ദൈവം ജനിക്കുന്നത് ഭയത്തിൽ നിന്നാണ്

ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കുന്നയാൾക്കുപോലും വാഹനാപകടത്തിൽ കൊല്ലപ്പെടാതിരിക്കാൻ 50 ശതമാനം മാത്രമേ ഉറപ്പുള്ളു. ബാക്കി 50 ശതമാനം എതിരെയോ പിന്നിലോ വരുന്ന മറ്റൊരു ഡ്രൈവറുടെ കയ്യിലാണ്. ഈ ഭയമാണ് ദൈവമായത്. ദൈവം ഒരു ആശ്വാസമാണ്. കഥ സത്യമോ മിഥ്യയോ എന്നതിലും അതു നൽകുന്ന അനുഭവമാണ് കഥ. ദൈവവവും അനുഭവമാണ്. ട്രൂ കോപ്പി വെബ്​സീൻ 98ാം പാക്കറ്റിൽ ലാസർ ഷൈൻ എഴുതുന്നു...

Truecopy Webzine

ദൈവം ഉണ്ടോ എന്നു ചോദിച്ചാൽ, കഥയെഴുതുന്ന എന്നെ സംബന്ധിച്ച് ഉണ്ട് എന്നാണ് ഉത്തരം. ഫിലോസഫി ക്ലാസിൽ, പ്രൊഫ. സിദ്ധാർത്ഥനോട് പ്രേതമുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ, അദ്ദേഹം തന്ന മറുപടി അതുവരെ ഉണ്ടായിരുന്ന എന്റെ പ്രേതഭയം ഇല്ലാതാക്കി. ഉണ്ടെങ്കിൽ നിനക്കെന്താ, എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. പ്രേതമായി വന്ന് നിന്നെ ഉപദ്രവിക്കാൻ മാത്രം ആരാണുള്ളത് എന്നു പുള്ളി വിശദീകരിക്കുകയും ചെയ്തു. ഭയത്തെക്കുറിച്ചുള്ള മൗലികമായ ഒരു ചോദ്യമാണ് അന്നെനിക്ക് അദ്ദേഹം മടക്കിത്തന്നത്.

ദൈവം ജനിക്കുന്നത് ഭയത്തിൽ നിന്നാണ് എന്ന്​ പിന്നീട് എനിക്കുതോന്നി. ഭയത്തിന്റെ ഉറവിടം എവിടെയാണ്. ഗർഭത്തിൽ ഒഴുകുന്ന സ്വാതന്ത്രമുണ്ട്.
മറ്റേതോ ഗ്രഹത്തിലോ, ബഹിരാകാശ പേടകത്തിലോ എന്ന പോലെ.
അമ്മ ഭൂമിയിലാണെങ്കിലും ഗർഭത്തിനകം ഭൂമിയേയല്ലല്ലോ. ശരീരം ഗർഭത്തിലായിരിക്കെ അനുഭവിക്കുന്നതേയല്ല പെറ്റിങ്ങുവീഴുമ്പോൾ. ഗർഭത്തിനുള്ളിൽ ഇല്ലാതിരുന്ന ഒന്ന്, ഭൂഗുതരുത്വാകർഷണം ശരീരത്തോട് പെരുമാറി തുടങ്ങും. ഭൂഗുരുത്വാകർഷണത്തോടുള്ള ഈ മല്ലിടൽ, മറിഞ്ഞു വീഴുമെന്ന ഭയം. രണ്ടു കാലിലുള്ള അഭ്യാസമെന്ന പിന്നീട് എക്കാലത്തേക്കുമുള്ള സാഹസം തന്നെ ഭയപ്പെടേണ്ട ഒന്നിനെ കുറിച്ചുള്ള കഥകളുടെ ആദ്യാധ്യായം.

കാട്ടിലേക്കു നോക്കൂ. എല്ലാ ജീവികളും ഓരോ നിമിഷവും ഭയത്തിലാണ്. അതിന് കങ്കാരുവെന്നോ സിംഹമെന്നോ ഇല്ല. സിംഹവും കങ്കാരുക്കളും കുഞ്ഞുങ്ങളെയും സ്വന്തം ജീവനും വളഞ്ഞിട്ടാക്രമിക്കുന്ന ചെന്നായ്ക്കളിൽ നിന്ന് രക്ഷപെടുത്താൻ ഓടുന്ന ഓട്ടം. വെള്ളം കുടിക്കാൻ നദിയിലേക്ക് മുഖമടുപ്പിച്ചാൽ ജലമറയിൽ നിന്ന് ഏതുനേരവും കുതിച്ചുയർന്നേക്കാവുന്ന മുതലയും ചീങ്കണ്ണിയും. ഭയത്തിന്റെ കവചം കൊണ്ടാണ് ജീവനെ ജീവികളെല്ലാം സുരക്ഷിതമാക്കിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കുന്നയാൾക്കുപോലും വാഹനാപകടത്തിൽ കൊല്ലപ്പെടാതിരിക്കാൻ 50 ശതമാനം മാത്രമേ ഉറപ്പുള്ളു. ബാക്കി 50 ശതമാനം എതിരെയോ പിന്നിലോ വരുന്ന മറ്റൊരു ഡ്രൈവറുടെ കയ്യിലാണ്. ഈ ഭയമാണ് ദൈവമായത്. ദൈവം ഒരു ആശ്വാസമാണ്. കഥ സത്യമോ മിഥ്യയോ എന്നതിലും അതു നൽകുന്ന അനുഭവമാണ് കഥ. ദൈവവവും അനുഭവമാണ്. അതനുഭവിക്കുന്നവരോട് ദൈവം ഇല്ലെന്ന യുക്തി, യുക്തിഹീനമാണ്.

എനിക്ക് ദൈവമുണ്ട്.
ഞാനാ ദൈവത്തെ ആദ്യം കണ്ടത്, പടിഞ്ഞാറ് ദേവസ്യാച്ചന്റെ പാടത്തായിരുന്നു. കൃഷിക്കുമുൻപ് നിറയെ ഓരു വെള്ളം കയറ്റും പാടത്ത്. നിറഞ്ഞ് കരയിലേക്ക് കവിഞ്ഞ് വരമ്പേത് വയലേതെന്ന് തിരിച്ചറിയാതെ കിടക്കുന്ന പാടത്തിൽ ഒഴുകി നടക്കുകയായിരുന്നു ദൈവം. ഒഴുകി നടക്കുന്ന വാഴപിണ്ടിയുടെ ചെറിയ പന്തൽ. കുരുത്തോല കൊണ്ടുള്ള ചമയങ്ങൾ. അതിനറ്റത്ത് ചെമ്പരത്തി പൂവ്. ആ കാഴ്ച അതേപടി ഇപ്പോഴും ഉള്ളിൽ ഒഴുകി നടക്കുന്നുണ്ട്. തലേരാത്രി അയലത്ത് മണിയടിയും വിചിത്ര ശബ്ദങ്ങളും കേട്ടിരുന്നു. എനിക്ക് വീണ്ടും ഒഴുകി നടക്കുന്ന ആ ദൈവത്തെ നോക്കാൻ ഭയമായിരുന്നു. അതിഘോരമായ ഒരു ഭയം ദൈവത്തിനു ചുറ്റും ഓളം വെട്ടി കിടപ്പുണ്ടായിരുന്നു.

നാലിൽ പഠിക്കുമ്പോൾ, ബുദ്ധന്റെ കഥ പഠിക്കാനുണ്ടായിരുന്നു. ബാലേന്ദ്രൻ സാർ അതൊരു നാടകമായാണ് കളിപ്പിച്ചത്. ശിക്ഷിക്കുന്ന ദൈവങ്ങളിൽ നിന്ന് മാറി ഒരു കണക്ട് കിട്ടിയത് അപ്പോഴാണ്. ഈ പുള്ളി കൊള്ളാമല്ലോ എന്നൊരു തോന്നൽ. തെണ്ടാൻ പോകുന്ന ദൈവം എന്ന നിലയ്ക്കൊരു അടുപ്പം തോന്നി. അക്കാലങ്ങളിൽ പഴനിക്ക് പോകുന്നവർ, ഹരഹരോക്കാർ വീടുകളിൽ വരും. അഞ്ചു പൈസ കൊടുത്താൽ, കൊടുത്ത പൈസക്കുതന്നെ ഭസ്മം കോരി തരും. കല്ലുപെൻസിലും സ്ലേറ്റിന്റെ വക്കും കടിച്ച് ആ മണ്ണ് തിന്നുന്ന ലഹരി ഉള്ള കാലമാണല്ലോ. ഭസ്മത്തിന് അതിലും രുചിയാണ്. പത്തു പൈസ കൊടുത്താൽ കൂടുതൽ ഭസ്മം കിട്ടും. ഈ ഹരഹരോക്കാരുമായി ബുദ്ധന്റെ കഥ കണക്ടായി.

ഇടമറുകിന്റെ യുക്തിവാദവും കേരളശബ്ദവുമെല്ലാം വീട്ടിലുണ്ട്. ദൈവമില്ലെന്നു പഠിക്കാനായിരുന്നു കൂടുതലിഷ്ടം. ദൈവം ഉണ്ടെങ്കിൽ കാണിച്ചു തരൂ എന്നെല്ലാമുള്ള യുക്തി. പള്ളിയിലൊന്നും പോകില്ല. അമ്പലങ്ങളിൽ ഉത്സവത്തിനുപോകും. നാടകവും കളിപ്പാട്ടങ്ങളും കിട്ടുന്ന സ്ഥലമെന്ന കമ്പമുണ്ട്. ക്രിസ്തുമസിന് പുൽക്കൂടുണ്ടാക്കലുണ്ട്. ഇറച്ചിയും മീനുമുണ്ടാക്കി എല്ലാവരേയും വിളിച്ച് സഖാക്കൾക്കും അയൽക്കാർക്കും ഭക്ഷണം കൊടുക്കൽ ചാച്ചന്റെ ഇഷ്ടമാണ്. അമ്മച്ചിയുടെ ആഗ്രഹത്തിന് ആദ്യകുർബ്ബാന സ്വീകരിക്കാൻ പ്രാർത്ഥനകൾ കാണാതെ പഠിച്ചു. വെള്ളക്കുപ്പായമെല്ലാം വാങ്ങി. ടെസ്റ്റുകളിലെല്ലാം പാസായി. കുമ്പസരിക്കാൻ ചെന്നപ്പോൾ, അച്ചൻ എല്ലാവരുടേയും മുന്നിൽവെച്ച് അപമാനിച്ചു, ചാച്ചനെ വിളിച്ചുകൊണ്ടുവന്നാലേ കുമ്പസരിപ്പിക്കുകയുള്ളെന്ന്. അഞ്ചിലോ മറ്റോ ആണ് ഞാൻ. ഇപ്പോഴും ഓർക്കുന്നുണ്ട് അപമാനിക്കപ്പെട്ട് ലജ്ജിച്ച ആ കുഞ്ഞുമനസ്. ഞാൻ കരഞ്ഞു പോയി. അന്നൊരു ഇലക്ഷൻ കാലമാണ്. ചാച്ചൻ നാട്ടിലെവിടെയോ പ്രചാരണത്തിലാണ്. ഞാൻ പള്ളിയിൽ നിന്നോടി. എവിടെയാണ് പരിപാടി നടക്കുന്നതെന്ന് ആരൊക്കയോ പറഞ്ഞു തന്നു. തെക്ക് വെട്ടിക്കാട്ട് കിണറ്റിനു സമീപം പ്രസംഗം നടക്കുന്നിടത്ത് ചാച്ചനുണ്ട്. എന്റെ കരച്ചിലും വെപ്രാളവും കണ്ട്, ചാച്ചന് ദേഷ്യമായി. പിന്നീട് ജീവിതത്തിൽ അത്രയേറെ ഞാൻ അപമാനിതനായിട്ടില്ല.

ആ രാത്രി ഞാനോർക്കുന്നു.
പിറ്റേന്ന് വെള്ളക്കുപ്പായമൊക്കെയിട്ട്, ആദ്യ കുർബ്ബാന കൈക്കൊള്ളുന്ന ആഘോഷത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. അമ്മച്ചി എന്നെ സമാധാനിപ്പിക്കുകയോ, പള്ളിയിൽ പോകാത്ത ചാച്ചനെ വിമർശിക്കുകയോ ചെയ്യുന്നുണ്ട്. പള്ളിയിലെ അച്ചനും നല്ല ചീത്ത അമ്മച്ചി പറയുന്നുണ്ട്. ചാച്ചൻ വരാൻ ഞാൻ കാത്തിരിക്കുകയാണ്. അച്ചനെ കണ്ടെന്നും അതിരാവിലെ എനിക്കു മാത്രമായി കുമ്പസാരം നടത്തി കുർബ്ബാന സ്വീകരിപ്പിക്കാൻ അച്ചൻ സമ്മതിച്ചെന്നും ചാച്ചൻ പറഞ്ഞു. ചാച്ചനും സഖാക്കളും അച്ചനെ പോയി കണ്ടെന്നും കുത്തിനു പിടിച്ചു എന്നും പിന്നീട് കഥയായി കേട്ടു. അതായത് തിരുമേനി ചാച്ചനും സഖാക്കളും അച്ചന്റെ കുത്തിനു പിടിച്ചു കിട്ടിയതാണ് എന്റെ കുർബ്ബാന എന്ന കൂദാശ എന്നാണ് കഥ. ഒരു കൊച്ചിന്റെ മനസിനെ വേദനിപ്പിക്കാൻ ഒരു മടിയുമില്ലാത്ത അച്ചന്റെ കുത്തിന് ഞാനായാലും പിടിക്കും.

നാട്ടിൽ അമ്പലങ്ങളും കാവുകളും കുടുംബക്ഷേത്രങ്ങളുമാണ് കൂടുതൽ. പള്ളിയായി ഒന്നേയുള്ളു. പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷിക്കുന്ന കൗമാരത്തിലേക്ക് എത്തിയപ്പോൾ, എനിക്ക് ഒളേപ്പ് തേവരോട് ഒരു ഭക്തി കിട്ടി. പ്രമോദിന്റെ കയ്യിൽ വഴിപാടിന് കാശൊക്കെ കൊടുക്കും. എനിക്ക് വഴിപാട് കഴിക്കുന്നതൊക്കെ ഇപ്പോഴും ഇഷ്ടമാണ്. വഴിപാടിയി കിട്ടുന്ന പായസവും നേദ്യങ്ങളുമെല്ലാം ഇഷ്ട രുചിയാണ്. പഞ്ചഗവ്യമടക്കം. ഏറ്റവുമിഷ്ടം മൂകാംബികയിലെ ലഡുവാണ്.

അഥവാ, ദൈവം ഉണ്ടെങ്കിലോ?
ലാസർ ഷൈൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 98

Comments