തട്ടുദോശ ചുടുന്ന ഈ കച്ചവടക്കാരിൽനിന്ന്​ ഗ്യാസ്​ കമ്പനികൾ കൊള്ളയടിക്കുന്നത്​ ഉപജീവനം

നീണ്ട കാലത്തെ അടച്ചിടലിൽ പൊറുതിമുട്ടിയ ചെറുകിട വ്യാപാരികൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തുമ്പോഴാണ് രാജ്യത്ത് പാചകവാതകത്തിന് നിയന്ത്രണമില്ലാതെ വിലകൂട്ടുന്നത്. കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടാവുന്നുമില്ല. കുതിച്ചുയരുന്ന ഈ വിലയിൽ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് തെരുവോര കച്ചവടക്കാരുൾപ്പെടെയുള്ളവർ. യാതൊരു നിയന്ത്രണവുമില്ലാതെ മാസന്തോറും കൂടിക്കൊണ്ടിരിക്കുന്ന ഗ്യാസ് വിലയിൽ നഗരകേന്ദ്രീകൃത കച്ചവടക്കാരുടെ ജീവിതം ചോദ്യ ചിഹ്നമാവുകയാണ്.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് നവംബറിൽ കൂട്ടിയത് 268 രൂപ. ഈ വർഷം മാത്രം വാണിജ്യ സിലിൻഡറിന് 400 ലധികം രൂപയാണ് കൂട്ടിയത്. ജൂൺ മാസത്തിൽ 1466 രൂപയുണ്ടായിരുന്നിടത്ത് നിന്ന് ഇപ്പോൾ 1994 രൂപയിലെത്തി നിൽക്കുന്നു. അത് വ്യാപാരികളിലേക്കെത്തുമ്പോൾ 2000 കടക്കും.

ചായയ്‌ക്കൊപ്പം ആസ്വദിച്ചു കഴിച്ച എണ്ണപ്പലഹാരങ്ങൾ ചായക്കടകളുടെ ചില്ല് അലമാരകളിൽ നിന്ന് അപ്രത്യക്ഷമാകാൻ അധികം വൈകില്ലെന്നാണ് ഗ്യാസ് വിലയുടെ കുതിപ്പ് കണ്ട് വ്യാപാരികൾ പറയുന്നത്. രണ്ടു കിലോ വീതം ബോണ്ടയും ബജ്ജിയും പിന്നെ ചായയും ഉണ്ടാക്കുകയാണെങ്കിൽ മൂന്നു ദിവസം മാത്രമാണ് 2,140 രൂപ നൽകി വാങ്ങുന്ന സിലിണ്ടറിന്റെ ആയുസ്. പണിക്കാരുടെ എണ്ണത്തിലും പലഹാരത്തിന്റെ എണ്ണത്തിലുമൊക്കെ കുറവ് വരുത്തി അതിജീവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗ്യാസ് ഉപയോഗിച്ചുള്ള വ്യാപാരം അനിശ്ചിതത്വത്തിൽ തന്നെയാണ്. എല്ലാ മാസവും വിലകൂട്ടുക എന്ന പതിവ് ഇനിയും ആവർത്തിച്ചാൽ കച്ചവടക്കാരുടെ ജീവിതത്തിന്റെ താളം പൂർണ്ണമായും തെറ്റും.

Comments