മാതൃഭൂമിയിൽ മനോരമയുടെ പരസ്യം!

പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ എന്ന് മാതൃഭൂമി പരസ്യപ്പെടുത്തുന്നതിൽ ഒരു കാപട്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് എന്നിലെ വായനക്കാരൻ പറയുന്നു. മാതൃഭൂമിയ്ക്കും മനോരമയ്ക്കും തമ്മിൽ സൗഹൃദമാവാം. എന്നാൽ അത് ആശംസ നൽകി പരസ്യപ്പെടുത്തുന്നിടത്ത് എന്തോ ഒരു ചീഞ്ഞ നാറ്റം വായനക്കാർക്കുണ്ടാവുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഉറക്കെ ചിന്തിച്ചത്.

ർമ വെച്ച കാലം മുതൽ, കുറച്ചുകൂടി കൃത്യതയോടെ പറഞ്ഞാൽ അക്ഷരാഭ്യാസം നേടിയതു മുതൽ ഞാൻ മാതൃഭൂമി പത്രത്തിന്റെ
വായനക്കാരനാണ്. വ്യക്തിപരമായ ഒരു സ്വകാര്യം കൂടി പങ്കിട്ടാൽ അതിന്റെ
വില്പനക്കാരനായ ഒരനുഭവവും എനിക്കുണ്ട്. എന്റെ സ്കൂൾ പഠനകാലത്ത് മാതൃഭൂമി പത്രത്തിന്റെ നാട്ടിലെ ഏജന്റുകൂടിയായ എന്റെ അച്ഛന്റെ സഹായി എന്ന നിലയിൽ നാലഞ്ചു കൊല്ലം ആ പത്രം വിറ്റുനടന്നിട്ടുണ്ട്. കുറേക്കാലം അന്നദാതാവിന്റെ റോളിലും ആ പത്രം എന്റെ ജീവിതത്തിന്റെ കൂടെയുണ്ടായിരുന്നു എന്നർത്ഥം.

പറഞ്ഞുവന്നത് അരനൂറ്റാണ്ടിന്റെ ഗാഢമായ ബന്ധം ആ പത്രവുമായി എനിക്കുണ്ട് എന്നുതന്നെയാണ്. ഇക്കാലത്തിനിടയിൽ പലതരം മാറ്റങ്ങൾക്ക് ആ പത്രവും അതിന്റെ മാനേജുമെന്റും വിധേയമായിട്ടുണ്ട്. പലപ്പോഴും കടുത്ത വിയോജിപ്പുകൾ തോന്നിയ നിലപാടുകൾ ആ പത്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴത് ഏറിയിട്ടുമുണ്ട്. എന്നാലും മറ്റൊരു പത്രം എന്ന ചിന്തയിലേക്ക് അതെന്നെ ഇതുവരെയെത്തിച്ചിട്ടില്ല. നീണ്ട കാലം എന്റെ അഭിരുചിയെ ആ പത്രം തൃപ്തിപ്പെടുത്തി എന്നത് തീർച്ചയായും ചെറിയ കാര്യമല്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരു പ്രധാന കാരണം ശീലം തന്നെയാവും. മറ്റൊരു കാരണം എന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്ന മറ്റൊരു മികച്ച പത്രം മലയാളത്തിൽ കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല എന്നതുകൂടിയാവാം. കേരളത്തിലെ മറ്റൊരു പ്രമുഖ പത്രമായ മലയാള മനോരമ വളരെ പ്രൊഫഷണലായ ഒരു പത്രമാണെന്ന് പല സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ സ്ഥിരവായനയിൽ അതുൾപ്പെടാത്തതു കൊണ്ടും, ആ പത്രത്തെ നാളിതുവരെ ഗൗരവമായെടുക്കാത്തതു കൊണ്ടും അതിനെപ്പറ്റി ഒരഭിപ്രായം പറയുവാൻ ഞാനാളല്ല. എന്തായാലും നാളിതുവരെ മാതൃഭൂമിക്ക് പകരം മനോരമയാക്കിയാലോ എന്നൊരു ചിന്ത എന്നിലുണ്ടായിട്ടില്ല. ചില യാത്രാവേളകളിൽ മാതൃഭൂമി പത്രം കിട്ടാത്ത സ്ഥലങ്ങളിലോ അവസരങ്ങളിലോ ഞാനും മനോരമ പത്രം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. ചുരുക്കിപ്പറഞ്ഞാൽ ഞാനൊരു മാതൃഭൂമി അഡിക്റ്റാണ്!

ഇന്ന് ഇതെക്കെ ചിന്തിക്കാനിടയാക്കിയത് മാതൃഭൂമി പത്രത്തിലെ ഒരു പരസ്യമാണ്. സൗഹൃദ ദിനത്തിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി സ്വയം നൽകിയ പരസ്യത്തിൽ അവർ സൗഹൃദ ദിനാശംസകൾ നേർന്നിരിക്കുന്നത് മലയാള മനോരമയ്ക്കാണ്. ഒറ്റനോട്ടത്തിൽ നല്ല കാര്യം എന്നു തോന്നിയ ഈ പരസ്യം നോക്കിയിരിക്കുന്തോറും അതെന്നെ ഏറെ അസ്വസ്ഥനാക്കി. ഈ അസ്വസ്ഥതയുടെ കാരണങ്ങൾ എനിക്കു തന്നെ വേർതിരിച്ചെടുക്കാൻ കഴിയുന്നുമില്ല.

മാതൃഭൂമിയുടെ അഡിക്റ്റായ ഞാൻ പൊതുവിൽ അതിന്റെ പ്രതിയോഗിയെന്ന് കരുതപ്പെടുന്ന മനോരമയുമായുള്ള സൗഹൃദം ഇഷ്ടപ്പെടുന്നില്ലെന്നാണോ? അത്തരം വില കുറഞ്ഞ ആലോചനകൾക്ക് സാധാരണയായി ഞാൻ എന്റെ ചിന്തയിൽ ഇടം കൊടുക്കാറില്ല. അപ്പോൾ അതല്ല കാര്യം. മാതൃഭൂമിയും മനോരമയും തമ്മിൽ വലിയ തലത്തിലുള്ള വാണിജ്യമത്സരം നടക്കുന്നു എന്നു പോലും ഞാൻ കരുതുന്നില്ല. കാരണം മനോരമയ്ക്കും മാതൃഭൂമിയ്ക്കും വേറിട്ട വായനസ്ഥലികൾ കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നു എന്നെനിക്കറിയാം. വേറിട്ട പാരമ്പര്യങ്ങളും സംസ്കാരങ്ങളും കൊണ്ട് സവിശേഷ വ്യക്തിത്വം ഈ രണ്ട് പത്രങ്ങൾക്കും നിലവിലുണ്ട് താനും. ചില സാഹചര്യങ്ങളെ മുതലെടുത്ത് സർക്കുലേഷനിൽ വ്യതിയാനം നടത്താൻ രണ്ടു സ്ഥാപനങ്ങളിലേയും ബന്ധപ്പെട്ട വിഭാഗങ്ങൾ ശ്രമം നടത്താറുണ്ടാകാം. അത്തരം ആരോഗ്യകരമായ മത്സരത്തിനപ്പുറം അവർക്കു തമ്മിൽ ശത്രുതയോ സൗഹൃദമോ നില നിൽക്കേണ്ടതില്ല. രണ്ടു മാധ്യമസ്ഥാപനങ്ങൾ എന്ന നിലയിൽ സവിശേഷമായ identity നിലനിർത്തിപ്പോരുന്നവയാണ് ഇതിന്റെ മാനേജുമെന്റുകൾ. കേരളീയ പൊതു സമൂഹം അത്തരത്തിൽ തന്നെയാണ് ഇവയെ നോക്കിക്കാണുന്നതും.

അപ്പോൾ പിന്നെ എന്താണ് ഈ ആശംസ മുന്നോട്ടു വെക്കുന്ന പ്രശ്നം? ഇവർ തമ്മിൽ സൗഹൃദത്തിലാണോ എന്ന ചോദ്യം പൊതു സമൂഹം ഉന്നയിക്കാത്തിടത്തോളം മാതൃഭൂമി ഇങ്ങനെയൊരു സത്യവാങ്ങ്മൂലം ചെയ്തതെന്തിന് ? ഇതിന്റെ പുറകിലെ ചേതോവികാരം എന്തായിരിക്കും? അച്ഛൻ പത്തായത്തിലില്ല എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണോ ഇത്? ഒരു പത്രസ്ഥാപത്തിന് ആരുമായും സൗഹൃദമാവാം. എന്നാൽ ഒരു പത്ര സ്ഥാപനം അവരുടെ ആരുമായുള്ള സൗഹൃദമാണ് പരസ്യപ്പെടുത്തേണ്ടി വരുന്നത്? അതായത് അവരുടെ വായനക്കാരെ അറിയിക്കേണ്ട തരത്തിലുള്ള സൗഹൃദം ആരുമായുള്ളതായിരിക്കണം? ഇതാണ് പ്രധാനം. പ്രത്യേകിച്ചും ഇപ്പോഴത്തെ പോസ്റ്റ് ട്രൂത്ത് കാലത്ത്. ഇത്തരം പൊളിറ്റിക്കലായ സംശയങ്ങളാണ് യഥാർത്ഥത്തിൽ ഈ പരസ്യം എന്നിലെ വായനക്കാരനിലുളവാക്കിയത്. അതിലെ അവ്യക്തതകളാണ് എന്നെ അസ്വസ്ഥനാക്കിയതും.

പത്രത്തിന് അതിന്റെ വായനക്കാർക്ക് സൗഹൃദ ദിനാശംസകൾ നേരാം. (സൗഹൃദ ദിനത്തിന്റെ പശ്ചാത്തലത്തിൽ മനോരമ ഇന്ന് അതാണ് ചെയ്തതെന്ന് ആ പത്രത്തിന്റെ വായനക്കാരനായ ഒരു സുഹൃത്തിൽ നിന്ന്​ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.) വായനക്കാരാവാണം പത്ര മാധ്യമത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അങ്ങനെ വരുമ്പോൾ മാത്രമെ ഏറ്റെടുത്ത ഉത്തരവാദിത്തം അവർക്ക് നിർവഹിക്കാനാവൂ. യഥാർത്ഥത്തിൽ വസ്തുതകളോടാവാണം മാധ്യമങ്ങളുടെ അടിസ്ഥാന സൗഹൃദം. വാർത്തകളിലെ വസ്തുതകളോട്. അതാണ് അവരെ വായനക്കാരുമായി അടുപ്പിക്കുന്നത്. ആ ബന്ധത്തിലൂടെയാണ് വായനക്കാർ സത്യത്തെ അറിയുന്നത്. ലോകത്തെ അറിയുന്നത്.

ഒരു മുഖ്യധാര മാധ്യമം എന്ന നിലയിൽ മാതൃഭൂമി പത്രത്തിന്റെ മുൻഗണനകളിൽ വന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും മാറ്റത്തെയാണോ ഈ പരസ്യം വെളിപ്പെടുത്തുന്നത് ? ഒരു പത്രം എന്ന നിലയിൽ അവർ കൊണ്ടു നടക്കുന്നു എന്നവർ അഭിമാനിക്കുകയും, വായനക്കാർ വിശ്വസിച്ചു പോരുകയും ചെയ്യുന്ന ഒരു പാരമ്പര്യത്തിൽ നിന്നുള്ള വ്യതിയാനത്തിലേക്ക് ഇത് സൂചനകൾ നൽകുകയാണോ? ആ പാരമ്പര്യത്തിന്റെ നിഴലുണ്ടാക്കുന്ന ഭാരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവർ ആഗ്രഹിക്കുണ്ടോ? വർത്തമാനകാല സാമൂഹ്യ-രാഷ്ട്രീയ സാഹചര്യം അവരെ അങ്ങനെയൊരു സമർദ്ദത്തിലാക്കുന്നുണ്ടോ? പത്ര പ്രവർത്തനത്തിൽ മനോരമ മുന്നോട്ടു വെക്കുന്ന മൂല്യബോധത്തെ ആശ്ലേഷിക്കുക എന്ന ഒരു ചുവടുമാറ്റം മാതൃഭൂമിയും ആഗ്രഹിക്കുന്നുവോ? അത് വിപണന വിജയത്തിന് സാധ്യതയൊരുക്കും എന്നവർ കരുതുന്നുവോ? ഇങ്ങനെ പോവുന്നു എന്റെ സന്ദേഹങ്ങൾ.

എന്തായാലും ഇന്നത്തെ സൗഹൃദ ദിനാശംസകൾ സന്തോഷത്തേക്കാൾ നിരവധി സംശയങ്ങൾക്കാണ് വക നൽകിയിരിക്കുന്നത്. അതൊരു നിഷ്ക്കളങ്ക പരസ്യമാണെന്ന് ആ പത്രത്തിന്റെ അരനൂറ്റാണ്ടുകാലത്തെ വായനക്കാരനായ എനിക്കു വിശ്വസിക്കാനാവുന്നില്ല.

ഭേദചിന്തയില്ലാതെ മാതൃഭൂമിയായാലും മനോരമയായാലും കുഴപ്പമില്ല എന്ന് എന്നെപ്പോലുള്ള ഒരാൾക്ക് പത്രം ഏജന്റിനോട് പറയാവുന്ന അവസ്ഥ അതിവേഗം സംജാതമാവുമോ? പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ എന്ന് മാതൃഭൂമി പരസ്യപ്പെടുത്തുന്നതിൽ ഒരു കാപട്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് എന്നിലെ വായനക്കാരൻ പറയുന്നു. അയാളാകട്ടെ മാതൃഭൂമി പത്രം വായിച്ച് വായനക്കാരനായ ഒരാളുമാണ്. മാതൃഭൂമിയ്ക്കും മനോരമയ്ക്കും തമ്മിൽ സൗഹൃദമാവാം. എന്നാൽ അത് ആശംസ നൽകി പരസ്യപ്പെടുത്തുന്നിടത്ത് എന്തോ ഒരു ചീഞ്ഞ നാറ്റം വായനക്കാർക്കുണ്ടാവുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഉറക്കെ ചിന്തിച്ചത്.

ഇത് മുന്നോട്ടു വെക്കുന്ന മറ്റൊരു വശം കൂടി പറഞ്ഞ്​ അവസാനിപ്പിക്കാം.
മനോരമയ്ക്കും പരസ്യം നൽകിക്കൊണ്ട് സ്വന്തം നന്മയെ മാതൃഭൂമി പരസ്യപ്പെടുത്തുകയാണോ? അങ്ങനെയും ചിന്തിക്കാം. അങ്ങനെ ചിന്തിച്ചാൽ മനോരമ പത്രത്തിന്റെ വായനക്കാരാനാവാൻ അതെന്നെ പ്രേരിപ്പിക്കുന്ന ഒന്നാവില്ലേ? എന്നെ എന്നാൽ മാതൃഭൂമി വായനക്കാരെ എന്നർത്ഥം. പരസ്യകോപ്പി എഴുതിയവന്റെ സൂത്രബുദ്ധിക്ക് നമോവാകാം.
അയാൾക്ക് രണ്ട് പത്രമുതലാളിമാരും പണം കൊടുക്കണം.

Comments