എഫ്.ബിയിൽ എഴുതിയതുകൊണ്ടോ അത് പുസ്തകമാക്കിയതുകൊണ്ടോ മലയാള സാഹിത്യം മരിക്കില്ല തമ്പ്രാക്കൻമാരേ...

അച്ചടി മാധ്യമങ്ങളിൽ വരുന്നതൊക്കെ നല്ല നിലവാരമുള്ള രചനകളാണോ സാറന്മാരേ? അല്ലെന്നാണ് അനുഭവം. ഈ കൊല്ലത്തെ ഓണപ്പതിപ്പുകളിൽ എത്ര പുതിയ എഴുത്തുകാരുണ്ട് എന്ന് വെറുതെ കണ്ണോടിച്ചാൽ മനസ്സിലാവും പുതിയ ഭാവുകത്വത്തിനു വേണ്ടിയുള്ള നിലവിളിശബ്ദത്തിന്റെ പൊള്ളത്തരങ്ങൾ. ചിലർക്ക് പുതിയ എഴുത്തുകാരെ വായിച്ച് മുഴുമിപ്പിക്കാൻ കഴിയുന്നില്ല എന്നാണ് പരാതി. മാർക്കേസിന്റെ "ഏകാന്തതയുടെ നൂറ് വർഷങ്ങൾ' തനിക്ക് വായിച്ച് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല എന്ന് ടി. പത്മനാഭൻ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടുമാത്രം ആ നോവൽ മോശം നോവലാവുമോ?

എം.ടി.വാസുദേവൻ നായരും, ടി. പത്മനാഭനും, കെ.ജി.ശങ്കരപ്പിള്ളയും പ്രിയ. എ. എസ്സും അവരവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പറഞ്ഞുകഴിഞ്ഞു. അവർക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ അവരോട് സുന്ദരമായി വിയോജിക്കാനും വായനക്കാർക്ക്​ കഴിയണമല്ലോ. ഇവരെന്നല്ല സാക്ഷാൽ ഒ.വി. വിജയൻ തന്നെ നേരിട്ടുവന്ന് പറഞ്ഞാലും ചില കാര്യങ്ങൾ സമ്മതിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുണ്ട്.

കുറച്ചുകാലം മുമ്പ് ഞാനൊരു കഥ ഒരു വാരാന്ത്യപതിപ്പിന് അയച്ചുകൊടുത്തു. മടക്കത്തപാലിന് കവറും സ്റ്റാമ്പും വെച്ചതുകൊണ്ട് പോയതിലും വേഗം കഥ മടങ്ങിവന്നു. കൂടെ ഒരു ചെറു കുറിപ്പും; "താൻ ആദ്യം മലയാളം എഴുതാൻ പഠിക്ക്, എന്നിട്ട് നമുക്ക് കഥ എഴുതാം' (ആ കത്ത് ഇപ്പോഴും ഈയുള്ളവൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്)

പ്രിയ.എ.എസ്സ്. / Photo : Shahid Manakkappady

ഈയുള്ളവൻ എഫ്.ബി.യിൽ വായനാകുറിപ്പുകളും കഥകളും കവിതകളും എഴുതുന്നത് അതേ മലയാളത്തിൽ തന്നെയാണ്. ആ എഴുത്ത് ഇപ്പോൾ രണ്ട് പുസ്തകങ്ങളിൽ എത്തിനിൽക്കുന്നു. കേരളത്തിലെ ഒരു എൽ.പി. സ്കൂളിൽ നിന്നു​പോലും മലയാള ഭാഷ പഠിക്കാത്ത എനിക്ക് ഇതിനു സാധിച്ചത് എഫ്.ബി എന്ന വിശാലമായ ഇടം ഉള്ളതുകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ആ പത്രാധിപ സിങ്കത്തിന്റെ ഉപദേശമനുസരിച്ച് എഴുതാൻ വേണ്ട മലയാളം പഠിക്കുകയായിരിക്കും. (അത് എന്ത് മലയാളമാണാവോ?)

ആര് എഴുതണം, എന്ത് എഴുതണം, എവിടെ എഴുതണം എന്നതിനെപ്പറ്റിയുള്ള വരേണ്യബോധത്തെ അപ്പാടെ തകിടം മറിക്കുന്നതാണ് എഫ്.ബി.യിലെ എഴുത്തുകൾ. മാത്രവുമല്ല എഴുത്തുകാർ എന്നത് ഏതോ ഉയർന്ന വർഗ്ഗമാ ണെന്നും, അവർക്കെന്തോ ദൈവികവരം കിട്ടിയിട്ടുണ്ട് എന്നുമൊക്കെയുള്ള തെറ്റായ ധാരണകളെയും എഫ്.ബി പൊളിച്ചടുക്കുന്നുണ്ട്.

ഏത് കൂലിപ്പണിക്കാരൻ അബ്ബാസിനും അവന്റേതായ ഭാഷയിൽ എഴുതാം. സ്വന്തം എഫ്.ബി വാളിൽ അത് പോസ്റ്റാം. കഥയാവട്ടെ കവിതയാവട്ടെ നോവലാവട്ടെ അനുഭവങ്ങളോ ഓർമകളോ ആവട്ടെ. അത് വായനക്കാർ വായിക്കും. കൊള്ളില്ല എന്നുതോന്നിയാൽ ഉടൻ അവർ പ്രതികരിക്കുകയും ചെയ്യും. അത് 99.9 ശതമാനത്തിന്റെ സ്കെയിൽ വച്ച് അളന്നിട്ടല്ല. ഭൂതക്കണ്ണാടി പിടിച്ച്, ഭാവുകത്വപരമായ ജാഗ്രതയോ, കാവ്യസംസ്കാരമോ തിരഞ്ഞിട്ടുമല്ല.

എഫ്.ബി ഉപയോഗിക്കുന്നവരിൽ ഏറിയ പങ്കും തികച്ചും സാധാരണക്കാരാണ് സാർ, അവർ അക്കാദമിക ബുജികളോ സിദ്ധാന്തങ്ങളുടെ ഭാരം ചുമക്കുന്നവരോ അല്ല. വായനാമുറികളിൽ ചാരുകസേരയിലിരുന്ന് വായിക്കുന്നവരും അല്ല. തൊഴിലിടങ്ങളിലെ വിശ്രമവേളകളിൽ, യാത്രകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, നടുറോഡിൽ, ആശുപത്രികളിലെ ഇരുണ്ട ഇടനാഴികളിൽ, ബസ്​ സ്​റ്റോപ്പുകളിൽ അങ്ങനെയങ്ങനെ മനുഷ്യർ തമ്മിൽ ഇടപഴകുന്ന ഇടങ്ങളിലെല്ലാം അവർ വായിക്കുന്നു. ഇതിനെയല്ലേ വായനയുടെ ജനാധിപത്യം എന്ന് വിളിക്കേണ്ടത്?

കുറെ ഇൻലന്റുകൾ വാങ്ങിവെച്ച് വാരികകൾക്ക് കത്തയച്ച്, തങ്ങൾ വായിച്ച സാഹിത്യം ഇഷ്ടപ്പെട്ടെന്നോ ഇഷ്ടപ്പെട്ടില്ലെന്നോ പറയാൻ ഇപ്പോൾ വായനക്കാർ അധികം മിനക്കെടാറില്ല. കാശുകൊടുത്ത് വാങ്ങിയ ഒരു പുസ്തകം (ഉൽപന്നം) വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇന്നത്തെ വായനക്കാർ അതിന്റെ ഫോട്ടോ എടുത്ത് എഫ്.ബിയിൽ ഇട്ട്, തങ്ങൾക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നുപറയും. അതിപ്പോൾ, കെ.ജി.എസിന്റേതായാലും പ്രിയ.എ.എസിന്റേതായാലും.

തങ്ങളുടെ സിംഹാസനങ്ങൾക്ക് കാലുകൾ നഷ്ടപ്പെടുന്നു എന്ന് എഴുത്തുകാർ മനസ്സിലാക്കണം. മറ്റേതു തൊഴിലും പോലെ ഒരു തൊഴിൽ തന്നെയാണ് എഴുത്തുപണി എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ പുതിയ ഭാവുകത്വത്തിന്റെയും ഭാഷയുടെയും കാവ്യഗുണത്തിന്റെയും വൃത്തനിരാസത്തിന്റേയും പേരുപറഞ്ഞ് നിലവിളി ശബ്ദമിട്ട്​ വട്ടം കറങ്ങേണ്ടിവരില്ല. എന്തോരം പുസ്തകങ്ങളാണ് ഓരോ ദിവസവും ഇറങ്ങുന്നത് എന്നോർത്ത് ശ്വാസംമുട്ടേണ്ടിയും വരില്ല.

ഇക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ വെളിച്ചം കണ്ടത് ഏതെങ്കിലും ഗംഭീരമാന പ്രസിദ്ധീകരണത്തിൽ അല്ല, എഫ് .ബിയിലാണ്. എഴുത്തിന്റെ എണ്ണം കൂടുമ്പോൾ നിലവാരം കുറയും എന്ന പേടിയും വേണ്ട. ഏതിനാണ് നിലവാരമുള്ളതെന്ന് തിരിച്ചറിയാൻ കഴിയുന്നവരാണ് പുതിയ വായനക്കാർ. അതു കൊണ്ടാണ് എഫ്.ബി.യിൽ എഴുതുന്നവരുടെ ചില പുസ്തകങ്ങൾക്ക് പല പതിപ്പുകളുണ്ടാവുമ്പോൾ, വേറെ ചിലത് പുസ്തകം പോലും ആവാതെ പോവുന്നത്.

ഇനി അച്ചടി മാധ്യമങ്ങളിൽ വരുന്നതൊക്കെ നല്ല നിലവാരമുള്ള രചനകളാണോ സാറന്മാരേ? അല്ലെന്നാണ് അനുഭവം. ഈ കൊല്ലത്തെ ഓണപ്പതിപ്പുകളിൽ എത്ര പുതിയ എഴുത്തുകാരുണ്ട് എന്ന് വെറുതെ കണ്ണോടിച്ചാൽ മനസ്സിലാവും പുതിയ ഭാവുകത്വത്തിനു വേണ്ടിയുള്ള നിലവിളിശബ്ദത്തിന്റെ പൊള്ളത്തരങ്ങൾ. ചിലർക്ക് പുതിയ എഴുത്തുകാരെ വായിച്ച് മുഴുമിപ്പിക്കാൻ കഴിയുന്നില്ല എന്നാണ് പരാതി. മാർക്കേസിന്റെ "ഏകാന്തതയുടെ നൂറ് വർഷങ്ങൾ' തനിക്ക് വായിച്ച് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല എന്ന് ടി. പത്മനാഭൻ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടുമാത്രം ആ നോവൽ മോശം നോവലാവുമോ? അത് പറഞ്ഞ ‘പപ്പേട്ടൻ’ മോശക്കാരനാവുമോ? പക്ഷേ സ്ത്രീകൾ എഴുതുന്നത് അശ്ലീലമാണെന്നും അത് നന്നായി വിറ്റുപോവുമെന്നും പറയുമ്പോൾ അതിൽ മോശത്തരമുണ്ട്.

ടി.പത്മനാഭൻ. / Photo : IFFK, Fb

എല്ലാവരും എഴുതട്ടേന്ന്...
പെയിൻറ്​ പണിക്കാരും ഓട്ടോതൊഴിലാളിയും കൽപ്പണിക്കാരും വീട്ടമ്മമാരും സമൂഹത്തിലെ എല്ലാ മേഖലകളിലും പെട്ടവർ എഴുതട്ടെ. എവിടെ എഴുതുന്നു എന്നതല്ലല്ലോ പിള്ളേച്ചാ വിഷയം. എന്ത് എഴുതുന്നു എന്നതല്ലേ? വായനക്കാർക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവുണ്ട്. അത് അവർ തിരിച്ചറിയുന്നുമുണ്ട്. ലൈബ്രറികളിലെ പുറംചട്ടയടർന്ന പുസ്തകങ്ങൾ അതിന് സാക്ഷ്യം പറയും.

ഈയടുത്ത് വായിച്ച ഏറ്റവും നല്ല എഴുത്ത് പ്രിയ. എ.എസിന്റേതോ, ടി. പത്മനാഭന്റേതോ, കെ.ജി.എസിന്റേതോ അല്ല, എഫ്.ബി.യിൽ ഗീത തോട്ടം എഴുതിയ ഒരു കുറിപ്പാണ്. ഒരു വിശേഷവും ആഘോഷിക്കാത്ത അവർ ആഘോഷിച്ചത് തന്റെ ആർത്തവവിരാമത്തെയാണ്. എഫ്.ബി.യിൽ അല്ലാതെ മറ്റെവിടെയാണ് അവരീ കാലം ആഘോഷിക്കുന്നതിനെ കുറിച്ച് എഴുതുക? എഴുതിയാൽ തന്നെ ആരാണ് അത് വെളിച്ചം കാണിക്കുക? ഇനി കാണിച്ചാൽ തന്നെ രണ്ടായിരത്തിലേറെ പേർ അത് വായിക്കുമോ?

എഫ്.ബി.യിൽ ഈയുള്ളവൻ എഴുതിയിട്ട രണ്ട് കുറിപ്പുകളാണ് ട്രൂ കോപ്പി വെബ്സീനിൽ "വെറും മനുഷ്യർ' എന്ന പേരിൽ ആത്മകഥയായി വരുന്നത്.(അത് ഇപ്പോൾ എഴുപതാമത്തെ കുറിപ്പിൽ എത്തിനിൽക്കുന്നു) എഫ്.ബി ഇല്ലായിരുന്നെങ്കിൽ എന്റെ എഴുത്ത് കമൽ റാം സജീവ് എന്ന എഡിറ്റർ കാണുക പോലും ഇല്ലായിരുന്നു.

ഗീത തോട്ടം

പുതിയ എഴുത്തുകളും പുതിയ വായനകളും വായനക്കാരുമാണ് നമ്മുടെ സാഹിത്യ, സാഹിത്യേതര മേഖലകളെ സജീവമാക്കുന്നത്. അതിൽ വളരെ മോശം എഴുത്തുകൾ ഉണ്ടാവാം. നല്ല നിലവാരം ഉള്ളതുണ്ടാവാം. തരക്കേടില്ലാത്തവ ഉണ്ടാവാം.

അടുക്കളയുടെ നാലതിരുകൾക്കുള്ളിൽ കുരുങ്ങി ശ്വാസം മുട്ടുന്ന പെൺ ജന്മങ്ങൾ തങ്ങളുടേതായ ഭാഷയിൽ ജീവിതവും കഥകളും പറയുമ്പോൾ അതിന് അടുപ്പിനേക്കാൾ ചൂടുണ്ട്. പഞ്ചസാരയേക്കാൾ മധുരമുണ്ട്. മുളകിനേക്കാൾ എരിവുണ്ട്. അത്തരം എഴുത്തുകളൊന്നും എവിടെയും പേര് അച്ചടിച്ച് വരാനല്ല സാർ. തങ്ങളും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന അടയാളപ്പെടുത്തലുകളാണ്. അത് ചിലപ്പോൾ നാലുവരി കവിതയാവാം. സാമ്പാറിന് എരിവ് കൂടിയതിനെ കുറിച്ചാവാം. മീൻ മുറിക്കുമ്പോൾ വിരൽ മുറിഞ്ഞതിനെ കുറിച്ചാവാം. മകളുടെ ആദ്യാർത്തവത്തെ കുറിച്ചാവാം. മികച്ച ഒരു നോവലാവാം. നമ്മുടെ വാരികകളിൽ കണികാണാൻ കിട്ടാത്ത തരം കഥയാവാം. അതിന് അക്കാദമി പുരസ്കാരമടക്കം പലതും കിട്ടിയെന്നും വരാം.

ഞങ്ങൾ എഴുതുന്നവരും നിങ്ങൾ വായിക്കുന്നവരുമാണ് എന്ന വേർതിരിവിന്റെ കാലം കഴിഞ്ഞു. എഴുത്തുകാർ ഉടമകളും വായനക്കാർ അടിമകളുമായ സുവർണകാലവും അസ്തമിച്ചു. ഇങ്ങനെയേ എഴുതാവൂ, ഇതൊക്കെയേ കവിതയാവൂ എന്ന തിട്ടൂരങ്ങളുടെ കാലവും കഴിഞ്ഞു.

നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് വായനക്കാർ ഓൺലൈനായും ഓഫ് ലൈനായും വായിക്കുകയാണ്. അവരെ വായിക്കാൻ വിടുക. നാളെ അവരിൽ നിന്നാവും വിസ്മയങ്ങളുണ്ടാവുന്നത്. സ്വന്തം അധോവായുവിന്റെ പരിസരത്തേ ജീവിതവും എഴുത്തുമുള്ളൂ എന്ന ധാരണയെ ഡിലീറ്റ് ചെയ്ത് നമുക്ക് എഴുതാം, നമുക്ക് വായിക്കാം...ആദ്യാർത്തവത്തെ കുറിച്ചും, ആർത്തവ വിരാമത്തെക്കുറിച്ചും, പണിയെടുത്തതിന്റെ കൂലി കിട്ടാത്തതിനെ കുറിച്ചും, ഓട്ടോ കാശ് തരാതെ മുങ്ങിയവരെ കുറിച്ചും എഴുത്തുകളുണ്ടാവട്ടെ. ഓരോ ജീവിതവും ഏതെങ്കിലും വിധത്തിൽ അടയാളപ്പെടട്ടെ.

ഷേക്​സ്​പിയറും ടോൾസ്റ്റോയിയും ദസ്​തയെവ്​സ്​കിയും മരിച്ചിട്ട് പോലും ഭൂമിയിൽ പ്രളയം ഉണ്ടായിട്ടില്ല സാറന്മാരേ... എഫ്.ബിയിൽ എഴുതിയതുകൊണ്ടോ അത് പുസ്തകമാക്കിയതുകൊണ്ടോ മലയാള സാഹിത്യം മരിക്കത്തില്ല തമ്പ്രാക്കൻമാരേ....

അടിയങ്ങളും എഴുതിക്കോട്ടേ.
അടിയങ്ങളുടെ ജീവിതവും നിങ്ങളുടെ നിറപ്പകിട്ടാർന്ന ദുരൂഹ സ്ഥല രാശികളിൽ അടയാളപ്പെട്ടോട്ടെ. എഴുത്തുകൾക്ക് വിധിയെഴുതുന്നത് എക്കാലത്തും വായനക്കാരാണ്. അവരുള്ളിടത്തോളമേ ഏത് ലോകോത്തര സാഹിത്യവും ഉള്ളൂ ,
എന്ന് വിനയാദരങ്ങളോടെ
ഒരു വായനക്കാരൻ.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments