27 Aug 2020, 10:00 AM
യാദ് വാശെം [1]
സാധ്യമായ എല്ലാ ദിശകളില്‍ നിന്നും
മനുഷ്യചരിത്രം ഇടിച്ചുകയറി ഇടപെട്ട
ജീവിതങ്ങളിലൊന്ന് എന്നാണ്
അലക്‌സാണ്ടര്‍ ട്രാക്റ്റന്‍ബെര്‍ഗ്
തന്റെ ജീവിതത്തെപ്പറ്റി ചിരിക്കുക.
സോവിയറ്റ് യൂണിയന്‍ ഇടിഞ്ഞ് പൊളിഞ്ഞപ്പോള്‍
പത്തില്‍ത്താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയും കൊണ്ട്
ഉക്രെയിനില്‍ നിന്ന് ഇസ്രയേലിലേക്ക് [2]
ഓടിവന്നവരാണ് അലക്‌സിന്റെ അച്ഛനുമമ്മയും.
അലക്‌സ് എന്റെ സഹപ്രവര്‍ത്തകനായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള രണ്ടുപേര്‍
റിസര്‍ച്ച് ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍
ഒഴിവുസമയങ്ങളിലെല്ലാം
നൃത്തം ചെയ്യുന്നവരാണോ അവര്‍?
എന്നത്രേ അവന്റെ അമ്മ ചോദിച്ചത്.
സോവിയറ്റ് യൂണിയനില്‍
ഹോളിവുഡ് സിനിമകള്‍ ഇല്ലാതിരുന്നതിന്റേയും
ഹിന്ദി സിനിമകള്‍ ആവേശമായിരുന്നതിന്റെയും
കൊടുമ പറഞ്ഞ് അലക്‌സ് ചിരിച്ചുമറിഞ്ഞു.
കണിശവും നിര്‍ദ്ദാക്ഷിണ്യവുമായ നര്‍മ്മബോധം
മാതാപിതാക്കളില്‍ നിന്ന് വന്നതാണവനെന്ന്
എളുപ്പത്തില്‍ മനസ്സിലാവുമായിരുന്നു.
രാജ്യത്തിന്റെ രണ്ടുഭാഗങ്ങളില്‍ നിന്ന്
സൈബീരിയക്കടുത്തൊരു വിദൂരതയിലേക്ക്
സ്റ്റാലിന്‍ നാടുകടത്തിയതുകൊണ്ട് കണ്ടുമുട്ടിയതും
പരസ്പരം പറഞ്ഞ തമാശകള്‍ കൊണ്ട് ഷോക്കടിച്ച്
പ്രേമത്തിലായതുമൊക്കെ അലക്‌സിന്റെ അച്ഛനുമമ്മയും
പിന്നീടൊരിക്കല്‍ പറയുകയുണ്ടായി,
തമാശയിലുള്ളത്ര വീര്യമുള്ള ജീവവായു
വേറെയെവിടെയുമുണ്ടാവില്ലെന്ന്
കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കണ്ണുനിറഞ്ഞുകൊണ്ട്.
സംഭവിച്ചുതീര്‍ന്ന കാര്യങ്ങളില്‍ നിന്ന്
ഉണ്ടായി വരുന്നതാകയാല്‍
ചരിത്രത്തിന് തമാശയാവാതെ വഴിയില്ല എന്ന്
അലക്‌സിന് ഒരു സിദ്ധാന്തമുണ്ട്;
വീഴാന്‍ പോകുന്ന ഒരാള്‍ അടിയന്തരാവസ്ഥയും
വീണുകഴിഞ്ഞ ഒരാള്‍ തമാശയുമാണെന്നുള്ള
ഉദാഹരണം സഹിതം.
ചരിത്രം എല്ലായ്‌പ്പോഴും തമാശയല്ലെന്ന്
ചിലപ്പോഴൊക്കെ തോന്നിക്കുന്ന ഒരിടമുണ്ട്,
ജെറുസലേമിലാണ്, നമുക്ക് ഒന്നിച്ച് പോവാം എന്ന്
ഒരു ദിവസം അവന്‍ ആത്മവിമര്‍ശകനായി.
യാദ് വാശെമിലേക്ക് പോകും വഴി ട്രെയിനിലിരുന്ന്
ഹിറ്റ്‌ലറെപ്പറ്റി എന്ത് വിചാരിക്കാനാണ്
അവന്റെ വീട്ടില്‍ പഠിപ്പിച്ചിരുന്നതെന്ന് പറഞ്ഞു:
ഒരു മനുഷ്യനാണ് എന്ന് അര്‍ത്ഥം വരുന്നവിധത്തില്‍
ഹിറ്റ്‌ലര്‍ എന്ന പദം വാക്യത്തില്‍ പ്രയോഗിക്കരുത്
എന്നായിരുന്നു അവര്‍ക്കുള്ള നിഷ്ഠ;
മനുഷ്യരായിരുന്നുകൊണ്ട്
അങ്ങനെയൊക്കെ സാധ്യതകളുണ്ടെന്ന്
അംഗീകരിച്ചുകൊണ്ടുള്ള ഏതൊരാലോചനയും
മനുഷ്യര്‍ എന്ന വാക്കിന്റെ എല്ലാ അര്‍ത്ഥങ്ങളെയും
മൂന്ന് കാലങ്ങളിലും റദ്ദ് ചെയ്യും എന്ന ന്യായത്തില്‍.
യാദ് വാശെമില്‍,
മനുഷ്യര്‍ മനുഷ്യര്‍ക്ക് വേണ്ടി തീരുമാനിച്ച മരണങ്ങളുടെ
മഹാസ്മാരകത്തിന്റെ ഇരുട്ടുതണുപ്പിടനാഴികളിലൂടെ
പൂര്‍ത്തിയാവാതെപോയ ജീവിതങ്ങളുടെ
വാക്കുകളും ദൃശ്യങ്ങളും ശബ്ദങ്ങളും
പ്രതീക്ഷകളും പ്രാര്‍ത്ഥനകളും പോരാട്ടങ്ങളുമേറ്റ്
ഇഴഞ്ഞുനിരങ്ങിയസ്തപ്രജ്ഞരായ് നടക്കവെ
ഭാഷ പോലും ഞങ്ങളെ അനാഥരാക്കി.
അവിടെയെത്തും വരെ ചിലച്ചുകൊണ്ടിരുന്ന ഞങ്ങള്‍
അതിനകത്ത് മൗനം എന്നുപോലും വിളിക്കാന്‍ പറ്റാത്ത
നിശ്ശബ്ദതയില്‍ പുതഞ്ഞു.
വാക്കുകളില്‍ സംഗീതമുണ്ട് എന്നുപറയുമ്പോലെ
മനുഷ്യരില്‍ ഹിംസയുണ്ട് എന്ന്
അടുത്ത് നിന്നൊരാള്‍ അയാളുടെ പങ്കാളിയോട്
പിറുപിറുത്തത് ഞങ്ങള്‍ രണ്ടാളും കേട്ടു.
പുറത്തിറങ്ങി ശ്വാസമെടുത്ത ശേഷം
അവനവനിലേക്ക് തിരിച്ചുവരാനുള്ള ഉപായമെന്ന രീതിയില്‍
ആ കെട്ടിടത്തെയും ഞങ്ങളെയും കുറിച്ച് അപ്പോള്‍ തോന്നുന്ന
ഉപമകള്‍ എന്തൊക്കെയാവാം എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു:
i) ഭൂമിയോളം വലിപ്പമുള്ള ഒരു ഹിംസ്രജന്തുവിന്റെ
പല്ല് പറിച്ചെടുത്ത് വെച്ചതുപോലെ
ii) ആള്‍പ്പാര്‍പ്പിന് യാതൊരു സാധ്യതയുമില്ലെന്ന് വിചാരിച്ച
കൊടുംകാടിന്റെ ഏറ്റവും ഉള്‍ഭാഗത്ത് നടന്നെത്തിയപ്പോള്‍
അവിടെയൊരു ചവറ്റുകൊട്ട കണ്ടതുപോലെ
iii) ഇരുന്നിരുന്ന് തരിച്ചിടത്ത് ചരിത്രം
നമ്മളെയെടുത്ത് മാന്തിനോക്കിയതുപോലെ
- എന്നൊക്കെയും, പിന്നെ ഇപ്പോള്‍ ഓര്‍മ്മയിലില്ലാത്ത
വേറെ എന്തൊക്കെയോ വിചിത്രഭാവനകളായും.
ഒരു ഭാവനയും ഞങ്ങളുടെ ഉള്ളിലുറഞ്ഞുകൂടിയ
മാരകഭാരങ്ങളെ അലിയിക്കാന്‍ തികഞ്ഞില്ല
തിരികെയുള്ള ട്രെയിനിലിരുന്ന് അലക്‌സിനോട് ഞാന്‍
ക്യാപ്റ്റന്‍ ഇഗോര്‍ ബക്കുനിന്റേയും
ഗോവിന്ദന്‍കുട്ടിയുടെയും [3] കഥപറഞ്ഞു.
ബഹിരാകാശത്തുവെച്ച് അവര്‍ക്ക് രാജ്യമില്ലാതായപോലെ
നമ്മുടെ ഈ ട്രെയില്‍ ലോകത്തുനിന്ന് വേര്‍പെട്ടാലോ
എന്ന് ചിരിക്കാന്‍ ശ്രമിച്ചു.
അമ്മ ഇന്ത്യക്കാരെപ്പറ്റി ചോദിച്ച തമാശയ്ക്ക് ഒരു പാരഡി
അലക്‌സിന് അപ്പോള്‍ തോന്നി:
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം
ഭൂമിയില്‍ മനുഷ്യജീവിതം അവശേഷിക്കുമെങ്കില്‍
സമയം കിട്ടുമ്പോഴൊക്കെ നമ്മള്‍
അന്യോന്യം കൊല്ലുകയായിരുന്നുവെന്ന്
ചരിത്രത്തില്‍ കുട്ടികള്‍ക്ക് പഠിക്കാമല്ലോ എന്ന്
അവന്‍ സങ്കടമുള്ള ഒരു ചിരി ചിരിച്ചു.
അലക്‌സ്,
നമ്മള്‍ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും കൊന്നില്ല
എന്നതിന് തെളിവായി ഞാനീവരികളിപ്പോള്‍
ഇവിടെയെഴുതിയിടുന്നു എന്നുപറയുകയാണെങ്കില്‍
കവികള്‍ക്കുള്ളത്ര നര്‍മ്മബോധത്തിന്റെ ദാരിദ്ര്യം
വേറെയാര്‍ക്കുമില്ലെന്ന പഴയ കമന്റ്
നീ വീണ്ടും പറയുമെന്നെനിക്കറിയാം.
[1] യാദ് വാശെം: ഇസ്രയേലില്‍ ജെറുസലേമിലെ ഹോളോകോസ്റ്റ് മ്യൂസിയം
[2] ലോകത്ത് എവിടെ ജനിച്ച യഹൂദരെയും ഇസ്രയേല്‍ അവരുടെ പൗരരായി പരിഗണിക്കുന്നു. യഹൂദ സ്വത്വം തെളിയിച്ചാല്‍ അവര്‍ക്ക് ഇച്ഛാനുസരണം ഇസ്രയേലിലേക്ക് കുടിയേറാം.
[3] നാലാം ലോകം - എന്‍. എസ്. മാധവന്റെ കഥ.
സുജീഷ്
30 Aug 2020, 11:50 PM
നല്ല കവിത
Nidhin VN
29 Aug 2020, 08:23 AM
Good one
K. Sahadevan
28 Aug 2020, 10:07 AM
"മനുഷ്യരായിരുന്നുകൊണ്ട് അങ്ങനെയൊക്കെ സാധ്യതകളുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുള്ള ഏതൊരാലോചനയും മനുഷ്യര്‍ എന്ന വാക്കിന്റെ എല്ലാ അര്‍ത്ഥങ്ങളെയും മൂന്ന് കാലങ്ങളിലും റദ്ദ് ചെയ്യും" You said it.... Dear.
രാജേഷ്.എസ്. വള്ളിക്കോട്
28 Aug 2020, 01:51 AM
ഗംഭീരം. മൗത്തിനുുപ്പുറമുള്ള നിശബ്ദതയിൽ പുതഞ്ഞിരുന്ന് വീണ്ടും വീണ്ടും വായിച്ചു.
M Faizal
27 Aug 2020, 03:49 PM
ശക്തം. ചരിത്രം. കവിത.
മനോജ് കുമാർ
27 Aug 2020, 12:46 PM
അശാന്തിയുടെ സൂചിമുനകൾകൊണ്ട് സീൽക്കാരം നനച്ചെടുക്കുമ്പോൾ വിഷലഹരി വളരെമെല്ലെ ഒപ്പിയെടുക്കുന്നുണ്ട്..
വി.കെ. ബാബു
Jan 28, 2023
8 minutes read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മിനി ആലീസ്
27 Aug 2021, 07:01 AM
മനുഷ്യരിൽ ഹിംസമുണ്ടെന്ന് ചരിത്രം എല്ലായ്പ്പോഴും ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആ കഠിന സത്യത്തെ കവിതയിൽ അനുഭവിപ്പിക്കുന്നു.