നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് അശാന്തനായി കടന്നുപോയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് സഖാവ് കെ. ദാമോദരന്റെ മകനായ ശശിയും വ്യവസ്ഥാപിതത്വങ്ങളിലൊന്നുമൊതുങ്ങാതെ ആ അന്വേഷണത്വര പങ്കിട്ടു. അച്ഛനില്‍ നിന്ന് പാരമ്പര്യമായി കാലില്‍ കിട്ടിയ മാറാത്ത വരട്ടുചൊറിയെക്കുറിച്ച് നർമം കലര്‍ത്തിപ്പറഞ്ഞ് ഒരു കൂടിച്ചേരലില്‍ ശശി പൊട്ടിച്ചിരിച്ചത് ഓര്‍ത്തുപോകുന്നു.
26 Dec 2022, 11:34 AM
കെ.പി. ശശിയെക്കുറിച്ചുള്ള ഓര്‍മകളുടെ തുടക്കം ഒരു സംഘത്തെക്കുറിച്ചുള്ള ഓര്‍മയായാണ് മനസ്സിലെത്തുന്നത്. ഒരൊറ്റ മനുഷ്യനായല്ല ശശിയെപ്പോഴും ഓര്‍മയിലെത്തുക. എല്ലായ്‌പ്പോഴുമൊരു സംഘത്തിലായിരിക്കാനുള്ള അസാമാന്യമായ കഴിവ് ശശിക്കുണ്ടായിരുന്നു.
1987- ലോ 88- ലോ ആണ് ശശിയെ ആദ്യമായി കാണുന്നത്. ശശിയോടൊപ്പം ആ ഓര്‍മയില്‍ ശരത് (സി. ശരത്ചന്ദ്രന്‍), ബാബു (പി. ബാബുരാജ് ), സതീഷ് എന്നിവര്‍ കൂടിയുണ്ട്. ആ ഓര്‍മയില്‍ ശശിയുടെ ആദ്യകാല ജീവിത സഖി രത്‌നയുമുണ്ട്. In the name of medicine (‘മരുന്നിന്റെ പേരില്‍’) എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നാടാകെ നടത്തുന്ന സമയമായിരുന്നു അത്. സിനിമയുണ്ടാക്കുന്നവര്‍ തന്നെ സിനിമ കാട്ടുന്നവരായി പെട്ടി ചുമന്നു നടന്നൊരു കാലം. കൊക്കബെല്ലൂരിലെ പക്ഷികള്‍, A valley refuseട to die, ശ്ശ് സൈലന്‍സ് പ്ലീസ് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ക്കും ഒന്നിച്ചു പോയിട്ടുണ്ട്.

ശശി ആരായിരുന്നു? കാര്‍ട്ടൂണിസ്റ്റ്, മ്യുസിഷ്യൻ, കവി, സിനിമക്കാരന്‍, ഡോക്യുമെന്ററിസ്റ്റ്, മാധ്യമ പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്?
എല്ലാത്തിന്റെയും വലയോ വലയമോ ആയിരുന്നു ശശി. സമരങ്ങളുടെ ‘web’ലായിരുന്നു ജീവിതം. അതിജീവന സമരങ്ങള്‍ക്ക് ഡോക്യുമെന്ററികളില്‍ കൂടി ദൃശ്യതയും ഊര്‍ജവും പകരുക എന്നതായിരുന്നു ശശിയുടെ ദൗത്യം.
എല്ലായിടത്തും ശശി എത്തി. ഹരിഹര്‍ പോളിഫൈബര്‍ മലിനീകരിച്ച കര്‍ണാടക ഗ്രാമങ്ങളില്‍, കീഴടങ്ങാന്‍ വിസമ്മതിച്ച നര്‍മദാ താഴ്വാരങ്ങളില്‍, കാശിപ്പൂരില്‍, നിയാമഗിരിയില്‍, പ്ലാച്ചിമടയില്‍, പെരിങ്ങോത്ത്, ആശാമ്പു കാടുകള്‍ തൊട്ട് ഗുജറാത്തു വരെ നീളുന്ന പശ്ചിമഘട്ട നിബിഡതകളില്‍, സമരം ചെയ്യുന്ന കടല്‍ തീരങ്ങളില്‍, മുത്തങ്ങയില്‍, ചെങ്ങറയില്‍, എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച കാസര്‍ഗോട്ട്, അരിപ്പയില്‍, കൂടങ്കുളത്ത് മണിപ്പൂരില്‍, ഹരിപ്പൂരില്‍, അഫ്ഘാനില്‍, ഇറാക്കില്‍... ഇവിടങ്ങളിലൊക്കെ ആ കാലും കണ്ണും കാതും എത്തി. ജനകീയ സമരങ്ങളുടെ ഒരു വിഷ്വല്‍ ചരിത്രകാരനായിരുന്നു ശശി.
ഫീച്ചര്‍ ഫിലിമുകളില്‍ കൈവെച്ചപ്പോഴും ചില അവസ്ഥകള്‍ ഡോക്യുമെൻറ് ചെയ്യുക തന്നെയായിരുന്നു ശശി ചെയ്തത്. ദേശീയ അവാര്‍ഡ് നേടിയ ‘ഇലയും മുള്ളും' സ്ത്രീകള്‍ അനുഭവിക്കുന്ന ദൈനംദിന പീഡനങ്ങളുടെ ഒരു ഡോക്യുമെൻറ് തന്നെയാണ്. Ek Alag mansam എന്ന ഹിന്ദി സിനിമ HIV/AIDS ബാധിതര്‍ അനുഭവിക്കുന്ന അയിത്തവും അവഗണനയും ദൃശ്യവത്കരിക്കുകയായിരുന്നു. പൊതുവില്‍ സമര ഡോക്യുമെന്ററികള്‍ ജനങ്ങളുടെ ദൈന്യവും ദുരിതവും ചിത്രീകരിച്ചപ്പോള്‍ അവരുടെ ജീവിതത്തിലെ ഊര്‍ജ്ജവും നര്‍മ്മവും കൂടി ഒപ്പിയെടുക്കുന്നതില്‍ ശശി ശ്രദ്ധാലുവായി.
എല്ലാവരിലേക്കും പടരുന്ന ഒരു വളളിയായിരുന്നു ശശി. അത് പ്രായ വ്യത്യാസമില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ, ലിംഗഭേദമില്ലാതെ സൗഹൃദവലയങ്ങളുണ്ടാക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സി.പി.ഐയുടെയോ സി.പി.എമ്മിന്റെയോ പോലും കേന്ദ്ര ഓഫീസുകളിലും ശശിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. സൗഹൃദകലഹങ്ങള്‍ എല്ലായിടത്തുമുണ്ടാക്കി അയാള്‍. ഏതിടവും തന്റെ വിനിമയ ഇടമാക്കി മാറ്റി.
സെക്യുലര്‍ ഭീതികള്‍ അയാളെ മതയിടങ്ങളില്‍ നിന്നകറ്റിയില്ല. ദേശവിരുദ്ധ മുദ്രപതിയുമോ എന്ന ഭീതി, പീഢിപ്പിക്കപ്പെടുകയും ഭീകരമുദ്ര ചാര്‍ത്തപ്പെടുകയും ചെയ്ത മുസ്ലിം സഹോദരരോട് ഐക്യപ്പെടുന്നതില്‍ നിന്ന് അയാളെ വിലക്കിയില്ല. തീവ്രവാദ മുദ്ര കുത്തി ജയിലിലടക്കപ്പെട്ട മുസ്ലിം സഹോദരരെ ജയിലുകളില്‍ അദ്ദേഹം സന്ദര്‍ശിച്ചു. ടാഡ- യു.എ.പി.എ കരിനിയമങ്ങളുടെ ഇരകളെ, അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോടിയെത്തി. ഒട്ടും മതവിശ്വാസിയല്ലാതിരിക്കുമ്പോഴും മതേതരമായ ഒരാത്മീയത കാത്തുസൂക്ഷിച്ചു.

ശശി എപ്പോഴും പ്രസന്നവദനനായ ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു എന്ന് സി. അച്ചുതമേനോന്റെ മകന്‍ ഡോ. രാമന്‍കുട്ടി ഓര്‍ക്കുന്നു. അതേ, മുതിര്‍ന്ന ആളായിരുന്നപ്പോഴും ശശി പ്രസന്നവദനനായിരുന്നു. ആളുകളെ തന്നിലേക്കാകര്‍ഷിക്കുന്ന പ്രസന്നത്വവും വിനിമയ ശേഷിയും ശശി എന്നും കാത്തുസൂക്ഷിച്ചു. ഭരിക്കുന്ന സര്‍ക്കാരുകള്‍ ആരുടേതെന്നു നോക്കാതെ ഭരണകൂടങ്ങള്‍ക്കെതിരെയും അവര്‍ ഇരകളാക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയും ശബ്ദിക്കാന്‍ ശശി തയ്യാറായി. കന്ധമാളിലെ ക്രിസ്ത്യാനികളായാലും, ഛത്തീസ്ഗഢിലെ ആദിവാസികളായാലും, ചാലിയാര്‍ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായാലും, നര്‍മദാ പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണരായാലും, വിചാരണ കൂടാതെ തടങ്കലിലായ മഅ്ദനിയായാലും, എയ്ഡ്‌സിന്റെ ഇരകളായാലും അവര്‍ക്കൊപ്പം ശശി എന്നും ഉണ്ടായിരുന്നു. തന്റെ എഴുത്തിലൂടെയും കാര്‍ട്ടൂണിലൂടെയും ലേഖനങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും സിനിമകളിലൂടെയും ശശി അവരുടെ പക്ഷം ചേരുകയായിരുന്നില്ല. അവരിലൊരാളാവുക തന്നെയായിരുന്നു.
നര്‍മദയെക്കുറിച്ചുള്ള ഡോക്യുമെന്ററി തന്റെ വീട്ടില്‍ കൊണ്ടുവന്ന് തന്റെ അച്ഛൻ സി. അച്യുതമേനോനെ പിടിച്ചിരുത്തി നിര്‍ബന്ധമായി കാണിച്ചത് ഡോ. രാമന്‍കുട്ടി ഒരു അനുസ്മരണത്തില്‍ ഓര്‍ക്കുന്നുണ്ട്. പരിസ്ഥിതിവിഷയങ്ങളോട് ഒരു പുതിയ സമീപനത്തിലേക്ക് എത്താന്‍ അച്ചുതമേനോനെ അത് സഹായിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ പ്രശസ്തരായ കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ കുടുംബസുഹൃത്തുക്കളോ സുഹൃത്തുക്കളോ ആയിരുന്നു ശശിക്ക്. ചെറുപ്പത്തിലേ ഡല്‍ഹിയിലായിരുന്നു ശശി (അദ്ദേഹത്തിന്റെ അച്ഛന്‍ പ്രമുഖ കമ്യൂണിസ്റ്റ് കെ.ദാമോദരന്‍ രാജ്യസഭാംഗവും പിന്നീട് ഡല്‍ഹിയില്‍ ഗവേഷകനുമായിരുന്നു). ജെ.എൻ.യു വിദ്യാഭ്യാസ കാലത്താണ് ശശി ഫ്രീ പ്രസ്ജേണലില് കാര്‍ട്ടൂണിസ്റ്റായി പോകുന്നത്. ദല്‍ഹി വിദ്യാഭ്യാസം ഒരു കോസ്‌മോപൊളിറ്റന്‍ സ്വഭാവം നേടിയെടുക്കുന്നതില്‍ ശശിയെ സഹായിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. വിവാദങ്ങള്‍ക്കും കുതര്‍ക്കങ്ങള്‍ക്കും ശ്രദ്ധ കൊടുക്കാതെ ആളുകളെ കൂട്ടിയിണക്കാനും സഹായിക്കാനും ശശിക്ക് കഴിഞ്ഞത് ഇതുകൊണ്ടു കൂടിയാണ്.
മുസ്ലിം- ന്യൂനപക്ഷ സംഘടനകളോട് സഹകരിക്കുന്നതും ഭീകരതാരോപിതരോട് സഹകരിക്കുന്നതുമൊക്കെ ശരാശരി മലയാളി മനസ്സിനു പോയിട്ട് ഇടതു പുരോഗമനകാരികള്‍ എന്ന് അഭിമാനിക്കുന്നവര്‍ക്കു കൂടി സങ്കല്‍പ്പിക്കാന്‍ ഭയമുള്ള കാര്യമാണ്. എന്നാല്‍ അബ്ദുന്നാസിർ മഅ്ദനിയുടെ വിചാരണയില്ലാത്ത തടങ്കലിനെതിരെ പ്രക്ഷോഭരംഗത്ത് വരുന്നതിനും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സോളിഡാരിറ്റിയുമായി ചില പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനും ശശിക്ക് അത് തടസ്സമായില്ല. മണിപ്പൂരി ജനത AFSPA ക്കെതിരായി നടത്തിയ സമരം ഡോക്യുമെൻറ് ചെയ്ത് Redifining peace നിര്‍മിക്കുമ്പോഴോ കാശിപ്പൂരില്‍ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ആദിവാസികള്‍ക്കുവേണ്ടി Guan chodab nahin എന്ന മ്യൂസിക്ക് ആല്‍ബം തയ്യാറാക്കുമ്പോഴോ, അഫ്ഗാന് - ഇറാക്ക് യുദ്ധങ്ങള്‍ക്കെതിരെ ‘അമേരിക്ക അമേരിക്ക’ മ്യൂസിക് വീഡിയോ ചെയ്യുമ്പോഴോ അദ്ദേഹം ഭരണകൂടങ്ങളെ ഭയപ്പെട്ടതേയില്ല. ഫാഷിസത്തിനെതിരായ വിശാല മുന്നണിയില്‍ കഴിയാവുന്നത്ര പേരെ ഏകോപിപ്പിച്ചണിനിരത്തുക എന്ന നിലപാട് അദ്ദേഹം ദൃഢമായി ഉയര്‍ത്തിപ്പിടിച്ചു.
വികസനം എന്ന ആശയത്തെ പുനര്‍നിര്‍വ്വചിക്കാനുള്ള പോരാട്ടമായിരുന്നു ശശിക്ക് ജീവിതം. വിനാശകരമായ വികസന പദ്ധതികള്‍ ഭൂമിയെ, പാവങ്ങളെ എങ്ങനെ പാപ്പരാക്കുന്നു എന്നദ്ദേഹം അന്വേഷിച്ചുകൊണ്ടേയിരുന്നു, ഏതെങ്കിലും വരട്ടുതത്വങ്ങളില്‍ കുടുങ്ങിപ്പോകാതെ തന്നെ.
1958 മാര്‍ച്ച് 14 ന് കൊച്ചിയില്‍ തുടങ്ങിയ ജീവിതയാത്ര 2022 ഡിസംബർ 25 ന് തൃശൂരില്‍ അവസാനിപ്പിച്ച് ശശി തിരിച്ചുനടക്കുകയാണ്. 35 വര്‍ഷത്തോളം കാലത്തെ കഠിന സഖാവത്വം, സമരഭൂമികകളിലൂടെ ഒഴുകിയ ഒരു നദിയായിരുന്നു ശശി. എല്ലായിടവും അയാള്‍ ഒഴുകിയെത്തി. ഉന്നതമായ ധിഷണയുടെ, നര്‍മബോധത്തിന്റെ, വറ്റാത്ത ഊര്‍ജ്ജത്തിന്റെ, നിര്‍ത്താത്ത വാക്‌ധോരണിയുടെ, കലാബോധത്തിന്റെ, കലാപ സന്നദ്ധതയുടെ മറ്റൊരു പേരായിരുന്നു കെ.പി.ശശി. ശശി, ശരത്, ബാബു, സതീഷ്... അവരുടെ കണ്ണും കേമറയും ഒപ്പിയെടുത്ത സമരമുഹൂര്‍ത്തങ്ങളെത്ര! അവരില്‍ മൂന്നു പേരും അകാലത്തില്‍ തിരിച്ചുപോയി.

നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് അശാന്തനായി കടന്നുപോയ ആ ഇന്ത്യന്‍ കമ്യൂണിസ്റ്റ് സ: കെ. ദാമോദരന്റെ മകനായ ശശിയും വ്യവസ്ഥാപിതത്വങ്ങളിലൊന്നുമൊതുങ്ങാതെ ആ അന്വേഷണത്വര പങ്കിട്ടു.
അച്ഛനില്‍ നിന്ന് പാരമ്പര്യമായി കാലില്‍ കിട്ടിയ മാറാത്ത വരട്ടുചൊറിയെക്കുറിച്ച് നർമം കലര്‍ത്തിപ്പറഞ്ഞ് ഒരു കൂടിച്ചേരലില്‍ ശശി പൊട്ടിച്ചിരിച്ചത് ഓര്‍ത്തുപോകുന്നു.
അവസാനമായി സംസാരിച്ചത് വിഴിഞ്ഞം സമരത്തിന്റെ ഘട്ടത്തിലായിരുന്നു. കടല്‍ത്തീര ജനതയും മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങളും എന്നും ശശിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നു.
ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ക്ക് ഒരു അംബാസഡറെയാണ് നഷ്ടപ്പെടുന്നത്.
പ്രിയപ്പെട്ടവനേ എന്നും ഓര്‍മയിലുണ്ടാകും.
വിട ചൊല്ലുന്നില്ല...
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read