കോവിഡ് പിടിപെട്ടശേഷമുള്ള ഒരു ശരീരത്തിന്റെ പോരാട്ടജീവിതം. അഞ്ചുമാസം കഴിഞ്ഞിട്ടും പല ഭാവത്തില്‍, രൂപത്തില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന വിളിപ്പേരില്‍ അത് തുടര്‍ന്നു. ശരീരമാസകലം അലര്‍ജി പടര്‍ത്തിയും അത് പഴുപ്പിച്ചും പൊട്ടിയൊലിപ്പിച്ചും ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടാക്കിയും ശ്വാസകോശത്തില്‍ കലകളുണ്ടാക്കിയും ക്ഷീണവും മറവിയും മന്ദതയുമുണ്ടാക്കിയും സന്ധികളില്‍ നീരുണ്ടാക്കിയും ഇടതൂര്‍ന്ന തലമുടി പൊഴിയിപ്പിച്ചും ബാക്കിപത്ര രോഗങ്ങൾ... ഒരു അമേരിക്കന്‍ മലയാളി സ്ത്രീ കോവിഡിനെ അതിജീവിച്ച അനുഭവം ഹൃദയസ്പർശിയായി രേഖപ്പെടുത്തുന്നു
16 Nov 2020, 05:48 PM
അവനൊരുദിവസം തേടിവരുമെന്ന് ആദ്യം മുതലേ ഞാന്‍ ഭയന്നിരുന്നു!
അതിന് കാരണങ്ങളും ഉണ്ടായിരുന്നു. അവനിവിടേക്ക് വരാതിരിക്കുവാനുള്ള എല്ലാ മാര്‍ഗങ്ങളും ഞാനെടുത്തു.
പടികൊട്ടിയടച്ചു. പുറത്തു പോകല്‍ കുറച്ചു. കഴിയുന്നതും കണ്‍മുന്നില്‍ പെടാതിരിക്കാന്‍ ശ്രമിച്ചു. അവനുണ്ടെന്നു സംശയിക്കപ്പെടുന്നിടം അവഗണിച്ചു. മുഖംമൂടി ധരിച്ചു. ശുദ്ധീകരിച്ചു. മന്ത്രങ്ങള്‍ ഉരുവിട്ടു.
പക്ഷെ, ജൂണിലെ ഒരു സന്ധ്യയില്‍ ക്ഷണിക്കപ്പെടാത്ത അഥിതിയായി, പക മുറ്റിയ ശത്രു... അവന്‍ എന്നെ തേടിയെത്തി.
എന്റെ വീട്ടിലെ ആരുടെയോ കൂടെ, അവര്‍ പോലുമറിയാതെ അവന്‍ അകത്തു കയറി. ഞാനറിഞ്ഞതേയില്ല,.. ആരും അറിഞ്ഞില്ല. വളരെ ബുദ്ധിമാനായ ശത്രുവായിരുന്നല്ലോ അവന്‍! തൂണിലും തുരുമ്പിലും വസിക്കാന്‍ കെല്‍പ്പുള്ള, ചിറകുള്ള അരൂപി.
സ്ഥലകാലങ്ങളൊക്ക നിരീക്ഷിച്ച് പമ്മി നിന്ന ശേഷം, അഞ്ചാം ദിവസം അവനെന്റെ കണ്ണ് വെട്ടിച്ച്, മുളകിട്ട് കരുകരെ ചുവപ്പിച്ച്, തീ പാറിച്ചു. കണ്ണുസോക്കെടോ കണ്‍കുരുവോ എന്നറിയാതെ തുള്ളി മരുന്നൊഴിച്ചു ഞാന്‍ സമാധാനിച്ചു. എട്ടാം ദിനമെന്റെ കൈനഖപ്പാളികളില്‍ കരിപടര്‍ന്നു.
ഓ, ഒരു ഫംഗല്‍ ഇന്‍ഫെക്ഷനായി ഞാനതിനെ നിസ്സാരവല്‍ക്കരിച്ചു. ഇതെല്ലം അവന്റെ മുന്നൊരുക്കങ്ങളായിരുന്നെന്ന് ആരറിഞ്ഞു?
വരാനുള്ള യുദ്ധത്തിന്റെ പടയൊരുക്കങ്ങളായിരുന്നെന്ന്?
എന്റെ ശരീരത്തെ അരിഞ്ഞു വീഴ്ത്തുന്നതിനു മുന്‍പുള്ള കോപ്പുകൂട്ടലുകള്‍!
ഞാനിതൊന്നുമറിയാതെ ചിരിച്ചും കളിച്ചും!
ഹേയ്... ഇതതൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചും ഉള്ളില്‍ സംശയിച്ചും തിരസ്‌കരിച്ചും നിരാകരിച്ചും!
പതിനൊന്നാം ദിനം!
പതിനൊന്നാം ദിനമാണവന്‍ കലിയുടെ അവതാരമെടുത്തത്! വാളും പരിചയും കാലാള്‍പ്പടകളും യുദ്ധമുറകളുമായെന്നോടെതിരിടാന്‍ തുടങ്ങിയത്! അവനെനിക്കു ചുറ്റും കടുത്ത മഞ്ഞു പെയ്യിച്ചു. ഹിമാലയക്കുളിരില്‍ വിറച്ചു വിറങ്ങലിച്ച്, നാല് കമ്പിളിയിട്ടുമൂടി ഞാന്‍ മഞ്ഞുകട്ടയില്‍ കിടന്ന ആ രാത്രി! അന്നവനെന്നില്‍ ആദ്യമായി തീപ്പനിയിറക്കി, ചുട്ടുപൊള്ളിച്ചു, കത്തിച്ചു, പുകച്ചു. തലയോട്ടി നെരിപ്പോടാക്കി. തലച്ചോറ് തിളപ്പിച്ചൂറ്റി. പിച്ചും പേയും രാപ്പകല്‍ ഞാന്‍ ചിലച്ചു. വിട്ടുപോയ ആത്മാക്കളെന്നെ തേടി വന്നു. അവര്‍ എന്നെ കൂട്ടാനെത്തിയതായിരുന്നിരിക്കണം.
എനിക്ക് പേടി തോന്നിയില്ല, വേദനയെന്ന ഒരൊറ്റ വികാരം മാത്രം... മറ്റേതോ ലോകത്തിലായിരുന്നു ഞാനപ്പോള്‍! തലയോട്ടി കൂടം കൊണ്ടടിച്ചു പിളരുന്നു. ചെന്നിക്കുത്തിന്റെ പുക കണ്ണുകളിലൂതിയിറങ്ങുന്നു. നെഞ്ചിന്‍കൂട് പൊളിച്ച് വരണ്ട കഫം നിറഞ്ഞ ചുമ! ഹൃദയഭിത്തിയില്‍ കത്തി കുത്തിയിറക്കുന്നു.
തൊണ്ടക്കുഴി കനലായ്, ഉമിനീരിറക്കാനാവാതെ. ശ്വാസകോശം ഉറുമ്പരിക്കുന്ന കിരുകിരുപ്പ്. ശ്വസന സഹായികള്‍ താല്‍ക്കാലിക ആശ്വാസം. എല്ലു നുറുക്കും സന്ധിവേദന. പച്ച മാംസം മുറിക്കുന്ന നൊമ്പരം! നെഞ്ച് പൊത്തി വാവിട്ടു ഞാന്‍ നിലവിളിച്ചു. ശരീരകോശങ്ങളിലെല്ലാം അവന്‍ അധികാരം പിടിച്ചടക്കുന്നു.
കൈ വെക്കാത്ത ഒരു ഭാഗം പോലുമില്ല, ഒരിഞ്ചു പോലുമില്ല. പ്രാണന്‍ നിലത്തു കിടന്നുരുളുന്നത് നോക്കി എന്നെക്കാള്‍ ഉച്ചത്തില്‍ നിലവിളിക്കുകയാണെന്റെ ശരീരം. നഖത്തിനടിയിലവന്‍ മൊട്ടുസൂചിയിറക്കുമ്പോള്‍ ഞാന്‍ കമിഴ്ന്നുകിടന്ന് തലയിണയില്‍ മുഖമമര്‍ത്തി! കരയാനുള്ള ശക്തി കുറയുകയാണ്. ശബ്ദവും അവന്‍ പിടിച്ചടക്കുകയാണ്. ദിവസങ്ങളോളം, രാപകലില്ലാതെ ശരീരത്തിന്റെ രണ്ടറ്റത്തു നിന്നും അഴുക്കുചാലൊരുപോലെയൊഴുകി എന്നെ നിര്ജ്ജലീകരിച്ചു.
ഞാന്‍ വരണ്ടു, ഉണങ്ങി, കരിഞ്ഞു.
മേലാകെ ഒരു കരിംചായം പുരട്ടി, അവനെന്റെ രൂപമേ മാറ്റുന്നു.
രുചിയോ മണമോ ഇല്ലാതെ ഞാന്‍ എന്തൊക്കെയോ കുടിച്ചു, ചവച്ചു, ഇറക്കി.
മക്കളും ഭര്‍ത്താവും ജോലി കഴിഞ്ഞുവന്ന് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞുകെട്ടി എന്നെ ശുശ്രുഷിച്ചു.
എല്ലാവരും ആതുരസേവനം ഉപജീവനമാക്കിയവര്‍. പനിനിവാരണികളും വേദനസംഹാരികളും മാറിമാറിയവര്‍ തന്നു. ഇഞ്ചി, മഞ്ഞള്‍, വെളുത്തുളളി, വെള്ളം കുടി. എന്തൊക്കെയോ പച്ചിലമരുന്ന് തിളപ്പിച്ച ആവി പിടിത്തം. നേഴ്സ് മകനെന്നെ, കൊഞ്ചുപോലെ കമഴ്ത്തിയിട്ടു, പുറത്തു കൊട്ടുമ്പോള്‍ എല്ലൊടിയുമൊയെന്നു ഭയന്നു.
കഫമിളകി ചുമച്ചും കുരച്ചും ഞാന്‍ വലഞ്ഞു, വളഞ്ഞു. നിര്‍ത്താത്ത ചുമ നല്ല ലക്ഷണമല്ലെന്നവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. അപ്പോഴേക്കും എന്റെ ശത്രു, ഈ ചെയ്തതൊന്നും പോരാതെ, ന്യൂമോണിയയുടെ കൂട്ടുപിടിച്ചു. എനിക്കെതിരെ തിരിഞ്ഞു. ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു.
‘മതിയാക്കൂ, മതിയാക്കൂ... നീ എന്നെ വേഗം കൊണ്ടുപോകൂ' എന്ന് ഞാന്‍ മന്ത്രിച്ചു.
ഇതിലും നല്ലത് മരണമായിരിക്കുമെന്നാദ്യമായി എനിക്ക് തോന്നിത്തുടങ്ങി.
അവന്‍ കഴുത്തില്‍ പിടിമുറുക്കിയിറുക്കുമ്പോഴേക്കും ഞാന്‍ ആശുപത്രിയിലേക്കെടുക്കപ്പെട്ടു. വൈദ്യന്‍മാരെന്റെ ശരീരത്തില്‍ ആന്റി ബയോട്ടിക്കിന്റെ ശൂലങ്ങള്‍ കുത്തിയിറക്കി, എനിക്കായി കുറെ പടയാളികളെയിറക്കി- വെളുത്ത രക്താണുക്കള്‍!
അവരെനിക്കുവേണ്ടി പകലും രാത്രിയും യുദ്ധം ചെയ്തിട്ടുണ്ടാവണം. പനിമാപിനിയില്‍ സൂചി നൂറ്റിനാലില്‍ നിന്ന് നൂറിലേക്കു താണു. അവന്‍ അപ്പോഴും പല അടവുകളെടുത്തു. പനി കൂട്ടി - കുറച്ച്. എനിക്കെടുക്കാന്‍ അടവുകളൊന്നും ഇല്ലായിരുന്നു. കട്ടില്‍ തന്നെ ശരണം. മയക്കം. തളര്‍ച്ച. ക്ഷീണം.
പതിനൊന്നാം ദിവസം അവന്‍ ഞാനില്ലാതെ പടിയിറങ്ങുമെന്നു ധാരണയുണ്ടായി.
ഇരുപത്തിനാല് മണിക്കൂര്‍ പനിനിര്‍ത്തലിനുശേഷം അവനും കൂട്ടുകൊലയാളികളും എന്റെ ശരീരം വിട്ടു.
ഞാനില്ലാതെ മടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ ഞാന്‍ മെല്ലെ പിച്ച നടന്നു. രണ്ടു ചുവടുകള്‍ ആയിരം കാതം പോലെ, രണ്ടാഴ്ച്ച കണ്ണാടി കാണാതിരുന്ന എന്റെ രൂപം ...
അത് മറ്റാരോ ആയിരുന്നു!
അവന്‍ കടിച്ചുവലിച്ചൊരു എല്ലിന്‍ കൂന!
വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയും പൊങ്ങിയും ഞാനൊരു പൊങ്ങുതടി പോലെ, പിന്നെയൊരു പ്രയാണമായിരുന്നു. ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ളൊരു ഓട്ടം. മറവി എന്നെ അലോസരപ്പെടുത്തി. ദൈനംദിനം വസ്തുക്കളുടെ പേരുകള്‍ പോലും ഓര്‍ത്തെടുക്കുവാന്‍ പാടുപെട്ടു... ബ്രെയിന്‍ ഫോഗ് എന്നാണതിന്റെ ഓമനപ്പേര്!
ഞാന്‍ മെല്ലെ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. കുടഞ്ഞുകളയാന്‍ ആവുന്ന ശ്രമിച്ചിട്ടും കടുത്ത വിഷാദം എന്നെ പിടികൂടി...
ഇന്നും ഞാനെന്റെ യുദ്ധം തുടരുന്നു.
ഈ അഞ്ചുമാസം കഴിഞ്ഞിട്ടും അവന്‍ പല ഭാവത്തില്‍, രൂപത്തില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന വിളിപ്പേരില്‍ ഭീഷണിപ്പെടുത്തുന്നു. ഇടക്കെല്ലാം ശരീരമാസകലം അലര്‍ജി പടര്‍ത്തിയും അത് പഴുപ്പിച്ചും പൊട്ടിയൊലിപ്പിച്ചും ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടാക്കിയും ശ്വാസകോശത്തില്‍ കലകളുണ്ടാക്കിയും ക്ഷീണവും മറവിയും മന്ദതയുമുണ്ടാക്കിയും സന്ധികളില്‍ നീരുണ്ടാക്കിയും ഇടതൂര്‍ന്ന തലമുടി പൊഴിയിപ്പിച്ചും അവന്റെ ബാക്കിപത്ര രോഗങ്ങളാല്‍ ഞാന്‍ വലയുന്നു. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഓരോ തവണയും വൈദ്യന്‍മാര്‍ കണ്ണ് മിഴിക്കുന്നു.
അവന്‍ പുതിയ ആളാണത്രെ!
അവനെക്കുറിച്ച് കൂടുതലൊന്നും ആര്‍ക്കും അറിയില്ലത്രേ!
പഠനങ്ങള്‍ നടക്കുന്നതെയുള്ളത്രെ!
അവനിനിയും വരാന്‍ സാധ്യതയുണ്ടത്രേ!
പ്രമേഹക്കാരോടും മറ്റും അവന് പ്രത്യേക താല്‍പര്യമാണത്രെ!
എല്ലാരോടും അവനിങ്ങനെയല്ലത്രേ!
ചിലരെ അവന്‍ വല്ലാതെ അവഗണിക്കുമത്രേ!
ഇഷ്ടക്കാരില്‍ അവന്‍ പൂണ്ടു വിളയാടുമത്രെ!
അവന്‍ വടി വെട്ടാന്‍ പോയിട്ടേ ഉള്ളത്രെ !
അതാണത്രേ, ഇതാണത്രേ..!
എങ്കിലും ഞാന്‍ ഭാഗ്യവതിയെന്നല്ലാവരും പറയുന്നു!
അതെ, ഇനിയും മറുമരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തയീ മാരകരോഗത്തില്‍നിന്ന് രക്ഷപ്പെട്ടവള്‍! ശാസ്ത്രത്തെ മാനിക്കാത്ത കുറെ വിഡ്ഢികളുള്ള ഈ അമേരിക്കയില്‍ ഒരു ഭരണകൂട വ്യവസ്ഥയുടെ പിടിപ്പുകേടില്‍, 2,46,000 ജനങ്ങള്‍ മരിക്കേണ്ടി വന്ന ഈ നാട്ടില്‍, അവന്‍ കൊല്ലാതെ വെറുതെ വിട്ട ഞാന്‍ ഭാഗ്യവതി തന്നെ!
എന്റെ ആത്മാവിന്റെ മുറിവുകള്‍ എന്നുണങ്ങുമോ ആവോ?
(മീനു എലിസബത്ത്: അമേരിക്കയിൽ ടെക്സസിലെ ഡാലസിൽ താമസിക്കുന്നു. കോളമിനിസ്റ്റും എഴുത്തുകാരിയുമാണ്)
S S Prakash
28 Nov 2020, 05:58 AM
So many people are thinking just a story You are a great survivor 🙏🏽
Mini shaji
19 Nov 2020, 06:50 AM
Well described ! Is it really happened or a story? Feels more scary !
Lisby
18 Nov 2020, 11:21 AM
So beautifully written while sharing useful information about this still largely unknown virus - thanking God you survived Minimol - praying your life ahead gets smoother Hang in there...
AASHA
18 Nov 2020, 09:25 AM
ഇത്രയും ഭയങ്കരനോ ഈ കൊറോണ വൈറസ് !
Kumarakomkaran
17 Nov 2020, 08:08 PM
Gosh. Meenu, this is heart wrenching and would be a fitting definition for a Pyrrhic victory. You are a warrior who has returned from a fierce war in one piece, almost one piece.
JISHNU P K
17 Nov 2020, 03:56 PM
nalloru kadhayaanu, post coronal syndram ennathine patti innale vare arivundaayirunnilla innale vanna whats app statusiloodeyaanu ingane oru avastha undennu ariyunnathu. ippozhaanu ithu ithrayum bheekaramaaya onnanennu manasilaavunnathum , thanks for the information
Alexander John
17 Nov 2020, 03:06 PM
Excellent Malayalam. Great writing talent. Beautifully described. I am Luvan, Daniammas younger brother. Sorry to hear that you suffered a lot. Regards to your family and brother Manoj.
ഫ്രാൻസിസ്. എ. തോട്ടത്തിൽ.
17 Nov 2020, 07:42 AM
തീവ്രരോഗാനുഭത്തെ ഭീതിദായകമാക്കിയും,. വേദനകളെ, കണ്ണീക്കണങ്ങളാക്കിയും വിതുമ്പിയും വിങ്ങിയും കരകയറിയതിന്റെ. ആത്മകഥനം.
T.K.Bose.
17 Nov 2020, 12:32 AM
വിക്ഷുബ്ധമായ മാനസിക സഞ്ചാരങ്ങൾ. വൈറസ് കൊണ്ടുവന്ന വിവിധങ്ങളായ ലക്ഷണങ്ങളും അവയിൽ അന്തർഭവിച്ചിട്ടുള്ള വൈവിദ്ധൃങ്ങളും. ജീവന്റെ ആധാരവും സ്വരൂപവും തകർക്കപ്പെടുന്ന അവസ്ഥ. സ്ഥൈരൃമായ നിലപാടെടുത്ത വീട്ടുകാർ.. എല്ലാവരും പ്രതിബദ്ധതയെ ഓർത്തവർ..ആശംസകൾ.മീനുവിനും കുടുംബത്തിനും....
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
Dhanya Praveen
2 Dec 2020, 06:34 PM
Ellam vyaktham .. ..undergoing post Covid issues