ഹിന്ദുത്വവാദ, സ്വത്വവാദ,
മതമൗലികവാദ, കമ്യൂണിസ്റ്റ്,
കോണ്‍ഗ്രസ് തെറിപ്പടകള്‍
ഹിന്ദുത്വവാദ, സ്വത്വവാദ, മതമൗലികവാദ, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് തെറിപ്പടകള്‍
പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.
29 Jan 2022, 04:17 PM
ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
അമര്‍ത്യ സെന്‍ തന്റെ "The Argumentative Indian' എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ സംവാദപാരമ്പര്യത്തെക്കുറിച്ച് വിവരിച്ചതിനു ശേഷം, ആ സമ്പന്നമായ സംവാദാത്മകപാരമ്പര്യം ഇന്നും നമ്മുടെ സമകാലിക സാമൂഹ്യജീവിതത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ഒരു ചര്‍ച്ചക്ക് തുടക്കം കുറിയ്ക്കുന്നത്. ജനാധിപത്യത്തെ അദ്ദേഹം പൊതുസമൂഹത്തിന്റെ യുക്തിചിന്തയെന്ന നിലയിലാണ് (Democracy as public reasoning) പരിണഗണിക്കുന്നത്. ജനാധിപത്യം ഒരു തെരഞ്ഞെടുപ്പ് വിഷയമോ ഭൂരിപക്ഷത്തിന്റെ വിഷയമോ പാര്‍ലമെന്ററി വിഷയമോ മാത്രല്ല. മറിച്ച് അത് പൊതുസമൂഹം ഏര്‍പ്പെടുന്ന ഒരു ചിന്തയാണ്. കൂടിയാലോചനയും സംവാദവും ഉള്‍ക്കൊള്ളലുമാണ് അതിന്റെ സ്വഭാവം. ആ അര്‍ത്ഥത്തില്‍ സംവാദം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. അത് നഷ്ടമാകുന്നതോടെ, എതിരഭിപ്രായം പറയുന്നവരെ, വിമര്‍ശനമുന്നയിക്കുന്നവരെ സംഘടിതമായും നിയമപരമായും നേരിടുന്നതോടെ ജനാധിപത്യം അവസാനിക്കുന്നു.
തീര്‍ച്ചയായും ഒരു സംവാദത്തില്‍, തര്‍ക്കികമായി പരാജയപ്പെടുന്നവരുണ്ട്. പരാജയപ്പെടുന്നവര്‍ക്ക് കൈ കൊടുത്തു പിരിയുവാനും പരാജയപ്പെട്ടവര്‍ക്ക് തുടര്‍ന്നും അവരുടെ വാദഗതികളുമായി മുന്നോട്ടു പോകുവാനും ഇടം കൊടുക്കുന്ന സംവിധാനമാണ് ജനാധിപത്യം. അഥവാ അങ്ങനെയുള്ള ഒരു സംവിധാനത്തെ മാത്രമേ ജനാധിപത്യസംവിധാനം എന്ന് വിശേഷിപ്പിക്കാനാകൂ. പൊതുസമൂഹത്തിന്റെ തുറന്നചിന്ത എന്ന നിലയില്‍ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കില്‍ സംവാദത്തിന്റേതായ ഒരന്തീക്ഷം ഉണ്ടായിരിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര - ദേശീയപ്രസ്ഥാന കാലത്ത്, തുറന്ന പൊതുസംവാദങ്ങളായിരുന്നു അതിന്റെ ചലനാത്മകതയുടെ അടിത്തറയായി നിലകൊണ്ടത്. ഈ സംവാദാത്മകതയുടെ ഭാഗമാകാന്‍ തയ്യാറായ എല്ലാ വിഭാഗം മനുഷ്യരെയും ദേശീയ പ്രസ്ഥാനം അക്കാലത്ത് ഉള്‍ക്കൊണ്ടിരുന്നു. ഖിലാഫത്ത്കാരും അംബേദ്കറും സോഷ്യലിസ്റ്റുകളും ഗാന്ധിയന്മാരും അതിന്റെ വേദികള്‍ പങ്കുവെച്ചു. വിഭിന്ന ധ്രുവങ്ങളിലുള്ള നെഹ്‌റുവും ഗാന്ധിയും ബോസും ആ സംവാദാത്മകതയുടെ സാധ്യതകള്‍ വികസിപ്പിച്ചു.
ഈ സംവാദാത്മക ജനാധിപത്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത സായുധവിപ്ലവകാരികളും ഹിന്ദുത്വവാദികളും കമ്യൂണിസ്റ്റ് വിപ്ലവകാരികളും മറ്റു തീവ്രവാദികളും അതില്‍ നിന്ന് പുറത്തു പോവുകയാണുണ്ടായത്. സംവാദാത്മകവും ജനാധിപത്യപരവുമായ ഒരു മാര്‍ഗം ഈ കക്ഷികള്‍ക്കൊന്നും അക്കാലത്ത് സ്വീകാര്യമായിരുന്നില്ല. 1948 ലെ കല്‍ക്കട്ട തീസീസിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങി വന്നതിന്റെ പിന്നാലെ ഭാരതീയ ജനസംഘവും ഫോര്‍വേഡ് ബ്ലോക്കും എല്ലാം ജനാധിപത്യത്തെ ഭാഗികമായി അംഗീകരിച്ചു തുടങ്ങി. അപ്പോഴും ഒരു തരം ജനാധിപത്യവും ഇല്ലാത്ത മിലിട്ടറി സ്വഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചില സ്വയംസേവക സംഘങ്ങള്‍ ജനസംഘം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു സംവാദവും സാധ്യമല്ലാത്ത ഇരുളടഞ്ഞ സംഘ നേതൃത്വമായി മാറ്റിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം അതിനുള്ളില്‍ നിലനിന്നിരുന്ന ജനാധിപത്യ സംവാദത്തിന്റെ ചലനാത്മതയെ നിരന്തരം വിഘ്‌നപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റുകള്‍ നിരവധി വട്ടം പിളര്‍ന്ന് നിരവധി കക്ഷികളായി പരിണമിച്ചത് അതിനുള്ളില്‍ വ്യത്യസ്തകള്‍ക്ക് നിലനില്‍ക്കാന്‍ പഴുതില്ലായിരുന്നു എന്നതുകൊണ്ടാണ്. സംവാദത്തില്‍ തോറ്റവര്‍ക്ക് സമ്പൂര്‍ണ്ണമായി പുറത്തു പോവുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. തോറ്റവര്‍ക്ക് മാന്യതയോടെ ഇരിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ഇടമില്ലായിരുന്നു. തോറ്റവര്‍ ക്രമേണ അരികുവല്‍ക്കരിക്കപ്പെടുകയോ പുറംതള്ളപ്പെടുകയോ ചെയ്തു. അതിലും ഭീകരമായിരുന്നു സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തകര്‍ച്ച. അത് സംവാദമേ ആവശ്യമില്ലാത്ത കുടുംബാധിപത്യമായും അതിനോടുള്ള വിധേയത്വം പുലര്‍ത്തുന്ന അനുചര വൃന്ദത്തിന്റെ കൂടാരമായും അധഃപതിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്ന് സംവാദാത്മകത കൊഴിച്ചു കളയുന്നതില്‍ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വലിയൊരു ജനാധിപത്യ സംസ്‌കാരത്തെയാണ് അവര്‍ കഴുത്തുഞെരിച്ച് കൊന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ ഉള്ളില്‍ നടന്ന സംവാദങ്ങള്‍ അതിന്റെ ഏറ്റവും വലിയ സംവാദപരിസരത്തിലൂടെ കടന്നുപോയത് ഭരണഘടനാ രൂപീകരണ ചര്‍ച്ചയിലാണ്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ മുഹൂര്‍ത്തങ്ങള്‍ക്ക് ഈ ജനത സാക്ഷ്യം വഹിച്ചത് ഭരണഘടനാ ചര്‍ച്ചയിലാവണം. 1950- ല്‍ ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയത് നിരന്തരമായ ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു പ്രകമ്പിത കാലത്തിനുശേഷമാണ്. അതിന്റെ ഗുണഫലമായിട്ടാണ് നമുക്ക് ഒരു വിശേഷപ്പെട്ട ഭരണഘടന ലഭിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കും ഭാഷാ സമൂഹങ്ങള്‍ക്കും അപരവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കീഴാള സമൂഹങ്ങള്‍ക്കും നിയമ വാഴ്ചയുടെ ഭരണഘടനാപരമായ ഉറപ്പുകള്‍ ലഭിച്ചത് അന്നത്തെ സംവാദാത്മക സാഹചര്യങ്ങളുടെ ഗുണഫലമായിട്ടാണ്.
എന്നാല്‍ 1959-ല്‍, തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടു കൊണ്ട് ആരംഭിച്ച കേന്ദ്രീകൃത സര്‍ക്കാര്‍ ഇടപെടല്‍ നമ്മുടെ ജനാധിപത്യ സംവാദങ്ങളുടെ കാലം കഴിഞ്ഞതിന്റെ ആദ്യ സൂചന നല്‍കി. നെഹ്‌റുവിന്റെ കാലം കഴിഞ്ഞതോടെ സംവാദത്മതയുടെ സാഹചര്യം പൂര്‍ണമായി ഇല്ലാതാവുകയും ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യം
കോണ്‍ഗ്രസിന്റെ സംവാദാത്മക പാരമ്പര്യത്തെ മറികടന്ന് സേച്ഛാധിപത്യ കുടുംബാധിപത്യ വ്യവസ്ഥക്ക് അടിത്തറയിടുകയും ചെയ്തു. അതോടെ ഇന്ത്യയില്‍ ജനാധിപത്യം നിരന്തരമായി ഭേദ്യം ചെയ്യപ്പെട്ടു. 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ എല്ലാ വിധ സംവാദ സാധ്യതകളും കൊട്ടിയടയ്ക്കപ്പെട്ടു. 1986 ല്‍ ബാബറി മസ്ജിദ് ഏകപക്ഷീയമായി ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കുകയും 1990 ല്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ മൗനാനുവാദം നല്‍കുകയും ചെയ്തതു വഴി കോണ്‍ഗ്രസ് പ്രസ്ഥാനം സംവാദാത്മക പരിസരത്തു നിന്ന് സമ്പൂര്‍ണ്ണമായി പിന്‍വാങ്ങുകയാന്നുണ്ടായത്. എങ്കിലും പാര്‍ലമെന്റ്, പത്രമാധ്യമങ്ങള്‍, കോടതികള്‍, പൗരാവകാശ പ്രസ്ഥാനങ്ങള്‍, ജനകീയ ചര്‍ച്ചാവേദികള്‍ എന്നിവയെല്ലാം നമ്മുടെ ജനാധിപത്യത്തിനുള്ളിലെ സംവാദപരിസരങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു. ഇന്ന് ഒരു ചര്‍ച്ചകളും ഇല്ലാതെ പാര്‍ലമെന്റില്‍ നൂറുകണക്കിന് ബില്ലുകള്‍ പാസ്സാക്കപ്പെടുന്ന സാഹചര്യമുണ്ട്. പൗരത്വനിയമവും പുതിയ കാര്‍ഷിക നിയമവും എല്ലാം ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലേക്ക് നാം "വളര്‍ന്നത്' ജീവിതത്തില്‍ നിന്ന് സംവാദം ചോര്‍ത്തിക്കളഞ്ഞു കൊണ്ടാണ്. രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ടായിരുന്നു.
1990-കളില്‍ ഉണ്ടായ ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിവയാണ് ജനാധിപത്യ സംവാദങ്ങളുടെ മരണമണി മുഴക്കിയത്. മൂലധനശക്തികള്‍ മാധ്യമങ്ങളുടെ ഉടമസ്ഥത കയ്യടക്കിയതോടെ സ്വതന്ത്രമായ സംവാദങ്ങള്‍ അസാധ്യമായി. സവിശേഷ താല്‍പര്യമുള്ള മൂലധന ഏജന്റായി "വാര്‍ത്താ അവതാരകരും' "ആങ്കര്‍'മാരും വന്നതോടെ സ്യൂഡോ സംവാദങ്ങളുടെ ഒരു പുതിയ ലോകം ആരംഭിച്ചു. ജനാധിപത്യം ഒരു ചര്‍ച്ചാപ്രഹസമായി മാറുന്നത് വാര്‍ത്താ മാധ്യമങ്ങളുടെ സ്വകാര്യവല്‍ക്കരണവും കിടമത്സരങ്ങളും വര്‍ദ്ധിച്ചതോടെയാണ്. മൂലധന ശക്തികളുടെ താല്‍പര്യങ്ങളുടെ ജിഹ്വകളായി മാധ്യമ പ്രവര്‍ത്തകരും മാറി. സംവാദങ്ങള്‍ വിവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും എല്ലാമുള്ള ഇടമായും മാറി. തീവ്രവലതുപക്ഷത്തിനും വര്‍ഗീയ തീവ്രവാദ രാഷ്ട്രീയത്തിനും സ്വത്വ - വംശീയ രാഷ്ട്രീയത്തിനും നിറയെ വേദികള്‍ കിട്ടിയതോടെ സംവാദങ്ങള്‍ പൊളിച്ചടുക്കലുകള്‍ക്ക് (Demolitions) വഴിമാറി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു സമ്പ്രദായം പൊതുവില്‍ പൊളിച്ചടുക്കലുകള്‍ക്ക് വഴിമാറി എന്നതാണ് കാര്യം. അര്‍ണാബ് ഗോസ്വാമിമാര്‍ ഇത്തരം അഗ്രസീവ് മാസ്സ്ഹിസ്റ്റീയ ജേര്‍ണലിസത്തിന്റെ മാതൃകാരൂപങ്ങളില്‍ ചിലതായിമാറി. സ്വകാര്യ മൂലധന ശക്തികളുടെ തോളിലിരുന്ന് ഗര്‍ജിക്കുന്ന, വംശീയ - വര്‍ഗീയ - രാഷ്ട്രീയ ശക്തികളുടെ പോരാളികള്‍ എന്ന സ്ഥാനത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പരിണമിച്ചു. ജനാധിപത്യത്തില്‍ നിന്ന് സംവാദപാരമ്പര്യം പുറത്താക്കപ്പെടുകയും ആ സ്ഥാനത്തേക്ക് ആക്രോശങ്ങളും അലര്‍ച്ചകളും കടന്നുവരികയും ചെയ്തു. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് ഒരു മര്യാദയുമില്ലാതെ ഇടിച്ചു കയറുന്ന മാധ്യമ ബുള്‍ഡോസറുകള്‍ രാഷ്ട്രീയ നേതാക്കളെയും സാധാരണ പൗരന്മാരെയും ഒരുപോലെ തങ്ങളുടെ ഇരകളാക്കി മാറ്റി. മൂലധനതാല്‍പര്യം മാത്രമുള്ള ഈ മാധ്യമശക്തികളാണ് സംവാദവും ജനാധിപത്യവും അസാധ്യമാക്കുന്ന വൈകാരിക വിക്ഷുബ്ധികളിലേക്ക് നമ്മുടെ പൊതുസമൂഹത്തെ നയിച്ചത്. തീര്‍ച്ചയായും നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്റെ നട്ടെല്ല് സംവാദാത്മകത തന്നെയാകയാല്‍ അത് പുനഃസ്ഥാപിക്കപ്പെടേണ്ടതുമാണ്. അതിനൊരു ബദല്‍ ഉണ്ടാകേണ്ടിയിരുന്നത് നവസാമൂഹിക മാധ്യമങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ അവയും പൊതുമാധ്യമങ്ങളുടെ വഴിയേ പോകേണ്ടിവന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്റര്‍നെറ്റിന്റെയും വിവര സാങ്കേതിക വിദ്യയുടെയും വ്യാപന കാലം ബ്ലോഗുകള്‍ മുതല്‍ ഫേസ്ബുക്ക് വരെയുള്ള നവമാധ്യമങ്ങള്‍ക്ക് അവസരം തുറന്നുകൊടുത്തത് നാം കണ്ടു. ആശയപരമായി ആര്‍ക്കും എന്തും പ്രകാശിപ്പിക്കാന്‍ കഴിയുന്ന ജനാധിപത്യപരമായ ഒരിടം എന്ന നിലയില്‍ അവ പെട്ടെന്ന് തന്നെ വലിയൊരു സംവാദസ്ഥലിയായി രൂപപ്പെട്ടു. ദൃശ്യ - ശ്രാവ്യ മാധ്യമ രംഗത്തെ മൂലധന താല്‍പര്യങ്ങളെ പ്രതിരോധിക്കുന്ന സംവാദാത്മ വിചാരങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2010 - 11 കാലത്തെ അറബ് വസന്തം - മുല്ലപ്പൂ വിപ്ലവം - വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ മുതലായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് പ്രേരകമായ ഇടപെടലുകള്‍ സാധ്യമാക്കിയ മാധ്യമമെന്ന നിലയില്‍ ലോകശ്രദ്ധ പെട്ടെന്ന് തന്നെ നവമാധ്യമങ്ങള്‍ക്കുമേല്‍ പതിഞ്ഞു. ഫേസ്ബുക് പോലെ ഒരു സമൂഹമാധ്യമം പെട്ടെന്ന് ജനപ്രിയമായി മാറിയതോടെ അതിന്റെ അംഗസംഖ്യ വര്‍ദ്ധിക്കുകയും അതിന്റെ ബിസിനസ്സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കുകയും സ്വകാര്യതാ നയത്തില്‍ ധാരാളം മാറ്റങ്ങള്‍ വരികയും ചെയ്തു. ജനങ്ങളെ സ്വാധീനിക്കാനും അഭിപ്രായം രൂപീകരിക്കാനും കഴിയുന്ന മാധ്യമം എന്ന നിലയില്‍ ദേശീയ ഭരണകൂടങ്ങളും ഷാഡോ പോലീസും രഹസ്യ ഏജന്‍സികളും മാത്രമല്ല രാഷ്ട്രീയ കക്ഷികള്‍ അപ്പാടെ ഈ നവ മാധ്യമങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. സ്വന്തം പ്രചാരവേലാ സംഘങ്ങളെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നവ മാധ്യമങ്ങളെ - വിശേഷിച്ച് ചെറുപ്പക്കാരെ - പിടികൂടിയത്. ആന്‍ഡ്രോയ്ഡു ഫോണ്‍ റവലൂഷനെ തുടര്‍ന്ന് ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങള്‍ ഏതാണ്ടെല്ലാ പൗരന്മാരുടെയും ജീവിതത്തിന്റെ അവശ്യ ഘടമായി മാറി. ജനാധിപത്യ സംവാദങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിച്ചു. വ്യത്യസ്ത അഭിരുചികളും നിക്ഷിപ്തതാല്‍പര്യങ്ങളും ഈ മേഖലയിലേക്ക് കടന്നു വന്നു. വരേണ്യവിഭാഗങ്ങളുടെയും സമ്പന്ന മധ്യവര്‍ഗത്തിന്റെയും വൈറ്റ് കോളര്‍ വിഭാഗത്തിന്റെയും മേല്‍ക്കോയ്മ തകര്‍ന്ന് സോഷ്യല്‍ മീഡിയ പുതിയ ബൂമിലേക്ക് പ്രവേശിച്ചതോടെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും ഈ സോഷ്യല്‍ മീഡിയയെ പ്രമോട്ട് ചെയ്തു തുടങ്ങി. രണ്ടും തമ്മില്‍ ഒരു കൊള്ള കൊടുക്കല്‍ ബന്ധം രൂപപ്പെട്ടു. മിക്ക മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അവരുടെ ലൈവ് സ്ട്രീമിനുള്ള ഉപാധിയായി പോലും ഉപയോഗിച്ചു തുടങ്ങി. സംഭവിച്ചത് ദൃശ്യമാധ്യമങ്ങളിലെ വിഴുപ്പുകള്‍ ഉടനടി സോഷ്യല്‍ മീഡിയയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യപ്പെട്ടു എന്നതാണ്. എഴുത്തിന്റെയും വായനയുടെയും അഭിപ്രായപ്രകടനങ്ങളുടെയും സാമൂഹ്യ ഇടപെടല്‍ സ്വഭാവത്തില്‍ നിന്ന് സോഷ്യല്‍ മീഡിയ പെട്ടെന്ന് കുമ്മോജികളുടെയും തെറിവിളികളുടെയും ഇടമായി മാറി. ലൈവ് സ്ട്രീമുകള്‍ക്ക് ചുവട്ടില്‍ വരുന്ന തെറി പ്രകടനങ്ങള്‍ക്ക് ഇന്ന് കണക്കില്ലാതായി മാറിയിട്ടുണ്ട്. ഹിന്ദുത്വവാദ , സ്വത്വവാദ, മതമൗലികവാദ, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് വിഭാഗങ്ങളെല്ലാം ഇന്ന് സ്വന്തമായ "തെറിപ്പടകള്‍' തന്നെ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യ സംവാദങ്ങളെ- വിശേഷിച്ച് 2010 കളിലെ സംവാദാത്മക സാഹചര്യങ്ങളെ സാംസ്‌കാരികമായും രാഷ്ട്രീയമായും കലുഷമാക്കുന്നതില്‍ ഈ പടകള്‍ക്ക് വലിയ പങ്കാണുള്ളത്.
സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?
സംവാദ ഭാഷ എപ്പോഴും വ്യത്യസ്തമായിരിക്കും. അതിന്റെ ഉദ്ദേശ്യം അമര്‍ത്യ സെന്‍ പറഞ്ഞ Pubic reasoning ആണ്. അതില്‍ കാര്യകാരണ ചിന്തയുണ്ട്. ഭവിഷ്യല്‍ ചിന്തയുണ്ട്. ഭാവിയെ പറ്റിയുള്ള ആലോചനകളും വിഭാവനകളും ഉത്കണ്ഠകളുമുണ്ട്. പൊതുനന്മയാണ് അതിന്റെ ആത്യന്തികലക്ഷ്യം. അത് മറ്റുള്ളവരെക്കൂടി പരിഗണിക്കുന്നതാണ്. അവരോട് യുക്തിവിചിന്തനത്തിലൂടെ സംവദിക്കുന്നതാണത്. അതിനാല്‍ അതിന്റെ ഭാഷ എപ്പോഴും തര്‍ക്കശാസ്ത്രപരമായ കൃത്യതയും ജനാധിപത്യമര്യാദയും ഉള്‍ക്കൊള്ളുന്നതാവണം.

പക്ഷേ, ഇത്തരം ഒരു ഭാഷ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. സ്വകാര്യ നന്മകളും വംശീയ- വര്‍ഗീയ താല്‍പര്യങ്ങളും സ്ഥാപിത താല്‍പര്യങ്ങളും പൂണ്ടു വിളയാടുന്ന ലോകത്ത് Public reasoning ന്റെ ഭാഷ സാധ്യമല്ല. ആ ഭാഷ ഫേസ്ബുക്ക് പോലെ സര്‍വജന സാമാന്യമായ ഒരിടത്ത് ഉപയോഗിക്കാനും പരിമിതിയുണ്ട്. ആര്‍ക്കും കടന്നു വന്ന് ഒരു കമന്റിട്ട് തകര്‍ക്കാവുന്ന ജനാധിപത്യ മര്യാദകള്‍ മാത്രമേ ഫേസ്ബുക്കിലുളളൂ. പൊതുവില്‍ അതിനെ തിരുത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് അനുഭവം. കാരണം, ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പലതരം "പട'കളും "പോരാളി'കളും സംഘങ്ങളും സംഘടിതശക്തികളും ഇന്ന് ഫേസ്ബുക്കില്‍ സജീവമാണ്. ട്രോളുകളിലെ അതിപരിഹാസവും വ്യക്തിവിദ്വേഷവും നിറഞ്ഞ ആക്ഷേപചിത്രങ്ങള്‍ ആളുകളില്‍ ചിരിയേക്കാളേറെ ഇക്കാലത്ത് വിദ്വേഷവും പകയും വെറുപ്പും സൃഷ്ടിക്കുന്നുണ്ട്. അതിന്റെ സ്വാഭാവികമായ പ്രതിഫലനങ്ങള്‍ അവരുപയോഗിക്കുന്ന ഭാഷയിലും ഉണ്ടാവുന്നുണ്ട്.
മറുവശം എന്താണെന്നു വെച്ചാല്‍ പ്രതിഷേധഭാഷ പൊതുവില്‍ ചില സന്ദര്‍ഭങ്ങളില്‍ ഹിംസാത്മകമായ തെറികളായി മാറുമെന്നതാണ്. ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ സ്വകാര്യതയും പൊതുവിടവും തമ്മിലുള്ള അകലവും വേര്‍തിരിവും വലിയൊരളവ് വരെ കുറച്ചിട്ടുണ്ട്. പഴയ നാട്ടിന്‍പുറങ്ങളുടെയും കാട്ടിന്‍പുറങ്ങളുടെയും അസംസ്‌കൃത ജീവിതം അതില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യവും സ്വതന്ത്രവും സ്വാഭാവികവുമായ ഭാഷ എഡിറ്റിങ്ങില്ലാതെ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. എത്ര കഴിവും പ്രാപ്തിയും പ്രതിഭയും ഉള്ള ആളാണെങ്കില്‍ പോലും ആക്രമിക്കപ്പെടുന്ന ആള്‍, തന്നെപ്പോലെ ഒരു വിലയില്ലാത്ത ഒരു സാദാ മനുഷ്യജീവിയാണെന്ന് വരുത്താനുള്ള അപകര്‍ഷതയും ആക്രമണകാരിക്കുണ്ട്. അതിനാല്‍ കവിയോ രാഷ്ട്രീയക്കാരോ ഭരണാധികാരിയോ തൊഴിലാളികളോ റിക്ഷാക്കാരോ അധ്യാപകരോ ഒന്നും ഇന്ന് മുഖംനോക്കാതെയുള്ള ആക്രമണത്തിന് വിധേയമാക്കപ്പെടും. ആള്‍ക്കൂട്ടത്തിന്റെ ഭാഷ സംവാദാത്മകമാകണമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ആശിക്കാന്‍ പോലുമാവില്ല.
എന്നാല്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികള്‍ മാത്രമുള്ള ടെലിവിഷന്‍ സംവാദങ്ങളില്‍ സംവാദഭാഷ ഒരു പരിധിവരെ നിലനിര്‍ത്താന്‍ സാധിക്കും. പക്ഷേ, മൂലധനശക്തികളുടെ ഏജന്‍സിയായിരിക്കുന്ന വാര്‍ത്താവതാരകര്‍ തന്നെ സംവാദത്തെ ഒരു പ്രഹസനമാക്കാന്‍ - ആത്യന്തികമായി ജനാധിപത്യത്തെ പരിഹാസ്യമാക്കാന്‍ - ഏറ്റവും മ്ലേച്ഛമായ ജനാധിപത്യവിരുദ്ധ ഭാഷയും ശരീരഭാഷയും അഭിസംബോധനകളും പ്രകോപന പരാമര്‍ശങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതാണ് മാറ്റേണ്ടത്. മാറ്റാന്‍ പറ്റുന്നതുമാണ്. ഇത് മാറിയാല്‍ ജനാധിപത്യ സംവാദങ്ങളുടെ ആരോഗ്യകരമായ അന്തരീക്ഷവും ഭാഷയും ചിന്താസാധ്യതകളും ബഹുജന ദൃശ്യമാധ്യമങ്ങളില്‍ ഉണ്ടാവും. Public reasoning എന്നത് സാധ്യമാകും. ആകാശവാണി മുതലായ ശ്രാവ്യ മാധ്യമങ്ങള്‍ ആ സംസ്‌കാരം ഇന്നും സംവാദങ്ങളില്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്. ദൃശ്യാത്മഹിംസ ( visual violence) അവയില്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ ഈഗോ പ്രകടനങ്ങളും ശ്രവ്യമാധ്യമങ്ങളില്‍ തീരെയില്ല - ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ ചിലപ്പോള്‍ മികച്ച സംവാദങ്ങള്‍ നടക്കുന്നത് അതില്‍ ദൃശ്യാത്മകഹിംസയ്ക്കായി ഭാഷയെ ഉപയോഗിക്കുന്നില്ല എന്നതിനാലാണ്. ഫേസ്ബുക്കിലാവട്ടെ അത്തരം ചര്‍ച്ചകള്‍ അല്‍പമെങ്കിലും നടക്കുന്നത് ഗ്രൂപ്പുകളിലാണ്. വായനക്കൂട്ടങ്ങള്‍, പുസ്തക ചര്‍ച്ചകള്‍ എന്നിവയില്‍. സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ അത് ഏറെക്കുറെ സാധ്യമല്ലാതായിട്ടുണ്ട്. കാരണം ഒരു ഫാഷിസ്റ്റ് ഭരണകാലത്താണ് നാം ജീവിക്കുന്നത്. വയലന്‍സ് ആണ് അതിന്റെ ഭാഷ. ക്രോണി ക്യാപ്പിറ്റലസിത്തിന്റെ ഭാഷയും വയലന്‍സാണ്. ആ ഭാഷയെ അതിജീവിക്കാന്‍ നമുക്ക് കഴിയുമോ എന്നത് വലിയ ഒരാശങ്കയാണ്. ഫാഷിസത്തിന്റെ കാലത്ത് പ്രതിരോധം പോലും അതിന്റെ പകര്‍പ്പായി മാറും.
സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഉത്തരം വ്യക്തമാണ്. സൈബര്‍ സ്‌പേസിന് ഇപ്പോള്‍ അത് അസാധ്യമാണ്. അതിന് പലകാരണങ്ങളാല്‍ സമൂഹമാധ്യമങ്ങള്‍ പക്വമായിട്ടില്ല. അത് ഒരുതരം നിയന്ത്രണങ്ങളുമില്ലാത്ത ഒരിടമാണ്. ഒരാള്‍ അത്തരം ഒരിടത്തേക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ സ്വാഭാവിക പ്രകൃതത്തിനും മനോഭാവങ്ങള്‍ക്കനുമനുസരിച്ച് എന്തും ചെയ്യാന്‍ കഴിയും. സൈബര്‍ സ്‌പേസില്‍ പാലിക്കേണ്ട മര്യാദകള്‍ സമൂഹമാധ്യമങ്ങള്‍ അവരുടെ terms and conditions ല്‍ പറയുന്നുണ്ട്. അവ ലംഘിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാം. പക്ഷേ ഈ റിപ്പോര്‍ട്ടിങ്ങ് പോലും ജനാധിപത്യപരമല്ല. സ്ഥാപിത താല്‍പര്യക്കാരായ ഒരു കൂട്ടം "പോരാളികള്‍ ' ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ ഏത് വസ്തുതയും ബ്ലോക്ക് ചെയ്യപ്പെടും. മാത്രമല്ല, നവമാധ്യമ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ സ്വകാര്യതാനയങ്ങളും സവിശേഷ ദേശീയനയങ്ങളും ട്യൂണ്‍ ചെയ്യപ്പെട്ട അല്‍ഗോരിതവും അനുസരിച്ച് അതില്‍ തന്നെ ഒരു ജനാധിപത്യവുമില്ലാത്ത അവസ്ഥയുണ്ട്. പിന്നെയുള്ള നിയന്ത്രണമാര്‍ഗം വ്യക്തികളുടെ ഇടപെടലുകളാണ്. വ്യക്തികള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഡിലീറ്റുകയോ, മായ്ക്കുകയോ, ബ്ലോക്കുകയോ ചെയ്യാം. അണ്‍ഫോളോ ചെയ്യാം. മറിച്ച് അവയെ സോഴ്‌സില്‍ തന്നെ ഇല്ലാതാക്കാന്‍ സാധ്യമല്ല. അവകൂടി ഉള്‍പ്പെടുന്നതാണ് വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം. പക്ഷേ, അവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം വ്യക്തമല്ല. സൈബര്‍ സ്‌പേസ് അത്തരം പക്വതയിലേക്ക് വളരാന്‍ കുറച്ചു പേരെങ്കിലും തങ്ങളുടേതായ മാതൃകകള്‍ സൃഷ്ടിക്കുന്നത് നന്നായിരിക്കും. സൈബര്‍ സിറ്റിസണ്‍ ആവുന്നതിന്റെ പരിശീലനങ്ങള്‍ സ്വയം ആര്‍ജിക്കുന്നതോടെ ഈ മേഖല കൂടുതല്‍ സര്‍ഗാത്മവും സംവാദാത്മകവുമായേക്കാം. അതേസമയം വാട്‌സാപ്പ് പോലുള്ള കൂടുതല്‍ സ്വകാര്യമായ ഇടങ്ങള്‍ വ്യാജബോധങ്ങള്‍ - പോസ്റ്റ് ട്രൂത്ത് അവബോധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയില്‍ തുടരുകയും ചെയ്യും. ധാര്‍മ്മികമായും സാങ്കേതികമായും സൈബര്‍ സ്‌പേസ് public reasoning ന്റെ പക്വതയിലേക്ക് വളര്‍ന്നു എന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ല.
ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?
ഒന്ന് യഥാര്‍ത്ഥത്തിലുള്ള ആക്രമണമാണ്. മറ്റേത് പ്രതീതിപരമാണ്. ആദ്യത്തേത്തില്‍ ലോകത്തു നിന്ന് തന്നെ തുടച്ചു മാറ്റാനുള്ള ശ്രമമാണ്. രണ്ടാമത്തേത് തേജോവധമാണ്. രണ്ടും ഒന്നല്ല. പുറത്തു നിന്നുള്ളതാണ് ഭീകരം. അത് ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെയാണ്. ഡിജിറ്റല്‍ സ്‌പെയിസ് നമുക്ക് ഒളിച്ചു ജീവിക്കാനും വേഷം മാറി ജീവിക്കാനും ആള്‍മാറാട്ടം നടത്താനും സ്പ്ളിറ്റ് പേഴ്‌സണാലിറ്റിയാവാനും സ്വാതന്ത്ര്യം തരുന്നുണ്ട്. സൈബര്‍ സ്‌പേസ് ആക്രമണത്തില്‍ മരിച്ചവര്‍ വളരെ വിരളമായിരിക്കും. യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. അവിടെ ആള്‍ക്കൂട്ടം എറിഞ്ഞു കൊല്ലുന്നുണ്ട്. വെടിവെച്ച് കൊല്ലുന്നുണ്ട്. തല്ലിക്കൊല്ലുന്നുണ്ട്. ഒരു ഫാഷിസ്റ്റ് കാലത്തെ യഥാര്‍ത്ഥജീവിതത്തിലെ വയലന്‍സ് ഡിജിറ്റല്‍ ലോകത്തേക്കും പടരുന്നു എന്നേ ഉള്ളു. ഇക്കാര്യത്തില്‍, മറ്റു കാര്യങ്ങളിലേതുപോലെ തന്നെ, തീര്‍പ്പുകല്‍പിക്കുക എളുപ്പമല്ല.
വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
14 വര്‍ഷമായി സൈബര്‍ ലോകത്ത് എന്റേതായ ഒരു രീതിയില്‍ ഇടപെടുന്ന ഒരാളാണ്. പുറത്തെ ലോകത്ത് നേരിട്ടിട്ടുള്ള അതേ പരിഹാസങ്ങളും വെല്ലുവിളികളും തെറിവിളികളും മാത്രമേ ഇതിലും ഉണ്ടായിട്ടുള്ളു. പൊതുവില്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന, പരിഗണനകള്‍ കിട്ടുന്ന, സ്‌നേഹവും വിശ്വാസവും ലഭിക്കുന്ന ഒരിടമായിട്ടാണ് ഞാന്‍ സൈബര്‍ സ്‌പേസിനെ കണക്കാക്കുന്നത്. അനുഭവിച്ചിട്ടുള്ളത്. അടുത്ത ചില വര്‍ഷങ്ങളില്‍ അതില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പൊതുവില്‍ സംഘപരിവാര്‍ വിരുദ്ധ നിലപാട് അടിമുടി നിലനിര്‍ത്തുന്നതു കൊണ്ട് അവരുടെ പലതരത്തിലുള്ള സംഘടിത എതിര്‍പ്പുകളും വന്നിട്ടുണ്ട്. അത്തരം തെമ്മാടിക്കൂട്ടങ്ങളെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാറുണ്ട്. സംവാദാത്മകമായ മനസോടെ വരുന്ന സംഘപരിവാര്‍ അംഗങ്ങളുമായി ഇപ്പോഴും ആ സംവാദാന്തരീക്ഷം നിലനിര്‍ത്താറുണ്ട്. സാമാന്യമായ ഒട്ടേറെ ആക്ഷേപങ്ങള്‍ കോണ്‍ഗ്രസുകാരില്‍ നിന്നും കമ്യൂണിസ്റ്റുകാരില്‍ നിന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളില്‍ നിന്നും ഇതര സ്വത്വവാദികളില്‍ നിന്നും നേരിട്ടിട്ടുണ്ട്. അവരെ അതേ നാണയത്തില്‍ നേരിടേണ്ടി വരുമ്പോള്‍ അങ്ങനെയും സംവാദാത്മമായി നേരിടാന്‍ കഴിയുന്ന സാഹചര്യത്തില്‍ അങ്ങനെയും നേരിടുകയാണ് ചെയ്തിട്ടുള്ളത്. എനിക്ക് സ്വയം കൈകാര്യം ചെയ്യാനും മറികടക്കാനും കഴിയാത്ത വിധമുള്ള സൈബര്‍ ആക്രമണങ്ങളൊന്നും ഞാന്‍ നേരിട്ടിട്ടില്ല. ഏതെങ്കിലും ഒരു പക്ഷത്തിന്റെ ശക്തനായ വക്താവും ന്യായീകരണവാദിയുമായി അവര്‍ക്ക് എന്നെ അടയാളപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാവാം. അതിനാല്‍ എല്ലാവരുടെയും ശത്രുവാകുന്നു. അതിനാല്‍ എല്ലാവരുടെയുടെയും എതിര്‍പ്പുമുണ്ടാകുന്നു. അതുകൊണ്ടു തന്നെ അതിന്റെ കാഠിന്യവും കുറയുന്നു.
എന്നാല്‍ മരിച്ചു പോയ എ.കെ.ജി യും നെഹ്‌റുവും തൊട്ട് ഇന്നത്തെ വലിയ കവികളിലൊരാളായ റഫീക്ക് അഹമ്മദ് വരെ സൈബര്‍ ആക്രമണത്തിന് വിധേയരാവുന്നത് നാം കാണുന്നുണ്ട്. ആക്ഷേപഹാസ്യത്തെയും പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും ജനാധിപത്യത്തിന്റെ ഭാഷോപകരണങ്ങളായേ കാണാന്‍ പറ്റൂ. എന്നാല്‍ സംഘടിത ശക്തികള്‍ കൂട്ടം കൂട്ടമായി ഒരു വലിയ പദ്ധതി ഉണ്ടാക്കി ആക്രമിക്കുന്ന രീതി സൈമ്പര്‍ സ്‌പേസില്‍ ഇന്ന് കൂടിക്കൂടി വരുന്നുണ്ട്. ഫാഷിസം അത്തരമൊരു പെരുമാറ്റരീതി കൂടി ഉല്‍പാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. പബ്ലിക് റീസണിങ്ങ് ഇല്ലാതാതാക്കാനും വൈകാരിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതിലൂടെ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളുടേതായ മുതലെടുപ്പുകള്‍ നടത്താനും അത്തരം ശക്തികള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ അവസരമുണ്ടാക്കുന്നുണ്ട്.
ഉല്‍പന്നങ്ങളെയും പുസ്തകങ്ങളെയും പാര്‍ട്ടികളെയും സമുദായങ്ങളെയും ജാതികളെയും ബിസിനസ്സുകാരെയും എല്ലാം പ്രൊമോട്ടു ചെയ്യാനും തകര്‍ക്കാനും പ്രതിരോധിക്കാനും എല്ലാം തയ്യാറായുള്ള സൈബര്‍ ഇവന്റ് മാനേജ്മെന്റ് പോരാളികള്‍ ഇന്ന് വ്യാപകമായി കളം നിറഞ്ഞ് വരുന്നുണ്ട്. അവര്‍ക്ക് ജനാധിപത്യമോ സംവാദാത്മകതയോ ഇല്ല. സ്തുതി പാടലിന്റെയും ഡിമോളിഷന്റെയും വയലന്‍സിന്റെയും ഘടകങ്ങളിലാണ് അത്തരം സംഘങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തൊണ്ണൂറുകളോടെ ആരംഭിച്ച ലെനിന്‍ പ്രതിമ തകര്‍ക്കല്‍ തൊട്ട് ബാബറി മസ്ജിദ് തകര്‍ക്കലിന്റെയും ഇറാഖ് ആക്രമണത്തിന്റെയും സെപ്തംബര്‍ 11 ന്റെയും താലിബാന്റെ ബുദ്ധപ്രതിമ തകര്‍ക്കലിന്റെയും എല്ലാം പിന്നിലുള്ള ഹിംസാത്മകമായ ഫാഷിസം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും പ്രതിഫലിക്കുന്നത് കാണാം. ഫാഷിസം നമ്മയെല്ലാം ബാധിക്കുന്ന ഒരു പാന്‍ഡെമിക്കായിരിക്കുന്നു എന്നതാണ് സത്യം. നാം അതിനു വെളിയിലല്ല, അതിനോടൊപ്പമാണ് ജീവിക്കുന്നത്.

ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch