കാണി; ഡോ. ജൂലിയാ ഡേവിഡിന്റെ കവിത

കാണലിന്റെ
നീലവലയങ്ങളിൽ
കാണി,
കാഴ്ച്ചയെഴുത്തുകൾ
നടത്തും.

Spring

ചിത്രവാതിൽ
തുറന്ന്,
മഞ്ഞു പാറുന്ന
നീലജലത്തിലൂടെ
തുഴഞ്ഞു നീങ്ങിയാൽ
ബുദ്ധനെ കാണാം.
വസന്തം
അവിടെ ഒരു
കൊച്ചു കുട്ടിയാണ്.

Summer

ചിത്രവാതിൽ
തുറന്ന്,
തെളിഞ്ഞ
വെള്ളത്തിലൂടെ
തുഴഞ്ഞു നീങ്ങിയാൽ
ബുദ്ധനെ കാണാം.
വെള്ളം
വെള്ളം കൊണ്ട്
ഇക്കിളിപ്പെടുന്നത്
അവിടെയാണ്.

Fall

ചിത്രവാതിൽ
തുറന്ന്,
മഞ്ഞച്ച
വെള്ളത്തിലൂടെ
തുഴഞ്ഞു നീങ്ങിയാൽ
ബുദ്ധനെ കാണാം.
വെള്ളത്തിനു മുകളിലെ
മഞ്ഞനാളങ്ങളിൽ,
ബുദ്ധൻ
എരിഞ്ഞു തീർന്നത്
അവിടെയാണ്.

Winter

ചിത്രവാതിൽ
തുറന്ന്,
മഞ്ഞിലൂടെ നടന്നു
തീർത്താൽ ബുദ്ധനെ
കാണാം.
മഞ്ഞുകട്ടകളിൽ
ബുദ്ധനെ
കൊത്തിയെടുക്കാം.
അരയിൽ ഉരൽ കെട്ടി,
മലയ്ക്കു മുകളിൽ കയറാം.

And Spring

ചിത്രവാതിൽ
തുറന്ന്,
മഞ്ഞു പാറുന്ന
നീലജലത്തിലൂടെ
തുഴഞ്ഞു നീങ്ങിയാൽ
വീണ്ടും
ബുദ്ധനെ കാണാം.
കല്ലുകെട്ടലിന്റെ
കാണാപ്പുറങ്ങളിലേക്ക്,
മനുഷ്യനിലേക്ക്
വസന്തം
വീണ്ടുo, പിറക്കുന്നു.
ബുദ്ധൻ
അവിടെ
കാണിയാകുന്നു.

(കിം കി ഡുക്കിന്റെ Spring, Summer, Fall, Winter... and Spring എന്ന സിനിമയ്ക്ക് സമർപ്പണം.)


Comments