ഷീജ വിവേകാനന്ദന്റെ മൂന്ന് അടുക്കളക്കവിതകൾ

മൂന്ന്​ അടുക്കള കവിതകൾ

1

നീയിങ്ങനെ മലർന്നു കണ്ണടച്ച് ശാന്തമായി കിടക്കുന്നതു കാണാൻ
രാത്രിയുടെ ഒടുവിൽ അടച്ച വാതിൽ തുറക്കുമ്പോൾ
നിന്റെ ചുരുൾമുടിക്കൂട്ടിൽ
മുട്ടയിട്ട് പല്ലികൾ;

ആനന്ദനൃത്തമാടുന്ന പാറ്റകൾ

വാ തുറന്നു ശ്വസിക്കുന്ന
പാത്രങ്ങൾക്കിടയിലൂടെ
എലികൾ ചാടി മറിയുന്നതും
വാൽക്കണ്ണെഴുതിയ
മരത്തവളയുടെ
ചുമർചിത്രവും

ചോണനുറുമ്പുകളുടെ ഒളിയും
ചിലന്തികളുടെ ധൃതിയും

നിന്നെ നീയാക്കുന്നത്
അറിയുമ്പോൾ
പകൽത്തിരക്കിന്റെ വൃത്തിയിൽ
ഞാനും ഒളിച്ചിരിക്കുന്നു

2

നിന്റെ രാത്രിസഞ്ചാരം
ഞാൻ അറിയുന്നുണ്ട്

കിളിവാതിലിന്റെ
ഇത്തിരിച്ചതുരത്തിലൂടെയോ
ഈ വരത്തു പോക്ക്

രാത്രിയുടെ
രാസമാറ്റത്തിൽ
നിനക്ക്
ചിറക് മുളയ്ക്കുന്നതും
നിശാശലഭങ്ങളുടെ
ചിറകിലേറി
മുറ്റത്തെ
മൂവാണ്ടൻ പടർപ്പിൽ
ചിറകൊതുക്കുന്നതും
കാണാക്കാഴ്ചകൾ
കണ്ടു മദിച്ച്
പുളിയനുറുമ്പിന്റെ
തോളിൽ കയ്യിട്ട്
പുലർവെട്ടത്തിൽ
തിരിച്ചെത്തുന്നതും

അതുകൊണ്ടല്ലേ
പുലർച്ചെ
നിനക്കിത്ര പുളിമണം

3

വീടിനുള്ളിൽ
എന്നും
അടച്ചിരുന്നിട്ടോ
നിനക്കിത്ര
കലിപ്പ് ?

ജനാലകൾ
തള്ളിത്തുറന്നും
വെള്ളം ചീറ്റിച്ചും
പ്രതിഷേധിക്കുന്നത് ?

വല കെട്ടിയാടുന്ന
ചിലന്തിക്കുഞ്ഞുങ്ങളെ
അടിച്ചോടിക്കുന്നത് ?

തലകുത്തി വീഴുന്ന പാത്രങ്ങൾ
വക്കു ചളുങ്ങി
ക്കരയുമ്പോൾ
അതിലേറെ
മുഖം കോട്ടുന്നത്

ചോറും കറിയും മറിച്ചിട്ടും
അരപ്പളവുകൾ തെറ്റിച്ചും
കോമാളിയാകുന്നത്

നിന്റെ നനഞ്ഞ മുഖം
ഒരിക്കലും തെളിയില്ലെന്നോ ?
നിന്റെ മാറിലെ
ബലയും അതിബലയും
തുറന്നു തരില്ലെന്നോ ?

മടിക്കുത്തിലെ
താക്കോൽക്കൂട്ടം
കളഞ്ഞു പോയെന്നോ ?

Comments