വിഴിഞ്ഞം തുറമുഖം:
സർക്കാർ പറയുന്ന നുണകൾ
വിഴിഞ്ഞം തുറമുഖം: സർക്കാർ പറയുന്ന നുണകൾ
ഇന്ത്യയിലെ കല്‍ക്കരി ഖനികളും വിമാനത്താവളങ്ങളും അദാനിക്ക് കൈമാറുന്നതില്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഗുജറാത്തിൽ മോദിയുടെ ഭരണാരോഹണത്തോടെ പൊതുവിഭവങ്ങളും പൊതുമേഖല സമ്പത്തും പൊതുമേഖലാ ബാങ്കിംഗ് സമ്പത്തും ഊറ്റിയെടുത്ത് തടിച്ചുകൊഴുത്ത അദാനിയെ തിരുവനന്തപുരത്ത് കുടിയിരുത്തിയ ഉമ്മൻ ചാണ്ടിയുടെയും അദാനിക്കുവേണ്ടി രാജ്യസന്നത്ത് തീറെഴുതിക്കൊടുക്കുന്ന നരേന്ദ്ര മോദിയുടെയും കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കയറിയിരിക്കുന്നതെന്തിനെന്ന് കേരള ജനതക്കു മനസ്സിലാകുന്നില്ല.
5 Dec 2022, 04:34 PM
2022 ജൂലൈ 20 മുതൽ വിഴിഞ്ഞം അദാനി തുറമുഖ കവാടത്തിൽ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം ശക്തമായി തുടരുകയാണ്. നവംബർ 26 നും 27 നും വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങൾ സമരത്തെ വലിയ വിവാദത്തിലെത്തിച്ചിരിക്കുന്നു. രാജ്യദ്രോഹികളും ഗൂഢാലോചനക്കാരും വികസനം മുടക്കികളുമായി സമരക്കാരെ മുദ്ര കുത്തുന്ന നിലപാടുകൾ കർക്കശമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയഘനും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ഡോ. തോമസ് ഐസക്കുമൊക്കെ.
കേരള തീരത്തിന്റെ പ്രത്യേകത കൊണ്ട് കടലിലെ നിർമ്മാണ പ്രവൃത്തികളിൽ അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്ന് അംഗീകരിക്കുമ്പോഴും വിഴിഞ്ഞം തുറമുഖത്തിന്റെ വികസന അനുരണനങ്ങൾ കണക്കിലെടുത്ത് പ്രതികൂല പ്രത്യാഘാതങ്ങൾക്കെതിരെ പ്രതിരോധവും നഷ്ടപരിഹാരത്തിന്റെയും സമീപനമാണ് കൈക്കൊള്ളേണ്ടത് എന്നാണ് തോമസ് ഐസക്ക് വാദിക്കുന്നത്. പദ്ധതിയുടെ നല്ലൊരു പങ്ക് തീർന്നെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് അടുപ്പിക്കാൻ കഴിയുമെന്ന സ്ഥിതിയായി എന്നും അദ്ദേഹം അവകാശപ്പെടുന്നു. വിദഗ്ധരെ വച്ച് പാരിസ്ഥിതികാഘാത പഠനം നടത്താം, എന്നാൽ പദ്ധതി നിർത്തിവെക്കാനാകില്ല, 6000 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകും എന്നതിന്റെ
അടിസ്ഥാനത്തിൽ വലിയൊരു തലസ്ഥാന മേഖലാ വികസന പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട് എന്നും 70 കിലോമീറ്റർ നീളമുള്ള ആറുവരി പാത വികസിപ്പിക്കുമ്പോൾ അതിന്റെ ഇരുവശങ്ങളിലുമായി വൈജ്ഞാനിക നഗരങ്ങൾ, ലോജിസ്റ്റിക് പാർക്ക്, വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവർക്ക് രൂപം നൽകുമെന്നും 60,000 കോടി രൂപയുടെ നിക്ഷേപം ഇക്കാര്യത്തിൽ ഉണ്ടാക്കുമെന്നും അദ്ദേഹം വാദിക്കുന്നു. വിഴിഞ്ഞം പദ്ധതി തിരുവനന്തപുരത്തിന്റെ മൊത്തം വികസന കാഴ്ചപ്പാടിന്റെ മർമകേന്ദ്രമായി മാറുകയാണെന്നും 50 മീറ്ററിനകത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നും അദ്ദേഹം അവകാശപ്പെടുന്നു. വിഴിഞ്ഞം അദാനിയുടെ പദ്ധതി അല്ലെന്നും കേരള സർക്കാരിന്റെ പദ്ധതിയാണ് എന്നുമുള്ള അതിരുകവിഞ്ഞ അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നു.

പദ്ധതിയുടെ വിശാല ഗുണഭോക്താക്കളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷീയമായി തങ്ങൾ പറയുന്നിടത്ത് കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ക്രിസ്ത്യൻ പുരോഹിതർ ആലോചിച്ചിട്ടുണ്ടോ എന്ന് ഭീഷണി സ്വരത്തിൽ ചോദിക്കുന്നുമുണ്ട് അദ്ദേഹം.
മണ്ണെണ്ണ സബ്സിഡിയുടെയും തുറമുഖ നിർമാണം നിർത്തുന്നതിന്റെയും കാര്യങ്ങൾ ഒഴിച്ച് ബാക്കി അഞ്ച് ആവശ്യങ്ങൾ പരിഹരിച്ചു എന്നാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറയുന്നത്. വിഴിഞ്ഞത്തു നടക്കുന്നത് വികസന വിരോധികളുടെ ആക്രമണമാണെന്നും 80 ശതമാനവും പദ്ധതി പൂർത്തിയാക്കിയിരിക്കുകയാണ് എന്നും സംസ്ഥാന വികസനത്തിന് വിഴിഞ്ഞം പദ്ധതി അനിവാര്യമാണെന്നും എം.വി. ഗോവിന്ദനും അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയും സമരക്കാർക്കെതിരെ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്.
വികസനവാദത്തിന് പൊതുവിൽ സ്വീകാര്യതയുള്ള പ്രദേശമാണ് കേരളം. വലിയ വാഗ്ദാനങ്ങൾ ഉൾച്ചേർന്നുവരുന്ന വികസന പദ്ധതികൾ റിയൽ എസ്റ്റേറ്റ് വ്യാപാര വിപുലനത്തിന് സഹായിക്കുക വഴി അടിത്തട്ടിൽ പണമൊഴുക്ക് ഉണ്ടാക്കുന്നതുകൊണ്ട് പൊതുവിൽ സ്വീകാര്യമാവുന്ന കാഴ്ചയാണ് ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ നാം കണ്ടത്. എന്നാൽ കൊട്ടിഘോഷിച്ച കെ-റെയിൽ പദ്ധതിക്ക് സ്വീകാര്യത ലഭിച്ചതും ഇല്ല. വികസനത്തോടുള്ള പൊതു സമീപനത്തെക്കുറിച്ചും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂർത്തീകരണം വൻ വികസന ക്കുതിപ്പിനിടയാക്കുമെന്ന അവകാശവാദത്തെക്കുറിച്ചും സമരത്തിന്റെ
ന്യായാന്യായങ്ങളെക്കുറിച്ചും പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്
80% പണിപൂർത്തീകരിച്ച വിഴിഞ്ഞം തുറമുഖനിർമാണ പ്രവൃത്തികൾ നിർത്തിവെക്കാനാവില്ല എന്ന സർക്കാറിന്റെ വാദം ആദ്യം പരിശോധിക്കാം.
26.10.2022 ന് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു മറുപടിയിൽ പുലിമുട്ട് 33%, ഡ്രെഡ്ജിംഗ് & റി ക്ലമേഷൻ 33%, പ്രീ കാസ്റ്റ് ഘടകങ്ങൾ സ്ഥാപിക്കൽ 34%, കണ്ടെയ്നർ യാർഡ് നിർമ്മാണം 18% എന്നിങ്ങനെ പൂർത്തിയാക്കി എന്നാണ് അറിയിച്ചത്. പൈലിംഗ് ജോലി മാത്രമാണ് തീർന്നത്. കരാർ പ്രകാരം ആദ്യഘട്ട നിർമാണം 2019 ഡിസമ്പർ 3ന് പൂർത്തിയാക്കേണ്ടിയിരുന്നു. ആ കാലാവധിക്കുശേഷം ദിവസം 12 ലക്ഷം രൂപ തോതിൽ കമ്പനി സർക്കാറിന് നഷ്ടപരിഹാരം നൽകണം. സർക്കാർ ഈ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ആർബിട്രേഷനു പോവുകയാണ് തുറമുഖ കമ്പനി ചെയ്തത്. നിശ്ചയിച്ച പൂർത്തീകരണ തീയ്യതിയായ 2019 ഡിസമ്പർ 3ന് ശേഷം നിർമാണാനുമതി നീട്ടി നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിലുണ്ട്. 80 % പണി പൂർത്തിയായെന്ന സർക്കാർ വാദങ്ങളുടെ പൊള്ളത്തരവും 6000 കോടി രൂപ ഇതിനകം ചെലവഴിച്ചുവെന്ന തോമസ് ഐസക്കിന്റെ അവകാശവാദവും വിവരാവകാശ രേഖ തുറന്നു കാട്ടുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട 7 ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചുവെന്നും തുറമുഖ നിർമ്മാണം നിർത്തിവെക്കാനാവില്ലെന്നും സർക്കാർ അന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ വാസ്തവം എന്താണ്?
ആവശ്യങ്ങൾ: സർക്കാർ നുണ പറയുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക എന്നതാണ് ഒന്നാമത്തെ ആവശ്യം.
കേരള തീരത്തുണ്ടാവുന്ന തീരശോഷണം പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും തീരം വീണ്ടെടുക്കുന്നതിനും ഗൗരവമായ ഒരു സമീപനമല്ല കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 2007 ആഗസ്റ്റിൽ ഐ.ഐ.ടി മദ്രാസിലെ ഓഷ്യൻ എന്‍ജിനീയറിങ് ഡിപ്പാർട്ട്മെൻറ് (പ്രൊഫ. വി. സുന്ദർ, ഡോ. കെ. മുരളി) കേരളത്തിന്റെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റുമായി സംയുക്തമായി നടത്തിയ പഠനത്തെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിഗണിക്കുകയോ നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. 2019 ൽ ഈ സർക്കാരിന്റെ കാലത്താണ് ശംഖുമുഖം മുതൽ വലിയതുറ വരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി നിർദ്ദേശിച്ചതനുസരിച്ച് തീരത്തുനിന്ന് മാറി കടലിൽ ജിയോ ട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ പരീക്ഷണം ഏറെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചിട്ടില്ല. യഥാർത്ഥത്തിൽ തീരസംരക്ഷണത്തെ സംബന്ധിച്ചും തീരം വീണ്ടെടുക്കുന്നതിനെ സംബന്ധിച്ചും സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
തീരശോഷണം മൂലം വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ കഴിയുന്ന കുടുബങ്ങളെ വാടക പൂർണമായും നല്കി അടിയന്തരമായി മാറ്റി പാർപ്പിക്കുക എന്നതാണ് രണ്ടാം ആവശ്യം

മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വർഷങ്ങളായി കഴിയേണ്ടിവരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതു വരെ വാടക നല്‍കി മാറ്റി പാർപ്പിക്കുന്നതിന് 5500 രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നഗരപ്രാന്തപ്രദേശമായ ഈ മേഖലകളിൽ ഈ തുകയ്ക്ക് വീട് ലഭ്യമാവില്ല. നിശ്ചയിക്കപ്പെട്ട വാടക ഉയർത്തുകയും വീടിന് ആവശ്യമായ മുൻകൂർ കരുതൽത്തുക നല്‍കുകയും ചെയ്യുന്നതിൽ സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നു. ദുരിതത്തിൽ കഴിയുന്നവർ ഉപഭോക്തൃവിഹിതം നല്കണമെന്നാണ് സർക്കാർ വാദം. വാടക വർധിപ്പിച്ചു നൽകുന്നില്ലെങ്കിൽ റവന്യു വകുപ്പ് വഴി വീടുകൾ കണ്ടെത്തി നൽകണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
വീടും സ്ഥലവും നഷ്ടപ്പട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്കി പുനഃരധിവസിപ്പിക്കുക എന്നതാണ് മൂന്നാം ആവശ്യം
ഇവരുടെ താമസസ്ഥലത്തു നിന്ന് അകന്നു മാറി സർക്കാരിന്റെ തന്നെ ഭൂമിയായ മുട്ടത്തറയിൽ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫ്ലാറ്റുകൾ പണിത് ഇവരെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സ്വന്തമായി ഇവരാർജ്ജിച്ചെടുത്ത ഭൂമിയും ഭവനവും കടലെടുത്തിരിക്കുന്നു. ഇതിനുള്ള നഷ്ടപരിഹാരം സർക്കാർ പരിഗണിക്കുന്നില്ല. ഏതായാലും ഭൂമി നഷ്ടപ്പെട്ടില്ലെ, കിട്ടിയതുകൊണ്ട് സംതൃപ്തരാകണം എന്ന ഉപദേശമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും നല്‍കുന്നത്.

പുനർഗേഹം പദ്ധതി നടപ്പിലാക്കിയ എക ഇന്ത്യൻ സംസ്ഥാനം കേരളമാണെന്നു പറയുമ്പോഴും സ്ഥലം കണ്ടെത്തി വീടു നിർമിക്കുന്നതിന് 10 ലക്ഷം രൂപ മാത്രമാണ് പദ്ധതിയിൽ അനുവദിക്കുക. ഈ തുക കൊണ്ട് അത് സാധ്യമാവില്ലെന്നത് പകൽ പോലെ വ്യക്തമാണ്.
തീരശോഷണത്തിന് കാരണമാകുന്നതും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും, കോവളം, ശംഖുമുഖം ബീച്ചുകൾക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് പ്രദേശവാസികളായ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തുക എന്നതാണ് ഏറ്റവും പ്രധാന ആവശ്യം
മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്ന തദ്ദേശീയരായ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് സർക്കാർ ഒരു പഠനസമിതിയെ നിയോഗിച്ചിരിക്കുന്നത്. വിദഗ്ധരുടെ പശ്ചാത്തലം പരിശോധിച്ചാൽ കാലാവസ്ഥ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്നുറപ്പിക്കാനുള്ള, നിഗൂഢമായ സര്‍ക്കാർ
പദ്ധതിയുടെ ഭാഗമാണ് അത് എന്ന് വെളിപ്പെടുന്നുണ്ട്. പഠനം തീരുന്നതുവരെ തുറമുഖനിർമ്മാണം നിർത്തിവയ്ക്കാനും സർക്കാർ തയ്യാറാകുന്നില്ല.
തുറമുഖ നിർമാണം എത്ര നടന്നു?
തുറമുഖ നിർമാണം പൂർത്തീകരിക്കാറായെന്നും അടുത്ത ഓണക്കാലത്ത് ആദ്യ കപ്പലടുക്കുമെന്നുമാണ് സർക്കാർ അവകാശവാദം. അതുകൊണ്ട്, പദ്ധതി ഈ ഘട്ടത്തിൽ ഒരു കാരണവശാലും നിർത്തിവെക്കാനാവില്ലെന്നും സർക്കാർ പറയുന്നു.
എന്നാൽ, കരാർ പ്രകാരം കോവിഡിനുമുമ്പ് നിർമാണം പൂർത്തിയാക്കേണ്ടതാണ്. എന്നിട്ടും, അതിന് കഴിഞ്ഞിട്ടില്ല.
ഒരു പദ്ധതിയുടെ നിർമാണത്തിനിടയിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആശങ്ക ഉയർന്നപ്പോൾ സർക്കാർ അത് അന്വേഷിക്കാൻ പഠന സംഘത്തെ നിയമിക്കുന്നു. അവർ ഈ പ്രശ്നം പഠിച്ച് അന്തിമ നിഗമനത്തിലെത്തുന്നതു വരെ പദ്ധതി പ്രവർത്തനം നിർത്തിവെക്കുക എന്നത് സ്വാഭാവിക നീതിയാണ്.

എൻഡോസൾഫാൻ വിഷയത്തിൽ ഹൈക്കോടതി ജഡ്ജി ബി.എം. ശ്രീകൃഷ്ണയുടെ വിധി ഇക്കാര്യത്തിലും പ്രസക്തമാണ്. ആകാശത്തുനിന്ന് എൻഡോസൾഫാൻ തളിക്കുന്നത് കീഴ്ക്കോടതി നിരോധിച്ചപ്പോൾ കീടനാശിനി കമ്പനി കോടതിയെ സമീപിച്ചു.എൻഡോസൾഫാനാണ് ദുരന്തമുണ്ടാക്കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് നിരോധനം തെറ്റാണ് എന്നുമാണ് കീടനാശിനി കമ്പനി വാദിച്ചത്.എന്നാൽ അത്തരമൊരു സംശയം ഉയർന്നു വന്ന സാഹചര്യത്തിൽ നിരോധനം ശരിയായ കാര്യമാണ് എന്നാണ് കോടതി വിധിച്ചത്. പഠനത്തിനുശേഷം, എൻഡോസൾഫാനല്ല ദുരന്തത്തിനു കാരണമെന്ന് തെളിഞ്ഞാൽ പോലും കശുവണ്ടി കയറ്റുമതിയിൽ അൽപ്പം കുറവു വരുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും എന്നാൽ എൻഡോസൾഫാനാണ് ദുരന്തകാരണം എന്നു തെളിയുകയാണെങ്കിൽ സംശയമുയർന്ന കാലത്തും അത് തളിച്ച് ദുരന്തങ്ങൾ വർധിപ്പിച്ചതിന്റെ ‘ഹ്യുമൻ കോസ്റ്റ്’ കണക്കാക്കാൻ കഴിയാത്തത്ര ഭീമമായിരിക്കുമെന്നും വിധിന്യായത്തിൽ പറഞ്ഞു. precautionary principle എന്ന നിയമതത്വത്തിന്റെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ഏരിയൽ സ്പ്രേ നിരോധനം ഹൈക്കോടതി ശരിവെച്ചു.
വിഴിഞ്ഞത്തും ഈ precautionary Principleബാധകമാണ്
ഇപ്പോൾ തന്നെ വിഴിഞ്ഞം തുറമുഖ നിർമാണം കരാർ പ്രകാരം പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടു.സംസ്ഥാന സർക്കാറിന് നൽകേണ്ട നഷ്ടപരിഹാരം നൽകാതെ അദാനി ആർബിട്രേഷന് പോയിരിക്കുകയാണ്.
അപ്പോൾ പഠനത്തിന് മൂന്നുമാസം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ തടസ്സമൊന്നുമില്ല. സമരം തുടരുന്നതുമൂലം ഇപ്പോൾ തന്നെ തുറമുഖ നിർമ്മാണം നടക്കാത്ത അവസ്ഥയിലുമാണ്.
അനിയന്ത്രിതമായ മണ്ണെണ്ണ വിലവർദ്ധന പിൻവലിക്കാൻ സർക്കാർ ഇടപെടുക; തമിഴ്നാട് മാതൃകയിൽ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക എന്നതാണ് മറ്റൊരാവശ്യം.
മത്സ്യത്തൊഴിലാളികൾക്ക് നല്‍കിവരുന്ന തുച്ഛമായ സബ്സിഡി കാലോചിതമായി വർദ്ധിപ്പിക്കാൻ സര്‍ക്കാർ തയ്യാറായിട്ടില്ല. തമിഴ്നാട് സർക്കാർ ലിറ്ററൊന്നിന് 26 രൂപക്ക് മണ്ണെണ്ണ ലഭ്യമാക്കുമ്പോൾ കേരളത്തിൽ അത് 130 രൂപയാണ്. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം സമാശ്വാസമായി നല്കുക എന്ന ആവശ്യത്തിലും തീരുമാനമുണ്ടായിട്ടില്ല.
മുതലപ്പൊഴിയിലെ മത്സ്യ ബന്ധന തുറമുഖത്തെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് മറ്റൊരാവശ്യം.
അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാരിൻ്റെ ഭാഗത്തുനിന്നും ക്രിയാത്മക നിരർദ്ദേശങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണമാരംഭിച്ചതിനു ശേഷം മത്സ്യബന്ധന തുറമുഖത്തുണ്ടാകുന്ന അസാധാരണ ചുഴിയിൽപെട്ട് അപകടമുണ്ടാകുന്നതു കൊണ്ടാണ് ഈ മരണങ്ങൾ ഉണ്ടായത്.
വിഴിഞ്ഞത്തിന്റെ ‘ഞെട്ടിപ്പിക്കുന്ന’ സാമ്പത്തികം
തുറമുഖ നിർമാണത്തിന് ആകെ കണക്കാക്കിയ മുതൽ മുടക്ക് 7525 കോടി രൂപ എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഈ കണക്ക് മാറിമറിഞ്ഞ് ഏകദേശം 5000 കോടി രൂപാ കൂടി കേരള സർക്കാർ മുടക്കേണ്ട സ്ഥിതി ഇപ്പോൾ ഉണ്ടായിരിക്കുന്നു. അദാനി മുടക്കേണ്ടത് 2454 കോടി രൂപ (32.6%) മാത്രമാണ് ബാക്കി 5071 കോടിയും (67.4%) മുടക്കേണ്ടത് കേരള സർക്കാർ ആണ് എന്ന് സി.എ.ജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട് ) ആയി കേന്ദ്ര സർക്കാരും കേരള സർക്കാരും തുല്യമായി അദാനിക്ക് ഗ്രാൻറ് നൽകുന്ന മൊത്തം തുക 1635 കോടി രൂപ ഉൾപ്പെടുന്നെങ്കിലും കേന്ദ്ര വിഹിതം കേരള സർക്കാർ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ അദാനി മുടക്കുന്നത് ഒഴികെയുള്ള മുഴുവൻ മൂലധന ചെലവും കേരള സർക്കാരിന്റേതായാണ് കണക്കാക്കേണ്ടത്.
എന്നാൽ ഈ തുറമുഖ പദ്ധതി പ്രവർത്തനം തുടങ്ങിയാൽ ആദ്യ വർഷം മുതൽ 15 വർഷം വരെ കേരള സർക്കാരിന് ഒരു പൈസ പോലും അദാനി നൽകേണ്ടതില്ല. 15 വർഷത്തിനുശേഷം ലാഭമുണ്ടായാൽ അതിന്റെ 1% മാത്രമാണ് സർക്കാറിന് കൊടുക്കേണ്ടത്. സർക്കാർ അദാനിക്ക് കൈമാറിയ 190 ഏക്കറോളം ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാനും അദാനിക്ക് കരാറിൽ അനുമതി നൽകിയിട്ടുണ്ട്.

യഥാർത്ഥത്തിൽ കേരള സർക്കാരിന്റെ മുതൽമുടക്ക് ഈ കണക്കിൽ കാണുന്നതിനേക്കാൾ കൂടുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 2829 കോടി രൂപയും റോഡ് നിർമാണത്തിന് 2039 കോടി രൂപയുമാണ് പുതിയ ചെലവ് കണക്കാക്കിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയം പുതിയ റെയിൽ നിർമിക്കാൻ 2104 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു.
ഈ കണക്കുകൾ പ്രകാരം റോഡിനും (4868 കോടി) റെയിലിനുമായി (2104 കോടി) ആകെ 6972 കോടി വേണ്ടി വരും എന്ന് വ്യക്തമാകുന്നു. അങ്ങനെയാണെങ്കിൽ നേരത്തേ ഉദ്ദേശിച്ച 1973 കോടി രൂപയുടെ കണക്കിന്റെ സ്ഥാനത്ത് വീണ്ടും 4999 കോടി രൂപ കൂടി റോഡിനും റെയിലിനും വേണ്ടി കേരള സർക്കാർ കണ്ടെത്തണം. അങ്ങനെ ആകെ മുതൽ മുടക്കിൽ 5000 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടാകാൻ പോകുന്നത്. ഇതൊക്കെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് അദാനിക്ക് ചെയ്തു കൊടുക്കേണ്ടത്. 12500 കോടി ചെലവിൽ അദാനി മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. 81% തുകയും ജനങ്ങളുടെ പണം വിനിയോഗിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഇത് അദാനി യുടെ തുറമുഖമല്ല, സർക്കാറിന്റേതാണ് എന്ന് തോമസ് ഐസക്ക് പറയുന്നത് ശരിയാണ്. തുറമുഖം നിർമിക്കുന്ന പണം മുടക്കുന്നത് സർക്കാരാണ്, കയ്യടക്കുന്നത് അദാനിയും. ഇപ്പോൾ തന്നെ കട പ്രതിസന്ധി നേരിടുന്ന കേരള സർക്കാറിന്റെ കടഭാരം കൂട്ടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കും.
ഓർക്കാം, വല്ലാർപാടം
വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന വികസന കുതിപ്പിനെക്കുറിച്ചായിരുന്നു 10 വർഷം മുമ്പ് വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നത്. കൊച്ചി സിംഗപ്പൂരിനു സമാനമായി വികസിക്കുമെന്നായിരുന്നു വാഗ്ദാനം. വല്ലാർപാടം പണി പൂർത്തിയായി 3-ാം വർഷം 12 ലക്ഷം T. E. U ( Twenty Equipment Unit) കണ്ടെയ്നർ ചരക്ക് കൈകാര്യം ചെയ്യപ്പെടുമെന്നാണ് അനുമാനമുണ്ടായിരുന്നത്
എന്നാൽ 3 വർഷം കഴിഞ്ഞപ്പോൾ വെറും 3.66 ലക്ഷം T.E.U കണ്ടെയ്നർ ചരക്ക് മാത്രമാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ 10 വർഷം കൊണ്ട് 46 ലക്ഷം കണ്ടെയ്നറുകൾ മാത്രമായിരുന്നു കൈകാര്യം ചെയ്തത്.
12 ലക്ഷം T. E. U കൈകാര്യം ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള വല്ലാർപാടത്ത് 2020-21 സാമ്പത്തിക വർഷത്തിൽ 62,006 T. E. U കണ്ടെയ്നർ ചരക്ക് മാത്രമാണ് കൈകാര്യം ചെയ്തത്. ഇതിൽ തന്നെ 36,183 T. E. U കണ്ടെയ്നർ ചരക്ക് മാത്രമാണ്, ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നറുകളായിരുന്നത്. ചരക്കു
നീക്കത്തിലുണ്ടാവുന്ന കാലതാമസവും ഉയർന്ന വടകയും ഫ്രീറ്റ് ചാർജും ഒക്കെ കൊണ്ട് വ്യാപാരികൾ വല്ലാർപാടത്തെ കയ്യൊഴിയുകയാണ്. കഴിഞ്ഞ 12 മാസത്തിൽ കണ്ടെയ്നർ റെയിലുപയോഗം നാമമാത്രമായിരുന്നു. പോർട്ടുമായി ബന്ധപ്പെട്ട തൊഴിൽ ലഭ്യതയെന്നത്, 10 വർഷത്തിനിടെ കുറയുകയാണ്. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ കുതിച്ചുയരുന്ന വ്യവസായ വികസനത്തെക്കുറിച്ചുള്ള മോഹങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ആർക്കുമറിയില്ല. അയൽ രാജ്യമായ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തിന്റെ അവസ്ഥയും അടുത്തിടെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
കടമെടുത്തും പൊതുപണം ധൂർത്തടിച്ചും വമ്പൻ ഇൻഫ്രാസ്ട്രക്ചറുകൾ നിർമ്മിക്കുമ്പോൾ അത് ലക്ഷ്യമിടുന്ന നേട്ടങ്ങളൊന്നും ലഭ്യമാകുന്നില്ല എന്നതാണ് നമ്മുടെ അനുഭവം
അദാനി കേരളത്തിലെത്തുമ്പോൾ
എണ്‍പതുകളുടെ അവസാനം വരെ ബോംബെ നഗരത്തില്‍ ചെറിയ പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപാരത്തില്‍ സ്വന്തം സഹോദരനെ സഹായിച്ചു കഴിഞ്ഞ ഗൗതം അദാനി ഇന്ന് ലോകത്തിലെ തന്നെ മുന്‍നിര സമ്പന്നനായതിന് പിന്നില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട പൊതുസമ്പത്തിന്റെ നിര്‍ലോഭമായ കൊള്ളക്കൊടുക്കലുകളുടെ കഥയുണ്ട്. തുറമുഖം, വിമാനത്താവളം, കല്‍ക്കരി ഖനനം, വൈദ്യുതോത്പാദനം, ചില്ലറ വ്യാപാരം, ഭക്ഷ്യ സംസ്‌കരണം തുടങ്ങി സമസ്ത മേഖലകളിലും അദാനി എന്റര്‍പ്രെസസിന് ആധിപത്യമുറപ്പിക്കാനും ഗൗതം അദാനിയുടെ സമ്പത്ത് 155 ബില്യണ്‍ അമേരിക്കന്‍ ഡോളറായി (12.30 ലക്ഷം കോടി രൂപ) ഉയര്‍ത്താനും സാധിച്ചിട്ടുണ്ടെങ്കില്‍ അത് ഭരണപക്ഷപാര്‍ട്ടികളുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്.
ഒരൊറ്റ ഉദാഹരണം കൊണ്ട് ഇക്കാര്യം വ്യക്തമാക്കാം.
മുണ്ഡ്ര തുറമുഖ പദ്ധതിക്കായി 7350 ഏക്കര്‍ ഭൂമി ഗൗതം അദാനിക്ക് നല്‍കിയത് വളരെ തുച്ഛമായ വിലയ്ക്കായിരുന്നു. ഒരു ഏക്കര്‍ ഭൂമിക്ക് 36720 രൂപ, മൊത്തം ഭൂമിയുടെ വില 26,98,92,000 രൂപ. സര്‍ക്കാര്‍ നല്‍കിയ ഭൂമി പൊതുബാങ്കില്‍ ഈടുവെച്ച്, സര്‍ക്കാര്‍ ഗ്യാരണ്ടിയോടുകൂടി കടം വാങ്ങി അഞ്ച് പൈസ സ്വന്തം മുതല്‍ മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാന്‍ അദാനിക്ക് കഴിഞ്ഞു. അതോടൊപ്പം, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി പവര്‍ പ്ലാന്റും (4620 MW) മുണ്ഡ്ര തുറമുഖത്തോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ടു.
തുറമുഖ പദ്ധതിയോട് ചേര്‍ന്ന് ഒരു സ്പെഷല്‍ ഇക്കണോമിക് സോണ്‍ കൂടി ആവിഷ്‌കരിച്ചുകൊണ്ട് അതിനായി 45000 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ അദാനിക്കായി കൈമാറി. 56 ഓളം മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ടു. ജനങ്ങളുടെ എതിര്പ്പ്തൃണവല്ഗണിച്ചുകൊണ്ടായിരുന്നു ഈ ഭൂമിക്കൊള്ള നടന്നത്. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി തനിക്ക് ലഭിച്ച ഭൂമി അദാനി മറ്റ് കമ്പനികള്‍ക്കായി മറിച്ചുനല്‍കിയത് ഏക്കറിന് 36,72,000 രൂപയ്ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു . കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റേതടക്കമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാതെയാണ് അദാനി തന്റെ സെസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതെന്ന് പിന്നീട് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി.

ഇന്ത്യയിലെ കല്‍ക്കരി ഖനികളും വിമാനത്താവളങ്ങളും ഒക്കെ ഈ രീതിയില്‍ അദാനിക്ക് കൈമാറുന്നതില്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ലെന്നതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. ഗുജറാത്തിൽ മോദിയുടെ ഭരണാരോഹണത്തോടെ പൊതുവിഭവങ്ങളും പൊതുമേഖല സമ്പത്തും പൊതുമേഖലാ ബാങ്കിംഗ് സമ്പത്തും ഊറ്റിയെടുത്ത് തടിച്ചുകൊഴുത്ത അദാനിയെ തിരുവനന്തപുരത്ത് കുടിയിരുത്തിയ ഉമ്മൻ ചാണ്ടിയുടെയും അദാനിക്കുവേണ്ടി രാജ്യസന്നത്ത് തീറെഴുതിക്കൊടുക്കുന്ന നരേന്ദ്ര മോദിയുടെയും കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കയറിയിരിക്കുന്നതെന്തിനെന്ന് കേരള ജനതക്കു മനസ്സിലാകുന്നില്ല.
ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദില്‍, ഝാര്‍ഘണ്ഡിലെ ഗോണ്ടല്‍പൂരില്‍, ഗോവയിലെ മര്‍മഗോവയില്‍, മുംബൈയിലെ വദ്ധവാനിൽ ഒക്കെയും ജനങ്ങള്‍ അദാനിയുടെ പൊതുസമ്പത്ത് കയ്യേറ്റത്തിനെതിരെ കടുത്തപോരാട്ടങ്ങളിലാണ്. സമ്പത്തിന്റെയും ഭരണകൂട സ്വാധീനത്തിന്റെയും മാധ്യമ പിന്തുണയുടെയും ബലത്തില്‍ സാധാരണമനുഷ്യരെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ട്, തന്റെ സമ്പത്ത് കുന്നുകൂട്ടുകയാണ് ഗൗതം അദാനി. ഇതു തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും നടക്കുന്നത് പൊതുസമ്പത്തും പൊതുവിഭവങ്ങളും ചെലവേതുമില്ലാതെ കയ്യടക്കുന്നതിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി പക്ഷങ്ങൾ അദാനിയെ സഹായിക്കുന്ന നിർലജ്ജമായ സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
കെ. കണ്ണന്‍
Dec 07, 2022
5 Minutes Watch
ഡോ. തോമസ് ഐസക്
Nov 29, 2022
3 Minute Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read