കൊച്ചിൻ ഹനീഫ, മമ്മൂട്ടി, തോമസ് ഐസക്ക് ; സൈമൺ ബ്രിട്ടോയുടെ ക്യാംപസ് കാലം

Truecopy Webzine

കൊച്ചിൻ ഹനീഫ കാമ്പസിലെ മിമിക്രി താരം കൂടിയായിരുന്നു. കെ. എസ്. യുവിന്റെ സമരങ്ങൾ കലക്കാൻ പോകുമ്പോൾ കെ. എസ്. യുക്കാർതന്നെ നമുക്കൊപ്പം കൂടും. തന്മയത്വത്തോടെ ആര് അലമ്പിയാലും എല്ലാരും കൂടെക്കൂടും. എല്ലാം നിഷേധാത്മകമായി ചെയ്യുക എന്നതായിരുന്നു ശൈലി. ആൽബട്സ് കോളജിൽ ചൊവ്വേ നേരെ ഒന്നും നടക്കാറൊന്നുമില്ല. ഹനീഫ അപ്പൊഴേക്കും തുറമുഖം എന്ന സിനിമയിൽ അഭിനയിച്ചുകഴിഞ്ഞിരുന്നു.

അലമ്പെല്ലാം നടന്നെങ്കിലും എല്ലാവരും നന്നായി പഠിച്ചു. അന്നെനിക്ക്. ലാബുണ്ട്. കൂട്ടത്തിൽ ഒരു മാഷ് എനിക്ക് ലാബ് ബുക്ക് നോക്കിത്തരുന്നില്ല, ഞാൻ മറ്റൊരു മാഷെപ്പിടിച്ചു. ഒരാൾ റെക്കോർഡ് നോക്കിത്തരില്ലെന്ന് വാശി. അങ്ങനെ പലരുടെ കാലും പിടിച്ചാണ് കടന്നുകിട്ടിയത്. ലാബിൽ ഞാനങ്ങനെ കയറിയില്ലെങ്കിലും നോൺ ടിച്ചേഴ്സ് സ്റ്റാഫുമായി നല്ല ബന്ധമുണ്ടായിരുന്നതുകൊണ്ട് ആ സഹായം കിട്ടി. അവരാണെന്നെ സോൾട്ട് അനാലിസിസൊക്കെ പഠിപ്പിച്ചുതന്നത്. വെറും മണിക്കൂറുകൾ കൊണ്ട്.

പക്ഷെ, എന്നെ പഠിപ്പിച്ച മാഷന്മാരൊന്നും മോശമായിരുന്നില്ല. എങ്കിലും സൗഹൃദം ഇവരൊക്കെയായിട്ടായിരുന്നു. ഞാനവിടെച്ചെല്ലുമ്പോൾ ശ്രീനിവാസൻ സാറായിരുന്നു ഫിസിക്സിന്. എന്റെ റെക്കോർഡ് ബുക്ക് ഒപ്പിടീക്കാൻ മാഷിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിൽച്ചെന്നു. താൻ കോളജിൽച്ചേർന്നപ്പോൾത്തന്നെ ഒപ്പിടാൻ ഇവിടെവരുമെന്ന് എനിക്കറിയാമായിരുന്നുവെന്ന് പറഞ്ഞ് യാത്രയാക്കി. കണക്ക് പഠിപ്പിക്കാൻ റാഫേലച്ചനുണ്ടായിരുന്നു. 'ഐ നോ ഹിയർ ടു ഓർ മോർ ഹു ഹാവ് ട്യൂഷൻസ്. ദേ ഹാവ് മണി, അൺലെസ് യു ആർ സിറ്റിംഗ് ഇൻ ദ ക്ലാസ്, ഐ വിൽ നോട്ട് ടേക് ദ ക്ലാസ്'- പിള്ളാര് ഉഴപ്പിനടക്കുമ്പോൾ അച്ചൻ ഇതുമാത്രം പറഞ്ഞു. കോഴപ്പണം കൊടുത്ത് അധ്യാപകരാവുന്ന കാലമല്ലാത്തതുകൊണ്ടുള്ള അധ്യാപകരെല്ലാം നന്നായി പഠിപ്പിച്ചു.

അന്ന് മഹാരാജാസ് കാമ്പസിൽ പാല ജോണിന്റെ ഗുണ്ടായിസം നടക്കുന്ന കാലമാണ്. ഒരു കാലഘട്ടത്തിൽ പാല ജോണിന് ഞാൻ എസ്. എഫ്. ഐ ആണെന്നറിയില്ല. എ.കെ. രാജന്റെ സുഹൃത്തായിട്ടാണ് പുള്ളി എന്നെയറിഞ്ഞത്. ഐസക്കാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ പലതും തന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും സാഹിത്യത്തെയും പറ്റി ആഴത്തിൽ പഠിച്ചു. മൗറിസ് കോൺഫോർത്തിന്റെ പുസ്തകം, എം. പി. പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം, സ്റ്റാലിന്റെ പുസ്തകങ്ങൾ, അങ്ങനെ വായനയുടെ ലോകം വികസിച്ചു. ആർ.എസ്.എസ്, നക്സലൈറ്റുകൾ, ലിബറേഷൻ തിയോളജിയുടെ വക്താക്കൾ- ചുറ്റും തീക്ഷ്ണമായ ഒരു രാഷ്ട്രീയാന്തരീക്ഷമായിരുന്നു. അന്ന് മമ്മൂട്ടി കോളജിലവതരിപ്പിച്ച നാടകം ഞാൻ കണ്ടിട്ടുണ്ട്. ലോ കോളജിൽ പഠിച്ച മമ്മൂട്ടിയുടെ നാടകത്തിന് രണ്ടാം സ്ഥാനവും യു. സി. കോളജിലെ ചുവന്ന കുട്ടി എന്ന നാടകത്തിന് ഒന്നാം സമ്മാനവും കിട്ടി. പോഞ്ഞിക്കരയിൽ വച്ച് മമ്മൂട്ടിയുടെ മിമിക്രിയും കണ്ടിട്ടുണ്ട്. അത് പി. ജെ. ആന്റണിയുടെയും എൻ. എൻ. പിള്ളയുടേയുമൊക്കെ കാലമാണ്. അടിയന്തരാവസ്ഥക്കെതിരെ പി. ജെ. ആന്റണി ഒരു നാടകവുമായിറങ്ങി. അന്ന് മഹാരാജാസിൽ പഠിക്കുന്ന ആന്റണിയുടെ മകനെ എനിക്ക് പരിയചയമുണ്ട്. പുള്ളിയുടെ മകൾ ലോ കോളജിൽ എന്റെ ജൂനിയറുമായിരുന്നു. മകൻ ഇലക്ഷന് മത്സരിച്ചാൽ കത്തിക്കു കുത്തുമെന്ന് കെ.എസ്.യുക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ, അത് ചെയ്തിട്ട് വന്നാൽ മതിയെന്നുപറഞ്ഞ് തിരിച്ചയച്ച ആളാണ് പി. ജെ. ആന്റണി.

അടിയന്തരാവസ്ഥ കഴിഞ്ഞ എൺപതുകളിലാണ്, ഞാൻ എസ്. എഫ്. ഐയിൽ പ്രവർത്തിക്കുമ്പോൾ നേര്യമംഗലത്ത് ഒരു വിദ്യാർത്ഥിയെ മാത്തൻ എന്നൊരാൾ കുത്തിക്കൊന്നു. ഞങ്ങൾ പഠിപ്പുമുടക്കി സമരം ചെയ്തു. കൊന്നതിന് ആരും സാക്ഷി പറഞ്ഞില്ല. വ്യക്തിയും പ്രസ്ഥാനങ്ങളും മാറി. ധാർമികമൂല്യം വളർത്തേണ്ടത് മതങ്ങളാണ്, വിദ്യാഭ്യാസമല്ല. ഇന്ന് കേരളത്തിന് ആ ധാർമികത പൂർണമായും നഷ്ടപ്പെടുന്നു. അപ്പോഴും ഇന്ത്യയിൽത്തന്നെ ഏറ്റവും കടബാധ്യതയുള്ള സമൂഹവുമാണിത്. വായ്പയും ജപ്തിയും നിത്യസംഭവങ്ങളായ നാട്.

അടിയന്തരാവസ്ഥ കഴിഞ്ഞ് സ്റ്റഡി സർക്കിൾ പ്രവർത്തനമാരംഭിച്ചു. അന്ന് കണയന്നൂർ താലൂക്ക് ജോയന്റ്? സെക്രട്ടറിയായിരുന്നു ഞാൻ. പ്രീ ഡിഗ്രിക്കാലം തൊട്ടാരംഭിച്ച ഗ്രന്ഥശാലാസംഘവുമായുള്ള ബന്ധവും സജീവമായി തുടർന്നു. പ്രതിലോമശക്തികൾക്കെതിരെയുള്ള ഏറ്റുമുട്ടൽ എന്ന്, എങ്ങനെ എന്നു ചിന്തിച്ചായിരുന്നു ഞങ്ങളുടെ നടപ്പ്. സി. പി. ജീവനുമായാണ് എനിക്കേറ്റവുമടുപ്പം.

തോമസ് ഐസക്കും സി. പി. ജീവനും മഹാരാജാസിലുണ്ട്. ഐസക്കിന്റേത് അന്ന് വല്ലാത്തൊരു കഥയായിരുന്നു. അയാളെപ്പൊഴും സംശയത്തിന്റെ നിഴലിലായിരുന്നു. അയാൾ നക്‌സലൈറ്റൊന്നുമായിരുന്നില്ല. ധാരാളം വായിക്കും. ഞങ്ങളെയൊക്കെ വായനയുടെ തീവ്രതയെന്തെന്ന് ബോധ്യപ്പെടുത്തിയത് ഐസക്കാണ്. എന്നെയും ചന്ദ്രചൂഡനെയും കൊണ്ട് കോട്ടപ്പുറത്തെ അമ്മവീട്ടിലേക്ക് ഐസക്ക് പോകും. കോട്ടപ്പുറത്തെ സ്വന്തം തൊണ്ട് കമ്പനിയിൽ തൊഴിലാളികളെ സംഘടിപ്പിച്ച ചരിത്രമുണ്ടയാൾക്ക്. അവിടെത്താമസിച്ചാൽ നല്ല ഭക്ഷണം കിട്ടും. പകൽ മുഴുവൻ വായിക്കും, വൈകുന്നേരം ഒരു നടപ്പുണ്ട്, എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചുകൊണ്ട്. ഐസക്കിനൊപ്പം എപ്പൊഴും പൊലീസ് നടക്കുന്ന കാലമാണ്.

പൂർണ്ണ രൂപം വായിക്കാം
മമ്മൂട്ടിയുടെ നാടകം, കൊച്ചിൻ ഹനീഫയുടെ മിമിക്രി, പിന്നെ ബൊളീവിയൻ ഡയറിയും(വ്യക്തി ജീവിതം കാലം - സൈമൺ ബ്രിട്ടോ റോഡ്രിക്സ്ജീവിതം പറയുന്നു- 2 )

Comments