മലബാർ സമരാഘോഷങ്ങളും വരേണ്യ സ്വഭാവമുള്ള മുസ്‌ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങളും

ഹിന്ദുവിരുദ്ധവും ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാർ സമരങ്ങൾ എന്ന പരമ്പരാഗത വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാർ സമരത്തെ അവതരിപ്പിക്കാനാണ് പരിവാർ ആഖ്യാനങ്ങൾ ദേശീയ തലത്തിൽ ഇപ്പോൾ ശ്രമിക്കുന്നത്.

Truecopy Webzine

ലബാർ സമരങ്ങളിലെ അല്ലെങ്കിൽ കലാപത്തിലെ ഹിന്ദുവും ജാതിയും എങ്ങനെ പ്രവർത്തിച്ചു എന്നത് സമകാലികമായി പ്രശ്നവൽക്കരിക്കേണ്ട പ്രധാന പ്രശ്നമാണെന്ന് സാംസ്‌കാരിക വിമർശകനും എഴുത്തുകാരനുമായ ഡോ. കെ.എസ്. മാധവൻ.

മലബാർ സമരങ്ങളിലെ ജാതിപ്രശ്നവും അടിമവിഷയവും എന്തായിരുന്നു? മാപ്പിള സമൂഹത്തിലെ ജാതി കീഴാളത്വം മാപ്പിള ചരിത്രങ്ങളിലും മലബാർ സമര ആഖ്യാന പാഠങ്ങളിലും എങ്ങനെ അദ്യശ്യമായി? മലബാർ ‘ലഹള'യിൽ ഏകതാനതയുള്ള ഒരു പൊതു ‘ഹിന്ദു' മതസമൂഹം നിലനിന്നിരുന്നുവെന്ന വാദം ചരിത്രപരമായി നിലനില്ക്കുന്നതാണോ? മാപ്പിള പോരാളികൾക്ക് മതം മാറ്റാനായി ഒരു പൊതു ഹിന്ദു സമുദായം നിലനിന്നിരുന്നുവെന്ന വാദം നിലനിൽക്കുന്നതാണോ എന്നത് ചരിത്രവൽക്കരിക്കേണ്ടതാണ്- ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു.

‘‘മലബാർ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകളും മറ്റും ആഘോഷിക്കുന്ന ചരിത്രഭാഷ്യങ്ങളുണ്ട്. മധ്യകാലം മുതൽ പാശ്ചാത്യാധിനിവേശങ്ങൾക്കെതിരെ പോരാടിയ ഒരു ചരിത്ര പാരമ്പര്യത്തിൽ കേരളത്തിലെ മുസ്‌ലിം സ്വത്വത്തെ നിർമിക്കുന്ന രീതിയിലാണ് ഈ ആഘോഷ ചരിത്രങ്ങൾ നിലനിൽക്കുന്നത്. പാശ്ചാത്യാധിനിവേശത്തിനെതിരായ മുസ്‌ലിം പ്രതിരോധത്തിന്റെ ഐതിഹാസികമായ അവസാന പോരാട്ട ഗാഥയായി 1921-നെ ആഘോഷിക്കുന്ന വിവിധ ചരിത്രഭാഷ്യങ്ങളുണ്ട്. ഹിന്ദുത്വ സമഗ്രാധിപത്യ വ്യവസ്ഥയിലേക്ക് ഭരണഘടനാ ജനാധിപത്യവും റിപ്പബ്ളിക്കൻ സെക്യുലർ ജനാധിപത്യവും കീഴ്പ്പെട്ടു പോയ സമകാലിക ഇന്ത്യനവസ്ഥയിൽ ന്യൂനപക്ഷ സമൂഹമായ മുസ്‌ലിം ജനതയുടെ കൊളോണിയൽ വിരുദ്ധ പാരമ്പര്യങ്ങളെ സമകാലീനമാക്കുന്നത് ഒരു രാഷ്ടീയ പ്രക്രിയയായി കാണുന്ന സമീപനം ഇത്തരം ആഘോഷ ചരിത്രഭാഷ്യങ്ങൾക്കുണ്ട്. ബ്രിട്ടീഷുകാർ ടിപ്പുവിനെ പറ്റിയും മലബാറിലെ മാപ്പിളമാരെപ്പറ്റിയും നിർമിച്ച മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങളും വിവരണങ്ങളും പിന്തുടരുന്നവർ എക്കാലത്തും മലബാറിലെ മുസ്‌ലിംകളെ മുൻനിർത്തി ഇസ്‌ലാം പേടിയെ നിർമിച്ചിരുന്നു. ഇതിനെ ചരിത്രപരമായും രാഷ്ട്രീയമായും അഭിമുഖീകരിക്കാൻ മലബാറിനെ കേന്ദ്രമാക്കി നിലനിൽക്കുന്ന കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക നേതൃത്വം ശ്രമിച്ചിട്ടുണ്ട്.

മലബാറിലെ മുസ്‌ലിം സംഘടനാ നേതൃത്വങ്ങൾക്ക് പോർച്ചുഗീസ് കാലഘട്ടം മുതൽ 1921-ലെ മലബാർ സമരം വരെയുള്ള പാശ്ചാത്യാധിനിവേശവിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ സമരങ്ങളെ മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തെ നിർമിച്ച പ്രധാന പ്രതിരോധ സംസ്‌ക്കാരമായി നിലനിർത്തേണ്ടത് ആവശ്യമായിത്തീരുന്നു. എന്നാൽ കൊളോണിയലിസത്തിനെതിരായ മാപ്പിളമാരുടെ പ്രതിരോധ സംസ്‌കാരം മുസ്‌ലിം അപരത്വത്തെ സ്വയം നിർമിക്കുന്ന സ്വത്വ കെണിയായി മാറുന്ന സാംസ്‌കാരികവും മതപരവുമായ ചരിത്രമുൻവിധികൾ ഇത്തരം ആഘോഷ ആഖ്യാനങ്ങളിൽ ചരിത്ര ഭാരമായി ഉൾവഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിനിധാനങ്ങളെ പ്രതിരോധിക്കാനുള്ള ചരിത്ര വിഭവങ്ങളെ ജ്ഞാന സംവാദങ്ങളുടെ അടിത്തറയാക്കാൻ വരേണ്യ സ്വഭാവമുള്ള പല മുസ്‌ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങൾക്കും കഴിയുന്നില്ല. ഇത് മലബാർ സമരങ്ങളെ മുൻനിർത്തി മാപ്പിളമാരെ സാമുദായിക അസ്തിത്വ കെണിയിൽ കുരുക്കിയിടുന്ന പ്രതിവ്യവഹാരങ്ങളെ കൂടി ഉത്പാദിപ്പിക്കുന്നു.

ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

ഈ പ്രതിസന്ധിയെ ബൗദ്ധികമായും സാംസ്‌കാരികമായും എങ്ങനെ മറികടക്കാം എന്നത് പ്രധാനമാണ്. ഈ പ്രശ്നത്തെ മുൻനിർത്തി ആലോചിക്കുമ്പോൾ കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്‌ലിംകൾ ഏതുതരം മുസ്‌ലിംകളാണ് എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരും. ഏതുതരം മുസ്‌ലിംകളാണ് മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നേരിട്ട് പോരാളികളായി പങ്കെടുത്തത്? കലാപകാരികളുടെ കീഴാളസ്വത്വം ജനവംശീയമായും കീഴാള രാഷ്ട്രീയമായും അടയാളപ്പെടുത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾ സമകാലികമായി പ്രസക്തമാക്കികൊണ്ടാണ് 1921-ലെ മലബാർ സമരങ്ങളുടെ ഒരു നൂറ്റാണ്ട് പിന്നിടുന്നത്- ഡോ. മാധവൻ എഴുതുന്നു.
""മലബാർ സമരങ്ങളെ ചുറ്റിപ്പറ്റി ഇസ്‌ലാം പേടി എങ്ങനെ വികസിച്ചു വന്നു എന്നതും അയിത്തജാതികളും ജാതി അടിമകളും ഉൾപ്പെടുന്ന ഒരു പൊതു ഹിന്ദുമതം മലബാർ സമരകാലത്ത് നിലനിന്നിരുന്നു എന്ന വാദവും പാരസ്പര്യപ്പെട്ട് നിർമിക്കപ്പെട്ടതാണ്.''

‘‘ഹിന്ദുവിരുദ്ധവും ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാർ സമരങ്ങൾ എന്ന പരമ്പരാഗത വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാർ സമരത്തെ അവതരിപ്പിക്കാനാണ് പരിവാർ ആഖ്യാനങ്ങൾ ദേശീയ തലത്തിൽ ഇപ്പോൾ ശ്രമിക്കുന്നത്. ഹിന്ദുക്കളെ വംശഹത്യ നടത്തിയതും മതപരിവർത്തനം നടത്താൻ ലക്ഷ്യമിട്ടതുമായ ലഹളകളായിരുന്നു മലബാർ സമരങ്ങൾ എന്നതാണ് ഈ ആഖ്യാനങ്ങളുടെ സ്വഭാവം. സമകാലിക മലപ്പുറം ജില്ല മുസ്‌ലിം ഭൂരിപക്ഷമുള്ള പീഡിത ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശമായി സ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരം നിരന്തരം ദേശീയമായി നിലനിർത്തുന്നത് ഈ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ്. വംശഹത്യക്കിരയായ ഹിന്ദു എന്ന നിർമിതിയിലൂടെ മുസ്‌ലിം സമൂഹത്തെ രാഷ്ട്രീയ അപരരായി സ്ഥാനപ്പെടുത്തുകയാണ് ലക്ഷ്യം.''

സൗജന്യമായി വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 31 -ൽ
മലബാർ സമരങ്ങളിലെ പോരാളികൾ ഏതുതരം മുസ്‌ലിംകളാണ്?
ഡോ. കെ.എസ്. മാധവൻ എഴുതിയ ലേഖനം


Comments