ലക്ഷദ്വീപിൽ വാർത്താപോർട്ടലിനും വിലക്ക്​

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വരവോടെ ലക്ഷദ്വീപിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയിൽ ദ്വീപിലെ ആദ്യ വാർത്താ പോർട്ടലായ ദ്വീപ് ഡയറിക്ക് വിലക്ക് നേരിടേണ്ടി വന്നു. വിലക്കിനെക്കുറിച്ചും ലക്ഷദ്വീപിന്റെ മാധ്യമസംസ്കാരത്തെ കുറിച്ചും, കോവിഡ് പശ്ചാത്തലത്തിലെ ജനകീയ പ്രതിരോധങ്ങളെ കുറിച്ചും ദ്വീപ് ഡയറി എഡിറ്റോറിയൽ അംഗം കെ. ബാഹിർ സംസാരിക്കുന്നു.

മുഹമ്മദ് ഫാസിൽ:ദ്വീപ് ഡയറിക്ക് വിലക്ക് നേരിടാനുണ്ടായ പുതിയ സാഹചര്യം എന്താണ്?

കെ. ബാഹിർ:ദ്വീപ് ഡയറി ഒരു ബ്ലോഗ് ആയി തുടങ്ങിയതാണ്, ദ്വീപിലെ വാർത്തകൾ ഷെയർ ചെയ്യാൻ. ഇപ്പോൾ ഞാൻ നിൽക്കുന്ന ദ്വീപിൽ നിന്ന് തൊട്ടടുത്ത ദ്വീപിലെത്താൻ മണിക്കൂറുകൾ ബോട്ടിലിരിക്കണം. ദ്വീപുകളിലുള്ളവർക്ക് പരസ്പരം വാർത്തകളറിയാൻ അധികം വഴികളില്ലായിരുന്നു. കിംവദന്തികളായും മറ്റുമായാണ് കാര്യങ്ങൾ പ്രചരിച്ചത്. ഇതിന്​ പരിഹാരമെന്നോണം വാർത്തകളറിയാനുള്ള, വിശ്വാസ്യയോഗ്യമായ സ്രോതസ്സ് എന്ന നിലക്കാണ് ബ്‌ളോഗ് ആരംഭിച്ചത്. പുതിയ സാധ്യതകളും സൗകര്യങ്ങളുമുണ്ടായപ്പോൾ അത് പോർട്ടൽ ആയി അപ്‌ഗ്രേഡ് ചെയ്തു. ഇന്റർനെറ്റ് കണക്ഷന്റെ പ്രശ്‌നങ്ങളുണ്ട്. പരിമിതികളുള്ളതു കൊണ്ടു തന്നെ ഇതിന്റെ നടത്തിപ്പ് കൂട്ടായ പ്രവർത്തനമാണ്. സാഹിത്യ പ്രവർത്തക സംഘമാണിത് നടത്തുന്നത്. ദ്വീപുമായി ബന്ധപ്പെട്ട വാർത്തകൾ, ലിറ്ററേച്ചർ, ലേഖനങ്ങൾ, കവിതകൾ, മാപ്പിള പാട്ടുകൾ, അനുസ്മരണങ്ങൾ എന്നിവയാണ് പോർട്ടലിൽ വന്നുകൊണ്ടിരുന്നത്.

കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2021 മെയ് 23നാണ് ദ്വീപ് ഡയറിയുടെ വെബ്സെെറ്റ് ബ്ലോക്ക് ചെയ്തത്.

അതിനിടെ ദ്വീപിൽ പുതിയ സാഹചര്യങ്ങളുണ്ടായി. പുതിയ അഡ്മിനിസ്‌ട്രേറ്റർ വന്നു, പുതിയ ഉത്തരവുകളും നിബന്ധനകളും ബുദ്ധിമുട്ടുകളും കൊണ്ടുവന്നു. സ്വാഭാവികമായും അതിന്റെ പ്രതിഫലനം ഞങ്ങളുടെ പോർട്ടലിലും ഉണ്ടായി. കൂട്ടത്തിലൊരാൾ പോർട്ടലിൽ ഒരു വിപ്ലവ ഗാനം അപ്‌ലോഡ് ചെയ്തു. നെറ്റിന്റെ പരിമിതി കാരണം എനിക്കിതു വരെ അത് ലോഡ് ആയിട്ടു പോലുമില്ല. അന്നാണ് ആദ്യമായി പോർട്ടലിന് വിലക്ക് വന്നത് ശ്രദ്ധിച്ചത്. അതിനു ശേഷം അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വാർത്തകൾ പലതും ലഭിക്കാതായി. ഔദ്യോഗികമായ അറിയിപ്പോ മറ്റോ ഇതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടില്ല.

ലക്ഷദ്വീപിൽ മുഖ്യധാരാ മീഡിയയുടെ​ സാന്നിധ്യമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദ്വീപിലെ മാധ്യമ പ്രവർത്തനം എങ്ങനെയുള്ളതാണ്​?

കേരളത്തെ അപേക്ഷിച്ച് വാർത്താ ഉപഭോഗം ദ്വീപിൽ താരതമ്യേന കുറവാണ്. പത്രമായും, ദ്വൈവാരികയായും, മാസികയായും മറ്റും തുടങ്ങിനോക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഇന്റർനെറ്റിന്റെ സാധ്യതകൾ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ ദ്വീപിലെ പുതിയ തലമുറയിൽ പെട്ട ആളുകൾ പോർട്ടലുകളും മറ്റും ആരംഭിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ പ്രാദേശിക ബി.ജെ.പി. അംഗങ്ങൾക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ട്​. അഡ്​മിനിസ്​ട്രേറ്റർ ജനവിരുദ്ധ നയങ്ങളാണ്​ നടപ്പാക്കുന്നതെന്നും അദ്ദേഹത്തി​ന്റെ കാര്യത്തിൽ പുനരാലോചന വേണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി ലക്ഷദ്വീപ്​ ജനറൽ സെക്രട്ടറി എച്ച്​.കെ. മുഹമ്മദ്​ കാസിം പ്രധാനമന്ത്രിക്ക്​ കത്തയച്ചിരിക്കുകയാണ്​. ഈയൊരു ഭിന്നത ഉണ്ടാവാനുള്ള സാഹചര്യമെന്താണ്?

രാജി അറിയിച്ചു കൊണ്ട് യുവമോർച്ച പ്രവർത്തകർ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനു നൽകിയ കത്തിന്റെ പകർപ്പ്

ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവരും മറ്റുമാണ് കൂടുതലും ബി.ജെ.പി അംഗങ്ങൾ. റിട്ടയർമെന്റിനു ശേഷം സമൂഹത്തിൽ അവർക്ക് സ്‌പേസ് ഇല്ലാതായി. അവർക്കൊരു സ്‌പേസ് അത്യാവശ്യമായിരുന്നു, അതിനവർ കണ്ടെത്തിയ മാർഗമാണ് ബി.ജെ.പി. അതുവഴി ആനുകൂല്യങ്ങളും മറ്റും നേടിയെടുക്കാമെന്നായിരുന്നു ലക്ഷ്യം. ഇത്തരം കാര്യങ്ങൾക്കായി ബി.ജെ.പിക്കൊപ്പം കൂടിയവരാണിവർ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പുറത്തു ന്യായീകരിക്കുമ്പോഴും ഉള്ളിൽ അവർക്ക് പ്രശ്‌നങ്ങളുണ്ടായിരിക്കാം.

സോഷ്യൽ മീഡിയയിൽ ചർച്ചയായി, അത് ചാനലുകൾ ഏറ്റെടുത്തതോടെ പ്രശ്നം പുറംലോകമറിഞ്ഞു. നിയമങ്ങൾ കരടുവിജ്ഞാപനങ്ങളായാണ് ഇറക്കുന്നത്. അതിൽ അഭിപ്രായം രേഖപ്പെടുത്താൻ രണ്ടോ മൂന്നോ ദിവസങ്ങളുണ്ട്. കോവിഡ്, അതുപോലെ ഇന്റർനെറ്റിന്റെ പ്രശ്‌നം തുടങ്ങിയവ കാരണം ഇതിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കില്ല. കരട് വിജ്ഞാപനങ്ങൾ വിശദമായി വായിച്ച് ചർച്ച ചെയ്ത് അഭിപ്രായം രൂപീകരിക്കാനുള്ള സമയമോ സാഹചര്യമോ നിലവിലില്ല. നിയമങ്ങൾ നടപ്പായി തുടങ്ങിയാൽ ദൈനംദിന ജീവിതത്തിൽ അതിന്റെ ഫലങ്ങൾ കൂടുതലായി കണ്ടു തുടങ്ങും.

വിഷയം ചർച്ചയായെങ്കിലും അഡ്മിനിസ്‌ട്രേഷന്റെ നടപടികളെ അത് ബാധിച്ചതായി കാണാനില്ല. ആളുകളുടെ ഉള്ളിൽ വെപ്രാളവും, പ്രതിഷേധവുമുണ്ടെന്നല്ലാതെ അതൊരു പബ്ലിക് മൂവ്‌മെന്റായി രൂപപ്പെട്ടിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ഇതിന് പരിമിതികളുണ്ട്. കേന്ദ്രഭരണ പ്രദേശമായതു കൊണ്ടു തന്നെ പ്രതിഷേധങ്ങൾ എത്രത്തോളം ഫലവത്താവുമെന്ന ചോദ്യമുണ്ട്. നമ്മുടെ മുന്നിൽ ഉദാഹരണങ്ങൾ നിരവധിയാണല്ലോ.


Comments