ഇന്നും 'ആൾക്കൂട്ടം' ഇന്ത്യൻ ഭാഷ തന്നെ സംസാരിക്കുന്നു

ആ നോവലിന് ഇപ്പോൾ 50 വയസ്സായി. ഞാനത് ആദ്യമായി വായിക്കുമ്പോൾ അതിനു 17 വയസ്സായിരുന്നു. എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തു വന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൊഴിലാളികളുടെ കുടിയേറ്റത്തെക്കുറിച്ച് ഇത്രയും കൃത്യമായ നിരീക്ഷണം ഒരു പക്ഷെ മലയാള നോവൽ സാഹിത്യത്തിൽ മറ്റധികം കാണണമെന്നുമില്ല

ന്ത്യയിലെ ആഭ്യന്തര തൊഴിൽ കുടിയേറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ആദ്യ മലയാള നോവൽ ഭാഗം ഏതായിരിക്കും? ആ ഗവേഷക ചോദിച്ചു. ഒരു സംശയവുമില്ല, 1987ൽ വായിച്ച ഈ നോവൽ ഭാഗം തന്നെ. "വലിയ തലക്കെട്ടോടു കൂടിയ മെലിഞ്ഞുയർന്ന മനുഷ്യർ. വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് മൂടുപടം വലിച്ചിട്ടു നടക്കുന്ന സ്ത്രീകൾ. രാജസ്ഥാനികൾ ഇന്നു പടയാളികളല്ല. ഒരു ജീവിതം അവർ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഉൽപ്പാദനചര്യയിൽ നിന്ന് വേറിട്ടു ജീവിച്ച അവർ വ്യവസായ യുഗത്തിന്റെ മത്സരണ പ്രവണതയിൽ ചേർന്നിട്ടുമില്ല. കൊല്ലം തോറും മരുഭൂമി ആക്രമിച്ചെടുക്കുന്ന വരണ്ട ഭൂ പ്രദേശത്ത് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ആത്മവീര്യം അവരിൽ അവശേഷിച്ചിട്ടുണ്ടെന്ന് തോന്നുകയില്ല. അതുകൊണ്ട് അവർ അലയാൻ തുടങ്ങി. പിശുക്കൻമാരും കച്ചവടക്കാരുമായവർ അർഥസമ്പാദനത്തിനു വേണ്ടി രാജ്യത്തിന്റെ നാനാഭാഗത്തും താവളമുറപ്പിച്ചു. അതിനു കഴിവില്ലാത്തവർ കൂലിവേല ചെയ്യുവാൻ പുതുതായി പണിയപ്പെടുന്ന അണക്കെട്ടുകളേയും കനാലുകളേയും തേടി കൂട്ടം കൂട്ടമായി പുറപ്പെട്ടു. പഴയ വീര ജീവിതം മറക്കുവാൻ കഴിയാത്തവർ കാടുകളിലേക്കു വലിഞ്ഞു കൊള്ളക്കാരായി. ബാക്കി ശേഷിച്ചവർ ഇന്നു നിരർഥകമായിത്തീർന്ന പഴയ പരാക്രമങ്ങളുടെ അപദാനങ്ങൾ അയവിറക്കി അവിടെത്തന്നെ കൂടി'. (ആൾക്കൂട്ടം/പേജ്-190).

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൊഴിലാളികളുടെ കുടിയേറ്റത്തെക്കുറിച്ച് ഇത്രയും കൃത്യമായ നിരീക്ഷണം ഒരു പക്ഷെ മലയാള നോവൽ സാഹിത്യത്തിൽ മറ്റധികം കാണണമെന്നുമില്ല

ആ നോവലിന് ഇപ്പോൾ 50 വയസ്സായി. ഞാനത് ആദ്യമായി വായിക്കുമ്പോൾ അതിനു 17 വയസ്സായിരുന്നു. എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തു വന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൊഴിലാളികളുടെ കുടിയേറ്റത്തെക്കുറിച്ച് ഇത്രയും കൃത്യമായ നിരീക്ഷണം ഒരു പക്ഷെ മലയാള നോവൽ സാഹിത്യത്തിൽ മറ്റധികം കാണണമെന്നുമില്ല- ആ ഗവേഷകയോട് പറഞ്ഞു.

സ്വന്തം പ്രദേശം തൊഴിലില്ലാത്ത മരുഭൂമിയാകുമ്പോൾ മനുഷ്യർ പുതിയ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നു. ജാതി പീഡനവും ഗ്രാമീണ വ്യവസ്ഥയിലെ അസഹനീയമായ കാര്യങ്ങളും ഗ്രാമത്തിലെ തൊഴിൽ-ആവാസ-പാരമ്പര്യ വ്യവസ്ഥയുടെ തകർച്ചയും വികസന-തൊഴിൽ സങ്കൽപ്പത്തിലുള്ള മാറ്റങ്ങളുമെല്ലാം ഇത്തരം കുടിയേറ്റങ്ങൾക്കും പലായനങ്ങൾക്കും ഇടയാക്കുന്നു. (ഈ ഖണ്ഡികയാണ് പിൽക്കാലത്ത് അഭയാർഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത് എന്നീ നോവലുകളായി വികസിച്ചത് എന്നു കരുതുവാൻ നിരവധി ന്യായങ്ങളുമുണ്ട്).

ബോംബെ നഗരത്തിലേക്ക് അന്നവും അർഥവും അതിജീവനവും തേടി വന്നു കൊണ്ടിരിക്കുന്ന ആൾക്കൂട്ടത്തെക്കുറിച്ച് നോവൽ ഇങ്ങനെ പറയുന്നു: "നഗരത്തിൽ നിത്യവും പുതിയ മനുഷ്യർ വന്നു കൊണ്ടിരുന്നു. പഴയവർ അപൂർവ്വമായേ പുറത്തുപോയുള്ളൂ. പുതിയ ഫാക്ടറികൾ പൊന്തി വന്നു. ചതുപ്പു നിലങ്ങളിലും കുന്നിൻ പുറങ്ങളിലും ജലത്തിന്റേയും വായുവിന്റേയും ആവശ്യം പരിഗണിക്കാതെ തന്നെ പുതിയ കെട്ടിടങ്ങളും കോളനികളും കാട്ടുമരങ്ങൾ പോലെ പൊന്തി വന്നു. എന്നിട്ടും തീരാതെ നിറഞ്ഞു കവിയുന്ന ജനത വഴികളിലും റെയിൽവേ സ്റ്റേഷനുകളിലും തളം കെട്ടി നിന്നു. അവർ കിട്ടുന്ന ജോലികൾ കയ്യടക്കുകയും ലഭിക്കുന്ന ഭക്ഷണം ആർത്തിയോടെ വാരിത്തിന്നുകയും കഴിയുന്നത്ര കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്തു. എങ്ങും തിരക്ക്: വീടുകളിലും, ആഫീസുകളിലും, ഹോട്ടലുകളിലും, തിയേറ്ററുകളിലും. പുതിയ ഒരു സംസ്‌ക്കാരം വളരുകയാണ്- ആൾക്കൂട്ടത്തിന്റെ സംസ്‌ക്കാരം'. (പേജ്-172).

തൊഴിൽ തേടി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ലക്ഷക്കണക്കിനു മനുഷ്യർ നടത്തിയ യാത്രയുടെ കഥയാണ് ആൾക്കൂട്ടം. വിഖ്യാത സഞ്ചാരി ഇബ്‌നു ബത്തൂത്ത മനുഷ്യ ജീവിത യാത്രയെക്കുറിച്ച് ഇങ്ങിനെ പഞ്ഞു: യാത്രകളുടെ തുടക്കത്തിൽ ഒന്നും പറയാൻ വാക്കുകൾ കിട്ടാതെ നിങ്ങൾ പകക്കുന്നു, മൊഴി നഷ്ടപ്പെട്ട് നിശ്ശബ്ദരാകുന്നു, പിന്നെപ്പിന്നെ, പതുക്കെപ്പതുക്കെ നിങ്ങൾ കഥപറച്ചിലുകാരായി മാറുന്നു: ആൾക്കൂട്ടത്തിന്റെ ആദ്യ താളുകളിൽ ആനന്ദ് എന്ന എഴുത്തുകാരൻ അകപ്പെട്ട അന്ധാളിപ്പ് വായനക്കാരന് എളുപ്പത്തിൽ മനസ്സിലാകും, എന്നാൽ താളുകൾ പിന്നിടുമ്പോൾ അദ്ദേഹം ഒരു പാൻ ഇന്ത്യൻ കഥപറച്ചിലുകാരനായി വളർന്നു കൊണ്ടേയിരിക്കുന്നത് തിരിച്ചറിയുകയും ചെയ്യും. ആ വളർച്ചയാണ് ആനന്ദ് എന്ന എഴുത്തുകാരനെ ഭാഷക്ക് സമ്മാനിച്ചതും. ആനന്ദിൽ എല്ലായ്‌പ്പോഴും നാമൊരു ഇന്ത്യൻ കഥ കേട്ടു കൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങളൊന്നും മാറിയില്ലെന്നും അത് കൂടുതൽ രൂക്ഷമായതായും നോവൽ ഇന്ന് വീണ്ടും വായിക്കുമ്പോൾ അനുഭവിക്കുകയും ചെയ്യുന്നു.

'അവർ കിട്ടുന്ന ജോലികൾ കയ്യടക്കുകയും ലഭിക്കുന്ന ഭക്ഷണം ആർത്തിയോടെ വാരിത്തിന്നുകയും കഴിയുന്നത്ര കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്തു. എങ്ങും തിരക്ക്: വീടുകളിലും, ആഫീസുകളിലും, ഹോട്ടലുകളിലും, തിയേറ്ററുകളിലും. പുതിയ ഒരു സംസ്‌ക്കാരം വളരുകയാണ്- ആൾക്കൂട്ടത്തിന്റെ സംസ്‌ക്കാരം'.

"മൈഗ്രന്റ്‌സ് സബേർബ്' എന്ന് ഇന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള നോവലിലെ രേഖപ്പെടുത്തൽ ഇങ്ങിനെയാണ്: എതിർവശത്തുള്ള പട്ടണത്തിലെ തിരക്ക് ഒഴിഞ്ഞുകാണില്ല. ബോംബെ നഗരത്തിനാവശ്യമുള്ള ജോലിക്കാരുടെ ഒരു നല്ല ഭാഗം പ്രദാനം ചെയ്യുന്നത് ഈ പട്ടണമാണ്. അവർ പ്രഭാതം മുതൽ രാത്രി വൈകുന്നതു വരെ വന്നും പോയും കൊണ്ടുമിരിക്കും. പട്ടണം അതിന്റെ പ്രജകളെ സ്വീകരിക്കാൻ രാത്രി വൈകുന്നതു വരെ ഉണർന്നിരിക്കുന്നു. (പേജ് 221).
1970ൽ മലയാളത്തിന് അതുവരെ ഒട്ടും പരിചിതമല്ലാതിരുന്ന ഘടന, ഭാഷ, പ്രമേയം എന്നിവയുമായി "ആൾക്കൂട്ടം' എന്ന ആന്ദിന്റെ ആദ്യ നോവൽ പുറത്തു വന്നു. നോവലിലെ ഈ വാചകങ്ങൾ ഇന്നും വായനക്കാർ മറന്നിട്ടില്ല: വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടി വന്നു നിന്നു. താഴ്‌വരകളും മരുഭൂമികളും താണ്ടിയും നാട്ടിൻപുറങ്ങളെ മറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടിയ വണ്ടി. ഇപ്പോൾ ടെർമിനസ്സിലെ ബഫറുകളിൽ മുട്ടി അതു വിശ്രമിച്ചു: ആൾക്കൂട്ടത്തിൽ നിരവധി കഥാപാത്രങ്ങൾ ഒന്നു ചേരുന്നു, അവർ പല തലങ്ങളിൽ നിന്ന് സംസാരിക്കുന്നു. അതിലൂടെ ആനന്ദ് എന്ന എഴുത്തുകാരൻ അന്നത്തെ ഇന്ത്യൻ യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്നു. ഒരാളല്ല, നിരവധി മനുഷ്യരാണ് ആ നോവൽ താളുകളിൽ സംസാരിക്കുന്നത്, സ്വയം ആവിഷ്‌ക്കരിക്കുന്നത്. ആ നോവലിൽ പറഞ്ഞിരിക്കുന്ന മനുഷ്യാവസ്ഥകൾ ഇന്ന് കൂടുതൽ മോശമായിരിക്കുന്നു. നോവലിന്റെ ആദ്യ വരികൾക്കു ശേഷം, ആ താൾ അവസാനിക്കുന്നതിനു തൊട്ടു മുമ്പായി ഇങ്ങിനെയാരു വാചകമുണ്ട്, ആ വണ്ടി ബഹിഷ്‌ക്കരിച്ച മനുഷ്യരെല്ലാം ഏതേതു വഴികളിൽ കൂടി പോയി?, ഏതു വാതിൽക്കൽ മുട്ടി? എങ്ങെങ്ങൊളിച്ചു? ആർക്കും അറിഞ്ഞു കൂടാ. നോവലിൽ ഊരും പേരും അറിയാത്ത മനുഷ്യരെയാണ് നോവലിന്റെ ആദ്യ വരികളിൽ തന്നെ നമ്മൾ കണ്ടു മുട്ടുന്നത്. ആ വണ്ടി ബഹിഷ്‌ക്കരിച്ച മനുഷ്യർ എന്നാണവരെക്കുറിച്ച് പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ജോസഫ്, രാധ, പ്രേം, സുനിൽ... ഇങ്ങിനെ പേരും മേൽവിലാസവുമുള്ളവരല്ല ആ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയത്. അവരെ ഒരു ആൾക്കൂട്ടമായാണ് നോവൽ ദൃശ്യപ്പെടുത്തുന്നത്. മനുഷ്യരായല്ല.

ഒരു പക്ഷെ ഇന്നാണ് ആനന്ദ് ഈ നോവൽ എഴുതുന്നതെങ്കിൽ ഈ ആൾക്കൂട്ടം കൂടുതൽ കൂടുതൽ ദൃശ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു. ജോസഫും രാധയുമൊക്കെ പിന്നിലേക്കു മറയുകയും 50 വർഷം മുമ്പ് പേരും ഊരുമില്ലാതെ ആൾക്കൂട്ടത്തിന്റെ ഭാഗമാവുകയും ചെയ്തവർ തങ്ങളുടെ ഊരും പേരും പ്രശ്‌നങ്ങളും വ്യക്തമാക്കി തന്നെ നോവലിൽ വരുമായിരുന്നു. ആനന്ദിന്റെ പിൽക്കാല നോവലുകളിലെ കഥാപാത്രങ്ങളിൽ ആൾക്കൂട്ടത്തിലെ അദൃശ്യത ദൃശ്യമാകുന്ന നിരവധി സന്ദർഭങ്ങളുണ്ട്. എന്നാൽ "ആൾക്കൂട്ട'ത്തിൽ അങ്ങിനെ സംഭവിക്കുന്നില്ല. കഥാപാത്ര സങ്കൽപ്പത്തിൽ അന്നെഴുതപ്പെട്ടിരുന്ന നോവൽ രീതികൾ ഒരു പരിധിവരെ ആനന്ദിനേയും ബാധിച്ചതിന്റെ കൂടി ഉദാഹരണമാണിത്. 2017ൽ (ആൾക്കൂട്ടത്തിന് 47 വർഷത്തിനു ശേഷം) മലയാളിയായ ദീപക്ക് ഉണ്ണിക്കൃഷ്ണൻ ഇംഗ്ലീഷിൽ " ടെംപററി പീപ്പിൾ' എന്ന നോവൽ എഴുതി. ഗൾഫിലേക്കുള്ള മലയാളികളടക്കമുള്ള സമൂഹങ്ങളുടെ കുടിയേറ്റമാണ് ഇതിലെ പ്രമേയം. ആ നോവലിന്റെ എഴുത്തു രീതിയിൽ കുടിയേറ്റ തൊഴിലാളി ആൾക്കൂട്ടത്തിന് ദൃശ്യത ലഭിച്ചിരിക്കുന്നത് കാണാം. കുടിയേറ്റ മനുഷ്യർ താൽക്കാലികരാണെന്ന ( അതിഥിത്തൊഴിലാളി എന്ന പ്രയോഗത്തിന്റെ യഥാർഥ അർഥം താൽക്കാലികർ എന്നു തന്നെ. വൻ കെട്ടിടങ്ങളുടെ നിർമിതിക്കു ശേഷം പുറത്താക്കപ്പെടുന്നവരാണെന്ന, അങ്ങിനെയൊരു സമുദായത്തിൽ, അത്തരമൊരു ജാതിയിൽ അംഗങ്ങളാണെന്ന) യാഥാർഥ്യം ദീപക്കിന്റെ നോവൽ പറയുന്നു.

വഴി വക്കിൽ കിടന്നു മരിക്കാൻ ഉപേക്ഷിക്കപ്പെട്ട നിരവധി പേരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നാം കണ്ടു കഴിഞ്ഞു. കല റിയലിസമാണെന്ന തോന്നൽ ഇപ്പോൾ ആനന്ദിനുണ്ടോ എന്ന് വ്യക്തമല്ല

മലയാളികളുടെ തൊഴിൽ-അതിജീവന കുടിയേറ്റത്തിന് ദീർഘമായ ചരിത്രമുണ്ടെങ്കിലും അതിന്റെ വിവിധ വശങ്ങൾ ഇനിയും വേണ്ട വിധത്തിൽ പരിശോധിക്കപ്പെടുകയോ, പഠിക്കപ്പെടുകയോ, അവതരിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. ആനന്ദിനു ശേഷം ദീപക്ക് ഉണ്ണിക്കൃഷ്ണൻ എന്ന മലയാളി എഴുത്തുകാരനാണ് അത്തരമൊരു ശ്രമം നടത്തിയതെന്ന് കാണാം. ദീപക്കിന്റെ നോവലിൽ താൽക്കാലിക മനുഷ്യർക്ക്, ആനന്ദ് പറഞ്ഞ ആൾക്കൂട്ടത്തിലെ അംഗങ്ങൾക്ക് കൂടുതൽ മൂർത്തത, ദൃശ്യത കൈവന്നിരിക്കുന്നു. ഇന്ത്യൻ മൈഗ്രന്റ് എന്ന സമുദായത്തെ അടയാളപ്പെടുത്തുമ്പോൾ, "ആൾക്കൂട്ട'-ത്തെ ദീപക്ക് ഉണ്ണിക്കൃഷ്ണൻ തൊഴിലാളി കുടിയേറ്റത്തെക്കുറിച്ചുള്ള 47 വർഷത്തെ ജ്ഞാനം കൂടി ഉപയോഗിച്ച് കൂടുതൽ ബലപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ആനന്ദിന്റെ "ആൾക്കൂട്ട'ത്തിലെ ദൃശ്യതാ സങ്കൽപ്പമല്ല "ടെംപററി പീപ്പിളി'-ലുള്ളത്. "ടെംപറി പീപ്പിളി'ൽ പല നിലയിലുള്ള കേരളത്തിന്റെ വന്നു പോകലുകൾ നാം കാണുന്നു, "ആൾക്കൂട്ട'-ത്തിലത് വിമോചന സമരത്തെക്കുറിച്ചുള്ള പരാമർശങ്ങളായി പരിമിതപ്പെട്ടിരിക്കുന്നു.

രവീന്ദ്ര നാഥ ടാഗോർ

നീതി രാഹിത്യത്തിലും ആൾക്കൂട്ടങ്ങളിലും സാമൂഹിക ആചാര ധൂർത്തുകളിലും തൊഴിൽ വിഭജനങ്ങളിലും മാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന അടിത്തട്ടിലെ ഇന്ത്യൻ പൗരനെ അന്വേഷിക്കുകയാണ് തന്റെ സർഗലോകത്ത് ആനന്ദ് എല്ലായ്‌പ്പോഴും ചെയ്യുന്നത്. അദ്ദേഹത്തിന്റെ രചനകളുടെ താളുകളിൽ നിന്ന് വായനക്കാരോട് സംസാരിക്കുന്നത് ഇത്തരത്തിൽ അദൃശ്യരാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരാണ്. അവരുടെ ശബ്ദങ്ങളും നിലവിളികളും നമ്മെ പിന്തുടരുന്നു, മറന്നതിനെയെല്ലാം ഓർമകളിലേക്ക് കൊണ്ടു വരുന്നു. "ആൾക്കൂട്ട'-ത്തിനു ശേഷം ഇത്തരത്തിലുള്ള അന്വേഷണവും അവതരണവും ആനന്ദിൽ കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു. "മരുഭൂമികൾ ഉണ്ടാകുന്നതി'ൽ ആ ദൃശ്യത കൊടിയ ആഘാതമുണ്ടാക്കും വിധത്തിൽ വായനക്കാർ അനുഭവിക്കുകയും ചെയ്തതാണ്.

കല റിയലിസമാണോ അല്ലയോ എന്നൊരു ചർച്ച "ആൾക്കൂട്ടത്തി'-ലുണ്ട്: സ്വദേശം വിട്ടു ദേശാന്തരങ്ങളിലേക്ക്, സൂര്യോദയം വിട്ടു സൂര്യാസ്തമനത്തിലേക്ക്, പരിചിതമായ വലയത്തിൽ നിന്നു തിരിഞ്ഞ് അപരിചിതമായ ലക്ഷ്യത്തിലേക്ക്.... നിങ്ങളുടെ പ്രിയപ്പെട്ട ജീവിത സ്വപ്‌നത്തിനു മേൽ പായൽ വന്നു മൂടിക്കൊള്ളട്ടെ, യാത്ര അപ്പോഴും അവസാനിക്കുകയില്ല, പോകുക... പോകുക... മുന്നോട്ടു തന്നെ പോവുക... ബിഭൂതിഭൂഷൺ ബാന്ദ്യോപാദ്ധ്യായയുടെ പഥേർ പാഞ്ചാലിയിൽ നിന്ന് (പേജ്-65).

പഥേർ പാഞ്ചാലി എന്ന സിനിമയും അതിനായി അവലംബിച്ച നോവലും രവീന്ദ്ര നാഥ ടാഗോറും "ആൾക്കൂട്ട'ത്തിൽ ഇടം പിടിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരികത അത്ര തന്നെ ആൾക്കൂട്ടത്തിലുണ്ടെന്ന് തോന്നുന്നില്ല. നോവലിൽ സുനിലും സുന്ദറുമായുള്ള സംഭാഷണത്തിൽ കലയിൽ റിയലിസം സാധ്യമല്ലെന്നും റിയലിസം തുടങ്ങുന്നിടത്തു കല അവസാനിക്കുന്നു, കലയുടെ സ്വഭാവം തന്നെ നാടകീയതാണ് എന്ന് സുന്ദർ പറയുന്നുണ്ട്.

പഥേർപാഞ്ചലിയിലെ ഒരു രംഗം

ഒരു പക്ഷെ അക്കാലത്ത് കലയെക്കുറിച്ചുള്ള ആനന്ദിന്റെ തന്നെ നിലപാടായിരിക്കാം സുന്ദറിലൂടെ നാം കേൾക്കുന്നത്. എന്നാലിന്ന് "ആൾക്കൂട്ടം' വായിക്കുമ്പോൾ റിയലിസത്തേക്കാൾ വലിയ റിയലിസത്തെ നാം അഭിമുഖീകരിക്കുന്നു. അതിലൊന്ന് ഈ അടുത്ത നാളുകളിൽ, ലോക്ക് ഡൗൺ തുടക്കത്തിൽ ഇന്ത്യ നേരിൽ കണ്ടതാണ്: ഇന്ന് ദരിദ്രരേയും തൊഴിലില്ലാത്തവരേയും ചികിത്സിക്കേണ്ടത് ആരും ഒരു ചുമതലായി എടുക്കുന്നില്ല. പ്രതിബന്ധങ്ങളുടെ മുൾവേലികൾക്കകത്ത് അവർ അടയ്ക്കപ്പടുന്നു. വഴിവക്കിൽ കിടന്നു മരിക്കാൻ ഉപേക്ഷിക്കപ്പെടുന്നു. സ്വന്തം ആരോഗ്യം നില നിർത്തുവാൻ വേണ്ടി എല്ലാവരും വെപ്രാളപ്പെട്ടു നടക്കുകയാണ്. ദരിദ്രരെ കാണുമ്പോൾ തങ്ങളുടെ ആരോഗ്യം അവർ അപഹരിച്ചെങ്കിലോ എന്ന് ഭയന്ന് അവർ ഓടിയൊളിക്കുന്നു. ലോകത്തിൽ ആകെയുള്ള ആരോഗ്യത്തിന്റെ അളവു പരിമിതമാണെന്നു തോന്നും. ഒരാൾക്കു നിഷേധിക്കാതെ മറ്റൊരാൾക്ക് നേടാൻ കഴിയില്ല. (പേജ് 142).

വഴി വക്കിൽ കിടന്നു മരിക്കാൻ ഉപേക്ഷിക്കപ്പെട്ട നിരവധി പേരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നാം കണ്ടു കഴിഞ്ഞു. കല റിയലിസമാണെന്ന തോന്നൽ ഇപ്പോൾ ആനന്ദിനുണ്ടോ എന്ന് വ്യക്തമല്ല. അദ്ദേഹം ഇക്കാര്യത്തിൽ തന്റെ കഥാപാത്രത്തോടൊപ്പം തന്നെയാണോ എന്നുമറിയില്ല. പക്ഷെ 50 വർഷം കഴിയുമ്പോൾ ആ നോവലിനെ ഇന്ത്യൻ വ്യവസ്ഥ റിയലിസമാക്കി പരിവർത്തിപ്പിച്ചിരിക്കുന്നു എന്നതിൽ തർക്കമില്ല. കാരണം പേജ് 142ൽ പറഞ്ഞിട്ടുള്ള ആ വാചകങ്ങൾ ഈയടുത്ത ദിവസങ്ങളിലെ ഇന്ത്യൻ ജീവിതത്തിന്റെ അടിക്കുറിപ്പുകളും ചുമരെഴുത്തുകളുമായിരുന്നു.

ലോക്ക് ഡൗണിനു തൊട്ടുമുമ്പ് പൗരത്വ പ്രശ്‌ന സമരത്തിനും മുമ്പുള്ള ദിവസങ്ങളിൽ ബീഫ് ലിഞ്ചിങ്ങ് നടന്ന നേരങ്ങളെ 50 വർഷം മുമ്പേ ആൾക്കൂട്ടം കണ്ടെത്തിയിരുന്നു. അത് ഇങ്ങിനെയാണ്: നാഷണൽ ബേക്കറി ഗോവധ നിരോധനക്കാരുടെ ഒരു പ്രചരണ കേന്ദ്രം കൂടിയാണ്. ഗോവധ നിരോധനത്തിന് ആഹ്വാനം ചെയ്യുന്ന പരസ്യത്താളുകൾ അവിടവിടെ തൂങ്ങിക്കിടക്കുന്നു. വിഭജന കാലത്ത് സിന്ധിൽ നിന്ന് ഓടിപ്പോന്ന ഒരു സനാതന ഹിന്ദുവാണ് അതിന്റെ ഉടമസ്ഥൻ. കടയുടെ മുമ്പിൽ അയാൾ നീളത്തിൽ രണ്ടു കോളങ്ങളുള്ള ഒരു പ്രസ്താവന തൂക്കിയിട്ടിരിക്കുന്നു. പശുവിന്റേയും എരുമയുടേയും പാലിനെ താരതമ്യം ചെയ്യുന്ന കണക്കും കാര്യങ്ങളും. പശുവിന്റെ പാലിൽ നിറയെ ജീവകങ്ങളാണ്; എരുമയുടേതിൽ ഒന്നുമില്ല. പശുവിൻ പാലിന്റെ രുചി അവർണനീയമാണ്. എരുമയുടേതിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. പശു ഒരു പവിത്ര ജീവിയും കാമധേനുവുമാണ്. എരുമയോ കാലന്റെ വാഹനവും! (പേജ്-176). ആ മുന്നറിയിപ്പ് അന്നും ഇന്നും നാം വായിക്കുന്നതും അനുഭവിക്കുന്നതും "നാഷണൽ ബേക്കറി'യിൽ നിന്നു തന്നെ.

ഇന്ത്യയുടെ ഒരിക്കലും അവസാനിക്കാത്ത, പരിഹരിക്കാൻ കഴിയാത്ത അതിർത്തിതർക്കങ്ങളെക്കുറിച്ചും "ആൾക്കൂട്ടം' പലയിടത്തായി പറയുന്നു. "പക്ഷെ, ചൈന ഒരിക്കലും അവരുടെ കീഴിലല്ലാതിരുന്ന ഒരു വലിയ ഭൂ മേഖലയുടെമേൽ അധികാരം അവകാശപ്പെടുകയാണല്ലോ ചെയ്യുന്നത്'- ജോസഫ് പറഞ്ഞു.

കാലത്തിന്റെ അടയാളങ്ങളായ ഓർമകൾ, ഈ ഓർമകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ, അവരിലൂടെ വായനക്കാരനു മുന്നിൽ എത്തുന്ന പാൻ ഇന്ത്യൻ യാഥാർഥ്യങ്ങൾ

"അത് എന്നെങ്കിലും ഇന്ത്യയുടെ കീഴിൽ ആയിരുന്നുവോ? നെഹ്‌റു തന്നെ പറയുന്നു, ലഡാക്കിലെ മഞ്ഞിൽ ഒരു പുൽക്കൊടി പോലും വളരുകയില്ലെന്ന്. നമ്മളോടാരോടും ചർച്ച ചെയ്തിട്ടല്ല ബ്രിട്ടീഷുകാർ അവരുടെ ഭൂപടത്തിൽ ഒരു വര അടയാളപ്പെടുത്തിയത്. ചൈനക്കെന്നപോലെ നമുക്കും ആ വര തീരെ അപരിചിതവും അജ്ഞാതവുമാണ്. നീഫയിലെ മനുഷ്യർ ചൈനക്കാരല്ലെങ്കിൽ ഇന്ത്യക്കാരുമല്ല. നിങ്ങൾക്കറിയാമോ, അവർ പശുവിനേയും പട്ടിയേയും ഭക്ഷിക്കുന്നവരാണ്. ഗോമാംസം ഭക്ഷിക്കുന്നവരെ ബംഗാളിൽ നിന്നും പഞ്ചാബിൽ നിന്നും വേർതിരിച്ച്, അവർക്കൊരു പുതിയ രാജ്യം ഉണ്ടാക്കിക്കൊടുത്തവരാണ് ഇന്ത്യക്കാർ'. ആനന്ദ് ഇത്തരത്തിൽ നോവലിൽ പറയുന്ന "ഇന്ത്യൻ പ്രശ്‌നങ്ങളൊ'ന്നും പരിഹരിക്കപ്പെടുകയല്ല, കൂടുതൽ സങ്കീർണ്ണതകളിലേക്ക് കൂപ്പു കുത്തുകയാണ് ചെയ്തത്. അത് അടുത്ത കാലത്തെ നേപ്പാളിലെ കാലപാനി അതിർത്തി തർക്കത്തിൽ വന്നു മുട്ടി നിൽക്കുന്നു.

"ആൾക്കൂട്ട'-ത്തിൽ മധ്യവർഗത്തിലെ താഴേ തട്ടിലുള്ളവരെയാണ് വായനക്കാർ മുഖ്യമായും അഭിമുഖീകരിക്കുന്നത്. അവർ ദേശീയ പണിമുടക്കിനേയും ശമ്പള പരിഷ്‌ക്കരണത്തേയും ഓഫീസിലെ അസൗകര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവരാണ്. അവരെ ഇങ്ങിനെ ആനന്ദ് അവതരിപ്പിക്കുന്നു: വെളുത്ത സഞ്ചിയും തൂക്കി, വിയർപ്പുകൊണ്ട് മങ്ങിയ കണ്ണാടിയിൽ കൂടി കാണുവാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ട്, അന്നയാൾ വീട്ടിൽ കയറി വന്നത് രാധക്ക് ഓർമ്മയുണ്ട്.അയാളുടെ ജീവിതം അങ്ങിനെ ഒരു ഓട്ടമായിരുന്നു. പലപ്പോഴും അയാൾക്ക് തന്റെ വണ്ടി കിട്ടിയില്ല. പിടികിട്ടിയപ്പോൾ തെറ്റായ ഇടങ്ങളിൽ കയറി. ഇപ്പോൾ ഇതാ വാതിലിൽ നിന്ന് വഴുതി വീണു കിടക്കുന്നു. വണ്ടി പൊയ്ക്കഴിഞ്ഞു. (പേജ് 84).

നോവൽ അവസാനിക്കുന്നത് ഇങ്ങിനെ: സുനിലിന് പെട്ടെന്ന് തന്റെ ഏകാന്തത അസഹ്യമായിത്തോന്നി. മൂട്ടകളേയും ഗൗളികളേയും നേരിട്ടുകൊണ്ട് ഇവിടെ ഇരിക്കുക വയ്യ. രക്ഷപ്പെടണം. അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മുറിക്ക് പുറത്തു കടന്ന് വാതിൽ പിറകിൽ ചാരി നടന്നു. കോണിപ്പടികൾ ഇറങ്ങിയപ്പോൾ അടികൾക്ക് വേഗം കൂടി. കബൂത്തർഖാനയുടെ മുന്നിൽ വെച്ച് അയാൾ ആ ചെറിയ ആൾക്കൂട്ടത്തിൽ എത്തിച്ചേർന്ന് അതിൽ മാഞ്ഞുപോയി!: രാധ ഓർമ്മിക്കുന്ന മനുഷ്യനോ ചെറിയ ആൾക്കൂട്ടത്തിൽ ലയിച്ച സുനിലോ അല്ല ഇന്നോർക്കപ്പെടുന്നത്. ആ ആൾക്കൂട്ടം തന്നെയാണ്. അവരെ നാം വീണ്ടും വീണ്ടും ദേശീയ പാതകളിൽ നടന്നു പോകുന്ന കൂട്ടങ്ങളായി കാണുന്നു, കുഴഞ്ഞും ദാഹിച്ചും വീണു മരിക്കുന്നതും റെയിൽപാളത്തിൽ ഉറങ്ങുമ്പോൾ വണ്ടി കയറി അരയുന്നതും കാണുന്നു. അരനൂറ്റാണ്ടായി അവർ തങ്ങളുടെ വീടുകളിലേക്ക് നടക്കുകയായിരുന്നു. അവരുടെ ശബ്ദങ്ങൾ "ആൾക്കൂട്ട'-ത്തിൽ എല്ലായിടത്തും ചിതറിക്കിടപ്പുണ്ട്. നോവൽ അരനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ അതായിരിക്കും, പേരില്ലാത്ത മനുഷ്യരുടെ ആൾക്കൂട്ടമായിരിക്കും നോവലിലെ കഥാപാത്രങ്ങളേയും നോവലിസ്റ്റിനേയും വായനക്കാരേയും അഭിമുഖീകരിക്കുകയും വിചാരണ ചെയ്യുകയുമെന്ന കാര്യത്തിൽ സംശയമില്ലാത്ത വിധത്തിൽ ഒരു ഇന്ത്യൻ ഭാഷ നാം ഈ നോവലിൽ ഇപ്പോൾ കണ്ടെത്തുന്നു.

മറവിയുടെ സമതലങ്ങളിലൂടെ ജീവിതം മുമ്പോട്ടു പോകുന്നു. കാലത്തിന്റെ അടയാളങ്ങളായ ഓർമകളെ സൂക്ഷിക്കുക കലയ്ക്കും സാഹിത്യത്തിനുമായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. (ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും- ആനന്ദ്, കൊച്ചി മുസിരിസ് ബിനാല പ്രസിദ്ധീകരണം 2018). ആനന്ദിന്റെ സർഗ പ്രപഞ്ചത്തിലേക്കു പ്രവേശിക്കാനുള്ള താക്കോൽ വാചകങ്ങളാണിത്. കാലത്തിന്റെ അടയാളങ്ങളായ ഓർമകൾ, ഈ ഓർമകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ, അവരിലൂടെ വായനക്കാരനു മുന്നിൽ എത്തുന്ന പാൻ ഇന്ത്യൻ യാഥാർഥ്യങ്ങൾ- അഞ്ചു പതിറ്റാണ്ടിലധികമായി തുടരുന്ന അദ്ദേഹത്തിന്റെ സർഗ പ്രവർത്തനങ്ങളെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ അടയാളപ്പെടുത്താം. ഇന്ത്യ എന്ന രാജ്യം മറന്നു കളഞ്ഞ കോടിക്കണക്കായ സ്വന്തം പൗരൻമാരെ ആനന്ദ് നമ്മുടെ മുന്നിലേക്ക് വലിച്ചിടുന്നു. "ഭൂപടം നിർമിക്കുന്നവരും തകർക്കുന്നവരും' എന്ന ചെറുപുസ്തകം ഈ എഴുത്തുകാരൻ തന്നെത്തന്നെ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്ന, എഴുത്തിലേക്ക് ഊറി വന്ന അനുഭവ ലോകത്തെക്കുറിച്ച് സ്വയം സംസാരിക്കുന്നതാണ്.
ആ പുസ്തകം ഇങ്ങിനെ ആരംഭിക്കുന്നു: കൊല്ലം 1962. നവംബർ മാസത്തിലെ നേരിയ തണുപ്പുള്ള ഒരു പ്രഭാതം. ഞാൻ ഇന്ത്യൻ റെയിൽവേയുടെ കിഴക്കു ഭാഗത്തുള്ള അവസാന സ്റ്റേഷനായിരുന്ന ഡിബ്രുഗഡിൽ ഇറങ്ങി. ബ്രഹ്മപുത്രയുടെ തീരത്തെ അലസമായ ഒരു ചെറിയ പട്ടണം. രാത്രി അവിടെ ട്രാൻസിറ്റ് ക്യാമ്പിൽ കഴിച്ച് പിറ്റേന്നു ഞാൻ വൻ നദി കടക്കാൻ ഒരു ആർമി ലോഞ്ചിൽ കയറി: സത്യത്തിൽ ഒരു എഴുത്തുകാരനാകാനുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രകൾ പട്ടാളക്കാരൻ എന്ന നിലയിലായിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അങ്ങിനെയൊരാൾ ഹിംസയുടെ വിവിധ മുഖങ്ങൾ കാണുന്നു. അതയാളെ അഹിംസാവാദിയും മാനവവാദിയുമാക്കുന്നു. ആനന്ദിൽ സംഭവിച്ചത് ഇതാണെന്ന് ഈ ചെറു പുസ്തകം വായിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

രണ്ടോ മൂന്നോ തലമുറകൾ കടന്ന് ആൾക്കൂട്ടങ്ങളിലെ മനുഷ്യരിപ്പോൾ നോവൽ ഭാവനയിൽ നിന്നും ഇറങ്ങി രാജ്യത്തിന്റെ ഹൈവേകളിൽ അലയുന്നു. നടന്ന് നടന്ന് അവരുടെ മടമ്പുകൾ വിണ്ടു പൊട്ടി തേഞ്ഞിരിക്കുന്നു.

ഈ ലേഖനത്തിൽ പലായനം എന്ന ഉപശീർഷകത്തിലുള്ള ഭാഗം ഇങ്ങിനെ തുടങ്ങുന്നു: കൊല്ലം 1971. അതിർത്തിയിലെ ഓരോ വിടവിലൂടെയും അവർ പ്രവഹിച്ചു. അതിർത്തികളൊക്കെ സുഷിര നിബിഡമായിരുന്നു. പാക്കിസ്ഥാൻ ആർമി അവരുടെ തോക്കുകൾ ഇന്ത്യയുടെ നേരെ നിന്ന് മാറ്റി, ഉള്ളിലേക്ക് വലിഞ്ഞ് അകത്ത് സ്വന്തം ജനതയുടെ നേരെ തിരിച്ചു. നിലയ്ക്കാത്ത ഘോഷ യാത്ര പോലെ പാതകളിലൂടെയും തുറസ്സായ സ്ഥലങ്ങളിലൂടെയും മഴയും വെയിലും പരിഗണിക്കാതെ, കിട്ടിയ സാധനങ്ങളും പേറി അവിടുത്തെ മനുഷ്യർ ഇന്ത്യയിലേക്ക് ചലിച്ചു. നിവരാനാവാത്ത കിഴവൻമാരും കിഴവികളും, ഒറ്റത്തുണിയുടുത്ത് ഒക്കത്ത് കുഞ്ഞുങ്ങളുമായി സ്ത്രീകൾ, അവരുടെ തുണിത്തലപ്പ് പിടിച്ച് മൂക്കൊലിപ്പിച്ച് നഗ്നരായ കുട്ടികൾ. തീർച്ചയായും തയ്യാറെടുക്കാൻ അവർക്ക് സാവകാശം ലഭിച്ചിരുന്നില്ല. തീ പിടിച്ച വീട്ടിൽ നിന്നെന്ന പോലെ ഓടുകയായിരുന്നു അവർ. നാന്നൂറ് കൊല്ലം മുമ്പ് ഭയാനകമായ ഒരു പ്ലേഗ് ജനശൂന്യമാക്കിയതും പിന്നീടാരും കയറി താമസിക്കുവാൻ തുനിയാഞ്ഞതുമായ പഴയ ഗൗർ നഗരത്തിന്റെ ഉപേക്ഷിക്കപ്പെട്ടതും കാടുകയറിയതുമായ കെട്ടിടങ്ങളുടേയും പള്ളികളുടേയും ഇരുണ്ട അകത്തളങ്ങളിൽ, പാമ്പിനേയും തേളിനേയും വകവെക്കാതെ അവർ കയറിക്കൂടി. തീ പെരുക്കി, തുണി വിരിച്ച് കുട്ടികളെ കിടത്തി.

പലായനത്തിന്റെ, അഭയാർഥികളുടെ ജീവിതാനുഭവ ദൃശ്യങ്ങൾ (ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം, ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ) ആനന്ദ് നേരിൽ കണ്ടു കൊണ്ടിരുന്നു. അദ്ദേഹത്തിലെ പട്ടാളക്കാരൻ ഇല്ലാതാവുകയും മനുഷ്യൻ ഉണർന്നെണീക്കുകയും ചെയ്തു. അത് മലയാളത്തിന് ആനന്ദ് എന്ന തീർത്തും വ്യത്യസ്തനായ എഴുത്തുകാരനെ സംഭാവന ചെയ്തു. "ആൾക്കൂട്ട'-ത്തിൽ ഈ അനുഭവങ്ങളുടെ ആദ്യ പാളികളുണ്ട്. "അഭയാർഥി'-കളിൽ അത് കൂടുതൽ തീക്ഷ്ണമായി. "മരുഭൂമികൾ ഉണ്ടാകുന്ന'തിൽ കൂടുതലായി വിശദീകരിക്കപ്പെട്ടു. ഇന്ത്യൻ നോവൽ ട്രിലജി എന്നു വിളിക്കാൻ പാകത്തിൽ ഈ രചനകൾ വളർന്നു നിന്നു.

പലായനം ചെയ്യുന്ന മനുഷ്യർ എന്നതാണ് അരനൂറ്റാണ്ടിലേറെയായി ആനന്ദ് അഭിമുഖീകരിക്കുകയും അഭിസംബോധന ചെയ്യുന്നതുമായ മുഖ്യ പ്രമേയം. ആൾക്കൂട്ടത്തിലാണ് അതു തുടങ്ങുന്നത്. രണ്ടോ മൂന്നോ തലമുറകൾ കടന്ന് ആൾക്കൂട്ടങ്ങളിലെ മനുഷ്യരിപ്പോൾ നോവൽ ഭാവനയിൽ നിന്നും ഇറങ്ങി രാജ്യത്തിന്റെ ഹൈവേകളിൽ അലയുന്നു. നടന്ന് നടന്ന് അവരുടെ മടമ്പുകൾ വിണ്ടു പൊട്ടി തേഞ്ഞിരിക്കുന്നു. അവരിപ്പോൾ റിയലിസ്റ്റിക്കല്ലാത്ത കഥാപാത്രങ്ങളല്ല. ആൾക്കൂട്ടത്തിലെ കഥാപാത്രം പറയുന്ന കലയിലെ നാടകീയതയെ വെടിഞ്ഞ് ആ മനുഷ്യർ ഇന്ത്യൻ ഭാഷയിൽ സംസാരിക്കുന്നു, അപ്പോൾ ആൾക്കൂട്ടം പലപ്പോഴുമെന്ന പോലെ ഒരിക്കൽ കൂടി യഥാതഥമായി നമ്മുടെ വാതിലുകളിൽ തട്ടി വിളിക്കുന്നു, അൻപതു വർഷത്തിനു ശേഷവും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒരിന്ത്യൻ നോവലായി ഇന്നും തുടരുന്നത്. 57ലെ പൊതു തിരഞ്ഞെടുപ്പിൽ തുടങ്ങി 62ലെ യുദ്ധത്തിലവസാനിക്കുന്ന കാലഘട്ടത്തെ പശ്ചാത്തലമാക്കി സ്വതന്ത്ര ഭാരതത്തെ പഠിക്കുവാനുള്ള ശ്രമം എന്ന ടാഗാണ് "ആൾക്കൂട്ട'-ത്തിനു ലഭിച്ചിട്ടുളളത്. എന്നാൽ ആ അഞ്ചു വർഷങ്ങളിൽ ഒരു എഴുത്തുകാരനിലേക്കു വന്നു ചേർന്ന അനുഭവങ്ങൾ, ആഖ്യാനങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തേയും ഒരേ പോലെ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും (ഉച്ഛ്വസിക്കുന്നത് കുറ്റകൃത്യം പോലുമാകാവുന്ന, അതു തടയാൻ മാസ്‌ക്ക് ധരിക്കുന്ന ഇക്കാലത്ത്, ശ്വസിക്കുന്നത് വിഴുങ്ങേണ്ടി വരുന്ന, കുടിയേറ്റ തൊഴിലാളിയായതും കുറ്റമായിരിക്കുന്ന ഇക്കാലത്ത് ഈ നോവൽ വായന മറ്റു ചില അനുഭവങ്ങൾ കൂടി തരുന്നു) ചെയ്യുന്നു. "ആൾക്കൂട്ടം' ഇന്നും വായിക്കപ്പെടുന്നത് ഇക്കാരണത്താൽ തന്നെ.

"ആൾക്കൂട്ട'-ത്തിൽ നിന്നുള്ള ഉദ്ധരണികൾ 1987ലെ ഡി.സി ബുക്ക്‌സ് എഡിഷനിൽ നിന്ന്.

Comments