truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
mt-vasudevan-

Literature

‘അഗ്​നിസാക്ഷി’യും
‘പാണ്ഡവപുര’വും
ഒരു എം.ടിയൻ എഡിറ്റർഷിപ്പിന്റെ കഥ

‘അഗ്​നിസാക്ഷി’യും ‘പാണ്ഡവപുര’വും ഒരു എം.ടിയൻ എഡിറ്റർഷിപ്പിന്റെ കഥ

മലയാളത്തിലെ പ്രധാന നോവലുകളുടെ രചനക്കും അവയുടെ പ്രസിദ്ധീകരണത്തിനും പുറകിൽ എഡിറ്റർ എന്ന നിലയിൽ എം.ടി. വാസുദേവൻ നായർ ഇടപെട്ടതിന്റെ കഥകൾ.

6 Jan 2023, 09:58 AM

എം. ജയരാജ്​

എം.ടിക്ക് മാതൃഭൂമി സ്വന്തം കുടുംബം തന്നെയായിരുന്നു. ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ഭാരിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോഴും അതിന്റെ മാര്‍ക്കറ്റിങ് കാര്യത്തിലും സവിശേഷ ശ്രദ്ധ അദ്ദേഹം പുലര്‍ത്തിയിരുന്നു. ഓരോ ലക്കത്തിലും പുതുമ നിലനിര്‍ത്താനും മികച്ച വായനാവിഭവമൊരുക്കാനുമുള്ള തത്രപ്പാടിനിടയില്‍ സ്വന്തം കാര്യങ്ങളെല്ലാം അദ്ദേഹം മാറ്റിവെച്ചു.

ഏതാനും കഥകള്‍ മാത്രമേ അദ്ദേഹം ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുള്ളൂ. എഡിറ്ററായി ചുമതലയേറ്റതിനുശേഷം സ്വന്തം എഴുത്തിനുള്ള സമയം കിട്ടാതായി. ഈ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്:   ‘‘എഴുത്തുകാരനായ എന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഴ്ചപ്പതിപ്പിനുവേണ്ടിയാണ്. ‘അടുത്ത നോവല്‍ എന്ന്?',  ‘എന്താണ് കഥയെഴുതാത്തത്?',  ‘അടുത്ത സിനിമ?' ഈ ചോദ്യങ്ങള്‍ നിത്യസംഭവമാണ്. ഞാന്‍ സര്‍ഗ്ഗപ്രക്രിയയുടെ ഭാഗമായി പത്രപ്രവര്‍ത്തനത്തെയും കാണുന്നു. ദിവസവും മേശപ്പുറത്തു വന്നുകൂടുന്ന കടലാസുകൂമ്പാരത്തിനിടയില്‍ നിന്ന് ഒരു സൃഷ്ടി കണ്ടെത്തുന്ന നിമിഷമാണ് ഒരു പത്രപ്രവര്‍ത്തകന്റെ ആഹ്ലാദത്തിന്റെ നിമിഷം. ആ നിമിഷത്തില്‍ അയാള്‍ ജീവിക്കുന്നു, ആഹ്ലാദിക്കുന്നു, അസ്തിത്വത്തെ ന്യായീകരിക്കുന്നു. എനിക്കു മറക്കാനാവാത്ത നിമിഷങ്ങള്‍ കുറച്ചേ കാണൂ. രാജലക്ഷ്മിയുടെ നോവലിന്റെ കൈയെഴുത്തുപ്രതി വായിക്കാന്‍ പത്രാധിപര്‍ ശ്രീ. എന്‍.വി. എന്റെ കൈയില്‍ തന്ന ദിവസം... റോസി തോമസിന്റെ ഇവന്‍ എന്റെ പ്രിയ സി.ജെ. വായിച്ച ദിവസം... അങ്ങനെ എന്റെ ആദ്യത്തെ കഥ അച്ചടിച്ചുകണ്ടതിലുമധികം ആഹ്ലാദിച്ച നിമിഷങ്ങള്‍ പിന്നെയുമുണ്ട്.’’

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

എം.ടിയുടെ കഥയ്ക്കും നോവലിനുംവേണ്ടി വന്‍പ്രതിഫലവുമായി പ്രസാധകരും തിരക്കഥയ്ക്കുവേണ്ടി നിര്‍മാതാക്കളും വരിനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വേവലാതി ആഴ്ചപ്പതിപ്പിന് വില കൂട്ടിയാല്‍ വായനക്കാര്‍ ബുദ്ധിമുട്ടിലാവില്ലേ എന്നതിനെക്കുറിച്ചായിരുന്നു. 1976ല്‍ ആഴ്ചപ്പതിപ്പിന് അല്‍പ്പം വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനുള്ള കാരണവും സാഹചര്യവും വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സാധാരണഗതിയില്‍ ഒരു പത്രപ്പരസ്യത്തിലൂടെ മാര്‍ക്കറ്റിങ് വിഭാഗമാണ് ഇക്കാര്യങ്ങളൊക്കെ വായനക്കാരുടെയും ഏജന്റുമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുക. ഈവക കാര്യങ്ങളൊന്നും പത്രാധിപര്‍ ചെയ്യുക പതിവില്ല. ഇവിടെയാണ് വായനക്കാരോടുള്ള എം.ടിയുടെ പ്രതിബദ്ധതയും സ്നേഹവും തിരിച്ചറിയാനാവുക. എം.ടിയെഴുതി: ‘‘ഇനിയൊരു കുടുംബക്കാര്യം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍  ‘എ'യാണോ ‘ബി'യാണാ എന്നതല്ല പ്രശ്‌നം. ഇതു സാംസ്കാരികപ്രവാഹത്തിലെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അലയാണ്. ഈ ലക്കം മുതല്‍ ആഴ്ചപ്പതിപ്പിന്റെ വില കൂട്ടുകയാണ്. പേജും, കൂടുതല്‍ വൈവിദ്ധ്യമുള്ള വായനാവിഭവങ്ങളും നല്‍കാന്‍വേണ്ടി.  ‘വികാസത്തിന്റെ പുതിയ ഘട്ടം' എന്നു ഞങ്ങള്‍ ഇതു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വായന ഒരു നേരമ്പോക്കാണ്, വിനോദമാണ്. പക്ഷേ, ഈ നേരമ്പോക്കിന്റെ കൂടെ അറിയാതെതന്നെ മനസ്സിലൂറിക്കൂടുന്ന വിജ്ഞാനത്തിന്റെ, സംസ്കാരത്തിന്റെ ബിന്ദുക്കള്‍ പില്‍ക്കാലത്തു ധിഷണയുടെ ഈടുവെപ്പുകളായി മാറുന്നു. ചുരുക്കത്തില്‍ മനസ്സിന്റെ വാതിലുകളും ജാലകങ്ങളും തുറന്നിടുക, അതിനു പ്രേരിപ്പിക്കുക, ഒരു സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ കടമയും അതാണെന്നു ഞങ്ങള്‍ കരുതുന്നു. എല്ലാ പരിമിതികള്‍ക്കും അകത്തു നിന്നുകൊണ്ട് ഇനിയും കുറെക്കൂടി വിപുലമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതും ഇതേ വഴിക്കുതന്നെയാണ്. ഈ ലക്കത്തില്‍ പുതിയ ചില ലേഖനപരമ്പരകള്‍ ആരംഭിക്കുന്നു. പംക്തികള്‍ വിപുലമാക്കുന്നു. കമലേശ്വറിന്റെ കൊടുങ്കാറ്റിനുശേഷം എന്റെ അമ്മയുടെ അഗ്‌നിസാക്ഷി പ്രസിദ്ധീകരിക്കുന്നു.’’ (‘ഒരു മുഖവുര വീണ്ടും', എം.ടി., മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1976 ഓഗസ്റ്റ് ഒന്ന്).

M.T Vasudevan Nairലളിതാംബിക അന്തര്‍ജ്ജനം കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തയാണ്. അവര്‍ നോവലുകളൊന്നും എഴുതിയിരുന്നില്ല. ഒരു നോവലെഴുതി, അത് പത്രാധിപര്‍ക്ക് അയയ്ക്കാതെ ആറുവര്‍ഷത്തോളം അവര്‍ അതു മൂടിവെച്ചു. വായനക്കാര്‍ക്കു തന്റെ നോവല്‍ ഇഷ്ടപ്പെടുമോ എന്നായിരുന്നു അവരുടെ ആശങ്ക. ഇങ്ങനെയൊരു നോവല്‍ അവരുടെ കൈവശമുണ്ടെന്നറിഞ്ഞ എം.ടി. അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി അയച്ചുതരുവാന്‍ അപേക്ഷിച്ചു. നോവലിനോടൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കത്തും അവര്‍ എം.ടിക്ക് അയച്ചിരുന്നു. ആ കത്തിലെ ചില ഭാഗങ്ങളും എം.ടി.യുടെ മറുപടിയും  ‘ഒരു മുഖവുര വീണ്ടും' എന്ന ശീര്‍ഷകത്തില്‍ ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:  ‘അമ്മ എഴുതുന്ന ആദ്യത്തെ കത്താണിത്...' എന്നാരംഭിക്കുന്ന ആറു പേജുള്ള ആ നീണ്ട കത്തും അതിനുശേഷമുള്ള കത്തുകളും, ഒന്നും സൂക്ഷിച്ചുവെക്കാറില്ലാത്ത, ഫയലിങ് സമ്പ്രദായമറിയാത്ത ഞാന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു, അമ്മേ...
‘എന്റെ അമ്മ ജീവിച്ചിരുന്ന കാലത്ത് എനിക്കൊരിക്കലും കത്തെഴുതിയിരുന്നില്ല. അക്ഷരാഭ്യാസമുണ്ടായിരുന്ന അമ്മ മറ്റാരെക്കൊണ്ടെങ്കിലും എഴുതിച്ചു. ഈ അമ്മയുടെ പേര് ലളിതാംബിക അന്തര്‍ജ്ജനം. മകനായി എന്നെ കണ്ട, എന്നെ നേരിട്ടു കാണാത്ത അവര്‍, എന്റെ കഥകളെപ്പറ്റി കത്തില്‍ എഴുതി. ദുഃഖത്തിന്റെ താഴ്വരകള്‍ മാത്രം മകനേ, എന്തിനു തേടുന്നു? സ്വന്തം പരിചയവലയത്തില്‍പ്പെട്ട കുട്ടികള്‍കൂടി ആവശ്യമില്ലാതെതന്നെ ദുഃഖത്തിന്റെ ഛായ എഴുത്തുകളില്‍ പകരുന്നു.’
 മറുപടി അയച്ചു.

ALSO READ

എം.ടി പറഞ്ഞു, 'സേതു വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു'

‘പ്രിയപ്പെട്ട അമ്മയ്ക്ക്' എന്നെഴുതണമെന്നുണ്ടായിരുന്നു. എഴുതിയില്ല. നിഴല്‍പോലെ അന്നും (ഇന്നും) എന്നെ പിന്തുടരുന്ന ദുഃഖത്തിന്റെ കഥ പറഞ്ഞില്ല. മുകളില്‍  ‘ശ്രീ' എന്നു മാത്രമെഴുതി. ആ അമ്മ ഈയിടെ ഒരു നോവലയച്ചിരുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിന്. അഗ്‌നിസാക്ഷി. കാഥികയായ ലളിതാംബിക അന്തര്‍ജ്ജനം ആ നോവലിനെപ്പറ്റി കത്തിലെഴുതിയ ഒരു ഭാഗം ഞാനുദ്ധരിക്കട്ടെ, സാനുവാദം.

‘‘ആദ്യം ഇതെഴുതിയ കാലത്ത്  ‘പ്രസാദം' എന്നാണ് നാമകരണം ചെയ്തിരുന്നത്. ഒരു സാമൂഹികപ്രവര്‍ത്തകയ്ക്ക് ജനസേവനത്തിനു പകരമായി ലഭിക്കുന്ന ‘പ്രസാദം' എന്നായിരുന്നു ഉദ്ദേശ്യം. പക്ഷേ, പ്രസാദം എന്ന വാക്കിന് രണ്ടര്‍ത്ഥമുണ്ടല്ലോ. മാത്രമല്ല, തിരുത്തിയെഴുതിയ ഈ പുതിയ രൂപത്തില്‍ വെറും സാമൂഹികസേവികയുടെ കഥയായല്ല, ഒരു കാലഘട്ടത്തിന്റെ അഥവാ പരിവര്‍ത്തനദശയുടെ, ആശയസമരത്തിന്റെ ആഖ്യാനം കൂടിയാണ് വന്നുകൂടിയിരിക്കുന്നത്. ഒരുപക്ഷേ, യഥാര്‍ത്ഥ കഥയുടെ ഛായയുണ്ടെന്നു ചിലരെങ്കിലും സംശയിക്കത്തക്കവിധം സമകാലീനസംഭവഗതികളോടു ബന്ധമുണ്ടിതിന്. ആ അസ്തിത്വമുള്ള ഏതു കഥയുടെ ബീജവും യഥാര്‍ത്ഥ ജീവിതത്തില്‍നിന്നു സംവേദനക്ഷമമായ ഹൃദയത്തിലേക്കു പറന്നുവീണു ഭാവനയിലൂടെ പൂര്‍ണ്ണത പ്രാപിക്കുന്നതാണല്ലോ. ചില പരിചയങ്ങള്‍, ചില അനുഭവങ്ങള്‍, സന്ദര്‍ശനങ്ങള്‍ ഒക്കെ ഈ കഥാരചനയ്ക്കിടയില്‍ എന്നെ സ്വാധീനിച്ചിരിക്കണം. ഈ കഥയിലെ ഒരു കഥാപാത്രം ഒരവസരത്തില്‍ പറയുന്നതുപോലെ,  ‘ഈ കഥ ആരെങ്കിലും ഒരിക്കലെഴുതും; എഴുതേണ്ടതാണ്, എഴുതാതെവരില്ല.' അതു ഞാനായിപ്പോയി എന്നു മാത്രം.

ALSO READ

ഒരു എം.ടി. - ഹരിഹരന്‍ വീരഗാഥ

നീണ്ട ആറുവര്‍ഷങ്ങള്‍ അടവെച്ചു പരിശോധിച്ചിട്ടും തൃപ്തി വരാതെ ഒളിച്ചുവെച്ചിരുന്ന ഈ കൃതി ഇപ്പോള്‍ വെളിച്ചത്തു വെക്കുന്നത് മാതൃഭൂമിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധം കൊണ്ടാണ്. ഞാന്‍ നോവലിസ്റ്റല്ല. ഇത് ഒരു നോവലാണോ എന്നുപോലും എനിക്കറിയില്ല. ആണെന്നാണ് വായനക്കാരുടെ അഭിപ്രായമെങ്കില്‍... വാര്‍ദ്ധക്യത്തില്‍ അതില്‍ക്കൂടുതല്‍ ആനന്ദം എന്തുണ്ട്? ഏതായാലും ധൈര്യത്തോടെയല്ല, വിനയത്തോടെയാണ് ഞാനിത് അങ്ങോട്ടയയ്ക്കുന്നത്. മാതൃഭൂമിക്കു നന്ദി, നന്ദി.'’

അപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കമലേശ്വറിന്റെ കൊടുങ്കാറ്റ് എന്ന നോവല്‍ (1976 ജൂണ്‍ 20ന് തുടക്കം) അവസാനിച്ച ഉടനെ അഗ്‌നിസാക്ഷി പ്രസിദ്ധീകരണം തുടങ്ങി (1976 ഓഗസ്റ്റ് 22). 1976 ഓഗസ്റ്റ് ഒന്നാം തീയതിയാണ്  ‘ഒരു മുഖവുര വീണ്ടും' എന്ന ലേഖനത്തിലൂടെ അഗ്‌നിസാക്ഷിയെ പത്രാധിപര്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

അഗ്‌നിസാക്ഷിക്കുവേണ്ടി എം.ടി. എഴുതി തയ്യാറാക്കിയ പരസ്യവും ഏറെ ശ്രദ്ധേയമായിരുന്നു. ‘‘ജീവിതം എന്ന അഗ്‌നിഹോത്രത്തിലൂടെ കടന്നുപോയ ഒരവിസ്മരണീയ കഥാപാത്രത്തിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന, ശക്തിയും സൗന്ദര്യവും കൊണ്ടു സമ്പന്നമായ ഒരു പുതിയ മലയാള നോവല്‍.
നവവധുവായി വന്ന മാനമ്പിള്ളി ദേവകി എന്ന അന്തര്‍ജ്ജന യുവതി. അവരാണോ ഘോഷ വലിച്ചെറിഞ്ഞ് പ്രസംഗവേദിയില്‍ പ്രത്യക്ഷപ്പെട്ട ആ തിളങ്ങുന്ന തീജ്ജ്വാല? ലാത്തിയുടെയും തോക്കിന്റെയും മുമ്പില്‍ പതറാതെനിന്ന ദേവീബഹന്‍! ഭാഗീരഥിയുടെ തീരത്തുകണ്ട ആ സന്ന്യാസിനി? അപ്ഫന്‍ നമ്പൂതിരിയുടെ ഓമന മകള്‍ തങ്കത്തിന്റെ ജിവനായിരുന്നു ഉണ്ണ്യേട്ടന്‍. ഉണ്ണ്യേട്ടന്റെ ഏട്ടത്തിയമ്മ അതുകൊണ്ടുതന്നെ ജീവന്റെ ജീവനായി. അവരാണോ ഹിമാലയത്തിലെ സന്ന്യാസാശ്രമത്തിലെത്തിയത്?
പിന്നീട് മിസ്സിസ് കെ.എം. നായരായി, അമ്മയും അമ്മൂമ്മയുമായ തങ്കത്തിന്റെ ഓര്‍മകളിലൂടെ ഒരപൂര്‍വ്വ ജീവിതകഥയുടെ അദ്ധ്യായങ്ങള്‍ വിടരുന്നു. ഒരു കാലഘട്ടത്തിലെ സാമൂഹികവിപ്ലവത്തിന്റെ പൊട്ടിത്തെറികള്‍ കേള്‍ക്കുന്നു.
അഗ്‌നിസാക്ഷി. പ്രസിദ്ധ കഥാകാരിയായ ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താമസിയാതെ പ്രസിദ്ധീകരണം ആരംഭിക്കുന്നു.’’

Lalithambika Andharjanam and book

അഗ്‌നിസാക്ഷിക്കുവേണ്ടി രേഖാചിത്രം വരച്ചത് ആര്‍ട്ടിസ്റ്റ് എ.എസ്സായിരുന്നു. പരസ്യവും എ.എസ്സിന്റെ രേഖാചിത്രത്തോടുകൂടിയാണ്​ രൂപകല്‍പ്പന ചെയ്തിരുന്നത് (1976 ഓഗസ്റ്റ് 8, മാതൃഭൂമി ആഴ്ചപ്പതിപ്പ്).

മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി എം.ടിയുടെ തുടര്‍ച്ചയായ നിര്‍ബ്ബന്ധം കൊണ്ടുകൂടിയാണ് അവര്‍ പ്രസിദ്ധീകരണത്തിനു നല്‍കാന്‍ തയ്യാറായത്. നോവലിനോടൊപ്പം അതിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ എ.എസ്സിന്റെ രേഖാചിത്രങ്ങളും വായനക്കാര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു.

വായനക്കാരോടു നൂറുശതമാനം നീതിപുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന പത്രാധിപര്‍ക്ക് ഒരിക്കലും മനസ്സമാധാനമുണ്ടാകില്ല. വായനക്കാര്‍ ഹൃദയത്തിലേറ്റിയ ഒരു നോവല്‍ തീരാറാകുമ്പോഴേക്കും മറ്റൊരു മികച്ച നോവല്‍ കണ്ടെത്തുക ദുഷ്‌കരമാണ്; മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രത്യേകിച്ചും. മികച്ച സൃഷ്ടികള്‍ മാത്രം പ്രസിദ്ധീകരിക്കുക എന്നത് ഒരു വാശിയും നിര്‍ബ്ബന്ധവുമായി കരുതുന്ന പത്രാധിപര്‍ക്കു പ്രത്യേകിച്ചും. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി ഏതാനും ലക്കങ്ങള്‍കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ആഴ്ചപ്പതിപ്പിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുകയും വായനക്കാരുടെ അഭിനന്ദനം ഏറെ ഏറ്റുവാങ്ങുകയും ചെയ്ത നോവലായിരുന്നു അത്. പുനത്തില്‍ കുഞ്ഞബ്​ദുള്ളയുടെ ക്ലാസിക് സൃഷ്ടി സ്മാരകശിലകള്‍  1976 നവംബര്‍ 28ന് അവസാനിക്കും. അഗ്‌നിസാക്ഷി 1976 ഡിസംബര്‍ 26നും അവസാനിക്കും. രണ്ടു പ്രശസ്ത നോവലുകളാണ് അടുത്തടുത്തായി അവസാനിക്കാന്‍ പോകുന്നത്. അതിനോടൊപ്പമോ അല്ലെങ്കില്‍ കിടപിടിക്കാവുന്നതോ ആയ ഒരു നോവല്‍ അപ്പോള്‍ അത്യാവശ്യമായിരുന്നു. എം.ടിയുടെ അന്വേഷണം അവസാനിച്ചത് സേതുവിലായിരുന്നു. സേതുവിന്റെ പ്രശസ്ത നോവല്‍ പാണ്ഡവപുരം എഴുതാനിടയായ സാഹചര്യം അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്:

‘‘ഉള്ളില്‍ ഏറെനാളുകളായി ഈറിക്കിടന്നിരുന്ന ആശയത്തിന് ‘പാണ്ഡവപുര'ത്തിന്റെ ആകൃതി കൊടുക്കാനുള്ള നിമിത്തമായത് എം.ടിയുടെ പ്രേരണയായിരുന്നു. ഒരര്‍ത്ഥത്തില്‍ അതൊരു വലിയ നിയോഗം കൂടിയായി; എനിക്കും അദ്ദേഹത്തിനും. എഴുപതുകളുടെ നടുവില്‍, ഒരു ഇടവേളയ്ക്കുശേഷം എം.ടി. ആഴ്ചപ്പതിപ്പില്‍ തിരിച്ചെത്തിയ കാലം. അന്നു ഞാന്‍ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ പൊടുന്നനെ എം.ടിയുടെ ഒരു ട്രങ്ക് കോള്‍ വരുന്നു. ‘അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി തീരാന്‍ പോകുന്നു. പകരം കൊടുക്കാന്‍പറ്റിയതൊന്നും ഇവിടെയില്ല. സേതു നോവല്‍ വല്ലതും എഴുതുന്നുണ്ടോ?' ഞാന്‍ ശരിക്കും നടുങ്ങിപ്പോയി. മാതൃഭൂമി നോവല്‍ ആവശ്യപ്പെടുന്നു. അതും താരതമ്യേന പുതിയൊരു എഴുത്തുകാരനോട്. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പക്ഷേ, മുമ്പൊന്നും ഇങ്ങനെ പറയാത്ത ആളുടെ സ്വരത്തിലെ നിര്‍ബ്ബന്ധഭാവം കാര്യത്തിന്റെ ഗൗരവം വെളിവാക്കി. കുറച്ചെഴുതി തൃപ്തിയാകാതെ മാറ്റിവെച്ച നോവല്‍ഭാഗത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ അതു തുടര്‍ന്നുകൂടേ എന്നായി അടുത്ത ചോദ്യം. അതായത്, അഗ്‌നിസാക്ഷിക്കു പകരം പ്രധാനപ്പെട്ട ഒരു നോവല്‍ വേണം. അതു ഞാന്‍ തന്നെ എഴുതുകയും വേണം.

ALSO READ

എം.ടി എഴുതുന്നു; കോവിഡുണ്ടാക്കിയ ഡിപ്രഷനില്‍നിന്ന് എനിക്കിതേവരെയും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല

നോക്കാമെന്നു പറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും വളരെയേറെ ജനശ്രദ്ധയാകര്‍ഷിച്ച അഗ്‌നിസാക്ഷിയെ പിന്തുടരേണ്ട നോവല്‍ എന്നതു വലിയൊരു ഭാരമായപ്പോള്‍ എന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു പിന്മാറിയാലോ എന്നായിരുന്നു ആദ്യത്തെ ആലോചന. എന്തോ, അതിനു മനസ്സുവന്നില്ല. തീയതിവെച്ച് നോവല്‍ എഴുതിക്കൊടുക്കാന്‍ കഴിവുള്ള എത്രയോ എഴുത്തുകാരുണ്ടായിട്ടും അദ്ദേഹം എന്തിന് എന്നെ സമീപിച്ചു? എന്റെ ആദ്യ പത്രാധിപര്‍ എന്നില്‍ അര്‍പ്പിച്ച ആ വലിയ വിശ്വാസം എന്നെ വിനീതനാക്കി. കര്‍മ്മനിരതനാക്കി. ആ വലിയ തിരിച്ചറിവാകട്ടെ ഒരര്‍ത്ഥത്തില്‍ സേതു എന്ന എഴുത്തുകാരന്റെ മറുപിറവികൂടിയായിരുന്നു.
എന്തായാലും അതൊരു വലിയ തുടക്കമായി. ആ നിമിഷംതൊട്ട് ഞാന്‍ തികച്ചും വേറൊരു ലോകത്തായി. ആജ്ഞേയമായൊരു മായാവലയം എനിക്കുചുറ്റും താനേ ഉയര്‍ന്നുവന്നു. ദുരൂഹമായൊരു ഉൾപ്രേരണയുടെ പിന്‍ബലത്തില്‍, ഞാന്‍ അജ്ഞാതമായ ഭൂഭാഗങ്ങളിലൂടെ ഒരു ദീര്‍ഘസഞ്ചാരത്തില്‍ ഏര്‍പ്പെടുകയായി. ഇടതടവില്ലാതെയുള്ള എഴുത്ത്. തട്ടിയും തടഞ്ഞും കിടന്ന രചനയ്ക്ക് താനേ ഒഴുക്കും ഓജസ്സും കിട്ടിയതുപോലെ.

അങ്ങനെയായിരുന്നു പാണ്ഡവപുരത്തിന്റെ പിറവി. എന്റെ ചിത്രവുമായി ആഴ്ചപ്പതിപ്പില്‍ പരസ്യം വരുമ്പോള്‍ അവര്‍ക്കു നോവലിന്റെ കൈയെഴുത്തുപ്രതി കിട്ടിയിരുന്നില്ല. പിന്നീടാണ് ആദ്യത്തെ ചില അദ്ധ്യായങ്ങള്‍ എത്തിച്ചുകൊടുത്തത്.’’

Sethu
 സേതു

1977 മാര്‍ച്ച് 27 മുതല്‍ പാണ്ഡവപുരം ആഴ്ചപ്പതില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. എഴുത്തുകാരനെന്ന നിലയില്‍ സേതുവിന് ഏറെ പ്രശംസ നേടിക്കൊടുത്ത സൃഷ്ടികൂടിയായിരുന്നു പാണ്ഡവപുരം.

പുനത്തില്‍ കുഞ്ഞബ്​ദുള്ളയും  നന്തനാരും 

എത്ര പ്രശസ്ത എഴുത്തുകാരായാലും ഒരു പുതിയ രചനയുമായി എം.ടിയെ സമീപിക്കുമ്പോള്‍ ചങ്കിടിക്കും. എഴുത്തുകാരന്റെ പ്രശസ്തിയല്ല, സൃഷ്ടിയുടെ മൂല്യമാണ് പരമപ്രധാനം എന്നു കരുതുന്ന പത്രാധിപര്‍ക്കു മുന്നില്‍ എത്തിപ്പെടുമ്പോള്‍ പരിഭ്രമിക്കുക സ്വാഭാവികം. ദീര്‍ഘകാലത്തെ പരിചയമുണ്ട് പുനത്തില്‍ കുഞ്ഞബ്​ദുള്ളയ്ക്ക് എം.ടിയുമായി. അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍ മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഒരിക്കല്‍ ബാലപംക്തിയിലേക്ക് അയച്ച ഒരു കഥ മുതിര്‍ന്നവര്‍ക്കുള്ള പേജില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ പുനത്തില്‍ കുഞ്ഞബ്​ദുള്ള ശരിക്കും ഞെട്ടി. 1959 ജൂലായ് 26ലെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച  ‘കല്യാണരാത്രി' എന്ന ചെറുകഥ യഥാര്‍ത്ഥത്തില്‍ ബാലപംക്തിയിലേക്കാണ് അയച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ നാലഞ്ചു കഥകള്‍ ബാലപംക്തിയില്‍ വെട്ടിയും തിരുത്തിയും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ചില രചനകളില്‍ ചില്ലറ വെട്ടലും തിരുത്തലുകളും നടത്തിയാല്‍ അവയെ മികവുറ്റ സൃഷ്ടികളാക്കി മാറ്റാമെന്ന് എം.ടി. തുടക്കം മുതല്‍ക്കുതന്നെ തെളിയിച്ചിട്ടുള്ളതാണ്. കഴിവുള്ളവര്‍ക്കു കൂടുതല്‍ എഴുതാനും വായിക്കാനും ഈ മേഖലയില്‍ വിജയിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക കൂടിയാണ് എം.ടി. ഇതിലൂടെ നിര്‍വ്വഹിച്ചിരുന്നത്.

Punathil Kunjabdulla
 പുനത്തില്‍ കുഞ്ഞബ്​ദുള്ള

തന്റെ സർഗാത്മകജീവിതത്തില്‍ എം.ടിയാണ് വഴിവിളക്കെന്ന് പുനത്തില്‍ കുഞ്ഞബ്​ദുള്ള പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ‘ബാലപംക്തി'യിലൂടെയുള്ള പരിചയം വെച്ച് പുനത്തില്‍ കുഞ്ഞബ്​ദുള്ള ഒരിക്കല്‍ എം.ടിക്കെഴുതി:  ‘‘ഉപരിപഠനത്തിനായി ഞാന്‍ അലിഗഢ് യൂണിവേഴ്‌സിറ്റിയിലേക്കു വണ്ടികയറി. അവിടെ അന്തരീക്ഷം ഭയാനകമായിരുന്നു. പാഠപുസ്തകങ്ങളും ലാബറട്ടറികളും കണ്ട് ഞാന്‍ ഭയന്നമ്പരന്നു.  ‘എന്റെ സാഹിത്യജീവിതം ഇതോടെ അവസാനിച്ചിരിക്കുന്നു.'
എം.ടിയുടെ നീണ്ട മറുപടി വന്നു. ആ കത്ത് ഒട്ടൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്. ‘നന്നായി പഠിക്കൂ, പഠിച്ച് ജീവിതത്തിന് ഒരു മേല്‍വിലാസമുണ്ടാക്കൂ. സാഹിത്യം മനസ്സിലുണ്ടെങ്കില്‍ അതു നഷ്ടപ്പെടുകയില്ല. അഥവാ നഷ്ടപ്പെട്ടാലും ആ ലോകം തിരികെ കിട്ടാന്‍ ഞാന്‍ വേണ്ടതു ചെയ്യാം.'

അലിഗഢില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പുനത്തില്‍ കുഞ്ഞബ്​ദുള്ള ധാരാളം കഥകള്‍ ആഴ്ചപ്പതിപ്പിലേക്ക് അയച്ചിരുന്നു. അതെല്ലാം എം.ടി. പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രതിഭയുടെ കനലുള്ള ഒരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അയാള്‍ ഒഴിഞ്ഞുമാറിയാലും എം.ടി. അവരെ വിടാതെ പിന്തുടരുകയും അവരെ എത്തേണ്ട സ്ഥാനത്ത് എത്തിക്കുകയും ചെയ്യും.
എം.ടിയുമായി ഇത്രയും അടുപ്പമുണ്ടായിട്ടും സ്മാരകശിലകളുടെ കൈയെഴുത്തുകോപ്പിയുമായി എം.ടിയെ സമീപിച്ചപ്പോഴുണ്ടായ അമ്പരപ്പും ആകാംക്ഷയും ഭയപ്പാടും വളരെയേറെയായിരുന്നെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്:  ‘‘സ്മാരകശിലകളുടെ കൈയെഴുത്തുകോപ്പിയുമായി പരിഭ്രമത്തോടെയായിരുന്നു എം.ടിയെ സമീപിച്ചത്. ഇരുപത്തഞ്ചു ലക്കങ്ങളിലേക്കുള്ള മാറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. കൈയെഴുത്തു കോപ്പികള്‍ എം.ടിയെ ഏല്‍പ്പിച്ചു. ‘നോക്കാം' എന്നു മാത്രമായിരുന്നു പ്രതികരണം. ഒന്നും പറയാനാവാതെ അവിടെനിന്നും ഇറങ്ങി. നോവല്‍ എം.ടിക്ക് ഇഷ്ടപ്പെടുമോ എന്നാലോചിച്ച് അസ്വസ്ഥനായി കഴിയവേ അടുത്ത ലക്കം ആഴ്ചപ്പതിപ്പിലെ പരസ്യം കണ്ട് ഞാന്‍ ഞെട്ടി. ആ പരസ്യം ഇങ്ങനെയായിരുന്നു:
‘ഓര്‍മ്മകളിലെന്നും ചില സ്മാരകശിലകള്‍ അവശേഷിക്കുന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ നെടുവീര്‍പ്പിടാനും നഷ്ടപ്പെട്ട ആഹ്ലാദങ്ങള്‍ നുണയുവാനും ചിലപ്പോള്‍ അമര്‍ഷങ്ങള്‍കൊണ്ടു കരുത്തു നേടാനും.
വ്യക്തിക്കു മാത്രമല്ല, ഗ്രാമത്തിനും സമൂഹത്തിനുമുണ്ട് ഇത്തരം സ്മാരകശിലകള്‍.

Smarakasilakalസിംഗപ്പൂര്‍ സുഗന്ധവും, സിംഗപ്പൂര്‍ ചുരുട്ടും, സിംഗപ്പൂര്‍ സേവകരുമുള്ള നാടുവാഴിയായ ഖാന്‍ ബഹദൂര്‍ തങ്ങള്‍പള്ളിയും പള്ളിപ്പറമ്പും അതിന്റെ ഭാഗമായ എറമുള്ളാന്‍ മുക്രി. തങ്ങളുടെ അടിമകളുടെ സാമ്രാജ്യം. ബുദ്ധനദ്രാമാന്‍ കാശിന്റെയും കൈക്കരുത്തിന്റെയും പോയകാലത്തിന്റെ ഭാഗമായി കിട്ടിയ ദിവ്യത്വത്തിന്റെയും ലോകം. ആയിരം മുള്ളുകളുടെ മദ്ധ്യേ അപൂര്‍വ്വമായി വിടരുന്ന പൂമൊട്ടുകളുടെ ദുരന്തം. വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്റെ, സമൂഹത്തിന്റെ, ആചാരോപചാരങ്ങളുടെ, ജീവിതചിത്രങ്ങളുടെ ആവിഷ്‌കരണമാണ് ഈ നോവല്‍
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  അടുത്ത ലക്കം മുതല്‍ പ്രസിദ്ധീകരണമാരംഭി
ക്കുന്നു.പുനത്തില്‍ കുഞ്ഞബ്​ദുള്ള എഴുതിയ നോവല്‍ സ്മാരകശിലകള്‍.’’

ALSO READ

പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പറ്റി അഞ്ച്​ വിചാരങ്ങള്‍

എം.ടി. തന്നെയാണ് ഈ നോവലിനുള്ള പരസ്യവാചകം തയ്യാറാക്കിയത്. നമ്പൂതിരിയുടെ രേഖാചിത്ര സഹിതം 1976 ഫെബ്രുവരി ഒന്നുമുതലാണ് സ്മാരകശിലകള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. എം.ടിക്ക് ഒരു സൃഷ്ടി ഇഷ്ടപ്പെട്ടാല്‍ അത് എത്രയും വേഗം വായനക്കാരിലെത്തിക്കാനാണ് പിന്നീട് തിടുക്കം. എഴുത്തുകാരനെപ്പോലും അമ്പരപ്പിച്ചാവും അതു പ്രസിദ്ധീകരിക്കുക. എം.ടി. തന്നെ എപ്പോഴും പറയുന്ന ഒരു കാര്യം,  സൃഷ്ടികളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍നിന്നു മികച്ചൊരു രചന കണ്ടെത്തുമ്പോഴുണ്ടാകുന്ന ആഹ്ലാദം മാത്രമാണ് പത്രാധിപക്കസേരയിലെ മുഷിഞ്ഞ ജോലികള്‍ക്കിടയിലെ ഏക ആനന്ദം. അതു കണ്ടെത്തിക്കഴിഞ്ഞാല്‍, അതു വായനക്കാരുമായി പങ്കുവെക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് പത്രാധിപരുടെ പ്രതിഫലം.'

സ്മാരകശിലകള്‍ മലയാള നോവല്‍സാഹിത്യത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറിയത് ചരിത്രം. മഹത്തായ സൃഷ്ടികളെയും സ്രഷ്ടാവിനെയും കണ്ടെത്തുന്ന എം.ടി. എന്ന പത്രാധിപര്‍ക്ക് പക്ഷേ, എപ്പോഴും തിരശ്ശീലയ്ക്കു പിന്നില്‍ നില്‍ക്കാനായിരുന്നു താത്പര്യം. ഇതേക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്​ദുള്ള: ‘എം.ടിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി. സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടിയാണ്; പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമിക മര്യാദകള്‍ എഴുത്തുകാരോടു കാണിച്ച ആളായിരുന്നു എം.ടി. യാതൊരു മുന്‍പരിചയമൊന്നുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്റെ മേശപ്പുറത്തു തപാലില്‍ വന്നപ്പോള്‍ എം.ടി. അതു വായിച്ച് പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി. പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ചില എഴുത്തുകാരെ താനാണു കണ്ടെത്തിയത് എന്ന് എം.ടി. പിന്നീടൊരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ വെളിപ്പെടുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അതു പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലെ മദ്ധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാവരുത്. പത്രാധിപര്‍ എന്നനിലയില്‍ അങ്ങനെ വലിയ അന്തസ്സ് എം.ടിക്കുണ്ട്. എഴുത്തുകാരനെക്കൊണ്ടും വായനക്കാരനെക്കൊണ്ടും നിലനില്‍ക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി. അതിയായി ആഹ്ലാദിക്കും. 

‘നല്ലൊരു സംഭവം വരുന്നുണ്ട്', എം.ടി. ചിലപ്പോള്‍ പറയും. വായനക്കാര്‍ക്കും സന്തോഷമാകും. എം.ടിയുടെ വലിയൊരു പ്രത്യേകതയായി എനിക്കു തോന്നിയത് പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.  ‘ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നുഅങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി.'

Nanthanar
 നന്തനാർ

രാജലക്ഷ്മിയെപ്പോലെ മലയാളസാഹിത്യലോകത്തെ ഞെട്ടിപ്പിച്ചതായിരുന്നു നന്തനാരുടെ (പി.സി. ഗോപാലന്‍) ആത്മഹത്യ. 1974 ഏപ്രില്‍ 25ാം തീയതിയാണ് പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയില്‍ ആത്മഹത്യചെയ്തനിലയില്‍ കാണപ്പെട്ടത്. പ്രശസ്ത എഴുത്തുകാരനായ ശത്രുഘ്‌നന്‍ (ഗോവിന്ദന്‍കുട്ടി), വാസുദേവന്‍ എന്നിവരാണ് മൃതദേഹം നന്തനാരുടേതാണെന്നു തിരിച്ചറിഞ്ഞത്. ഇവര്‍ അന്ന് പാലക്കാട് എഫ്.എ.സി.ടിയിലെ ഉദ്യോഗസ്ഥരായിരുന്നു. 1968ല്‍ എഫ്.എ.സി.ടി. സര്‍വ്വീസില്‍ പ്രവേശിച്ച നന്തനാര്‍ പാലക്കാട് റീജ്യണല്‍ ഓഫീസിനു കീഴില്‍ മലപ്പുറത്ത് പബ്ലിസിറ്റി അസിസ്റ്റൻറായിരുന്നു. പാലക്കാട് റീജ്യണല്‍ ഓഫീസിലും കുറച്ചുകാലമുണ്ടായിരുന്നു. 1942ല്‍ കരസേനയില്‍ ചേര്‍ന്ന അദ്ദേഹം ഇരുപത്തിയഞ്ചു വര്‍ഷം സിഗ്‌നല്‍ വയര്‍ലെസ് ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു. അതിനുശേഷമാണ് എഫ്.എ.സി.ടി. സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹിത്യസിദ്ധികളിലൊന്നായി കണക്കാക്കപ്പെടുന്ന പട്ടാളക്കഥകളുമായാണ് പി.സി. ഗോപാലന്‍ എന്ന നന്തനാര്‍ സാഹിത്യരംഗത്തേക്കു കടന്നുവരുന്നത്. എന്നാല്‍ പട്ടാളജീവിതത്തിന്റെ പാരുഷ്യത്തിനുപകരം പട്ടാളക്കാരന്‍ എന്ന മനുഷ്യന്റെ ജീവിതവ്യഥകളെ ആവിഷ്‌കരിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്. ഏറക്കുറെ ഭൂതകാലത്തിന്റെ സമ്മോഹനം മാത്രമായിരുന്നു നന്തനാരെ സംബന്ധിച്ചിടത്തോളം ജീവിതം. വെടിമരുന്നിന്റെ ഗന്ധം കലര്‍ന്ന ബാരക്കുകളില്‍ ഇരുന്ന് നന്തനാര്‍ നാട്ടിന്‍പുറങ്ങളെ സ്വപ്നം കണ്ടു. നാട്ടിന്‍പുറങ്ങളില്‍ വന്നപ്പോഴാകട്ടെ തന്നില്‍നിന്ന് എന്തോ അകന്നുപോയ വിഷാദകലുഷമായ ജീവിതത്തിന്റെ സ്മൃതിശകലങ്ങളെ ആവാഹിച്ചെടുക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഭംഗുരഭംഗികളെത്തന്നെയാണ് വര്‍ത്തമാനകാലത്തിലും അദ്ദേഹം ആരാധിച്ചിരുന്നത്. സവിശേഷമായ ഈ ചിന്താഗതിയുടെ നിദര്‍ശനങ്ങളാണ് നന്തനാരുടെ കഥകള്‍.

ആത്മാവിന്റെ നോവുകള്‍ എന്ന നോവലും ഉണ്ണിക്കുട്ടന്റെ ലോകം എന്ന ബാലസാഹിത്യവും നന്തനാരുടെ ചെറുകഥാസമാഹാരങ്ങളും അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരെ സൃഷ്ടിച്ചിരുന്നു. 

‘‘കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളില്‍ പുഞ്ചിരി വിരിയിക്കുന്നു. ഹൃദയങ്ങളില്‍ അനുഭൂതികള്‍ നിറയ്ക്കുന്നു. കവിതാത്മകവും വര്‍ണ്ണശബളവും ദൈവികവുമായ അനുഭൂതികള്‍; ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും കുട്ടികളുടെ ലോകം മനോഹരവും അദ്ഭുതകരവുമായ ഒരു ലോകംതന്നെയാണ്. അങ്ങനെയുള്ള ഒരു കൊച്ചുലോകം. ഗ്രാമീണപ്രകൃതിസൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ കൃതികള്‍.’’ (നന്തനാര്‍, ഉണ്ണിക്കുട്ടെന്റ ലോകം എന്ന പുസ്തകത്തിലെഴുതിയ കുറിപ്പില്‍നിന്ന്.)

ALSO READ

എം.ടി: പിറന്നാൾ ദിനത്തിൽ ചില ഓർമകൾ

ഉണ്ണിക്കുട്ടന്റെ ലോകം എഴുതിയ നന്തനാര്‍ക്ക് എങ്ങനെ ആത്മഹത്യചെയ്യാന്‍ മനസ്സുവന്നു എന്നതാണ് വായനക്കാരെയും സാഹിത്യലോകത്തെയും അമ്പരപ്പിച്ചത്. 1965 സെപ്റ്റംബര്‍ 12 മുതലാണ്  ‘ഉണ്ണിക്കുട്ടെന്റ ഒരുദിവസം’ എന്ന അത്യന്തം ഹൃദ്യമായ കുട്ടികള്‍ക്കായുള്ള രചന ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. ഉണ്ണിക്കുട്ടന്റെ കുസൃതികള്‍ കുട്ടികളെക്കാള്‍ മുതിര്‍ന്നവരാണ് ആവേശപൂര്‍വ്വം ആസ്വദിച്ചത്. ഒരു കുരുന്നുഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് വശ്യസുന്ദരമായ ഈ നോവല്‍.

1953 സെപ്റ്റംബര്‍ 13ാം തീയതിയാണ് നന്തനാരുടെ കഥ ആഴ്ചപ്പതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.  ‘മൊയ്തീന്‍' എന്നായിരുന്നു കഥയുടെ പേര്. നന്തനാരുടെ ആദ്യനോവല്‍ അറിയപ്പെടാത്ത മനുഷ്യജീവികള്‍ 1954 ഒക്ടോബര്‍ 17 മുതല്‍ക്കാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളെല്ലാം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. എം.ടിയെ വളരെ ആകര്‍ഷിച്ച എഴുത്തുകാരില്‍ ഒരാളായിരുന്നു നന്തനാര്‍. നന്തനാരുടെ ദാരുണാന്ത്യം അദ്ദേഹത്തെ അഗാധമായി വേദനിപ്പിച്ചിരുന്നു. 1974 ഏപ്രില്‍ 26ാം തീയതിയിലെ മാതൃഭൂമിയില്‍ നന്തനാരുടെ ആത്മഹത്യ ഒന്നാംപേജില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വാര്‍ത്തയിലെ ഒരു വാചകം എം.ടി. ശ്രദ്ധിച്ചു. അത് ഇങ്ങനെയായിരുന്നു:  ‘‘...  തന്റെ ഒരു നോവല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അടുത്തുതന്നെ നേരില്‍ കാണാമെന്നും കാണിച്ച് നന്തനാര്‍ എഴുതിയ കത്ത് പാലക്കാട്ടെ അദ്ദേഹത്തിന്റെ സ്നേഹിതനായ ശത്രുഘ്‌നന് ബുധനാഴ്ചയാണ്​ കിട്ടിയത്. ഈ സ്നേഹിതനെ കാണാന്‍ പാലക്കാട്ടേക്കു പോവുകയാണെന്നു ഭാര്യയോടു പറഞ്ഞാണേത്ര നന്തനാര്‍ അവസാനമായി വീട്ടില്‍നിന്ന് ഇറങ്ങിയത്.’’

നന്തനാരുടെ അവസാനത്തെ നോവല്‍ ആഴ്ചപ്പതിപ്പില്‍ത്തന്നെ പ്രസിദ്ധീകരിക്കണമെന്ന് എം.ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ആഴ്ചപ്പതിപ്പും നന്തനാരും തമ്മില്‍ അത്രയും ദീര്‍ഘവും ആഴത്തിലുള്ളതുമായ ഒരു ബന്ധമാണ്​നിലനിന്നിരുന്നത്. വാര്‍ത്തയില്‍ സൂചിപ്പിച്ച ശത്രുഘ്‌നന്റെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.  ‘വഴികള്‍ നിറങ്ങള്‍' എന്ന പേരിലുള്ള ചെറുകഥയാണ് ശത്രുഘ്‌നന്റെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആദ്യ കഥ (1971 ഏപ്രില്‍ 25). നന്തനാരുടെ അവസാനത്തെ നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ താന്‍ നിമിത്തമായ കഥ ശത്രുഘ്‌നന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘... പഴയ ഒരു കാര്യമാണ് എനിക്ക് ഓര്‍മ വരുന്നത്. ഞാനന്ന് എഫ്.എ.സി.ടിയുടെ പാലക്കാട് ഓഫീസിലാണ്. നന്തനാര്‍ മരിച്ച കാലം. ഒരുദിവസം മാതൃഭൂമിയുടെ പാലക്കാട് ഓഫീസിലേക്ക് കെ.പി. മോഹനന് ഒരു സന്ദേശം വരുന്നു.  ‘നന്തനാരുടെ ഒരു നോവലുണ്ട് എന്നു കേള്‍ക്കുന്നു. ഗോവിന്ദന്‍കുട്ടിയോട് (ശത്രുഘ്‌നന്‍) ചോദിച്ചാല്‍ അറിയാം. അതു മാതൃഭൂമിക്ക് വേണം.'

ALSO READ

‘ദേവലോക'ത്തിനുവേണ്ടി മമ്മൂട്ടി കൊണ്ട വെയിലുകള്‍, എഴുപതിലും കൊള്ളുന്ന വെയിലുകള്‍

ആ നോവലിനെക്കുറിച്ച് എനിക്കറിയാമായിരുന്നു. എഴുതിക്കൊണ്ടിരുന്ന കാലത്ത് കുറെ അദ്ധ്യായങ്ങള്‍ എനിക്കു വായിക്കാന്‍ തന്നിട്ടും ഉണ്ടായിരുന്നു പി.സി. (നന്തനാരെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. പി.സി. ഗോപാലന്‍ എന്ന പേരിന്റെ ചുരുക്കം. നന്തനാര്‍ എന്നെ ജി.കെ. എന്നും വിളിച്ചു). തന്റെ കുട്ടിക്കാലത്തെ ചില സംഭവങ്ങള്‍ നന്തനാര്‍ ആ നോവലില്‍ എഴുതിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതു മാതൃഭൂമിയില്‍ വന്നാല്‍ തന്റെ ബന്ധുക്കളില്‍ ചിലര്‍ അതു വായിക്കുകയും കഥാപാത്രങ്ങള്‍ തങ്ങളാണെന്നു കരുതി പരിഭവിക്കുകയും ചെയ്‌തേക്കും എന്നു ഭയന്നു നന്തനാര്‍. ഞാന്‍ ഒന്നു സംശയിച്ചു. ‘നന്തനാര്‍ക്ക് നല്ലത് ഇതു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നതാണ്,' എം.ടി. മോഹനനോടു പറഞ്ഞു. പിന്നെ, ബാക്കിയൊക്കെ സ്വന്തം ഇഷ്ടം എന്ന മട്ടില്‍ മിണ്ടാതെ ഇരിക്കുകയും ചെയ്തു.

എന്താണു നല്ലതെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ടും ഞാന്‍ ആ നോവലും കൊണ്ട് കോഴിക്കോട്ടേക്കു പോയി.  ‘അനുഭവങ്ങള്‍ അനുഭൂതികള്‍' എന്നാണ് നന്തനാര്‍ ആ നോവലിനു കൊടുത്ത പേര്. അനുഭൂതികളുടെ ലോകം എന്ന പേരില്‍ നന്തനാരുടേതായി മറ്റൊരു നോവലും ഉണ്ടല്ലോ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരസ്യം വന്നപ്പോള്‍  ‘അനുഭവങ്ങള്‍' എന്നു മാത്രമായി പേര്  ചുരുക്കി. ഞാന്‍ ഭയന്നു. നന്തനാര്‍ പരിഭ്രമിച്ചത് ഓര്‍ക്കുകയും ചെയ്തു. കോഴിക്കോട്ടേക്ക് വിളിച്ചപ്പോള്‍ എം.ടി. സ്ഥലത്തുണ്ടായിരുന്നില്ല. പേര് വെട്ടിച്ചെറുതാക്കിയത് എം.ടി. തന്നെയാണെന്ന് വി.ആര്‍. ഗോവിന്ദനുണ്ണി പറഞ്ഞു. എനിക്കു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല. ഭയം മാത്രം ബാക്കി. ഇത് ആത്മകഥയുടെ ഭാഗമെന്ന് ആരെങ്കിലും കരുതുമോ എന്ന ഭയം.
ഒരു കുഴപ്പവുമുണ്ടായില്ല. എം.ടിയുടെ അന്നത്തെ പ്രവചനം ശരിയാവുകയും ചെയ്തു. ആ നോവലിന്റെ അടിസ്ഥാനത്തില്‍ ഒരു സിനിമയും പിന്നീടുണ്ടായി. ആത്മകഥാപരമായ സിനിമതന്നെ.' ('സംസ്കാരത്തിന്റെ വാതിലുകള്‍' എന്ന ലേഖനത്തില്‍ ശത്രുഘ്‌നന്‍).

1974 ജൂണ്‍ 23 മുതല്‍ക്കാണ് അനുഭവങ്ങള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. മികച്ച സൃഷ്ടികള്‍ ആരുടെയെങ്കിലും കൈവശമുണ്ടെന്നറിഞ്ഞാല്‍ അത് ഏതുവിധേനയും സംഘടിപ്പിച്ച് ആഴ്ചപ്പതിപ്പിന്റെ വായനക്കാരിലെത്തിക്കണമെന്ന നിര്‍ബ്ബന്ധബുദ്ധി എം.ടിക്കുണ്ടായിരുന്നു.

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 86 ൽ പ്രസിദ്ധീകരിച്ച ലേഖനം

  • Tags
  • #M. T. Vasudevan Nair
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 1_3.jpg

Memoir

വി.എം.ദേവദാസ്

എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

Mar 22, 2023

3 Minutes Read

vishnu-prasad

Literature

വി.അബ്ദുള്‍ ലത്തീഫ്

കവി വിഷ്ണു പ്രസാദിനെക്കുറിച്ച്, കവിതയിലെ ഒരു പ്രതിസന്ധിയെക്കുറിച്ച്

Mar 19, 2023

6 Minutes Read

nirmalyam

Dalit Perspective

മണി നരണിപ്പുഴ

ദേവിയുടെ മുഖത്ത്​ തുപ്പിയിട്ടും ‘നിര്‍മാല്യം’ എന്തുകൊണ്ട് കല്ലെറിയപ്പെട്ടില്ല?

Mar 02, 2023

3 minutes read

charithram-adhrisyamakkiya-murivukal-book

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തെ പൂർത്തിയാക്കുന്ന വേദനകൾ

Feb 28, 2023

5 Minutes Read

Jaipur literature Festival

Literature

വി.കെ. ബാബു

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

Jan 28, 2023

8 minutes read

emithyias

Literature

രാധിക പദ്​മാവതി

ബ്രോണ്ടി സഹോദരിമാരും ഗിരീഷ് പുത്തഞ്ചേരിയും

Jan 19, 2023

8 minutes read

ea salim

Truecopy Webzine

ഇ.എ. സലീം

മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

Jan 12, 2023

9 Minutes Watch

daivakkaru

Novel

വി. കെ. അനില്‍കുമാര്‍

പൊന്നനും അഴകനും 

Jan 10, 2023

10 Minutes Read

Next Article

അപർണക്ക്​ ഗുരുതര ആരോഗ്യപ്രശ്​നം, വിദ്യാർഥികൾക്ക്​​ ഇപ്പോഴും ലഹരി മാഫിയ ഭീഷണി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster