കശ്മീരിനെ അറിഞ്ഞ വർഷം,
മുസ്‌ലിം വിരുദ്ധ ചാപ്പ
കുത്തപ്പെട്ട വർഷം
കശ്മീരിനെ അറിഞ്ഞ വർഷം, മുസ്‌ലിം വിരുദ്ധ ചാപ്പ കുത്തപ്പെട്ട വർഷം
"2022- ലെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം രണ്ടു തവണയായി നടത്തിയ കശ്മീർ സന്ദർശനമായിരുന്നു. ആ യാത്രയിൽ ഏറിയ പങ്കും ഒറ്റക്കായിരുന്നു. കാശ്മീരികളെ ആഴത്തിൽ അടുത്തറിയാനും, അതോടൊപ്പം മാധ്യമ നിർമിതമായ, അതിനു ആധാരമാകുന്ന സ്ഥാപിത താത്പര്യങ്ങളെ വിശ്വസിക്കുന്നതിന്റെ പരിധിയെ നിശ്‌ചയിക്കാനും അതെന്നെ സഹായിച്ചു." - ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. എം. ലുഖ്മാൻ എഴുതുന്നു.
31 Dec 2022, 10:00 AM
ഒന്ന്: മറക്കാനാകാത്ത കശ്മീർ
കശ്മീർ യാത്രയെക്കുറിച്ചുള്ള ആലോചന തന്നെ, ഉള്ളിൽ ഭീതി നിറച്ച അനുഭവമായിരുന്നു. നമ്മൾ കേൾക്കുകയും മാധ്യമങ്ങളിലൂടെ വായിക്കുകയും ചെയ്യുന്ന കശ്മീർ, നിരന്തരം സംഘട്ടനങ്ങളുണ്ടാകുന്ന, വിദ്യാർഥികൾക്ക് സ്‌കൂളിലേക്കുള്ള പോക്ക് അസാധ്യമായ, എങ്ങും പട്ടാളം നിറഞ്ഞ്പൗരജീവിതത്തിന്റെ സൗഖ്യങ്ങൾ നഷ്‌ടമായ, അങ്ങനെ ശിഥിലമായ ഒരു ജീവിതാവസ്ഥയും എന്നാൽ അതീവമായി വശീകരിക്കുന്ന ഭൂപ്രകൃതിയുള്ള ഒരു നാടാണ്. കശ്മീരിലേക്കുള്ള യാത്ര ടൂറിസ്റ്റ് സ്ഥലങ്ങളിലൂടെയുള്ള കറക്കമാകരുത് എന്ന നിശ്ചയം, തീരുമാനം എടുത്തപ്പോഴേ ഉണ്ടായിരുന്നു.
എവിടേക്ക് യാത്ര പോകുമ്പോഴും എന്റെ ആദ്യ പരിഗണന, അവിടങ്ങളിലെ മനുഷ്യർ ജീവിക്കുന്ന ഇടങ്ങൾ മുൻവിധികളില്ലാതെ, പെട്ടെന്നുള്ള തിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തി സന്ദർശിച്ച്, അവരെ മനസ്സിലാക്കണം എന്നതാണ്. ഒരു ജനതയെ പൂർണമായി മനസ്സിലാക്കാൻ- അവരുടെ ചരിത്രം, കുടുംബ ബന്ധങ്ങൾ, ജാതീയ ശ്രേണി, സാമൂഹിക വികാസം തുടങ്ങിയവ- സമകാലിക മനുഷ്യരിലൂടെ കണ്ടും അനുഭവിച്ചും അറിയുക എന്നത് പ്രധാനമാണ്. പലപ്പോഴും വളരെ ഇൻഫോർമൽ സ്വഭാവമുള്ള അത്തരം അന്വേഷണങ്ങളിൽ നിന്നറിയുന്ന വിവരങ്ങൾ മൗലികമായിരിക്കും. സമകാലിക യാഥാർഥ്യങ്ങളെ കൃത്യമായി അനാവരണം ചെയ്യുന്നവയായിരിക്കും.
2022 - ലെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവം ഏപ്രിൽ -മെയ് മാസങ്ങളിലായി രണ്ടു തവണയായി നടത്തിയ കശ്മീർ സന്ദർശനമായിരുന്നു. ആ യാത്രയിൽ ഏറിയ പങ്കും ഒറ്റക്കായിരുന്നു. കശ്മീരികളെ ആഴത്തിൽ അടുത്തറിയാനും, അതോടൊപ്പം മാധ്യമനിർമിതമായ, അതിനു ആധാരമാകുന്ന സ്ഥാപിത താത്പര്യങ്ങളെ വിശ്വസിക്കുന്നതിന്റെ പരിധിയെ നിശ്‌ചയിക്കാനും അതെന്നെ സഹായിച്ചു.

ഇന്ത്യയിലെ സാംസ്‌കാരികമായ ഔന്നത്യം കൊണ്ട് ഏറ്റവും സവിശേഷമായി നിൽക്കുന്ന ജനസമൂഹങ്ങളാണ് കശ്മീരിലേത്. നൂറ്റാണ്ടുകൾക്ക് മുമ്പേ തുടർന്നുവരുന്ന ആചാര മര്യാദകൾ, നിർമാണരീതികൾ, ആരാധനാ വ്യവസ്ഥ, അതിഥിസൽക്കാര പ്രിയം, സഹജീവികളോടുള്ള സ്നേഹം എല്ലാം കശ്മീരികളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും തുടരുന്നു. ശ്രീനഗറിൽവെച്ച്, മാധ്യമ പ്രവർത്തക ഫൗസിയ തഹ്സീബുമായുള്ള ദീർഘ സംഭാഷണം, കശ്മീരികളുടെ സൂഫി പാരമ്പര്യത്തെകേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും. 13-ാം നൂറ്റാണ്ടിൽ ഏതാണ്ട് 700 സൂഫികൾ ഒരുമിച്ചു കശ്മീരിലേക്ക് കടന്നുവന്നു, മധ്യേഷ്യയിൽ നിന്ന്. അവർ കശ്മീരിന്റെ വിവിധ ഇടങ്ങളിൽ താമസമാക്കി. ചെന്ന ഇടങ്ങളിലെ മനുഷ്യർ അവരെക്കണ്ട് അതിശയിച്ചു. സൂഫി ലളിതജീവിതം കശ്മീരികളെ ആകർഷിച്ചു. സൂഫികളിൽ കവികളുണ്ടായിരുന്നു, കലാകാരൻമാരുണ്ടായിരുന്നു, വസ്ത്ര നെയ്ത്തു വിദഗ്ദരുണ്ടായിരുന്നു, നിർമാണ സിദ്ധിയുള്ളവരുണ്ടായിരുന്നു. അവരുടെ എല്ലാ കഴിവുകളും, കശ്മീരികളിലേക്ക് പകർന്നു. പതിയെ കശ്മീർ ഒരു സൂഫി ഭൂമികയായി പരിവർത്തിക്കുകയായിരുന്നു. സ്നേഹം മാത്രം, സ്നേഹം. എല്ലാവരെയും സ്നേഹിക്കുന്ന മനുഷ്യർ.

കശ്മീരിലെ വീടുകൾ, പള്ളികൾ, ദർഗകൾ- എല്ലാറ്റിനും അവരുടെ സ്വകീയ രീതികളാണ്. ആധുനികതയുടെ ഭ്രമം അവരിൽ വന്നിട്ടില്ല. എല്ലാം പാരമ്പര്യ വഴിയേ ആകാം എന്ന ബോധം. ലളിതമായ ജീവിതം. വർണങ്ങൾ ചേതോഹരമായി പൂശിയ ചുവരുകളാണ് വീടുകളുടേത്. പച്ചയും, ചുവപ്പും നീലയും എല്ലാം അവയിൽ കാണാം. പ്രകൃതിയോടിണങ്ങിയാണ് നിർമാണം. ലോറനിലും സോനാമാര്‍ഗിലേക്കുള്ള പാതക്കരികെയുള്ള ചെറുകുന്നുകളിലും എല്ലാം, ഭൂമിയുടെ ഘടനക്കൊത്തു നിർമിച്ച വീടുകൾ ധാരാളം കാണാം. ഭൂമിയെ അവർ സ്നേഹിക്കുന്നു. ഒരു ചേരുകഷ്ണം സ്ഥലം പോലും കൃഷിക്കായി എടുക്കുന്നു.
കശ്മീരിലെ ഒരു സായാഹ്‌നം ഓർക്കുമ്പോൾ ഇപ്പോഴും ദേഹമാകെ കുളിരു പെയ്യുന്നു. ശ്രീനഗറിനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന മഞ്ഞുമലകൾക്ക് കുറുകെയുള്ള പാതയാണ് "മുകൾ റോഡ്'. വർഷത്തിൽ നാലു മാസമേ അതു തുറക്കൂ, ചൂടുയരുന്ന സമയത്ത്. ആ സമയങ്ങളിലും മുഗൾ റോഡിൽ പലയിടത്തും കൂറ്റൻ മഞ്ഞുകട്ടകൾ കാണാം. ആദ്യ കശ്മീർ യാത്രയിൽ മുകൾ റോഡ് തുറന്നിരുന്നില്ല.

രണ്ടാം യാത്രയിൽ പ്രധാനപ്പെട്ടൊരു ആഗ്രഹമായിരുന്നു മുഗൾ റോഡ് വഴിയുള്ള യാത്രയും, അതിന്റെ ഉച്ചിയിൽ സ്ഥിതിചെയ്യുന്ന പീർ കി ഗലി സന്ദർശനവും. ജഹാംഗീർ ചക്രവർത്തിയുടെ കാലത്ത് ശൈഖ് അഹ്‌മദ് കരിം എന്ന സൂഫിവര്യൻ താമസിക്കുകയും ആരാധനകൾ നിർവ്വഹിക്കുകയും ചെയ്ത സ്ഥലമെന്ന നിലയിലാണിവിടെ പ്രശസ്തം. സൂഫികളുടെ ഖബറുകളോട് ചേർന്ന് നിൽക്കുന്ന, ശൈഖ് അഹ്‌മദ് കരിം ആരാധനകൾ നിർവ്വഹിച്ച സ്ഥലവും, ഒരു കൊച്ചു പള്ളിയുമാണ് ഇവിടെ. കശ്മീരിൽ ചൂടുയരുന്ന സമയമായതിനാൽ, ഓവര്‍കോട്ടൊന്നും കരുതാതെയായിരുന്നു ഇങ്ങോട്ടുള്ള യാത്ര.
ഹോ, പീര് കി ഗലി അടുക്കുംതോറും തണുപ്പ് ദേഹത്തെ പൊതിഞ്ഞു. മൈനസ് ഒന്നായിരുന്നുവത്രെ അന്നത്തെ ടെമ്പറേച്ചര്‍. മലമുകളിൽ നിന്നൊഴുകി വരുന്ന വെള്ളത്തിൽ നിന്ന് അംഗശുദ്ധി വരുത്താൻ ഏറെ ആയാസപ്പെട്ടു. തണുപ്പ് ദേഹത്തേക്ക് അരിച്ചിറങ്ങുന്നു. പള്ളിയിലേക്ക് നിസ്കരിക്കാനായി പ്രവശിച്ചപ്പോഴുള്ള അനുഭൂതി അപാരമായിരുന്നു. കശ്മീർ മലകളിൽ കാണുന്ന, കല്ലുകൾ പടുത്തുണ്ടാക്കിയ പള്ളി. പുറത്തുള്ളതിനേക്കാൾ ശക്തമായ തണുപ്പായിരുന്നു ഉള്ളിൽ. അതിനിടയിലുള്ള നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞു. അവിടെ ആരാധനക്കിരുന്ന സൂഫിയെ ഓർത്തുപോയി.
ശീതം, ജീവിതം അസാധ്യമാക്കിയപ്പോഴും, അല്ലാഹുവിനെ ഓർത്തുള്ള ധ്യാനങ്ങളിൽ മുഖരിതമായ മഹാമനീഷി ആയിരിക്കണം. പള്ളിയിൽ നിന്നിറങ്ങാൻ കൊതിയുണ്ടായിരുന്നില്ല. എന്നാൽ തണുപ്പ് എപ്പോഴും ശീലമുള്ള ഒരു കശ്മീരിക്ക് പോലും അതിനുള്ളിൽ അധിക നേരം ഇരിക്കാനാവുമായിരുന്നില്ല. പുറത്തിറങ്ങി, നേരെ സിയാറത്തിലേക്കു പ്രവേശിച്ചു.

ആ അനുഭവം ഇപ്പോഴും കോരിത്തരിപ്പുണ്ടാക്കുന്നു. കുട്ടിക്കാലത്തെപ്പറ്റിയുള്ള ഏറ്റവും മനോഹരമായ ഓർമ ആലിപ്പഴം പൊഴിഞ്ഞ ഒരു മഴക്കാലമാണ്. ഞങ്ങൾ അവ പൊറുക്കി വായിലേക്കിട്ടു, ശുദ്ധ ജലത്തിന്റെ സ്വാദ് ആസ്വദിച്ചു. അന്നാണ് ആദ്യം ഐസ് കാണുന്നത്. പിന്നീട് മുതിർന്നപ്പോഴും ആ ആലിപ്പഴ വർഷം സ്വപ്‍ന രൂപേണ, സുന്ദരഓർമകളായി മാറി. ഒരിക്കലും ആലിപ്പഴം കാണാൻ പിന്നെ പറ്റിയിരുന്നില്ല. പീര് കി ഗലിയുടെ കവാടത്തോട് ചേർന്നുനിന്ന് സന്ദർശനം നടത്തുമ്പോൾ, പെട്ടെന്ന് ഇരമ്പുന്ന ശബ്ദത്തോടെ കുഞ്ഞുകുഞ്ഞു ആലിപ്പഴങ്ങൾ ശരീരത്തിലേക്ക് വീണു. നനുനനുപ്പുള്ള കുഞ്ഞുവേദന. പനിപിടിക്കുമോ എന്ന പേടി കാരണം, കെട്ടിടത്തിന്റെ മേൽക്കൂരയുള്ള ഭാഗത്തേക്ക് ചേർന്നുനിന്നു ദുആ തുടർന്നു.

പീര് ഗി ഗലിയുടെ പരിസരമുള്ള 40 കി.മീ ഒരു വീട് പോലും കണ്ടില്ല. എല്ലാ കാലാവസ്ഥയിലും ജീവിക്കുന്ന നാടോടികളായ ഗുജ്ജറുകൾക്ക് പോലും അവിടെ വാസം അസാധ്യം. കശ്മീരിലെ ചൂടുകാലത്ത് ഇവിടെ ഇമ്മാതിരി തണുപ്പാണെങ്കിൽ, തണുപ്പുകാലത്ത് അവിടെയാകെ മഞ്ഞിൽ പൊതിഞ്ഞ, ഭൂമിയിൽ വിരിഞ്ഞ ആകാശമായിരിക്കും
യാത്രകൾ ഒരു ഭാഷയിൽ നിന്ന് വേറെയൊരു ഭാഷയിലേക്കുള്ള സഞ്ചാരം കൂടിയാണ്. അങ്ങനെ മോഹിപ്പിച്ച ഭാഷകളാണ് കശ്മീരിയും പേർഷ്യനും. കശ്മീരി ഭാഷ കേൾക്കുമ്പോൾ സുഖം നൽകുന്നൊരു താളം ഉണ്ടാകുന്നു. കശ്മീരിലെ എല്ലാ മനുഷ്യർക്കും ഈ ഭാഷ വശമാണ്. മുപ്പതിനും അൻപതിനും ഇടക്ക് പ്രായമുള്ള മിക്ക പേർക്കും കശ്മീരിയെ വശമുള്ളൂ. അതിനു മുകളിൽ പ്രായമുള്ളവരിൽ ചിലർക്ക് പേർഷ്യനും അറിയാം.

സ്വന്തം മണ്ണ് വിട്ടു പോകാൻ വലിയ വിഷമമാണ് കശ്മീരികൾക്ക്. അപ്രകാരം തന്നെ അവരുടെ ഭാഷയും. ഭാഷയെ അവർ ജീവത്മാവ് പോലെ ചേർത്തു പിടിക്കുന്നു. ഉപചാരവാക്കുകൾ പറയുമ്പോൾ, കുലീനമായ ആതിഥ്യത്തിന്റെ എളിമ ശബ്ദത്തിൽ കേൾക്കാം. യാത്ര പറയുമ്പോൾ, ഉള്ളിലെ സങ്കടം പതയുന്ന സ്വരവും ശൈലിയും. പല പള്ളികളിലും പ്രഭാത നിസ്കാരശേഷം കശ്മീരി ഭാഷയിലെ സൂഫി കവിതകൾ ചൊല്ലും. വിശ്വാസികൾ അതേറ്റു ചൊല്ലും. അനേകം കവിതകളും ഗദ്യ രചനകളും ഉള്ള ഭാഷയാണ് കശ്മീരി. ഇംഗ്ലീഷുമായി അവർക്കിടയിൽ ചെല്ലുമ്പോൾ, സ്വയം ചെറുതായ പോലെ തോന്നും. കശ്മീരിയും പേർഷ്യനും ഒക്കെ ലേശമെങ്കിലും പഠിക്കണം എന്നുണ്ട്. ഈ ജന്മത്തിൽ സാധ്യമാകുമോ ആവോ.
ശ്രീനഗറിലെ ഗുൽഷൻ ബുക്സിൽ നിന്ന് കശ്മീരി കവി, റസൂൽ മീറിന്റെ കവിതാസമാഹാരം വാങ്ങിയിരുന്നു. ഒരു പുറത്തിൽ കശ്‌മീരി ഭാഷയിലുള്ള മൗലിക രൂപവും മറുപുറത്തു ഇംഗ്ലീഷ് വിവർത്തനവും ആണ്. കശ്മീരിലെ മണ്ണും മനസ്സും നിറഞ്ഞ ഉപമകൾ അനേകമുള്ള ലളിത കവിതകൾ. ഇപ്പോഴും ഇടക്ക് ഞാനവ വായിക്കാറുണ്ട്.

രണ്ട്: സമുദായ വിരുദ്ധൻ എന്ന ലേബൽ
മുസ്‌ലിം വിരുദ്ധൻ, സംഘി എന്ന വിളി ഏറ്റവും കൂടുതൽ കേട്ട ഒരു വർഷമാണ് 2022. അതിനുള്ള നിമിത്തം, പോപ്പുലർ ഫ്രണ്ട് (ഇപ്പോൾ നിരോധിക്കപ്പെട്ടുവല്ലോ), ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളെ ദൈവശാസ്ത്രപരമായി വിമർശിക്കുമ്പോൾ, അവയ്ക്ക് മറുപടി നൽകാറല്ല പതിവ്, മറിച്ച്, പെട്ടെന്ന് പ്രചരിപ്പിക്കപ്പെടുംവിധം സമുദായ വിരുദ്ധൻ എന്ന ലേബൽ നൽകാറാണ്.
ആലപ്പുഴയിലെ പ്രകോപനമായ മുദ്രാവാക്യത്തിന്റെ സമയത്ത് മാതൃഭൂമി എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ എങ്ങനെയാണ് തിവ്രവാദ സ്വരങ്ങളും ശൈലികളും സമുദായത്തിനുള്ളിൽ രൂപപ്പെട്ടതെന്ന്, ദൈവശാസ്ത്രപരമായ മാനങ്ങളെ വെച്ച് എഴുതിയിരുന്നു. മുസ്‌ലിംകളുടെ പേരിലുള്ള തീവ്രവാദപ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഇരകൾ സമുദായത്തിലെ വിശ്വാസികൾ തന്നെയാണ് എന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രവണതകളെ കാണിച്ച് അതിൽ വിശദീകരിച്ചിരുന്നു. അതേത്തുടർന്ന്, മെസ്സേജുകളിലൂടെയും മറ്റും പോപ്പുലർ ഫ്രണ്ടുകാരുടെ സമുദായ വിരുദ്ധൻ എന്ന ചാപ്പ വന്നപ്പോൾ, എന്റെ തൊഴിലുമായി ബന്ധപ്പെട്ടു അവാസ്തവങ്ങൾ പ്രചരിപ്പിച്ചായിരുന്നു ജമാഅത്തെ ഇസ്‌ലാമി നേതൃരംഗത്തുള്ളവരുടെ അടക്കം പ്രതികരണങ്ങൾ.
ആ കാലത്ത്, ഏറെ ഇഷ്ടമുള്ള സമുദായത്തിനുള്ളിലും പുറത്തുനിന്നും ഉള്ളവർ ഫോൺ വിളിച്ചും മെസ്സേജുകളിലൂടെയും നൽകിയ പിന്തുണകൾ വളരെ വലുതായിരുന്നു. ജി.പി. രാമചന്ദ്രനെപ്പോലുള്ളവരെ ഓർത്തുപോകുന്നു. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളിൽ തീവ്രവാദത്തിന്റെ വേരുകൾ യഥാതഥമായി കാണിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിക്കാറുണ്ട്. ലോകപ്രശസ്ത ഇസ്‍ലാമിക പണ്ഡിതൻ ഡോ. സഈദ് റമസാൻ ബൂത്തിയെ സിറിയയിൽ വധിച്ചത്, പള്ളിയിൽ ഖുർആൻ ക്ലാസ് എടുക്കുമ്പോഴാണ്. സംവാദങ്ങളെ ഇവർ ഭയപ്പെടുന്നു.
മൂന്ന്: വായനാവർഷം
വായനകൾ ഏറെ നടന്ന വർഷമായിരുന്നു 2021 ലേത്. ആറു മാസം തൊഴിലുകളിൽ ഒന്നും ഏർപ്പെടാതെ വീട്ടിലിരുന്നും, യാത്രകൾ നടത്തിയും പുസ്തകങ്ങളുടെയും പഠനങ്ങളുടെയും കൂടെയായിരുന്നു. ഡൽഹിയിലെ അമേരിക്കൻ സെന്ററിന് കീഴിലുള്ള അമേരിക്കൻ ലൈബ്രറി, ബ്രിട്ടീഷ് ഹൈകമ്മീഷന് കീഴിലുള്ള ബ്രിട്ടീഷ് ലൈബ്രറി എന്നിവിടങ്ങളിലായി രണ്ടു മൂന്നു യാത്രകളിൽ ഒരു മാസത്തോളം ചെലവഴിക്കാനായി. ഇംഗ്ലീഷിന്റെ ആഴങ്ങളിലേക്ക് പോയ വായനക്കാലം കൂടിയായിരുന്നു അത്.
ജെയിംസ് ജോയ്സ്, ഹെമിങ്‌വേ, ആനി എർണോ, അബ്ദുറസാഖ് ഗുർണ, ബോർഹസ്, ചോംസ്കി എന്നിവരെയൊക്കെ സമഗ്രമായി വായിച്ച വർഷം കൂടിയായിരുന്നു ഇത്. ഭാഷയുടെ സൗന്ദര്യാത്മക തലത്തിലേക്ക് പോകുന്ന തരത്തിലുള്ള പുസ്തകങ്ങളും നിരവധി എണ്ണം പരിശോധിച്ചു. ഇംഗ്ലീഷ് സംഗീത ഭാഷയാണ്. ഭാഷയുടെ റിഥം അതിൽ പ്രധാനമാണ്. പ്രോസിലും പോയട്രിയിലും എല്ലാം. ഭാഷയുടെ റിഥം, മീറ്റർ എന്നിവയുമായി ബന്ധപ്പെട്ട ഡെറിക് അട്രിഡ്ജിന്റെ പഠനങ്ങൾ കനപ്പെട്ടവയാണ്.
അറബി ഭാഷയിലുള്ള വായനകളും നിരവധി നടത്താനായി. വിശേഷിച്ചും ഈജിപ്തിൽ നിന്നും ലബനാനിൽ നിന്നും വന്നിട്ടുള്ള അറബ് ഫിക്ഷൻ നോൺ ഫിക്ഷൻ എഴുത്തുകൾ. മതവും സാമൂഹിക രാഷ്ട്രീയ ജീവിതവും, അവയുടെ ഉള്ളിൽ അറബ് ലോകത്തു ഉണ്ടാകുന്ന ചലനങ്ങളും എല്ലാം വിവരിക്കുന്ന രചനകൾ ആയിരുന്നു അവ.
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Mar 10, 2023
6 Minutes Read
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read