സംസ്‌കൃതവും മാർക്‌സും തമ്മിലെന്ത്?

രിത്രത്തിൽ പ്രവർത്തിച്ച വ്യക്തികളും ആശയങ്ങളും സാഹിത്യത്തിൽ അടയാളപ്പെട്ടുകിടക്കുന്ന പ്രക്രിയ സാഹിത്യത്തിൽ അത് ചെലുത്തിയ സ്വാധീനത്തെ കൂടി വെളിപ്പെടുത്തുന്നുണ്ട്. ആശയപരമായ വിയോജിപ്പുകളും എതിർപ്പുകളും ഇത്തരം വ്യക്തികളോടും അത്തരം ആശയത്തിന്റെ സ്വാധീന വലയത്താൽ നിർമിക്കപ്പെട്ട പ്രസ്ഥാനങ്ങളോടും സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും ഇത്തരം ആശയങ്ങൾ സാഹിത്യത്തിൽ ചെലുത്തുന്ന ബലതന്ത്രങ്ങളെ അന്വേഷണ വിഷയമാക്കുക എന്നത് സാംസ്‌കാരിക പഠിതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. അത്തരത്തിലൊന്നാണ് മാർക്‌സും മാർക്‌സിസവും. മലയാള സാഹിത്യ ചരിത്രത്തിൽ മാർക്‌സും മാർക്‌സിസവും ചെലുത്തിയ സ്വാധീനത്തെ സംബന്ധിച്ച് പഠനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും. മാർക്‌സ് ഒരു ആശയം എന്ന നിലക്ക് സംസ്‌കൃത സാഹിത്യത്തിൽ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടതെന്നും അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണന്നും ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണ്.

ഇന്ത്യാചരിത്ര പഠന രംഗത്ത് ഏറ്റവും പ്രധാനിയായ ഡി.ഡി. കൊസാംബിയുടെ എഴുത്തിലാണ് മാർക്‌സ് സംസ്‌കൃത ഭാഷയിൽ വെളിപ്പെട്ടത്. ഭർത്തൃഹരിയുടെ ശതകത്രയത്തിന് വിമർശനാത്മക പാഠം പ്രസിദ്ധീകരിച്ച വേളയിൽ അതിന് സംസ്‌കൃതത്തിലെഴുതിയ സമർപ്പണത്തിലാണ് കൊസാംബി മാർക്‌സിനെയും ഏംഗൽസിനെയും ലെനിനെയും അനുസ്മരിക്കുന്നത്.
അതിങ്ങനെയാണ്: "നൂതന മാനവ സമാജസ്യ പുരശ്ചരാണാം മാർക്‌സ് ഏംഗൽസ് ലെനിൻ നാമധേയനാം തേജസ്വിനാം വിശ്വമാനവാനാം പുനീത സ്മരണാർത്ഥം.'

"നൂതന മാനവ സമൂഹത്തിന്റെ മുൻപിൽ നടന്ന മാർക്‌സ് ഏംഗൽസ് ലെനിൻ എന്നീ തേജസ്വികളായ വിശ്വമാനവന്മാരുടെ പാവന സ്മരണക്ക്' എന്നാണ് കൊസാംബി സംസ്‌കൃതത്തിൽ കുറിച്ചതിന്റെ അർത്ഥം. "ചരിത്രത്തിന്റെ ഗതി മാറ്റുന്നതാണ്, ചരിത്രം എഴുതുന്നതിനേക്കാൾ പ്രധാനം' എന്നാണ് കൊസാംബി Culture and Civilization of Ancient India in Historical Outline എന്ന ചരിത്ര ഗ്രന്ഥത്തിന്റെ മുഖവുരയിൽ പ്രസ്താവിച്ചത്. ഇതാകട്ടെ മാർക്‌സിന്റെ ഫോയർ ബാഹ്ഹിനെക്കുറിച്ചുള്ള പതിനൊന്നാമത്തെ തീസിസിലെ അതേ ആഹ്വാനമാണ് ഉൾക്കൊള്ളുന്നതെന്ന് കാണാം. ഉത്പാദനോപാധികളുടെയും ബന്ധങ്ങളുടെയും ക്രമ പ്രവൃദ്ധമായ മാറ്റങ്ങളുടെ പഠനമായി ചരിത്രത്തെ മാർക്‌സിയൻ രീതി ശാസ്ത്രമനുസരിച്ച് വിശകലനത്തിന് വിധേയമാക്കിയ കൊസാംബി ശതകത്രയത്തിന്റെ വിമർശന പാഠത്തിന്റെ സമർപ്പണത്തിൽ മാർക്‌സിനെയും ഏംഗൽസിനെയും ലെനിനെയും അനുസ്മരിച്ചതിൽ ചരിത്രപരമായ ഒരു ബന്ധം അതിൽ തന്നെ നിലീനമായിരിക്കുന്നുണ്ട്.

മാർക്‌സിയൻ ആശയത്തിന്റെ സ്വാധീനം തെളിഞ്ഞു കാണുന്ന മറ്റൊരു കൃതി ഡോ. കെ.എൻ. എഴുത്തച്ഛന്റെ കേരളോദയം എന്ന ചരിത്രകാവ്യമാണ്. എഴുത്തച്ഛന്റെ കേരളോദയത്തിലെ ഇരുപത്തിയൊന്നാം സർഗത്തിൽ മാർക്‌സ് രേഖപ്പെട്ടു കിടക്കുന്നുണ്ട്. മാർക്‌സിയൻ ചിന്താഗതിക്കാർ പറഞ്ഞു - മാർക്‌സ് കാണിച്ചു തന്ന ആ മഹത്തായ മാർഗം നിങ്ങൾ കേട്ടിട്ടില്ലേ. ഭൗതികമായ ദ്വന്ദ്വാത്മക വാദമനുസരിച്ചാണ് പുരോഗതി. അതൊരു സിദ്ധമന്ത്രം പോലെ സത്യമടങ്ങിയതാണ്. അതനുസരിച്ച് സൃഷ്ടിയും സംഹാരവും ചോദ്യോത്തരം പോലെ നടന്ന് ഒടുവിൽ ശുഭമായി സിദ്ധി ഉണ്ടായിത്തീരുന്നു:

"ശ്രുതോ ന മാർക്‌സീയ മഹാപഥഃ കിം
ദ്വന്ദ്വാത്മകോ ഭൗതിക മന്ത്രവാദഃ
സർഗാഭിസംഹാര സമാപ്തിഭദ്രഃ
പ്രശ്‌നോത്തരാ വിഷ്‌കൃത സത്യമുദ്രഃ' (കേരളോദയം, 21. 66)

മാർക്‌സിയൻ സിദ്ധാന്തമനുസരിച്ച് മനുഷ്യൻ സമൂഹത്തിന്റെ സൃഷ്ടിയാണ്; സമ്പത്തിന്റെ ഉത്പാദന വിതരണങ്ങൾ അനുസരിച്ചാണ് സമൂഹം പ്രവർത്തിക്കുന്നത്. അതുകൊണ്ട് മനുഷ്യ ചരിത്രം വർഗങ്ങളുടെ ചരിത്രമാണ്. സാമ്പത്തിക വർഗങ്ങളെ നശിപ്പിച്ച് സമത്വം നടപ്പിലാക്കുകയാണ് വേണ്ടത്:
"സമൂഹസൃഷ്ടിർ മനുജഃ സ ചാത്ര
സമ്പത് സമാപാദന മാർഗനീതിഃ
തദദ്യ വർഗീയ ചരിത്ര മേതത്
സംപദ്യതാം വർഗഹതൗ സമത്വം' (കേരളോദയം, 21. 67)

ഡോ. കെ.എൻ. എഴുത്തച്ഛൻ / Photo: keralaculture.org

സംസ്‌കൃത സാഹിത്യത്തിൽ ചരിത്ര കാവ്യരചന, പാരമ്പര്യ ബദ്ധമായ പഴയ പന്ഥാവിൽ ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ.എൻ. എഴുത്തച്ഛൻ ആധുനികമായ ചരിത്ര ധാരണകളുടെ പിൻബലത്തിൽ കേരളോദയം രചിക്കുന്നത്. ഐക്യകേരള സൃഷ്ടിയെ പറ്റി പറഞ്ഞു കൊണ്ട് അവസാനിക്കുന്ന കേരളോദയം അക്കാലത്ത് കേരളത്തിന്റെ സാംസ്‌കാരിക സാമൂഹ്യ മണ്ഡലത്തെ സ്വാധീനിച്ച ആശയം എന്ന നിലക്കാണ് മാർക്‌സിയൻ ചിന്തയും അവതരിപ്പിക്കുന്നത്.

ചരിത്രത്തിൽ മാർക്‌സും മാർക്‌സിസവും സൃഷ്ടിച്ച വ്യത്യസ്ത ചരിത്ര സ്ഥലികളെ അനാവരണം ചെയ്യുകയല്ല മറിച്ച് മാർക്‌സ് ഒരാശയം എന്ന നിലക്ക് സംസ്‌കൃത സാഹിത്യത്തിൽ എങ്ങിനെയാണ് സ്ഥാനപ്പെട്ടതെന്ന് പരിശോധിക്കുക മാത്രമാണ്. അതാകട്ടെ ഇന്ത്യാ ചരിത്രത്തിലും വിശേഷിച്ച് കേരള സമൂഹത്തിലും മാർക്‌സിനും മാർക്‌സിസത്തിനും കൈവന്ന പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. സംസ്‌കൃത സാഹിത്യവും അതിന്റെ സ്വാധീനത്തിൽ നിമഗ്‌നമായ ചരിത്ര സന്ദർഭങ്ങളും ഉണ്ടായിരുന്നു എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

Comments