നമ്മുടെ നാട്ടില്‍ ബാര്‍ബര്‍ എന്നത് ജാതി അടിസ്ഥാനത്തില്‍ മാത്രമുള്ള തൊഴിലല്ലെങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് സാമൂഹികമായ തൊട്ടുകൂടായ്മ ഇപ്പോഴും നില നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. പരിമിത ബജറ്റില്‍ ഒരുങ്ങിയ ‘മുടി' അതു കൊണ്ടുതന്നെ മുഖ്യധാരാ സിനിമകള്‍ക്ക് ഒരു മാതൃക സമ്മാനിക്കുന്നുണ്ടെന്ന് പറയാം.
9 Dec 2021, 01:39 PM
ഒ.ടി.ടി പ്ലാറ്റ്ഫോമായ നീ സ്ട്രീം പുറത്തിറക്കിയ മുടി, കോവിഡുകാലത്തെ ഒരു ബാർബറുടെ കുടുംബ- സാമൂഹിക ജീവിതം പകർത്തുന്ന ചിത്രമാണ്. യാസിര്‍ മുഹമ്മദ് , ഹാഷിര്‍ മുഹമ്മദ് എന്നിവര്‍ രചന നിര്‍വഹിച്ച് യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്ത ഈ സിനിമ, മധ്യ കേരളത്തിലെ "കോങ്ങാട്' എന്ന കായലുകളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപില്‍ സംഭവിക്കുന്ന തനിമയാര്‍ന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
ഒരു നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ബാര്‍ബറുടെ സാമൂഹിക ജീവിതത്തെയും പരിതാപകരമായ സാമ്പത്തികാവസ്ഥയെയും മുടി വരച്ചു കാട്ടുന്നു. സാമൂഹികമായി എത്ര വികാസം പ്രാപിച്ചാലും നമ്മുടെ നാട്ടിലെ ജാതി വിവേചനങ്ങള്‍ക്ക് ഇന്നും കുറവില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുന്നു.

ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവര്‍ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദ്വീപിന്റെ സ്വഭാവിക ഭംഗി പകര്‍ത്തിയ കാമറാമാനും എഡിറ്ററുമായ അഹമ്മദ് നസീബ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . മെഹ്ദ് മക്ബൂല്‍ രചന നിര്‍വഹിച്ച് വിമല്‍, റനീഷ് എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയുടെ നീ സ്ട്രീം റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ വ്യത്യസ്തമായ പ്രൊമോഷന്‍ സ്ട്രാറ്റജിയും മലയാളത്തില്‍ പുതുമയുള്ള അനുഭവമായി. സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ ആണ് നിര്‍മാണം.
ഒ.ടി.ടികളിലെ ഉള്ളടക്കം
കേരളത്തിലെ കാഴ്ചക്കാര്‍ക്കായി രാജ്യാന്തര ഒ.ടി.ടി ഭീമന്മാര്‍ വിതരണം ചെയ്യുന്ന ഉള്ളടക്കം ഏതൊക്കെ നിലയില്‍ പ്രേക്ഷക മനസ്സില്‍ സ്വാധീനം ചെലുത്തുന്നു എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഇന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച "സ്‌ക്വിഡ് ഗെയിം' വയലന്‍സ് അതിപ്രസരമുള്ള ഉള്ളടക്കം മുന്‍ നിര്‍ത്തി ആഗോള തലത്തില്‍ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. തികച്ചും ഫാന്റസി നിറഞ്ഞ ഒരു ലോകത്തെ കുറിച്ച്, തങ്ങള്‍ക്ക് അപ്രാപ്യമായ ഒരു സാഹചര്യത്തെ കുറിച്ചുള്ള ആരാധനയാണ് ‘സ്‌ക്വിഡ് ഗെയി’മിന് ഇന്ത്യയില്‍ ലഭിച്ച ജനപ്രീതിക്ക് കാരണമെന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതുമായ കണ്ടന്റുകളുടെ പൊതു സ്വഭാവത്തില്‍ ഫാന്റസി, വയലന്‍സ്, ലൈംഗികത എന്നിവയുടെ അതിപ്രസരം നിരീക്ഷണ വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തദ്ദേശീയ പ്രൊഡക്ഷന്‍ ഹൗസുകള്‍ തങ്ങളുടെ അനുവാചകര്‍ക്ക് നല്‍കുന്ന വിഭവങ്ങളിലെ ഉള്ളടക്കങ്ങളിലും അപരിചിതവും പ്രവചനാധീതവുമായ ഒരു പൊതു സ്വഭാവം കാണാന്‍ കഴിയും. ഇന്ത്യക്കാര്‍ പൊതുവെ പ്രാചീന രാജവംശങ്ങളുടെ ചരിത്രവും, രാജ്യത്തെ മഹാനഗരങ്ങളിലെ ചേരിയിലരങ്ങേറുന്ന വയലന്‍സും, പ്രണയവും, അധോലോകവുമുള്‍പ്പെടെയുള്ള കണ്ടന്റുകള്‍ മാത്രം ഇഷ്ടപ്പെടുന്നവരാണ് എന്ന ബോധ്യമാണ് ഒ.ടി. ടി കളുടെ സിനിമ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത്.
ഒരു മാനേജ്മെൻറ്- കോര്‍പറേറ്റ് മനഃസ്ഥിതിയില്‍ നിന്ന് പുറത്ത് കടക്കുന്നതാണ് ഇന്ത്യന്‍ ഒ.ടി.ടികളുടെ ഭാവിക്ക് നല്ലതെന്ന് കരുതുന്ന ഒട്ടേറെ നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. തദ്ദേശീയ വിഭവങ്ങളെ അതിഭാവുകത്വം ഒഴിവാക്കി തനിമയോടെ അവതരിപ്പിക്കണമെന്ന വാദവും അവതരിപ്പിക്കപ്പെടുന്നുണ്ട്.
ബാർബർ എന്ന നായകൻ
ബാര്‍ബര്‍ സമുദായം ഏതു മത വിഭാഗത്തില്‍ പെട്ടവരായാലും കടുത്ത സാമൂഹിക മാറ്റിനിര്‍ത്തലുകള്‍ക്ക് വിധേയമാവുന്നവരാണ്. ബാര്‍ബര്‍ വിഭാഗം സംഘടിത തീരുമാനങ്ങളെടുക്കാന്‍ ഒത്തുകൂടുന്നതും, സമരം ചെയ്യുന്നതും അതിന് അവര്‍ സഹിക്കേണ്ടി വരുന്ന പ്രയാസങ്ങളും ഈ ചിത്രം എടുത്തു പറഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ "കഥ പറയുമ്പോള്‍' എന്ന സിനിമ മുന്നോട്ട് വെക്കുന്ന തികഞ്ഞ അരാഷ്ട്രീയ കാഴ്ചപ്പാടിനെ പൊളിച്ചടുക്കുന്ന കൃത്യതയുള്ള രചനയാണിത്. ഹ്രസ്വ ചിത്രത്തിലെ മണി എന്ന നായകന്‍ എത്ര മികച്ച ബാര്‍ബര്‍ ആണെങ്കിലും അദ്ദേഹം സ്വയം അപകര്‍ഷതാ ബോധം പേറുന്നവനും വ്യക്തിപരമായി പണ്ടെങ്ങോ നടന്ന ഒരു കാര്യത്തിന്റെ പേരില്‍ ബാല്യ കാല സുഹൃത്തായ പലചരക്ക് കടക്കാരനോട് വര്‍ഷങ്ങളായി മിണ്ടാതെ നടക്കുന്നവനുമാണ്. കോവിഡ് മൂലം പൊടുന്നനെ പ്രഖ്യാപിച്ച അടച്ചുപൂട്ടലില്‍ മണിയുടെ എല്ലാ കണക്കു കൂട്ടലും തെറ്റുന്നു. അദ്ദേഹം ദ്വീപില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും പൊലീസുകാരുടെ മര്‍ദ്ദനത്തിനും ക്രൂര പരിഹാസത്തിനും ഇരയാവുകയാണ്.
സുഹൃത്തിന്റെ കടയില്‍ പോയി സാധനം വാങ്ങാന്‍ മടിയായതിനാല്‍ അദ്ദേഹം നിത്യോപയാഗ സാധനം മോഷ്ടിക്കാനിറങ്ങുന്നതും അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പരിഹാസമേറ്റു വാങ്ങേണ്ടി വരുന്നതുമെല്ലാം ചിത്രത്തില്‍ വിശദീകരിക്കുന്നു. ആര്‍ത്തവ നാളുകളില്‍ മകള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പോലും സുഹൃത്തിന്റെ കടയില്‍ പോകാൻ അയാൾക്കുകഴിയുന്നില്ല.

സഹായം ചോദിച്ച് മണി മുട്ടുന്ന വാതില്‍ ആ ദ്വീപിലെ വാര്‍ഡ് മെമ്പറുടേതാണെങ്കിലും, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് തന്നെയും പൊലീസ് അതിക്രൂരമായി നേരിട്ടതിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ നിസ്സഹായതയോടെ വിവരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ നടപ്പില്‍ വരുത്തിയതിന്റെ പേരില്‍ അരങ്ങേറിയ പൊലീസ് ഭീകരത ഇതിലൂടെ സംവിധായകന്‍ വരച്ചു കാട്ടുന്നുണ്ട്.
ഒടുവില്‍, കോവിഡ് ബാധിച്ച് മണിയുടെ ഭാര്യാ പിതാവ് മരിക്കുമ്പോള്‍ വര്‍ഷങ്ങളായി മിണ്ടാതെ ഇരുന്ന സുഹൃത്ത് അന്ത്യ കര്‍മം ചെയ്യാനെത്തുന്നത് ഗ്രാമങ്ങളിലെ ഇനിയും നശിക്കാത്ത ഇഴയടുപ്പങ്ങള്‍ക്ക് വെളിച്ചം പകരുന്നു. നിരന്തര പ്രയാസങ്ങള്‍ക്കുശേഷം നല്ലൊരു നാളെയുണ്ടാവുമെന്ന ശുഭാപ്തി കാഴ്ചപ്പാട് കൂടിയാണ് കോവിഡ് മുഖ്യ പ്രമേയമായ സിനിമ അവസാനം കുറിക്കുന്നത്.
സിനിമയുടെ സ്ത്രീപക്ഷം
സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആനന്ദബാലിനൊപ്പം മികച്ച പ്രകടനമാണ് പ്രധാന നടി മഞ്ജു സുനിച്ചന്‍ കാഴ്ചവെക്കുന്നത്. കോമഡി സീനുകളില്‍ മാത്രം തളച്ചു നിര്‍ത്തപ്പെട്ട ഈ നടി താന്‍ മികച്ച ഒരു അഭിനേത്രി കൂടിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട് ഈ സിനിമയിലൂടെ. ഒരു പക്ഷെ മലയാള സിനിമയില്‍ ആര്‍ത്തവത്തെ കുറിച്ചെല്ലാം മറയില്ലാതെ സംസാരിക്കുന്ന ഉള്ളടക്കങ്ങള്‍ ഈയിടെയായി വളരെയധികം കണ്ടുവരുന്നത് ഒ.ടി.ടികള്‍ നല്‍കുന്ന ഉദാരമായ ദൃശ്യസ്വാതന്ത്രത്തിലൂടെയാണ്.
സിനിമയുടെ കേന്ദ്ര പ്രമേയം ബാര്‍ബറുടെ ജീവിതമാണെങ്കിലും അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തന്റെ സ്വന്തം കുടുംബത്തെ തന്നെയാണ്. വര്‍ഷങ്ങളായി പിണങ്ങിക്കഴിയുന്ന ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തിനോട് മിണ്ടാനും തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുമാണ് ഭാര്യയുടെ കഥാപാത്രം ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഭാര്യ-ഭര്‍തൃ സംഭാഷങ്ങള്‍ ‘നന്മ ചൊരിയുന്ന ഡയലോഗുകള്‍’ മാത്രമല്ലാതെ നാടന്‍ ശൈലിയില്‍ കുറിക്കു കൊള്ളുന്ന, പ്രേക്ഷകര്‍ക്ക് വിരസതയുണ്ടാക്കാത്ത വിനിമയങ്ങളാക്കി മാറ്റാന്‍ സിനിമയുടെ എഴുത്തുകാര്‍ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലുടനീളം കോവിഡ് സൃഷ്ടിച്ച ഭയപ്പാട് പ്രതിഫലിക്കുന്നത് വീടകങ്ങളിലും അവിടുത്തെ സ്ത്രീകളിലുമാണ്. കോവിഡ് നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഏല്പിച്ച പരിക്ക് പരിശോധിക്കാന്‍ സാധിക്കുന്ന മാനദണ്ഡങ്ങള്‍ നമുക്കുണ്ടെങ്കിലും അതിനെല്ലാം മുകളില്‍ വീടുകളിലെ സ്ത്രീകൾ ഈ ദുരിത കാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷം വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് ‘മുടി' എന്ന സിനിമ. വറുതിക്കാലത്തും ഒറ്റ മകളുടെ വിദ്യാഭ്യാസത്തിനും അവളുടെ പരിപാലനത്തിനുമാണ് മണി ഏറ്റവും പ്രാമുഖ്യം നല്‍കുന്നത്.
സിനിമയുടെ രാഷ്ട്രീയം
തമിഴിൽ ഈയിടെ സൂര്യ നായകനായ "ജയ് ഭീം' സിനിമ റിലീസ് ആയപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് കേരളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നത്. എന്നാൽ, "മുടി' അടിമുടി രാഷ്ട്രീയ സിനിമയാണ്. ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളോടൊപ്പം മുടി വെട്ടിക്കളയുന്നത് ജനതയെ ഇത്തരം അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുന്ന രാഷ്ട്രീയ സമ്പ്രദായത്തെ കൂടിയാണ്. അടച്ചുപൂട്ടലില്‍ അവശേഷിക്കുന്നത് ഭരണകൂടത്തിന്റെ പൊലീസ് രാജ് മാത്രമാണ്. അരക്ഷിതാവസ്ഥ വരുമ്പോള്‍ ജുഡീഷ്യറിയും മാധ്യമങ്ങളും മൗനികളാവുകയും അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരുടെ തിട്ടൂരങ്ങള്‍ മാത്രം നടപ്പില്‍ വരികയും ചെയ്യുന്നു.
കോവിഡ് കാലത്തുണ്ടായ ക്വാറൻറയിൻ, അടച്ചുപൂട്ടല്‍, കണ്ടൈന്‍മെൻറ് സോണ്‍, യാത്രാ നിരോധം, ആള്‍ക്കൂട്ട നിയന്ത്രണനം എന്നിവയെ പ്രശ്നവൽക്കരിക്കുകയാണ് ഈ ചിത്രം. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ കോങ്ങാട് എന്ന ദ്വീപില്‍ ഒറ്റ കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും ആ ദ്വീപ് അടങ്ങുന്ന പഞ്ചായത്ത് പ്രദേശം മുഴുവന്‍ അടച്ചിടുകയാണ്. അടച്ചുപൂട്ടല്‍ കാലത്ത് സ്വയം ചുരുങ്ങേണ്ടിവരുന്ന മനുഷ്യരുടെ നിസ്സഹായത തീവ്രമായി അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരായ കെ. ഹാഷിര്‍, സംവിധായകന്‍ യാസിര്‍ മുഹമ്മദ് എന്നിവര്‍ വിജയിച്ചിട്ടുണ്ട്.

കേരളത്തില്‍ സ്വത്വ രാഷ്ട്രീയത്തിനും ജാതി പ്രശ്‌നങ്ങള്‍ക്കും ഇന്ധനമാകാവുന്ന നിരവധി വിഷയങ്ങളുണ്ട് എങ്കിലും മുഖ്യധാരാ സിനിമാക്കാര്‍ അത്തരം വിഷയങ്ങളെ അവഗണിക്കുകയാണ് പതിവ്. ജാതി രാഷ്ട്രീയം പറഞ്ഞ്കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികളെ വെറുതെ എന്തിന് പിണക്കണം എന്ന ‘കംഫര്‍ട്ട് സോണ്‍’ ചിന്തയാണ് മുഖ്യധാരാ സിനിമാക്കാരെ പിന്നോട്ട് വലിക്കുന്നത്. ഇത്തരുണത്തിലാണ് മുടി എന്ന സിനിമയിലൂടനീളം നേരിട്ടും അല്ലാതെയും രാഷ്ട്രീയ വിഷയങ്ങള്‍ കടന്നുവരുന്നത്.
നമ്മുടെ നാട്ടില്‍ ബാര്‍ബര്‍ എന്നത് ജാതി അടിസ്ഥാനത്തില്‍ മാത്രമുള്ള തൊഴിലല്ലെങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് സാമൂഹികമായ തൊട്ടുകൂടായ്മ ഇപ്പോഴും നില നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. പരിമിത ബജറ്റില്‍ ഒരുങ്ങിയ ‘മുടി' അതു കൊണ്ടുതന്നെ മുഖ്യധാരാ സിനിമകള്‍ക്ക് ഒരു മാതൃക സമ്മാനിക്കുന്നുണ്ടെന്ന് പറയാം.
ഷാജു വി ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read