സര്‍വകലാശാലകള്‍ ജനകീയമായി
വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം-
ഒരു കോളേജ് അധ്യാപകൻ എഴുതുന്നു
സര്‍വകലാശാലകള്‍ ജനകീയമായി വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം- ഒരു കോളേജ് അധ്യാപകൻ എഴുതുന്നു
വിദ്യാര്‍ഥിയുടെ മനുഷ്യാവകാശങ്ങളില്‍ സര്‍വകലാശാലകള്‍ നടത്തിയ തേര്‍വാഴ്ചയുടെ രണ്ടുവര്‍ഷമാണ് കടന്നുപോകുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ജനകീയമായി വിചാരണ ചെയ്യപ്പെടണം. നല്ലനടപ്പിന് ശിക്ഷിക്കപ്പെടണം. വിദ്യാര്‍ഥികള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവയാണ് എല്ലാ അക്കാദമികസ്ഥാപനങ്ങളെന്നും വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിയേ മതിയാവൂ.
5 Apr 2022, 11:58 AM
വിദ്യാര്‍ഥികളെ ഏറ്റവും കൂടുതല്‍ ദുരിതത്തിലാഴ്ത്തിയതും അവരെ ഏറ്റവും വലിയ മാനസികസമ്മര്‍ദ്ദത്തിന് കീഴ്പ്പെടുത്തിയതും കോവിഡല്ല. കോവിഡിനെ മുന്‍നിര്‍ത്തി സര്‍വ്വകലാശാലകള്‍ സ്വീകരിച്ച അനുഭാവ പൂര്‍വ്വമല്ലാത്തതും വിദ്യാര്‍ഥി വിരുദ്ധവുമായ തീരുമാനങ്ങളാണ്.
പരീക്ഷ യഥാസമയം നടത്തി ഫലം കൃത്യമായി പ്രസിദ്ധീകരിക്കുക എന്നതുമാത്രം പ്രഥമവും പ്രധാനവുമായി കരുതുന്ന, വിദ്യാര്‍ത്ഥിവിരുദ്ധത മുഖമുദ്രയാക്കിയ കേന്ദ്രങ്ങളായി സര്‍വ്വകലാശാലകള്‍ അധഃപതിച്ചിരിക്കുന്നുവെന്നത് വേദനാജനകമായ വസ്തുതയാണ്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ച് നടത്തിയ ന്യായമായ സമരത്തിനുനേരെ ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ഥിവിരുദ്ധ നിലപാട് ഇത്തരം തുടര്‍ച്ചകളിലെ പുതിയ കണ്ണി മാത്രമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടറാക്കി മാറ്റുന്ന പരിശീലനപ്രക്രിയയയിലെ നിര്‍ണായക ഘട്ടമായി പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്ന, "Clinical hours ഉറപ്പുവരുത്തിയതിനുശേഷം പരീക്ഷ നടത്തൂ' എന്ന മൗലികാവശ്യം നിരാകരിക്കാനും പ്രതികാര നടപടികളെടുക്കാനും ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് രണ്ടാമതൊരാലോചന വേണ്ടിവരുന്നില്ലെന്നത് സര്‍വകലാശാലകള്‍ക്ക് അടിയന്തര ചികിത്സ അനിവാര്യമാണെന്നതിനെ അടിവരയിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, അറിവിന്റെ ഉല്പാദനവും വിതരണവും സുഗമമാക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളില്‍നിന്ന് കേവലമായ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമുള്ള സംവിധാനമായി സര്‍വ്വകലാശാലകള്‍ പരിമിതപ്പെടുന്ന സാഹചര്യം പുനരവലോകനം ചെയ്യേണ്ടതുണ്ട്.

ശാസ്ത്രീയ പ്രക്രിയകളിലൂടെ രൂപപ്പെടുത്തിയ പാഠ്യപദ്ധതി, ആധുനിക സാങ്കേതികവിദ്യയും ബോധനരീതികളും സമന്വയിപ്പിച്ച ഫലപ്രദമായ പാഠ്യപദ്ധതി വിനിമയം, സമഗ്ര മൂല്യനിര്‍ണയം എന്നിവ പ്രാവര്‍ത്തികമാക്കുക വഴിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ. ഇവ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യ പ്രക്രിയ എന്നത്, പാഠ്യപദ്ധതി നിര്‍ദ്ദേശിച്ച അധ്യയന ദിവസങ്ങളും, ഈ സാദ്ധ്യായ ദിവസങ്ങളില്‍ കലാലയത്തിനകത്തും പുറത്തും നടക്കുന്നത് ക്രിയാത്മകമായ പഠനബോധന പ്രവര്‍ത്തനങ്ങളാണെന്ന് ഉറപ്പു വരുത്തലുമാണ്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ മുതല്‍ മൂല്യനിര്‍ണയം വരെയുള്ള പ്രക്രിയകള്‍ കൊണ്ട് പരമാവധി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്ന അശാസ്ത്രീയവും വികലവുമായ നടപടിക്രമങ്ങളാണ് സര്‍വ്വകലാശാലകള്‍ പിന്തുടരുന്നത്.
ഒരു സെമസ്റ്റര്‍കാലം നീളുന്ന അഡ്മിഷന്‍
കേരളം മുഴുവനുമുള്ള വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം മതി. രണ്ടോ മൂന്നോ ജില്ലകള്‍ മാത്രം ദൂരപരിധിയുള്ള സര്‍വ്വകലാശാലകള്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് മാസങ്ങളെടുത്താണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ യു. ജി അഡ്മിഷന്‍ പൂര്‍ത്തിയാവുന്നത് നാലും അഞ്ചും മാസങ്ങള്‍ കൊണ്ടാണ്. രണ്ടാമത്തെ അലോട്ട്മെന്റോടെ സര്‍വകലാശാല ക്ലാസ് തുടങ്ങാന്‍ ആവശ്യപ്പെടും. ആ സമയത്ത് പല കോളേജുകളിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ. അവരെ മാത്രം വെച്ച് അധ്യാപകര്‍ക്ക് ക്ലാസെടുക്കാന്‍ കഴിയില്ല. അവസാന ഘട്ടത്തില്‍ അഡ്മിഷന്‍ നേടുന്ന യു. ജി, പി. ജി വിദ്യാര്‍ഥികള്‍ക്കൊന്നും (അലോട്ട്‌മെന്റ് വൈകിയതിന് അവര്‍ ഉത്തരവാദികളല്ലാഞ്ഞിട്ടും) ഫലത്തില്‍ ഒന്നാം സെമസ്റ്റര്‍ ക്ലാസ് കിട്ടില്ല. മാസങ്ങള്‍ നീണ്ട അഡ്മിഷന്‍ ജോലികള്‍ക്കായി ക്ലാസില്‍ പോകാന്‍ പറ്റാതെ മാറിനില്‍ക്കേണ്ടി വരുന്നതുവഴി ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും പരിമിതമായി കിട്ടിയ സാദ്ധ്യായ ദിവസങ്ങളില്‍ പോലും അധ്യയനസമയം നഷ്ടപ്പെടുത്തേണ്ടിയും വരുന്നു.
മൂല്യനിര്‍ണയ ക്യാമ്പുകളും പരീക്ഷാ ഡ്യൂട്ടിയും

വന്നുവന്ന് കലാലയങ്ങളിലിപ്പോള്‍ പരീക്ഷയില്ലാത്ത ദിവസങ്ങളില്ലെന്ന് പറയാം. തുടര്‍ച്ചയായ പരീക്ഷാ ഡ്യൂട്ടികള്‍ക്ക് പുറമെ യു. ജി - പി. ജി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുഴുവന്‍ അധ്യാപകരും കോളേജിന് അവധി കൊടുത്ത് എത്തണമെന്നാണ് സര്‍വ്വകലാശാല ഉത്തരവ്. 15 മുതല്‍ 30 ദിവസം വരെ ഇങ്ങനെ വര്‍ഷത്തില്‍ നഷ്ടപ്പെടും. മിക്ക കലാലയങ്ങളും ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികളുടെ കൂടി പരീക്ഷാകേന്ദ്രങ്ങള്‍ ആയതിനാല്‍, പരീക്ഷകള്‍ ഒരുമിച്ചുവരുമ്പോള്‍ ക്ലാസ് മുറികള്‍ അപര്യാപ്തമാവും എന്നതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത അവധി കൊടുക്കേണ്ടിയും വരും.
ഇതു കൂടാതെ കോളേജ് തലത്തില്‍ ഇന്റേണല്‍ പരീക്ഷകള്‍, ഓഡിറ്റ് കോഴ്സ് പരീക്ഷകള്‍ എന്നിവയും നടത്തേണ്ടതുണ്ട്. ഇതിനായി ചുരുങ്ങിയത് ഏഴ്, എട്ട് ദിവസങ്ങള്‍ മാറ്റി വയ്ക്കേണ്ടി വരും. ഓരോ സെമസ്റ്റര്‍ പരീക്ഷക്കുമുന്‍പും സ്റ്റഡി ലീവ്, ദിനാചരണങ്ങള്‍, ഉത്സവാഘോഷങ്ങള്‍, ഹര്‍ത്താല്‍, പണിമുടക്ക്, പ്രാദേശിക അവധി എന്നിവ കൂടി ചേരുമ്പോള്‍ നിര്‍ബന്ധമായി കിട്ടേണ്ട 180 ദിവസം ഫലത്തില്‍ 60 - 70 ദിവസമായി ചുരുങ്ങുന്നു.
സര്‍ഗാത്മകമല്ലാത്ത കാമ്പസുകള്‍
കലാലയങ്ങള്‍ എന്നത് കേവലം സര്‍വകലാശാല പരീക്ഷയ്ക്കുമാത്രമുള്ള സ്ഥാപനങ്ങളായി ചുരുങ്ങിയിട്ട് വര്‍ഷങ്ങളായി. അധ്യയനത്തിന് മതിയായ സമയമില്ലാത്തതിനാല്‍ ബോധനമെന്നത് പാഠ്യപദ്ധതിയിലെ അവശ്യം ഉള്ളടക്ക (essential content) ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള, ആഴവും പരപ്പുമില്ലാത്ത, നിശ്ചിത വൃത്തത്തിനകത്തെ അഭ്യാസം മാത്രമായി ഒതുക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി. പരിമിത ദിവസങ്ങള്‍ക്കകത്തേക്ക് അളന്നുമുറിച്ച് വെട്ടി ഒതുക്കപ്പെട്ട, ജീവനില്ലാത്ത, വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് പരിണമിക്കാത്ത, പ്രചോദനാത്മകമല്ലാത്ത യാന്ത്രിക പ്രവൃത്തിയായി മാറി അസംതൃപ്ത അധ്യാപനങ്ങള്‍!.
അരങ്ങൊഴിഞ്ഞ കലോത്സവങ്ങൾ, ആരവങ്ങളില്ലാത്ത മൈതാനങ്ങൾ

വിദ്യാഭ്യാസമെന്നത് ജ്ഞാനാര്‍ജ്ജനം മാത്രമായി പരിമിതപ്പെട്ടതോടെ കലാലയകായിക മേളകള്‍ക്കും അന്ത്യമായി. കാണികള്‍ തിങ്ങിനിറഞ്ഞ ജനപ്രിയ കലോത്സവങ്ങള്‍ ഓര്‍മയായി. പലതും നടക്കുന്നില്ല, ചിലത് നടക്കും. അരങ്ങിലും പുറത്തും വിദ്യാര്‍ഥിപ്രാതിനിധ്യമില്ലാതെ അവ കടന്നുപോകുന്നു.
ഒരു കാലത്ത് കലാലയം നെഞ്ചേറ്റിയ, ഹൗസ് പോരാട്ടങ്ങളുടെ വീറും വാശിയും പ്രകടമായ, നിലയ്ക്കാത്ത ആരവങ്ങളുടെ കായിക മേളകള്‍ സോണല്‍ മത്സരങ്ങളിലേക്ക് ആളെ കണ്ടെത്താന്‍ മൈതാന മൂലയില്‍ നടത്തുന്ന സ്വകാര്യതിരഞ്ഞെടുപ്പുകള്‍ മാത്രമായി മാറി. പരീക്ഷ, ഇന്റേണല്‍, ലാബ്, അറ്റന്‍ഡന്‍സ് എന്നീ കടമ്പകളില്‍ തട്ടി അതിജീവിക്കാനാവാതെ കൊഴിഞ്ഞു പോവുകയാണ് വിദ്യാര്‍ഥികളുടെ കലാകായിക സ്വപ്നങ്ങള്‍.
കാമ്പസിന്റെ അരാഷ്ട്രീയവത്കരണം
കമീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതിവിധികളും അരാഷ്ട്രീയവത്കരിച്ച കാമ്പസിന്റെ രാഷ്ട്രീയപതനം കോവിഡോടെ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പഠനം മുതല്‍ മൂല്യനിര്‍ണയം വരെ ഓണ്‍ലൈനായി നടന്നിട്ടും കോളേജ് ഇലക്ഷന്‍ ഓണ്‍ലൈനായി നടത്തി കലാലയങ്ങളില്‍ സ്റ്റുഡന്‍സ് യൂണിയനും പ്രവര്‍ത്തനങ്ങളും സാധ്യമാക്കാന്‍ സര്‍വ്വകലാശാലകള്‍ മുതിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളുടെ എല്ലാ കൊടിയടയാളങ്ങളും കാമ്പസിൽ നിന്ന് തുടച്ചുമാറ്റുന്നതില്‍ കേരളത്തിലെ കലാലയങ്ങളില്‍ ഭൂരിഭാഗവും വിജയിച്ചുകഴിഞ്ഞു. കലാലയങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അക്കാദമിക് - ഭരണ സംവിധാനങ്ങളിലെ നാമമാത്ര വിദ്യാര്‍ഥി പ്രാതിനിധ്യവും ഒഴിവാക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥിവിരുദ്ധമായ ഏതുനയങ്ങളും തീരുമാനങ്ങളും തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ എടുക്കാനും നടപ്പാക്കാനും നിര്‍ബാധം കഴിയുന്നു.
ഉയര്‍ന്ന ഫീസ്, കനത്ത പിഴ, കര്‍ക്കശ വ്യവസ്ഥകള്‍- തെറ്റ് യൂണിവേഴ്സിറ്റിയുടെതായാലും വിദ്യാര്‍ഥിയുടേതായാലും എപ്പോഴും വിദ്യാര്‍ഥികള്‍ മാത്രമാണ് ഇരയാക്കപ്പെടുന്നത്. യൂണിവേഴ്സിറ്റി വരുത്തുന്ന പിഴവുകളും ശരിയാക്കി കിട്ടാന്‍ വിദൂരങ്ങളില്‍നിന്ന് യൂണിവേഴ്സിറ്റിയില്‍ നേരിട്ടെത്തി അധികൃതരുടെ കനിവും കാത്ത് കെട്ടിക്കിടക്കണം.

ഹയര്‍ സെക്കണ്ടറി വകുപ്പ് ലാബുകളുടെ എണ്ണം ചുരുക്കിയും ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ചും പഠനഭാരം ലഘൂകരിക്കാന്‍ എളിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥിയുടെ പഠനഭാരവും അവരനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദവും പ്രശ്നമല്ലായിരുന്നു. ബസ് പണിമുടക്ക് ദിവസവും ഹര്‍ത്താല്‍ ദിവസവും പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥി വിരുദ്ധതയില്‍ ഏതറ്റംവരെ പോകാനും അവര്‍ തയ്യാറാവുകയാണ് ചെയ്തത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സര്‍വകലാശാലകള്‍ക്ക് പരസ്പരം മത്സരിക്കാനും മേനി നടിക്കാനുമുള്ള ഘടകങ്ങളായി നിലകൊണ്ടു.
വിദ്യാര്‍ഥിയുടെ മനുഷ്യാവകാശങ്ങളില്‍ സര്‍വകലാശാലകള്‍ നടത്തിയ തേര്‍വാഴ്ചയുടെ രണ്ടുവര്‍ഷമാണ് കടന്നുപോകുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ജനകീയമായി വിചാരണ ചെയ്യപ്പെടണം. നല്ലനടപ്പിന് ശിക്ഷിക്കപ്പെടണം. വിദ്യാര്‍ഥികള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവയാണ് എല്ലാ അക്കാദമികസ്ഥാപനങ്ങളെന്നും വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിയേ മതിയാവൂ.
മലയാളവിഭാഗം അസി. പ്രൊഫസര്‍. കെ.കെ.ടി.എം. ഗവണ്‍മെന്റ് കോളേജ്, കൊടുങ്ങല്ലൂര്‍.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
എം.സുല്‍ഫത്ത്
Nov 22, 2022
7 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
റിദാ നാസര്‍
Nov 17, 2022
4 minutes read