ആണാണോ പെണ്ണാണോ ?
2022 ല്‍ ഏറ്റവും കൂടുതൽ കേട്ട ചോദ്യം
ആണാണോ പെണ്ണാണോ ? 2022 ല്‍ ഏറ്റവും കൂടുതൽ കേട്ട ചോദ്യം
" ഈ വർഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ആണാണോ പെണ്ണാണോ എന്നായിരുന്നു. നീണ്ട് വളരുമ്പോഴെല്ലാം വെട്ടി കളഞ്ഞ മുടി നോക്കിയും വേഷം നോക്കിയും ശരീരം ആകമാനം ചൂഴ്ന്നു നോക്കിയും മനുഷ്യർ ഈ ചോദ്യം ആവർത്തിച്ചു." - ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. മഞ്ചി ചാരുത എഴുതുന്നു.
4 Jan 2023, 01:55 PM
ഓരോ വർഷം അവസാനിക്കാറാവുമ്പോഴും, ഉറൂബിന്റെ "തിരിഞ്ഞു നോക്കുമ്പോൾ ജീവിതം നിറഞ്ഞു നിൽക്കുന്നതായി തോന്നുന്നു. ചപ്പും ചവറും കൊണ്ടായിരിക്കാം. എങ്കിലും നിറവുണ്ട് '. എന്ന വരികളാണ് ഓർമ്മ വരിക. പോയ കാലത്തെയോർക്കുമ്പോൾ, മറ്റെല്ലാ മനുഷ്യർക്കുമെന്ന പോലെ സ്നേഹങ്ങളും സ്നേഹനിരാസങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും ഓർമ്മകളും മറവികളും ജീവിതവും മരണവുമെല്ലാം കൂടിച്ചേർന്ന, പറയത്തക്ക പുതുമകളൊന്നും സംഭവിക്കാതെ കടന്നു പോയ വർഷമായിരുന്നു 2022.

കൊറോണ കാലം ഉണ്ടാക്കിയെടുത്ത വലിയ ശൂന്യതയിൽ നിന്ന് രക്ഷപ്പെടാൻ കുറെയേറെ തുഴയേണ്ടി വന്നെങ്കിലും അതെല്ലാം മാറ്റങ്ങളുടെയും തിരിച്ചറിവുകളുടെയും കരയിലാണ് കൊണ്ടെത്തിച്ചത്. മാനസികമായ ആരോഗ്യത്തിന് ജീവിതത്തിൽ എത്ര പ്രാധാന്യമുണ്ട്, സമൂഹം അത് മനസിലാക്കേണ്ടതിന്റെ ആവശ്യകതയെന്ത് എന്ന് കുറെയേറെ ബോധ്യപ്പെടാൻ 2022 വേണ്ടി വന്നു. ഈ വർഷം എന്ത് ചെയ്തു, എങ്ങനെ ചെലവഴിച്ചു എന്ന് ആരെങ്കിലും ചോദിച്ചാൽ കുറെയേറെ നടന്നു, കുറച്ച് സംസാരിച്ചു, വരക്കുകയും വായിക്കുകയും ചെയ്തു എന്നാണ് പറയാനുണ്ടാവുക. കഴിഞ്ഞു പോയ കാലത്തെ തട്ടിച്ചു നോക്കുമ്പോൾ വളരെ കുറച്ചു മാത്രം മനുഷ്യരെ ജീവിതത്തോട് ചേർത്ത വർഷമായിരിക്കും 2022.

ഈ വർഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ആണാണോ പെണ്ണാണോ എന്നായിരുന്നു. നീണ്ട് വളരുമ്പോഴെല്ലാം വെട്ടി കളഞ്ഞ മുടി നോക്കിയും വേഷം നോക്കിയും ശരീരം ആകമാനം ചൂഴ്ന്നു നോക്കിയും മനുഷ്യർ ഈ ചോദ്യം ആവർത്തിച്ചു. ഒരാളുടെ ശരീരമല്ല അയാളുടെ ജെൻഡർ എന്ന് മനസ്സിലാവാൻ ലോകത്തിനിനിയും എത്ര കാലം വേണ്ടി വരുമെന്നാണ് ഞാനിപ്പോഴോർക്കുന്നത്. എന്ത് തന്നെയായാലും ലോകത്തിന്റെ തമാശകൾക്ക് കീഴ്പ്പെട്ട് പോകരുതെന്ന് പറഞ്ഞു തരാൻ ഈ വർഷത്തിനായി.
"അവനവനാത്മസുഖ- ത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം' എന്നൊരു ഗുരുവചനമുണ്ട്. അപരന്റെ സുഖത്തിനായി വേണം എല്ലാവരും പ്രവൃത്തികൾ ചെയ്യാൻ എന്നൊന്നും എനിക്കില്ല. പക്ഷേ നമ്മൾ ചെയ്യുന്നവ തൊട്ടടുത്തു നിൽക്കുന്ന മനുഷ്യനെ വേദനിപ്പിക്കുന്നതായിരിക്കരുത് എന്നുണ്ട്.
എല്ലാ മനുഷ്യരും അതോർത്തു പെരുമാറിയിരുന്നെങ്കിൽ ജീവിതം കുറെ കൂടി എളുപ്പമുള്ളതായി തീർന്നേനെ എന്നോർക്കുന്നു.
ഓർക്കാപ്പുറത്ത് പ്രിയപ്പെട്ട മനുഷ്യന്മാരെ നഷ്ടമായ വർഷം കൂടിയായിരുന്നു ഇത്. "ഒരു മനുഷ്യൻ മരിച്ചു പോകുമ്പോൾ അയാളെ പരിചയമുള്ളവരുടെ കാലം (ചെകിടടിപ്പിക്കുന്ന ഒച്ചയോടെ) നിശബ്ദമായി അയാൾക്കൊപ്പം ഇറങ്ങിപ്പോകുന്നു, കഥകളും' എന്ന് പ്രിയപ്പെട്ട ഒരാളുടെ മരണമറിഞ്ഞദിവസം ഡയറിയിൽ എഴുതി വച്ചു. എവിടെയാണെങ്കിലും സമാധാനമായിരിക്കണെയെന്ന് മരിച്ചു പോയവരോട് പറയാൻ തോന്നുന്നു.

യാത്രകൾ ഇഷ്ടമില്ലാതിരുന്ന ഒരു കാലത്തു നിന്നും ബസിലും ട്രെയിനിലുമായി കുറെയേറെ നേരങ്ങൾ ചെലവഴിച്ച വർഷമാണ് കടന്നു പോയത്.
യാത്രകൾക്കിടയിൽ കുറെയേറെ മനുഷ്യരെ കണ്ടുമുട്ടി. ചിലർ നല്ലയോർമ്മകളും സ്നേഹവും സമ്മാനിച്ചു. മറ്റുചിലർ തിരിച്ചു വരരുതെന്ന് ഓർക്കുന്ന നിമിഷങ്ങളെ തന്നു.
"സത്യമായും ആരുമല്ലാത്തവർ നീട്ടുന്ന നാരങ്ങാ മിഠായികളിൽ തന്നെയാണ് ജീവിതത്തിന്റെ മാധുര്യമിരിക്കുന്നത്', എന്ന അഷിതയുടെ വാചകങ്ങളെ ഓർക്കുന്നു. എന്ത് തന്നെയായാലും മനുഷ്യരെ കണ്ടുമുട്ടുന്നത് ആനന്ദമാണെന്ന് എഴുതി വയ്ക്കുന്നു.
ഉത്സവത്തിന് ആൾക്കൂട്ടത്തിൽ പ്രിയപ്പെട്ട ആരുടെയോ കൈ വിട്ടുപോയ നാലഞ്ചു വയസുള്ള കുട്ടിയുടെ പിടപ്പ് ആയിരുന്നു ജീവിതം മുഴുവനും.
ആരെങ്കിലും കൈ നീട്ടി വരുന്നുണ്ടോയെന്ന് നോക്കി നടക്കുകയായിരുന്നു എല്ലാ കാലവും. ദയ നീട്ടിയ മനുഷ്യന്മാർക്ക് നന്ദിയെന്ന് എഴുതി ഈ വർഷം അവസാനിക്കുന്നു
ഫ്രീലാന്‍സ് ആർടിസ്റ്റ്
ദീപന് ശിവരാമന്
Mar 10, 2023
17 Minutes Watch
ദീപന് ശിവരാമന്
Feb 12, 2023
3 Minutes Read
വൈഷ്ണവി വി.
Feb 09, 2023
5 Minutes Read
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read