എഴുത്ത്​ മരണംവിളംബരം ചെയ്യുന്ന ഒന്നായി മാറി, തുടർഭരണത്തിൽ ഇടർച്ചയുണ്ട്​- എം. മുകുന്ദൻ

Truecopy Webzine

ന്ന് കേരളത്തിൽ സ്വതന്ത്രമായി എഴുതാനും ചിന്തിക്കാനും ബുദ്ധിമുട്ടാണെന്ന് എം. മുകുന്ദൻ. ‘‘ബ്രിട്ടീഷുകാരുടെ കാലത്തേക്കാൾ ഭീകരമായ സ്ഥിതിയാണെന്ന് എനിക്കുതോന്നുന്നു, അന്ന് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നു, എഴുത്തിന്റെയും ചിന്തയുടെയും കാര്യത്തിൽ. അന്ന് ഒരു ബ്രിട്ടീഷുകാരനും പറഞ്ഞുകാണില്ല, നിങ്ങൾ ഇങ്ങനെ എഴുതണം എന്ന്. ഇന്ന് ആരും പറയുന്നില്ലെങ്കിലും എഴുതാനിരിക്കുമ്പോൾ, മരണത്തിന്റെ പ്രതീകമായ കാലൻകോഴി കൂകുന്നതായി എഴുത്തുകാർ കേൾക്കുന്നു.''- ട്രൂ കോപ്പി വെബ്‌സീനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘‘എഴുത്ത് എന്നത് മരണം വിളംബരം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്. പ്രബുദ്ധരായ വായനക്കാരും പ്രബുദ്ധരായ സമൂഹവും പ്രബുദ്ധമായ ഭരണകൂടവുമെല്ലാമുള്ളതുകൊണ്ട് കേരളത്തിൽ നാം കുറച്ചുകൂടി സുരക്ഷിതരാണ്, എന്നാൽ, പൂർണമായും അല്ല താനും.''
‘‘ആന്തരികമായ ഭയം എഴുത്തുകാർക്കുണ്ട്. ചിലർക്ക് അതിനെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലൻകോഴി കൂവുന്നതായി എനിക്ക് തോന്നാറുണ്ടെങ്കിലും അവരെ അത്ര വിമർശിച്ചോ പ്രകോപിപ്പിച്ചോ ഞാൻ എഴുതിയിട്ടില്ല. ’’

ഇനി ഒരു എഴുത്തുകാരിക്ക്/ എഴുത്തുകാരന് വായനക്കാരെ സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്കുതോന്നുന്നില്ല. മുമ്പ്, എഴുത്തുകാർ ഒരുയർന്ന തലത്തിലാണ് നിന്നിരുന്നത്, വായനക്കാർ താഴെയായിരുന്നു. ഇപ്പോൾ അത് മാറി. ഇന്ന് വായനക്കാരും എഴുത്തുകാരും ഒരേ തലത്തിലാണുള്ളത്. അതാണ്, വായനയുടെ പരിസരത്തുണ്ടായ ഒരു മാറ്റം. അതുകൊണ്ട്, താൻ പറയുന്നത് മുഴുവൻ വായനക്കാർ സ്വീകരിക്കണം എന്ന് ശഠിക്കാൻ എഴുത്തുകാർക്ക് കഴിയില്ല.

‘‘‘ഡൽഹി ഗാഥകളി'ൽ പറയുന്നതിനേക്കാൾ കൂടുതലാണ് ഡൽഹിയിലെ ഇന്നത്തെ അവസ്ഥ. ന്യൂനപക്ഷ സമുദായങ്ങൾ ഒട്ടും സുരക്ഷിതരല്ല അവിടെ. അവർക്ക് ഒരു വാടകവീടുപോലും കിട്ടില്ല. റോട്ടിലൂടെ നടന്നുപോകുമ്പോൾ അവരെ സംശയത്തോടെ നോക്കും.''

‘‘നമ്മൾ കൂടെ നടക്കുന്നത് വിമർശിച്ചുകൊണ്ടായിരിക്കണം. വിയോജിപ്പ് പ്രകടിപ്പിച്ച് കൂടെ നടക്കണം. അവർ പറയുന്നത് കേട്ട്, അനുസരിച്ച് കൂടെ നടക്കുന്നതിൽ അർഥമില്ല. വിയോജിപ്പുകൾ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഞാൻ മുമ്പും കൂടെ നടക്കുന്നുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്, വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. അതാണ് ശരിയായ സഹയാത്ര.''- ഇടതുപക്ഷവുമായുള്ള ബന്ധത്തെക്കുറിച്ച് എം. മുകുന്ദൻ പറഞ്ഞു.
‘‘ഇടതുപക്ഷത്താണ് ഇപ്പോൾ കൂടുതൽ എഴുത്തുകാരുള്ളത്. എന്നാൽ, ഇപ്പോൾ ചോദ്യം ചെയ്യാതെ ഒപ്പം നിൽക്കുകയാണ്. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല, എങ്കിലും കേരളത്തിൽ അതാണ് ഇന്നത്തെ അവസ്ഥ. കൂടെ നടക്കുന്നത് നമ്മുടെ പ്രൊട്ടക്ഷനുവേണ്ടിയാകരുത്. ആശയപരമായും പ്രത്യയശാസ്ത്രപരമായും ചില മേഖലകളിലെങ്കിലും യോജിപ്പുകളുണ്ടാകണം. മുമ്പ് ഇടതുപക്ഷത്തെ എതിർത്ത ചില എഴുത്തുകാർ പോലും ഇന്ന് ഇടതുപക്ഷത്തോടൊപ്പം നടക്കുന്നുണ്ട്. അതിലൊരു സുരക്ഷിതത്വമുള്ളതുകൊണ്ടാണിത് സംഭവിക്കുന്നത്.''

‘‘കെ- റെയിൽ. ഒരു വിഭാഗം അത് വേണ്ട എന്നു പറയുന്നു, കുറെ പേർ വേണം എന്നും പറയുന്നു. ഞാൻ അതിന്റെ നടുവിലാണ് നിൽക്കുന്നത്. കാരണം, കേരളം മറ്റു സംസ്ഥാനങ്ങൾ പോലെയല്ല, ഭൂമിശാസ്ത്രപരമായി ഒരുപാട് മാറ്റങ്ങളുണ്ട്, ജനസാന്ദ്രതയുണ്ട്. അതുകൊണ്ട്, നിരവധി മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടിവരും. പ്രകൃതിക്കും മനുഷ്യനും പരിക്കേൽപ്പിക്കാത്ത വികസനമാണ് നമുക്കുവേണ്ടത്. അതിനുള്ള വഴി കണ്ടെത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്, വേണം എന്നോ വേണ്ട എന്നോ ഞാൻ പറയുന്നില്ല, പ്രശ്നം പഠിക്കുകയാണ് വേണ്ടത്.''

‘‘തുടർഭരണത്തിൽ ഇടർച്ചയുണ്ട്. ഏറ്റവും വലിയ ഇടർച്ച, ശൈലജ ടീച്ചറെ ഒഴിവാക്കിയതാണ്. അതാണ് എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്. മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചുകൊടുക്കുന്നതിലാണ് വലിയ പ്രശ്നങ്ങളുണ്ടായത്. ഉദാഹരണത്തിന്, വി. ശിവൻകുട്ടിക്ക് വിദ്യാഭ്യാസം കൊടുത്തത്. അദ്ദേഹം കഴിവുള്ളയാളായിരിക്കാം, എന്നാൽ, വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് യോജിച്ചതല്ല. നമുക്ക് ഇമേജിൻ ചെയ്യാൻ പറ്റുന്നില്ല.''

എഴുതാനിരിക്കുമ്പോൾ മരണത്തിന്റെ കാലൻകോഴി
കൂകുന്നതായി ഞാൻ കേൾക്കുന്നു
എം. മുകുന്ദൻ / കെ. കണ്ണൻ
വായിക്കാം, ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 57

Comments