വിമര്‍ശനങ്ങളോട് ക്രിയാത്മക സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് ഇത്രയധികം തെറ്റുകള്‍ സംഭവിക്കുന്നു എന്നാണ് അവര്‍ സ്വയം ചോദിക്കേണ്ടത്- ദി ഹിന്ദു ഫോറിൻ എഡിറ്റർ സ്റ്റാൻലി ജോണി സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:55 PM
മനില സി. മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
സ്റ്റാന്‍ലി ജോണി : കേരളത്തിന്റെ സാഹചര്യത്തില്‍ പല വിമര്‍ശനങ്ങളും കാമ്പുള്ളവയാണെന്നാണു തോന്നിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനധര്‍മം വസ്തുതാപരമായ റിപ്പോര്‍ട്ടിങ്ങാണ്. പ്രത്യേകിച്ചും വ്യാജവാര്‍ത്തകളുടേയും വ്യാജ വീഡിയോകളുടേയും, വാട്‌സാപ് ഫോര്‍വേഡുകളുടേയും കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ അങ്ങേയറ്റം ശ്രദ്ധ പാലിക്കേണ്ടതുണ്ട്. പക്ഷേ, പലപ്പോഴും സെന്‍സേഷണലിസത്തിന്റെ തിരക്കില്‍ ഇതില്‍ വീഴ്ച പറ്റുന്നതാണു നമ്മള്‍ കാണുന്നത്. എത്രയോ ഉദാഹരണങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉണ്ടായി! അതുകൊണ്ട് വിമര്‍ശനങ്ങളോട് ക്രിയാത്മക സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് ഇത്രയധികം തെറ്റുകള്‍ സംഭവിക്കുന്നു എന്നാണ് അവര്‍ സ്വയം ചോദിക്കേണ്ടത്. ഏതു ജോലിയിലും എക്കൗണ്ടബിലിറ്റി എന്നൊന്നുണ്ട്. അതു മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. ഇത് വിമര്‍ശനത്തിന്റെ കാര്യമാണ്. അധിക്ഷേപങ്ങളെ വിമര്‍ശനങ്ങളായി കാണേണ്ടതില്ല.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ജേണലിസ്റ്റുകള്‍ക്ക് സവിശേഷാധികാരം ഒന്നുമില്ല. പക്ഷേ, അവർക്ക് ഒരു ജനാധിപത്യ സമൂഹത്തില്‍ സവിശേഷ ഉത്തരവാദിത്വമുണ്ട്. കാരണം വിവരത്തിന്റെ ഏറ്റവും സുതാര്യമായ വിനിമയം ഒരു ജനാധിപത്യ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. അതു മാധ്യമപ്രവര്‍ത്തകരാണ് ഉറപ്പ് വരുത്തേണ്ടത്. Someone has to hold those in power accountable. We need free press for that. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തനത്തെ ജനാധിപത്യത്തിന്റെ നാലാംതൂണ്‍ എന്നൊക്കെ പറയുന്നത്. തങ്ങള്‍ക്കില്ലാത്ത സവിശേഷാധികാരത്തെ കുറിച്ചല്ല മറിച്ച് തങ്ങള്‍ക്കുണ്ടാകേണ്ട സവിശേഷ ഉത്തരവാദിത്വത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ബോധ്യമുള്ളവരാകേണ്ടത്. വാര്‍ത്ത ശരിയായി റിപ്പോര്‍ട്ട് ചെയ്യുക. അധികാരത്തിലിരിക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുക. അവര്‍ക്ക് അപ്രിയമായ കാര്യങ്ങളും തുറന്നെഴുതുക. തെറ്റു സംഭവിച്ചാല്‍ അതു തെറ്റാണെന്ന് സമ്മതിക്കാനും തിരുത്താനും തയ്യാറാകുക. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ അടിസ്ഥാനപരമായി വേണ്ടത് തൊഴില്‍സഹജമായ ധാര്‍മികതയാണ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടായിരിക്കരുത് എന്നല്ല. ഞാന്‍ ഈ തൊഴില്‍ തുടങ്ങിയ സമയത്ത് പല സീനിയര്‍ എഡിറ്റേഴ്‌സും പറയാറുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ അവരുടെ രാഷ്ട്രീയം പുറത്തുപറയാന്‍ പാടില്ലെന്ന്. അവരുടെ വാദം, മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരുമായി സമദൂരത്തില്‍ നില്‍ക്കണമെന്നാണ്. എന്നാലേ വാര്‍ത്ത നിങ്ങളേ തേടി വരൂ. നിങ്ങള്‍ കോണ്‍ഗ്രസാണെങ്കില്‍ ബി.ജെ.പിക്കാര്‍ എന്തിനു നിങ്ങളെ സമീപിക്കണം എന്നാണ്. തിരിച്ചും. ഇത് ഒരു തരത്തില്‍ സാംഗത്യമുള്ള കാര്യമാണ്. പക്ഷേ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ഒരു മാധ്യമവിസ്‌ഫോടനം നടന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഉണ്ട്. ആളുകള്‍ക്ക് നിരന്തരം അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരങ്ങളുണ്ട്. പണ്ടത്തേ പോലെ പത്രത്തിന്റെ ഓപെഡ് പേജിലെ സ്‌പേസിനു വേണ്ടി കാത്തിരിക്കേണ്ടതില്ല. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം
ഉണ്ടായിരിക്കരുത് എന്നൊരഭിപ്രായം എനിക്കില്ല. പക്ഷേ ആ രാഷ്ട്രീയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കലരാന്‍ പാടില്ല. അവിടെ നടക്കേണ്ടത് റിപ്പോര്‍ട്ടിങ്ങാണ്. അഭിപ്രായ പ്രകടനമല്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. വ്യാജവാര്‍ത്തകളേയും, സ്ഥിരീകരിക്കാന്‍ പറ്റാത്താ സോഴ്‌സ്-ബേസ്ഡ് വാര്‍ത്തകളേയും പുറത്തു നിര്‍ത്തുക. In a sense, the only partisanship in reporting is the partisanship to facts. Journalists are fundamentally seekers of facts. ഇത് ടെലിവിഷന്‍ ആങ്കര്‍മാര്‍ക്കും ബാധകമാണ്. നിങ്ങള്‍ കോണ്‍ഗ്രസോ ഇടതുപക്ഷമോ ആകട്ടെ, ലിബറലോ കണ്‍സവേറ്റീവോ ആകട്ടെ, ഒരു ആങ്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട നിക്ഷ്പപക്ഷതയുണ്ട്. അതു നേരത്തേ പറഞ്ഞതു പോലെ തൊഴിലിന്റെ ധാര്‍മികതയാണ്. നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ നിങ്ങളുടെ ശത്രുക്കളല്ല. വികാരവിക്ഷോഭം നിങ്ങളുടെ ജോബ് ഡിസ്‌ക്രിപ്ഷന്റെ ഭാഗമല്ല. വാര്‍ത്താമുറിയില്‍. ഇത് വളരേ പ്രധാനമാണ്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ടെലിവിഷന്‍ അധികം കാണുന്ന ഒരാളല്ല ഞാന്‍. അതൊരു വ്യക്തിപരമായ താൽപര്യമാണ്. വാര്‍ത്തയും വിശകലനങ്ങളും വായിക്കാനാണ് ഇഷ്ടം. പക്ഷേ ജനങ്ങള്‍ക്കിടയില്‍ ടി.വിയുടെ റീച്ച് പത്രങ്ങളേക്കാള്‍ വലുതാണ്. വിശാലമായ അര്‍ത്ഥത്തില്‍ ടെലിവിഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമാണെന്ന് കാണാം. വാര്‍ത്ത വേഗത്തില്‍ സഞ്ചരിക്കുന്നു. വലിയ വിഭാഗം ജനങ്ങളിലേക്കെത്തുന്നു. പക്ഷേ അതുകൊണ്ട് തന്നെ ടെലിവിഷന്‍ ജേണലിസത്തെ കുറ്റമറ്റതാക്കാനുള്ള വലിയ ഉത്തരവാദിത്വം ടി.വി എഡിറ്റര്‍മാര്‍ക്കുണ്ട്. വാര്‍ത്ത തീരുമാനിക്കുന്നത് സ്പിരിറ്റ് ഓഫ് ദ് അവറല്ല. വാര്‍ത്ത തീരുമാനിക്കുന്നത് അതിലെ വസ്തുതകളുടെ വാര്‍ത്താമൂല്യമാണ്. ഈ അടിസ്ഥാന തിരിച്ചറിവ് ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ക്ക് വേണമെന്ന് മാത്രം. കാഴ്ചക്കാര്‍ക്കു വേണ്ടതു മാത്രം കൊടുക്കല്‍ അല്ല ജേണലിസം. അതിനു ടി.വി സീരിയലുണ്ട്. കാഴ്ചക്കാര്‍ക്ക് ശരിയായ വാര്‍ത്ത കൊടുക്കലാണ്. അതൊരു എഡ്യൂക്കേറ്റീവ് പ്രൊസസ് കൂടിയാണ്. ഞാന്‍ സീരിയസ് മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരെ കുറിച്ചാണ് പറയുന്നത്. അര്‍ണബ് ഗോസ്വാമിമാരെ പറ്റിയല്ല. അവര്‍ ടി.വിയില്‍ ചെയ്യുന്നത് ഹിറ്റ് ജോബാണ്, ജേണലിസമല്ല.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
മതത്തിനും കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊക്കെ സ്വാധീനമുണ്ട്. മതത്തിനു മാധ്യമങ്ങളുടെ മേലുള്ള സ്വാധീനം മാധ്യമങ്ങളുടെ മാത്രം പ്രശ്‌നമല്ല. അതു നമ്മുടെ സമൂഹത്തിന്റെ മൊത്തം പ്രശ്‌നമാണ്. ഒരു ഫെയ്‌സ്ബുക് പോസ്റ്റ് മതി കലാപമുണ്ടാവാന്‍. രണ്ടു സംഘടനകളുടെ ഭീഷണി മതി ഒരു നോവലിസ്റ്റിന് തന്റെ നോവല്‍ നിര്‍ത്തേണ്ടി വരാന്‍. അതുപോലെ പരസ്യവരുമാനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന മാധ്യമങ്ങളില്‍ കോര്‍പറേറ്റുകള്‍ക്കും സ്വാധീനം കാണും. ഇതു കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും നല്ല മാധ്യമപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ തന്നെ എത്രയോ വന്‍
സ്‌കൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ബോഫോഴ്‌സ്, തെഹല്‍ക വെളിപ്പെടുത്തലുകള്‍, ടുജി അഴിമതി, റാഡീയ ടേപ് എന്നിങ്ങനെ (റാഡിയ ടേപ്പ് പബ്ലിഷ് ചെയ്തതിന്റെ പേരില്‍ ഔട്ട് ലുക് മാഗസിനെ കാലങ്ങളോളം ബഹിഷ്‌കരിക്കുകയാണ് ടാറ്റ ഗ്രൂപ്പ് ചെയ്തത്). കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രശ്‌നം പ്രൊഫഷനലിസമില്ലായ്മയാണ്. ഫാക്ട്-ബേസ്ഡ് റിപ്പോര്‍ട്ടിംഗിനു പകരം സെന്‍സേഷണലിസമാണ് ഇവിടെ ന്യൂസ് റൂമുകള്‍ ഭരിക്കുന്നത്. തെറ്റ് അംഗീകരിക്കാന്‍ മടിയാണ് പല എഡിറ്റര്‍മാര്‍ക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യേണ്ടത് ഒരു ഇന്‍ഡെപെന്‍ഡന്റ് ന്യൂസ് ഓംബുഡ്‌സമാനെ, ഒരു ക്വാളിറ്റി എഡിറ്ററെ അപ്പോയിന്റ് ചെയ്യുക എന്നതാണ്. ഒരു റീഡേഴ്‌സ്/വ്യൂവേഴ്‌സ് എഡിറ്റര്‍. അതോടൊപ്പം ഒരു ഫാക്ട് ചെക് റ്റീം. അങ്ങിനെ സ്വയം അക്കൗണ്ടബിലിറ്റി ഏറ്റെടുക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാവണം.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
സമീപകാലത്തുണ്ടായിട്ടുള്ള പല ആരോപണങ്ങളും (മീറ്റൂ) സൂചിപ്പിക്കുന്നത്
ലിംഗനീതി നിലനില്‍ക്കുന്നില്ല എന്നു തന്നെയാണല്ലോ. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ പലയിടത്തും പല രീതിയിയിലുള്ള വിവേചനങ്ങള്‍ നേരിടുന്നുണ്ട്, അവരുടെ തൊഴിലിടത്തിനകത്തും പുറത്തും. പല മാധ്യമസ്ഥാപനങ്ങള്‍ക്കും ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റികളുണ്ട്. അത്തരത്തിലുള്ള മെക്കാനിസം പ്രധാനപ്പെട്ടതാണ്. സ്ത്രീ, പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യത്യസ്തമായ ശമ്പളനിരക്ക് എന്ന വിവാദം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബി.ബി.സിയില്‍ നിന്നുണ്ടായിരുന്നു. തൊഴിലിടത്തിനു പുറത്താണെങ്കില്‍, ചോദ്യം ചോദിക്കുന്ന സ്ത്രീകളോട് രാഷ്ട്രീയക്കാര്‍ ലൈംഗികച്ചുവയുള്ള കമന്റുകള്‍ പറയുന്നത് കണ്ടിട്ടുണ്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും. സൈബര്‍ അധിക്ഷേപത്തിനു വിധേയമാകുന്നത് സ്തീകളാണെങ്കിലും ഇതു തന്നെയാണു സ്ഥിതി.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
മാധ്യമപ്രവര്‍ത്തകര്‍ ദാരിദ്ര്യം തെരഞ്ഞെടുത്തവരാണു എന്നാണു പൊതുവില്‍ നമ്മള്‍ സ്വയം പറഞ്ഞ് ചിരിക്കുന്നത്. മലയാള മാധ്യമരംഗത്തെ കൃത്യമായ വിവരങ്ങള്‍ എന്റെ കയ്യിലില്ല. പക്ഷേ പൊതുവില്‍ വൈറ്റ് കോളര്‍ ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വേതനം കുറവാണ്. തുടക്കക്കാരുടേത് പരിതാപകരവുമാണ്. ഇതിനു പുറമേ ഇടിത്തീ പോലെയാണ് കോവിഡ് വന്നത്.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വലിയ സ്വാധീനമാണുള്ളത്. പ്രത്യേകിച്ചും വലിയ മാധ്യമസ്ഥാപനങ്ങള്‍ പോലും ഡിജിറ്റല്‍ സാന്നിധ്യം വ്യാപിപ്പിക്കുന്ന കാലത്ത്. മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയെ ശത്രുസ്ഥാനത്ത് കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറിച്ച് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ ഗൗരവമായെടുക്കാം. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് വിഷയങ്ങളെ ഫോളോ അപ് ചെയ്യാം. അങ്ങിനെ ആരോഗ്യകരമായ ഒരു എൻഗെയ്ജ്മെന്റ് സാധ്യമാണ്. പഴയ കാലമല്ല. വലിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഓഡിറ്റിംഗിന് വിധേയമാക്കാം. ഇതിനെ ഒരു അക്കൗണ്ടബിലിറ്റി എക്‌സര്‍സൈസ് ആയി കണ്ടാല്‍ മതി. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അബ്യൂസീവ് കണ്ടന്റുമുണ്ട്. അതു വിമര്‍ശനമല്ല. അതിനെ ഒന്നുകില്‍ അവഗണിക്കാം. അല്ലെങ്കില്‍ നിയമപരമായി സമീപിക്കാം.
സോഷ്യല്‍ മീഡിയയെ അപേക്ഷിച്ച് മാധ്യമങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. എന്റെ ഫെയ്‌സ്ബുക്കിന്റേയും ട്വിറ്ററിന്റേയും എഡിറ്റര്‍ ഞാന്‍ തന്നെയാണ്. അവിടെ ഒരു ഫില്‍റ്റര്‍ മെക്കാനിസം ഇല്ല. ഒരു ഫെയ്ക് ന്യൂസ് ചെക്കര്‍ ഇല്ല. എല്ലാം അക്കൗണ്ട് ഹോള്‍ഡറാണ്. എന്നാല്‍ മാധ്യമങ്ങള്‍ അങ്ങനെയല്ല. ഒരു സ്‌റ്റൈല്‍ ബുക്കുണ്ട്. ഇത്തോസുണ്ട്. ഒരു എഡിറ്റോറിയല്‍ ബോർഡുണ്ട്. ഒരു എഡിറ്ററുണ്ട്. ചിലര്‍ക്ക് ന്യൂസ് ഓംബുഡ്‌സ്മാനുമുണ്ട്. അതായത്, മാധ്യമങ്ങള്‍ മാധ്യമങ്ങളേ പോലെ പെരുമാറണം. വ്യാജവാര്‍ത്തകളെ പുറത്ത് നിര്‍ത്തണം. അങ്ങിനെ അവയുടെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കണം. What's the point in building a media empire if you lose your basic credibility before the reader?
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
ജോലിക്ക് പുറമേ വായനയ്ക്ക് സമയം കണ്ടെത്താറുണ്ട്. ഏറ്റവും ഒടുവില്‍

വായിച്ചത് ജോര്‍ജ് ഓര്‍വലിന്റെ 1984. ഇപ്പോള്‍ വായിച്ച് കൊണ്ടിരിക്കുന്നത് ഫ്രാന്‍സൈന്‍ ഫ്രാങ്കലിന്റെ When Nehru Looked East.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
പത്രങ്ങള്‍ വലിയ കഷ്ടത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവരുടെ പരസ്യവരുമാനം കുറഞ്ഞു വരികയായിരുന്നു. കോവിഡും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇരുട്ടടിയാണ്. ഇതില്‍ നിന്ന്തിരിച്ചു കയറുക എളുപ്പമല്ല. എനിക്ക് തോന്നുന്നത് വാര്‍ത്താ ഉപയോഗം സബ്ക്രിപ്ഷന്‍ മോഡലിലേക്ക് മാറും. ടെലിവിഷന്‍ മേഖലയില്‍ പരസ്യവരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചേക്കില്ല. പക്ഷേ പത്രങ്ങള്‍ ആ മാറ്റത്തിനു തയ്യാറാകേണ്ടതുണ്ട്. ആളുകള്‍ വാര്‍ത്തക്കും വിശകലനങ്ങള്‍ക്കും പൈസ കൊടുക്കണമെങ്കില്‍ അതിനുള്ള ക്വാളിറ്റി നിങ്ങളുടെ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഉണ്ടായിരിക്കണം.
Seshan
18 Aug 2020, 08:53 PM
It's interesting,objective analysis and bold reply.waiting for such journalists to emerge.
അനസുദ്ദീൻ അസീസ്
May 12, 2022
8 minutes read
ടി.എം. ഹർഷൻ
Apr 27, 2022
1 Minute Reading
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
ഒ.കെ. ജോണി
Apr 14, 2022
10 Minutes Read
ടി.എം. ഹര്‍ഷന്‍
Apr 07, 2022
44 Minutes Watch
Amiya Meethal
21 Aug 2020, 01:56 PM
Journalists are fact seekers--true to the core. Over the years but Human interest stories are much in demand, which often slips into fiction laced content. If field reporting is the core of journalism, fiction righters should be done away with. But most often, rather than facts and figures filled real stories, Editors pick fiction stories in the name of Human interest stuff. Reporters and their opinions often pop up in such human interest stories, which goes unchecked. Headlines are reduced to fancy ones, completely eroding the seriousness of a grave issue.