പ്രിയപ്പെട്ടവളേ... എന്റെ കയ്യിലിരുന്ന് ഇതിഹാസം വിറയ്ക്കുന്നു

''എനിക്ക് മുമ്പിലൂടെ മഞ്ഞപ്പാവാട തുമ്പുമുലച്ച് കൊണ്ട് അവൾ നടന്ന് പോയ ആ വഴികളിൽ മഴ പെയ്തു. ഞാനാ മഴയുടെ വെൺമയിലേക്ക് നോക്കിയിരുന്നു.എന്റെ വിറയാർന്ന കൈകൾ ഖസാക്കിന്റെ ഇതിഹാസത്തെ അവളുടെ പുസ്തക കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ ഇതേപോലേ മഴ പെയ്തിരുന്നു. വഴിയോര പച്ചകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണിരുന്നു.''

പ്രണയ സമ്മാനമായി ഞാനവൾക്ക് കൊടുത്തതായിരുന്നു ഈ പ്രിയപ്പെട്ട നോവൽ. ഒരു പുസ്തകത്തിലും പേര് എഴുതാത്ത ഞാൻ ആന്തരികാർത്ഥം അറിയാത്ത ഒരു ഉപനിഷത് സൂക്തമെഴുതി അതിനു താഴെ എന്റെ പേര് കൂടി എഴുതിയിരുന്നു എന്ന് ഇരുപത്തി ഒന്ന് വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തിയ ഇതിഹാസം എന്നോട് പറയുന്നു.

ജീവിതം എനിക്കായി കരുതി വെക്കുന്ന അത്ഭുതങ്ങളെ ഓർത്ത് അത്ഭുതപ്പെടാതെ വയ്യ. ചിലതൊക്കെ കാലത്തിന്റെ പെരുംപാതയിലൂടെ നടന്ന് തളർന്ന് തണലിടം തേടി എന്നിലേക്ക് തന്നെ തിരികെയെത്തുന്നു. ചിലത് ആ പാതയിലൂടെ നടന്ന് മറയുന്നു. എന്നെന്നേക്കുമായി...

വർഷങ്ങൾക്കു മുമ്പ് പാഠപുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് ഒരു പെൺകുട്ടി ഈ പാതകളിലൂടെ നടന്ന് പോയിരുന്നു. അവളുടെ മിഴിവിഷാദവും അധരചുവപ്പും കണ്ട് മോഹിച്ച ഒരു യൗവ്വനാരംഭകാരൻ ഇവിടെ ഇരുന്ന് അവളെ ഉറ്റു നോക്കിയിരുന്നു. ആ മിഴിവിഷാദങ്ങളുടെ പൊരുളറിയാതെ അവൻ വേദനിച്ചിരിന്നു. അവൾക്കായി ഉറക്കമിളച്ച് പ്രണയമൊഴികൾ എഴുതിയിരുന്നു. ജൈവഘടികാരത്തിലെ പരിണാമ സന്ധികളിൽ ഉൻമത്തനായി അവൾ നടന്ന വഴികളിലൂടെ അവൻ നടന്നിരുന്നു.

മുഹമ്മദ് അബ്ബാസ്

വിദ്യ നേടാൻ കഴിയാതെ പോയതിന്റെ സങ്കടമത്രയും അവൻ പുസ്തകങ്ങളിലേക്ക് ചൊരിഞ്ഞു. പുസ്തകങ്ങളിൽ ഉണർന്നു. പുസ്തകങ്ങളിൽ ഉറങ്ങി. പുസ്തകങ്ങളിൽ മാത്രം ജീവിച്ചു. ലൈബ്രറി പുസ്തകങ്ങൾ അഭിമാനത്തോടെ ചേർത്ത് പിടിച്ച് അവൾ കയറിയ ബസ്സിൽ അവനും കൂടെ കയറി. അവളിറങ്ങിയ രാജാസ് ഹൈസ്കൂളിന്റെ പടിക്കൽ അവനും ഇറങ്ങി. സ്കൂൾ വിടുവോളം അവിടുത്തെ ബസ് സ്റ്റോപ്പിലിരുന്ന് അവൻ ഖസാക്കിലൂടെ മയ്യഴിയിലൂടെ മക്കൊണ്ടയിലൂടെ സഞ്ചരിച്ചു. അവന്റെ മുമ്പിൽ കർമ്മബന്ധങ്ങളുടെ വെയിൽ ചരടിൽ കോർത്ത ഓന്തുകളെ തൂക്കിപ്പിടിച്ച് അപ്പുക്കിളി നിന്നു. വെളളിയാങ്കല്ലിൽ നിന്നും പറന്ന് വന്ന തുമ്പികൾ അവന്റെ വിശപ്പിനെ നിലാവാക്കി മാറ്റി.

വൈകിട്ട് സ്കൂൾ വിട്ട് അവൾ മടങ്ങുന്ന ബസ്സിൽ തന്നെ അവനും മടങ്ങി . ഇടയ്ക്ക് എപ്പഴോ അവളുടെ മിഴിവിഷാദം അവനെ തൊട്ടുഴിഞ്ഞു. അധരച്ചുവപ്പിനുള്ളിലെ വെൺമ അവനുള്ള പുഞ്ചിരിയായി വിടർന്നു.
വർണ്ണങ്ങൾ തേച്ച കടലാസിൽ അവൾക്ക് കൊടുക്കാനായി അവൻ എഴുതിയ പ്രണയമൊഴികളുടെ തുടക്കങ്ങളെല്ലാം ഇങ്ങനെയായിരുന്നു.
"എന്റെ പനിനീർ പൂവിന്... 'എഴുതി മായ്ച്ചും വീണ്ടുമെഴുതിയും പ്രണയച്ചുവപ്പിനാൽ അടയാളപ്പെട്ട ഒരു കത്തും കീശയിലിട്ട് ദിവസങ്ങളോളം അവൻ അവളുടെ പിറകെ നടന്നു. അത് അവൾക്ക് കൊടുക്കാനുള്ള ധൈര്യമില്ലാതെ അവൻ അവളുടെ കാലടികളെ അളന്ന് തളർന്നു. അവളുടെ കൈയ്യിൽ നിന്നും താഴേക്ക് ചാടിയ പെന്നോ പുസ്തകമോ എടുത്ത് കൊടുക്കാനോ അത് തനിക്കുള്ള പ്രണയ സൂചനകളാണെന്ന് തിരിച്ചറിയാനോ വിഡ്ഢിയായ അവന് കഴിഞ്ഞില്ല. സേഫ്റ്റി പിന്നും ഹെയർ ബാൻഡുകളും കടലാസു തുണ്ടുകളും പ്രണയ സൂചനകളായി അവന് മുമ്പിൽ ഒരു പാട് വഴുതി വീണു. അവനത് എടുത്ത് കൊടുക്കാത്തതിനാൽ ആ പാതകളിൽ അവ വെയിലും മഴയും മഞ്ഞും കൊണ്ട് കിടന്നു.

കാലം കരുതി വെച്ച കനിവിന്റെ ഒരു വിനാഴികത്തുമ്പിൽ മഴ പെയ്യുന്നൊരു അപരാഹ്നത്തിൽ തന്റെ പ്രണയമൊഴി ഒളിപ്പിച്ചു വെച്ച ഖസാക്കിന്റെ
ഇതിഹാസം അവൻ അവൾക്ക് കൊടുക്കുക തന്നെ ചെയ്തു. പാതയോരത്തെ അരളി മരത്തിൽ നിന്ന് മഴ നനഞ്ഞ ചുവന്ന പൂവുകൾ അവർക്ക് ചുറ്റം പൊഴിഞ്ഞ് വീണു. "വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് ' അവളോട് അവൻ വിക്കി വിക്കി പറഞ്ഞത് സകല ദൈവങ്ങളോടും കാവൽ ചോദിച്ചു കൊണ്ടാണ്.

അവൾ ഖസാക്കിന്റെ ഇതിഹാസം വായിച്ചോ എന്ന് ഇന്നും എനിക്കറിയില്ല. ഒരു കത്ത് കൊടുക്കലിനപ്പുറം കടക്കാൻ കഴിയാത്ത എന്നിലെ അന്തർമുഖൻ അവളുടെ മറുപടിക്കായി കുറേ കാലം അവൾക്ക് പിന്നാലെ അലഞ്ഞ് നടന്നു. കൂട്ടുകാരിയോടൊപ്പം പട്ടണത്തിലെ തുണിക്കടയിലേക്ക് ഞാൻ കാൺകെ അവൾ കയറിപ്പോയതിന്റെയോ ബസ്സിലെ തിരക്കിനിടയിലും കയ്യിൽ ഒരു നോട്ടുപുസ്തകം മാത്രം ഉയർത്തിപ്പിടിച്ച് എന്നെ നോക്കി ചിരിച്ചതിന്റെയോ പൊരുളുകൾ അറിയാതെ ഞാനെന്ന വിഡ്ഡി ആ പാതകൾ ഉപേക്ഷിച്ച് ഖസാക്കിലെ സാന്ധ്യ വെളിച്ചത്തിലേക്ക് തിരികെ നടന്നു.

വെയിലിന്റെ സ്ഫടിക മാനങ്ങളായി ഗർഭ ബീജങ്ങളായി ഈരച്ചൂട്ടിന്റെ
കനൽ തുമ്പായി ഖസാക്ക് എന്റെയുള്ളിൽ വളർന്നു. അവൾ വിവാഹിതയായി അമ്മയായി. എന്റെ കാലം ഖസാക്കിലെ തകർന്നടിഞ്ഞ പളളികളിൽ തളം കെട്ടി കിടന്നു. ആരുടെയൊക്കെയോ ദുഃഖ സഞ്ചാരങ്ങളുടെ തഴമ്പായി നീണ്ട് പോയ പാതകളിൽ ഉദയാസ്തമയങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു. എന്റെ ഉൻമാദം നൈജാമലിക്ക് ഞാൻ പകർന്നു നൽകി. അശാന്തമായ ഇഫ്രീത്തുകളുടെ സഞ്ചാരപഥങ്ങളിലൂടെ നൈജാമലി എനിക്ക് വേണ്ടി അലഞ്ഞ് നടന്നു. ഖബറിടങ്ങളിൽ ചന്ദനത്തിരികൾ മണത്തു. അറബിക്കുളത്തിൽ നീരാടിയ മൈമുന എന്ന യാഗാശ്വം എന്റെ യൗവനത്തെ നായാടി.

പ്രണയത്തിന്റെ വില്ലീസു പടുതകൾക്കപ്പുറം എന്നെ മാടി വിളിച്ച ജീവിത പൊരുളിലേക്ക് ഞാൻ ഊളിയിട്ടു. ലോട്ടറി വിൽപ്പനയായി പെയിന്റ് പണിയായി പൊരിവെയിലിലെ റോഡ് പണിയായി എന്റെ കാലം എനിക്കു മുമ്പിൽ തിളച്ച് മറിഞ്ഞു. തണലിടങ്ങളില്ലാത്ത ആ ഉച്ച വെയിൽ കാലങ്ങളിൽ ഓരോ വായനയിലും കണ്ട് കിട്ടുന്ന പുതു പൊരുളുകളുമായി ഖസാക്ക് എന്നിൽ വളർന്ന് പന്തലിച്ചു. ഞാൻ ഖസാക്കിലൂടെ വളർന്ന് തിടം വെച്ചു.

വിഷുവും ഓണവും പെരുന്നാളുകളും വിശേഷമൊന്നും പറയാതെ കൂടണഞ്ഞു കൊണ്ടിരുന്നു. വായനയുടെ ഉൻമാദത്തിൽ ജീവിതമെന്ന വലിയ ഭ്രാന്തിൽ ഞാനവളെ മറന്നു. എനിക്കായി ആ പാതകളിൽ വീണ് കിടന്ന സേഫ്റ്റി പിന്നുകളെയും പുസ്തകങ്ങളെയും നീലനിറമുള്ള ഹെയർ ബാൻഡുകളെയും മറന്നു. അപ്പോഴും അവളീ ഗ്രാമത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന ബോധം എന്റെ
ബോദ്ധ്യങ്ങളിൽ മഴക്കാറ്റിൽ പൊഴിഞ്ഞ അരളിപൂക്കളായി മായാതെ നിന്നു.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് അവസാനമായി ഞാനവളെ കണ്ടത്. പഴയ ആ കൗമാരക്കാരിയുടെ അതേ മിഴിവിഷാദവുമായി അവളുടെ മകൾ അവളുടെ അടുത്ത് നിന്നു. ജീവിതം നിറം മങ്ങിച്ച ആ അധരച്ചുവപ്പിനുള്ളിൽ നിന്ന് എനിക്കായി പുഞ്ചിരികൾ വിരിഞ്ഞില്ല. ചുറ്റും ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണില്ല. നീണ്ട കാലത്തെ സഹവാസമുള്ള ഒരാളോട് തോന്നുന്ന നിസ്സംഗതയുമായി അവളെന്നെ നോക്കി. ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. വാക്കുകൾ അവയുടെ ഉറവിടങ്ങളിൽ ജീവൻ തേടി പിടഞ്ഞിരിക്കണം. പറയാതെ പോവുന്ന വാക്കുകൾ നോവിന്റെ തീക്കനലായി ആത്മാവിന്റെ
നേരിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.

ഇപ്പൊ ഈ ലോക്ക് ഡൗണിന്റെ കാലത്ത് എന്നെ തേടിയെത്തിയത് അവളുടെ മരണവാർത്തയാണ്. പ്രണയ സൂചനകളുമായി അവളുടെ വിരൽതുമ്പിലൂടെ ഊർന്ന് വീണതൊക്കെയും എന്റെ മുമ്പിൽ കിടന്ന് കത്തി. എനിക്ക് മുമ്പിലൂടെ മഞ്ഞപ്പാവാട തുമ്പുമുലച്ച് കൊണ്ട് അവൾ നടന്ന് പോയ ആ വഴികളിൽ മഴ പെയ്തു. ഞാനാ മഴയുടെ വെൺമയിലേക്ക് നോക്കിയിരുന്നു.എന്റെ വിറയാർന്ന കൈകൾ ഖസാക്കിന്റെ ഇതിഹാസത്തെ അവളുടെ പുസ്തക കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ ഇതേപോലേ മഴ പെയ്തിരുന്നു. വഴിയോര പച്ചകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണിരുന്നു. ഇതിഹാസത്തിനുള്ളിൽ ചായം തേച്ച കടലാസിൽ ഞാനവൾക്കായി എഴുതി വെച്ച വാക്കുകളത്രയും ഞാൻ ഓർത്തു. അവളുടെ മയ്യത്തും വഹിച്ച് കൊണ്ട് എന്റെ മുമ്പിലൂടെ ആംബുലൻസ് കടന്ന് പോയി. അതിനുള്ളിൽ അവളുണ്ട്. എനിക്ക് മുന്നിലൂടെ നടന്ന ആ ചെറിയ പാദങ്ങളുണ്ട്. എനിക്കായി വിടർന്ന പുഞ്ചിരികളുടെ വെൺമയെ പൊതിഞ്ഞ ചുണ്ടുകളുണ്ട്...

മഴയിലൂടെ ഞാൻ നടന്നു. പളളിക്കാട്ടിലെ കരിം പച്ചകളിലും മുറിച്ച് കടന്ന പാതയിലും മഴ പെയ്തു. എനിക്ക് അവളുടെ മുഖം കാണണമായിരുന്നു. പക്ഷേ കോവിഡ് തീർത്ത മതിലിനപ്പുറം വലിച്ച് കെട്ടിയ നീല ടാർപ്പോളിൻ ഷീറ്റിനു ചുവട്ടിലെ ഖബറിലേക്ക് അവളെ രണ്ടാളുകൾ ചേർന്ന് ഇറക്കി വെക്കുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെയുള്ളിൽ ആ പാതകളൊക്കെയും തെളിഞ്ഞു. അതിനു മുകളിൽ വിണ്ട് കീറിയ ആകാശത്തിലൂടെ വാലിന് തീപിടിച്ച മയിലുകൾ അലറി വിളിച്ച് പറന്നു. അവസാന പിടി മണ്ണും വാരിയിട്ട് മീസാൻ കല്ലുകൾ നാട്ടി ആ ചെറിയ ആൾക്കൂട്ടം പിരിഞ്ഞു പോയി. ഞാൻ അവിടെ തന്നെ നിന്നു. കവല വിജനമാണ്. പാതകൾ വിജനമാണ്. ചുറ്റും മഴയുടെ വെള്ള നൂലുകൾ മാത്രം. കവലയിൽ കാവൽ നിന്ന പോലീസുകാരൻ കരുണയോടെ എന്നെ നോക്കി. ആരാണ് മരിച്ചതെന്ന് അയാൾ എന്നോട് ചോദിച്ചു. ഉത്തരമില്ലാതെ ഞാൻ തിരികെ നടന്നു.

കോവിഡ് തീർത്ത ഈ മതിൽ ഇല്ലായിരുന്നെങ്കിലും എനിക്കവളെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയുമായിരുന്നില്ല. മരിച്ച സ്ത്രീയുടെ മയ്യത്ത് അന്യപുരുഷൻമാർ കാണുന്നത് മതം അനുവദിക്കുന്നില്ല. ഈ മഴ മറവിനപ്പുറത്ത് മുഴു ലോകവും എനിക്ക് അന്യമായി തീരുമ്പോൾ എന്താണ് അന്യത... ? ആരാണ് അന്യൻ ...?

പരിചയക്കാർ ആരൊക്കെയോ എന്നെ വിളിച്ചു. എനിക്ക് ആരെയും കാണണ്ടായിരുന്നു. ഒന്നും കേൾക്കണ്ടായിരുന്നു. മഴ നനഞ്ഞ പാതകളിൽ എനിക്കായി വഴുതി വീണ ഒരു ഹെയർ ബാൻഡ് കാണാൻ എന്റെ കണ്ണുകൾ നീറി. പാതയോരത്ത് ആ അരളി മരങ്ങൾ ഇന്നില്ല.

ഇന്നലെയാണ് അവളുടെ വീട് അണു നശീകരണം നടത്തി വൃത്തിയാക്കാൻ പോയ എന്റെ പരിചയത്തിലുള്ള കുട്ടികൾ എന്റെ പേര് കണ്ട് ഇത് എനിക്ക് കൊണ്ട് തന്നത്. എന്നെ മോഹിപ്പിച്ച അവളുടെ അധരച്ചുവപ്പിൽ ഇപ്പോൾ പുഴുവരിച്ച് തുടങ്ങിയിരിക്കും. പുറം ചട്ടയടർന്ന് ഉൾത്താളുകൾ ചിതലരിച്ച ഈ ഇരുപതാം പതിപ്പ് പോലെ അവളുടെ ശരീരം മൺജീവികൾ ആഘോഷത്തോടെ തിന്നുകയായിരിക്കും.

അവൾക്കായി ഞാൻ പകർത്തിയ
" ബ്രഹ്മ സത്യം
ജഗൻ മിഥ്യാ
ജീവോ
ബ്ര ഹൈമവ നാപരഃ '
എന്ന വേദാന്ത സൂക്തമൊന്നും ആശ്വാസമാവുന്നില്ല. അറിഞ്ഞതും അറിയാത്തതുമായ സ്നേഹ നഷ്ടങ്ങളുടെ വലിയൊരു മാറാപ്പായി ജീവിതം എനിക്ക് ബാക്കിയാവുകയാണ്.

നെഞ്ച് കനക്കുന്നു. ഇക്കണ്ട കാലമത്രയും അവളീ ഇതിഹാസം സൂക്ഷിച്ചു വെച്ചു. ഇത് കാണുന്ന ഓരോ വിനാഴികയിലും അവളെന്നെ ഓർത്തിരിക്കണം. അവളെ കാണാനായി മാത്രം ഞാൻ നടന്ന ദൂരങ്ങളെ ഓർത്തിരിക്കണം. ഒരു പക്ഷേ ഏറ്റവും പ്രിയത്തോടെ ഈ താളുകളിൽ ചുംബിച്ചിരിക്കണം. മാറിൽ ചേർത്ത് വെച്ചിരിക്കണം. എനിക്കായി കൊഴിച്ചിട്ട പ്രണയ സൂചനകളെ ഓർത്തിരിക്കണം. ഒന്ന് തടഞ്ഞ് നിർത്തിയിട്ടെങ്കിലും മറുകുറി വാങ്ങാത്ത എന്റെ
ഭീരുത്വത്തെ ഓർത്ത് വേദനിച്ചിരിക്കണം. എനിക്ക് തരാനുള്ള മറുമൊഴിയുമായി കൂട്ടുകാരിയോടൊപ്പം നടന്ന് കയറിയ തുണിക്കടയെ ഓർത്തിരിക്കണം. ബസ്സിലെ ആ തിരക്കിലും എനിക്കുള്ള മറുമൊഴിയുമായി താൻ ഉയർത്തിപ്പിടിച്ച ആ നോട്ട് ബുക്കിനെ ഓർത്തിരിക്കണം. അതൊന്നും തിരിച്ചറിയാനാവാതെ പോയ ഞാനെന്ന മനുഷ്യനെ ഓർത്ത് പരിഹസിച്ച് ചിരിച്ചിരിക്കണം.

ഇതിഹാസത്തെ ഞാൻ കണ്ടെത്തിയ കാലം മുതൽ അതെന്റെ കൂടെയുണ്ട്. ഓർമ്മയായി
വിസ്മയമായി മലയാളത്തിന്റെ മധുരമായി
കാമനകളായി പെരുവിരലിലെ വൃണ നോവായി
അരായിലലകളിലെ കാറ്റായി
തൃത്തറാവിന്റെ മണമായി
നീല ഞരമ്പോടിയ പരന്ന തണലുകളായി മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ പുനർജനിയുടെ കൂടായി
ഇപ്പോഴിതാ ...
മരണത്തിന്റെ മഴ നനവായി
നഷ്ടപ്രണയത്തിന്റെ അടയാളക്കുറിയായി
പുറംചട്ട നഷ്ടമായി ഇതിഹാസം എന്റെ കൈയ്യിലിരുന്ന് വിറകൊള്ളുന്നു.

മഴ ഒഴിഞ്ഞ മാനത്തിൽ ഇപ്പോൾ അന്തിക്കിളികൾ കൂടണയാൻ ഓടുകയാണ്. വഴിയോര പച്ചകളിലേക്ക് രാത്രി വരികയാണ്. ലാഭനഷ്ടങ്ങളുടെ കണക്കുകൾ പോലുമില്ലാതെ മുമ്പിലെ ജീവിതമെന്ന രാവിരുട്ടിലേക്ക് നോക്കി ഞാൻ ഇരിക്കുകയാണ്.

പ്രിയപ്പെട്ടവളേ ...
നിനക്കായി ഇതാ ഒരിക്കൽ കൂടി ഞാൻ ഖസാക്ക് വായിക്കുകയാണ്. ഒരു പക്ഷേ നിന്റെ വിരൽസ്പർശം ഏറ്റ ഇതിന്റെ പേജുകളിൽ എന്റെ വിരലുകൾ തൊടുമ്പോൾ ഇനിയും ദ്രവിച്ച് തീരാത്ത നിന്റെ ഹൃദയം ഒന്ന് മിടിച്ചെന്ന് വരാം. മൺജീവികൾ തീറ്റ നിർത്തി ചെവിടോർത്തെന്ന് വരാം. നിന്നെ പൊതിഞ്ഞ ഖബറിരുട്ടിന് വേദനിച്ചെന്ന് വരാം...

പറഞ്ഞതിനും പറയാതെ പോയതിനും മാപ്പ്
അറിഞ്ഞതിനും അറിയാതെ പോയതിനും മാപ്പ്.

നിന്റെ ഖബറിനുള്ളിൽ ഈ രാത്രിയിൽ സാന്ത്വനമായി ഖസാക്ക് വന്ന് നിറയും. ആ സാന്ത്വനം നീണ്ടു നിൽക്കാനായി ഞാനിതിന്റെ പേജുകൾ വളരെ മെല്ലെ മാത്രമേ മറിക്കുകയുള്ളൂ ... അവസാനത്തെ ബസ് വരാനായി രവി കാത്ത് കിടന്ന പെരുമഴകൾ തോരും വരെ ഈ സാന്ത്വനം നിനക്ക് കൂട്ടുണ്ടാവും .
ഒടുവിലായി തരാൻ ഇനിയെന്റെ കയ്യിൽ ഇത് മാത്രമേയുള്ളൂ.
സസ്നേഹം അബ്ബാസ്...


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments