എണ്ണിയെണ്ണി പറയാനുണ്ട്​ മാധ്യമ ഇരട്ടത്താപ്പുകൾ

പണം മുടക്കി മാധ്യമ സ്ഥാപനം (കച്ചവടകേന്ദ്രം) നടത്തുന്ന മുതലാളിയുടെ വിപണി, ജാതി, മതം, ലിംഗാടിസ്ഥാനത്തിലുള്ള താല്പര്യങ്ങൾ തന്നെയാണ് മാധ്യമങ്ങളിൽ നടപ്പിലായി കൊണ്ടിരിക്കുന്നത്, (അപവാദങ്ങൾ ഉണ്ടായേക്കാം) അല്ലാ എന്ന് ആർക്കെങ്കിലും എതിർപക്ഷമുണ്ടെങ്കിൽ മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരൂ എന്നു മാത്രമേ പറയാനുള്ളൂ- ഫ്രീലാൻസ്​ ജേണലിസ്​റ്റും ചലച്ചിത്ര സംവിധായികയുമായ വിധു വിൻസെൻറ്​ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

വിധു വിൻസെന്റ് : ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ആത്മവിമർശനത്തോടെ തന്നെ മറുപടി പറയേണ്ടതുണ്ട് എന്നതിനാൽ മാധ്യമ പ്രവർത്തന വഴികളെ ഒന്ന് പിറകിലേക്ക് പോയി നോക്കി കാണേണ്ടതുണ്ട് എന്ന് തോന്നുന്നു. കേരളീയ നവോത്ഥാനത്തിന്റെ നന്മകളെക്കുറിച്ച് നമ്മൾ ആവേശിതരായിരിക്കുമ്പോഴും കേരളത്തിന്റെ പിറവിക്ക് ശേഷമുണ്ടായ പ്രധാന സാമൂഹിക പരിവർത്തനങ്ങളിലൊന്ന് ജാതീയതയുടെ പുനഃസ്ഥാപനമായിരുന്നു എന്നത് നവോത്ഥാനത്തിന് നേർക്കുള്ള, ഇന്ന് ഏതാണ്ട് പരക്കെ അംഗീകരിക്കപ്പെട്ട വിമർശനമാണ്. സാമുദായിക- ജാതി സംഘടനകൾ ആർജ്ജിച്ച രാഷ്ട്രീയാവബോധം സ്വാതന്ത്ര്യത്തിനും ഐക്യകേരള പിറവിക്കും ശേഷം സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയത്തിലെ നിർണായക ഇടപെടലുകൾ നടത്തുന്ന സമ്മർദ്ദ രാഷ്ട്രീയ തന്ത്രമായി മാറിയതും നമ്മൾ കണ്ടതാണ്. ഈ ജാതി ധ്രുവീകരണത്തെ ഒരു തരത്തിലും തടയുന്നതിനുള്ള ഒരു ശ്രമവും അക്കാലത്തെ മാധ്യമങ്ങൾ സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഭൂരിപക്ഷം മാധ്യമങ്ങളും ഇത്തരം സാമുദായിക - ജാതി താൽപര്യങ്ങളുടെയോ സംഘടനകളുടെയോ കീഴിലാണ് സംവിധാനം ചെയ്യപ്പെട്ടത്. വൃത്താന്തപത്രപ്രവർത്തനത്തിൽ നിന്ന് മൂലധനാധിഷ്ഠിത പത്രപ്രവർത്തനത്തിലേക്കുള്ള ചുവട് മാറ്റം മാധ്യമങ്ങളെ സംബന്ധിച്ച്​സുപ്രധാനമായിരുന്നു. വിപണി കേന്ദ്രീകരിച്ച്, കച്ചവട താൽപര്യങ്ങളെ മുൻനിർ ത്തി നടത്തേണ്ട ഒന്നായി മാറി മാധ്യമ പ്രവർത്തനം. മൂലധന താൽപര്യം മാധ്യമങ്ങളുടെ സാമൂഹ്യ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നതായി മാറി. സ്വാതന്ത്ര്യാനന്തരം അതിജീവിച്ച പത്രങ്ങളിലെല്ലാം ഈ ചുവടുമാറ്റം വളരെ പ്രകടമായിരുന്നു. ജാതി-മത- വിശ്വാസാധിഷ്ഠിതമായ വാർത്തകളെ പോലും മൂലധന താൽപര്യാർത്ഥം സമീപിക്കുന്ന വൈരുധ്യവും മാധ്യമ പ്രവർത്തനത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു. പുലയർക്ക് വിദ്യാഭ്യാസം നൽകേണ്ട ആവശ്യകതയെ കുറിച്ച് മുഖപ്രസംഗമെഴുതി അയിത്താചാരത്തിനെതിരേ കലഹിച്ച മലയാള മനോരമ പോലൊരു പത്രം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പുനഃപ്രതിഷ്ഠിക്കാൻ വർഗ്ഗീയ ശക്തികൾ നടത്തുന്ന ശ്രമത്തിന് എങ്ങനെയൊക്കെ കുടപിടിക്കുന്നു എന്ന് തിരിച്ചറിയാൻ വലിയ മാധ്യമ നിരീക്ഷണമൊന്നും വേണ്ട. വിശ്വാസികളെ വ്രണപ്പെടുത്താതിരിക്കുക എന്നതാണ് ഇതിന് അവർ നൽകുന്ന വിശദീകരണം. വിശ്വാസികളെന്നാൽ ലക്ഷക്കണക്കിന് വരുന്ന അവരുടെ വായനക്കാരാണ്, പ്രസ്തുത പത്രത്തിൽ വരുന്ന പരസ്യ ഉൽപ്പന്നങ്ങളുടെ ഉപഭോക്കാക്കളാണ്. സ്വാഭാവികമായും പരസ്യദാതാക്കളുടെ താൽപര്യം പത്രത്തിന്റെ നിലപാടുകളിലും പ്രതിഫലിക്കും. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ മാധ്യമങ്ങളും ഇതിന്റെ പിടിയിൽ തന്നെയാണ്.

ഗുരുവായൂരമ്പലത്തിൽ കോൺഗ്രസ് നേതാവ് വയലാർ രവിയുടെ ചെറുമകന് ചോറൂണ് നൽകിയത് ഉണ്ടാക്കിയ വിവാദങ്ങൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ക്ഷേത്രത്തിൽ പ്രവേശിക്കാത്ത മേഴ്‌സി രവിയുടെ വിശ്വാസം ഗുരുവായൂർ ക്ഷേത്രത്തെ അശുദ്ധമാക്കിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെ വാദം. പിന്നീടൊരിക്കൽ ഇതേ ക്ഷേത്രത്തിൽ തന്നെ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാമെന്ന് ഒരു നിർദ്ദേശം വന്നു. പ്രസ്തുത വിഷയത്തിലും മേൽപ്പറഞ്ഞ സംഭവത്തിലുമൊക്കെ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും വിശ്വാസികളെ വ്രണപ്പെടുത്തരുതെന്ന നിലപാടാണ് സ്വീകരിച്ചത് അഥവാ പുരോഗമനം പറയുമ്പോഴും "ഒന്ന് തൊട്ടു തടവി മാത്രം പറഞ്ഞു പോവുന്ന' സമീപനമായിരുന്നു അത്.

ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലല്ലോ. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട കേരളത്തിന്റെ തെരുവീഥികൾ നാമജപ ഘോഷശബ്ദങ്ങളാൽ മുഖരിതമായപ്പോൾ അതിന്റെ വർണ്ണചിത്രങ്ങൾ കൊടുത്ത് വിശ്വാസികളെ വ്രണപ്പെടുത്താതെ മാധ്യമങ്ങൾ എന്തായിരുന്നു പറഞ്ഞു കൊണ്ടിരുന്നതെന്ന് നമ്മൾ മറന്നിട്ടില്ലല്ലോ. പൊന്നമ്പലമേട്ടിൽ മകരജ്യോതി തനിയെ അങ്ങ് തെളിയുകയല്ല തെളിയിക്കുകയാണെന്ന് ഉത്തരവാദപ്പെട്ടവർ സമ്മതിച്ചിട്ടും അത് ഒരു അന്വേഷണാത്മക വിഷയമാണെന്ന് മാധ്യമ രംഗത്തെ മുത്തശ്ശിമാർക്കൊന്നും തോന്നുന്നില്ല എന്നിടത്താണ് പ്രശ്‌നമുള്ളത്.
മുഹമ്മദ് നബിയുടെ മുടി കൈവശമുണ്ടെന്ന അവകാശവാദമുയർത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന ഓർക്കുന്നുണ്ടാകില്ലേ? തിരുകേശം ഇട്ടു വെച്ച വെള്ളം ദിവ്യമാണെന്ന് പ്രചരിപ്പിച്ച് വിശ്വാസികൾക്ക് അത് നൽകാൻ നടത്തിയ ശ്രമത്തിനെതിരേ "മാധ്യമവും ', "വർത്തമാനവും' ധീരമായ നിലപാടെടുത്തിരുന്നു. പക്ഷേ "മുഖ്യധാരാ പത്രങ്ങൾ' അപ്പോഴും ഇക്കാര്യങ്ങളിൽ സ്വന്തമായ അന്വേഷണങ്ങൾ നടത്തുകയോ നിലപാട് പറയുകയോ ഉണ്ടായില്ല.

ഇങ്ങനെ എണ്ണി പറയാനാണെങ്കിൽ മാധ്യമങ്ങൾ നടത്തിയ ഇരട്ടത്താപ്പുകൾ എത്രയോ മുന്നിലുണ്ട്. വിസ്താരഭയത്താൽ ദീർഘിപ്പിക്കുന്നില്ല. ഇത്രയും പറഞ്ഞത്, മാധ്യമങ്ങൾ എന്തുകൊണ്ട് വിമർശിക്കപ്പെടണം എന്നു പറയാനാണ്. സമീപകാലത്ത്​, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി പൊങ്ങി വന്ന വിവാദങ്ങളിൽ മാധ്യമങ്ങൾക്കുണ്ടാകുന്ന താൽപര്യം സ്വാഭാവികമാണ്. അതുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും ഏത് ഏജൻസിയുമായും സഹകരിക്കും എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുകയും ചെയ്തു. അന്വേഷണങ്ങൾ അതിന്റെ വഴിക്ക് നടക്കുന്നുമുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ടോ ആൾദൈവങ്ങളുടെ കാര്യത്തിലോ മറ്റ് സാമൂഹിക-സാമ്പത്തിക വിഷയങ്ങളിലോ ഒന്നുമുണ്ടാകാത്ത "അന്വേഷണാത്മകത്വര' മാധ്യമങ്ങൾ പൊതുവിൽ ഈ വിഷയത്തിൽ മാത്രം കാണിക്കുമ്പോൾ പൊതു സമൂഹത്തിനും സ്വാഭാവികമായും ഒരു ത്വരയുണ്ടാകും, ഇതെന്തുകൊണ്ടാകും എന്നാലോചിച്ച്. പണം മുടക്കി മാധ്യമ സ്ഥാപനം (കച്ചവടകേന്ദ്രം) നടത്തുന്ന മുതലാളിയുടെ വിപണി, ജാതി, മതം, ലിംഗാടിസ്ഥാനത്തിലുള്ള താല്പര്യങ്ങൾ തന്നെയാണ് മാധ്യമങ്ങളിൽ നടപ്പിലായി കൊണ്ടിരിക്കുന്നത്, (അപവാദങ്ങൾ ഉണ്ടായേക്കാം) അല്ലാ എന്ന് ആർക്കെങ്കിലും എതിർപക്ഷമുണ്ടെങ്കിൽ മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരൂ എന്നു മാത്രമേ പറയാനുള്ളൂ. ഇതൊരു വ്യവസായമാണെന്ന് അറിഞ്ഞു കൊണ്ടും അംഗീകരിച്ചു കൊണ്ടും മുന്നോട്ട് പോവുകയും എന്നാൽ സാധ്യമാകുന്ന അത്രയും സംവാദാത്മകമായ ജനാധിപത്യ ഇടങ്ങൾ ഒരുക്കിക്കൊണ്ട് ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സമീപനമാവും മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

മാധ്യമ പ്രവർത്തകർക്ക് മാത്രമായി പ്രത്യേക അവകാശാധികാരങ്ങൾ ഒന്നും നിയമപരമായി ഇല്ലെങ്കിലും ആ തൊഴിൽ ഒരു പ്രത്യേക അധികാരത്തെ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം ചില പ്രത്യേക അവകാശങ്ങളെയും അത് ഉറപ്പിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകർക്ക് ആ തൊഴിലിന്റെ ലേബലിൽ എവിടെയും കയറി ചെല്ലാനുള്ള ഒരു സമ്മതി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. എല്ലാത്തരം സ്വകാര്യതകളുടെയും അതിർവരമ്പുകൾ ലംഘിച്ചും ചിലരെങ്കിലും അത്തരം പപ്പരാസി മാധ്യമ പ്രവർത്തനം നടത്തുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ / പ്രവർത്തകയുടെ സാമൂഹ്യ പ്രതിബദ്ധത എന്ന് ചോദിച്ചാൽ അതിനെ സാമാന്യവത്കരിച്ചു പറയുക ബുദ്ധിമുട്ടാണ്. ആരാണാവോ അത് ചെയ്യുന്നത് അയാളുടെ സോഷ്യൽ കമ്മിറ്റ്മെന്റ് അനുസരിച്ചാവും അത് തീരുമാനിക്കപ്പെടുക. ജോലിയോടുള്ള കേവല ഉത്തരവാദിത്വത്തിനപ്പുറമുള്ള ഒരു സമർപ്പണം ഈ തൊഴിൽ ആവശ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അതേസമയം അതിനൊരുപാട് പരിമിതികളുമുണ്ട്. ഒരു ബൈലൈൻ നേടാനോ എക്‌സ്‌ക്ലൂസീവ് അടിക്കാനോ ഉള്ള മാത്സര്യത്തിനപ്പുറം നിങ്ങൾ എങ്ങനെയാണ് ഈ തൊഴിലിനെ സമീപിക്കുന്നതെന്നത് പ്രധാനമാണ്. ഏറ്റവും ആദ്യം വാർത്ത എത്തിക്കുന്നവരാണ് കേമന്മാർ എന്നതാണ് മാനദണ്ഡമെങ്കിൽ സാമൂഹ്യ പ്രതിബദ്ധതയൊന്നും പിന്നെ പ്രശ്‌നമല്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

അങ്ങനെയൊന്നില്ല. എനിക്ക് വളരെ തമാശയായിട്ട് ആ വാക്ക് അനുഭവപ്പെടുന്നത്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

തീർച്ചയായും അതൊരു ദൃശ്യ ശ്രാവ്യോപാധിയാണല്ലോ. വാർത്ത അറിയാൻ പിറ്റേദിവസം രാവിലെ വരെയുള്ള കാത്തിരിപ്പിനെ റദ്ദ് ചെയ്തു കൊണ്ടാണല്ലോ ടെലിവിഷന്റെ വരവ്. on the spot reporting, ലൈവ് റിപ്പോർട്ടിംഗ്, പ്രേക്ഷകരെ പോലും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്ററാക്ടീവ് ന്യൂസ് അനാലിസിസുകൾ.. അങ്ങനെ എന്തെല്ലാം? പക്ഷേ കുറച്ച് കാലമായി ഈ "പെട്ടി'യിൽ നിന്നു തന്നെയാണ് നേഷൻ വാൻഡ്‌സ് റ്റു നോ എന്നു കേട്ടു തുടങ്ങിയത്. കേരളം അറിയാൻ ആഗ്രഹിക്കുന്നു എന്ന് മൊഴി മാറ്റി നമ്മുടെ ചാനൽ അവതാരകരും വേതാളങ്ങളെ അനുകരിച്ചു തുടങ്ങിയിരുക്കുന്നു. ചർച്ചകളും സംവാദങ്ങളും അലർച്ചകളും ആ ക്രോശങ്ങളും ഗ്വാ ഗ്വാ വിളികളുമായി മാറുന്നതും നാം കാണുന്നു. പിന്നെ ഇതൊക്കെ സ്വാഭാവികമാണ്. ടെലിവിഷനെ റദ്ദ് ചെയ്തു കൊണ്ട് അടുത്ത മീഡിയം നമ്മുടെ വെർച്ച്വൽ ഇടത്തെ കീഴടക്കി കഴിഞ്ഞു. ഇപ്പോൾ, ബാലാരിഷ്ടത കഴിഞ്ഞിട്ടില്ലാത്ത ഈ പുതിയ മീഡിയത്തിന്റെ പ്രശ്‌നങ്ങളാണ് നമ്മെ അലട്ടുന്നത്. ഇത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന വണ്ണം തുടർന്നു കൊണ്ടേയിരിക്കും.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ഉത്തരം ആദ്യ ചോദ്യത്തിലുണ്ട്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

1930 കളിൽ തിരുവിതാംകൂർ രാജാവിന് കീഴിലുള്ള നിയമസഭയിലേക്ക് മത്സരിച്ച അന്നാ ചാണ്ടിക്കെതിരേ ഒരു പത്രം മുഖപ്രസംഗമെഴുതിയത്, "നാടു ഞങ്ങൾ ഭരിച്ചോളാം, പെണ്ണ് വീട്ടിൽ പെറ്റ് കിടന്നാ മതി' എന്നു പറഞ്ഞു കൊണ്ടായിരുന്നു. നാട്ടിലെ ചുവരായ ചുവരുകളെല്ലാം അതേറ്റു പാടി. എഴുതുന്ന സ്ത്രീകളോടും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സ്ത്രീകളോടുമൊക്കെ മുകാല മാധ്യമങ്ങൾ കാട്ടിയ അസഹിഷ്ണുതയ്ക്ക് എത്രയോ ഉദാഹരണങ്ങൾ വേറെയുമുണ്ട്. അതവിടെ നിൽക്കട്ടെ. പത്രപ്രവർത്തന രംഗത്ത് സ്ത്രീകൾ കുറവായി രുന്നെങ്കിലും ടെലിവിഷന്റെ വരവോടെ അത് മാറി. ന്യൂസ് ഡെസ്‌കുകളിലും റിപ്പോർട്ടിംഗിലും ആങ്കർമാരായും ധാരാളം സ്ത്രീകളെ കാണാൻ തുടങ്ങി. സ്ത്രീകളെ കൂടുതലായി ഈ തൊഴിലിൽ സ്വീകരിക്കാൻ എന്തായിരുന്നു കാരണമെന്നന്വേഷിച്ചവർക്ക് വിചിത്രമായ പല മറുപടികളും ലഭിച്ചിരുന്നു. സ്ത്രീ റിപ്പോർട്ടേഴ്‌സിനും വാർത്താ അവതാരകമാർക്കും റേറ്റിംഗ് കൂടുതലാണത്രേ. ഇത് വളരെ വർഷം മുമ്പുള്ള ഒരു കമന്റായിരുന്നു. ഇപ്പോഴും ഇതിങ്ങനെ തന്നെയാണോ എന്നറിയില്ല. എന്തായാലും സ്ത്രീക്ക് കൂടുതൽ ദൃശ്യതയും ഇടവും അന്തസ്സും അധികാരവും ലഭിച്ച ഒരു തൊഴിൽ മേഖല ഇതുപോലെ മറ്റൊന്നുണ്ടാവില്ല എന്നാണെനിക്ക് തോന്നുന്നത്.

ഒപ്പം, പുതുതായി പല പ്രശ്‌നങ്ങളും സ്ത്രീകളുടെ ഈ കടന്നുവരവോടെ മാധ്യമ സ്ഥാപനങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി എന്നതും യാഥാർത്ഥ്യമാണ്. രാത്രി ഷിഫ്റ്റിൽ സ്ത്രീകളെ പണിയെടുപ്പിക്കാൻ പറ്റുമോ? അപ്പോൾ അവർക്ക് യാത്രാ സൗകര്യം അല്ലെങ്കിൽ താമസ സൗകര്യം കൊടുക്കേണ്ടതില്ലേ? സ്ത്രീകൾക്ക് പ്രത്യേകമായ റസ്റ്റ് റൂമുകൾ നല്‌കേണ്ടതില്ലേ? മെറ്റേണിറ്റിയുമായി ബന്ധപ്പെട്ട അവധികൾ ആനുകുല്യങ്ങളടക്കം സ്ത്രീകൾക്ക് ഉറപ്പാക്കണ്ടേ? കലാപം, യുദ്ധം, പ്രകൃതിദുരന്തങ്ങൾ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കേണ്ടതല്ലേ? സ്ത്രീ സാന്നിധ്യമില്ലാത്ത ഇടങ്ങളിൽ പുരുഷന്മാർ ഉപയോഗിച്ചിരുന്ന ഭാഷയും അശ്ലീല പ്രയോഗങ്ങളും സ്ത്രീകൾ അവിടേക്ക് വരുമ്പോൾ മാറ്റേണ്ടതല്ലേ? ഇങ്ങനെ നൂറുനൂറ് കാര്യങ്ങളിലാണ് പുനർവിചിന്തനങ്ങൾ നടന്നത്. എല്ലാം ഇപ്പോൾ ഗംഭീരമായി എന്ന് പറയുകയല്ല, സ്ത്രീകൾക്ക് നേരെയുള്ള വിവേചനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് പലയിടങ്ങളിലും. ലിംഗനീതി എന്നത് ഒരു ദിവസം കൊണ്ട് എത്തിച്ചേരാൻ പറ്റുന്ന ഒരു പറുദീസയല്ല എന്നു നമുക്കൊക്കെ അറിയാം. ഇടതടവില്ലാതെ നടക്കേണ്ട ഒരു പോരാട്ടം കൂടിയാണത്. മുകളിൽ സൂചിപ്പിച്ച ഒരു അവകാശവും മാധ്യമ പ്രവർത്തകരായ സ്ത്രീകൾക്ക് താലത്തിൽ വച്ച് വിളമ്പിയതായിരുന്നില്ല. ദീർഘനാളത്തെ പ്രതിഷേധങ്ങളിലൂടെ, പ്രതിരോധങ്ങളിലൂടെ നേടിയെടുത്തതാണ്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ഇതൊരു വല്യ ചോദ്യമാണ്. മാധ്യമ പ്രവർത്തകർക്ക് മിനിമം കൂലി ഉറപ്പാക്കണം എന്ന ആവശ്യത്തിന്മേൽ നിയമിക്കപ്പെട്ട മജീദിയ വേജ് ബോർഡ് (മാനി സാന വേജ് ബോർഡിന് ശേഷം വന്നത്) ശുപാർശകൾ നടപ്പിലാക്കുന്ന എത്ര മാധ്യമ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്? ഹിന്ദു പത്രം അടക്കം തൊഴിലാളികളോട് ചെയ്തത് അന്നുവരെയുണ്ടായിരുന്ന ഭൂരിപക്ഷം തൊഴിലാളികളേയും പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും വേജ് ബോർഡിനു പുറത്തു കൊണ്ടുവരികയും അവരെ കരാർ തൊഴിലാളികളാക്കി മാറ്റുകയുമായിരുന്നു..ജോലി നഷ്ടപ്പെടുമെന്നുള്ള ഭീതിയിൽ തൊഴിലാളികൾ സമരത്തിന് പോയില്ല. സമരം ചെയ്തവരുടെ ജോലി പോകില്ല എന്നുറപ്പ് കൊടുക്കാൻ KUWJ പോലുള്ള യൂണിയനുകൾക്ക് ആയതുമില്ല.

ടെലിവിഷനിൽ ജോലി ചെയ്യുന്നവരുടെ നിലയാണ് ഏറ്റവും പരിതാപകരം. ചോദ്യത്തിൽ പറഞ്ഞ പോലെ ഒരു ക്രീമിലെയർ കഴിഞ്ഞാൽ താഴെയുള്ളവരുടെ ശമ്പളം തോന്നിയത് പോലെയാണ്. വർക്കിംഗ് ജേണലിസ്റ്റ് ആക്ടിന് കീഴിൽ വരില്ല എന്ന കാരണം പറഞ്ഞ് ദേശീയ തലത്തിലുള്ള ടെലിവിഷൻ ചാനലുകളുടെ മുതലാളിമാർ വേജ് ബോർഡിനെ തന്നെ നിരാകരിച്ചു. ഇപ്പോൾ PSC നിയമനത്തെ നോക്കുകുത്തിയാക്കി കരാർ നിയമനങ്ങൾ നടക്കുന്നു എന്ന് പറഞ്ഞു കരയുന്നവർ അവരവരുടെ ജോലികൾക്കും വേതനത്തിനും എന്ത് ഭാവിയുണ്ട് എന്നുകൂടി അന്വേഷിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ കാര്യം കഷ്ടമാണ്. സ്വന്തം തൊഴിലവകാശങ്ങൾക്കായി സമരം ചെയ്യാൻ പോലും പറ്റാത്ത വിധം നീതി നിഷേധിക്കപ്പെട്ടവരാണവർ. എന്നു മാത്രമല്ല സമരം ചെയ്താൽ പോലും പൊതു സമൂഹത്തിന്റെ പിന്തുണ ഇക്കൂട്ടർക്ക് നഷ്ടപ്പെട്ടിട്ടുണ്ട് (മാധ്യമ പ്രവർത്തകരും അഭിഭാഷകരുമായി ഏറ്റുമുട്ടിയ സമയത്ത് ജനം "നിഷ്പക്ഷരായി 'നോക്കി നിന്നത് നാം കണ്ടതാണ്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

എന്താ സംശയം? ടെലിവിഷൻ പ്രചാരത്തിലായപ്പോൾ അതിന്റെ സ്വാധീനം നമ്മൾ പത്രങ്ങളിൽ കണ്ടു. അതിന്റെ ലേ ഔട്ടിംഗിലും വാർത്തകൾ അസംബിൾ ചെയ്യുന്ന രീതിയിലും നിറങ്ങളുടെയും ഗ്രാഫിക്‌സുകളുടെയും ഒക്കെ ഉപയോഗത്തിലൂടെ വാർത്തകളെ "വിഷ്വലി ' പ്രസന്റ് ചെയ്യാനുള്ള ശ്രമം പല മാധ്യമങ്ങളും തുടർച്ചയായി നടത്തുണ്ടായിരുന്നു.അത് കൂടുതൽ "അപ്പീലിംഗ് ' ഉണ്ടാക്കുകയും ചെയ്തു. ഇപ്പോൾ നമ്മള് കാണുന്നത് പലപ്പോഴും വാർത്തകളുടെ തന്നെ സോഴ്‌സായി മാറുന്നുണ്ട് FB യുംTwitter ഉം insta യും Youtube ഉം ഒക്കെ. ഇത്തരം കൊടുക്കൽ വാങ്ങൽ, അതൊരു സ്വാഭാവിക പ്രകിയ അല്ലേ?

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

സത്യത്തിൽ മാധ്യമ പ്രവർത്തനത്തിലായിരുന്ന സമയത്താകാം ഞാൻ ഏറ്റവും കുറച്ച് വായിച്ചത്. ഇപ്പോൾ അങ്ങനെയല്ല, സിനിമാ പണികളുമായി നടക്കുമ്പോഴും വായിക്കാൻ സമയമുണ്ടാകാറുണ്ട്. വല്യ വായനക്കാരിയല്ല, പക്ഷേ കയ്യിലെത്തുന്നതെന്തും ഉറപ്പായും അതിനിയിപ്പോ സാധനം പൊതിഞ്ഞ് കിട്ടുന്ന കടലാസായാലും ഒന്ന് കണ്ണോടിക്കും. ഏറ്റവുമൊടുവിൽ വായിച്ചു തീർത്ത പുസ്തകം യുവാൻ നൊവ ഹരാരിയുടെ സാപിയൻസാണ്. അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ മനുഷ്യൻ / സാപിയൻസ് എങ്ങനെ വിജയിച്ചു? ഭക്ഷണം തേടി അലഞ്ഞു നടന്ന സാപിയൻസ് ഭൂഖണ്ഡങ്ങൾ കണ്ടു പിടിച്ചതെങ്ങനെ? രാജ്യങ്ങളും ഭരണകൂടവും സൃഷ്ടിക്കാൻ അവർ ഒരുമിച്ചതെങ്ങനെ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെ? വരാനിരിക്കുന്ന ലോകം എന്തായിരിക്കും? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് മനുഷ്യൻ എവിടെയാവും സ്വയംസ്ഥാനപ്പെടുത്തുക ?
സാപിയൻസ് ഇതൊക്കെയാണ് ചർച്ച ചെയ്തത്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ്- 19പുതിയൊരു "നോർമൽസി ' നമ്മളെ പരിചയപ്പെടുത്തി കൊണ്ടിരിക്കയാണല്ലോ. സ്വന്തം ശരീരം സംബന്ധിച്ചും ശരീരവും മറ്റൊരു ശരീരവും സംബന്ധിച്ചുമൊക്കെ ഇതുവരെയുളള ധാരണകൾ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പുറത്ത് നിന്ന് നമ്മൾ അകങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി കഴിഞ്ഞു. പത്രവും ടെലിവിഷനും സോഷ്യൽ മീഡിയയും തരുന്ന ഇടങ്ങളിലൂടെയും കാഴ്ചകളിലൂടെയുമാണ് നമ്മളിന്ന് പുറംലോകത്തെ അറിയുന്നത്, ഇടപെടലുകൾ നടത്തുന്നത്. സ്വാഭാവികമായും നമ്മൾ ഈ മാധ്യമങ്ങളെയൊക്കെ വല്ലാതെ ഡിപ്പന്റ് ചെയ്യുന്ന കാലം കൂടിയാണിത്. അതു കൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങൾ ഈ മാധ്യമങ്ങളിലും നടക്കുന്നുണ്ട്. നമുക്ക് അതിനോടുള്ള ആശ്രയത്വം കൂടുന്തോറും അവ കൂടുതൽ സർഗ്ഗാത്മകമാവുന്നുണ്ട്.

Comments