ദുരന്തകാലത്ത്
മറ്റൊരു ദുരന്തമായി
കേന്ദ്ര ബജറ്റ്
ദുരന്തകാലത്ത് മറ്റൊരു ദുരന്തമായി കേന്ദ്ര ബജറ്റ്
ബജറ്റ് സര്‍ക്കാരിന്റെ ഏറ്റവും ശക്തമായ നയപരമായ ഒരു ഉപകരണമാണ്. സര്‍ക്കാര്‍ ഏത് താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതനുസരിച്ചാണ് ആ ഉപകരണത്തിന്റെ പ്രയോഗം. വന്‍കിട മൂലധനതാല്‍പര്യങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ കേന്ദ്രബജറ്റും
4 Feb 2022, 10:02 AM
ഹൃദയഭേദകമായ ഒരു മാനുഷിക ദുരന്തത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കും വിധം ആവിഷ്‌കരിച്ചിട്ടുള്ള സത്യജിത് റേയുടെ വിഖ്യാത ചലച്ചിത്രമാണ് ‘അശനി സങ്കേത്'. ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ നോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ പ്രമേയം 43 ലക്ഷം മനുഷ്യര്‍ വിശന്നു മരിച്ച 1943 ലെ ബംഗാള്‍ ക്ഷാമമാണ്. മനുഷ്യര്‍ മരിച്ചു വീഴുന്നതിന്റേയും പട്ടിണിയും വിശപ്പും മനുഷ്യാന്തസ്സിനെ നശിപ്പിക്കുന്നതിന്റെയും കാഴ്ചകള്‍ ചിത്രം കാണുന്ന ഏതൊരാളെയും വേട്ടയാടും. ബംഗാള്‍ ക്ഷാമം സ്വാതന്ത്ര്യത്തിനു മുമ്പ്, രണ്ടാം ലോകയുദ്ധകാലത്താണ് സംഭവിക്കുന്നത്. അത് ഭക്ഷ്യധാന്യങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടം യുദ്ധാവശ്യങ്ങള്‍ക്ക് തിരിച്ചു വിട്ടതിന്റെ ഫലമായി ഉണ്ടായതാണ്. സ്വാഭാവികമായി ഉണ്ടായതല്ല, കൊളോണിയല്‍ ഭരണകൂടത്താല്‍ നിര്‍മ്മിതമായ ദുരന്തമായിരുന്നു എന്നര്‍ത്ഥം.അന്ന് കുട്ടിയായിരുന്ന അമര്‍ത്യ സെന്‍ പിന്നീട് ക്ഷാമങ്ങളെക്കുറിച്ചുള്ള പഠനത്തിനും വികസന സാമ്പത്തിക ശാസ്ത്ര ശാഖയിലേക്കും തിരിയാനുള്ള സ്വാധീനങ്ങളില്‍ പ്രധാനം ക്ഷാമം നേരിട്ടു കണ്ട ശൈശവാനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ബംഗാള്‍ ക്ഷാമകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍ ഡോക്ടറാവാന്‍ ആഗ്രഹിച്ചിരുന്ന തന്നെ വഴിതരിച്ചു വിട്ടതും കാര്‍ഷിക ശാസ്ത്രജ്ഞനാവാന്‍ പ്രേരണയായതും ബംഗാള്‍ ക്ഷാമത്തിന്റെ തിരിച്ചറിവുകളായിരുന്നു എന്ന് എഴുതിയിട്ടുണ്ട്.
ഈ കുറിപ്പ് കഴിഞ്ഞദിവസത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ചാണ്. കേന്ദ്ര ബജറ്റും സ്വാതന്ത്ര്യപൂര്‍വ്വ കാലത്തെ ബംഗാള്‍ ക്ഷാമവും തമ്മിലെന്ത്? അതു വഴിയേ പറയാം.
വ്യക്തികളില്‍ മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന നയത്തിന്റെ മുന്‍ഗണനകളിലുമെല്ലാം പട്ടിണിയും ക്ഷാമവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷണത്തിനുള്ള അവകാശവും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നു. (അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെൻറ് ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. അതില്‍, പാര്‍ലമെൻറ് അംഗം എന്ന നിലയില്‍ ഈ ലേഖകനും പങ്കാളിയായിരുന്നു). സ്വാതന്ത്ര്യാനന്തരകാലത്ത് ഭക്രാനംഗല്‍ പോലുള്ള വന്‍കിട ജലസേചന പദ്ധതികളിലൂടെയും പിന്നീട് ഹരിതവിപ്ലവത്തിലൂടെയുമെല്ലാം കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഊന്നലിനുമെല്ലാം ബ്രിട്ടീഷ് ഇന്ത്യയില്‍ പതിവായിരുന്ന ക്ഷാമങ്ങളും പട്ടിണി മരണങ്ങളും കാരണമായിരുന്നു. അതിന് ഇപ്പോഴത്തെ കേന്ദ്രബജറ്റ് എന്തിന് അതെല്ലാം കണക്കിലെടുക്കണം എന്നാണോ സംശയം? ബംഗാള്‍ ക്ഷാമകാലത്തിനും വിഭജന കാല കലാപത്തിനും ശേഷമുള്ള ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെയാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്.
അന്ന് ലോകമഹായുദ്ധവും ക്ഷാമവും സൃഷ്ടിച്ച ദുരന്തമാണ് ദശലക്ഷങ്ങളെ കൊന്നൊടുക്കിയത്. അതിന്റെ പാഠങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ലോകത്തെയാകെ ഗ്രസിച്ച മഹാമാരിയും അത് ഇന്ത്യയില്‍ സൃഷ്ടിച്ച അതിദാരിദ്ര്യവുമാണ് നാം നേരിടുന്നത്. മഹാമാരിയുടെ കാലത്ത് 4.6 കോടി മനുഷ്യരാണ് (ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചതിന്റെ പത്തിരട്ടി) ഇന്ത്യയില്‍ അതി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി ഓക്സ്ഫാം റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു സമാനത ബ്രിട്ടീഷിന്ത്യയിലെ ക്ഷാമകാലങ്ങളിലെ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവകാലത്തും ഇന്ത്യയില്‍ ഉള്ളത് എന്നതാണ്. ക്ഷാമങ്ങള്‍ പതിവായിരുന്ന ബ്രിട്ടീഷ് ഇന്ത്യയില്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ആളോഹരി വാര്‍ഷിക ഭക്ഷ്യധാന്യ ലഭ്യത 177 കിലോഗ്രാം. 2018-19 ല്‍ 176 കിലോഗ്രാം! (ചൈനയില്‍ അത് 450 ഉം, അമേരിക്കയില്‍ 1100 ഉം എന്തിനേറെ ബംഗ്ലാദേശില്‍ 200 കിലോഗ്രാമുമാണെന്നറിയുക) ഈ കഴിഞ്ഞ ജനുവരി 18ാം തിയ്യതിയാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്, കണക്കുകളും വസ്തുതകളും മറിച്ചായിരിക്കെ രാജ്യത്ത് പട്ടിണിമരണമില്ല എന്ന അവകാശവാദം കോടതി സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ചത്. ഈ യാഥാര്‍ത്ഥ്യമാണ് കേന്ദ്ര ബജറ്റ് ഒന്നാമതായി കണക്കിലെടുക്കേണ്ടിയിരുന്നത്. അതെങ്ങിനെയാണ് ബജറ്റ് അഭിസംബോധന ചെയ്തത്?
കൃഷിക്കുള്ള ബജറ്റ് വിഹിതം കുറച്ചു
നടപ്പു വര്‍ഷത്തെ പുതുക്കിയ കണക്കുകളേക്കാള്‍ 30 ശതമാനത്തിന്റെ, അതായത് 80000 കോടി രൂപയുടെ വന്‍ കുറവു വരുത്തി. രാസവള സബ്‌സിഡിയില്‍ 25 ശതമാനവും കുറവു വരുത്തി. താങ്ങുവിലയില്‍ കുറവു വരുത്തിയത് 11000 കോടി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പി എം എഫ് ബി വൈ, കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പി എം കിസാന്‍ പദ്ധതികള്‍ക്കും വിഹിതം കുറച്ചു. ഇത്ര രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക സമരവും ഉണ്ടായ കാലത്താണ് അതൊന്നും ഉള്‍ക്കൊള്ളാത്ത തരത്തില്‍ കൃഷിക്കുള്ള ബജറ്റ് വിഹിതം കുറച്ചിരിക്കുന്നത്. ഇതിന്റെ ആകെത്തുക കാര്‍ഷികോല്‍പ്പാദനം ചെലവേറിയതായിത്തീരുകയും പൊതുസംഭരണം ഗണ്യമായി കുറയുകയും പൊതുവിതരണം കൂടുതല്‍ ശോഷിക്കുകയും ചെയ്യുക എന്നതായിരിക്കും. പിന്‍വലിച്ച കര്‍ഷക നിയമങ്ങളുടെ ലക്ഷ്യവും കാര്‍ഷിക ഉല്‍പ്പാദനം, വിപണനം, സംഭരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പിന്തുണയും ഇടപെടലും ഇല്ലാതാക്കി കോര്‍പ്പറേറ്റ് മൂലധനത്തിന് തുറന്നു കൊടുക്കലായിരുന്നു എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയ ശേഷമുള്ള ജനസംഖ്യാ വര്‍ദ്ധനവിന്റെ ഫലമായി അര്‍ഹരായ 10 കോടി ഗുണഭോക്താക്കള്‍ ഇപ്പോള്‍ത്തന്നെ പുറത്തുനില്‍ക്കുകയും മഹാമാരി ദശലക്ഷങ്ങളെ അതിദാരിദ്ര്യത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന കാലത്ത് ഈ ചെലവു ചുരുക്കലിന്റെ പ്രത്യാഘാതം അതിയായ ആശങ്കയുളവാക്കുന്നതാണ്.

തൊഴിലുറപ്പ് പദ്ധതിക്കും തിരിച്ചടി
മഹാമാരി സൃഷ്ടിച്ച വറുതിയുടെ കാലത്ത് ദാരിദ്ര്യത്തിന് നേരിയ ആശ്വാസമായത് തൊഴിലുറപ്പു പദ്ധതിയായിരുന്നുവെന്ന വസ്തുത ഇന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, തൊഴിലുറപ്പു പദ്ധതിക്ക് നടപ്പുവര്‍ഷത്തേക്കാള്‍ നീക്കിയിരുപ്പ് 25,000 കോടി കുറവാണ്. നിയമം അനുശാസിക്കും വിധം സജീവമായ തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാന്‍ ബജറ്റില്‍ പറഞ്ഞ തുകയുടെ ഏതാണ്ട് മൂന്നിരട്ടി (2.64 ലക്ഷം) വേണമെന്നാണ് ആ രംഗത്തെ വിദഗ്ദ്ധരുടെ അനുമാനം. ഇപ്പോഴത്തെ ബജറ്റ് വിഹിതം എല്ലാ തൊഴില്‍ കാര്‍ഡുടമകള്‍ക്കും 16 ദിവസം തൊഴില്‍ നല്‍കാന്‍ മാത്രമേ മതിയാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമവികസനത്തിനാകെയുള്ള ബജറ്റില്‍ നടപ്പുവര്‍ഷത്തെക്കാള്‍ 655കോടി രൂപ കുറവാണ്. ഗ്രാമീണ ഇന്ത്യയുടെ ജീവിതത്തെ മഹാമാരി കശക്കിയെറിഞ്ഞ കാലമാണ്. കോവിഡ് കാലത്ത് കര്‍ഷകത്തൊഴിലാളികളുടെ ആത്മഹത്യയില്‍ 18 ശതമാനം വര്‍ദ്ധനവുണ്ടായി എന്ന ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്ക് കണ്ണുതുറപ്പിക്കേണ്ടതാണ്. എന്നാല്‍ ഗ്രാമീണ ദരിദ്രരുടെ വരുമാനവും വാങ്ങല്‍ ശേഷിയും വീണ്ടും ശോഷിക്കാനാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇടയാക്കുക.
ദാരിദ്ര്യത്തിന്റെയും വറുതിയുടെയും പ്രധാന ഇരകളാണ് സ്ത്രീകളും കുട്ടികളും. ഇരുവിഭാഗങ്ങളിലും വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, വിളര്‍ച്ച, ഇതിനു കാരണമാകുന്ന പോഷകാഹാരക്കുറവ് എന്നിവ വര്‍ദ്ധിച്ച കാലയളവാണിത്. ആഗോള പട്ടിണി റിപ്പോര്‍ട്ട് മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടുവരെ ഈ യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. അംഗന്‍വാടി സേവനങ്ങളും പോഷകാഹാര പരിടപാടിയും ഉള്‍പ്പെടുന്ന ശിശുവികസന പദ്ധതികള്‍ക്കാകെയുള്ള വിഹിതം 11 ശതമാനം വെട്ടിക്കുറച്ചു. പ്രധാന്‍മന്ത്രി പോഷണ്‍ (PM POSHAN) എന്ന പേരിലുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് 2021 ല്‍ ചെലവഴിച്ചതിനെക്കാളും 2022 ലെ ബജറ്റ് വിഹിതത്തെക്കാളും കുറവാണ് അടുത്ത വര്‍ഷത്തെ (2022-23) ബജറ്റ് വിഹിതം.
അവഗണിക്കപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും
മഹാമാരി സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനം എത്രമേല്‍ അപര്യാപ്തമായിരുന്നു എന്ന് തെളിയിക്കപ്പെട്ട നാളുകളാണ് കടന്നുപോയത്. ഈയിടെ പുറത്തുവന്ന ഒരു നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 40 കോടി ഇന്ത്യക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ യാതൊരു വിധത്തിലുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമല്ല. മൂന്നില്‍ രണ്ട് ഇന്ത്യക്കാരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ്. മഹാമാരിക്കു മുമ്പുതന്നെ ആരോഗ്യരംഗത്തെ പൊതുചെലവില്‍ ലോകത്ത് ഏറ്റവും പിന്നണിയില്‍ കിടക്കുന്ന രാജ്യമാണ് ഇന്ത്യ. മഹാമാരിക്കാലത്തുപോലും ആരോഗ്യബജറ്റില്‍ കാര്യമായ കുറവു വരുത്തിയ ഒരുപക്ഷേ, ലോകത്തെ തന്നെ ഏക രാജ്യവും ഇന്ത്യയായിരിക്കും. വാക്‌സിനേഷന്റെ വെല്ലുവിളി ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ആരോഗ്യമേഖലയ്ക്ക് ഗണ്യമായ വകയിരുത്തല്‍ അനിവാര്യവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ നാമമാത്രമായ വര്‍ദ്ധന മാത്രമാണ് വരുത്തിയത്. പണപ്പെരുപ്പനിരക്ക് കൂടി കണക്കിലെടുത്താല്‍ വകയിരുത്തല്‍ കുറയുകയാണുണ്ടായത് എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡ് താളം തെറ്റിച്ച വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തിനും കാര്യമായ ഊന്നല്‍ ബജറ്റില്‍ കാണുന്നില്ല.

തൊഴിൽ ഒരു പ്രതീക്ഷ മാത്രം
അഭിസംബോധന ചെയ്യേണ്ടിയിരുന്ന മറ്റൊരു പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയുടേതായിരുന്നു. ആഗോളതലത്തിലുള്ള തൊഴില്‍ നിരക്കിനേക്കാള്‍ 12 മുതല്‍ 15 ശമാനം വരെ കുറവാണ് ഇന്ത്യയിലെ തൊഴില്‍ നിരക്ക് എന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴില്‍ നിരക്കിനേക്കാള്‍ ഗണ്യമായി ഉയര്‍ന്നതാണ് ചൈന, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ തൊഴില്‍ നിരക്കുകള്‍. ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ നിരക്ക് വളരെ കുറവാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE)യുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ ഗ്രാമീണ മേഖലയില്‍ 7.3. ഉം നഗരങ്ങളില്‍ 9.3 ഉം ശതമാനമായി ഉയര്‍ന്നിരിക്കുന്നു. നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ തൊഴിലില്ലായ്മ സാരമായി ബാധിച്ചതായി CMIE ചൂണ്ടിക്കാട്ടുന്നു. ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 60 ശതമാനം വരെയാണ്. 2016 നും 2021 നും ഇടയില്‍ ഇന്ത്യയില്‍ ഒരുകോടി തൊഴില്‍ നഷ്ടമുണ്ടായതായും CMIE പഠനം വ്യക്തമാക്കുന്നു. നഗര ദരിദ്രര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഗ്രാമീണ മേഖലയിലെ പദ്ധതിയുടെ മാതൃകയില്‍ നഗര തൊഴിലുറപ്പു പദ്ധതി എന്ന ആശയം പലരും മുന്നോട്ടുവച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ മൂലധനച്ചെലവുകളില്‍ വിഭാവനം ചെയ്യുന്ന ഗണ്യമായ വര്‍ദ്ധനവിലൂടെ വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയാണ് ബജറ്റ് പങ്കുവയ്ക്കുന്നത്. 2022-23 ലെ ബജറ്റില്‍ നടപ്പുവര്‍ഷത്തെ ബജറ്റിനെക്കാള്‍ കൂടുതലായി മൂലധനച്ചെലവില്‍ വകയിരുത്തിയിട്ടുള്ളത് 1.06 ലക്ഷം കോടി രൂപയാണ്. ഇത് അപര്യാപ്തമാണെന്നത് ഒരു കാര്യം.

രാജസ്ഥാനില്‍ നിന്നുള്ളൊരു ദൃശ്യം
വാങ്ങൽ കഴിവിനെ ഊറ്റിയെടുക്കുന്ന ബജറ്റ്
പ്രധാനപ്പെട്ട മറ്റൊരു കാര്യം നടപ്പുവര്‍ഷത്തെ ബജറ്റില്‍ മൂലധനച്ചെലവുകളില്‍ 30 ശതമാനം വര്‍ദ്ധന വരുത്തിയിട്ടും സാമ്പത്തികവര്‍ഷത്തിന്റെ മൂന്നിലൊന്നു പിന്നിട്ടപ്പോഴും പകുതിപോലും ചെലവഴിക്കാനായില്ല എന്നതാണ്. പ്രത്യേക ഊന്നല്‍ നല്‍കിയ മേഖലകളില്‍പ്പോലും വിനിയോഗം വളരെ കുറഞ്ഞതായിരുന്നു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനിന് അനുവദിച്ച അന്‍പത്തിയാറായിരം കോടിയുടെ രണ്ടുശതമാനം മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷം പകുതിയിലേറെ പിന്നിട്ടപ്പോഴും ചെലവഴിച്ചത്. അറുപതിനായിരും കോടിയുടെ കുടിവെള്ള പദ്ധതികളുടെ മൂന്നിലൊന്നില്‍ താഴെ മാത്രമേ ഈ കാലയളവില്‍ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ.
വിലക്കയറ്റമാണ് രാജ്യം നേരിടുന്ന മറ്റൊരു ഗുരുതരമായ വെല്ലുവിളി ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങള്‍ ഇതിനു കാരണമാണ്. നിരന്തരം ഇന്ധന നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുന്ന മുഖ്യകാരണമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വേറൊരു അശുഭ സൂചനയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും കേന്ദ്രബജറ്റില്‍ പെട്രോളിയം സബ്‌സിഡി 11 ശതമാനം വെട്ടിക്കുറച്ചു എന്നതിനര്‍ത്ഥം അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ദ്ധനവിന്റെ ആഘാതം ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ നികുതി ഗണ്യമായി കൂട്ടിയതിനാല്‍ ആ കുറവിന്റെ ആശ്വാസം ഒട്ടും കിട്ടിയിരുന്നില്ല എന്നോര്‍ക്കണം. രാസവള സബ്‌സിഡി കുറച്ചതും വിലക്കയറ്റത്തില്‍ പ്രതിഫലിക്കും. തൊഴിലും വരുമാനവും സാരമായി ഇടിഞ്ഞ പശ്ചാത്തലത്തില്‍ വിലക്കയറ്റം ജനങ്ങളുടെ അവശേഷിക്കുന്ന വാങ്ങല്‍ കഴിവിനെക്കൂടി ഊറ്റിയെടുക്കുന്നതാണ്. ഇത് ഉപഭോഗം ഗണ്യമായി കുറയുന്നതിനിടയാക്കും. ജി.ഡി.പി.യുടെ സിംഹഭാഗവും ഉപഭോഗത്തില്‍ നിന്നാണെന്നും നടപ്പുവര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ ഉപഭോഗത്തിന്റെ വളര്‍ച്ച വളരെ മന്ദഗതിയിലാണെന്നതും സമ്പദ്ഘടനയിലെ ഉല്‍പ്പാദന ശേഷിയുടെ വിനിയോഗം കഴിഞ്ഞ ഒരു വര്‍ഷമായി 40 ശതമാനത്തോളം കുറവാണെന്നതും കണക്കിലെടുക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാനും ഒപ്പം വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്.
എങ്ങനെയാണ് അത് സാധ്യമാവുക? അടിസ്ഥാന സൗകര്യ വികസനത്തിന് - ഭൗതികമായതും സാമൂഹിക (സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ)മായതുമായ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് വന്‍തോതില്‍ പൊതുനിക്ഷേപം നടത്തുകയും അതിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കുകയും ചെയ്യുക ഒരു മാര്‍ഗം. സാമൂഹിക സുരക്ഷാ പദ്ധതികള്‍ വിപുലീകരിച്ചും ക്ഷേമച്ചെലവുകള്‍ കൂട്ടിയും മറ്റും ജനങ്ങളുടെ കയ്യില്‍ ചെലവഴിക്കാവുന്ന വരുമാനം വര്‍ദ്ധിച്ചതോതില്‍ ലഭ്യമാക്കുകയാണ് മറ്റൊന്ന്. പക്ഷേ സര്‍ക്കാര്‍ ചെയ്തത് സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന സബ്‌സിഡികളില്‍ 39 ശതമാനത്തിന്റെ അതിഭീമമായ കുറവ് വരുത്തുകയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ തീര്‍ത്തും അവഗണിക്കപ്പെട്ടിരിക്കുന്നു. അംഗപരിമിതര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ യഥാക്രമം 200, 300 രൂപാവീതം എന്നത് കഴിഞ്ഞ 15 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്നു.

ഒരുശതമാനം അതിസമ്പന്നരുടെ കൈവശം ദേശീയ സ്വത്തിന്റെ നാലിലൊന്നോളം കുമിഞ്ഞു കൂടിയിരിക്കുന്നു. ഈ ഒരു ശതമാനത്തിന്റെ മേല്‍ വെറും രണ്ടു ശതമാനം സ്വത്ത് നികുതിയും 33 ശതമാനം പിന്തുടര്‍ച്ചാ നികുതിയും ചുമത്തിയാല്‍ പ്രതിവര്‍ഷം 11 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാമെന്നാണ് ഒരു കണക്ക്. ലോകത്ത് നിരവധി രാജ്യങ്ങളില്‍ സമ്പന്നര്‍ക്കു മേല്‍ സമാന നികുതികളുണ്ടായിട്ടും ഇവിടെ എന്തുകൊണ്ടില്ല? എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം കഴിഞ്ഞ ഒരു ദശകമായി നികതിയും ജി.ഡി.പി.യും തമ്മിലുള്ള അനുപാതം 10 ശതമാനത്തിനു ചുറ്റും മുരടിച്ചു നില്‍ക്കുന്നു? എന്തുകൊണ്ടാണ് സമ്പന്നരില്‍നിന്ന് ന്യായമായും കൂടുതല്‍ നികുതി പിരിക്കാവുന്ന എല്ലാ സാഹചര്യവുമുണ്ടായിട്ടും ബജറ്റില്‍ വീണ്ടും കോര്‍പ്പറേറ്റ് സര്‍ച്ചാര്‍ജ്ജ് കുറച്ചത്? എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടലും ചെലവുകളും വര്‍ദ്ധിപ്പിക്കേണ്ട ദുരിതകാലത്തും എല്‍.ഐ.സി. പോലുള്ള അമൂല്യമായ ദേശീയ ആസ്തികളുടെ സ്വകാര്യവല്‍ക്കരണത്തിന് മുന്‍ഗണന കിട്ടുന്നത്? നവലിബറല്‍ നയം, സര്‍ക്കാര്‍ ഇടപെടലുകള്‍ വെട്ടിക്കുറയ്ക്കാനും ചെലവു ചുരുക്കാനും ധനമൂലധനത്തിന് സമ്പദ്ഘടനയെ തുറന്നിടാനും അനുശാസിക്കുന്നതുകൊണ്ട് എന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. ചില മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍പോലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നവലിബറല്‍ നയത്തിന്റെ കാര്യത്തില്‍ കടുംപിടുത്തത്തില്‍ അയവുകള്‍ വരുത്താന്‍ തയ്യാറായി. പകര്‍ച്ച വ്യാധിയെ നേരിടാന്‍ ആശുപത്രികള്‍ ദേശസാല്‍ക്കരിച്ചതും ആരോഗ്യമേഖലയിലെ പൊതുചെലവുകള്‍ കൂട്ടിയതുമെല്ലാം ഉദാഹരണങ്ങളാണ്. ഇന്ത്യ പക്ഷേ, വിട്ടുവീഴ്ചയില്ലാതെ നവലിബറല്‍ പാതയില്‍ മുന്നോട്ടുപോവുകയാണ്. ലോകമാകട്ടെ, ഈ നവലിബറല്‍ നയങ്ങളുടെ പരാജയവും മനുഷ്യ വിരുദ്ധതയും മുന്‍പത്തെക്കാള്‍ കൂടുതല്‍ തിരിച്ചിറിയുമ്പോഴാണിത്. ചിലി മുതല്‍ ജര്‍മനി വരെ ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും സമീപകാല തെരഞ്ഞടുപ്പുകളില്‍ പ്രതിഫലിച്ച പ്രധാന ഘടകം ഈ നവലിബറല്‍ നയങ്ങള്‍ക്കും അത് പിന്തുടരുന്ന സര്‍ക്കാരുകള്‍ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിക്കുമെതിരായ ജനങ്ങളുടെ അസംതൃപ്തിയായിരുന്നു. ഇനി നടക്കാനിരിക്കുന്ന ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള സൂചനകളുമതാണ്.
പ്രതിബദ്ധത മൂലധന താൽപര്യങ്ങളോട്
ബജറ്റ് സര്‍ക്കാരിന്റെ ഏറ്റവും ശക്തമായ നയപരമായ ഒരു ഉപകരണമാണ്. സര്‍ക്കാര്‍ ഏത് താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതനുസരിച്ചാണ് ആ ഉപകരണത്തിന്റെ പ്രയോഗം. വന്‍കിട മൂലധന താല്‍പര്യങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ കേന്ദ്രബജറ്റും. എന്നാല്‍ ഭരണഘടന ഭരണകൂടത്തിന് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം മറിച്ചാണ്. ഭരണഘടനയുടെ അനുച്ഛേദം 39 (C) പറയുന്നത്, ‘പൊതുതാല്‍പര്യത്തിന് ഹാനികരമാകുംവിധം സമ്പത്തിന്റെ കേന്ദ്രീകരണം സമ്പദ്ഘടനയില്‍ ഉണ്ടാകാന്‍ ഇടയാക്കാത്തവിധം ഭരണകൂടം നയം നടപ്പിലാക്കേണ്ടതാണ്' എന്നാണ്.

ക്ഷാമകാലത്തെന്നതു പോലെ മനുഷ്യജീവനും മനുഷ്യാന്തസ്സിനും ക്രൂരമാം വിധം വിലയില്ലാതാകുന്ന കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് കോവിഡ് മഹാമാരിയുടെ കാലം. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ജനത രാജ്യമെമ്പാടും പലായനം ചെയ്തതും അതിനിടയില്‍ മനുഷ്യര്‍ തെരുവില്‍ വീണും തീവണ്ടിക്കടിയില്‍ പെട്ടും പ്രാണവായു കിട്ടാതെ പിടഞ്ഞും നരകിച്ച് മരിക്കുകയും കൂട്ടച്ചിതകളില്‍ എരിഞ്ഞടങ്ങുകയും പുണ്യനദികളില്‍ അഴുകിയ ജഡങ്ങളായി ഒഴുകി നടക്കുകയും ചെയ്യുന്നത് കാണേണ്ടിവന്ന കാലം. സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും വലിയ മനുഷ്യ ദുരന്തം. അതിന്റെ പ്രത്യാഘാതമായ അതിദാരിദ്ര്യവും അസമത്വവും അസഹനീയമായ കാലം. ഈ കാലം തിരിച്ചറിവുകളും തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്.
നിയമസഭാ സ്പീക്കര്‍, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം, മുന്‍ എം.പി.
കെ.കണ്ണന്‍
Aug 10, 2022
7 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
കെ.വി. മനോജ്
Jul 25, 2022
6 minutes
Truecopy Webzine
Jul 23, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ഇ.കെ. ദിനേശന്‍
Jul 20, 2022
6 Minutes Read
ഡോ. എം.കെ. മുനീർ
Jul 20, 2022
4 Minutes Read
Think
Jul 16, 2022
4 Minutes Read