പ്രമുഖ തമിഴ് സിനിമ സംവിധായകന്‍ മിഷ്‌ക്കിന്‍ എഴുതിയ രണ്ട് ഇംഗ്ലീഷ് കവിതകളുടെ വിവര്‍ത്തനം
16 Jul 2020, 12:20 PM
കാറ്റിന്റെ അതിര്‍ത്തികള്‍
എന്റെ പേര് രവി കാര്‍മേഘം
താമസം ഈറോഡ്, തമിഴ്നാട്, ഇന്ത്യ
സുഖമില്ലാത്ത അമ്മയോടൊപ്പം വാടകവീട്ടില്‍ ജീവിതം
ബേക്കറിപ്പണിയാണ്
കല്ല്യാണം കഴിച്ചിട്ടില്ല
കമ്രാന്‍ അഷ്റഫിന്റെ താമസം
ലഖു റോഡ്, റാവല്‍പിണ്ടി, പാക്കിസ്ഥാന്‍
ചെറിയ വാടകവീടാണ്
വയസ്സായ അച്ഛനും വിധവയായ പെങ്ങളുമുണ്ട്
ഒരു മുല്ലപ്പൂക്കടയിലാണ് പണി
ഇരുപത്തിമൂന്ന് വര്‍ഷമായി ഞങ്ങള്‍ കൂട്ടുകാരാണ്
ഇതുവരെ നേരില്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല
സത്യത്തില്‍ ഞാന്‍ എന്നൊരാള്‍ ഭൂമിയില്‍ ഉണ്ടെന്ന് അയാള്‍ക്കറിയില്ല
അയാള്‍ ഉണ്ടെന്ന് എനിക്കും
എങ്കിലും ഞങ്ങള്‍ അടുത്ത മിത്രങ്ങള്‍
രണ്ടുപേര്‍ക്കും ഒരേ ഇഷ്ടങ്ങള്‍
മെഹ്ദി ഹസ്സന്‍ ഗസലുകള്‍
നാരങ്ങാഅച്ചാര്‍
ഫില്‍റ്റര്‍ കാപ്പി
റൂമി
ഇഷ്ടപ്പെട്ട സിനിമ 'അണ്‍ഫൊര്‍ഗിവണ്‍'
മോര്‍ഗന്‍ ഫ്രീമാന്‍ ഇഷ്ടനടന്‍
ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു
എന്നെ പട്ടാളത്തിലെടുത്തു
എസ് 16 മേഖലയിലെ യുദ്ധമുഖത്താണ്
സൈറണുകള്‍... ആജ്ഞകള്‍... ആക്രോശങ്ങള്‍...
കോലാഹലങ്ങള്‍... ഉത്തരവുകള്‍...
വെടി... പുക... തലങ്ങും വിലങ്ങും ഓടുന്ന മനുഷ്യര്‍...
മുഴുശവങ്ങള്‍... പാതി മരിച്ചവര്‍...
ആയുധങ്ങളും അവയവങ്ങളും ചിതറിക്കിടക്കുന്നു...
വെറി... ഭ്രാന്ത്...
ഒരു ശത്രുവിനെ ഞാനും വെടിവെച്ചിട്ടു...
ചരിഞ്ഞുകുത്തി വീഴുമ്പോള്‍ അവന്റെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു
മിച്ചമുള്ള ജീവന്‍ കയ്യിലെടുത്ത് അവന്‍ എന്റെ അടിവയറ്റില്‍ വെടിയുതിര്‍ത്തു
കാറ്റിന്റെ അതിര്‍ത്തികള്‍ എന്റെ നട്ടെല്ല് തുളച്ചു കടന്നുപോകുന്നത് ഞാനറിഞ്ഞു
വായില്‍ തുരുമ്പ് ചുവയ്ക്കുന്നു
അവനും ഞാനും അടുത്തടുത്ത് ചുരുണ്ടു കിടന്നു
അവന്റെ ദേഹത്തിന് സേലത്തെ മുല്ലപ്പൂക്കളുടെ മണം
‘അമ്മേ...' അവന്‍ ദയനീയമായി കരയുന്നു
ഞാന്‍ മേലേ തിളയ്ക്കുന്ന സൂര്യനെ നോക്കി
പിന്നെ അവന്റെ തവിട്ടു തലമുടിയില്‍ വെറുതെ തലോടി
പെട്ടെന്ന്...
എവിടെനിന്നോ ഒരു കട്ടിക്കമ്പളം ഞങ്ങള്‍ക്കുമേല്‍ വന്നു വീണു
സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണരുമ്പോള്‍
ഞാന്‍ മരിച്ചിരുന്നു.
മുഴങ്ങുന്ന കുതിരകള്‍
ഒണ്ടാറിയോവിലുള്ള അല്‍ഗോണ്‍ക്വിന്‍ പാര്‍ക്കിലേക്കാണ്
ക്യാനഡയിലെ ആദിമനുഷ്യരുടെ പുണ്യഭൂമി
കാറും കാഴ്ചകളും നൂറുമൈല്‍ വേഗത്തില്‍ പായുന്നു
ഏതോ ഫാമിന്റെ വേലിയ്ക്കു മേലേ ഒരു സംഘം കുതിരകള്‍ തലനീട്ടി
‘പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുന്നു', ഗേറ്റിനുമുമ്പില്‍ ബോര്‍ഡ്
മണിക്കൂറുകള്‍ യാത്രചെയ്തു വന്നതാണ്
നിരാശയോടെ മടക്കം
വഴിയിലേക്ക് കണ്ണുനീട്ടി കുതിരകള്‍ അവിടെത്തന്നെയുണ്ട്
ബന്ധുവിനോട് ഞാന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു
അഞ്ചംഗങ്ങളുടെ സ്‌നേഹമുള്ള ഒരു കുതിരക്കുടുംബം
ഞാന്‍ ഫോണെടുത്ത് ഫോട്ടോയെടുപ്പ് തുടങ്ങി
കുതിരകള്‍ എന്നെ തറപ്പിച്ച് നോക്കി
ഞാന്‍ കാറില്‍നിന്നിറങ്ങിയപ്പോള്‍ അവ ഭീതിയോടെ ചെവിപൊക്കി
സൂത്രത്തില്‍ ഓരോ ചുവടും വെച്ച് ഞാന്‍ അവയ്ക്കരികിലേക്ക്
സംശയത്തോടെ കുതിരകള്‍
ലെന്‍സിലൂടെ നോക്കിക്കൊണ്ട് പടപടാ ഞാന്‍ ഫോട്ടോ എടുത്തുകൊണ്ടിരുന്നു
കനല്‍നോട്ടങ്ങളോടെ കുതിരകള്‍
അപ്പോഴാണ് എനിക്ക് പിഴച്ചത്
കുതിരക്കൂട്ടത്തിന്റെ ഗാംഭീര്യം ഒരു ലോ ആംഗിളില്‍ ഒപ്പിയെടുക്കാന്‍
ഞാന്‍ റോഡിലേക്ക് കിടന്നു
നൊടിയിടയില്‍ കുതിരകള്‍ മറഞ്ഞുകളഞ്ഞു
എന്റെ സംവിധായക ബുദ്ധിയെ ശപിച്ചുകൊണ്ട് ഞാനെഴുന്നേറ്റു
അഞ്ഞൂറുവാര അകലെ മനുഷ്യരാല്‍ മെരുക്കപ്പെട്ട ആ വനജീവികള്‍ നില്‍ക്കുന്നുണ്ട്
രണ്ടുകാല്‍ മൃഗങ്ങളോടുള്ള പുരാതനമായ ഭയത്തോടെ
അവ ഉരുമ്മിപ്പോയതിന്റെ ചൂട് വേലിക്കമ്പികള്‍ക്കു മേലെ ഇപ്പോഴുമുണ്ട്
പെട്ടെന്ന് കുട്ടിക്കാലത്തുനിന്ന് പൊന്തിവന്ന ഏതോ ഒരോര്‍മ്മയില്‍
രണ്ട് കയ്യും നീട്ടി ഒരു ഭിക്ഷക്കാരനെപ്പോലെ ഞാന്‍ വിളിച്ചു
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
ഒന്നിനോടൊന്ന് ഒട്ടിനിന്നുകൊണ്ട് കുതിരകള്‍ എന്നെത്തന്നെ തുറിച്ചുനോക്കി
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
ആഴക്കിണറ്റില്‍നിന്നെന്നപോലെ ഞാന്‍ വിളിച്ചുകൊണ്ടിരുന്നു
ഒരു ആണ്‍കുതിരക്കുട്ടി എനിക്കുനേരെ നേരിയ കുതിരനട നടക്കാന്‍ നോക്കി
അമ്മക്കുതിര മിന്നല്‍പോലെ വന്ന് അവനെ തടഞ്ഞു
കൈകാലുകളിളക്കി ഞാന്‍ വിളിച്ചുകൊണ്ടേയിരുന്നു
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
എന്റെ വിളികള്‍ ഫാമിനുള്ളില്‍നിന്ന് തിരിച്ചുമുഴങ്ങി
കുതിരകള്‍ അനങ്ങാന്‍ കൂട്ടാക്കിയില്ല
ഒടുവില്‍ തൊണ്ടയടഞ്ഞു മൗനമായി ഞാന്‍ വേലിയില്‍ ചാരിനിന്നു
കാറിന്റെ ഇരുമ്പിനുള്ളില്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ അടച്ചുമൂടി ഒരു മനുഷ്യക്കുടുംബം
വേലി ഇരുമ്പുകള്‍ക്കപ്പുറം തുറന്ന വെളിയില്‍ ഭയപ്പാടോടെ ഒരു മൃഗക്കുടുംബം
നടുവിലെവിടെയോ ഞാന്‍
ഭയപ്പെടുത്തുന്ന നിശ്ശബ്ദത
അപ്പോള്‍ ആ അത്ഭുതം സംഭവിച്ചു
കുതിരക്കുടുംബനാഥന്‍ മെല്ലെ എന്റെ നേരെ നടന്നു തുടങ്ങി
പിന്നാലെ അവന്റെ പ്രിയപ്പെട്ടവര്‍
ഞാന്‍ ഉറഞ്ഞു നിന്നുപോയി
വാനുയരത്തില്‍ കുതിരകള്‍ ഒറ്റക്കെട്ടായി നടന്നു വന്നു
വേലിപ്പുറത്തേക്ക് തലകള്‍ നീട്ടി അവ എന്റെമേല്‍ മുഖമുരുമ്മി
കൈകള്‍ ഉയര്‍ത്തി കടുംതവിട്ടു നിറമുള്ള ആകാശത്തെ ഞാന്‍ തൊട്ടുതലോടി.
Adv. Subaidha Latheef
17 Jul 2020, 02:05 AM
Excellent work Apt and suitable titles Ease and fantastic transalation.
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
മധു റഹ്‌മാൻ
22 Jul 2020, 11:16 PM
സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുമ്പോൾ ഞാൻ മരിച്ചിരുന്നു... കവിതയുടെ കത്തിപ്പെരുക്കലിന്റെ തൃശൂർപൂരം ഈ വരികളിൽ കാണുന്നു.