സൈബര്‍ ഓമനഗുണ്ടകള്‍
സ്ത്രീകളെ നേരിടുന്ന വിധം
സൈബര്‍ ഓമനഗുണ്ടകള്‍ സ്ത്രീകളെ നേരിടുന്ന വിധം
പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.
1 Feb 2022, 11:00 AM
ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
ലിഖിത ദാസ്: ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ തുറന്ന സംവാദങ്ങള്‍ക്കും ആശയപ്രകാശനത്തിനും അതീവ പ്രാധാന്യമുണ്ട്. കാലിക പ്രസക്തിയുള്ള എല്ലാ വിഷയങ്ങളിലും ഈ സംവാദം സാധ്യമാകുകയും വേണം. സാമ്പത്തിക- സാമൂഹിക-രാഷ്ട്രീയ ധാരകളിലെല്ലാം തന്നെയുള്ള ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ നെടുംതൂണ്. വിഭിന്നാഭിപ്രായങ്ങളും പക്ഷങ്ങളും ഉണ്ടെന്നിരിക്കെത്തന്നെ ആരോഗ്യപരമായ ചര്‍ച്ചകളും അതില്‍ നിന്നെത്തിച്ചേരുന്ന നിലപാടുകളും ഏതെങ്കിലും നിലയില്‍ നിലവിലെ സാമൂഹികക്രമങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നു. ചിലനേരങ്ങളില്‍ കൊടുങ്കാറ്റും.
രാഷ്ട്രീയ നിലപാടുകളുടെ വ്യക്തമായ സ്വാധീനമേഖലയാണ് സംവാദങ്ങള്‍. നിഷ്പക്ഷരെപ്പോലും (അങ്ങനെയൊരു പക്ഷമുണ്ടെന്ന് കരുതുന്നില്ല) പക്ഷവും നിലപാടുമുള്ളവരാക്കാന്‍ സംവാദങ്ങള്‍ക്ക് കഴിയാറുണ്ട്. പുറന്തോലുരിഞ്ഞ് സത്യത്തെ പകല്‍ വെട്ടത്തിലേയ്ക്ക് നീക്കി നിര്‍ത്താനും രാജാവ് നഗ്‌നനാണെന്ന് ഉറക്കെ വിളിച്ചുപറയാനുമൊക്കെയുള്ള ആര്‍ജവം മുഖ്യധാരാമാധ്യമ സംവാദങ്ങളിലൂടെ പലരും കാണിക്കാറുണ്ട്.വിമത സ്വരങ്ങള്‍ക്കും ആശയഭിന്നതകള്‍ക്കുംകൂടിയുള്ള ഇടമാണ് സംവാദ വേദികള്‍. എന്നിരുന്നാലും രാഷ്ട്രീയ ചര്‍ച്ചകളെ ബോധപൂര്‍വം അട്ടിമറിക്കാനുള്ള ശ്രമവും ഇത്തരം ഇടങ്ങളില്‍ കാണാം. പ്രസ്താവനകളെ വളച്ചൊടിച്ച് പോലും ചര്‍ച്ചകളെ ഗതിതിരിച്ചുവിടാന്‍ ജാഗരൂഗരായിട്ടുള്ള ഒരു കൂട്ടവും വര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. എങ്കില്‍കൂടി സാമൂഹിക വിമര്‍ശനാത്മക സംവാദങ്ങള്‍ ജനാധിപത്യ സംവിധാനത്തെ തിരുത്താനും പുതുക്കാനും ഉപകരിക്കും.
സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?
സംവാദത്തില്‍ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യവിരുദ്ധമായതോ അശ്ലീലമായതോ ആയ ഏതൊരു ഭാഷ്യവും അനാരോഗ്യപരമാണ്. തികച്ചും ജനാധിപത്യപരവും അകൃത്രിമവുമായ ആശയവിനിമയത്തിന് ശുദ്ധഭാഷ അനിവാര്യമാണ്. സംവാദത്തില്‍ പങ്കാളികളോട് സംസാരിക്കുമ്പോള്‍ സഹജീവിയെന്ന നിലയ്ക്കുകൂടി അയാളെ പരിഗണിക്കാനും അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിച്ചുകൊണ്ടു സംവാദങ്ങള്‍ വളര്‍ത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. സംവാദഭാഷ പങ്കുവയ്ക്കലിന്റേതു കൂടിയാണ്.

സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
സൈബറിടം ഈ സംവാദഭാഷയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ വിമുഖത കാണിക്കുന്ന ഒരിടമായാണ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. സൈബര്‍ ഗുണ്ടകള്‍ എന്ന ഓമനപ്പേരില്‍ വളര്‍ന്നുവരുന്ന ഒരു കൂട്ടം ഏറ്റവും മനുഷ്യവിരുദ്ധമായും സ്ത്രീവിരുദ്ധമായും നടത്തുന്ന സംവാദനായാട്ടുകള്‍ നിരവധിയാണ്. ആശയപരമായി സംസാരിക്കാന്‍ ഭയമോ അപകര്‍ഷതയോ ഉള്ള ഒരുകൂട്ടം ചര്‍ച്ച തുടങ്ങുമ്പോഴേക്കും സദാചാരം, അധിക്ഷേപം, വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം, അശ്ലീലച്ചുവയുള്ള കമന്റുകള്‍ വഴി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചര്‍ച്ചകളെപ്പോലും കൊന്നുകളയുന്നുണ്ട്. നൂതനാശയമായ സൈബര്‍ ആക്ടിവിസത്തെപ്പോലും പിന്തള്ളുകയും പരിഹസിക്കുകയും ചെയ്യുകയും ബോധപൂര്‍വം ഓണ്‍ലൈന്‍ ചര്‍ച്ചകളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത രൂക്ഷമാണ്. ട്രോള്‍ ഭാഷ്യങ്ങള്‍ പോലും ഒരുതരത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ വേണ്ടുന്ന വിഷയങ്ങളെ ഒരു പൂത്തിരിത്തമാശയില്‍ മാത്രം ഒതുക്കിനിര്‍ത്തുന്നുണ്ട്.
ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?
വ്യക്തികള്‍ നേരിടുന്ന നേരിട്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പോലെത്തന്നെയാണ് ഡിജിറ്റല്‍ സ്‌പേസിലെ ആക്രമണങ്ങളും. നിലപാടുകള്‍ വ്യക്തമാക്കിയതിന്റെ പേരിലോ, ഒരു പ്രത്യേക ജന്‍ഡറില്‍ ജനിക്കുകയോ ജീവിക്കുകയോ ചെയ്തു എന്ന കാരണം കൊണ്ടോ ദിനം പ്രതി ഈ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വെര്‍ബല്‍ റേപ്/ റേപ് ത്രെട്ട് ഒന്നും അത്ര നിസ്സാരമല്ല. വീട്ടില്‍ കയറി വെട്ടുമെന്നും നടുറോഡില്‍ ബലാത്സംഗം ചെയ്യുമെന്നും പൊതുമധ്യത്തില്‍ നിന്ന് യാതൊരു ഭയവും കൂടാതെ പറയാനുള്ള ഒരു മാധ്യമം കൂടിയാണ് സൈബറിടം. ഒരുപക്ഷേ മറ്റേതൊരു വിഭാഗത്തെക്കാള്‍ ഇത്തരം ഭീഷണികള്‍ നേരിടേണ്ടിവരുന്നത് ജെന്‍ഡര്‍ മൈനോറിറ്റി കാറ്റഗറിയില്‍ പെടുന്നവരും സ്ത്രീകളുമാണ്.
വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
പലരീതിയില്‍ പലസമയങ്ങളില്‍ ഏറിയും കുറഞ്ഞുമുള്ള അളവില്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. ആശയപരമായ ഭിന്നതയെങ്കിലും വന്നുപോയാല്‍ ചില മനുഷ്യര്‍ വ്യക്തിജീവിതത്തിലും നിരന്തരമായി നമ്മളെ പിന്തുടരും. ഒരവസരം കിട്ടിയാല്‍ ശക്തമായി ആക്രമിക്കുകയും ചെയ്യും. ഒരു സ്ത്രീയെ തകര്‍ക്കാനുള്ള സൈബര്‍ ഓമനഗുണ്ടകളുടെ ഏറ്റവും വലിയ തുറുപ്പ് വെടി-വേശ്യ- വെള്ളമടി പ്രയോഗങ്ങളാണ്. ഇതൊന്നും എന്റെ രോമത്തിനുപോലും കാറ്റുപിടിപ്പിക്കുന്നില്ലെന്നറിഞ്ഞാൽ പിന്നെ കേട്ടാലറയ്ക്കുന്ന തെറിവിളിയും ചില സമയങ്ങളില്‍ സ്വകാര്യഭാഗപ്രദര്‍ശനവും വരെ എത്തിനില്‍ക്കുന്നു. വ്യക്തി ജീവിതത്തിലേയ്ക്ക് കൈകടത്തിപ്പോലും ജയമുറപ്പുവരുത്താനായി അവര്‍ അസ്വസ്ഥതകളുണ്ടാക്കിക്കൊണ്ടിരിക്കും. എഴുത്ത് തുടങ്ങിയ കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ രതിയെഴുത്തുകാരിയെന്ന് പോലും വിളിപ്പേരുണ്ടായിരുന്നു. ശരീരത്തിന്റെ രാഷ്ട്രീയം പറയുന്നു എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇത്തരം വെര്‍ബല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ ഉണ്ടായിരുന്നതുകൊണ്ട് കൃത്യമായി തന്നെ പ്രതികരിക്കുകയും ചെയ്തുപോരുന്നു.
നല്ല നിലപാടുകളും ചര്‍ച്ചാ/ സംവാദ സാധ്യതകളുമുള്ള മനുഷ്യരുള്ള ഒരു സൈബറിടമാണെന്റെ കിനാശ്ശേരി.

കവി. ഫ്രീലാൻസ് കണ്ടൻറ് റൈറ്ററായി ജോലി ചെയ്യുന്നു.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch