മതം വിലക്കിയ ശരീരം കവിത വീണ്ടെടുക്കുന്നു

മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അതിനൊപ്പവും പിന്നീട് അതിനെ എതിർത്തും വളർന്ന ഏറ്റവും പ്രധാനപ്പെട്ട വികാരം മനുഷ്യ പ്രണയം തന്നെയായിരുന്നു. പ്രണയം ആ സമൂഹങ്ങളിൽ വിമോചന പ്രത്യയശാസ്ത്രം തന്നെയായി പ്രവർത്തിച്ചതിന് നിരവധി ഉദാഹരണങ്ങൾ കവിതകളുടെ പഠനങ്ങളിലൂടെ, അറബ് ലോകത്തു നിന്നുള്ള ഏക ബുക്കർ ജേതാവും ഒമാനി നോവലിസ്റ്റുമായ ജോഖ അൽഹാരിതി ജോഖ മുന്നോട്ടുവെക്കുന്നു. അവരുടെ ഏറ്റവും പുതിയ പുസ്തകം പരിചയപ്പെടുത്തുന്നു ട്രൂ കോപ്പി വെബ്​സീൻ

Truecopy Webzine

റബ് പ്രണയ കവിതകളിൽ മനുഷ്യശരീരം ഹാജരില്ല എന്ന പൊതുബോധം തെറ്റാണെന്നും ആ കവിതകളിൽ പ്രണയ ശരീരം എന്ന സങ്കൽപ്പം പ്രധാനമാണെന്നും സ്ഥാപിക്കുന്ന പുസ്തകമാണ്, അറബ് ലോകത്തു നിന്നുള്ള ഏക ബുക്കർ ജേതാവും ഒമാനി നോവലിസ്റ്റുമായ ജോഖ അൽഹാരിതിയുടെ ‘ദ ബോഡി ഇൻ അറബിക്ക് ലൗ പോയട്രി, ദ ഉദ്രി ട്രഡീഷൻ'. ഈ പുസ്തകം പരിചയപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്സീനിലൂടെ വി. മുസഫർ അഹമ്മദ്.

പ്രണയ ജീവിതത്തിന്റെ അറേബ്യൻ പുസ്തകം എന്നു വിളിക്കാവുന്ന രചനയാണിത്. ഉദ്രി പാരമ്പര്യത്തിലുള്ള പ്രണയ കവിതകളെയാണ് ഈ പുസ്തകം പരിശോധിക്കുന്നത്. ഇസ്ലാമിന്റെ ആവിർഭാവഘട്ടത്തിൽ ഉമയ്യാദ് കാലത്തെ (ഏഴ്- എട്ട് നൂറ്റാണ്ടുകൾ) കവിതകളാണിവ. പിൽക്കാലത്ത് അറബ് സാഹിത്യത്തിൽ നിന്ന് പതുക്കെ പതുക്കെ മനുഷ്യ ശരീരവർണനങ്ങൾ അപ്രത്യക്ഷമാവുകയുണ്ടായി. മതം എല്ലായ്പ്പോഴും അത് വിലക്കി. സദാചാരത്തിൽ സ്ത്രീയും പുരുഷനും അപ്രത്യക്ഷരായി. പ്രണയം മിക്കപ്പോഴും ശരീരരഹിതമായ അനുഭവമായി (പ്ലാറ്റോണിക്ക് ലൗ) ചിത്രീകരിക്കപ്പെട്ടു. ശരീരത്തെക്കുറിച്ച് പറയുന്നത് വിലക്കി. എന്നാൽ ഈ പുസ്തകം പറയുന്നത് അറബ്- പേർഷ്യൻ സാഹിത്യത്തിന്റെ പ്രധാന ഉറവയിലൊന്ന് പ്രണയ ശരീരങ്ങളെക്കുറിച്ചുള്ള പ്രതിപാദനമാണെന്നതാണ്. എഡിൻബറോ യൂണിവേഴ്സിറ്റി പ്രസ് രണ്ടു മാസം മുമ്പ് പുറത്തിറക്കിയ ഈ പുസ്തകം ഉദ്രി കവിതാ പാരമ്പര്യത്തെ സമഗ്രമായി സമീപിക്കുന്ന ആദ്യ ഇംഗ്ലീഷ് ഗ്രന്ഥമാണെന്നതും ശ്രദ്ധേയമാണ്. അറബ്- ഇസ്?ലാമിക ലോകത്തെ സാഹിത്യത്തെ പുനഃപരിശോധിക്കാനും പൊതുബോധങ്ങളെ തിരുത്താനും ഒരു പക്ഷെ ഈ പുസ്തകം സഹായിച്ചേക്കും.

ഉദ്രി പാരമ്പര്യത്തിൽ പ്രണയ രക്തസാക്ഷികൾ എന്നൊരു സങ്കൽപ്പമുണ്ടെന്ന് ഗ്രന്ഥകാരി പറയുന്നു. പ്രണയം നിഷേധിക്കപ്പെടുമ്പോൾ ജീവനൊടുക്കുന്നവരെ രക്തസാക്ഷികൾ തന്നെയായി അക്കാലത്തെ അറബ് പാരമ്പര്യം കരുതിപ്പോന്നു. പ്രണയ കാലത്ത് ജീവനൊടുക്കുന്ന കാമുകീ കാമുകൻമാരുടെ ഖബറുകൾ തൊട്ടടുത്ത് തന്നെയായിരിക്കും എന്നത് പ്രണയ രക്തസാക്ഷിത്വത്തിന് അന്ന് നൽകിയ ആത്മീയ പരിവേഷം കൂടിയായിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. തീർച്ചയായും അതെല്ലാം പിൽക്കാലത്ത് ഇല്ലാതായി എന്നതിൽ സംശയമില്ല.

എന്നാൽ മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ അതിനൊപ്പവും പിന്നീട് അതിനെ എതിർത്തും വളർന്ന ഏറ്റവും പ്രധാനപ്പെട്ട വികാരം മനുഷ്യ പ്രണയം തന്നെയായിരുന്നു. പ്രണയം ആ സമൂഹങ്ങളിൽ വിമോചന പ്രത്യയശാസ്ത്രം തന്നെയായി പ്രവർത്തിച്ചതിന് നിരവധി ഉദാഹരണങ്ങൾ കവിതകളുടെ പഠനങ്ങളിലൂടെ ജോഖ മുന്നോട്ടുവെക്കുന്നു. പ്രണയ ബന്ധത്തിന്റെ പേരിൽ കുടുംബങ്ങളും അതു വഴി രാജാവും ഊരുവിലക്ക് കൽപ്പിച്ച കാമുകൻ ‘നോമാൻസ് ലാൻഡാ'യി പരിഗണിക്കപ്പെടുന്ന മരുഭൂമിയിലേക്കാണ് നാടുകടത്തപ്പെടുന്നത്. അയാൾ ശിഷ്ടജീവിതം അവിടെ അലഞ്ഞു തീർക്കുകയാണ്. ആ നോമാൻസ് ലാൻഡ് ഒരു പീനൽ കോളനിയായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുമ്പോഴും കമിതാക്കൾ ആ വേദന ഇല്ലാതാകണമെന്നാഗ്രഹിക്കുന്നില്ല. വേദനയാണ് യഥാർഥ പ്രണയ പാരവശ്യത്തിന്റെ വികാരം എന്നു പോലും അവർ വിശ്വസിക്കുന്നു. എന്നു മാത്രമല്ല മരുഭൂമിയുടെ അനന്തതയും മണൽക്കാറ്റിന്റെ ഹുങ്കാരവും പ്രണയത്തിന്റെ വിസ്താരമേറിയ അനശ്വരമായ ലാൻഡ് സ്‌കേപ്പായി ഈ കവിതകളിൽ പ്രവർത്തിക്കുകയാണെന്നും ജോഖ വാദിക്കുന്നു.
പ്രണയ രക്തസാക്ഷിത്വമാണ് യഥാർഥ ജിഹാദെന്ന വിശ്വാസവും ഉദ്രി കാവ്യങ്ങളിൽ കാണാമെന്ന് ജോഖ വാദിക്കുന്നു. അതുകൊണ്ടാണ് മജ്?നു കഅ്ബയുടെ ദിശയിലേക്കു നോക്കി നമസ്‌ക്കരിക്കുന്നതിനു പകരം ലൈലയുടെ വീടിന്റെ ദിശയിലേക്കു നോക്കി പ്രാർഥിച്ചതെന്ന ഉദാഹരണവും അവർ ലൈല-മജ്നു കാവ്യത്തെ ഉദാഹരിച്ച്? പറയുന്നു. പ്രണയം ആരാധനയുടെ കേന്ദ്രത്തെ മാറ്റുന്നു. അതു കാമുകിയുടെ സാന്നിധ്യത്തിലേക്ക്? നോക്കുന്നു. ഉദ്രി കവിതാ പാരമ്പര്യം നടത്തുന്ന അട്ടിമറികളിലൊന്ന് ഇതാണ്.

ലെെലയും മജ്നുവും പാഠശാലയിൽ. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. നിസാമിയുടെ ലൈല മജ്‌നൂൻ മാനുസ്‌ക്രിപ്റ്റിൽ നിന്ന് (A.D. 1524-2) / Photo: Wikimedia Commons

പ്രണയ ജീവിതത്തിന്റെ അറേബ്യൻ പുസ്തകം എന്നു വിളിക്കാവുന്ന രചനയാണിത്. പ്രണയം വിലക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും പ്രണയ കവിതകളുണ്ടായിട്ടുണ്ട്. ലോകമെങ്ങും അത് കാണാം. പ്രണയത്തിനായുള്ള പൊരുതലാണ് അവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. അറബ്- ഇസ്?ലാമിക സമൂഹങ്ങളിലെ പ്രണയവും നിഷേധവും പൊരുതലും ബലിയുമെല്ലാം ഈ പുസ്തകത്തിന്റെ ഓരോ താളിലും നിറഞ്ഞു നിൽക്കുന്നു. ഈ വിഷയത്തെക്കുറിച്ചെഴുതുമ്പോൾ സാധാരണ അറബ് എഴുത്തുകാർ ദീക്ഷിക്കാറുള്ള വിലക്ക് മനോഭാവത്തിൽ നിന്നും പുറത്തു കടന്ന് എഴുതാൻ ജോഖ അൽഹാരിത്തിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ബുക്കർ സമ്മാനത്തിന് അവരെ അർഹയാക്കിയ 'സെലസ്റ്റിയൽ ബോഡീസ്' എന്ന നോവലിൽ സ്വന്തം നാടായ ഒമാനിലുണ്ടായിരുന്ന അടിമക്കച്ചവടത്തെക്കുറിച്ച് പറയാൻ കാണിച്ച ധീരത ഈ പുസ്തകത്തിൽ പ്രണയ കവിതകളെക്കുറിച്ച് എഴുതുമ്പോഴുമുണ്ട്- വി. മുസഫർ അഹമ്മദ് എഴുതുന്നു.

അവളുടെ ഉമിനീരിന്
വീഞ്ഞിന്റെ ഗന്ധവും തേനിന്റെ മധുരവും
വി. മുസഫർ അഹമ്മദ് എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 45

Comments