20 Feb 2023, 01:33 PM
കൊല്ലുമെന്നും റേപ്പ് ചെയ്യുമെന്നും ജനാധിപത്യ വിശ്വാസികളായ, സെക്കുലറിസ്റ്റുകളായ, ധീരരും ശക്തരുമായ സ്ത്രീ ജേണലിസ്റ്റുകളോട് ഹിന്ദുത്വ സൈബർ കൂട്ടം പിന്നാലെ നടന്ന് നിരന്തരം ആക്രോശിക്കുമ്പോൾ നമ്മൾ അവരോട് പറയാറില്ലേ സാരമില്ല, മൈന്റ് ചെയ്യണ്ട, വിട്ടുകള, സൈബർ സ്പേസല്ലേ, അവഗണിക്കൂ എന്ന്. ആ നിരന്തര ആക്രോശത്തിനൊടുവിലാണ്, ആസൂത്രിതമായി, ഗൗരി ലങ്കേഷ് എന്ന ജനാധിപത്യ വിശ്വാസിയും സെക്കുലറിസ്റ്റും ധീരയും ശക്തയുമായ ജേണലിസ്റ്റിനെ പോയന്റ് ബ്ലാങ്കിൽ ഹിന്ദു തീവ്രവാദികൾ വെടിവെച്ച് കൊന്നുകളഞ്ഞത്. 2017 സെപ്തംബർ അഞ്ചിന്, ബാംഗ്ലൂരിൽ വെച്ച്.
മലയാള സിനിമാ നടനും ഗായകനും മുൻ രാജ്യസഭാ എം.പിയും ബി.ജെ.പി. പ്രവർത്തകനുമായ സുരേഷ് ഗോപി അവർകൾ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ഭക്തിയിലാറാടിക്കൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞ ചില വാക്കുകൾ ഈയവസരത്തിൽ ഓർക്കണം.
ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. അത് എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അതേ സമയം അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും ഞാൻ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഞാൻ ഈ ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ".
വെറുപ്പിൻ്റെ വ്യാപാരികളാണ് ഓരോ ശരാശരി സംഘപരിവാറുകാരും. ആ വ്യാപാര സംഘത്തിലെ ഓവറാക്ടിംഗ് താരമാണ് സുരേഷ് ഗോപി. അവിശ്വാസികളുടെ സർവ്വനാശത്തിനായി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കുന്ന മനുഷ്യ സ്നേഹി. വർഗ്ഗീയതയാണ് ഭക്തിയെന്ന് കരുതുന്ന ഭക്തൻ. ദൈവം സ്നേഹമാണെന്ന് നാമം ജപിക്കുകയും വിശ്വാസം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും നിറം കൊണ്ടും രാഷ്ട്രീയം കൊണ്ടും തനിക്ക് ചേരാത്തവരെന്ന് കരുതുന്ന മുഴുവൻ പേരും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ എന്ന് ആഹ്വാനം ചെയ്യുന്ന ഹീറോ. ബ്രാഹ്മണനായി ജനിക്കാതെ പോയതിൽ ആത്മാർത്ഥമായി പരിതപിക്കുന്ന ജാതിവാദി.
സിനിമയിലഭിനയിച്ചിട്ടില്ലാത്ത സുരേഷ് ഗോപിമാരുടെ പരിവാരമാണ് സംഘ പരിവാർ. ഒരേയൊരാദർശം ഹിന്ദുത്വ, ഒരൊറ്റ പ്രത്യയശാസ്ത്രം ഹിന്ദുവല്ലാത്തതിനോടുള്ള വെറുപ്പ്.
ഞാനാരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ അതിൽ രാഷ്ട്രീയം സ്ഫുരിക്കുമെന്ന് ആ ദൈവഭക്തൻ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. അത് കേട്ട നമ്മൾ മനസ്സിലാക്കുന്നുണ്ട്, അത് ആരൊക്കെയാണ് എന്ന്. അത് ആദ്യം കമ്മ്യൂണിസ്റ്റുകാരാണ്, ഹിന്ദുവല്ലാത്തതൊക്കെയുമാണ്. സെക്കുലറിസത്തിനും ഭരണഘടനയ്ക്കും വേണ്ടി വാദിക്കുന്നവരാണ്. അത് അന്ധവിശ്വാസത്തിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ സംഘ പരിവാർ വെടി വെച്ച് കൊന്ന ഗോവിന്ദ് പൻസാരെയും എം.എം. കൽ ബുർഗിയുമാണ്. അത് സംഘ പരിവാർ വെടി വെച്ച് കൊന്ന
ജനാധിപത്യ വിശ്വാസിയും സെക്കുലറിസ്റ്റും മാധ്യമ പ്രവർത്തകയുമായ ഗൗരിലങ്കേഷുമാണ്.
സുരേഷ് ഗോപിയുടെ പ്രസംഗവും ഗൗരിലങ്കേഷിന്റെ കൊലയുമായി എന്ത് ബന്ധം എന്ന് തോന്നാം.
49 രാജ്യങ്ങളിലെ അറുപത് ന്യൂസ് ഓർഗനൈസേഷനുകൾ പങ്കാളികളായി, ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഫോർബിഡൻ സ്റ്റോറീസ്. സ്റ്റോറി കില്ലേഴ്സ് എന്ന പേരിൽ ഫോർബിഡൻ സ്റ്റോറീസ് പ്രസിദ്ധീകരിച്ച സീരീസിലെ In the Age of False News എന്ന റിപ്പോർട്ട്, ഗൗരി ലങ്കേഷിന്റെ കൊലയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും വിശകലനം ചെയ്യുന്നുണ്ട്. സനാതൻ സൻസ്ത എന്ന സംഘ പരിവാര സംഘടന ഒരു വർഷത്തെ ആസൂത്രണം നടത്തിയിട്ടുണ്ട് ഗൗരിയെക്കൊല്ലാൻ. ലോകം മുഴുവൻ പരന്നുകിടക്കുന്ന 30 മാധ്യമ സ്ഥാപനങ്ങളിലെ നൂറ് ജേണലിസ്റ്റുകൾ നടത്തിയ അന്വേഷണമാണ് ഗൗരിയെ വെടിവെച്ചു കൊന്നതിന്റെ വിശദാംശങ്ങൾ ലോകത്തിനു മുന്നിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
നുണ ഫാക്ടറികൾ നിർമിക്കുന്ന കണ്ടന്റ്
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും , സോഷ്യൽ മീഡിയയിലൂടെയും വ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാർ സമൂഹത്തിൽ
വർഗ്ഗീയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ തന്റെ മാഗസിനിലൂടെ എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നയാളാണ് ഗൗരി ലങ്കേഷ് എന്ന എഡിറ്റർ. ആ അർത്ഥത്തിൽ താനൊരു ജേണലിസ്റ്റ് ആക്ടിവിസ്റ്റാണെന്ന് ഗൗരി പറഞ്ഞിട്ടുളളതായി അവരുടെ സുഹൃത്ത് ഫോർബിഡൺ സ്റ്റോറീസിനോട് പറഞ്ഞിട്ടുണ്ട്. എളുപ്പമായിരുന്നില്ല ഗൗരിയുടെ ജീവിതം. ഓൺലൈനിൽ അവർ വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. വ്യക്തിഹത്യ ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അവരെ "അറിയപ്പെടുന്ന ഹിന്ദു വിരുദ്ധ " എന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തി. സെക്കുലർ ഇന്ത്യയ്ക്കു വേണ്ടി അവർ നടത്തിയ പ്രസംഗങ്ങൾ ഹിന്ദു വിരുദ്ധതയായി ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. അത്തരം പ്രചാരണ പോസ്റ്റുകൾക്കു കീഴിൽ ഗൗരിയെ കൊല്ലണമെന്ന ആഹ്വാനങ്ങളുയർന്നു. ഗൗരി, കമ്മിയെന്നും നക്സലൈറ്റ് എന്നും പ്രസ്റ്റിറ്റ്യൂട്ട് എന്നും വിളിക്കപ്പെട്ടു. സംഘ പരിവാര ശരീരം ഗൗരിയെ കൊല്ലാൻ ഒരുങ്ങുകയായിരുന്നു. എന്നിട്ട് പരിശീലനം ലഭിച്ച കൊലയാളികൾ, തക്കം നോക്കി കാത്തിരുന്ന ഒരു ദിവസം സെക്കുലറിസ്റ്റായ ഗൗരിയെ, കൊന്നു.
വിശ്വാസത്തിൽ വിയോജിക്കുന്നവരുടെ സർവ്വനാശത്തിന് വേണ്ടി ശ്രീ കോവിലിനു മുന്നിൽ പ്രാർത്ഥിക്കുന്ന സുരേഷ് ഗോപിയെന്ന ബി.ജെ.പി ക്കാരനിൽ നിന്ന്, "നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ " എന്ന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപിയെന്ന സംഘപരിവാർ അനുയായിയിൽ നിന്ന്, ഗൗരിലങ്കേഷിനെ വധിച്ചെന്ന ആരോപണത്തിൽ ബാംഗ്ലൂരിൽ വിചാരണ നേരിടുന്ന സനാതൻ സസ്ത പ്രവർത്തകരിലേക്കുള്ള ദൂരം എത്രയുണ്ട്?
സുരേഷ് ഗോപിയുടെ പരാമർശങ്ങൾ നിഷ്കളങ്കമല്ല. അതൊരു പൊതു സമ്മിതിയെ നിർമിക്കുന്നുണ്ട്. അതിലെ വയലൻസും വയലൻസിനുള്ള ആഹ്വാനവും കാണാതെ പോകരുത്. അവിശ്വാസികളുടെ രാഷ്ട്രീയം എന്ന് ഗോപി പറയുന്നത് ഇടതു രാഷ്ട്രീയത്തെച്ചൂണ്ടിയാണ്. ബി.ജെ.പി കേന്ദ്രം ഭരിക്കുമ്പോൾ വിശ്വാസ വിരുദ്ധർ എന്ന ടാഗ് ഇടതുപക്ഷത്തിന്റെ നെറ്റിയിൽ കെട്ടുന്നത് ഒട്ടുമേ നിഷ്കളങ്കമല്ല.
ഇന്ത്യൻ സംസ്കാരം അവിശ്വാസിയെയും ഉൾക്കൊള്ളുന്നുണ്ടെന്ന സാംസ്കാരിക വാദങ്ങൾ കൊണ്ടല്ല ഇന്ത്യയിലെ പൗരരുടെ അവിശ്വാസ അവകാശങ്ങളെ നമ്മൾ സ്ഥാപിക്കേണ്ടത്. അത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടേയും അവകാശമാണ്. ഇന്ത്യൻ മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ അവിശ്വാസിയും വിശ്വാസിയും തുല്യ പൗരരാണ്. ഗൗരി ലങ്കേഷും സുരേഷ് ഗോപിയും ഇന്ത്യയിൽ ഒരു പോലെ ജീവിക്കാൻ അവകാശമുള്ളവരാണ്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
ഡോ. പ്രസന്നന്‍ പി.എ.
Mar 03, 2023
29 Minutes Watch