നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിമാരിൽ ആരാണ്​ സത്യമായും മമ്മൂട്ടി?

മമ്മൂട്ടി മലയാളിയുടെ തനിപ്പകർപ്പാണ്. സ്റ്റേജിൽ നിലവിളക്ക് തെളിയിക്കാൻ തയ്യാറാവാത്ത മുസ്​ലിം ലീഗ് മന്ത്രിയോട് പരസ്യമായി ദേഷ്യപ്പെടുന്ന സെക്യുലറിസ്റ്റായി അയാൾ നമുക്ക് മുൻപിൽ പ്രത്യക്ഷനാവുന്നു. അതേസമയം തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ പാർവതിയെ ആരാധകർ സോഷ്യൽ മീഡിയയിൽ ആക്രമിക്കുമ്പോൾ അസാന്നിദ്ധ്യത്തിലൂടെ മമ്മൂട്ടിയിലെ താരം വെളിവാക്കപ്പെടുന്നു

രു ചെറിയ കഥ പറഞ്ഞു കൊണ്ട് തുടങ്ങാം. കോളേജിൽ പഠിക്കുന്ന കാലത്ത് മുഹമ്മദ് കുട്ടിയ്ക്ക് തോന്നി തന്റെ പേരിന് അത്ര ഗമ പോരെന്ന്. പേരു ചോദിച്ചപ്പോൾ തന്റെ പുതിയ സുഹൃത്തുക്കളോട് അയാൾ കളവു പറഞ്ഞു ‘അബ്ദുൾ ഖാദർ’. അങ്ങനെ ‘സ്റ്റൈലൻ’ പേരുമായി അയാളങ്ങനെ വിലസുന്ന കാലത്താണ് ഒരിക്കൽ ബസ്സിൽ വെച്ച് ആ അത്യാഹിതം സംഭവിക്കുന്നത്. എസ്.ടി. കൺസഷൻ കിട്ടാൻ കണ്ടക്ടർക്ക് കൈമാറിയ സ്റ്റുഡന്റ് ഐഡി കാർഡ് താഴെ വീണു. എടുത്ത് കൊടുത്തത് അടുത്ത് നിന്ന സുഹൃത്താണ്. അയാൾ അറിയാതെ ആ കാർഡ് തുറന്ന് നോക്കിയ ശേഷം ഇങ്ങനെ ചോദിച്ചു. ""അബ്ദുൾക്കാതറിന്റെ ശെരിക്ക്‌ള്ള പേര് മോഹ്മ്മൂട്ടി എന്നാണല്ലേ!''. മമ്മൂട്ടി എന്ന മലയാളികൾക്ക് ചിരപരിചിതമായ പേരിന്റെ ഐതിഹ്യം ഇതാണത്രെ!

ബഷീറിയൻ നോവലിൽ നിന്നും ഇറങ്ങി വന്ന ഒരു കഥാപാത്രം പോലെ ആണ് മമ്മൂട്ടി എന്ന നടനും വ്യക്തിയും. മമ്മൂട്ടിയെപ്പറ്റി ഒരുപാട് കഥകൾ പ്രചാരത്തിലുണ്ട്. മമ്മൂട്ടിയെപ്പറ്റി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും അസൂയക്കാരും വിമർശകരും ധാരാളം കഥകൾ പറഞ്ഞു നടക്കുന്നു. മമ്മൂട്ടി തന്നെപ്പറ്റി ഒരുപാട് കഥകൾ പറയുന്നു. സിനിമയ്ക്കുള്ളിൽ മമ്മൂട്ടിയെ ഉപയോഗിച്ച് തിരക്കഥാകൃത്തുക്കളും സംവിധായകരും കഥകൾ പറയുന്നു. ഈ കഥകൾക്കിടയിലാണ് മമ്മൂട്ടിയുടെ നിലനില്പ്. അയാൾ എല്ലാവർക്കും ഒരേ സമയം ചിരപരിചിതനും അതേ സമയം അപ്രാപ്യനുമാണ്. മമ്മൂട്ടി എന്ന ബിംബത്തിന്റെ, സൂപ്പർസ്റ്റാറിന്റെ വിജയം ഈ ഇരട്ടവ്യക്തിത്വമാണ്.

സെറ്റുകളിൽ മമ്മൂട്ടിയുടെ കാർക്കശ്യത്തെപ്പറ്റിയും ചില ഫ്യൂഡൽ സ്വഭാവങ്ങളെപ്പറ്റിയും ഉള്ള (നിറം പിടിപ്പിച്ച ?) കഥകൾ സഹപ്രവർത്തകർ പറഞ്ഞു നടക്കുന്നു. അതേ സമയം രക്ഷാകർതൃമനോഭാവത്തോടെയും സ്നേഹത്തോടെയും സൂപ്പർതാരങ്ങൾ മുതൽ ലൈറ്റ് ബോയി വരെ സിനിമയിൽ ഉള്ള പലരെയും സഹായിച്ചതും ഉപദേശിച്ചതുമായ കഥകൾ അവർ തന്നെ കൂട്ടിച്ചേർക്കുന്നു. സെറ്റിൽ ദേഷ്യം വിളമ്പുന്ന അയാൾ ഷൂട്ടിങ്ങ് തീരും മുൻപ് ഒരു ദിവസമെങ്കിലും ബിരിയാണിയും വിളമ്പാറുണ്ട്.

മതിലുകളിലെ രംഗം. ബഷീറിയൻ നോവലിൽ നിന്നും ഇറങ്ങി വന്ന ഒരു കഥാപാത്രം പോലെ ആണ് മമ്മൂട്ടി എന്ന നടനും വ്യക്തിയും.

മമ്മൂട്ടി മലയാളിയുടെ തനിപ്പകർപ്പാണ്. സ്റ്റേയ്ജിൽ നിലവിളക്ക് തെളിയിക്കാൻ തയ്യാറാവാത്ത മുസ്​ലിം ലീഗ് മന്ത്രിയോട് പരസ്യമായി ദേഷ്യപ്പെടുന്ന സെക്യുലറിസ്റ്റായി അയാൾ നമുക്ക് മുൻപിൽ പ്രത്യക്ഷനാവുന്നു. അതേസമയം തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ പാർവതിയെ ആരാധകർ സോഷ്യൽ മീഡിയയിൽ ആക്രമിക്കുമ്പോൾ അസാന്നിദ്ധ്യത്തിലൂടെ മമ്മൂട്ടിയിലെ താരം വെളിവാക്കപ്പെടുന്നു. മമ്മൂട്ടി പ്രാപ്യനാണ്. കോളക്കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള തീരുമാനം പൊതുവിമർശനത്തെത്തുടർന്ന് അയാൾ വേണ്ടെന്ന് വെയ്ക്കുന്നു.
മമ്മൂട്ടി അപ്രാപ്യനാണ്. നടിയെ ആക്രമിച്ച കേസിൽ കൃത്യമായൊരു നിലപാടിന് വെളിയിൽ മമ്മൂട്ടി സ്വയം പ്രതിഷ്ഠിക്കുന്നു. തികഞ്ഞ മതനിരപക്ഷ നിലപാടുകളുമായി മമ്മൂട്ടി എന്ന വ്യക്തി നമുക്കിടയിലുണ്ട്. എന്നാൽ അങ്ങേയറ്റം വിഷലിപ്തമായ സവർണ ഫ്യൂഡൽ സിനിമകൾ ധ്രുവവും വല്യേട്ടനുമൊക്കെയായി അയാൾ നമ്മൾക്കുമേൽ വിറ്റഴിക്കുന്നു.

നമ്മുടെ കൂട്ടത്തിലൊരാൾ എന്ന തോന്നൽ മലയാളികൾക്കിടയിൽ സൃഷ്ടിക്കാൻ മമ്മൂട്ടിയ്ക്ക് സാധ്യമാണ്. വനിതാമാധ്യമങ്ങൾക്ക് നൽകുന്ന ഇന്റർവ്യൂകളിൽ അയാൾ കുടുംബചിത്രങ്ങളെപ്പറ്റിയും സദ്ഗുണസമ്പന്നനായ നായകകഥാപാത്രങ്ങളെപ്പറ്റിയും ഓർത്തെടുക്കുന്നു. തന്നോട് സംവദിക്കുന്ന പ്രേക്ഷകരോട് കളി പറഞ്ഞും കുസൃതികൾ കാട്ടിയും ആരാധനാപുരുഷൻ ആയിത്തീരുന്നു. ഫാൻസ് അസോഷിയേഷൻ മീറ്റിങ്ങുകളിൽ കൂളിംഗ് ഗ്ലാസണിഞ്ഞ് പരുക്കൻ ഭാവത്തിൽ അയാൾ ശാസനാരൂപേണ സംസാരിക്കുന്നു. ബി.ബി.സിയിൽ കരൺ താപ്പറിനൊപ്പം സംസാരിക്കാൻ ഇരിക്കുമ്പോൾ തികഞ്ഞ ഇന്റലക്ച്വലാണയാൾ. സിനിമാമേയ്ക്കിങ്ങിന്റെയും അഭിനയശൈലികളുടെയും ആഴത്തിലേക്ക് മമ്മൂട്ടി ആ സമയങ്ങളിൽ ഇറങ്ങിച്ചെല്ലുന്നു.

കഥകളിലാണ് മമ്മൂട്ടിയുടെ അസ്തിത്വം. തന്നെക്കുറിച്ചുള്ള കഥകൾ അനേകം പ്രചരിക്കപ്പെടുന്നത് മമ്മൂട്ടിയ്ക്കറിയാം. സെറ്റുകളിൽ കണിശക്കാരനായ, ഷൂട്ടിങ്ങിനിടയിൽ സംവിധായകരെയും സഹപ്രവർത്തകരെയും അടയ്ക്കി ഭരിക്കുന്ന മമ്മൂട്ടിക്കഥകളുണ്ട്. എന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ സെറ്റിൽ ഏറ്റവും അച്ചടക്കമുള്ള നടനായി അയാൾ മാറുന്നു. അടൂരിനോട് ചാൻസ് ചോദിച്ച് അങ്ങോട്ട് ചെല്ലുന്നു. കെ.ജി. ജോർജിന്റെ സിനിമകളിൽ കഥാപാത്രം മാത്രമായി മാറുന്നു. കഥകളിലാണ് മമ്മൂട്ടിയുടെ നോട്ടം. എം.ടിയും ബഷീറും സക്കറിയയും പത്മരാജനും ലോഹിതദാസും എഴുതിയ കഥകൾ ഒന്നുകിൽ അയാൾ തേടിച്ചെല്ലുന്നു. അല്ലെങ്കിൽ അയാളെ തേടി അവ ചെല്ലുന്നു. ബുദ്ധിമാനായ നടനാണ് മമ്മൂട്ടി എന്ന് എല്ലാ സംവിധായകരും ഒരേ സമയം ആവർത്തിക്കുന്നു. നല്ല കഥകളും അവ ഉണ്ടാകുന്ന ഇടങ്ങളും തിരിച്ചറിയാൻ മമ്മൂട്ടിയ്ക്കറിയാം. സാഹിത്യകാരന്മാർക്കിടയിലും അതിനാൽ മമ്മൂട്ടി സർവസമ്മതനാണ്.

കഥകൾക്കിടയിലാണ് മമ്മൂട്ടിയുടെ ജീവിതം. മലയാളത്തിലെ ഇതരസൂപ്പർസ്റ്റാറായ മോഹൻലാലിന് മമ്മൂട്ടിയെപ്പറ്റി പറയാൻ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ഒരുപാട് കഥകളുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിനും കെ.പി.എ.സി ലളിതയ്ക്കുമുണ്ട്.
സത്യൻ അന്തിക്കാടിനും ശ്രീനിവാസനുമുണ്ട്. അവയിൽ പലതും ലെജൻഡുകളുടെ സ്വഭാവം കൈവരിക്കുന്നു. സിനിമയിൽ ചന്തുവായും പഴശ്ശിരാജയായും ലെജൻഡുകളെ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്ന താരം തിരശ്ശീലയ്ക്ക് പുറത്തും ഒരു ലെജൻഡായി മാറുന്നു. മമ്മൂട്ടിയെ ‘കണ്ട’ അത്ഭുതകഥകൾ ഫാൻസ് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിപ്പിക്കുന്നു. ആ കഥകളിൽ ഭയമുണ്ട്, ഭക്തിയുണ്ട്, ബഹുമാനവും സ്നേഹവുമുണ്ട്. കുറേ നിറങ്ങളുണ്ട്. അത്യുക്തിയുടെ അലങ്കാരങ്ങളുമുണ്ട്. നിത്യയുവത്വത്തിന്റെ ജലധാര (Fountain of Youth) മമ്മൂട്ടിയിൽ നിറഞ്ഞൊഴുകുന്നെന്ന് ആരാധകവൃന്ദം വിശ്വസിക്കുന്നു. ഒരേ സമയം ബ്രൂസ് വേയ്നും ബാറ്റ്മാനുമായി ജീവിക്കാൻ മമ്മൂട്ടിയ്ക്ക് മലയാളികൾക്കിടയിൽ സാധിക്കുന്നുണ്ട്. എഴുപത് ജന്മദിനങ്ങളും അൻപത് അഭിനയവർഷങ്ങളും പൂർത്തിയാക്കി, എന്നാൽ കഥകൾ ഇനിയും ബാക്കിവെയ്ച്ച് മമ്മൂട്ടി ഇന്നും നമുക്കിടയിൽ നമ്മുടെ സ്വന്തം അത്ഭുതമായി ജീവിക്കുന്നു.

Comments