിയിലെത്തിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും 36 മണിക്കൂറാണ് ഹെലികോപ്റ്ററിനായി ബന്ധുക്കൾ കാത്തിരുന്നത്. മോശം കാലാവസ്ഥ കാരണമാണ് എയർ ആംബുലൻസുകൾ സർവീസ് നടത്താത്തതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ദ്വീപിലെത്തിയ കേന്ദ്ര മന്ത്രി അശ്വനികുമാറിന് ഇതേ ഹെലികോപ്റ്റർ വിട്ടു നൽകി അധികൃതർ ജനത്തെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നുവെന്ന് രോഷത്തോടെ പറയുന്നുണ്ട്, ദ്വീപ് നിവാസികൾ. വിവിധ ദ്വീപുകളിലായി എയർ ആംബുലൻസ് കാത്തിരിക്കുന്ന ഒന്നരവയസ്സുകാരനടക്കം ഏഴുപേർ ഗുരുതരാവസ്ഥയിൽ കിടക്കുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ സവാരി.

വ്യോമയാന മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസാണ് ദ്വീപിൽ ഹെലികോപ്​റ്റർ സർവീസ് നടത്തുന്നത്. രോഗികൾക്ക് മുൻഗണന കൊടുക്കണമെന്ന ചട്ടമുണ്ടെങ്കിലും ദ്വീപിലെത്തുന്ന വി.ഐ.പികൾക്കും മന്ത്രിമാർക്കുമാണ് പുതിയ ഭരണകൂടത്തിന്റെ പ്രഥമ പരിഗണന, അത് കഴിഞ്ഞേ ജനം വരൂ. നേരത്തെ മെഡിക്കൽ ഓഫീസർ ആയിരുന്നു രോഗിക്ക് എയർ ആംബുലൻസ് നിർദേശിച്ചിരുന്നതെങ്കിൽ പുതിയ അഡ്മിനിസ്‌ട്രേഷനുകീഴിൽ കവരത്തിയിലെ അഡ്മിനിസ്‌ട്രേഷന്റെ ഹെഡ്ക്വാർട്ടേഴ്‌സിലെ നാലംഗ ഉദ്യാഗസ്ഥരെയാണ് ഇതിന്​ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ തീരുമാനിക്കുന്ന മുറയ്‌ക്കേ ഇപ്പോൾ എയർ ആംബുലൻസ് അനുവദിക്കൂ.

ഭരണകൂടം ദ്വീപ് ജനതയുടെ ജീവന് എത്ര വില കൽപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളുണ്ടതിൽ. അടുത്ത കാലത്ത് ദ്വീപിലുണ്ടായ മരണങ്ങളെല്ലാം സ്വാഭാവിക മരണങ്ങളായിരുന്നില്ല. എയർ ആംബുലൻസും കപ്പലും നിഷേധിച്ച് ഭരണകൂടം നടത്തിയ കൊലപാതകങ്ങളായിരുന്നുവെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

റോഡപകടം മുതൽ ചെറുതായി തെന്നിവീഴലും തലയിൽ തേങ്ങവീഴലും തുടങ്ങി സാധാരണ രോഗത്തിനു വരെ കൊച്ചിയെയോ കോഴിക്കോടിനെയോ ആശ്രയിക്കേണ്ടിവരുന്ന ജനത്തിന് യാത്ര കൂടി നിഷേധിക്കുകയാണ് ഭരണകൂടം. അതുവഴി മാറാരോഗത്തിലേക്കും മരണത്തിലേക്കും വഴുതി വീഴുന്നവരുടെ എണ്ണം ദ്വീപിൽ കൂടിവരുന്നുണ്ട്. ആവർത്തിക്കുന്ന ഈ പ്രതിസന്ധി ദ്വീപ് ജനതയുടെ യാത്രാ പ്രതിസന്ധി മാത്രമല്ല. ജനിച്ച മണ്ണിൽ ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവകാശമാണ് കവർന്നെടുക്കുന്നത്.

കപ്പലില്ലാതെ ഞങ്ങളെങ്ങനെ യാത്ര ചെയ്യും?

ലക്ഷദ്വീപിൽ നിന്ന് കേരളത്തിക്ക്​ ഏഴ് കപ്പൽ സർവീസാണുണ്ടായിരുന്നത്​. മൂന്ന് കപ്പൽ നിർബന്ധമായും സർവീസ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സർവീസ് നടത്തുന്നത് ഫലത്തിൽ രണ്ടെണ്ണം മാത്രം. എല്ലാ കപ്പലുകളും സർവീസ് നടത്തിയിരുന്നുവെങ്കിൽ പ്രതിദിനം 2300 പേർക്ക് യാത്ര ചെയ്യാം. എന്നാൽ, ഇ​പ്പോൾ 650 പേർക്കുമാത്രമാണ് യാത്ര സാധ്യമാകുന്നത്. 400 പേർക്ക് യാത്രചെയ്യാൻ സൗകര്യമുള്ള എം.വി. കോറൽസും 700 പേർക്കുള്ള എം.വി. കവരത്തിയും 250 പേർക്കുള്ള എം.വി. ലക്ഷദ്വീപ് സിയുമാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. ഷിപ്പിങ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ടെന്നും അടുത്ത ഡിസംബറോടെ മൂന്ന് കപ്പലും പ്രവർത്തനക്ഷമാകുമെന്നുമാണ് അഡ്മിനിസ്‌ട്രേഷൻ നൽകുന്ന വിശദീകരണമെങ്കിലും ചരിത്രത്തിൽ ഇതുവരെയില്ലാത്ത യാത്രാ പ്രതിസന്ധിയാണ് ദ്വീപ് ജനത ഇന്നനുഭവിക്കുന്നത്​.

ദ്വീപ് ജനതയുടെ ജീവിതം യാത്രയെ ആശ്രയിച്ചുള്ളതാണെന്നും അത് ഇല്ലാതാക്കുന്നതിലൂടെ ദ്വീപ് ജനതയെയാണ് ഇല്ലാതാക്കുന്നതെന്നും ലക്ഷദ്വീപ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കോയ അറഫ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘നേരത്തെ 2300 യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ തക്ക കപ്പാസിറ്റിയുള്ള കപ്പലുകൾ ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ലഗൂൺ, കോറൽ, അമൻദ്വീപി, എം.വി കവരത്തി, ലക്ഷദ്വീപ് സി തുടങ്ങി ഏഴ്​ കപ്പലുണ്ടായിരുന്നു. അതിനുശേഷം എം.വി കവരത്തി എഞ്ചിൻ പ്രശ്നം മൂലം ഉപേക്ഷിച്ചപോലെയാണ്. 750 പേരുടെ കപ്പാസിറ്റിയുള്ള കപ്പലായിരുന്നു അത്. രണ്ട് സീസണുകളാണ് ലക്ഷദ്വീപിലുള്ളത്. മൺസൂണിൽ ലക്ഷദ്വീപിലെ ആഭ്യന്തര യാത്രാപ്രശ്നം കവർ ചെയ്യാൻ ഈ കപ്പൽ മാത്രം മതിയായിരുന്നു. എം.വി ലഗൂൺ ഓടുന്ന സമയത്ത് കോറൽ ലോക്കിലായിരുന്നു. പിന്നീട് കോറൽ അറ്റകുറ്റപ്പണിക്കുശേഷം തിരിച്ചുവന്നപ്പോൾ അടുത്ത ദിവസം തന്നെ ലഗൂണിനെ പിടിച്ച് അകത്തിട്ടു. അത് ഇതുവരെ ഇറങ്ങിയിട്ടില്ല. ഒറ്റ സ്ട്രച്ചിൽ കപ്പലിന് താങ്ങാനാവുന്ന സ്ട്രങ്ത്ത് 650 ആണ്. വിദ്യാർഥികളും രോഗികളും കച്ചവടക്കാരും, ഉദ്യോഗാർത്ഥികളും, സർക്കാർ ജീവനക്കാരും ഒക്കെ ഇതിൽപ്പെടണം. 2300 എന്നതിൽ നിന്ന് 650ലാണ് ഇപ്പോൾ നിൽക്കുന്നത്.''

കോടതിയിൽ മാത്രമാണിപ്പോൾ വിശ്വാസമെന്നും ഇത്രയും കിരാതമായ പരിഷ്‌ക്കാരങ്ങളും ഇടപെടലും നടത്തിയിട്ടും ദ്വീപ് ജനതയുടെ ജീവൻ ബാക്കിയുള്ളത് കേരള ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണെന്നും കോയ അറഫ പറഞ്ഞു:‘‘അതുകൊണ്ടാണ് തുടക്കം മുതൽ ലക്ഷദ്വീപ് ഹൈക്കോടതി മംഗലാപുരത്തേക്ക് മാറ്റാൻ ശ്രമമുണ്ടായത്. കോടതിയിലെ പോരാട്ടം തുടരും. ''

കപ്പലില്ല, ഒറ്റപ്പെടുന്ന ജനം

കപ്പലുകൾ സമയാസമയം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിക്കുന്നതിൽ പ്രഫുൽ ഖോടാ പട്ടേൽ അകാരണമായി കാലതാമസം വരുത്തിയെന്ന് ലക്ഷദ്വീപ് എം.പി. എം ഫൈസൽ പറയുന്നു. നേരത്തെ ദ്വീപിലെ കപ്പലുകൾ മാനേജ് ചെയ്തിരുന്നത് പൊതുമേഖലാസ്ഥാപനമായ ലക്ഷദ്വീപ്​ ഡവലപ്​മെൻറ്​ കോർപറേഷൻ ലിമിറ്റഡ്​ ആയിരുന്നെങ്കിൽ പ്രഫുൽ പട്ടേൽ അതിനെ ഷിപ്പിംഗ്​ കോർപറേഷൻ ഓഫ്​ ഇന്ത്യയിലേക്ക് മാറ്റി. നിയന്ത്രണം പൂർണമായും തന്റെ കീഴിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. ഷിപ്പിംഗ്​ കോർപറേഷൻ ഓഫ്​ ഇന്ത്യയിലേക്ക് മാറ്റിയതോടെയാണ് അറ്റകുറ്റപ്പണി സമയബന്ധിതമായി ചെയ്തുതീർക്കാൻ പറ്റാതായത്. അഡ്മിനിസ്‌ട്രേഷന്റെ ഇത്തരം സ്വേച്ഛാധിപത്യ തീരുമാനങ്ങളാണ് യാത്രാപ്രതിസന്ധി ഇത്ര രൂക്ഷമാവാൻ കാരണമെന്നും എം.പി. പറഞ്ഞു.

ലക്ഷദ്വീപ് അന്ന്, ഇന്ന്

കപ്പലാണ് ദ്വീപിനെ കരയോടു ചേർത്തുനിർത്തുന്നത്. കപ്പൽ ഇല്ലാതാവുന്നതോടെ ദ്വീപ് നാൾക്കുനാൾ ഒറ്റപ്പെടുകയാണ്. നേരത്തെ പല ആവശ്യങ്ങൾക്കും ഏറ്റവും എളുപ്പം കരയെ ആശ്രയിച്ചിരുന്ന ജനം ഇന്ന് ചികിത്സ, വിദ്യാഭ്യാസം പോലെ അത്യാവശ്യ കാര്യങ്ങൾക്കുമാത്രമാണ് കരയിലേക്കുവരുന്നത്. ഒരു കപ്പൽ ടിക്കറ്റ് സ്വന്തമാക്കുക എന്നത് ഇന്ന്​ ദ്വീപ് ജനതയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയിട്ടുണ്ട്.

‘‘ചികിത്സയ്ക്ക് കേരളത്തിലേക്ക് പോയിവരാൻ ഇപ്പോൾ വല്ലാത്ത കഷ്ടപ്പാടാണ്, മാസങ്ങളെടുക്കും. തിങ്കളാഴ്ച പോകേണ്ട സ്ഥലത്ത് എനിക്ക് ആ ദിവസം എത്താൻ കഴിയില്ല. ഇവിടെ ചോയ്സ് ഇല്ല. ഭാഗ്യം പോലെയാണ്. തിരിച്ചുവരുമ്പോഴും അതാണ് അവസ്ഥ. ഞങ്ങൾ വല്ലാത്തൊരു ധർമ്മ സങ്കടത്തിലാണ്’’, കവരത്തി സ്വദേശി ജാഹ്ഫർ പറയുന്നു.

ചികിത്സയ്ക്ക് കേരളത്തിലെത്താൻ ടിക്കറ്റ് കൗണ്ടറിൽ കിടന്നുറങ്ങിയും പിന്നാലെ നടന്നും ദിവസങ്ങളോളം കാത്തിരിക്കണം. കേരളത്തിലെത്തി ടിക്കറ്റ് കിട്ടി ചികിത്സ പൂർത്തിയാക്കി മടങ്ങാൻ അതേ കാത്തിരിപ്പ് തുടരണം. ടിക്കറ്റ് കിട്ടുന്നതുവരെ ബേപ്പൂരിലെയോ കൊച്ചിയിലെയോ ടിക്കറ്റ് കൗണ്ടറിൽ ഒരുക്കിയ ബെഞ്ചിൽ കിടന്നുറങ്ങുകയോ വാടകമുറി എടുക്കുകയോ വേണം. അതിന് ചെലവഴിക്കേണ്ടിവരുന്ന പണം വേറെ തന്നെ കണ്ടത്തണം. അതിൽ പ്രയാഭേദന്യേ ആർക്കും ഇളവില്ല. തൊഴിൽ സാധ്യത പൂർണമായി ഇല്ലാതാവുകയും ഉപജീവനം പാടെ പ്രതിസന്ധിയിലാവുകയും ചെയ്ത ദ്വീപ് നിവാസികൾ ചികിത്സക്കുപുറമേ ടിക്കറ്റ് കിട്ടുംവരെ കേരളത്തിൽ കഴിയാൻ ചെലവഴിക്കേണ്ടിവരുന്ന താമസത്തിനും ഭക്ഷണത്തിനും കൂടി പണം വേറെ കണ്ടത്തേണ്ടി വരും.

ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് വിതരണം ചെയ്യുന്ന കോഴിക്കോട് ബേപ്പൂരിലെ ടിക്കറ്റ് കൗണ്ടർ

സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു വിഭാഗം ദ്വീപ് നിവാസികളാണിപ്പോൾ കോഴിക്കോട് ബേപ്പൂരിലും കൊച്ചിയിലുമായി തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. പലരും ചെലവിന് പണമില്ലാതെ സ്വർണമടക്കം പണയത്തിലാക്കിയാണ് തിരിച്ചുപോകുന്നതുവരെയുള്ള ചെലവിന് പണം കണ്ടെത്തുന്നത്. അതുമില്ലാത്തവർ ടിക്കറ്റ് കൗണ്ടറിലെ പരിമിത സൗകര്യത്തിൽ ദിവസങ്ങൾ തള്ളിനീക്കുന്നു.

യാത്രാപ്രശ്‌നം കാരണം പി.എസ്.സി പരീക്ഷ എഴുതാൻ പറ്റിയില്ലെന്നും നാട്ടിലെത്തിയാൽ തിരിച്ചുള്ള ദ്വീപ് യാത്ര വളരെ ഏറെ ദുർഘടം പിടിച്ചതാണെന്നും പറയുകയാണ് കേരളത്തിൽ നിന്നുള്ള ലക്ഷദ്വീപിലെ സ്‌കൂൾ അധ്യാപിക. ""കേരളത്തിലേക്ക് പി.എസ്.സി പരീക്ഷ എഴുതാൻ വേണ്ടി രണ്ടാഴ്ച്ച മുമ്പ് തന്നെ കപ്പൽ ടിക്കറ്റിന് ശ്രമിച്ചിട്ടും കപ്പൽ ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് വിമാനത്തിൽ പോകാമെന്ന് വെച്ചത്. എന്നാൽ 19 നുള്ള വിമാനം ബുക്ക് ചെയ്‌തെങ്കിലും 19 ന് രാവിലെ വിമാനത്താവളത്തിലേക്ക് ഹെലികോപ്ടർ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസത്തെ വിമാനം വീണ്ടും ബുക്ക് ചെയ്‌തെങ്കിലും 20 ന് കാലാവസ്ഥ മോശമായതിനാൽ വിമാനവും ക്യാൻസലായി. അത് കൊണ്ട് എനിക്ക് പരീക്ഷ എഴുതാൻ പറ്റിയില്ല. നാട്ടിൽ വരുമ്പോൾ ഒരു ടിക്കറ്റ് കിട്ടാൻ ദിവസങ്ങളോളം ഉറക്കമൊക്കെ ഒഴിഞ്ഞ് ക്യു നിൽക്കണം. എന്നിട്ടും ടിക്കറ്റ് കിട്ടിയില്ല. പത്ത് ശതമാനം മാത്രമാണ് ഇപ്പോൾ ഓൺലൈൻ ടിക്കറ്റുള്ളു. തുടർന്ന് വിമാനത്തിൽ യാത്ര പോയെങ്കിലും അഗത്തിയിൽ നിന്ന് ഹെലികോപ്ടർ കിട്ടാതെ രണ്ട് ദിവസത്തോളം അഗത്തിയിൽ താമസിക്കേണ്ടി വന്നു. പിന്നീട് മൂന്നാം ദിവസമാണ് ഹെലികോപ്റ്റർ കിട്ടിയത്. ലക്ഷദ്വീപിന്ന് നാട്ടിലേക്കും നാട്ടിൽ നിന്ന് തിരിച്ചും യാത്ര എന്നത് ഏറെ വിഷമകരമാണ്.''

എല്ലാ അർത്ഥത്തിലും ജീവിതം അനിശ്ചിതത്വത്തിലായ, ഒറ്റപ്പെട്ട ജനതയായി ലക്ഷദ്വീപ് മാറി എന്നതാണ് യാത്രപ്രതിസന്ധിയിലൂടെ വ്യക്തമാകുന്നത്. രാജ്യമാസകലം ആധുനിക യാത്രാസൗകര്യങ്ങൾ വികസിച്ചുവരുമ്പോഴും അതിന്റെ വിപരീതാവസ്ഥയിലാണ് ദ്വീപുകൾ. പരിമിത യാത്രാസൗകര്യം കൂടിയാണ് ഇപ്പോൾ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇല്ലാതായത്.

ആരോഗ്യമേഖലയിലും സ്​ഥിതി സങ്കീർണമാണ്​. അഡ്മിനിസ്‌ട്രേഷന്റെ അനാവശ്യമായ ഇടപെടലിനെതുടർന്ന്​, നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ കൂടി വെട്ടിക്കുറച്ചെന്ന് ദ്വീപ് നിവാസികൾ പറയുന്നു. 35 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ അഞ്ച് ദ്വീപുകളിലായി 24 മണിക്കൂർ സേവനം ചെയ്തിരുന്ന, വളരെ മികച്ച രീതിയിൽ നടന്നിരുന്ന ആശുപത്രി സംവിധാനം, പ്രഫുൽ ഖോഡാ പട്ടേൽ വന്നപ്പോൾ നിർത്തലാക്കിയതാണ് അതിലെ ഏറ്റവും ദുരന്തപൂർണമായ തീരുമാനം. ‘‘ആരോഗ്യ മേഖല പൂർണമായി തകർന്നു. ഭരണപരിഷ്‌ക്കാരം എന്ന പേരിൽ നടപ്പിലാക്കിയ നടപടികൾ പരിമിതമായെങ്കിലും ഉണ്ടായിരുന്ന ആരോഗ്യമേഖലയിലെ സൗകര്യം പൂർണമായും തകർക്കാനിടയാക്കി’’, എം.പി. ഫൈസൽ എം.പി പറയുന്നു.

പ്രഫുൽ ഖോഡാ പട്ടേൽ ദ്വീപിലെത്തിയശേഷം, തന്റെ നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന, പ്രധാനമന്ത്രിയുടെ ഓഫിസിലേക്കയച്ച പ്രോഗ്രസ് റിപ്പോർട്ടിൽ വളരെ അഭിമാനത്തോടെ പറയുന്ന നിരവധി കാര്യങ്ങളിൽ ഒന്ന് ഡോക്ടർമാർ അടക്കമുള്ള 2000 ത്തോളം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുവഴി ഒരു മാസം മൂന്നര കോടി രൂപ സർക്കാറിന് ലാഭമുണ്ടായി എന്നാണ്. ദ്വീപിലെ സാധാരണ മനുഷ്യരുടെ തൊഴിൽ ഇല്ലാതാക്കിയും ഉപജീവനം പാടെ തകർത്തും മിച്ചം പിടിക്കുന്ന കോടികളുടെ കണക്കാണ് തന്റെ മികച്ച നേട്ടങ്ങളിലൊന്നായി പ്രഫുൽ പട്ടേൽ പറയുന്നത്.

വൻ നേട്ടമായി പറഞ്ഞ ആ കാര്യം തന്നെയാണ് നമ്മുടെ നടുവൊടിച്ച ഏറ്റവും വലിയ കോട്ടമെന്ന് കടമത്ത് സ്വദേശി സാബിത്ത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘ജീവനക്കാരുടെ പണി പോയതോടെ ലക്ഷദ്വീപിന്റെ മാർക്കറ്റിലേക്ക് പണമിറങ്ങാതെയായി. 4000 രൂപ വരുമാനം ലഭിച്ചിരുന്ന പലചരക്ക് കടയിൽ 1000 രൂപ തികച്ച് കിട്ടാതെയായി, രാത്രി ഏറെ വൈകിയും മീൻ വിറ്റുപോവാതെയായി, നിർമാണമേഖല പാടെ സ്തംഭിച്ചു, കൂലിപ്പണി ഇല്ലാതെയായി. സാമ്പത്തികമായി ദ്വീപ് വീണു.''

പിടയുന്ന മത്സ്യമേഖല

ഇതിനിടയിലാണ്​ ദ്വീപിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ മത്സ്യമേഖലയിൽ, തൊഴിലാളികളെ ഉപദ്രവിക്കുന്ന തീരുമാനമുണ്ടാവുന്നത്. നേരത്തെ ഡീസലിനും മണ്ണെണ്ണയ്ക്കും ഉണ്ടായിരുന്ന സബ്സിഡി പൂർണമായും എടുത്തുകളഞ്ഞു. ബോട്ടിന് ഡീസലും ചെറിയ വള്ളങ്ങൾക്ക് മണ്ണെണ്ണയുമാണ് ഉപയോഗിക്കുന്നത്. സബ്സിഡി നിർത്തിയതോടെ ചെലവ് കൂടി, അതിനനുസരിച്ച് വരുമാനം ലഭിക്കുന്നുമില്ല. ഏറ്റവും ഒടുവിലായി ഫിഷിംഗ് ബോട്ട്​ ലെെസൻസ് കൂടി എടുത്തുകളഞ്ഞ് അവസാനത്തെ പ്രതീക്ഷയുടെ കടയ്‌ക്കലും കത്തിവെച്ചു, ദ്വീപ് ഭരണകൂടം.

മിനിക്കോയിലെ ടൂണ കാനിങ് ഫാക്​ടറിയും കടമത്ത് ഉണ്ടായിരുന്ന കോക്കനട്ട്​പൗഡർ ഫാക്ടറിയും പുതിയ അഡ്മിനിസ്ട്രഷൻ വന്നതോടെ പൂട്ടി. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്ന ടൂണ കാനിങ് ഫാക്​ടറി 1969 ൽ ഇന്ദിരാഗാന്ധിയാണ്​ ഉദ്ഘാടനം ചെയ്തത്. കപ്പൽ സർവീസ്​ ചുരുങ്ങിയതോടെ പരമ്പരാഗത തെങ്ങ്​- കടൽ ഉൽപ്പന്നങ്ങൾ കരയിലെത്തിക്കാനുള്ള മാർഗവുമില്ലാതെയായി.

‘‘ഗവൺമെന്റ്​ നമ്മളെ ഉപദ്രവിക്കുമെന്ന് കരുതിയിരുന്നില്ല. നിലവിൽ നമ്മൾ അനുഭവിക്കുന്ന പീഡനം നിയമപരമായിട്ടുണ്ട്. ലക്ഷദ്വീപിൽ ജനാധിപത്യം വന്നാൽ മാത്രമേ ഇനി ദ്വീപുകാർക്ക് രക്ഷയുള്ളൂ. അതിനുവേണ്ടി നമ്മൾ എന്തൊക്കെ അനുഭവിക്കണം എന്ന് ഒരു നിശ്ചയവുമില്ല’’, ദ്വീപ്​ നിവാസി സാബിത്ത് അമർഷത്തോടെ പറയുന്നു.

""ആദ്യം അവർ ഭൂമിയിൽ കൈവെച്ചു, പിന്നീടവർ താൽക്കാലിക ജോലിക്കാരെയൊക്കെ പിരിച്ചുവിട്ടു, കടകളുടെ ലൈസൻസ് എടുത്തുകളഞ്ഞു, പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ അഞ്ചോളം ദ്വീപുകളിലുണ്ടായിരുന്ന ആശുപത്രികൾ നിർത്തി. അതുവഴി സ്‌പെഷ്യൽ ഡോക്ടർമാരെ ഇല്ലാതാക്കി. ആരോഗ്യ ഇൻഷുറൻസ് എടുത്തുകളഞ്ഞു, ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരുന്ന പഞ്ചായത്തിന്റെ അധികാരം പൂർണമായും എടുത്തുകളഞ്ഞു. കപ്പലുകൾ വെട്ടിച്ചുരുക്കി യാത്രാ ദുരിതം സൃഷ്ടിച്ചു. ലക്ഷദ്വീപ് ഭരണകൂടം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്’’, ബാർ അസോസിയേഷൻ സെക്രട്ടറി കോയ അറഫ പറയുന്നു.

വിജയം കാണുന്ന കോർപറേറ്റ് താൽപര്യം

2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലിനെ നിയമിച്ചത്​. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന പ്രഫുൽ ഖോഡ പട്ടേൽ കോർപറേറ്റ് താൽപര്യത്തിനൊപ്പം നിൽക്കുന്നയാൾ എന്ന ‘പേരുദോഷം’ കേൾപ്പിച്ചയാൾ കൂടിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ മരിച്ചതിനെതുടർന്നാണ് 2020 ഡിസംബർ അഞ്ചിന് ദാദ്ര - നഗർ ഹവേലി അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല കേന്ദ്ര സർക്കാർ നൽകിയത്. ഇതോടെയാണ് ദ്വീപ് ജനതയുടെ ജീവിതം സമാനതകളില്ലാത്ത വിധം ആക്രമിക്കപ്പെട്ടുതുടങ്ങിയത്.

പ്രഫുൽ ഖോഡാ പട്ടേൽ

ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെയും അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിനു കീഴിലാക്കി, സർക്കാർ സർവ്വീസിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയും ടൂറിസം വകുപ്പിൽ ജോലി ചെയ്തിരുന്നവരെയും പിരിച്ചുവിട്ട് പൗരന്മാരുടെ സ്വകാര്യജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറിയ പുതിയ ഭരണം അതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണിപ്പോൾ.

കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിന്​ തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ദ്വീപിൽ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെന്ന ആരോപണം ശരിവെക്കുന്നതാണ് ഇവിടെനിന്ന്​പുറത്തുവരുന്ന പുതിയ വാർത്തകൾ.

‘‘യാത്രാ പ്രതിസന്ധിയും പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇറക്കുന്ന ഉത്തരവുകളും സൂചിപ്പിക്കുന്നത് അശാന്തമായ ദ്വീപിനെ സൃഷ്ടിക്കുക എന്നതാണ്. ഭരണകൂടത്തിന് കൃത്യമായ ടൂറിസം കോർപറേറ്റ് താൽപര്യങ്ങളുണ്ട്. അതിന് തടസം ദ്വീപ് ജനതയാണ്. ആ താൽപര്യങ്ങൾ നേടാനാണ് നിരന്തരം പ്രശ്നങ്ങളുള്ള, സ്ഥിരതയില്ലാത്ത ഒരു പ്രദേശമായി ദ്വീപിനെ മാറ്റാൻ ശ്രമം നടത്തുന്നത്. നിരന്തരം പ്രശ്നങ്ങളുള്ള പ്രദേശത്തുനിന്ന് ഉയർന്ന സാമ്പത്തികശേഷിയുള്ള ചെറുന്യൂനപക്ഷമായ ആളുകൾ കുടിയേറിപ്പോകും, അങ്ങനൊയൊരു കുടിയിറക്കം തുടങ്ങിയിട്ടുണ്ട്. പിന്നീട് ബാക്കിയാവുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിദ്യാഭ്യാസം കുറവായ, മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള മനുഷ്യരാണ്. അവരെ അടിച്ചൊതുക്കിയാൽ ആരും ചോദിക്കാനുണ്ടാവില്ലല്ലോ. അവരുടെ നിലവിളികൾ പോലും ആരും കേൾക്കില്ലല്ലോ'', സാബിത്ത് പറയുന്നു.

വാർത്ത പോലുമാകാത്ത നിലവിളികൾ

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങളിലെ ജനാധിപത്യ വിരുദ്ധതയോട് പ്രതികരിച്ചതുപോലുള്ള പ്രതിഷേധം ഇപ്പോൾ ഉയരുന്നില്ല. ദ്വീപ് ജനത ഇപ്പോഴനുഭവിക്കുന്ന ദുരിതങ്ങളിൽ പലതും പലപ്പോഴും വാർത്ത പോലുമാകുന്നുമില്ല. ദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും നശിപ്പിക്കുന്നു എന്നതല്ല, അവരുടെ ജീവിതം തന്നെ അവശേഷിപ്പില്ലാതെ, കാര്യമായ പ്രതിഷേധമില്ലാതെ അടിമുടി തകർത്തുകളയുന്നു എന്നതാണ് ദ്വീപിൽ നിന്നുയരുന്ന നേർത്ത നിലവിളികൾ സൂചിപ്പിക്കുന്നത്.

ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന പ്രശ്‌നത്തിന്റെ തുടക്കക്കാലത്ത് ജനാധിപത്യ സമൂഹം പുലർത്തിയ ജാഗ്രത പിന്നീടുണ്ടായില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘രാജ്യത്ത് ഓരോ കാര്യങ്ങളും സംഭവിക്കുന്ന സമയത്ത് സൂക്ഷ്മവും സജീവവുമായ ശ്രദ്ധയ്ക്ക് വിധേയമാവുകയും ജനാധിപത്യ പ്രതികരണങ്ങൾ അത്രതീവ്രതയോടെ തന്നെ പ്രകടിപ്പിക്കപ്പെടാറുമുണ്ട്​. ലക്ഷദ്വീപിന്റെ കാര്യത്തിലും തുടക്കത്തിൽ വലിയ ജാഗ്രത പുലർത്തി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ദ്വീപിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, അതിനോട് ജനാധിപത്യത്തിന്റെ പ്രതികരണം എന്താണ് എന്ന് പരിശോധിക്കുമ്പോൾ ജാഗ്രതക്കുറവ് കാണാം. ഇപ്പോൾ പുറം ലോകവുമായി ദ്വീപിന്റെ ബന്ധം അറ്റുപോകുന്ന കാര്യത്തിലും ദ്വീപ്​ നിവാസികളുടെ ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും പ്രാഥമിക യാത്രസൗകര്യം ​​പോലും നിഷേധിക്കപ്പെടുന്ന കാര്യത്തിലുമെല്ലാം നമ്മുടെ പ്രതികരണങ്ങൾ, ഭരണപ്രവർത്തനത്തിന്റെ സാങ്കേതിക പ്രശ്‌നം എന്ന നിലയിലേക്ക് ചുരുങ്ങുകയാണ്. സത്യത്തിൽ ഇത് ഇന്ത്യയിലെ നവഫാസിസത്തിന്റെ രാഷ്ട്രീയ വിജയത്തെയാണ് അടയാളപ്പെടുത്തുന്നത്.''

1973 മുതലാണ് 37 ദ്വീപുകൾ ഉൾക്കൊള്ളുന്ന ദ്വീപസമൂഹത്തെ ലക്ഷദ്വീപ് എന്നു വിളിച്ചുതുടങ്ങിയത്. ഇപ്പോൾ 10 ദ്വീപുകളിൽ 7000 ത്തോളം പേർ താമസിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശമായതുകൊണ്ട് 1956 മുതൽതന്നെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിലാണ് ലക്ഷദ്വീപുനിവാസികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രങ്ങൾ കടപ്പാട് : sajid_mohammedd, lakshadweep_vlogger. instagram.com

Comments