കൊറോണക്കാലം മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മില്‍ വൈരുധ്യത്തിന്റേതായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടോ? മനുഷ്യരെല്ലാം വീടിനകത്ത് ചടഞ്ഞിരിക്കുമ്പോള്‍ മുത്തങ്ങയിലെ റോഡുകളിലൂടെ പകലും നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടവും, ഗോവയിലെ കടപ്പുറത്ത് തുള്ളിച്ചാടുന്ന മാന്‍കുട്ടിയും എല്ലാം സ്വന്തം ഇടം തിരികെ കിട്ടിയ സന്തോഷത്തിലാണ്. എന്തുകൊണ്ടാണ് ഈ വൈരുധ്യം?
13 Apr 2020, 04:08 PM
കോവിഡ് എന്ന മഹാമാരിക്കുമുമ്പില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുന്നു. മനുഷ്യനിര്‍മിത വേര്‍തിരിവുകളെയെല്ലാം അസ്ഥാനത്താക്കി, കൊറോണ ബാധിതരും അല്ലാത്തവരുമായി മനുഷ്യരാശി രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഒരുവശത്ത് മനുഷ്യവംശം ഒന്നാകെ കൊറോണ വൈറസിനെ തുരത്താന്‍ പാടുപെടുമ്പോള്‍ മറുവശത്ത് പ്രകൃതി ഒന്നാകെ... നദികള്‍, വന്യജീവികള്‍, പക്ഷിമൃഗാദികള്‍ എല്ലാം... അവരുടെ നഷ്ടപ്പെട്ട ഇടങ്ങള്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. മനുഷ്യരെല്ലാം പുറത്തിറങ്ങാനാവാതെ വീടിനകത്ത് ചടഞ്ഞിരിക്കുമ്പോള്‍ മുത്തങ്ങയിലെ റോഡുകളിലൂടെ പകലും നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടവും, ഗോവയിലെ കടപ്പുറത്ത് തുള്ളിച്ചാടുന്ന മാന്‍കുട്ടിയും എല്ലാം സ്വന്തം ഇടം തിരികെ കിട്ടിയ സന്തോഷത്തിലാണ്.
എന്തുകൊണ്ടാണ് ഈ വൈരുധ്യം? ഇതിന് ഉത്തരം തേടുമ്പോള്‍ നാം ജന്തുജന്യരോഗങ്ങളുടെ സവിശേഷതകളെക്കുറിച്ചുകൂടി അറിയണം. 150ല്‍പരം രോഗങ്ങളാണ് മുഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് (ജന്തുജന്യരോഗങ്ങള്‍ - zoonotic diseases) പകരുന്നതായി കണ്ടെത്തിയിട്ടുള്ളത്. പ്രത്യേകതകളുള്ള ഒരു ജന്തുജന്യരോഗമാണ് കോവിഡ്. കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നതിന്റെ ഒരു കാരണം, മനുഷ്യരുടെ വിമാനയാത്രയാണ്. മനുഷ്യനില്‍നിന്ന് കടുവയിലേക്ക് കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിശോധനയിലൂടെ തീര്‍ച്ചപ്പെടുത്തേണ്ടതാണ്. എന്നാല്‍, ബുബോണിക് പ്ലേഗ് (Bubonic Plague) വിവിധ തരത്തിലുള്ള ഫ്ളൂ (Flu) രോഗങ്ങള്‍ എന്നിവ പെട്ടെന്ന് പടര്‍ന്നത് വായുവിലൂടെയാണ്. ഇത്തരം അസുഖങ്ങള്‍ ഭാവിയില്‍ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് പക്ഷിപ്പനി.
ഇതെല്ലാം വിരല്‍ചൂണ്ടുന്നത് മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള ബന്ധത്തിലെ സമഗ്രപഠനത്തിന്റെ ആവശ്യകതയിലേക്കാണ്.
ഈ സാഹചര്യത്തില്‍ പൊതുവായി കാണുന്ന ഒരു കാര്യം, മനുഷ്യനും സൂക്ഷ്മാണുക്കളും തമ്മിലുള്ള പരസ്പര മത്സരവും ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള ശ്രമവും വലിയ നാശത്തിലാണ് കലാശിക്കാറ് എന്നതാണ്. പക്ഷേ അവസാനം ഇവ തമ്മില്‍ സന്തുലിതാവസ്ഥയില്‍ എത്തുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുക എന്നതാണ് പ്രകൃതിനിയമം. കൊറോണയുടെ കാര്യത്തിലും നമുക്കത് പ്രതീക്ഷിക്കാം. ഭൂമിയില്‍ സൂക്ഷ്മാണുക്കളും ജീവജാലങ്ങളും തമ്മില്‍ സഹവര്‍ത്തിത്വം (Co-existance) ആണ് ഉള്ളത്. സാധാരണ, പകര്‍ച്ചവ്യാധികള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്കും നേരിട്ടോ രോഗാണുവാഹകര്‍ വഴിയോ, ഭക്ഷണത്തിലൂടെയോ ആണ് പകരുക. 60 ശതമാനത്തിലധികം രോഗങ്ങള്‍ ജന്തുവര്‍ഗങ്ങളില്‍ നിന്നാണ് പകരുന്നത്. ഈ അസുഖങ്ങളില്‍ 75 ശതമാനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പക്ഷിപ്പനി, കുരങ്ങുപനി, എലിപ്പനി, ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ, പേവിഷബാധ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
പുതിയ രോഗങ്ങള്‍ക്കൊപ്പം, തുടച്ചുനീക്കപ്പെട്ട രോഗങ്ങളുടെ തിരിച്ചുവരവും ഈ കാലഘട്ടത്തില്‍ കാണുന്ന പ്രത്യേകതയാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള ബന്ധത്തിലെ സമഗ്രപഠനത്തിന്റെ ആവശ്യകതയിലേക്കാണ്.
മാംസഭുക്കായ കേരളം
പൊതുവേ നോക്കിയാല്‍ കേരളം പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തമല്ല. നിപയും കുരങ്ങുപനിയും നമ്മുടെ നാട്ടിലാണ് ഉദയം ചെയ്തത്. കുരങ്ങുപനി കര്‍ണാടകവും തമിഴ്നാടും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന വനാതിര്‍ത്തിയിലാണെന്നു മാത്രം. ചില സന്ദര്‍ഭങ്ങളില്‍ ജൈവവൈവിധ്യങ്ങള്‍ തന്നെ തിരിച്ചടിയായേക്കാന്‍ സാധ്യതയുണ്ട്. വനമേഖലയുടെ തുണ്ടുവല്‍ക്കരണവും നിര്‍മാണപ്രവര്‍ത്തനങ്ങളും കാട്ടുതീയും ഇതിന് ഉദാഹരണമാണ്. ഒരു ജീവിക്ക് ആരോഗ്യമുള്ള കാലത്ത്, ആ ജീവിയുടെ ശരീരത്തിലുള്ള സൂക്ഷ്മാണുക്കള്‍ വഴി രോഗം വരാന്‍ സാധ്യതയില്ല. വവ്വാലുകളുടെ ശരീരത്തില്‍ വളരെയധികം സൂക്ഷമാണുക്കള്‍, പ്രത്യേകിച്ച് വൈറസുകള്‍ അധിവസിക്കുന്നു. വവ്വാലുകള്‍ സാധാരണ ഉയരമുള്ള മരങ്ങളിലാണ് ജീവിക്കുന്നത്. അവയ്ക്ക് നേരിട്ട് മരത്തില്‍നിന്ന് പറന്നുയരാന്‍ സാധ്യമല്ല. താഴോട്ട് വീഴുന്നതോടെയാണ് അവക്ക് പറക്കാന്‍ സാധിക്കുന്നത്. ഉയരമുള്ള മരങ്ങളുടെ എണ്ണം കുറയുമ്പോള്‍ ഇവയുടെ ആവാസവ്യവസ്ഥയില്‍ മാറ്റം വരുന്നു, അതായത്, ഇവ താരതമ്യേന ഉയരംകുറഞ്ഞ മരങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അപ്പോള്‍, ഇവയ്ക്കിടയില്‍ ഭക്ഷണത്തിനും താമസസ്ഥലത്തിനും മത്സരമുണ്ടാകും. ഇത് ഇവയുടെ ജൈവഘടനയില്‍ മാറ്റമുണ്ടാക്കും. താരതമ്യേന ആരോഗ്യം ക്ഷയിച്ചവയില്‍ നിന്ന് രോഗാണുക്കള്‍ രക്ഷപ്പെട്ട് രോഗം പടര്‍ത്താന്‍ തുടങ്ങുന്നു. വവ്വാലിന്റെ ഉയര്‍ന്ന ശരീരഊഷമാവിലാണ് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നത്, മാത്രമല്ല, പറക്കാന്‍ വേണ്ട ഉര്‍ജ്ജത്തിന് വവ്വാലുകളുടെ ധാരാളം കോശങ്ങളില്‍ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇതുമൂലം, വവ്വാലുകളിലെ രോഗാണുക്കള്‍ക്ക് മനുഷ്യശരീരത്തിലെ ഉയര്‍ന്ന താപനിലയില്‍ പോലും അതിജീവിക്കാന്‍ സാധിക്കും.
ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇത്തരം ജീവികളുടെ ജീവിതസാഹചര്യം ഒരിക്കലും വെല്ലുവിളികള്‍ക്ക് വിധേയമായിക്കൂടാ എന്നാണ്. രോഗം നേരിടാന്‍ ചെയ്യാവുന്ന കാര്യം, മനുഷ്യശരീരത്തിലെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ്.
90 ശതമാനത്തിലധികം പേരും മാംസഭുക്കുകളായ കേരളത്തിലെ സാഹചര്യം എടുത്തുപറയേണ്ടതാണ്. മറ്റൊരു പ്രധാന കാര്യം, കാലാവസ്ഥ വ്യതിയാനംമൂലം മൃഗസംരക്ഷണ മേഖലയില്‍ ഭാവിയിലുണ്ടാകാനിടയുള്ള തിരിച്ചടി നേരിടുന്നതിന് ഒരു നയത്തിന്റെ അനിവാര്യതയാണ്. ഇതിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകട്ടെ ഈ കൊറോണക്കാലം.
വേണം, മൃഗങ്ങളോട് ഒരു കരുതല്‍
ലോക്ഡൗണ്‍ കാലത്ത് തെരുവിലെ മൃഗങ്ങളെ കൂടി സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കൂടെക്കൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിലേക്ക് വീണ്ടും വരാം. 'തെരുവില്‍ ഭക്ഷണമില്ലെങ്കില്‍ തെരുവുനായയും ഇല്ല' എന്ന എന്റെ നിരീക്ഷണങ്ങള്‍ ഊട്ടി ഉറപ്പിക്കുകയാണ് ലോക്ഡൗണ്‍ കാലത്തെ കേരളത്തിലെ തെരുവുകള്‍. 'വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന മലയാളിയുടെ സ്ഥിരം രീതിക്ക് ചെറുതായെങ്കിലും നിയന്ത്രണം വന്നു എന്നത് തെരുവില്‍ മാലിന്യം കുറയുന്നതിന് കാരണമായിട്ടുണ്ട്. പൊതുവെ തെരുവിലെ ഭക്ഷണം മാത്രം ആശ്രയിച്ച് ജീവിക്കുന്ന തെരുവുനായകള്‍ക്ക് അവിടെ ഭക്ഷണം കണ്ടെത്താനാവാത്ത അവസ്ഥ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

മനുഷ്യന്‍ ഇണക്കി വളര്‍ത്തിയ ആദ്യമൃഗമാണ് നായ. പ്രാചീനകാലം മുതല്‍ മനുഷ്യരുമായി ആശ്രിത ജീവിതം നയിക്കുന്ന നായ്ക്കള്‍ മനുഷ്യനുമായി ഒരുതരം 'അണ്‍ കണ്ടീഷണല്‍ ലൗ' എന്ന നിരുപാധിക സ്‌നേഹത്തിലായിരുന്നു. നായ്ക്കള്‍ ഒരിക്കലും തെരുവിലായിരുന്നില്ല, മനുഷ്യനൊപ്പമായിരുന്നു. നായയുമായി മനുഷ്യര്‍ക്കുള്ള ബന്ധത്തിന്റെ സ്വഭാവമനുസരിച്ച് നായ്ക്കളെ നാലായി തരംതിരിക്കാം. ഇത്തരം തരംതിരിവുകള്‍ മൃഗക്ഷേമ ബോര്‍ഡുകളും അംഗീകരിച്ചിട്ടുണ്ട്.
1. ഉടമസ്ഥന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ളവ (Restricted Pet Dogs): വീടുകളില്‍ വളര്‍ത്തുന്ന ഇവ, ഉടമസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് വളരുക. മുഴുവനായും ഉടമസ്ഥനെ
ആശ്രയിച്ച് കഴിയുന്ന ഇവയുടെ എല്ലാകാര്യങ്ങളും ഉടമസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും. ഇവയുടെ സഞ്ചാരം പോലും നിയന്ത്രണവിധേയമാണ്.
2. വീട്ടുനായ്ക്കള്‍ (Family Dogs): ഉടമസ്ഥരുള്ളതും എന്നാല്‍ പൂര്‍ണസമയം കൂട്ടിലിട്ട് വളര്‍ത്താത്തതുമായ നായകള്‍. ഇവ ഉടമസ്ഥനെ ആശ്രയിക്കുന്നവ ആണെങ്കിലും ഭാഗികനിയന്ത്രണം മാത്രമാണ് ഉടമസ്ഥനുള്ളത്. തൊട്ടടുത്ത വീടുകളില്‍ പോയി ഭക്ഷണം കഴിക്കുകയും അതിനുശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി ഉടമസ്ഥന് വിധേയരായിരിക്കുകയും ചെയ്യും. കോളനികളിലെ നായ്ക്കള്‍ ഇതിനുദാഹരണമാണ്.
3. പൊതുഇടത്തിലെ നായ്ക്കള്‍ (Community Dogs): നിയന്ത്രണമില്ലാത്തതും പൊതുസ്ഥലങ്ങളില്‍ കാണുകയും ചെയ്യുന്ന നായകള്‍.
ഇവ ഭാഗികമായി മാത്രമേ മനുഷ്യനെ ആശ്രയിക്കുന്നുള്ളൂ. സഞ്ചാരനിയന്ത്രണമില്ല. അയല്‍ക്കൂട്ടങ്ങളിലെ ജനങ്ങളുടെ അംഗീകാരമുള്ള ഇവ പൊതുസ്ഥലങ്ങളിലോ വീടുകളിലോ താമസസൗകര്യം തേടുന്നു. കൂടാതെ, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി പരിസരം, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലും.
4. തെരുവുനായകള്‍ (Stray Dogs - Ferrals): മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ലാത്തവയും അത് ആഗ്രഹിക്കാത്തവയുമാണ് ഇവ. ഇത്തരം നായകള്‍ പകല്‍ കുറ്റിക്കാടുകളും ഒഴിഞ്ഞ ഇടങ്ങളും ആശ്രയകേന്ദ്രമാക്കുകയും രാത്രി തെരുവിലിറങ്ങുകയും ചെയ്യുന്നു. ഇവ യഥാര്‍ത്ഥത്തില്‍ മനുഷ്യനാല്‍ ഉപേക്ഷിക്കപ്പെട്ട നായക്കുട്ടികളില്‍ നിന്നുണ്ടായവയോ ഉടമസ്ഥനെ നഷ്ടപ്പെട്ടതോ തെരുവില്‍ വളര്‍ന്നവയോ ആകാം. ഏറ്റവും അപകടകാരികളാണ് ഈ ഗണത്തില്‍ പെട്ടവ.
ആക്രമണകാരികളായ നായകളുടെ കൗതുകകരമായ പ്രജനനകേന്ദ്രമാണ് നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകളുടെയും ആര്‍.ടി. ഓഫീസുകളുടെയും പരിസരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍. ഇവിടം താവളമാക്കി പെറ്റുപെരുകുന്ന നായ്ക്കള്‍ രാത്രി പുറത്തിറങ്ങിവരികയും തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ വംശവര്‍ദ്ധനവ് തടയുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കേണ്ടതാണ്. ഇവ മനുഷ്യരുമായി യാതൊരു ബന്ധമില്ലാത്തവയും രാത്രി കൂട്ടംകൂടി തെരുവുകളില്‍ അലയുന്നവയുമാണ്. ഇവയുടെ ഇണചേരല്‍ ഇതേ സ്വഭാവമുള്ള നായ്ക്കളുമായിട്ടായതിനാല്‍ തലമുറകള്‍ കഴിയുന്തോറും ഇവയുടെ വന്യസ്വഭാവം കൂടിവരാനാണ് സാധ്യത. നമ്മുടെ നാട്ടില്‍ ആക്രമണകാരികളായ നായ്ക്കളെ വന്ധ്യംകരണം നടത്തുന്നവര്‍ അവയെ പിടികൂടുന്നത് പകല്‍സമയത്തുമാണ്. ഈ രണ്ട് തരത്തില്‍പ്പെട്ട നായ്ക്കളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
ഹോട്ടല്‍, ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ കാണപ്പെടുന്ന കമ്യൂണിറ്റി നായ്ക്കള്‍ മറ്റൊന്ന്. രാത്രി വൈകി 10 മണിക്കുശേഷവും രാവിലെ ആറിനുമുമ്പും നിരത്തിലിറങ്ങുന്ന ആക്രമണകാരികള്‍. ഈ കാലയളവില്‍ ഇവക്ക് ഭക്ഷണം നല്‍കി സംരക്ഷിച്ചാല്‍, പിന്നീട് അവയെ ദത്തെടുത്ത് ഇണക്കി വളര്‍ത്താനാവും. വീടുകളിലെ സൗകര്യങ്ങളല്ല, മറിച്ച് നമ്മുടെ മനസ്സില്‍ മറ്റു ജീവികളോടുള്ള സമീപനമാണ് മാറേണ്ടത്.
കൊറോണക്കാലം രാത്രി ഏറെ വൈകി നിരത്തിലിറങ്ങുന്ന അപകടകാരികളായ നായ്ക്കളെ മറ്റു സ്ഥലങ്ങളിലേക്ക് കൂട്ടപലായനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവാം. നഗരത്തില്‍ ഭക്ഷണലഭ്യത കുറയുമ്പോള്‍ ഗ്രാമങ്ങളിലേക്ക് അവ ആവാസ കേന്ദ്രം മാറ്റുന്നു. ഇതുവഴി നാട്ടിന്‍പുറങ്ങളിലെ കന്നുകാലികളേയും മറ്റു ളര്‍ത്തുമൃഗങ്ങളെയും ഉപദ്രവിക്കാന്‍ സാധ്യത ഏറുന്നു.
തൃശുര്‍ കോര്‍പറേഷന്‍, നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളേയും, തെരുവുനായ്ക്കളേയും നല്ല രീതിയിലാണ് ലോക്ഡൗണ്‍ കാലത്ത് പരിപാലിക്കുന്നത്. സമൂഹ അടുക്കളകളിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ കന്നുകാലികള്‍ക്ക് നല്‍കുന്നതുവഴി, സാധാരണ ദിവസങ്ങളില്‍ പച്ചക്കറിചന്തയില്‍ നിന്ന് തീറ്റ തേടിക്കൊണ്ടിരുന്ന അവയുടെ ഭക്ഷണരീതി അതേപടി നിലനിര്‍ത്തുന്നു എന്നത് എടുത്തു പറയണം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണക്കാലം കഴിഞ്ഞാലും ജനം ആവശ്യത്തിനുമാത്രം ഭക്ഷണം ഉപയോഗിക്കുക എന്ന നില തുടര്‍ന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യപ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. ഈ നിയന്ത്രണകാലം അതിലേക്കുകൂടിയുള്ള ചൂണ്ടുപലകയാണ്.
കേരള വെറ്റനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ആണ് ലേഖകന്‍
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
അജയൻ കൂടൽ
18 Apr 2020, 07:10 PM
എന്നും മൃഗക്ഷേമത്തിനായി