എന്റെ മാര്‍ക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകര്‍ത്തുകളഞ്ഞത്, അപനിര്‍മ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കില്‍ പറയാം. ഞാന്‍ ഹാരിസില്‍ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു.
9 Oct 2022, 11:35 AM
എനിക്ക് നല്ല അങ്കലാപ്പുണ്ട്, അത് രണ്ടുമൂന്നു കാര്യങ്ങള്‍ കൊണ്ടാണ്.
ഈ തലക്കെട്ട് എനിക്ക് ബാധ്യതയാകുന്ന എല്ലാ ലക്ഷണങ്ങളും ആദ്യമേ തോന്നിയിരുന്നു. ആ തലക്കെട്ടിലേക്ക് ഞാന്‍ വരാം.
രണ്ട്, വിശിഷ്ടാതിഥിയായാണ് ഡോ. ഉമ്മര്‍ തറമ്മേല്‍ എന്നെ വിശേഷിപ്പിച്ചത്. അതിഥി / ആതിഥേയന്‍ എന്നത് ഹാരിസിന് പ്രിയപ്പെട്ട, ദെറീദയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ദ്വന്ദ്വമാണ്. ദെറീദ പറയുന്നത്, ഭാവിയുടെ രാഷ്ട്രീയം ഹോസ്പിറ്റാലിറ്റിയില്‍ അധിഷ്ഠിതമാണെന്നുള്ളതാണ്. അതിഥിയോട് നമ്മള്‍ കാണിക്കുന്ന തുറന്ന ജനാധിപത്യ മര്യാദകളില്‍ അധിഷ്ഠിതമാണ് ഭാവിയുടെ രാഷ്ട്രീയമെന്ന് അദ്ദേഹം പറയുന്നു. ‘പൊളിറ്റിക്സ് ഓഫ് ഫ്രണ്ട്ഷിപ്പ്' എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. നിങ്ങളെപ്പോഴും ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന അതിഥികള്‍ക്കുവേണ്ടി തയ്യാറെടുത്തു നില്‍ക്കുക എന്നാണദ്ദേഹം പറയുന്നത്.
കാലേക്കൂട്ടി കമ്പിയടിച്ച് വരുന്നവരല്ല ആ അതിഥികള്‍. പെട്ടെന്ന് നിങ്ങളുടെ വാതില്‍പ്പടിയില്‍ ഒരു അപരന്‍ പ്രത്യക്ഷപ്പെടുന്നു, ഒരു അന്യം പ്രത്യക്ഷപ്പെടുന്നു. ആ അന്യത്തെ ഉപാധികളില്ലാത്ത സൗഹാര്‍ദ്ദത്തോടുകൂടി നിങ്ങള്‍ നിങ്ങളുടെ വീടിനകത്തേക്ക് ക്ഷണിച്ചുകയറ്റുകയാണ്. അവിടെയാണ് ഭാവിയുടെ രാഷ്ട്രീയം തുടങ്ങുന്നത് എന്നാണ് ദെറീദ പറയുന്നത്. പക്ഷേ, അവിടെ ഒന്നുകൂടി ദെറീദ പറയുന്നുണ്ട്; നിങ്ങള്‍ ഒരു ചെറിയ വാതില്‍ പണിതുവെച്ചിട്ട്, അതാണ് തുറന്നിടുന്നതെങ്കില്‍, അതൊഴിച്ച് മറ്റുള്ളതെല്ലാം കൊട്ടിയടച്ചിരിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആതിഥ്യം വളരെ പരമിതമാണ്. അപരിമേയമായ ഹോസ്പിറ്റാലിറ്റിയില്‍ സംഭവിക്കുന്നത്, അതിഥിയും ആതിഥേയനും തമ്മിലുള്ള വിപരീതത അപനിര്‍മ്മിക്കപ്പെടുന്നു എന്നതാണ്. നമുക്ക് അറിയാന്‍ പറ്റില്ല, ആരാണ് അതിഥി, ആരാണ് ആതിഥേയന്‍. കാരണം അതിനപ്പുറം പോകുന്ന ഒരു കടന്നുവരവും, സ്വാഗതം ചെയ്യപ്പെടലുമാണ് അവിടെ സംഭവിക്കുന്നത്.

നമ്മള്‍ അന്യരുടെ വാക്കുകള്‍ സംഗീതം പോലെ ശ്രവിക്കണമെന്നാണ് പറയുന്നത്. എത്ര ശ്രമിച്ചാലും മോഹന്‍ ഭാഗവതിനെ അങ്ങനെ കേള്‍ക്കാന്‍ പറ്റില്ല എന്നുള്ളത് മാറ്റിവെച്ചുകൊണ്ട്, നമ്മളതിനെ വളരെ മെറ്റഫോറിക്കലായിട്ട് കാണുകയാണെങ്കില്‍, അത്തരം ഒരു സംഗീതത്തെക്കുറിച്ചാണ് ഭാവിയുടെ രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ദെറീദ ചിന്തിച്ചത്, ഹാരിസ് ചിന്തിച്ചത്.
എന്നെ അതിഥിയായി മാറ്റുക വഴി ഒരു അന്യവത്കരണം സംഭവിച്ചിട്ടുണ്ടെങ്കില്‍പ്പോലും, ഉപാധികളില്ലാത്ത ആതിഥ്യസ്നേഹത്തില്‍ ഞാന്‍ നിങ്ങളില്‍ ഒരാളായി മാറിയിരിക്കുന്നു. അപരിമേയമായ സൗഹൃദത്തിന്റെ അത്തരമൊരു മാന്ത്രികത, എന്റെ ജീവിതത്തില്‍, പലപ്പോഴും സാധ്യമാക്കിയത് ഹാരിസ് എന്ന പേരാണ്.
എന്റെ അടുത്ത ബാധ്യത, മുനീര്‍ സാഹിബ് പറഞ്ഞ ഫിലോസഫിയാണ്. ഹാരിസ് ഏറ്റവും കൂടുതല്‍ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഒരു വാക്ക് ഫിലോസഫി ആയിരുന്നു. കാരണം, അധികാരത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങളില്‍ ഒന്നായി എന്നും ഫിലോസഫിയെ കണ്ടവരാണ് ഹാരിസിനെപ്പോലുള്ളവര്‍. തത്വദര്‍ശനം നിങ്ങളെ എന്താണ് സത്യമെന്ന് പഠിപ്പിക്കുകയാണ്. എന്താണ് സത്യമെന്ന് പഠിപ്പിക്കുന്നതിനെയെല്ലാം സംശയത്തോടെ കാണണമെന്നാണ് ഞങ്ങള്‍ പഠിച്ചിരിക്കുന്നത്. അപ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹാരിസിനെ അനുസ്മരിച്ചുകൊണ്ടൊരു പ്രഭാഷണം നടത്തുമ്പോള്‍ തീര്‍ച്ചയായും ഓര്‍മകള്‍ വളരെ പ്രധാനമാണ്. ഡോ. ഉമ്മര്‍ പറഞ്ഞത്, 2000ത്തില്‍ അദ്ദേഹം സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എത്തിയെന്നാണ്. ഞാന്‍ 89- 90 കാലയളവില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ എംഫില്‍ ആദ്യ ബാച്ചില്‍ പെടുന്നയാളാണ്. 89നുമുമ്പ് ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഹാരിസിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലും, ബ്രിട്ടിഷ് കൗണ്‍സില്‍ ലൈബ്രറിയിലുമൊക്കെ. അവിടെ ഞാനൊരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, പുസ്തകം വായിക്കാന്‍ പോകുമ്പോള്‍, അന്ന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ഹാരിസിനെ ആകസ്മികമായി അവിടങ്ങളില്‍ കാണുകയും, ഏതാനും വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പിന്നീട് ഞാന്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ബാച്ചിലെ എംഫില്‍ വിദ്യാര്‍ത്ഥിയായി വരുമ്പോള്‍, അന്നവിടെ നിയമനങ്ങളെല്ലാം മരവിക്കപ്പെട്ട് നില്‍ക്കുന്ന അവസ്ഥയായിരുന്നു. ബാലേട്ടനും (പി. ബാലചന്ദ്രന്‍), ഡോ. കുര്യാസ് കുമ്പളക്കുഴിയും മാത്രമാണ് അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നത്. ഡോ. നരേന്ദ്രപ്രസാദ് ആയിരുന്നു ഡയറക്ടര്‍. ഡോ. അനന്തമൂര്‍ത്തിയുടെ ഒരു വിഷന്‍ ആയിരുന്നു സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്. അവിടുത്തെ അന്നത്തെ പാഠ്യപദ്ധതി വിപ്ലവകരമായ സംഗതിയായിരുന്നു. പുതിയ ചിന്തകളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഒന്ന്- ദെറീദ, ലകാന്‍, ഫൂക്കോ, ലെവിസ്ട്രോസ്... ഇങ്ങനെയുള്ള പേരുകളെല്ലാം.
ഇവരെയാരെയും നിസ്സാരമായി ആര്‍ക്കും വായിക്കാന്‍ പറ്റുന്നതല്ല, വലിയ ബുദ്ധിമുട്ടുള്ള പരിപാടിയാണിത്.

അന്ന് ഹാരിസ് അവിടെ നിയമിതനാണ്, പക്ഷേ അദ്ദേഹത്തിന് കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് ചാര്‍ജെടുക്കാനാകുന്നില്ല. ആ ഒരു അവസ്ഥയില്‍ അനന്തമൂര്‍ത്തി സാറും, പ്രൊഫസര്‍ നരേന്ദ്രപ്രസാദും ചേര്‍ന്ന് ഹാരിസിനോട് പറഞ്ഞു, ഒരല്‍പം നിയമലംഘനം നടത്തി, ഗസ്റ്റ് ലക്ചററായി, അതിഥിയായി, വരാന്‍. അങ്ങനെ ഗസ്റ്റ് ആയിട്ടാണ് ഹാരിസ് വരുന്നത്. നോക്കൂ, എത്ര വിചിത്രവും നിഗൂഢവുമായാണ് അതിഥി എന്ന പ്രരൂപം ആവര്‍ത്തിക്കപ്പെടുന്നതെന്ന്!
എനിക്കിപ്പോഴും ഓര്‍മയുണ്ട്, പന്ത്രണ്ട് ദിവസം, പന്ത്രണ്ട് സെഷനുകളാണ് ഹാരിസിന്റേതായി ഉണ്ടായിരുന്നത്. ഞങ്ങള്‍ ആറ് വിദ്യാര്‍ത്ഥികളും, ആറ് അദ്ധ്യാപകരും അടങ്ങുന്ന പന്ത്രണ്ട് പേരാണ് ആ ബാച്ചിലുണ്ടായിരുന്നത്. ആറ് ഇംഗ്ലീഷ്, ആറ് മലയാളം. ഇംഗ്ലീഷില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍, മൂന്ന് അദ്ധ്യാപകര്‍. മലയാളത്തിലും അതുപോലെ. വിദ്യാര്‍ത്ഥികളില്‍ അന്‍വര്‍ അലിയുണ്ട്, മ്യൂസ് മേരി ജോര്‍ജുണ്ട്, പ്രസിദ്ധ പരിഭാഷകനായ എ. ജെ. തോമസുണ്ട്, ഞാനുണ്ട്, ഇപ്പോള്‍ അദ്ധ്യാപികയായ റീനയുണ്ട്, പിന്നീട് അദ്ധ്യാപികയും, എന്റെ ഭാര്യയുമായിത്തീര്‍ന്ന രാജേശ്വരിയുണ്ട്. ഞങ്ങള്‍ ഒരു ചെറിയ കമ്യൂണിറ്റിയാണ്. അവിടേക്കാണ് ഹാരിസ് വരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ പൊതുധാരണകളെ തകിടം മറിക്കുകയാണ് ഹാരിസ് ചെയ്തത്. എന്നെ അത് വ്യക്തിപരമായി, ഭയങ്കരമായി ഡിസ്റ്റര്‍ബ് ചെയ്തിട്ടുണ്ട്.
എന്നെ ആകെ ഉലച്ചുകളഞ്ഞ പന്ത്രണ്ട് ദിവസങ്ങളായിരുന്നു അത്. കാരണം, എന്റെ അന്നുവരെയുള്ള ഇന്റലക്ച്വല്‍ ട്രെയ്നിങ്ങ് എന്നുപറയുന്നത്, കൃത്യമായ ഒരു മാര്‍ക്സിസ്റ്റ് ക്രിട്ടിക്കല്‍ ട്രഡീഷനിലാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. അതിന് നേരെ വിപരീതമായി, അത്തരം ഡയലക്ടിക്കല്‍ സിന്തസിസുകളെ ആഴത്തില്‍ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളാണ് ഹാരിസ് ചോദിച്ചത്. ഹാരിസ് വരുന്നതിന് മുമ്പൊക്കെ പോസ്റ്റ് മോഡേണിസം, പോസ്റ്റ് സ്ട്രക്ചറലിസം എന്നിവയെക്കുറിച്ചൊക്കെ ഞാന്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആഴത്തില്‍ മനസ്സിലാക്കുന്നതിനു മുമ്പ് ശത്രുതാ സ്ഥാനത്തേക്ക് ചിലരെ പ്രതിഷ്ഠിക്കുക എന്ന യാഥാസ്ഥിതിക ഇടതുപക്ഷ ശീലം അന്നെനിക്കുണ്ടായിരുന്നു. ഒരു ഫ്രോയ്ഡിയന്‍ സിറ്റുവേഷനാണത്. കാരണമറിയാതെ, ശത്രുതാ സ്ഥാനത്ത് നിര്‍ത്തുക. കാരണമറിയുമ്പോള്‍ ആ ശത്രുത പോകും. അതിനെയാണല്ലൊ ഫ്രോയ്ഡിയന്‍ ക്യൂര്‍ എന്നുപറയുന്നത്. കാരണമറിയുന്നതോടുകൂടി നിങ്ങളുടെ രോഗം നിങ്ങളെ വിട്ടുപോകുമെന്നാണ് പറയുന്നത്.

എന്റെ മാര്‍ക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകര്‍ത്തുകളഞ്ഞത്, അപനിര്‍മ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കില്‍ പറയാം. ഹാരിസ് സുഹൃത്തായിരുന്നു, ഫിലോസഫിയെ സംശയിക്കാന്‍ എന്നെ പ്രാപ്തനാക്കിയ ഫിലോസഫറായിരുന്നു, സംവാദകനായിരുന്നു. അയാള്‍ തിയേറ്റര്‍ ആക്ടിവിസ്റ്റായിരുന്നു, പരിഭാഷകനായിരുന്നു. പക്ഷേ ഹാരിസ് എന്തായിരുന്നാലും, ഞാന്‍ ഹാരിസില്‍ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു. അദ്ധ്യാപകനെന്ന ഭാരിച്ച കര്‍തൃത്വത്തെ, അധികാര സ്വരൂപത്തെ, അപനിര്‍മിച്ച്, പല കഷ്ണങ്ങളായി ചിന്നിച്ചിതറിച്ച്, വ്യത്യസ്ത വ്യവഹാരങ്ങളിലേക്ക് വിതരണം ചെയ്ത്, പലയിടങ്ങളില്‍ പലരായി ജീവിച്ച ഒരു ബഹുസ്വരതയുടെ പേരാണ് വി. സി. ഹാരിസ്. അദ്ധ്യാപകന്റെ അപനിര്‍മാണമായിരുന്നു ഹാരിസ്.
ഹാരിസ് ഞങ്ങളോട് പറഞ്ഞ ആദ്യത്തെ കാര്യം, ഒരു കൃതി വായിച്ചുകൊണ്ട്, നിയതമായ ഒരു അര്‍ത്ഥത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങളുടെ വായന ഒരു അന്ധവായനയാണ് എന്നാണ്. ഒരു പാഠത്തിലൂടെ നിങ്ങള്‍ നിയതമായ അര്‍ത്ഥം ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍, ആ അര്‍ത്ഥത്തെ നിങ്ങള്‍ ക്ലെയിം ചെയ്യുന്നുണ്ടെങ്കില്‍, ആ അര്‍ത്ഥത്തിന്റെ അധികാരത്തില്‍ നിങ്ങള്‍ അഭിരമിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു, നിങ്ങള്‍ ഒരു അന്ധവായന നടത്തിയിരിക്കുന്നു. ഇത് വിദ്യാര്‍ത്ഥികളോട് മാത്രമല്ല, വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അദ്ധ്യാപകരോടുകൂടിയാണ് പറയുന്നതെന്ന് ആലോചിക്കണം. നിയതാര്‍ത്ഥം എഴുതിയില്ലെങ്കില്‍ അപ്പോള്‍ വെട്ടിക്കളയും, ഉത്തരക്കടലാസില്‍. അങ്ങനെയുള്ള ആളുകളാണ് അവിടെ ഇരിക്കുന്നത്. അപ്പോള്‍ അതില്‍ ഒരു അദ്ധ്യാപകന്‍ ചോദിച്ചു: ‘സാര്‍ ഈ പറയുന്നത് ശരിയല്ല, ഞാന്‍ രാവിലെ ഇങ്ങോട്ടുവന്നത് ഏറ്റുമാനൂരില്‍ നിന്നാണ്. ഒരു ബസ് അതിരമ്പുഴയിലേക്ക് പോകുന്നു, ഞാന്‍ ബോര്‍ഡ് വായിച്ചു, അതില്‍ കയറി, കൃത്യമായിട്ട് ഇവിടെ ഇറങ്ങി. നിയതാര്‍ത്ഥമുണ്ടോ ഇല്ലയോ?'
ഇതിനെ എങ്ങനെയാണ് ഹാരിസ് എന്ന അദ്ധ്യാപകന്‍ നേരിടുന്നത് എന്ന ആകാംഷയോടെ ഞാന്‍ നിന്നപ്പോള്‍, വളരെ നിസ്സാരമായി ഹാരിസ് അദ്ദേഹത്തോട് ചോദിച്ചത്, ‘അതിനിപ്പോ എന്താ' എന്നാണ്.
ഇത് ഹാരിസിന്റെ ഒരു അടിസ്ഥാന ടൂളാണെന്ന് ഞാന്‍ പറയും. ഏത് സംവാദത്തിലും ഹാരിസ് ഉപയോഗിക്കുന്ന ടൂളാണ് ‘അതിനിപ്പോ എന്താ'. നമ്മളൊരു വലിയ കാര്യം അവതരിപ്പിച്ച് നിക്കുമ്പോള്‍, നമ്മളോട് ഒരാള്‍ ‘അതിനിപ്പോ എന്താ’ന്ന് ചോദിച്ചാല്‍, അതിന് ഉത്തരം പറയാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മള്‍ അവതരിപ്പിച്ചതിനെ കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്. വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടതുണ്ട്. ‘അതിനിപ്പോ എന്താ’ന്ന് ഈ അദ്ധ്യാപകനോട് ചോദിച്ചപ്പോള്‍ അദ്ദേഹം കൂടുതല്‍ വിശദീകരണങ്ങളിലേക്ക് പോയപ്പോള്‍, ഹാരിസ് അദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങള്‍ ഒരു ബസ് പിടിക്കുന്നു, ഇവിടെ വരുന്നു, ഈ ബസ് ഇവിടെ എത്താതിരിക്കാനുള്ള എന്തെങ്കിലും സാധ്യതകളെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?'
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഒരു ബ്രേക്ക് ഡൗണ്‍ വന്നാല്‍ ആ ബസ് എത്തില്ല.'
അര്‍ത്ഥത്തിലേക്കുള്ള സഞ്ചാരമധ്യേ ഒരു ബ്രേക്ക് ഡൗണ്‍ നമുക്ക് സംഭവിക്കാം. രണ്ടാമത്, ബസിന്റെ സഞ്ചാരപഥത്തില്‍ എവിടെയെങ്കിലും ‘ഈ വഴി തിരിഞ്ഞു പോവുക' എന്ന് ചിഹ്നമിട്ട ഒരു ബോര്‍ഡ് കണ്ടാല്‍, ബസ് ആ വഴിയേ തിരിഞ്ഞുപോകും. ബസിന്റെ ബോര്‍ഡ് മാറ്റമില്ലാതെ അവിടെത്തന്നെ ഇരിക്കും. ബോര്‍ഡ് അതിരമ്പുഴ എന്ന ലക്ഷ്യസ്ഥാനത്തെ സൂചിപ്പിക്കുമ്പോള്‍, ബസ് ചിലപ്പോള്‍ വേറെ വഴിയായിരിക്കും പോകുന്നത്. വഴിയില്‍ ആകസ്മികമായി കാണുന്ന, ആരുടേതെന്നറിയാത്ത ‘ Take Diversion' എന്ന എഴുത്തിനെ, നമ്മള്‍ ശിരസ്സാല്‍ വഹിക്കുന്നത്, അത് അധികാരത്തിന്റെ ശാസനമായതുകൊണ്ടാണ്. അത് എഴുതിയത് ആരാണെന്നൊന്നും നമുക്ക് പ്രശ്നമല്ല. പക്ഷേ അതൊരു ഉത്തരവാണ്. അധികാരം ഏതുനിമിഷവും വായനയില്‍ ഇടപെടാം, വഴിതിരിച്ചുവിടാം. ബസ് യാത്രയെന്ന ഒരു മെറ്റഫറാണ് വായനയെ ഇപ്രകാരം പ്രശ്നവത്കരിക്കുവാന്‍ ഹാരിസ് ഉപയോഗിച്ചത്.

ഹാരിസും ഞാനും തമ്മിലുള്ള ദീര്‍ഘമായ ബന്ധത്തിനകത്ത് എല്ലാമുണ്ടെന്ന് ഞാന്‍ കരുതുന്നു- ഐക്യദാര്‍ഢ്യമുണ്ട്, വിയോജിപ്പുണ്ട്, സ്നേഹമുണ്ട്, അകല്‍ച്ചയുണ്ട്. ഇപ്പോഴും, ഹാരിസ് എന്ന ഭൂതാത്മകതയില്‍ നിന്ന് വേറിട്ട ഒരു ശബ്ദമായി എന്നെപ്പോലൊരാള്‍ക്ക് നില്‍ക്കാന്‍ കഴിയും എന്ന മിഥ്യാധാരണ എനിക്കില്ല. അതാണ് ഹാരിസ് എന്ന അദ്ധ്യാപകന്‍ എന്നോടുമാത്രമല്ല, അയാളുടെ മുന്നില്‍ വന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളോടും ചെയ്തത് എന്നുഞാന്‍ വിശ്വസിക്കുന്നു.
‘നവസിദ്ധാന്തങ്ങളെ’ന്ന പേരില്‍ ഡി. സി. ബുക്സിനുവേണ്ടി, ഞാനും ഹാരിസും എഡിറ്റ് ചെയ്ത ഒരു പുസ്തക പരമ്പര വന്നിട്ടുണ്ട്. ഓരോ വിഷയത്തിലും ആ വിഷയത്തില്‍ പ്രാവീണ്യമുള്ള ആള്‍ ഒരു പുസ്തകമെഴുതുക. ടി. വി. മധു, വി. സി. ശ്രീജന്‍, സി. ജെ. ജോര്‍ജ്ജ്, ദേവിക, സി. ബി. സുധാകരന്‍, ബിജു സി. പി., പി.പി. രവീന്ദ്രന്‍, ദിലീപ്രാജ്, അങ്ങനെ ഒരുപാടാളുകള്‍ അതിനകത്ത് സഹകരിച്ചിട്ടുണ്ട്. അതില്‍ അവശ്യം വരേണ്ട ഒരു പുസ്തകം മാത്രം വന്നിട്ടില്ല. അത് സിഗ്‌നിഫിക്കൻറായ സംഗതിയാണ്. അത് അപനിര്‍മ്മാണത്തെക്കുറിച്ചുള്ള പുസ്തകമാണ്. അത് തീര്‍ച്ചയായും എഴുതേണ്ടത് ഹാരിസാണ്. പക്ഷേ ഹാരിസ് എന്നോടുപറഞ്ഞു, ‘എനിക്ക് അത് എഴുതാന്‍ ഇപ്പോള്‍ പറ്റുന്നില്ല' എന്ന്.
അദ്ദേഹം അന്ന് വ്യക്തിപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ‘അത് ഉണ്ണി എഴുതിയാല്‍ മതി'യെന്ന് എന്നോട് പറഞ്ഞു. പക്ഷേ ഞാനും ഹാരിസും കൂടി വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് ആ പുസ്തകം എഴുതാന്‍ കഴിയുമായിരുന്നില്ല. അത് ഒരു ഈഡിപ്പല്‍ അവസ്ഥയായിട്ടാണ് എനിക്ക് തോന്നുന്നത്. വലിയ രീതിയില്‍ ശക്തനായ പിതൃബിംബം ഇങ്ങനെ നില്‍ക്കുമ്പോള്‍, ഡീകണ്‍സ്ട്രക്ഷനിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ പിതൃബിംബം നില്‍ക്കുമ്പോള്‍, ആ പിതാവിന്റെ അനുവാദം ഉണ്ടെങ്കിലും, ‘പിതാവിന്റെ നിയമ'ത്തെ വയലേറ്റ് ചെയ്ത് എഴുതാന്‍ എനിക്ക് എന്തുകൊണ്ടോ സാധിച്ചില്ല. അതുകൊണ്ട് ആ പുസ്തകം വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ കൊറോണക്കാലത്ത്, തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ ഫിലോസഫി ഡിപ്പാര്‍ട്ട്മെൻറ് ഒരു പ്രഭാഷണ പരമ്പര നടത്തിയപ്പോള്‍, ദിലീപ് രാജ് എന്നോട് വിളിച്ചുപറഞ്ഞു, ‘നിങ്ങളിങ്ങനെ സിനിമയുമായി നടന്നാല്‍ മതിയോ, നിങ്ങള്‍ അപനിര്‍മ്മാണത്തെക്കുറിച്ച് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഒരു ലക്ചര്‍ ചെയ്യണം' എന്ന്. അങ്ങനെ ഞാന്‍ രണ്ടുദിവസം ഡീകണ്‍സ്ട്രക്ഷനെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ എനിക്കുതോന്നി, ആ പുസ്തകമങ്ങോട്ട് എഴുതിയാലോ എന്ന്. അങ്ങനെ ഞാന്‍ ആ പുസ്തകത്തിന്റെ എഴുത്ത് തുടങ്ങി. ആ എഴുത്തില്‍, ഹാരിസിന്റെ അസാന്നിദ്ധ്യ സാന്നിദ്ധ്യമുണ്ട് എന്നുഞാന്‍ കരുതുന്നു. ആ എഴുത്തില്‍ ഞാന്‍ എന്‍ഗേജ് ചെയ്യുന്ന ചിലതിനെ ഇനി സ്പര്‍ശിച്ചു പോവാം എന്നു കരുതുന്നു.
ഒരു പില്‍ക്കാല ദെറീദയുണ്ട്, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ചില സങ്കല്‍പ്പനങ്ങളുണ്ട്. ഇവയെ സങ്കല്‍പ്പനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് നിശ്ചയമായും ദെരിദയ്ക്ക് പഥ്യമാവില്ല. അതില്‍ പ്രധാനമാണ് സ്പെക്ട്രാലിറ്റി. ഞാനതിനെ ഭൂതാത്മകത എന്ന് പരിഭാഷപ്പെടുത്തുമ്പോള്‍ ഹാരിസ് അതിനെ ഭൂതായ്മ എന്നാണ് പരിഭാഷപ്പെടുത്തിയിരുന്നത്. ഗിഫ്റ്റ്, റെസ്പോണ്‍സിബിലിറ്റി, ടച്ച് (സ്പര്‍ശം) ഇതെല്ലാം പില്‍ക്കാല ദെറീദയ്ക്ക് വളരെ ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. സമീപ കാലത്ത് അന്തരിച്ച പ്രസിദ്ധ ചിന്തകനായ ഴാങ് ലൂക് നാന്‍സിയുടെ എഴുത്തിനോട് കമ്യൂണിക്കേറ്റ് ചെയ്ത് ദെറീദ എഴുതിയതാണ് ‘ഓണ്‍ ടച്ചിങ്- ഴാന്‍ ലൂക് നാന്‍സി’ എന്ന പുസ്തകം. അത്, ‘തൊടലി'നെക്കുറിച്ചാണ്. ഴാന്‍ ലൂക് നാന്‍സി അതിനോട് റെസ്പോണ്ട് ചെയ്തിട്ടുണ്ട്, അത് ‘ടച്ച് മീ നോട്ട്’ എന്നാണ്. ഇത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ കാര്യമാണ്, ‘ഡോണ്ട് ടച്ച് മീ’ എന്ന്. ജീവിച്ചിരുന്നപ്പോള്‍ സ്പര്‍ശമായിരുന്നു ക്രൈസ്റ്റിന്റെ ഏറ്റവും പ്രധാന ആക്ടിവിറ്റി. പക്ഷേ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ക്രൈസ്റ്റ് പറഞ്ഞു, ‘ഡോണ്ട് ടച്ച് മീ’ എന്ന്. എന്തുകൊണ്ട്? ആ ചോദ്യത്തിന്റെ ആഴത്തിലുള്ള ഒരു എക്സ്പ്ലൊറേഷന്‍ ഈ രണ്ട് ചിന്തകരിലും വായിച്ചെടുക്കാം. ദെരിദയുടെ പുസ്തകത്തില്‍ വരാനിരിക്കുന്ന ജനാധിപത്യം എന്നതിനെക്കുറിച്ച് ഒരു ഭാഗം തന്നെയുണ്ട്, ‘ഡെമോക്രസി ടു കം’ എന്നതാണ് ദെറീദയുടെ പ്രയോഗം.

മരിച്ചവനെ/ മരിച്ചവളെ ഓര്‍ക്കുക എന്നത് ക്ലേശകരമാണ്. നമ്മളിതുപോലെ ഒരു ഹാള്‍ എടുക്കണം, അനുസ്മരണ തിയതി ഫിക്സ് ചെയ്യണം, കുറേപ്പേര്‍ വരണം, മരിച്ചയാളുടെ രചനകള്‍ സമാഹരിക്കണം, പബ്ലിഷ് ചെയ്യണം. മരിച്ചയാളുടെ ഓര്‍മ നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതിലൂടെ നമ്മള്‍ പറയുന്നത്, മരിച്ചവരെ ഓര്‍ക്കുക അത്രയെളുപ്പമുള്ള കാര്യമല്ല, അതിനായി ക്ലേശിക്കണം എന്നാണ്. ഓര്‍മിക്കുക എന്നാല്‍ മറവിയെ ചെറുക്കലാണ്. ഓര്‍മകളില്‍ എപ്പോഴും മറവിയുടെ മായ്ക്കലുണ്ട്. മറവിയാല്‍ മറയ്ക്കപ്പെടാത്ത ഓര്‍മകളുണ്ടോ? പൂര്‍ണസാന്നിദ്ധ്യമായി നമുക്ക് വീണ്ടെടുക്കാന്‍ കഴിയുന്ന ഭൂതമുണ്ടോ? എഴുതുക എന്നാല്‍ മരിക്കുക എന്നാണെന്നും, എഴുത്തിന്റെ വായനയെന്നാല്‍ മരിച്ചയാള്‍ പ്രേതരൂപിയായി വായനയില്‍ സന്നിവേശിച്ച്, ജീവിച്ചിരുന്നപ്പോള്‍ പകല്‍ വെളിച്ചത്തില്‍ പറയാത്ത ചിലത്, പറയാന്‍ സാധ്യമല്ലാത്ത ചിലത് നമ്മളോട് പറയുന്നതാണെന്നും ഹാരിസ് പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. എഴുതിക്കഴിഞ്ഞാല്‍ നിങ്ങള്‍ മരിച്ചിരിക്കുന്നു, പിന്നെ എഴുത്താണുള്ളത്. എഴുത്തുകാരന്റെ പ്രേതസാന്നിദ്ധ്യമാണ് നിങ്ങളോട് പകല്‍ വെളിച്ചത്തില്‍ പറയാത്ത കാര്യങ്ങള്‍ രഹസ്യമായി പറയുന്നത്. അങ്ങനെയാണെങ്കില്‍ വായിക്കുന്നവരൊക്കെ ഭൂതാവിഷ്ടരാണെന്ന് പറയണം
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 60 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read