6 Feb 2022, 12:42 PM
ലത മങ്കേഷ്‌കറും പോയിരിക്കുന്നു അകാലമരണമല്ല. എസ്.പി.ബി. പോയപ്പോൾ ഞെട്ടലായിരുന്നു. അന്നുമുതൽ ഭയന്നിരുന്ന വാർത്തയാണിത്. എന്നിട്ടും, ഞാനും കോവിഡ് ബാധിച്ച് മുറിയിൽ തനിച്ചിരിക്കുന്ന ഈ ദിവസം ഈ വാർത്ത എന്നെ കരയിക്കുന്നു. കാരണം ഏറെ വർഷങ്ങൾക്കുമുമ്പ് മറ്റൊരു കാരണത്താൽ മാസങ്ങളോളം മുറിയിൽ അടച്ചിരുന്ന ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ എനിക്ക് തുണ ഈ ഗായികയുടെ ഗാനങ്ങൾ മാത്രമായിരുന്നു.
HMV പുറത്തിറക്കിയ ഗ്രാമഫോൺ റെക്കോർഡുകൾ പണ്ടേ വീട്ടിൽ ഉണ്ടായിരുന്നു. മധുമതിയും മറ്റും. പക്ഷെ എന്റേത് മാത്രമായ 6 കാസ്സറ്റുകൾ. ഗോൾഡൻ കളക്ഷൻസ്, Haunting melodies, മദൻ മോഹൻ hits. ആവർത്തിച്ചു കേട്ടുകേട്ട് ചില ടേപ്പുകൾ വലിഞ്ഞു. അമ്മയുംഅച്ഛനും ലതയുടെ ആരാധകരായിരുന്നു. എഞ്ചിനീയറിംഗ് പഠനം ആറു മാസങ്ങൾക്കുള്ളിൽ മതിയാക്കി തിരുവനന്തപുരത്തുനിന്ന് മടങ്ങി വന്ന് ആരെയും അഭിമുഖീകരിക്കാതെ ഇരിക്കുന്ന മകൾ ഏതു കച്ചിത്തുരുമ്പിൽ പിടിച്ചാലും അവർ ഒന്നും പറയില്ലായിരുന്നു. സംഗീതം.. സംഗീതം... നിരാശയ്ക്ക്, വേദനക്ക് ഞരമ്പിലൂടെ കയറ്റിവിടേണ്ട ഡ്രിപ് അതല്ലാതെ മറ്റെന്താണ്? കേട്ടതിൽ പലതും പ്രണയഗാനങ്ങളായിരുന്നു. പക്ഷെ എനിക്കാരോടും പ്രണയമില്ലായിരുന്നു. പിന്നെ പലതും ദുഃഖ ഗാനങ്ങളായിരുന്നു. അവയിൽ ഞാൻ മദ്യത്തിലെന്ന പോലെ മുങ്ങി. പക്ഷെ എന്നെ നിരാശയിൽ നിന്ന് പിടിച്ചുയർത്തിയത് അധികമാരും ശ്രദ്ധിക്കാത്ത ഒരു ഗാനമായിരുന്നു, "ഏ മേരെ ദിൽ ഏ നാദാൻ തൂ ഗം സെ ന ഖബരാനാ.' Tower house എന്ന സിനിമയിലെ രവി സംഗീതസംവിധാനം ചെയ്ത ഗാനം. അതൊരു ദുഃഖഗാനമാണെന്ന് തോന്നും.
പക്ഷെ വരികളുടെ അർത്ഥംനിഘണ്ടു നോക്കി മനസ്സിലാക്കിയപ്പോൾ ഞാൻ അന്തംവിട്ടിരുന്നു പോയി. ആരോ പിടിച്ചു കുലുക്കി പറയുന്നതു പോലെ- മതിയാക്ക് നിന്റെ ഈ സ്വയം സഹതപിക്കൽ, കരച്ചിൽ, ആരെയോ തേടൽ. നീ ദുഖങ്ങളെ ഭയക്കരുത് ആഗ്രഹങ്ങൾ നിറഞ്ഞ ഹൃദയത്തിൽ മുറിവുകൾക്കും ഇടം കൊടുക്കൂ. പരാതി കൊണ്ടെന്തു നേടാൻ? കണ്ണീർ ആര് കാണാൻ? ഏറ്റം വേണ്ടപ്പെട്ടവർ പോലും ഒരു മാത്രയിൽ അപരിചിതരാകുന്ന ലോകമാണിത്. പാവം ഹൃദയമേ, ദുഖങ്ങളെ ഭയക്കാതിരിക്കൂ.
അടുത്ത വർഷം ഫിസിക്സ് പഠിക്കാൻ ഒരു വാശിയോടെ യു.സി. കോളേജിലേക്ക് പോകുമ്പോൾ കാറിൽ ഇരുന്നു പുതിയതായി കിട്ടിയ വാക് മാനിൽ ഞാൻ കേട്ടിരുന്ന പാട്ടും ഇതായിരുന്നു. ഹോസ്റ്റലിലെ കൂട്ടുകാർ പാടാൻ പറഞ്ഞപ്പോൾ ആദ്യം പാടിയ പാട്ടും ഇതായിരുന്നു. ലത മങ്കേഷ്‌കർ ഇനി ശബ്ദം മാത്രം എന്ന് കേട്ട ഈ ദിവസവും അതേ പാട്ടല്ലാതെ മറ്റേതു മൂളാൻ?
ഫേവര്‍ ഫ്രാന്‍സിസ്
Jul 15, 2022
3 Minutes Read
വി. മുസഫര്‍ അഹമ്മദ്
Jul 08, 2022
9 Minutes Read
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
Latha KrishnanKutty
6 Feb 2022, 02:39 PM
ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു. അർത്ഥം മനസ്സിലാക്കിയപ്പോൾ കൂടുതൽ ഇഷ്ടമായി. ഒപ്പം ഒരു വേർപാടിന്റെ നൊമ്പരവും