അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയോളം വളർന്ന കഥ

ഞാൻ കാണുന്നത്, അമിതാഭ് ബച്ചൻ എന്തോ പറയുന്നതും ചുറ്റും നിൽക്കുന്ന നാൽപതോളം പെൺകുട്ടികൾ പൊട്ടിച്ചിരിക്കുന്നതുമാണ്. തമാശയെന്തെന്ന് എനിക്ക് പിടികിട്ടിയില്ലെങ്കിലും ഈ രംഗം വളരെ രസകരമായിത്തോന്നി. അന്ന് ഞാനത് ഷൂട്ട് ചെയ്തിരുന്നു. സ്‌‌ക്രീനിലല്ലാതെ സെറ്റിൽ ഒരു നടൻ ഇങ്ങനെ സഹപ്രവർത്തകരെ രസിപ്പിക്കുന്നത് വളരെ അപൂർവ്വമായ ഒരു കാഴ്ചയാണ്.

മിതാഭ് ബച്ചനെ കുറിച്ചൊരു കുറിപ്പെഴുതാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം എനിക്കൊരു ഭയമാണ് അനുഭവപ്പെട്ടത്. കാരണം വളരെ കുറച്ചെങ്കിലും പ്രൊജക്ടുകളിൽ ഞാനദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അങ്ങനൊയൊരു വ്യക്തിത്വത്തെ കുറിച്ചെഴുതാൻ ഞാനാരാണ് എന്ന പേടിയാണ് ആദ്യമുണ്ടായത്. ഏതാണ്ടൊരു മണിക്കൂറോളം ഞാനാലോചിച്ചു, അപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട ആദ്യ നിമിഷം മുതൽ എനിക്കോർമ്മ വന്നു.

അതുപോലെ ഒരു മനുഷ്യൻ സിനിമാമേഖലയിൽ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. എൺപതു വയസ്സിലും സജീവമായി നിലനിൽക്കുന്ന ഒരു നടൻ. പിക്കു, പിങ്ക്, സർക്കാർ ഒക്കെ പോലെയുള്ള സിനിമകൾ അദ്ദേഹത്തെ മാത്രം കേന്ദ്രീകരിച്ച് ഇന്നും നിർമ്മിക്കപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഇന്നും ഹിന്ദിസിനിമാലോകത്ത് ഉണ്ട് എന്നുള്ളതാണ്.

എന്റെ ആദ്യ അമിതാഭ് ബച്ചൻ കാഴ്ച വളരെ വർഷങ്ങൾക്കു മുൻപാണ്. ഏതാണ്ടൊരു മുപ്പതു വർഷങ്ങൾക്കു മുൻപ് ഞാനൊരു ഡോക്യുമെന്ററി സിനിമയുടെ പണിപ്പുരയിലായിരുന്നു. ബി.ബി.സിക്കു വേണ്ടി ഹിന്ദി സിനിമാ മേഖലയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി. ഇന്ത്യൻ വംശജയെങ്കിലും ലണ്ടനിൽ ജനിച്ചു വളർന്ന സംഗീത എന്ന വനിതാ സംവിധായികയായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്നത്. അവർ എന്നോട് പറഞ്ഞത് ജൂഹുവിലുള്ള അമിതാഭ് ബച്ചന്റെ "ജൽസ' എന്ന വീടിനു പുറത്ത് നമുക്കൊന്ന് ഷൂട്ട് ചെയ്യണം, അത് ഞായറാഴ്ച വൈകുന്നേരം ആകാം എന്നവർ നിർദ്ദേശിച്ചു. എനിക്കതിൽ പ്രത്യേക താത്പര്യമൊന്നും തോന്നിയില്ല. ഞാനാ വീടിനു മുന്നിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഒരു വലിയ ഗേറ്റ് മാത്രമാണ് എന്റെ ഓർമ്മയിൽ ആ വീട്. അവിടെ ചെന്ന് എന്താ ഷൂട്ട് ചെയ്യുക എന്നെനിക്കറിയില്ല. പക്ഷേ പോകുന്ന വഴി അവർ എന്നോടു പറഞ്ഞു, എല്ലാ ഞായറാഴ്ചയും വൈകുന്നേരം അവിടെ ആൾക്കാർ കൂടാറുണ്ട്, അമിത് ജിയെ കാണാനാണ് ആ ജനക്കൂട്ടം അവിടെ വരുന്നത് എന്ന്. ആദ്യം എനിക്കിതൊരു തമാശയായിട്ടാണ് തോന്നിയത്. അവിടെച്ചെന്നപ്പോൾ ഏകദേശം മൂന്നു മണിയായി. അവിടെ ആരെയും കണ്ടില്ല. ഇന്ന് വൈകിട്ട് അമിത് ജി വരുന്നുണ്ടോ എന്ന് സെക്യൂരിറ്റി ഗാർഡ്സിനോടു ചോദിച്ചു. അവർ പറഞ്ഞു, "അദ്ദേഹം എന്തായാലും വരും, പക്ഷേ, കൃത്യ സമയം പറയാനാവില്ല, വൈകിട്ട് ഏഴേമുക്കാൽ എട്ട് മണി ഒക്കെ ആകുമ്പോഴേക്കാണ് സാധാരണ എത്തുക.' അവരോട് സംസാരിച്ച് ഞാൻ തിരികെ പോകാനൊരുങ്ങുമ്പോൾ അവരിലൊരാൾ എന്നോടു പറഞ്ഞു, "ആളു കൂടും. അതിനാൽ ഒരു നല്ല സ്ഥലം നോക്കി നിന്നോളു, അല്ലെങ്കിൽ തിരക്കാകും'. ഞാനൊന്നും മിണ്ടിയില്ല. അവിടെ മാറി നിന്ന് പതിയെ ഒരു പറ്റിയ സ്ഥലം കണ്ടുപിടിച്ചു.

പിക്കു എന്ന സിനിമയിൽ നിന്ന്

മൂന്നു മണിക്ക് അവിടെ കുറച്ചാളുകൾ, സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഉണ്ടായിരുന്നു. അവരവിടെ റോഡിനെതിർവശത്തായി ആർക്കും തടസ്സമുണ്ടാക്കാതെ വെറുതെ കാത്തിരിക്കുകയാണ്. പതുക്കെപ്പതുക്കെ ആൾക്കാർ കൂടി വന്നു. മുപ്പത് ആളുകൾ എന്നത് അറുപതായി, അറുപത് നൂറ്റിയിരുപതായി, ഏഴുമണിയോടെ നാനൂറോളം പേര് ആ ഗേറ്റിനു പുറത്ത് നിറഞ്ഞു. ആരെയും ശല്യപ്പെടുത്താതെ അവർ ഗേറ്റിനു പുറത്തെ റോഡിനു മറുപുറത്തായി തിങ്ങിക്കൂടുകയാണ്. അതിനിടയ്ക്ക് ഒരു പൊലീസ് വാനും കുറെ പൊലീസുകാരും എത്തി. ഏഴേകാൽ മണി ആയതോടെ ആ വഴിയുള്ള ഗതാഗതം അവർ വേറെ വഴിയിലേക്ക് തിരിച്ചു വിട്ടു. അമിതാഭ് ബച്ചൻ ആൾക്കാരെ കാണാനെത്തുന്നു എന്നത് എല്ലാ ഞായറാഴ്ചകളിലും ഉള്ള ഒരു സംഭവമായതിനാൽ അവർ വേണ്ട തയാറെടുപ്പുകൾ എടുത്തിരിക്കും. കുറെ നേരം കഴിഞ്ഞ് എട്ടു മണി ആയതോടെ അമിതാഭ് ബച്ചൻ എത്തി. കാറിൽ നിന്നിറങ്ങി എല്ലാവരെയും കൈ വീശിക്കാണിച്ചിട്ട് ഉള്ളിലേക്ക് കയറിപ്പോയി. പക്ഷേ, ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയാറായില്ല. അവർ അവിടെത്തന്നെ നിന്നു. കുറെ കഴിഞ്ഞപ്പോൾ വീണ്ടും ആ കൂറ്റൻ ഗേറ്റ് തുറന്നു. ഒരു കാർ ഇറങ്ങി വരുന്നു. അമിതാഭ് ബച്ചൻ തന്നെ ഡ്രൈവ് ചെയ്യുന്നു. അന്ന് വളരെ പ്രശസ്തനൊന്നുമല്ലാത്ത അഭിഷേക് ബച്ചനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആ കാർ ആൾക്കാരുടെ ഇടയിലൂടെ പുറത്തേക്കു പോയി. അതിനു ശേഷമാണ് ആൾക്കൂട്ടം അവിടെ നിന്ന് പിരിഞ്ഞുപോയത്.

പിന്നീടെനിക്കു തോന്നിയത്, അദ്ദേഹം പുറത്തിറങ്ങി അടുത്ത വളവും കഴിഞ്ഞ് വീട്ടിലേക്കു തന്നെ തിരികെ വന്നിട്ടുണ്ടാകാം. സന്ദർശകർ അല്ലാതെ പിരിഞ്ഞു പോകില്ല എന്നദ്ദേഹത്തിനറിയാമായിരിക്കും. താൻ പുറത്തു പോയി എന്നൊരു സന്ദേശം കൊടുക്കാൻ വേണ്ടി മാത്രമാകാം അദ്ദേഹം കാറുമെടുത്ത് രണ്ടാമത് പുറത്തിറങ്ങിയത്. മടങ്ങുന്ന വഴി കൂടെയുള്ളവരുമായി ഞാനിത് സംസാരിച്ചു. ഇതാണ് അമിതാഭ് ബച്ചൻ. വേറെയാർക്കും സ്വന്തമല്ലാത്ത ഒരു സ്നേഹവും ആദരവും ഒക്കെ ഇന്നും ജനങ്ങളിൽ നിന്നു കിട്ടുന്ന ഒരു നടനാണ് അമിതാഭ് ബച്ചൻ. അങ്ങനെ ഞാനും അമിതാഭ് ബച്ചനെ ആദ്യമായി കണ്ടു.

രണ്ടാമത് കാണുന്നതും ഇതുപോലെ തന്നെ വേറെ ഒരു ഡോക്യുമെന്ററിക്കു വേണ്ടിയായിരുന്നു. അത് ബോളിവുഡിനെ കുറിച്ച് Film Board of Canada എടുക്കുന്ന ഡോക്യുമെന്ററി ആയിരുന്നു. അന്ന് രാത്രി ഷൂട്ടിങ് ലൊക്കേഷനിൽ ഞാനെത്തുമ്പോൾ അമിതാഭ് ബച്ചൻ ഒരു പത്തു നാൽപത് ഡാൻസേഴ്സുമായി ഒരു പാട്ടു രംഗം ചിത്രീകരിക്കുന്നു. ഞാൻ കുറച്ചു ദൂരെ നിന്നു കാണുന്നതു കൊണ്ട് സംഭാഷണങ്ങൾ എനിക്കു വ്യക്തമല്ലായിരുന്നു. എങ്കിലും ഞാൻ കാണുന്നത്, അമിതാഭ് ബച്ചൻ എന്തോ പറയുന്നതും ചുറ്റും നിൽക്കുന്ന നാൽപതോളം പെൺകുട്ടികൾ പൊട്ടിച്ചിരിക്കുന്നതുമാണ്. തമാശയെന്തെന്ന് എനിക്ക് പിടികിട്ടിയില്ലെങ്കിലും ഈ രംഗം വളരെ രസകരമായിത്തോന്നി. അന്ന് ഞാനത് ഷൂട്ട് ചെയ്തിരുന്നു. സ്‌ക്രീനിലല്ലാതെ സെറ്റിൽ ഒരു നടൻ ഇങ്ങനെ സഹപ്രവർത്തകരെ രസിപ്പിക്കുന്നത് വളരെ അപൂർവ്വമായ ഒരു കാഴ്ചയാണ്.

അതിനു ശേഷം കുറെയേറെ പരസ്യചിത്രങ്ങളിൽ എനിക്കദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ സാഹചര്യമുണ്ടായി. അപ്പോഴൊക്കെയും ഈയൊരു പ്രത്യേകത ഞാൻ വളരെ താത്പര്യത്തോടെ നിരീക്ഷിക്കുകയായിരുന്നു. കൃത്യസമയത്ത് സെറ്റിലെത്തും. പതിനൊന്നു മണിക്കാണ് അദ്ദേഹം പതിവായി സെറ്റിലെത്തുക. അദ്ദേഹത്തിനു വേണ്ടി ഞങ്ങൾക്കൊരിക്കലും കാത്തുനിൽക്കേണ്ടി വരാറില്ല. അദ്ദേഹം സെറ്റിലെത്തിക്കഴിഞ്ഞാൽ പിന്നെ ആകെ രസമാണ്. കൂടെക്കൂടെ ചില തമാശകൾ പറയും, സെറ്റിലെല്ലാവരെയും ചിരിപ്പിക്കും. അതിനിടക്ക് പണികളും നടക്കും.

സെറ്റിൽ നിന്നിടയ്‌ക്കിറങ്ങിപ്പോവുകയോ കാരവാനിലിരിക്കുകയോ അങ്ങനെയുള്ള ഒരു ശീലവും അദ്ദേഹത്തിനില്ല. മുഴുവൻ സമയവും മറ്റുള്ളവർക്കൊപ്പം സെറ്റിൽ തന്നെയുണ്ടാകും. നല്ല ഉയരമുള്ളതു കൊണ്ടാകും, ഒരു കസേരയിലല്ല അദ്ദേഹമിരിക്കുക. രണ്ടു മൂന്നു കസേര ഒരുമിച്ചിട്ട് അതിനു മുകളിലാകും അദ്ദേഹം ഇരിക്കുന്നത്. അത്യാവശ്യം ഭക്ഷണം കഴിക്കാനോ മറ്റോ പുറത്തു പോകുമെന്നല്ലാതെ സെറ്റിൽത്തന്നെയാകും ബാക്കി സമയം മുഴുവൻ. ചിലപ്പോൾ സെറ്റിലിരുന്നുറങ്ങുന്നുണ്ടാകും. ഉറങ്ങുമ്പോഴും അദ്ദേഹത്തിനു ചുറ്റും നമ്മൾ ജോലി ചെയ്യുകയായിരിക്കും. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട്, സെറ്റിലുള്ളവർ പരമാവധി ശബ്ദമുണ്ടാക്കാതെ ജോലികൾ തുടരും. അദ്ദേഹത്തെ ഉറക്കത്തിൽ നിന്നുണർത്താതെ നമ്മുടെ ജോലികൾ ആ സമയത്ത് ചെയ്തു തീർക്കുവാനുള്ള ഒരു ശ്രമമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുക.

അമിതാബ് ബച്ചൻ / Photo: F.B, Amitab Bachchan

ഇത് ഏതാണ്ട് എല്ലാ സെറ്റിലും ഇങ്ങനെ തന്നെയാണ്. ഞാൻ പരസ്യ ചിത്രങ്ങളിലാണ് കൂടുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. അവിടെയൊക്കെയും അദ്ദേഹം ഇങ്ങനെത്തന്നെയാണ്. സെറ്റിലുള്ളവർക്ക് നല്ല രസമാണ്. പേടിയല്ല, അതിൽ കൂടുതലിഷ്ടമാണ് അമിതാഭ് ബച്ചനോട് എല്ലാവർക്കും. എന്തെങ്കിലും പറഞ്ഞാൽ അദ്ദേഹം തിരിച്ചു പറയുന്നത് അങ്ങനെയാണ്.

ഒരു ദിവസം ഒരു ഷൂട്ടിങ് നടക്കുകയാണ് ഒരു മോട്ടോർ ബൈക്കിൽ അദ്ദേഹം യാത്ര ചെയ്യുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യുന്നത്. രാവിലെ ഷൂട്ടിങ് തുടങ്ങിയതാണ്. ഒന്നു രണ്ടു ഷോട്ടെടുത്തു. ഏതാണ്ട് ഉച്ചയാകാറായി. കുറച്ചു ദൂരെയാണ് ഈ രംഗം നടക്കുന്നത്. ഞാൻ ക്യാമറ കുറച്ചു പിന്നിലേക്ക് വലിച്ച് ഒരു ടെലിലെൻസ് ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നു. അപ്പോൾ അദ്ദേഹം ബൈക്കിൽ നിന്നുമിറങ്ങി എന്റെ നേരെ നടന്നു വരുന്നുണ്ട്. പിന്നിലെന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എനിക്കെന്താണെന്നു മനസ്സിലാകുന്നില്ല. എന്റടുത്തു വന്നിട്ടദ്ദേഹം പറഞ്ഞു, "ഞാനവർക്കിട്ടൊരു പണി കൊടുത്തിട്ടാണ് വന്നിരിക്കുന്നത് ' എന്ന്. എന്തു പറ്റിയെന്നു ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു, "ഹെൽമറ്റില്ല , ഹെൽമറ്റില്ലാതെ ഷൂട്ട് ചെയ്യാൻ പറ്റില്ല, ഇനിയവരതു സംഘടിപ്പിക്കട്ടെ' എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് ഒരു സൈഡിൽ അദ്ദേഹം മാറിയിരുന്നു. ആദ്യം ഇതൊരു തമാശയായിട്ടാണ് എനിക്ക് തോന്നിയതെങ്കിലും പിന്നീടാണതിന്റെ ഗൗരവം മനസ്സിലായത്. ഹെൽമറ്റില്ലാതെ ഷൂട്ട് ചെയ്താൽ സെൻസർ ബോർഡ് ഇതംഗീകരിക്കില്ല. ഇതൊക്കെ ഷൂട്ട് ചെയ്തതിനു ശേഷം, മ്യൂസിക് ഒക്കെ ചേർത്ത് എഡിറ്റിങ്ങും കഴിഞ്ഞതിനു ശേഷം ഫൈനൽ സിനിമയായി സെൻസർ ബോർഡിലെത്തുമ്പോൾ അവർ ഇത് അംഗീകരിക്കാതെ പോയാൽ വീണ്ടും ഷൂട്ട് ചെയ്ത് വീണ്ടും മിക്സ് ചെയ്ത് സൗണ്ട് ചേർത്ത് ഇതിന്റെ എല്ലാ പണികളും പ്രൊഡക്ഷൻ ടീമിന് ആവർത്തിക്കേണ്ടിവരും. ഇത് മുൻകൂട്ടി അറിയാവുന്ന ഒരു മനുഷ്യനാണ് അമിതാഭ് ബച്ചൻ. ഈയൊരു ധാരണ, ഈയൊരു മുൻകരുതൽ ഷൂട്ടിങ് വേളയിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും എഴുതുന്ന ലൈനിനെ കുറിച്ച് വീണ്ടും വീണ്ടും ചർച്ച ചെയ്യും. അതിലുള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹരിക്കാനുള്ള ശ്രമം നടത്തും.

സർക്കാർ എന്ന സിനിമയിൽ നിന്ന്

ഇന്ന് ഞാൻ നോക്കുമ്പോൾ പഴയകാല നടന്മാരും പുതിയ നടന്മാരും തമ്മിലുള്ള ഒരു വലിയ വ്യത്യാസമുണ്ട്. 80-90 കളിൽ വളരെ പ്രസിദ്ധരായിരുന്ന നടീനടന്മാർ ഇന്നും പല സിനിമകളിലും അഭിനയിക്കുന്നുണ്ട്. അവരിൽ പലരുടെയും കൂടെ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇവരുടെ പ്രത്യേകത ഇവർ സിനിമക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. സെറ്റിൽ വന്നു കഴിഞ്ഞാൽ പിന്നെ അവർ സിനിമയിൽ പൂർണ്ണമായും മുഴുകുകയാണ്. തീം ചർച്ച ചെയ്ത് സെറ്റിലെ മറ്റുള്ളവർക്കാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഷൂട്ടിങ് മുന്നോട്ടു കൊണ്ടുപോകുന്നതിലാകും അവരുടെ മുഴുവൻ ശ്രദ്ധയും. പുതിയ തലമുറയിലെ പലരിലും അതു കാണാറില്ല. അവർ വരുന്നു, പോകുന്നു, ആർക്കോ വേണ്ടിയുള്ള ജോലി ചെയ്തു തീർത്തിട്ടു പോകുന്നു എന്ന മനോഭാവമാണ് സെറ്റിൽ പലപ്പോഴും കാണുന്നത്. അവർ സിനിമയെ കാണുന്ന രീതിയും പഴയ സ്കൂൾ ആക്ടേഴ്സ് സിനിമയെ കാണുന്ന രീതിയും രണ്ടാണ്. പഴയ ആക്ടേഴ്സ് കലയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നു ടെക്നിക്കാലിറ്റീസിനെ കുറിച്ച് അത്ര ആശങ്കാകുലരൊന്നുമല്ല. ടെക്നിക്കൽ സൈഡിലുള്ള എന്നെപ്പോലുള്ളവരോടു വന്ന് എങ്ങനെ വേണം എന്നെന്നും ആവശ്യപ്പെടാറില്ല. പുതിയ നടന്മാർ വന്ന് ഇത് ശരിയല്ല, ഈ ആംഗിളിൽ ഞാൻ ശരിയാവില്ല, എന്റെ ലെഫ്റ്റ് പ്രൊഫൈൽ മാത്രം എടുത്താൽ മതി എന്നെല്ലാം പറയും. ഒരു പാട് ഡിമാന്റുകൾ ടെക്നിക്കൽ ടീമിനു മുന്നിൽ വയ്ക്കും. ഇത് രണ്ടു തലമുറയുടെ സിനിമ എന്ന കലയോടുള്ള പ്രതികരണത്തിലെ വ്യത്യാസമാണ്.

അമിതാഭ് ബച്ചനെ ഇന്നും സിനിമയ്‌ക്ക് ആവശ്യമുണ്ട്. എൺപതു വയസ്സു തികയുമ്പോഴും അമിതാഭ് ബച്ചൻ ഇന്നും ഹിന്ദി സിനിമയിൽ വളരെ പ്രസക്തമായ ഒരു സാന്നിധ്യമാണ്. പ്രസക്തമെന്നു ഞാൻ പറയുമ്പോൾ അച്ഛനായിട്ടും മുത്തച്ഛനായിട്ടും ഒക്കെ അഭിനയിക്കുന്ന ഒരു നടൻ മാത്രമല്ല അമിതാഭ് ബച്ചൻ. അദ്ദേഹം അഭിനയിക്കുന്നുണ്ട് എന്നതുകൊണ്ടു മാത്രം ഇന്നും പ്രേക്ഷകർ ആ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നതാണ് പ്രധാനം.

മറ്റൊരു ചെറിയ സംഭവം കൂടി എന്റെ മനസ്സിൽ വരുന്നു. മണി കൗളിന്റെയും കുമാർ സാഹ്നിയുടെയും ഒക്കെ ഒപ്പം ഇന്ത്യൻ സിനിമയിലെ ന്യൂവേവ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന പ്രശസ്തനായ ഛായാഗ്രാഹകനായിരുന്ന കെ.കെ. മഹാജൻ പറഞ്ഞ ഒരു അനുഭവമുണ്ട്. 1969ൽ രണ്ട് പടങ്ങളാണ് അമിതാഭ് ബച്ചന്റെ പേരിലുണ്ടായിരുന്നത്. ഒന്ന് സാഥ് ഹിന്ദുസ്ഥാനി, പിന്നെ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന സിനിമ . വിക്കിപീഡിയ നോക്കിയാൽ കാണാം ഭുവൻ ഷോം നറേറ്റർ അമിതാഭ് എന്ന്. അതേ കുറിച്ച് കെ.കെ. എന്ന് ഞങ്ങൾ ആദരപൂർവ്വം വിളിക്കുന്ന മഹാജൻ എന്നോടു പറഞ്ഞ സംഭവമിതാണ്. ഒരു ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി, മുന്നിലെ മുറുക്കാൻ കടയിൽ നിന്ന് മൃണാൾ സെന്നും കെ.കെ. മഹാജനും കൂടി മുറുക്കാൻ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അവിടെ വരുന്നു ചെറുപ്പക്കാരന് കെ.കെയെ അറിയാം. കെ.കെയുമായി എന്തെല്ലാമോ സംസാരിച്ചു. തിരിച്ചു പോകുന്നു. പോയിക്കഴിഞ്ഞപ്പോൾ അതാരാണ് എന്ന് മൃണാൾ സെൻ കെ.കെയോട് ചോദിക്കുന്നു. കെ.കെ. പറഞ്ഞു. ആ പയ്യൻ സിനിമയിലഭിനയിക്കാനായി ബോംബേയിൽ എത്തിയതാണ്, ഇതുവരെ ഒന്നുമായിട്ടില്ല എന്ന്. ഉടൻ മൃണാൾ സെൻ പറയുന്നു, അവന്റെ ശബ്ദം വളരെ നല്ലതാണ്. നമ്മുടെ സിനിമയിൽ നറേറ്ററായി അവനെ വയ്‍ക്കാം, അവനോട് നാളെ രാവിലെ സ്റ്റുഡിയോയിൽ എത്താൻ പറയു എന്ന്. കെ.കെ. ആ സന്ദേശം അമിതാഭ് ബച്ചന് എത്തിക്കുന്നു. അങ്ങനെ അമിതാഭ് ബച്ചൻ ഭുവൻഷോമിൽ നറേറ്ററായി എത്തുന്നു. അതിൽ അദ്ദേഹത്തിന്റെ ശബ്ദം മാത്രമേയുള്ളു. ചിത്രത്തിന്റെ ക്രെഡിറ്റിൽ അമിതാഭ് ബച്ചൻ എന്നില്ല, അമിതാഭ് എന്നു മാത്രം. കെ.കെ. മഹാജൻ ഈ കഥ പറയുമ്പോഴേക്കും അമിതാഭ് ബച്ചൻ ഹിന്ദി സിനിമയോളം, ഇന്ത്യൻ സിനിമയോളം തന്നെ വളർന്നു വലുതായിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ക്ലാസ്സിക് ആയി മാറിയ ഷോലെ, ദീവാർ, ഡോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ "Angry young man' ആയി തിരശ്ശീലയിലെത്തിയ ആ നടൻ അഞ്ചു പതിറ്റാണ്ടുകൾക്കു ശേഷവും അതേ തിളക്കത്തോടെ നിൽക്കുന്നു.

60 വയസ്സിൽ റിട്ടയർ ചെയ്യുന്ന സ്വഭാവമുള്ള നമ്മുടെ നാട്ടിൽ എൺപതു വയസ്സിലും ഒരാൾ എന്തിനാണ് ജോലി ചെയ്യുന്നത്? അമിതാഭ് ബച്ചനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരേയൊരു കാരണം അദ്ദേഹത്തിന് അഭിനയം ഒരു ജോലിയല്ല എന്നതാണ്. അദ്ദേഹം ഓരോ സിനിമയും ആസ്വദിച്ചു ചെയ്യുന്നു. ആ പാഷൻ നമുക്ക് സ്ക്രീനിൽ കാണാൻ കഴിയുന്നു. അതറിയുന്ന തിരക്കഥാകൃത്തുക്കൾ അദ്ദേഹത്തിനു വേണ്ടി കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിനു വേണ്ടി മാത്രമായി സിനിമകളുണ്ടാകുന്നതും അതു കാണാനായി പ്രേക്ഷകർ കാത്തു നിൽക്കുന്നതും !!!


സി.കെ. മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ച പരസ്യചിത്രങ്ങൾ

Comments