ഒരു മാസമായിട്ടും
പരാതിയൊഴിയാതെ
മെഡിസെപ്
ഒരു മാസമായിട്ടും പരാതിയൊഴിയാതെ മെഡിസെപ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കമുള്ള മെഡിസെപ് ഇൻഷൂറൻസ് പദ്ധതി, തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ നിരവധി പരാതികൾക്കിടയാക്കിയിരിക്കുകയാണ്. പട്ടികയിലുള്ള പല ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പല ആശുപത്രികളിലും ചില വകുപ്പുകളില്‍ മാത്രമെ പരിരക്ഷ ലഭിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സര്‍ക്കാരിന്റെ വിജ്ഞാപനം ഇതുവരെ ലഭിക്കാത്തതിനാലാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കിത്തുടങ്ങാത്തതെന്നാണ് ചില ആശുപത്രികള്‍ അറിയിക്കുന്നത്.
30 Jul 2022, 08:17 PM
നിലവില്‍വന്ന് ഒരുമാസം പിന്നിടുമ്പോള്‍, മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആനുകൂല്യം മിക്ക ആശുപത്രികളിലും ലഭ്യമാകുന്നില്ലെന്ന് പരാതി. സ്വകാര്യ ആശുപത്രികളില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഡിസെപ് പരിരക്ഷ ലഭിക്കില്ലെന്നതും ഒ.പി. ചികിത്സയ്ക്ക് ആനുകൂല്യമില്ല എന്നതും പരാതികളില്‍ ചിലതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ സ്വകാര്യ ലോബിയുടെ ശ്രമമുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഒരുക്കം പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് (MEDISEP) ജൂലൈ ഒന്നിനാണ് നിലവില്‍വന്നത്. 30 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017-2018 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താത്പര്യം വ്യക്തമാക്കിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാരാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഓറിയന്റല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
നിരവധിയാളുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പല ഭാഗത്തുനിന്നും പദ്ധതിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ പണരഹിത ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ എംപാനല്‍ഡ് ലിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മെഡിസെപ് വെബ്‌സൈറ്റില്‍ (medisep.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികയിലുള്ള പല ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഉയരുന്ന പരാതി. പല ആശുപത്രികളിലും ചില വകുപ്പുകളില്‍ മാത്രമെ പരിരക്ഷ ലഭിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സര്‍ക്കാരിന്റെ വിജ്ഞാപനം ഇതുവരെ ലഭിക്കാത്തതിനാലാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കിത്തുടങ്ങാത്തതെന്നാണ് ചില ആശുപത്രികള്‍ അറിയിക്കുന്നത്.

മെഡിസെപ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരുന്നു. ചില സ്വകാര്യ ആശുപത്രികള്‍ കരാര്‍ ലംഘിക്കുന്നതായി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കന്‍ തീരുമാനമുണ്ടായത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ആശുപത്രികളിലും മെഡിസെപ് ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചിട്ടില്ല.
ആനുകൂല്യങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. 500 രൂപയാണ് പ്രതിമാസം പ്രീമിയമായി അടയ്‌ക്കേണ്ടത്. പോളിസി കാലാവധിയായ മൂന്നുവര്‍ഷത്തേക്ക് മൂന്നുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുക. ഇതില്‍ 1.5 ലക്ഷം രൂപ അതത് വര്‍ഷം തന്നെ വിനിയോഗിക്കണം. ശേഷിക്കകുന്ന 1.5 ലക്ഷം മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കണം. 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കഴിഞ്ഞാല്‍ മാത്രമെ മെഡിസെപ് ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒ.പി. ചികിത്സയ്ക്ക് മെഡിസെപ് പരിരക്ഷയില്ല. ഒ.പി. ചികിത്സയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് സൗകര്യം തുടരും.
മരുന്നിന്റെ വില, ചികിത്സാനടപടികളുടെ ചെലവ്, ഡോക്ടര്‍ ഫീസ്, റൂം വാടക, ടെസ്റ്റുകളുടെ ചെലവ്, ഭക്ഷണച്ചെലവ്, ആശുപത്രിവാസത്തിന് മുമ്പും പിന്‍പുമുള്ള ചെലവ് എന്നിവയൊക്കെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് 15 ദിവസം മുമ്പും 15 ദിവസം ശേഷവുമുള്ള മെഡിക്കല്‍, ലബോറട്ടറി ചികിത്സാച്ചെലവുകളും പരിരക്ഷയില്‍ ഉള്‍പ്പെടും.
അടിസ്ഥാന തുകയ്ക്ക് പുറമെ 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും അധിക പരിരക്ഷ ലഭിക്കും. 35 കോടിയില്‍ കുറയാത്ത പോളിസിത്തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അധികഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. കരള്‍ മാറ്റിവെക്കല്‍ (18 ലക്ഷം രൂപ വരെ), ബോണ്‍മാരോ, സ്‌റ്റെംസെല്‍ ട്രാന്സ്പ്ലാന്റേഷന് റിലേറ്റഡ് (9.46 ലക്ഷം), ബോണ്‍മാരോ, സ്‌റ്റെംസെല്‍ ട്രാന്സ്പ്ലാന്റേഷന് അണ്‍റിലേറ്റഡ് (17 ലക്ഷം) കോക്ലിയര്‍ ഇംപ്ലാൻറ് (6.39 ലക്ഷം), റീനല്‍ ട്രാന്സ്പ്ലാന്റേഷന് (4 ലക്ഷം), മുട്ട് മാറ്റിവെക്കല്‍ (3 ലക്ഷം), ടോട്ടല്‍ ഹിപ് റീപ്ലെയ്‌സ്‌മെൻറ് (4 ലക്ഷം), ഓഡിറ്ററി ബ്രെയിന്‍ സ്‌റ്റെം ഇംപ്ലാൻറ് (18.24 ലക്ഷം), ഐസലേറ്റഡ് ഹാര്‍ട്ട്/ലങ് ട്രാന്‍സ്പ്ലാൻറ് (15 ലക്ഷം), ഹാര്‍ട്ട് ലങ്/ ഡബിള്‍ ലങ് ട്രാന്‍സ്പ്ലാൻറ് (20 ലക്ഷം), കാര്‍ഡിയാക് റീ സിംക്രനൈസേഷന്‍ തെറാപ്പി (6 ലക്ഷം), എ.സി.ഡി. ഡ്യുവല്‍ ചേംബര്‍ (5 ലക്ഷം) എന്നിവയ്ക്കാണ് അധിക പരിരക്ഷ ലഭിക്കുന്നത്.

പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകള്‍ക്കും നവജാതശിശുവിന് ജന്‍മനായുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
മെഡിസെപ് പദ്ധതിയില്‍ പണരഹിത ചികിത്സ ലഭിക്കുന്നതിന് അംഗീകൃത ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ദിവസ വാടക 1000 രൂപയില്‍ കൂടാന്‍ പാടില്ല. സെമി പ്രൈവറ്റ് വാര്‍ഡ് - 1500, പ്രൈവറ്റ് വാര്‍ഡ് -2000, ഐ.സി.യു., സി.സി.യു., എന്‍.ഐ.സി.യു. - 5000, വെന്റിലേറ്റര്‍ - 2000, ക്രിട്ടിക്കല്‍ വാര്‍ഡ് ബെഡ് - 1000 എന്നിങ്ങനെയാണ് മറ്റു പരിധികള്‍.
ആനുകൂല്യം ലഭിക്കാത്തവ
ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെയുള്ള ചികിത്സയ്ക്ക് മെഡിസെപ് ആനൂകല്യം ലഭിക്കില്ല. ആയുര്‍വേദം, ഹോമിയോ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. സൗന്ദര്യവര്‍ധക ചികിത്സകള്‍, തേയ്മാനം മാറ്റാനുള്ളവ, റൂട്ട്കനാല്‍ പോലെയുള്ള ദന്ത ചികിത്സകള്‍, വന്ധ്യതാചികിത്സ എന്നിവയ്ക്കും പരിരക്ഷ ലഭിക്കുകയില്ല. മയക്കുമരുന്ന്, മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ദുരുപയോഗവും ആസക്തിയുംകൊണ്ടുള്ള രോഗങ്ങള്‍, അപകടം കാരണം ആവശ്യമായി വരുന്നതല്ലാത്ത പ്ലാസ്റ്റിക് സര്‍ജറി, സ്വയം പരിക്കേല്‍പ്പിക്കല്‍, ആത്മഹത്യാശ്രമം എന്നിവയൊന്നും പദ്ധതിയുടെ പരിധിയില്‍ വരുന്നില്ല.
ഗുണഭോക്താക്കള്‍ ആരൊക്കെ
മെഡിസെപ് ഡേറ്റാബേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ശന്‍കാരും അവരുടെ ആശ്രിതരും പദ്ധതി ആനുകൂല്യത്തിന് അര്‍ഹരായിരിക്കും. അച്ഛനും അമ്മയും പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ ഏതെങ്കിലും ഒരാളുടെ ആശ്രിതരായേ കുട്ടികളെ പദ്ധതിയില്‍ ചേര്‍ക്കാനാവൂ. മാതാപിതാക്കള്‍ പദ്ധിതിയിലംഗങ്ങളായ പെന്‍ഷന്‍കാരാണെങ്കില്‍ അവരെ ആശ്രിതരായി ചേര്‍ക്കാനാവില്ല. പെന്‍ഷന്‍കാരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, അംഗപരിമിതരല്ലാത്ത മക്കല്‍ എന്നിവരെയും ചേര്‍ക്കാനാവില്ല. പെന്‍ഷന്‍കാരുടെ പങ്കാളി, ശാരീരിക പരിമിതികളുള്ള മക്കള്‍ എന്നിവരെ ചേര്‍ക്കാം.
ആശ്രിതരായ കുട്ടികള്‍ ജോലിയില്‍ പ്രവേശിക്കുകയോ വിവാഹിതരാവുകയോ 25 വയസ് പൂര്‍ത്തിയാകുകയോ ചെയ്യുന്നതുവരെ മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
18004250237 എന്ന ടോള്‍ഫ്രീ നമ്പറില്‍ മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുറമെ, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുള്‍പ്പെടുയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും താത്പര്യമുണ്ടെങ്കില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഭാഗമാണ്. ഇപ്പോൾ 30 ലക്ഷത്തിലേറെ പേരാണ് പദ്ധതിയിലുള്ളത്.
ആനൂകൂല്യം കിട്ടാന്‍ എന്തുചെയ്യണം
മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കും ആശ്രിതര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി പോകാം. മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക മെഡിസെപ് വെബ്‌സൈറ്റിലുണ്ട്. എംപാനല്‍ ചെയ്ത എല്ലാ ആശുപത്രികളിലും എല്ലാ ചികിത്സകളുമില്ല. ചില ആശുപത്രികളില്‍ ചില ചികിത്സകള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. എംപാനല്‍ ചെയ്ത ആശുപത്രികളുടെ വിശദമായ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഏതൊക്കെ വിഭാഗങ്ങളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അവ നോക്കി ഉറപ്പുവരുത്തിയിട്ടുവേണം ആശുപത്രികളെ സമീപിക്കാന്‍.
എംപാനല്‍ ചെയ്ത ആശുപത്രികളിലെ ഹെല്‍പ് ഡെസ്‌ക്കില്‍ മെഡിസെപ് ഐ.ഡി. കാര്‍ഡും തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐ.ഡി. കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്നും നല്‍കിയാല്‍ പണരഹിത ചികിത്സ ലഭിക്കും.
18004250237 എന്ന ടോള്‍ഫ്രീ നമ്പറില്‍ മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഉപയോഗിച്ച് മെഡിസെപ് പോര്‍ട്ടലില്‍ നല്‍കുന്ന പരാതികള്‍ ഇന്‍ഷുറന്‍സ് കമ്പനി പരിഹരിക്കും. അങ്ങനെ പരിഹരിക്കപ്പെടാത്തവ പരിശോധിക്കാന്‍ ജില്ലാതല സമിതി, സംസ്ഥാനസമിതി, അപ്പലേറ്റ് അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്.
വിമര്‍ശനങ്ങള്‍, പരാതികള്‍
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളാകും. ഇന്‍ഷുറന്‍സ് പ്രീമിയമായി 500 രൂപ ഈടാക്കിയ ശേഷമാണ് മാസശമ്പളം നല്‍കുകയെന്നതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് അംഗമാകണമെങ്കില്‍ പ്രീമിയം തുകയായ 18,000 രൂപ ഒറ്റത്തവണയായി അടയ്ക്കണമെന്നത് പ്രശ്‌നമാണ്. ഒ.പി. ചികിത്സയ്ക്ക് ആനുകൂല്യമില്ലെന്നതും 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചാലേ ആനുകൂല്യം ലഭിക്കൂ എ്ന്നതും പദ്ധതിയുടെ പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതിമാരില്‍ രണ്ടുപേരും പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ രണ്ടുപേരില്‍ നിന്നും പ്രീമിയം തുക ഈടാക്കും. പക്ഷെ ഒരാള്‍ക്ക് മാത്രമെ ക്ലെയിം ചെയ്യാന്‍ സാധിക്കൂ.
അത്യാധുനിക സൗകര്യങ്ങളുള്ള പല ആശുപത്രികളും പദ്ധതിയുടെ ഭാഗമല്ലെന്നതും വിമര്‍ശനത്തിനിടയാക്കുന്നു. തിരുവനന്തപുരത്ത് കരാർ ഒപ്പിട്ട ചില സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പിന്മാറാനുള്ള തയാറെടുപ്പിലാണ്. ഇത്തരം നിസ്സഹകരണങ്ങൾ ആറ് ജില്ലകളിലുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാവുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം സർക്കാർ നടപ്പാക്കിയിട്ടുമില്ല.
പട്ടികയിലുള്ള ആശുപത്രികളില്‍ പലയിടത്തും സുപ്രധാന വകുപ്പുകള്‍ പദ്ധതിയുടെ ഭാഗമല്ലെന്നതും പരാതിക്കിടയക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ചെലവ് പരിധിയേക്കാള്‍ കൂടുതലാണ് മുറിവാടക ഉള്‍പ്പെടെ പല ആശുപത്രികളിലും. കൂടുതലാകുന്ന തുക രോഗി നല്‍കേണ്ടിവരും.
മുഴുവന്‍ തുകയും അംഗങ്ങളില്‍ നിന്ന് പ്രീമിയമായി ഈടാക്കി സര്‍ക്കാരിന് യാതൊരവിധ സാമ്പത്തിക പങ്കാളിത്തമില്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രീമിയം തുകയായ 720 കോടിയിലേറെ രൂപയാണ് പ്രതിവര്‍ഷം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് കിട്ടുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രീമിയം പിരിച്ചെടുത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്നതുമാത്രമാണ് സര്‍ക്കാരിന്റെ റോള്‍. തമിഴ്‌നാടും ആന്ധ്രപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളില്‍ 60-40 ശതമാനമാണ് ഇന്‍ഷുറന്‍സ് പദ്ധതികളിലെ സര്‍ക്കാര്‍വിഹിതം. തമിഴ്‌നാട്ടില്‍ പ്രതിമാസം 300 രൂപയാണ് പ്രീമിയം. പക്ഷെ നാലുവര്‍ഷത്തേക്കാണ് 10 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നത്. ഇവിടെ പദ്ധതി കാലാവധി മൂന്നുവര്‍ഷമാക്കി ചുരുക്കിയത് ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. ഒ.പി. ചികിത്സയ്ക്ക് സഹായം കിട്ടില്ലെന്നതും ന്യൂനതയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒ.പി. ചികിത്സയ്ക്കടക്കം പരിരക്ഷ നല്‍കുന്നുണ്ട്.
പണം എവിടെ നിന്ന്
ഒരു വര്‍ഷം പ്രീമിയമായി 10 ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ആറായിരം രൂപ വീതം ഈടാക്കുമ്പോള്‍ 720 കോടിയിലേറെ രൂപ ലഭിക്കും. ഒരാളില്‍ നിന്ന് പ്രതിവര്‍ഷം 5664 രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. 4800 രൂപയും 18 ശതമാനം ജി.എസ്.ടി.യായി 864 രൂപയും. ബാക്കി 336 രൂപ സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ഇതാണ് കോര്‍പസ് ഫണ്ട്. ഒരുവര്‍ഷം 40 കോടിയിലധികം രൂപ ഈയിനത്തില്‍ സര്‍ക്കാരിന് ലഭിക്കും. ഇതില്‍ നിന്നാണ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി അധിക തുക നല്‍കുന്നത്.
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
Truecopy Webzine
Dec 08, 2022
4 minutes read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
ഡോ. തോമസ് ഐസക്
Nov 29, 2022
3 Minute Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
അമൻ സിദ്ധാർഥ
Oct 27, 2022
4 minutes Read