ത്യാഗമല്ല, ബ്രിട്ടോക്കൊപ്പം ഞാൻ ജീവിതമാസ്വദിക്കുകയായിരുന്നു

''ലൈംഗികമായ ആനന്ദമില്ലാതെ ബന്ധങ്ങൾ മുന്നോട്ടുപോകില്ലെന്ന് സമൂഹം തീരുമാനിച്ചുകഴിഞ്ഞു. ആ സങ്കൽപത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ബ്രിട്ടോയുടെ ജീവിതത്തിലേക്ക് ഞാൻ കടന്നുവന്നത്'', സൈമൺ ബ്രിട്ടോയുടെ ജീവിത പങ്കാളി സീന ഭാസ്‌കറിന്റെ ചിന്തകളെയും തുറന്നുപറച്ചിലുകളെയും അടയാളപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകനായ എം.ജി. അനീഷ് ട്രൂകോപ്പി വെബ്സീനിലൂടെ.

Truecopy Webzine

പ്രണയത്തിന് നിലനിൽക്കാൻ മാംസളമായ ഭാവനകൾക്കുമപ്പുറത്ത് വലിയ ഇടങ്ങളുണ്ടെന്ന ബോധ്യമാണ് ബ്രിട്ടോയുമായുള്ള വിവാഹത്തിന് എനിക്കു ധൈര്യം തന്നത്. എന്നിട്ടും ഞാൻ കേട്ട ആരോപണങ്ങൾക്കതിരില്ല. ബ്രിട്ടോയുടെ ശാരീരിക കുറവുകൾ മറികടക്കാൻ ഞാൻ സുഖജീവിതം തേടുന്നുവെന്നൊരു പക്ഷം. കൃത്യം കാൽനൂറ്റാണ്ടിന്റെ ത്യാഗനിർഭരമായ എന്റെ ജീവിതത്തോട് സഹതപിച്ച മറുപക്ഷം, ഇതിനിടയിൽ ഏതെങ്കിലും വഴികളിൽ സഹായമായി വന്നൊരു ന്യൂനപക്ഷം.

ഇതിനിടയിലൂടെ ബ്രിട്ടോയും ഞാനും പിന്നെ നിലാവും ജീവിച്ചു. ലൈംഗികമായ ആനന്ദമില്ലാതെ ബന്ധങ്ങൾ മുന്നോട്ടുപോകില്ലെന്ന് സമൂഹം തീരുമാനിച്ചുകഴിഞ്ഞു. ആ സങ്കൽപത്തെ ചോദ്യംചെയ്തുകൊണ്ടാണ് ബ്രിട്ടോയുടെ ജീവിതത്തിലേക്ക് ഞാൻ കടന്നുവന്നത്. ഒരാൾക്കും സങ്കൽപ്പിച്ചെടുക്കാനാവാത്തൊരു തലത്തിൽ ഞാനും ബ്രിട്ടോയും തമ്മിലുള്ള ഹൃദയബന്ധം നിലനിന്നു. അതുകൊണ്ട് ആരോപണങ്ങളെ ഞാൻ അവഗണിച്ചു. എന്റെ സദാചാരബോധം ഒരുയർന്ന ബോധം തന്നെയാണ്. പക്ഷെ കുറ്റം പറയാനുള്ള ആരുടെയും അവകാശത്തെ ഞാൻ ചോദ്യംചെയ്തതുമില്ല.

ത്യാഗമല്ല, ബ്രിട്ടോക്കൊപ്പം ഞാൻ ജീവിതമാസ്വദിക്കുകയായിരുന്നു. ഒരർഥത്തിൽ ആർക്കും കഴിയാത്തൊരു ജീവിതമാണതെന്ന് തോന്നും. എനിക്ക് പതിച്ചുതന്ന സ്വാതന്ത്ര്യത്തിലല്ല കാൽനൂറ്റാണ്ട് ഞാൻ ബ്രിട്ടോക്കൊപ്പം ജീവിച്ചത്.
ഞാനറിയാത്ത സ്വാതന്ത്ര്യത്തിലേക്ക് ബ്രിട്ടോ സ്നേഹത്തോടെ
വരവേൽക്കുകയായിരുന്നു, അതിന്റെ എല്ലാ സാധ്യതകളോടും പരിമിതികളോടും.

ബ്രിട്ടോക്കൊപ്പം ജീവിക്കാനൊരുങ്ങുമ്പോൾ നേരിട്ട വെല്ലുവിളികൾ
തീക്ഷ്ണമായിരുന്നു. അഭിമാനക്ഷതം കൊണ്ട് അച്ഛൻ ആത്മഹത്യ ചെയ്യുമെന്നായി, അതുംകഴിഞ്ഞ് കമ്യൂണിസ്റ്റുകാരനായ അമ്മാവനുനേരെ തിരിഞ്ഞു. പിരപ്പൻകോട് മുരളി തന്റെ രാഷ്ട്രീയലാഭത്തിന് മരുമകളെ ഉപയോഗിക്കുന്നുവെന്നുപറഞ്ഞ് കയർത്തു. അച്ഛൻ അമ്മയെത്തല്ലുമെന്ന് പേടിച്ച് അമ്മമ്മ കൂട്ടിരിപ്പ് തുടങ്ങി. ഒരു വീട് അങ്ങനെ മരിച്ചു. അനിയത്തിയുടെ വിവാഹത്തിനും അമ്മ വെള്ള സാരിയുടുത്തു. എന്നെപ്പറ്റി ചോദിക്കുന്നവരോട് അച്ഛൻ ദേഷ്യപ്പെടും.

എന്റെ വീട്ടിൽ ഞാൻ മരിച്ചു. 21 വർഷങ്ങൾ, പല ജനനങ്ങൾ, മരണങ്ങൾ, വിവാഹങ്ങൾ... ഒന്നിലും ഞാനുണ്ടായില്ല.

സൈമൺ ബ്രിട്ടോ

പെറ്റുവളർത്തിയ രക്ഷിതാക്കളെ വേദനിപ്പിച്ചതെന്തിനെന്ന്? ആദ്യം ബ്രിട്ടോയുടെ അമ്മ ചോദിച്ചു. ആ ചോദ്യം ന്യായമാണെന്നെനിക്കും തോന്നി. അപ്പോഴും നായരുപെണ്ണിനെ മാമോദിസാ വെള്ളം കുടിപ്പിക്കുന്നതെങ്ങനെയെന്ന് പള്ളീലച്ചനോട് ചോദിക്കാനുള്ള ശ്രമം വിട്ടുകളഞ്ഞതുമില്ല. പക്ഷെ പിതാവ് അത്രയും കടന്നില്ല. ഭാവി ഇരുട്ടിലായ ബ്രിട്ടോയെപ്പോലൊരു പ്രതിഭക്ക് തുണയായി ഒരു പെണ്ണ് വന്നുവെന്ന സന്തോഷത്തിനപ്പുറം ഇവിടെ മറ്റൊന്നും വേണ്ടെന്ന നന്മയിൽ പള്ളീലച്ചൻ ഉറച്ചുനിന്നു. ജീവിതസാഹചര്യങ്ങൾ വേറെയായിരുന്നെങ്കിലും അവരെന്നെ സ്നേഹിച്ചു.

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം -
മഹാരാജാസിലെ ആ മരച്ചുവട്ടിൽ, സീനയെ ആദ്യമായി കാണുന്നു...| എം.ജി. അനീഷ്​

Comments