ഓര്‍മവാതിലിനപ്പുറത്തു
നിന്ന് ഉമ്മ ചോദിക്കുന്നു
'ഇജ് ആര്‌ടെ കുട്ടിയാ ...'
ഓര്‍മവാതിലിനപ്പുറത്തു നിന്ന് ഉമ്മ ചോദിക്കുന്നു 'ഇജ് ആര്‌ടെ കുട്ടിയാ ...'
31 Jan 2021, 02:35 PM
ഇത് എന്റെ ഉമ്മ. ഉമ്മാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "പത്ത് മക്കളെ പെറ്റ പാപി'. ഈ ഉമ്മാന്റെ എട്ടാമത്തെ മോനാണ് ഞാന്‍. എന്റെ അന്തം വിട്ട വായന കണ്ട് എനിക്ക് വായിച്ച് വട്ടാവുമെന്ന് ആദ്യം പ്രവചിച്ചത് ഉമ്മയാണ്. ഉമ്മാന്റെ ഭാഷയില്‍ "ഓതി മറിയുക'. അങ്ങനെ ഓതി മറിഞ്ഞപ്പോള്‍ എനിക്കായി ഏറ്റവും കൂടുതല്‍ വേദനിച്ചതും ചേര്‍ത്തു പിടിച്ചതും ഈ ഉമ്മ തന്നെയാണ്.
മറ്റുള്ളവരുടെ അമ്മമാര്‍ക്ക് വന്നാല്‍ അത് ചന്നിയും സ്വന്തം അമ്മയ്ക്ക് വന്നാല്‍ ഓര്‍മ്മ തെറ്റുമായി മാറുന്ന ദുരവസ്ഥയിലാണ് എന്റെ ഉമ്മ ഇപ്പോള്‍ ജീവിക്കുന്നത്. ഉമ്മാക്ക് എഴുതാനും വായിക്കാനും അറിയില്ല. അറിഞ്ഞാല്‍ പോലും ഇപ്പൊ ഉമ്മാന്റെ മുമ്പില്‍ നിവര്‍ത്തി വെച്ച, എന്റെ വികലാക്ഷരങ്ങളുടെ പുസ്തകം എന്താണെന്നോ ആര് എഴുതിയതാണെന്നോ ഉമ്മാക്ക് മനസിലാക്കാന്‍ കഴിയില്ല.
ഒറ്റയടിക്കല്ല ഉമ്മ ഈ മറവി പുറ്റിലേക്ക് നൂണ്ട് പോയത്. മെല്ലെ മെല്ലെ ഉമ്മാന്റെ ഓര്‍മ്മകളുടെ വാതിലുകള്‍ അടയുകയായിരുന്നു. ആ അടയലിന്റെ നിസ്സഹായതയില്‍ ഉപ്പാന്റെ മരണം പോലും ഓര്‍മ്മയില്ലാതെ, ഉപ്പാക്ക് ചോറ് കൊടുത്തോന്ന് ഇപ്പഴും ഈ ആറു വര്‍ഷങ്ങള്‍ക്കു ശേഷവും ഉമ്മ ചോദിച്ചു കൊണ്ടേയിരിക്കുന്നു.
അഞ്ച് മിനിട്ടിനുള്ളില്‍ "ഇജ് ആര്‌ടെ കുട്ടിയാ ...' എന്ന് ഉമ്മ എന്നോട് ആറ് വട്ടം ചോദിക്കും. ഉമ്മാന്റെ എട്ടാമത്തെ സന്തതിയെന്ന് ഞാന്‍ മറുപടിയും പറയും. പിന്നെയും ഉമ്മ ചോദിക്കും. "അല്ലാ ... ഇജ്ജ് ഈ കുടീത്തെ കുട്ടിയാ ...? '
ഭൂമിയില്‍ ഒരു അമ്മയ്ക്കും മകനും ഈ ദുരവസ്ഥ വരാതിരിക്കട്ടെ.
ഓര്‍മ്മയുടെ വാതിലുകള്‍ അടയുന്നതിനു മുമ്പായിരുന്നെങ്കില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം മനസിലായില്ലെങ്കിലും ഇത് ഞാന്‍ എഴുതിയതാണെന്ന് ഉമ്മാക്ക് മനസിലാവുമായിരുന്നു. എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. ഇക്കാലമത്രയും ചുട്ട് പൊള്ളുന്ന എന്റെ നിറുകയില്‍ ഏറ്റവും സ്‌നേഹത്തോടെ ചുംബിക്കുമായിരുന്നു.
നഷ്ടമായ ആ ചുംബനത്തിലും വലിയ നഷ്ടങ്ങളൊന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷേ അതിന് ഇക്കണ്ട കാലം മുഴുവന്‍ എനിക്ക് ജീവിക്കേണ്ടി വന്നു. ഉമ്മാന്റെ ബന്ധു വീടുകളിലേക്ക് അരയില്‍ തിരുകിയ സഞ്ചിയുമായി ഉമ്മാന്റെയൊപ്പം ഞാന്‍ ഭിക്ഷാടന വിരുന്ന് പോയത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. അവിടുന്ന് കിട്ടിയ രുചിയുള്ള ഭക്ഷണം ഓര്‍ക്കുന്നു. ആ വലിയ വീടുകളിലെ വില കൂടിയ വീട്ടുപകരണങ്ങളില്‍ കൗതുകത്തോടെ തൊട്ട ഞാനെന്ന കുട്ടിയെ ഓര്‍ക്കുന്നു. അവര്‍ സ്‌നേഹദാനമായി തന്ന അരിയും തേങ്ങയും ചുമന്ന് നടന്ന വഴികളെ ഓര്‍ക്കുന്നു.
മക്കളുടെ പാത്രങ്ങളിലേക്ക് ചോറ് വിളമ്പി കാലിയായ ചോറ്റു കലത്തിലേക്ക് വെള്ളമൊഴിച്ച്, മാറി നിന്ന് അത് കുടിച്ച ഈ ഉമ്മാനെ ഞാന്‍ എങ്ങനെയാണ് അടയാളപ്പെടുത്തുക ? മക്കള്‍ക്ക് ഭക്ഷണം തന്നെ തികച്ച് വിളമ്പാനില്ലാത്ത ഒരു അമ്മ തന്റെ സ്‌നേഹം വിളമ്പിയപ്പൊ തനിക്ക് കിട്ടിയത് കുറഞ്ഞു പോയല്ലോ എന്ന് പരിഭവിച്ച ഞാനെന്ന ആ കുട്ടി ഇപ്പോള്‍ ഉള്ളില്‍ നിശബ്ദമായി കരയുകയാണ്. വാക്കുകളിലേക്ക് പകര്‍ത്താനാവാത്ത വേദനയായി ഉമ്മ എന്റെ മുമ്പില്‍ കിടക്കുകയാണ്.
ജീവിതം ഇങ്ങനെയൊക്കെയാണ്. ഒട്ടും കനിവില്ലാതെ അത് നമ്മളെ വേട്ടയാടും. ഓര്‍ത്തെടുക്കേണ്ട കുറേ കാര്യങ്ങള്‍ മാത്രമാണ് ജീവിതമെന്നിരിക്കെ, ഓര്‍മ്മകളുടെ വാതിലുകള്‍ എല്ലാം അടഞ്ഞ് പോയ തലച്ചോറുമായി എന്റെ ഉമ്മ...ഒരു വാക്ക് പോലും ഇനി ഇവിടെ എഴുതാനാവാതെ ഞാനെന്ന മകന്‍.
മുഹമ്മദ് അബ്ബാസിനെകുറിച്ച്, "നരച്ച ലോകത്തിനും തന്റേതല്ലാത്ത ഭാഷയ്ക്കും ഒരു പെയിന്റുപണിക്കാരന്‍ നിറം കൊടുക്കുന്ന വിധം' എന്ന ലേഖനം ട്രൂ കോപ്പി വെബ്സീന്‍ പാക്കറ്റ് 10ല്‍ വായിക്കാം, കേള്‍ക്കാം
Jagandivasan
31 Jan 2021, 10:15 PM
എന്റെ അമ്മ ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ ദിവസവും ചോദിക്കും. നിന്റെ പേരെന്താ?. ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനെ ചൂണ്ടികാണിച്ചു ഇതേതാ ഒരു വയസ്സൻ എപ്പോഴും അവിടെ ഇരിക്കുന്നത്. അയാളോട് പോകാൻ പറ എന്ന് പറയും. മറവി അതിന്റെ മൂർദ്ധാണ്യത്തിൽ എത്തിയപ്പോൾ മുന്നിൽ വെച്ച ഭക്ഷണം എന്താണെന്നു അറിയില്ല. അത് വാരി വായിലിട്ടാൽ ചവക്കാൻ പറയണം. ഇറക്കാൻ പറയണം.8വർഷം അനുഭവിച്ച വിഷമം, സങ്കടം, ദേഷ്യം പങ്കുവെക്കാൻ ആരുമില്ല. ഒരു നോവൽ കൈയിൽ കിട്ടിയാൽ അത് മുഴുവൻ വായിച്ചു തീർത്താലേ കയ്യിൽ നിന്ന് വെക്കുകയുള്ളു.
മൊയ്തീൻ അംഗടിമുഗർ
31 Jan 2021, 09:18 PM
വല്ലാതെ നൊന്തുപോയല്ലോ അബ്ബാസ്.
എസ്. ശാരദക്കുട്ടി
Nov 15, 2020
1 Minutes Read
Raveendran
1 Feb 2021, 12:54 PM
Touching