തെയ്യത്തിലെ ബാലി പുരാവൃത്താഖ്യാനത്തെ വിമോചനാത്മകമായ ഒരു ബദല്‍ രാമായണമായി നിലനിര്‍ത്താന്‍ ശക്തമായി വാദിക്കുന്ന ഒരു പുസ്തകമാണ് വി.കെ.അനില്‍കുമാര്‍ എഴുതിയ "മുന്നൂറ്റി ഒന്നാമത്തെ രാമായണം'
28 Feb 2021, 02:45 PM
അധീശവര്‍ഗ താൽപര്യം സംരക്ഷിക്കുന്നതിന് ഇതര വിഭാഗങ്ങളെ നിര്‍ദ്ദയം വധിക്കാന്‍ മടിക്കാത്ത രാമനെ ആദര്‍ശപുരുഷനും മര്യാദാ പുരുഷോത്തമനുമായി വാഴ്ത്തുന്നവയാണ് മിക്ക രാമായണങ്ങളും. അവയില്‍ നിന്ന്, രാമന്‍ ഒളിയമ്പെയ്ത് ചതിച്ചു കൊന്ന ബാലി എന്ന അഭിമാനിയും ശക്തനുമായ വീരപുരുഷനെ വടക്കേ മലബാറിലെ പിന്നാക്കസമുദായവിഭാഗങ്ങളായ ആശാരിമാരും വണ്ണാന്മാരും ചേര്‍ന്ന് ബാലിത്തെയ്യത്തിലൂടെ വീണ്ടെടുക്കുകയും പുനരുജീവിപ്പിക്കുകയും ചെയ്ത് രാമായണത്തിന് ഒരു പാഠഭേദം രചിച്ചതിന്റെ പഠനമാണ് വി.കെ.അനില്‍കുമാര്‍ എഴുതിയ "മുന്നൂറ്റി ഒന്നാമത്തെ രാമായണം' എന്ന പുതിയ പുസ്തകം. എരമത്തെ മണ്ണുമമല്‍ വിച്ചോര്‍മന്‍ എന്ന ശില്പിയാണ് ബാലിയെ കിഷ്‌ക്കിന്ധയില്‍ നിന്ന്മോചിപ്പിച്ച് കൊണ്ടുവന്നതും ഇവിടെ കാവുകളില്‍ കുടിയിരുത്തിയതും.

കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്മാരാണ് ആ ബാലിയെ തോറ്റിയുണര്‍ത്തി ബലിഷ്ഠനായ ബാലിത്തെയ്യമാക്കി പരിവര്‍ത്തിപ്പിച്ചതും കൊല്ലം തോറും കളിയാട്ടക്കളങ്ങളില്‍ പ്രാന്തവൽകൃതരുടെ പ്രതിരോധത്തിന്റെ മൂര്‍ത്തരൂപമായി അവതരിപ്പിച്ചതും. വാലും നഖവും ഉടയാടകളും ആഹാര്യങ്ങളും ആട്ടപ്രകാരങ്ങളുമെല്ലാം ചേര്‍ന്ന് ബാലിയെ ബലത്തിന്റെ പ്രതിരൂപമായ ഒരു ദൈവക്കോലമായി സൃഷ്ടിച്ചെടുത്തത് അവരാണ്.
Also Read: കുരങ്ങുകളിക്കാരുടെ കെണി
ജാതീയവും സാമൂഹികവും സാമ്പത്തികവുമെല്ലാമായ ഉച്ചനീചത്വങ്ങൾക്കിരയായി, ഹിംസാത്മകവും അനീതി നിറഞ്ഞതുമായ ഒരു സാമൂഹിക വ്യവസ്ഥയില്‍ നീതി നിഷേധിക്കപ്പെട്ട് വധിക്കപ്പെട്ട ഒരു രക്തസാക്ഷി ഉയിര്‍ത്തെഴുനേറ്റ് അനീതിക്കെതിരെ പ്രതിരോധിക്കുന്നതിന് തലമുറകളെ പ്രചോദിപ്പിക്കുന്നതിന്റെ രോമാഞ്ചജനകമായ ആവിഷ്‌കാരമാണ് ബാലിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

രാമായണത്തില്‍ നിന്ന്ബാലിയുടെ പുരാവൃത്തം മാത്രമെടുത്ത് രാമായണത്തിന് പുതിയ ഭാഷ്യം അഥവാ പാഠഭേദം രചിച്ചത്, ജനനം പിന്നോക്ക സമുദായങ്ങളിലായിപ്പോയതുകൊണ്ടുമാത്രം കൊടിയ അനീതിയും വിവേചനവും നേരിട്ടനുഭവിക്കേണ്ടിവന്ന ആശാരിമാര്‍, വണ്ണാന്‍മാര്‍ തുടങ്ങിയ മനുഷ്യരായിരുന്നു. അവര്‍ മരപ്പണിയും ലോഹപ്പണിയും എടുക്കുന്ന തൊഴിലാളികളോ നാട്ടുവൈദ്യന്മാരോ തെയ്യം കെട്ടുന്നവരോ ഒക്കെ ആയ സര്‍ഗധനരായ ആളുകളായിരുന്നു. ജാതീയമായി അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരായതുകൊണ്ടുതന്നെ അവരുടെ രാമായണ പാഠാന്തരവും മുഖ്യധാരയിലെ പണ്ഡിതന്മാര്‍ അവഗണിക്കുകയാണുണ്ടായത്'.
ബാലിയുടെ ഉപാഖ്യാനം തെയ്യമെന്ന മാസ്മരികമായ അനുഷ്ഠാന കലാരൂപത്തിലൂടെ അവതരിപ്പിച്ച് അനീതിക്കെതിരെയുള്ള പോരാട്ടത്തിന് സ്വാനുഭവത്തിലധിഷ്ഠിതമായ ഒരു മാനം നല്‍കുകയാണ് മര്‍ദ്ദിത വിഭാഗങ്ങള്‍ ചെയ്തത്. അവരുടെ വിമോചന സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന ഒരു പ്രതീകവും പ്രതീക്ഷയുമാണ് മരണത്തില്‍ നിന്നുയിര്‍ത്തെഴുന്നേറ്റ് തെയ്യമായി ഇന്നും ജീവിക്കുന്ന ബാലി.
ബാലിയുടെ പുരാവൃത്തവും അതെങ്ങനെ മറ്റൊരു സ്വതന്ത്ര രാമായണമായിത്തീരുന്നു എന്നതും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എങ്ങനെ ഈ പുരാവൃത്തത്തെ ഏറ്റെടുത്തു കൊണ്ടാടുന്നു എന്നതും ബ്രാഹ്‌മണവത്കൃത അധികാര വ്യവസ്ഥ എങ്ങനെ അതിനെ അവഗണിക്കുന്നു എന്നതും എല്ലാം അനില്‍ കുമാര്‍ വിശകലനം ചെയ്യുന്നു. കീഴാള രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമുള്ള അപഗ്രഥനമാണ് ഈ രചനയിലുടനീളം പ്രതിഫലിക്കുന്നത്. ക്ലീഷേ ആയിക്കഴിഞ്ഞിട്ടില്ലാത്ത മൂര്‍ച്ചയുള്ള നാട്ടു മൊഴികള്‍ കലര്‍ന്ന ഭാഷയിലാണ് അനില്‍കുമാര്‍ സൂക്ഷ്മവും നിശിതവുമായ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്. "തെയ്യഭാഷ'യുടെ തന്നെ മൗലികമായ ഒരു തരം ഊര്‍ജസ്വലതയുള്ള ഈ ഭാഷ മികച്ച വായനാനുഭവം നല്‍കുന്നു.
Also Read: അസ്രാളന്‍ - മീന്‍മണമുള്ള ദൈവം
കനലാടികളുടെ ദുരിതത്തിന്റെയും സഹനത്തിന്റെയും നേരിട്ടുള്ള അറിവുകളാണ് പുസ്തകത്തിലുള്ളത്. പുറത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു ഔപചാരിക പഠിതാവിന്റെ വരണ്ട വസ്തുനിഷ്ഠതയല്ല, പൊള്ളിക്കുന്ന അനുഭവങ്ങളുള്ള അവശരുടെ അവസ്ഥകളോടുള്ള തന്മയീഭാവമാണ് അതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. എഴുത്തുകാരന്റെ ആത്മാര്‍ത്ഥത ഓരോ വാക്യത്തിലും തുടിച്ചു നില്‍ക്കുന്നത് നമുക്ക് അനുഭവിക്കാം.

വൈവിദ്ധ്യമാര്‍ന്ന രാമായണങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് പഠിക്കുന്ന ഫോക് ലോറിസ്റ്റുകള്‍ വടക്കേ മലബാറിലെ ഒരു തെയ്യത്തിലൊതുങ്ങിപ്പോയ ഈ ബാലി രാമായണത്തെ കാണാതെ പോയി. അതിനെ കണ്ടെടുത്തു എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മകളിലൊന്ന്. ഇതിനെക്കുറിച്ച് ആഴത്തിലുള്ള പഠന ഗവേഷണങ്ങളും ബാലിയെ നിലനിര്‍ത്തിപ്പോന്ന സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളും ഇനിയും തുടരേണ്ടതുണ്ട്.
അനില്‍കുമാറിന്റെ ഉള്‍ക്കാഴ്ചകളും കീഴാളവര്‍ഗത്തോട് സമഭാവമുള്ള രാഷ്ട്രീയ നിലപാടുകളും ഉള്‍ക്കൊള്ളാതെ ഇനി ആര്‍ക്കും ഈ ശ്രമങ്ങളില്‍ മുന്നോട്ട് പോവാന്‍ കഴിയില്ല. കാരണം, ഇത് കേവലം തെയ്യപഠനമല്ല; ഒരു ജനതയുടെ സാമൂഹിക ചരിത്രത്തിന്റെ അപഗ്രഥനമാണ്. ബാലിത്തെയ്യത്തെ വടക്കെ മലബാറിലെ ഫോക്ക് ലോറിന്റെ മൂലക്കൊതുക്കാതെ നമ്മുടെ സാംസ്‌കാരിക ഈടുവെപ്പുകളിലൊന്നായ പുതിയൊരു രാമായണമായി സഹൃദയര്‍ തിരിച്ചറിയണം. ഈ മിത്തിന്റെ പഠനത്തിലൂടെ ഗ്രന്ഥകാരന്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെ രാഷ്ട്രീയ വിവക്ഷകള്‍ സമകാലിക ലോകത്തും ഏറെ പ്രസക്തമാണെന്ന് മനസ്സിലാക്കണം. അങ്ങിനെ വരുമ്പോള്‍ ഈ പുസ്തകം വളരെ പ്രധാനമായ ഒന്നാണെന്നും അതിന് വിമോചനാത്മകമായ ഒരു ദൗത്യമുണ്ടെന്നും ബോദ്ധ്യപ്പെടും. ഇത് പറയുമ്പോഴും ഫോക്ക് ലോര്‍ എന്നത് ഇരുതലമൂര്‍ച്ചയുള്ള ഒരു വാളാണ് എന്നത് കൂടി ഓര്‍ക്കണം. വര്‍ത്തമാനത്തിന്റെ അനീതികളെ ഒളിക്കാന്‍ ഭൂതകാലത്തേക്കും പഴയ സവര്‍ണകാലത്തിന്റെ സ്മരണകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ പുനരുത്ഥാനവാദികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും.
രാമനും രാമായണവുമൊക്കെ ഇന്ന് രാഷ്ട്രീയമായി എന്തിന്റെ പ്രതീകമാണെന്ന് നമുക്കറിയാം. സമകാലിക പ്രവണതയായ പ്രതിലോമപരതയില്‍ നിന്നടര്‍ത്തിമാറ്റി തെയ്യത്തിലെ ബാലി പുരാവൃത്താഖ്യാനത്തെ വിമോചനാത്മകമായ ഒരു ബദല്‍ രാമായണമായി നിലനിര്‍ത്താന്‍ ശക്തമായി വാദിക്കുന്ന ഒരു പുസ്തകമാണിത് എന്നത് അതിന്റെ ആനുകാലിക പ്രസക്തി വര്‍ധിപ്പിക്കുന്നു.

Dasan
14 Mar 2021, 12:09 PM
Pusthakam engane kittum.address or phone no tharumo
N.ajithkumar
28 Feb 2021, 05:44 PM
നന്നായിറ്റ് ണ്ട് രാമേന്ദ്രേട്ടാ പുസ്തക പഠനം
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read
കലേഷ് മാണിയാടൻ
Jan 18, 2023
3 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 28, 2022
34 MInutes Watch
എം.ആർ. മഹേഷ്
Dec 27, 2022
13 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
വി.കെ. ബാബു
Nov 23, 2022
6 Minutes Read
വി. കെ. അനില്‍കുമാര്‍
Nov 20, 2022
6 Minutes Read
എൻ.സി.ഹരിദാസൻ
6 Jul 2021, 08:15 PM
മധ്യകേരളത്തിൽ 'മാവാരതം' പാട്ട് അടിസ്ഥാനമാക്കി വേലൻകൂത്ത് എന്നറിയപ്പെടുന്ന നിഴൽക്കുത്ത് ചടങ്ങ് മഹാഭാരതകഥയുമായി ബന്ധപ്പെട്ട ശത്രു സംഹാര മന്ത്രവാദം പ്രമേയമാക്കിയ അനുഷ്ഠാന കലയാണ്. യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയുമോ എന്ന സംശയത്താൽ പാണ്ഡവരെ നിഴൽക്കുത്ത് എന്ന മന്ത്രവാദം നടത്തി കൊന്നു കളയാൻ വേലന്മാരെ/ കുറവന്മാരെ നിർബന്ധിക്കുന്ന കൗരവരുടെ ചതിപ്രയോഗം പരാജയപ്പെടുത്തുകയാണ് ഈ ദലിത് ജനത ചെയ്തത്. വടക്കൻ കേരളത്തിലെ വണ്ണാൻ സമുദായത്തോട് ചാർച്ചയുള്ളതാണ് മധ്യകേരളത്തിലെ വേലൻ സമുദായം. മന്ത്രവാദം രണ്ടു കൂട്ടർക്കും കുലത്തൊഴിലാണ്.