ശാന്തനാകൂ എംബാപ്പേ, അപ്പുറം വെറുതേ ഒന്നോർത്തു നോക്കൂ

ആദ്യകളിയിൽ സൗദി അറേബ്യയോട് തോറ്റ അർജന്റീനയായിരുന്നില്ല അത്. ലൂസയ്ൽ മൈതാനത്തിലെ പുൽത്തലപ്പുകളെ അക്ഷരാർത്ഥത്തിൽ അവർ തീ പിടിപ്പിക്കുക തന്നെ ചെയ്തു. ഈ കിരീടം ഞങ്ങൾക്ക് കൂടിയേ തീരൂ എന്ന മട്ടിലാണ് അവർ പന്ത് തട്ടിയത്. ആധുനികഫുട്ബോളിൽ ലാവണ്യത്തിന്റെ മറുപേരായി മാറിയ ഒരു മനുഷ്യന് ലോകകിരീടത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും തങ്ങളിക്കുറി യാത്രയയപ്പ് നൽകില്ല എന്ന വാശിയിലായിരുന്നു അവർ.

വിജയത്തിനും പരാജയത്തിനുമിടയിലെ നൂൽപ്പാലം വളരെ വളരെ നേർത്തതാണെന്ന് ലയണൽ മെസ്സിക്ക് നന്നായിട്ടറിയാം. ഒരു വേള, ജീവിതവും മരണവും പോലെയാണത്. അങ്ങോട്ടുമിങ്ങോട്ടും അതിലൂടെ എത്രയോ വട്ടം അയാൾ സഞ്ചരിച്ചതുമാണ്. അതുകൊണ്ടായിരിക്കും, ലൂസെയ്നിലെ നിർണ്ണായകമായ കലാശക്കളിക്കിറങ്ങുമ്പോൾ ഒട്ടൊക്കെ ശാന്തനായിരുന്നു മെസ്സി. ആൻറിസ് പർവ്വതനിരകൾക്കുമപ്പുറത്ത്, തന്റെ കാലുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന നാല് കോടി മനുഷ്യരെ അയാളപ്പോൾ മനസ്സിൽ ഓർത്തു കാണും. ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ എന്തൊക്കെയുണ്ട് ഫ്രാൻസിന്..? എമിലി സോളയും, ബാൽ സാക്കും, ഈഫൽ ടവറും തൊട്ട് സമത്വത്തേയും സാഹോദര്യത്തേയും വിളംബരം ചെയ്ത മഹത്തായ വിപ്ലവം വരെ പലതും. എന്നാൽ തന്റെ നാട്ടിലെ പാവം മനുഷ്യർക്ക് ലോകത്തോട് പറയാനായി ഈ തുകൽ പന്തിന്റെ വീരകഥകൾ മാത്രമല്ലേയുള്ളൂ എന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരിയ്ക്കുമോ...? തോറ്റാൽ, അതൊരു തോൽവിയായിരിക്കില്ല; മരണം തന്നെയായിരിക്കും എന്ന് ഏഞ്ചൽ ഡി മരിയയുടെ ചെവിയിലെങ്ങാനും പറഞ്ഞിരിക്കുമോ അയാൾ? അങ്ങനെ തോന്നുന്നു എനിക്ക്. അൽസാരസിന്റെ കാലിൽ നിന്ന് പന്ത് കിട്ടുമ്പോൾ, ലിയോ പറഞ്ഞ ആ നിമിഷം ഇതാണ് എന്ന് ഡി മരിയ കരുതിക്കാണും. ജീവിതത്തിൽ ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ലാത്ത ആ നിമിഷത്തെ അയാൾ ആഘോഷിക്കുക തന്നെ ചെയ്തു. പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റി, കൈകൾ കൊണ്ട് ഹൃദയചിഹ്നം കാണിക്കുമ്പോൾ, "ലിയോ, ഇത് നിനക്കുള്ളത്' എന്ന് പറയാതെ പറഞ്ഞു കാണും ഡി മരിയ. നാം കണ്ടതാണല്ലോ - ശരിക്കും കരഞ്ഞു പോയി അയാൾ.

അർജന്റീനയുടെ മേൽ നീണ്ടുനിന്ന മൂന്ന് നൂറ്റാണ്ടുകാലത്തെ സ്പാനിഷ് അധിനിവേശം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയ ഹോസെ സാൻമർത്തി, ആനന്ദത്തിൽ വിശ്വസിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു. 1516 ലാണ്, ഹുവാൻ ദിയാസ് ഡി സോളിസ് എന്ന നാവികന്റെ നേതൃത്വത്തിൽ സ്പാനിഷ് അധിനിവേശകർ അറ്റ്ലാന്റിക്കിന്റെ തീരം കടന്ന് ഇന്നത്തെ ബ്യൂണസ് ഐറിസിൽ എത്തുന്നത്. വെള്ളി ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന തദ്ദേശവാസികളെക്കണ്ട് അവർ അമ്പരന്നു. വെള്ളിയുടെ വമ്പൻ നിക്ഷേപമാണ് "അർജൻറീന' എന്ന പേരിന്റെ അടിസ്ഥാനം. വെള്ളി നിറമുള്ളത് എന്നർത്ഥം വരുന്ന അർജന്റീനോസ് എന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ആ പേരുണ്ടായത്. റിയോ ഡി ലാ പ്ലാറ്റ ഒരു വെള്ളി നദിയാണെന്നും അതിനപ്പുറം ഒരു വെള്ളിമലയുണ്ടെന്നും സ്പാനിഷുകാർ കരുതി. അന്ന് തുടങ്ങിയ അധിനിവേശം 1816 വരെ തുടർന്നു - നീണ്ട മുന്നൂറ് വർഷം.

തമാശയെന്താണെന്ന് വെച്ചാൽ, അർജൻറീനയുടെ ദേശീയ കായിക വിനോദം പാറ്റോ എന്ന പേരിലറിയപ്പെടുന്ന ഒരു തരം കുതിരപ്പോളോയാണ്. അപ്പോൾ ഫുട്ബോളോ? ലാറ്റിനമേരിക്കയുടെ തെരുവുകളിൽ പന്ത് തട്ടിക്കളിക്കുന്ന കൊച്ചു കുഞ്ഞുമുതൽ എക്കാലത്തേയും വലിയ ഇതിഹാസ താരമായ ദ്യോഗോ മാറഡോണ വരെ ഈ ചോദ്യം കേട്ടാൽ ചിരിച്ചു പോകും - അത് നമ്മുടെ ജീവിതമല്ലേ സഖാവേ എന്ന മട്ടിൽ.

അതു കൊണ്ടാണ്, അർജന്റീന കളിക്കുമ്പോൾ അത് ഒരു കളിയ്ക്കുമപ്പുറം പലതുമാകുന്നത്. കളിക്കളം, ഒരു ഓർക്കസ്ട്രയുടെ മൈതാനമാകുന്നത്. വായുവിലൂടെ പറന്നു വന്ന ഒരു ഹൈബാളിനെ വലം തുടകൊണ്ട് പിടിച്ച്, നിലത്ത് വീഴും മുൻപ് അതിനെ ഇടം കാൽ കൊണ്ടുയർത്തി വീണ്ടും വലതുകാലിന്റെ മടമ്പ് കൊണ്ട് ഗോൾവലയിലേക്ക് പായിയ്ക്കുന്ന അത്ഭുതകരമായ രസവിദ്യ, ഒരു അർജന്റീനക്കാരന് മാത്രം സാദ്ധ്യമാകുന്നതാണെന്ന് വെറുതേ കരുതിപ്പോകുന്നു നാം. അത്രമേൽ തീവ്രമാണ് ഫുട്ബോളിന്റെ അപരനാമങ്ങളിലൊന്നായി അറിയപ്പെടാനുള്ള അർജന്റീനയുടെ നിയോഗം. ജയപരാജയങ്ങൾക്ക് അതിൽ ഒരു കാര്യവുമില്ല. ജീവിതം ജീവിയ്ക്കാനുള്ളതാണ് എന്ന പോലെ ഫുട്ബോൾ കളിക്കാനുള്ളതുമാണ്.

ഏകപക്ഷീയമായി രണ്ട് ഗോൾ വഴങ്ങിയ ആദ്യപകുതിയിൽ കണ്ട ഫ്രഞ്ചുകാരായിരുന്നില്ല പിന്നീടങ്ങോട്ട് മുഴുവൻ. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഫൈനൽ മത്സരത്തിലെ ആദ്യപകുതിയിൽ എതിരാളിയുടെ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല ദിദിയർ ദെഷാമിന്റെ വിഖ്യാതമായ നീലപ്പടക്ക്. വേഗത്തിന്റെ കുമാരനായ കീലിയൻ എംബാപ്പെ ഏറെക്കുറെ കാഴ്ച്ചക്കാരനായി. എന്നാൽ രണ്ടാം പകുതിയിൽ അർജന്റീന കളി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈഫൽ ടവറിന് തീ പിടിച്ചാലെന്നപോലെ ഫ്രഞ്ചുകാർ വിപ്ലവത്തിനിറങ്ങി. ഇരട്ട ഗോളുമായി കളം നിറഞ്ഞ എംബാപ്പെ കളി അധിക സമയത്തേക്ക് നീട്ടിയെടുത്തു.

മൈതാനത്തിന്റെ മറുപാതിയിൽ ലയണൽ സ്കലോണിയുടെ കുട്ടികളും ഇന്ന് വേറൊന്നായിരുന്നു. ആദ്യകളിയിൽ സൗദി അറേബ്യയോട് തോറ്റ അർജന്റീനയായിരുന്നില്ല അത്. ലൂസയ്ൽ മൈതാനത്തിലെ പുൽത്തലപ്പുകളെ അക്ഷരാർത്ഥത്തിൽ അവർ തീ പിടിപ്പിക്കുക തന്നെ ചെയ്തു. ഈ കിരീടം ഞങ്ങൾക്ക് കൂടിയേ തീരൂ എന്ന മട്ടിലാണ് അവർ പന്ത് തട്ടിയത്. ആധുനികഫുട്ബോളിൽ ലാവണ്യത്തിന്റെ മറുപേരായി മാറിയ ഒരു മനുഷ്യന് ലോകകിരീടത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും തങ്ങളിക്കുറി യാത്രയയപ്പ് നൽകില്ല എന്ന വാശിയിലായിരുന്നു അവർ. അവരുടെ കാൽക്കീഴിലെത്തുമ്പോഴെല്ലാം കാറ്റ് നിറച്ച ആ ഭൂഗോളത്തിന് അത് മനസ്സിലായി എന്ന് തോന്നുന്നു.

ലോകമെമ്പാടുമുള്ള അഞ്ഞൂറ് കോടിയെങ്കിലും വരുന്ന ഫുട്ബോൾ പ്രേമികൾക്ക് രക്തമുറഞ്ഞു പോകുന്ന നിമിഷങ്ങളായിരുന്നു പിന്നീടത്രയും. തീ പിടിച്ച ഒരു പന്തിന് വേണ്ടി 22 പേർ നടത്തിയ ഒരു ലോക മഹായുദ്ധത്തിനാണ് അവരിന്ന് സാക്ഷിയായത്. അധിക സമയത്തിന്റെ ആദ്യ പകുതിയിൽ മെസിയുടെ ഗോൾ; കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ എംബാപ്പെ യുടെ ഹാട്രിക്... 140 മിനുട്ട് നീണ്ട യുദ്ധത്തിനൊടുവിൽ സ്കോർ ബോഡിൽ മൂന്ന് ഗോളുകളുടെ തുല്യത.! ഒടുവിൽ ശ്വാസം പിടിച്ചു നിർത്തിയ ഷൂട്ടൗട്ടിൽ അർജന്റീനയുടെ നാലാമത്തെ കിക്ക് ഫ്രഞ്ച് വല തുളച്ചപ്പോൾ ലയണൽ മെസ്സി ആകാശത്തേക്ക് കൈയ്യുയർത്തി. റിസർവ്വ് ബെഞ്ചിൽ അക്ഷമനായിരുന്ന ഡി മരിയ മേൽക്കുപ്പായം കൊണ്ട് കണ്ണ് തുടച്ചു. ലോകം അർജന്റീന എന്നാർത്തു വിളിച്ചു.

പാവം എംബാപ്പെ. ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ എട്ട് ഗോളടിച്ച് സുവർണ്ണ പാദുകം സ്വന്തമാക്കിയപ്പോഴും അയാൾക്കിന്ന് ചിരിക്കാനേ ആയില്ല. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ അവസരങ്ങളെക്കുറിച്ചോർത്ത് അയാളീ രാത്രി ഉറങ്ങാതെ കിടക്കുമായിരിക്കും. എങ്കിലും ശാന്തനാകൂ എംബാപ്പേ.. ഫുട്ബോളിന്റെ ചരിത്രത്തിൽ നിങ്ങളുടേത് ഒരു തോൽവിയേ അല്ല. ആനന്ദത്തിന്റെ അനർഘനിമിഷങ്ങളെ സമ്മാനിച്ച ജീവിതം തന്നെയാണത്. ലോകം അതൊരിക്കലും മറന്നു പോകില്ല. നിങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ.

അപ്പുറത്ത്, വെറുതേ ഒന്നോർത്തു നോക്കൂ - എന്തു ചെയ്യുകയായിരിക്കാം അർജൻറീന ഇപ്പോൾ? പതിറ്റാണ്ടുകൾക്ക് ശേഷം മെസ്സിയും കൂട്ടരും കൊണ്ടുവന്ന വിശ്രുതമായ ഒരു വിജയത്തെ വരവേൽക്കാൻ, അവിടുത്തെ ജനങ്ങൾ മുഴുവൻ ഇപ്പോൾ തെരുവുകളിലിറങ്ങിക്കാണും. ബ്യൂണസ് ഐറിസിലും, ലാ പ്ലാറ്റയിലും, ബഹിയ ബ്ലാക്കയിലും, റൊസാരിയോയിലുമെല്ലാം ജനം ആനന്ദത്താൽ ആടിത്തിമർക്കുകയായിരിക്കും. പാറ്റഗോണിയൻ പുൽപ്രദേശങ്ങളിൽ താമസിക്കുന്ന ഗൗച്ചോകൾ, തങ്ങളുടെ കാസ്റ്റലോണിയൻ സ്പാനിഷ് ഭാഷയിൽ എന്തൊക്കെയാ വിളിച്ചു പറയുന്നുണ്ടാകും. അവർ ധരിക്കുന്ന ബോംബച്ചാസ് എന്ന അയഞ്ഞ ട്രൗസറിന് മുകളിൽ മെസ്സിയുടേയും ഡി മരിയയുടേയും മറഡോണയുടേയും ചിത്രങ്ങൾ പതിച്ചിട്ടുണ്ടാകും. താംഗോ സംഗീതവും ഗാനങ്ങളുമായി ചെ ഗുവേരയുടേയും, ലൂയി ബോർഹസിന്റെയും നാട്ടുകാർ ഈ രാത്രി വെളുപ്പിക്കുമായിരിക്കും. തെരുവിൽ കണ്ടുമുട്ടുന്ന ഓരോ അപരിചിതർക്കും തങ്ങളുടെ പരമ്പരാഗത പാനീയമായ 'മാറ്റെ' യും , ഡൽസിഡി ലെച്ചെയെന്ന മധുരക്കുഴമ്പ് പുരട്ടിയ റൊട്ടിയും അവർ സ്റ്റേഹത്തോടെ വാഗ്ദാനം ചെയ്യുമായിരിക്കും. കാരണമൊന്നേയുള്ളൂ അതിന്. കാൽപന്തുകളിയിലെ വിജയം ഏതൊരു ലാറ്റിനമേരിക്കക്കാരനും ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യമേറിയതാണ്.

തന്റെ നാടും നഗരങ്ങളും ഉറങ്ങാതിരിക്കുന്ന ഈ രാത്രിയിൽ ലെയണൽ മെസ്സി ഒരു കുഞ്ഞിനെപ്പോലെ ശാന്തമായുറങ്ങുമായിരിക്കും. ക്രോസ് ബാറിന് മുകളിലൂടെ പാഞ്ഞുപോയ ഒരു പന്തിന്റെ നിലവിളി ഇനിയൊരിക്കലും അയാളെ ശല്യം ചെയ്യില്ല. അങ്ങ് , അറ്റ്ലാന്റിക്കിന്റെ തീരത്തുള്ള ഏതെങ്കിലുമൊരു കൊച്ചു ഗ്രാമത്തിൽ നിന്നുയരുന്ന ആർപ്പുവിളികളോടും, ഇങ്ങ് കേരളത്തിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ കട്ടൗട്ടുകൾക്ക് പിറകിലെ പ്രാർത്ഥനകളോടും അയാളുടെ ബൂട്ടുകൾ ഇന്ന് പ്രായശ്ചിത്തം ചെയ്തു. ഒരേ ശബ്ദത്തിൽ ഭൂഗോളം മുഴുവൻ തിരിയുന്നൊരു പന്തിനെപ്പോലെ മെസ്സീ... മെസ്സീ... എന്നാർത്തുവിളിക്കുന്നത് ഒരു വൃന്ദവാദ്യം പോലെ അയാൾക്കിന്ന് കേൾക്കാനാകും. തീർച്ചയായും ഈ രാത്രി അയാൾക്കവകാശപ്പെട്ടതാണ്. എട്ടു വർഷം മുൻപ് നിരാശനായി കളിജീവിതം നിർത്താൻ തീരുമാനിച്ച ആ മനുഷ്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ ഇടയിലേക്ക് ഒരു കസേര വലിച്ചിട്ട് കയറിയിരിയ്ക്കുന്ന രാത്രിയാണിത്. ലോകമേ... അതുകണ്ടാനന്ദിക്കൂ.. ആ അനുഭൂതികളുടെ ഭാഗമാകാൻ മനുഷ്യരായി.

ആര് തോൽക്കുന്നു എന്നതല്ല; ഫുട്ബോൾ ജയിക്കുന്നു എന്നതാണ് ഓരോ കളി തീരുമ്പോഴും പ്രധാനമായ കാര്യം. പതിറ്റാണ്ടുകൾക്ക് മുൻപ്, പെലെയുടെ കളി കാണാൻ, യുദ്ധം ചെയ്തു കൊണ്ടിരുന്ന രണ്ട് ആഫ്രിക്കൻ രാജ്യങ്ങളെക്കൊണ്ട് 48 മണിക്കൂർ വെടിർത്താൻ പ്രേരിപ്പിച്ച മോഹനമായ ചരിത്രമുണ്ട് ഫുട്ബോളിന്. ഒരൊറ്റ ബോളിൽ അത് ഹൃദയങ്ങളെ കോർത്തു വെയ്ക്കും. അതുകൊണ്ട് തുകൽപ്പന്തിന്റെ യാത്രകൾ ഇനിയുമിനിയും തുടരട്ടെ. കണ്ണീരും പുഞ്ചിരിയും ഇടകലർന്ന്, വൻകരകളിൽ നിന്ന് വൻകരകളിലേക്ക് അതങ്ങിനെ ഒഴുകിപ്പടരട്ടെ. തപ്തമായ മനസ്സുകളിൽ കാറ്റു നിറഞ്ഞ പന്തുകളുടെ സംഗീതം മഴ പോലെ പെയ്തിറങ്ങട്ടെ. മനുഷ്യർ പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന ഭാവിയിലേക്ക് ഒരു പന്തിനെപ്പോലെ ലോകം ഉരുണ്ടുരുണ്ടു പോകട്ടെ. ആ കാലത്തിനായി, സഖികളേ, ചങ്ങാതിമാരേ... ഈ രാത്രിയിൽ നമുക്കൊരുമിച്ച് ഒരു പാട്ടു പാടിയാലോ...?

Comments