റിബലുകളുടെ നീണ്ട ലിസ്റ്റുകള്‍ നമുക്കുണ്ടാക്കാം. എന്നാല്‍, കഠിന ചോദ്യങ്ങളുടെ പ്രയോക്താവായി നിന്ന് ഫുട്‌ബോള്‍ കോര്‍പ്പറേറ്റുകളുടെ നിതാന്ത ശത്രു എന്ന ശിരോമാല്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ദുരൂഹമായ ഹേതുക്കള്‍ കൊണ്ട് അന്തര്‍ദ്ധാനം ചെയ്ത മഹാപ്രതിഭ ഒന്നേയുള്ളൂ. മറഡോണ.
25 Nov 2021, 10:07 AM
God is the only being who, in order to reign, doesn't even need to exist.
ചാള്‍സ് ബോദ്‌ലയറിന്റെ ഈ വാചകത്തോടെയാണ് സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്തൂറിക്കയുടെ മറഡോണ തുടങ്ങുന്നത്. അതിദീര്‍ഘമായ സംഭാഷണങ്ങളിലൂടെ ഡീഗോ അര്‍മാന്ദോ മറഡോണയുടെ രാഷ്ട്രീയ ബോധത്തെ ചരിത്രമാക്കി ശേഖരിക്കുന്ന മാസ്റ്റര്‍പീസാണ് ഈ ഡോക്യുമെന്ററി. മിസൈല്‍ പോലുള്ള ഉത്തരങ്ങള്‍ക്കിടയില്‍ ആത്മഗതം പോലെ കുസ്തൂറിക്കയുടെ നറേഷന്‍ ഇങ്ങനെ: ഇയാള്‍ ഒരു ഫുട്‌ബോളര്‍ ആയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു വിപ്ലവകാരിയാകുമായിരുന്നു. ശരിയാണ്, മറഡോണയെപ്പോലെ കാല്‍പന്തുകലയിലെ മറ്റൊരിതിഹാസമായ ലയണല്‍ മെസ്സിയുടെ നഗരമായ റൊസാരിയോവില്‍ പിറന്ന ചെ ഗുവേര രാഷ്ട്രീയത്തില്‍ ചെയ്തതുതന്നെയാണ് ഇയാള്‍ ഫുട്‌ബോളിന്റെ കലയിലും സയന്‍സിലും നിര്‍വഹിച്ചത്.



കാല്‍പന്തുകളത്തില്‍ അറിഞ്ഞുചെയ്ത കൈപ്പന്തുകളിയിലൂടെ ഇംഗ്ലണ്ടിനെ ഇല്ലാതാക്കിയപ്പോള്‍ ഫുട്‌ബോളിലെ വെള്ള സമുദായം തുന്നിക്കൊടുത്ത കള്ളന്‍ കുപ്പായം പത്താംനമ്പര്‍ ജഴ്‌സിയേക്കാള്‍ അഭിമാനമുള്ള പതക്കമായാണ് മറഡോണ അവസാനം വരെ കൊണ്ടുനടന്നത്. അത് കൈപ്പന്തു തന്നെയാണെന്ന് എനിക്കറിയാം, പക്ഷേ, ഇംഗ്ലീഷ് ടീമിനെ പോക്കറ്റടിച്ച സുഖമായിരുന്നു എനിക്ക്. മറഡോണ പറയുകയാണ്: ഇംഗ്ലണ്ടുമായുള്ള കളിയില്‍ ഞങ്ങള്‍ കളിക്കാര്‍ ഞങ്ങളുടെ മരിച്ചവരെയാണ് പ്രതിനിധീകരിച്ചത്. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ 1982 ല്‍ നടന്ന ഫോക്ക്‌ലന്‍ഡ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെയാണ് ഇവിടെ മറഡോണ ഉദ്ദേശിച്ചത്. It was like a war, a football war എന്നായിരുന്നു മറഡോണയുടെ എക്‌സാക്റ്റ് വാചകം.
മറഡോണ ഫുട്‌ബോള്‍ പറഞ്ഞു നടന്നില്ല, കളിച്ചു നടന്നു. എന്നാല്‍ ഒരു കാലത്ത് ചെ ഗുവേരയും മാവോ സേ തൂങ്ങും പറഞ്ഞ പോലുള്ള പഴുത്തിരുമ്പു രാഷ്ട്രീയം എപ്പോഴും പകല്‍ വെളിച്ചം പോലെ പ്രസരിപ്പിച്ചു. ഒരിടത്ത് മറഡോണ പറയുകയാണ്: എല്ലാവരും അമേരിക്കയെ അനുകൂലിക്കുകയാണ്. ഞാന്‍ പക്ഷേ, ക്യൂബയുടെ ഭാഗത്താണ്. ക്യൂബയെപ്പറ്റി പറയുമ്പോള്‍ കുസ്തൂറിക്ക ഇടപെടുന്നുണ്ട്. ‘ഗാര്‍സിയാ മാര്‍കേസ് പറഞ്ഞിട്ടുണ്ട്. കാസ്‌ട്രോച്ചങ്ങാതി ഇല്ലാതിരുന്നെങ്കില്‍ ഈ ലാറ്റിനമേരിക്കയിലെല്ലാവരും ഇംഗ്ലീഷായിരുന്നേനെ മിണ്ടുക' എന്ന്. ലോകത്തെവിടെയും നോക്കൂ. അമേരിക്ക മനുഷ്യരെ കൊന്നു തീര്‍ക്കുകയാണ്. യുഗോസ്ലാവിയയില്‍, അഫ്ഗാനിസ്ഥാനില്‍ അമേരിക്കയല്ലാത്ത മറ്റിടത്തെല്ലാം അമേരിക്ക ആളുകളെ കൊല്ലുന്നു. നാമതു കണ്ടിരിക്കുന്നു. സി.എന്‍.എന്നും ഫോക്‌സ് ന്യൂസും ഡോളറുകള്‍ വാരുന്നു. Stop Bush എന്ന് ആലേഖനം ചെയ്ത ടി-ഷര്‍ട്ട് ഇട്ട് അമേരിക്കയുടെ ചൂഷണത്തിനെതിരെ വെനസ്വേലയിലിരുന്ന് ഹ്യൂഗോ ഷാവേസോ ഇപ്പോള്‍ നിക്കോളാസ് മഡൂരയോ പറയുന്നതിനേക്കാള്‍ രൂക്ഷമായ അമേരിക്കന്‍ വിമര്‍ശനമുള്ള തെരുവുപ്രസംഗങ്ങള്‍.
ബോളുകൊണ്ട് അതുവരെയില്ലാത്ത ട്രാജക്ടറികള്‍ തീര്‍ത്ത കാലുകളൊന്നില്‍ ഫിദല്‍ കാസ്‌ത്രോയെയും വലത്തേ കൈയുടെ മുകള്‍ ഭാഗത്ത് ചെഗുവേരയെയും ആയിരുന്നു മറഡോണ ടാറ്റൂ ചെയ്തത്. ഇംഗ്ലണ്ടില്‍ എല്ലാ സെലിബ്രിറ്റികളും ചാള്‍സ് രാജകുമാരന്റെ വിരുന്നില്‍ പങ്കെടുക്കുന്നതും ഹസ്തദാനം ചെയ്യുന്നതും സ്വകാര്യ അഹങ്കാരങ്ങളായി ആഗ്രഹിക്കുമ്പോള്‍ രക്തം പുരണ്ട ആ കൈകളില്‍ ഞാന്‍ ഒരിക്കലും എന്റെ കൈ കൊണ്ട് തൊടില്ലെന്ന് മറഡോണ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 2014 -ല്‍ 3000ത്തിലധികം ഫലസ്തീന്‍കാരെ ഇസ്രായേല്‍ ഗാസാ ചിന്തില്‍ കൊലപ്പെടുത്തിയപ്പോള്‍ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയ ലോകതാരകം മറഡോണ ആയിരുന്നു. രണ്ടു വര്‍ഷം മുമ്പ് മോസ്‌കോയില്‍ വെച്ച് ഫലസ്തീനിയന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ആശ്ലേഷിച്ചശേഷം മറഡോണ ഉറക്കെ പറഞ്ഞു: In my heart I am Palestinian.

ഫുട്‌ബോള്‍ കളിയിലും ഫുട്‌ബോള്‍ ജീവിതത്തിലും രാഷ്ട്രീയ ശാഠ്യം പേറുന്ന പരിണാമങ്ങള്‍ക്കടിപ്പെട്ടിട്ടുണ്ട് മറഡോണ. ഒരു ട്രിക്കും മറഡോണ ആവര്‍ത്തിക്കില്ല. അതുകൊണ്ടു തന്നെ കമ്പ്യൂട്ടറുകള്‍ ഓഫ് ട്രാക്ക് ആകും. ആകസ്മികതകളുടെ കണ്ടുപിടുത്തക്കാരനാണിയാള്‍. കളിയില്‍ ഇയാള്‍ സ്വപ്നം കണ്ടു വെച്ചിരിക്കുന്ന പിശാചിന്റെ തന്ത്രങ്ങള്‍ എന്താണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ഇടതുപക്ഷ സൗന്ദര്യശാസ്ത്രകാരന്‍ കൂടിയായ എഡ്വാര്‍ദോ ഗലിയാനോ 1994 ലെ ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് അത്യന്തം ജ്വലനശേഷിയും സ്‌ഫോടനപരതയുമുള്ള ഈ കളിക്കാരന്‍ പുറത്താക്കപ്പെട്ടപ്പോള്‍ എഴുതിയ കുറിപ്പ് ഏതാണ്ട് ഇങ്ങനെയാണ് അവസാനിച്ചത്: ഫുട്‌ബോളിന് അതിന്റെ ഏറ്റവും പരുക്കനായ റിബലിനെ നഷ്ടപ്പെട്ടിരിക്കുന്നു, ഭ്രമാത്മക കളിക്കാരനെയും.
സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒരു നിയന്ത്രണവുമില്ല മറഡോണക്ക്, കളിക്കാന്‍ തുടങ്ങിയാല്‍ പറയണ്ട. അത്ര വേഗതയുള്ള കളിക്കാരനൊന്നുമല്ല മറഡോണ. ശരിക്കും പറഞ്ഞാല്‍ കാലിനു നീളമില്ലാത്ത മൂരി. പക്ഷേ, എന്തുചെയ്യാം, പന്ത് കാലിനോട് തുന്നിച്ചേര്‍ത്തിട്ട് ശരീരം മുഴുവന്‍ കണ്ണുകളുള്ള ഒരു ജീവി മെല്ലെ ഓടിയാലും മതിയല്ലോ. അക്രോബാറ്റിക്‌സിലൂടെ മൈതാനത്തെ മറഡോണ പ്രകാശിപ്പിച്ചു. "ആയിരം ശത്രുകാലുകള്‍ക്കിടയിലൂടെ അകലെ നിന്നെത്തുന്ന അസാധ്യമായ ഒരു പാസ്സിനെ ഗോളാക്കാന്‍ കഴിവുള്ളവന്‍', "അപ്ഫീല്‍ഡില്‍ ഡ്രിബ്ള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ലോകത്തൊരു ശക്തിക്കും തടുക്കാന്‍ കഴിയാത്തവന്‍' എന്നൊക്കെ മറഡോണയെ വിശേഷിപ്പിച്ചതും ഗലിയാനോ തന്നെ.
1973 ലെ ടെലിവിഷന്‍ പകര്‍ത്തിയിട്ടില്ലാത്ത ഒരു കളി ഗലിയാനോ എഴുതുണ്ട്. അര്‍ജന്റീനോസ് ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും ബ്യൂണസ് ഐറീസില്‍ ഏറ്റുമുട്ടുന്നു. അര്‍ജന്റീനോസിന്റെ പത്താം നമ്പര്‍ കളിക്കാരന് ഗോള്‍കീപ്പറില്‍ നിന്ന് പന്ത് കിട്ടുന്നു. റിവര്‍ പ്ലേറ്റിന്റെ സെന്‍ട്രല്‍ ഫോര്‍വേഡിനെ വെട്ടിച്ച് കുതിക്കുന്നു. നിരവധി കളിക്കാര്‍ വഴിമുടക്കുന്നു. ആദ്യത്തെ എതിരാളിയുടെ തലക്കു മുകളിലൂടെ, രണ്ടാമത്തെയാളുടെ കാലുകള്‍ക്കിടയിലൂടെ, മൂന്നാമത്തെയാളെ പുറങ്കാല്‍ കൊണ്ട് പറ്റിച്ച്, ഒട്ടും താമസിക്കാതെ ഡിഫന്‍ഡര്‍മാരെ സ്തബ്ധരാക്കി, ഗോള്‍കീപ്പറെ ഗോള്‍ പോസ്റ്റിനരികില്‍ നീണ്ടുനിവര്‍ന്ന് കിടക്കാന്‍ വിട്ട് മെല്ലെ ബോള്‍ നെറ്റിലേക്ക് തട്ടിയിടുന്നു.
ഗോളടിച്ച ആ കുട്ടിയുടെ ലോക്കല്‍ ടീമിന്റെ പേര് സെബോല്ലിത്താസ് എന്നായിരുന്നു. തുടര്‍ച്ചയായി 100 ഓളം കളികള്‍ ജയിച്ച കുഞ്ഞന്മാരുടെ ടീം. അതു കൊണ്ടു തന്നെ പത്രക്കാര്‍ വളഞ്ഞു. 13 വയസുള്ള പോയ്‌സണ്‍ എന്ന കളിക്കാരന്‍ പത്രക്കാരോട് നയം വ്യക്തമാക്കി. ഞങ്ങള്‍ തമാശക്ക് കളിക്കുന്നതാണ്. കാശിനു വേണ്ടി ഞങ്ങള്‍ ഒരിക്കലും കളിക്കില്ല. കളിയില്‍ കാശ് എപ്പോ വരുന്നോ അന്നേരം എല്ലാവരും സ്റ്റാറാവാന്‍ നോക്കും. അസൂയയും സ്വാര്‍ത്ഥതയും വരും. അതു വേണ്ടാ. പോയ്‌സണ്‍ ഇത് പറയുമ്പോള്‍ ആ ടീമിലെ ഏറ്റവും പ്രിയങ്കരനും ഏറ്റവും സന്തോഷവാനും ഏറ്റവും ഉയരം കുറഞ്ഞവനുമായ കുട്ടിയെ ചേര്‍ത്തു പിടിച്ചിരുന്നു. ദീഗോ അര്‍മാന്‍ദോ മറഡോണ. വയസ് 12. അവനായിരുന്നു നേരത്തെ പറഞ്ഞ അതിസാഹസിക ഗോളിന്റെ ശില്‍പി. ഒരു ചേരിയിലെ വീട്ടിലെ പാവപ്പെട്ട കുട്ടിയായിരുന്നു അവന്‍. പത്രക്കാരുടെ "ഭാവിയില്‍ എന്താകണം' എന്ന സ്ഥിരം ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞത് ഒരു ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറാവണം എന്നായിരുന്നു!

കുഞ്ഞുപോയ്‌സണ്‍ പ്രഖ്യാപിച്ച ഫുട്‌ബോള്‍ ഫിലോസഫി മറഡോണക്കെന്നല്ല ഒരു കായിക താരത്തിനും കരിയറിലുടനീളം പാലിക്കാന്‍ കഴിയില്ല. The most famous football players are products who sell products, എന്നു ഗലിയാനോ തന്നെ പിന്നീടെഴുതുന്നുണ്ട്. പെലെയുടെ കാലത്ത് കളിക്കാരന്‍ കളിച്ചാല്‍ മാത്രം മതിയായിരുന്നു. മറഡോണയുടെ കാലമായതോടെ ടെലിവിഷന്‍ കളിനിയന്ത്രണമേറ്റെടുത്തു. എന്നു പറഞ്ഞാല്‍ പരസ്യങ്ങള്‍ കാര്യങ്ങള്‍ നിശ്ചയിച്ചു തുടങ്ങി. Maradona charged a high price and paid one as well. He charged for his legs and paid with his legs എന്നാണ് 1998 ല്‍ ഗലിയാനോ തന്നെയെഴുതിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വാങ്ങുന്ന ഓരോ താരവും ഒരു പുതിയ മെഷീന്‍ മാത്രമായി. നാപ്പോളിയുടെ പ്രസിഡന്റ് സ്ഥിരം പറഞ്ഞു കൊണ്ടിരുന്നു: Maradona is an investment.
ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസിലെ ചാപ്ലിന്‍ ആവുകയാണ് പോയ്‌സണ്‍ അല്ലാതെ ജീവിക്കാനുള്ള ബദല്‍. മറഡോണ അതു ചെയ്തു. മെക്സിക്കോയിലും യു.എസ്സിലും മറഡോണ, സര്‍വ്വശക്തന്‍ ടെലിവിഷനെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കും ബാധകമാക്കാത്തത് എന്നലറി. ഫുട്‌ബോള്‍ എന്ന മള്‍ട്ടിനാഷണലിനെതിരെ ചെ ഗുവേരയെപ്പോലെ സംസാരിച്ചു. റിബലുകളുടെ നീണ്ട ലിസ്റ്റുകള്‍ നമുക്കുണ്ടാക്കാം. എന്നാല്‍, കഠിന ചോദ്യങ്ങളുടെ പ്രയോക്താവായി നിന്ന് ഫുട്‌ബോള്‍ കോര്‍പ്പറേറ്റുകളുടെ നിതാന്ത ശത്രു എന്ന ശിരോമാല്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ദുരൂഹമായ ഹേതുക്കള്‍ കൊണ്ട് അന്തര്‍ദ്ധാനം ചെയ്ത മഹാപ്രതിഭ ഒന്നേയുള്ളൂ. മറഡോണ. അയാള്‍ക്ക് ഫിഫ ബ്യൂറോക്രാറ്റുകളായ ഹവലാഞ്ചും സെപ് ബ്ലാറ്ററും എന്തായിരുന്നോ അതു തന്നെ ആയിരുന്നു ജോര്‍ജ് ബുഷും മാര്‍ഗരറ്റ് താച്ചറും.
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 1- ല്‍ പ്രസിദ്ധീകരിച്ച ലേഖനം
ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
സച്ചു ഐഷ
Jan 05, 2023
4 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening