മോഹൻലാലിന്റെ ദാസൻ,
ശ്രീനിവാസന്റെ വിജയൻ:
സിനിമയിലെ തറവാടിത്തവും തൊഴിലാളിത്തവും
മോഹൻലാലിന്റെ ദാസൻ, ശ്രീനിവാസന്റെ വിജയൻ: സിനിമയിലെ തറവാടിത്തവും തൊഴിലാളിത്തവും
മോഹന്‍ലാല്‍ എണ്‍പതുകളിലവതരിപ്പിക്കുന്ന മിക്ക നായക കഥാപാത്രങ്ങള്‍ക്കും അധ്വാനവിമുഖതയുടെ സ്വഭാവങ്ങള്‍ കാണാം. ദേഹമനങ്ങാതെ വലിയ സമ്പന്നനാകണം എന്ന ചിന്ത ചരിത്രപരമായി മേൽജാതിയില്‍നിന്ന് രൂപപ്പെട്ടതാണെന്ന് ചരിത്രം പറയുന്നുണ്ട്. ‘തറവാടിത്ത’വും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവര്‍ക്ക് മെച്ചപ്പെട്ട ജോലിയും ശമ്പളവും അതില്ലാത്തവര്‍ക്ക് കൂലി കുറഞ്ഞ തൊഴിലാളിത്തവും കിട്ടുന്ന വേര്‍തിരിവ് രൂപപ്പെടുന്നു. ഈ വേര്‍തിരിവിന്റെ സാംസ്‌കാരിക പരിസരത്തിലാണ് മലയാള സിനിമയില്‍ ഇത്തരം കഥകള്‍ ആഖ്യാനിക്കപ്പെട്ടത്. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയുടെ പത്താം ഭാഗമാണിത്, ‘നാടോടിക്കാറ്റ്’ എന്ന സിനിമയുടെ കാഴ്ച.
17 Apr 2022, 10:26 AM
1942 ല്‍ കവി ചങ്ങമ്പുഴ അദ്ദേഹത്തിന്റെ അധ്യാപകന്‍ ഡോ. ഗോദവര്‍മയ്ക്കയച്ച ഒരു കത്ത് അദ്ദേഹത്തിന്റെ കവിതകള്‍ പോലെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഗോദവര്‍മ്മയുടെ കീഴില്‍ ഗവേഷണത്തിനു ചേരാനാഗ്രഹിച്ച്ചങ്ങമ്പുഴയെഴുതിയ ദീര്‍ഘമായ കത്ത് നവോത്ഥാനകാലത്തെ കേരളസമൂഹത്തിലെ തൊഴില്‍പ്രശ്‌നങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തനിക്ക് മുപ്പതുരൂപ ശമ്പളത്തില്‍ ഒരു ഫാക്ടറിയിലെ ഗുമസ്തനാകാമെന്നും എന്നാലതുകൊണ്ട് തനിക്കൊരു മേല്‍ഗതിയും ഉണ്ടാകില്ലെന്നുമാണ് ചങ്ങമ്പുഴ പറയുന്നത്. തങ്ങള്‍ ഇടപ്പള്ളി രാജകുടുംബാംഗമായിരുന്നുവെന്നും രാജാക്കന്മാര്‍ക്കായി എന്തും ചെയ്യുന്നവരായിരുന്നുവെന്നും അവരെപ്പോലെ വിനീതദാസനായി താങ്കള്‍ പറയുന്നതെന്തുംചെയ്ത് ജീവിച്ചുകൊള്ളാമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഇന്ന് ഈ കത്ത് വായിക്കുമ്പോള്‍ ഉയരുന്ന പ്രശ്‌നം അക്കാലത്തെ സവര്‍ണ ചെറുപ്പക്കാരുടെ തൊഴില്‍, ജീവിത സങ്കല്പങ്ങളാണ്. രാജകുടുംബാംഗമായ ഒരാള്‍ക്ക് ഗുമസ്തപ്പണിയെടുക്കുന്നത് മേൽഗതിക്കുതകുന്നതല്ലെന്ന ചിന്ത വ്യാപകമായിരുന്നുവെന്നും മെച്ചപ്പെട്ട ശമ്പളവും പദവികളും ലഭിക്കുന്നതിനാണ് അവര്‍ ശ്രമിച്ചിരുന്നതെന്നും സമാനമായ സ്ഥാനത്തുള്ള വ്യക്തികളുടെ ജീവിതകഥകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെ മേല്‍ഗതിക്കുതകുന്ന അഥവാ മെച്ചപ്പെട്ട ശമ്പളവും പദവിയും ലഭിക്കുന്ന തൊഴിലുകള്‍ ലഭിക്കുന്നതിന് നിലവിലെ സമൂഹത്തിലെ മാറ്റങ്ങള്‍ തടസ്സം നില്ക്കുന്നുവെന്നു പറഞ്ഞ് സമൂഹം തങ്ങളെ ‘പീഡിപ്പിക്കുന്ന' ശക്തിയായി നിലകൊള്ളുകയാണെന്ന് ചങ്ങമ്പുഴയെപ്പോലുള്ള കാല്പനിക കവികള്‍ കവിതകളിലൂടെ പറയുന്നുണ്ട്. മലയാള കാല്പനികതയുടെ സാമൂഹികതയുടെ ഒരുതലം ആധുനികത വന്നപ്പോള്‍ സംഭവിച്ച സവര്‍ണരുടെ ‘പദവിനഷ്ട'ങ്ങളുടെ വേവലാതിയായിരുന്നുവെന്നു വ്യക്തം.

1895 ല്‍ നായര്‍ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലവും മാറുന്ന സാംസ്‌കാരിക പരിസരത്തില്‍ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചെങ്കിലേ സാമ്പത്തികമായി വളരാന്‍ പറ്റുകയുള്ളൂ എന്ന തിരിച്ചറിവാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായപ്പോള്‍ പരമ്പരാഗത ജാതിത്തൊഴിലുകള്‍കൊണ്ട് ജീവിക്കാനാവുകയില്ലെന്ന തിരിച്ചറിവിലൂടെ കൊളോണിയല്‍ തൊഴിലുകളും ഉയര്‍ന്ന ശമ്പളവും വേണമെന്ന ബോധം ശക്തമാകുന്നു. ഇതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെ വേണമെന്നു വന്നതോടെ സ്‌കൂള്‍വിദ്യാഭ്യാസത്തിന് വലിയ പ്രിയമേറുകയും ചെയ്തു. ബി എ പാസായാല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ജോലികള്‍ സവര്‍ണര്‍ക്ക് ലഭിക്കുമായിരുന്നു. അന്ന് മോഹിപ്പിക്കുന്ന വിദ്യാഭ്യാസമായിരുന്നു ബി എ എന്നത്. അതിനാലാണ് തന്റെ സമുദായത്തില്‍ പത്ത് ബി. എ കാരുണ്ടാകണമെന്ന് അയ്യന്‍കാളി പറഞ്ഞത്.
അധ്യാപനം പോലുള്ള തൊഴിലുകള്‍ മൂല്യമുള്ളതായിരുന്നുവെങ്കിലും ശമ്പളം കുറവായിരുന്നു. അതിനാല്‍ മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച സ്വപ്നംകണ്ടവര്‍ അധ്യാപനം ഉപേക്ഷിച്ച് വക്കീല്‍പ്പണിപോലുള്ളവയിലേക്ക് ചേക്കേറി. അക്കാലത്ത് (1940കള്‍) വലിയ സാമ്പത്തിക പ്രാരാബ്ധമില്ലാതെ ജീവിക്കാന്‍ 150 രൂപ ശമ്പളം കിട്ടുന്ന തൊഴിലുകള്‍ വേണമെന്നാണ് കരുതിയിരുന്നത്. ഇവിടെയാണ് മുപ്പതു രൂപ ശമ്പളമുള്ള ജോലി അനാകര്‍ഷകമായി ചങ്ങമ്പുഴയ്ക്ക് തോന്നിയത്.

ഇക്കാലത്ത് രാജകുടുംബാംഗങ്ങള്‍പോലും സര്‍ക്കാര്‍ ജോലികളിലേക്ക് വരുന്നത് ശ്രദ്ധിക്കണം. സാഹിത്യബുദ്ധിജീവിയായ എ. ആര്‍. രാജരാജവര്‍മ്മ ജോലിചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ വലിയ എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് അതില്ലാതായത് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വായിക്കാം. ഈ രാജരാജവര്‍മ നിരന്തരം ആകുലപ്പെട്ടത് തന്റെ ശമ്പളക്കുറിച്ചായിരുന്നുവെന്നുള്ളത് ശ്രദ്ധിക്കണം. ചുരുക്കത്തില്‍ നവോത്ഥാനത്തിലെ വലിയ പ്രശ്‌നങ്ങളിലൊന്ന് ശമ്പളം എന്നതായിരുന്നു. നല്ല ശമ്പളമുള്ള ജോലിയെന്ന സ്വപ്നവുമായി നടന്നവര്‍ക്ക് അതൊന്നും കിട്ടാത്തപ്പോഴാണ് ‘അര്‍ഹതയുള്ളവര്‍'ക്ക് ജോലികിട്ടുന്നില്ലെന്ന പറച്ചിലുകള്‍ ഉയരുന്നതും ഇവിടെ നിന്നാല്‍ ‘ശരിയാവില്ലെ'ന്ന ചിന്ത വ്യാപകമാകുന്നതും, അങ്ങനെയാണ് കേരളത്തിനു പുറത്തെ ജോലികളിലേക്ക് ചെറുപ്പക്കാരുടെ ശ്രദ്ധ പതിയുന്നത്. തറവാടിത്തവും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവര്‍ക്ക് മെച്ചപ്പെട്ട ജോലിയും ശമ്പളവും അതില്ലാത്തവര്‍ക്ക് കൂലി കുറഞ്ഞ തൊഴിലാളിത്തവും കിട്ടുന്ന വേര്‍തിരിവ് രൂപപ്പെടുന്നു. ഈ വേര്‍തിരിവിന്റെ സാംസ്‌കാരിക പരിസരത്തിലാണ് മലയാള സിനിമയില്‍ ഇത്തരം കഥകള്‍ ആഖ്യാനിക്കപ്പെട്ടത്. ഇത് എണ്‍പതുകളിലും തുടരുന്നുവെന്ന പ്രശ്‌നമാണ് നാടോടിക്കാറ്റ് (1987) എന്ന സിനിമ പറയുന്നത്.

ഭാഗ്യം നോക്കിയ ആഭിജാത്യം
കൂട്ടുകുടുംബത്തിനു പകരം അണുകുടുംബം കോളോണിയലിസത്തിലൂടെ സാധ്യമായപ്പോഴാണ് കുടുംബത്തിന്റെ ഭാരം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പുരുഷന്റെ ഉത്തരവാദിത്വമായി കെട്ടിവച്ചത്. വീടുനോക്കേണ്ട ഉത്തരവാദിത്വവും പേറി നല്ല ജോലി തപ്പി പുരുഷന്മാര്‍ നെട്ടോട്ടമോടിയത് അങ്ങനെയാണ്. ജാതിപാരമ്പര്യങ്ങള്‍ തകര്‍ന്ന് കീഴാളര്‍ വളരുകയും സാമൂഹികപദവികളാര്‍ജ്ജിക്കുകയും ചെയ്തതോടെ സവര്‍ണര്‍ പാരമ്പര്യ പദവികള്‍ നഷ്ടമായി പുതിയ തൊഴിലിടത്തില്‍ പണിയെടുക്കേണ്ടിവന്നു. നിവര്‍ത്തനസമരത്തിനുമുമ്പ് (1936) സവര്‍ണ ഉദ്യോഗസ്ഥരെ പ്രീണിപ്പിച്ചാണ് സവര്‍ണരായവര്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിയിരുന്നത്.
അതുനഷ്ടമായപ്പോഴാണ് പാരമ്പര്യമായി അര്‍ഹതപ്പെട്ട ജോലികളും പദവികളും നഷ്ടമാകുന്നതായി വിലാപം ഉയരുന്നത്. സമൂഹത്തില്‍ ജാതിപരമായി ഔന്നിത്യത്തിലായിരുന്നവര്‍ക്ക് മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യുന്നത് അസ്വസ്ഥത ജനിപ്പിക്കുന്നതായി മാറുന്നു. കായികാധ്വാനം ആവശ്യമില്ലാതെ ഉന്നതജീവിതപദവികളെങ്ങനെ വെട്ടിപ്പിടിക്കാമെന്ന അന്വേഷണമായി അതുമാറുന്നു. ചരിത്രപരമായ ഈ പ്രശ്‌നമാണ് നാടോടിക്കാറ്റിലെ ദാസനെ ഭരിക്കുന്നത്.

ദാസനും വിജയനും ഒരു പ്രൈവറ്റ് കമ്പനിയിലെ പ്യൂണ്‍മാരാണ്. സവര്‍ണ തറവാടിത്ത ബന്ധമുള്ള, ബി കോം ഒന്നാം ക്ലാസില്‍ പാസായ ദാസന് കുറഞ്ഞ ശമ്പളമുള്ള മറ്റുള്ളവരുടെ നിര്‍ദ്ദേങ്ങള്‍ അനുസരിക്കേണ്ടുന്ന തന്റെ ജോലിയോട് വെറുപ്പാണ്. എങ്ങനെയെങ്കിലും എം. ഡിയെ സ്വാധീനിച്ച് അല്പം കൂടി മെച്ചപ്പെട്ട പണി ഒപ്പിക്കാനാണയാള്‍ ശ്രമിക്കുന്നത്. എന്നാലയാളുടെ ശ്രമങ്ങള്‍ വിഫലമാകുന്നുവെന്നുമാത്രമല്ല ഉള്ള ജോലികൂടി നഷ്ടമാകുകയും ചെയ്യുന്നു.
പിന്നീട് ഗള്‍ഫില്‍പോകാന്‍ ശ്രമിച്ച അവരെത്തപ്പെട്ടത് തമിഴ്‌നാട്ടിലാണ്. അവിടെ ഒരു കമ്പനിയില്‍ ജോലികിട്ടിയെങ്കിലും കള്ളക്കടത്തുനടത്തുന്ന ആ സ്ഥാപനത്തില്‍നിന്ന് പുറത്താകുന്നു. ഒടുവില്‍ ആ സ്ഥാപനത്തിലെ കള്ളക്കടത്തു പുറത്തുകൊണ്ടുവന്നതോടെ പോലീസിന്റെ അംഗീകാരം കിട്ടുകയും പോലീസിലേക്ക് നിയമനം കിട്ടുകയും ചെയ്യുന്നു. ബി കോം ഒന്നാം ക്ലാസുകാരന് അര്‍ഹതപ്പെട്ട ജോലി മറ്റൊരു നാട്ടില്‍ പരീക്ഷകളൊന്നും പാസ്സാകാതെ കിട്ടുന്ന കഥയാണ് നാടോടിക്കാറ്റ് എന്ന സിനിമ.
ലോട്ടറിടിക്കറ്റു വില്ക്കുന്ന വാഹനം ‘നാളെ നാളെ’ എന്നു പറഞ്ഞുപോകുമ്പോള്‍ വിജയന്‍ അതുകേള്‍ക്കുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. യാദൃച്ഛികമായി, വിധിപോലുള്ളവയില്‍ കിട്ടുന്ന ജീവിതസൗഭാഗ്യത്തിന്റെ സൂചനയാണ് ലോട്ടറിടിക്കറ്റ് നല്കുന്നത്. കഴിവിനും അര്‍ഹതയ്ക്കുമുപരി അതിഭൗതികമായ ഭാഗ്യവും ജാതക മികവുമാണ് ജീവിതമെന്ന കാഴ്ചയിലാണ് സിനിമ തുടങ്ങിയത്. അത് പിന്നീടു നടക്കുന്ന സംഭവങ്ങളിലേക്കുള്ള പ്രവേശകമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ദാസും വിജയനും ജീവിതത്തെ കാണുന്നത്. ജീവിതത്തില്‍ പെട്ടന്നു ഭാഗ്യങ്ങള്‍ വരുന്നതും സമ്പന്നരാകുന്നതും സുഖിക്കുന്നതുമാണ് അവരുടെ ചിന്തകള്‍.

സ്വന്തം കഴിവുകൊണ്ട് അധ്വാനിച്ച് മെച്ചപ്പെട്ട ജോലി നേടി സമ്പന്നരാകുകയല്ല അവരുടെ ലക്ഷ്യം, ആരെയെങ്കിലും സ്വാധീനിച്ച് ജോലിക്കയറ്റം നേടുകയാണ്. കൃത്യസമയത്ത് ഓഫീസില്‍ വരാനോ പണിയെടുക്കാനോ അവര്‍ക്ക് താത്പര്യമില്ലെന്നു ശ്രദ്ധിക്കണം. എന്നും വൈകിവരുന്നത് സെക്ഷന്‍ഹെഡ് ചോദ്യംചെയ്തപ്പോള്‍ വിജയന്‍ പറയുന്ന മറുപടി ‘അരിവേവാന്‍ രണ്ടുമണിക്കൂറെടുക്കു'മെന്നാണ്. ജോലിക്കെത്താന്‍ വൈകുന്നതു അരിയുടെ വേവുകൊണ്ടാണെന്നു പറയാന്‍മാത്രം വിവരക്കേടും ഉത്തരവാദിത്വമില്ലായ്മയും നിറഞ്ഞവരാണ് ബി. കോം ഒന്നാംക്ലാസുകാരനും കൂട്ടുകാരനും. ആ ജോലി പോയശേഷം പശൂനെ വാങ്ങുന്ന കാര്യത്തിലും കാണാം അവരുടെ ഉത്തരവാദിത്വമില്ലായ്മ. ബി. കോം പാസായ ഒരാള്‍ക്ക് സാമാന്യമായി ബാങ്കുവായ്പയെക്കുറിച്ചും വിപണിയുടെ സ്വഭാവത്തെക്കുറിച്ചും കച്ചവടത്തെക്കുറിച്ചും മറ്റും ധാരണയുണ്ടാകേണ്ടതാണ്. ഇവിടെ ദാസന് അതൊന്നുമില്ല. മറിച്ച് പണിക്കര്‍ പറയുന്നത് അപ്പാടെ വിഴുങ്ങി പശുവിനെ വാങ്ങി വീണ്ടും അബദ്ധത്തില്‍ ചാടുന്നു.
അധ്വാനവിമുഖതയുടെ ശരീരം
പശുവിനെ വാങ്ങിയ ദിവസം അവര്‍ സ്വപ്നം കാണുന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടു പശുവിന്റെ പാലുകൊണ്ട് ധാരാളം പണമുണ്ടാക്കി ധാരാളം പശുവിനെ വാങ്ങി അവര്‍ അതിസമ്പന്നരാകുന്നതാണ് പറയുന്നത്. അതായത്, അധ്വാനിക്കാതെ സമ്പന്നരായി സുഖിക്കണം എന്ന സവര്‍ണ മനസ്സാണ് ദാസന്റെയുള്ളിലുള്ളത്. ഇതും ലോട്ടറിടിക്കറ്റ് മനോഭാവവും പരസ്പരം ബന്ധപ്പെടുന്നുണ്ട്. അധ്വാനിക്കാതെ ഭാഗ്യംവരുന്നുവെന്നാണ് ലോട്ടറിടിക്കറ്റ് പറയുന്നത്. അതാണ് ദാസന്റെ ലക്ഷ്യവും.

എല്ലായിടത്തും താന്‍ ബി. കോം ഒന്നാം ക്ലാസുകാരനാണ് എന്നയാള്‍ പറയുന്നതിന്റെ കാര്യം ഇതാണ്, അതായത് കഴിവോ അധ്വാനിക്കാനോ ഉള്ള മനസ്സൊന്നും അയാള്‍ക്കില്ലെങ്കിലും ഒന്നാം ക്ലാസുകാരന്‍ എന്നു കേള്‍ക്കുമ്പോഴുള്ള മിടുക്കനെന്ന തോന്നലുകൊണ്ട് ജോലികിട്ടണമെന്ന ചിന്തയിലാണയാള്‍ ജീവിക്കുന്നത്. ഇതേ സ്വപ്നം ദാസന്‍ തൊട്ടടുത്തു താമസിക്കുന്ന ഡോക്ടറായ പെണ്‍കുട്ടിയെക്കുറിച്ചും കാണുന്നുണ്ട്. വിവാഹം ചെയ്ത് നേഴ്‌സിംഗ് ഹോം പണിത് അതിന്റെ നടത്തിപ്പുകാരനായി അയാള്‍ വലിയ സമ്പന്നനാകും എന്നു പറയുന്നു. അപ്പോള്‍ വിജയന്‍ അതിനെ കളിയാക്കുന്നു, നടക്കാത്ത മനോഹരമായ സ്വപ്നം എന്നുപറഞ്ഞ്. മറ്റൊരിടത്ത് ബാലേട്ടനോട് അയാള്‍ ഇതാവര്‍ത്തിക്കുന്നുണ്ട്, അറബിക്കഥയിലെ രാജകുമാരനെപ്പോലെ ഒരുപാടു കാശുംപൊന്നും കൊണ്ട് താന്‍ വരുന്നത് അമ്മ സ്വപ്നംകണ്ടിരുന്നുവെന്ന കാര്യം. അതായത് കഥകളിലേതുപോലെ അത്ഭുതം സംഭവിക്കുന്നതാണ് അയാളുടെ ജീവിതലക്ഷ്യം.
ദാസന്റെ സ്വഭാവത്തിന്റെ ചില പ്രത്യേകതകള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്-
1. ഉന്നതവിദ്യാഭ്യാസമുണ്ടെങ്കിലും അതിന്റെ ബൗദ്ധിക മികവോ തിരിച്ചറിവോ ലേശം പോലും പ്രകടിപ്പിക്കുന്നില്ല. ഉള്ള ജോലി ഭംഗിയായി ചെയ്യണമെന്ന ബോധമില്ലാതെ ജോലി വെറുത്തുജീവിക്കുന്ന രീതി. അധികം അധ്വാനമില്ലാത്ത ജോലി കിട്ടണമെന്ന ആഗ്രഹമാണയാളുടെ സ്വപ്നം.
2. ചുറ്റുപാടും നടക്കുന്ന സാമൂഹികമാറ്റങ്ങളെക്കുറിച്ച് യതൊരു അവബോധവുമില്ലാത്ത പെരുമാറ്റവും ഇടപെടലുകളും. തനിക്കു ലഭ്യമാകാത്ത സാമ്പത്തിക വളര്‍ച്ച സ്വപ്നംകണ്ട് അതാണ് ജീവിതമെന്ന മട്ടില്‍ ജീവിക്കുന്ന സമീപനം.
3. സഹപ്രവര്‍ത്തകരെയും മറ്റുള്ളവരെയും തന്നെക്കാള്‍ മോശമാണെന്ന മട്ടില്‍ കാണുന്ന സമീപനം. തന്നെക്കാള്‍ ഉയര്‍ന്നവരെന്നു കാണുന്നവരോടു ചാര്‍ച്ചപ്പെടാനുള്ള തിടുക്കവും.
മോഹന്‍ലാല്‍ എണ്‍പതുകളിലവതരിപ്പിക്കുന്ന മിക്ക നായക കഥാപാത്രങ്ങള്‍ക്കും അധ്വാനവിമുഖതയുടെ ഈ സ്വഭാവങ്ങള്‍ കാണാം. ദേഹമനങ്ങാതെ വലിയസമ്പന്നനാകണം എന്ന ചിന്ത ചരിത്രപരമായി മേൽജാതിയില്‍നിന്ന് രൂപപ്പെട്ടതാണെന്നുള്ളതാണെന്നു ചരിത്രം പറയുന്നുണ്ട്. ദാസന്‍ പറയുന്ന ‘നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്താ' എന്ന വാചകം കാര്യങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കി ചെയ്യുന്ന സ്വഭാവം അവര്‍ക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. സ്വപ്നംകാണുന്നതിനപ്പുറത്ത് ജീവിതത്തെ മനസ്സിലാക്കുന്നതിനോ വിവേചിക്കുന്നതിനോയുള്ള ബുദ്ധി അവര്‍ക്കില്ലെന്ന് അടിവരയിടുകയാണ് ഈ വാചകവും അവരുടെ ചെയ്തികളും. ലഭിച്ച ഉന്നത വിദ്യാഭ്യാസം സൃഷ്ടിപരമാക്കുന്നതില്‍ പരാജയമാണ് അയാളുടെ ജീവിതമെന്ന് അടയാളപ്പെടുത്തുന്നു.

ഇത് കേരളസമൂഹത്തിലെ സാമൂഹിക മനോഭാവമാണെന്നാണ് കാണേണ്ടത്. സവിശേഷമായ ഒരാഭിജാത്യബോധമാണ് ദാസനെ ഭരിച്ചിരുന്നതെന്നു വ്യക്തമാക്കുന്ന സംഭവമാണ് തമിഴ്‌നാട്ടിലെത്തിയശേഷം കാറുകയറ്റിയിടാന്‍വരെ പറ്റുന്ന വലിയ വാടകവീടുവേണമെന്ന ചിന്തയിലൂടെ അവതരിപ്പിക്കുന്നത്. 150 രൂപ വാടകയുള്ള വീടിന് 250 രൂപയാണെന്നു രാധയുടെ അമ്മയോട് പറയുന്ന സംഭവവും ഉദാഹരണമാണ്. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നനിലയിലാണ് തങ്ങളെന്ന് തോന്നിപ്പിക്കാനുള്ള മനോഭാവം അയാള്‍ നിരന്തരം പ്രകടിപ്പിക്കുന്നു.
വിദ്യാഭ്യാസം കുറഞ്ഞവരും അര്‍ഹതയുള്ളവരും
ആദ്യം ജോലി ചെയ്യുന്ന പ്രൈവറ്റ് കമ്പനിയില്‍ നടക്കുന്ന ഒരു സംഭവം പ്രധാനമാണ്. സെക്ഷന്‍ഹെഡ് 1975 മുതലുള്ള ഫയലുകള്‍ തന്റെ മുന്നിലെത്തിക്കാന്‍ ദാസനോട് നിര്‍ദേശിച്ചു. അതനുസരിച്ച് അയാള്‍ അലസമായി പണിയെടുക്കുമ്പോള്‍ മറ്റൊരു അല്പം പ്രായമുള്ള കറുപ്പുനിറമുള്ള ക്ലാര്‍ക്ക് ദാസനോട് ചായ കൊണ്ടുവരാന്‍ പറഞ്ഞു. അപ്പോള്‍ ദാസന്‍ വളരെ രോഷാകുലനായി ചായകൊണ്ടുവരാന്‍ പറ്റല്ലെന്നു പറഞ്ഞുകൊണ്ട് പറയുന്ന മറുപടി, താന്‍ ബികോം ഒന്നാം ക്ലാസുകാരനാണെന്നും താങ്കള്‍ പത്താം ക്ലാസുകാരനാണെന്നും താന്‍ ക്ലാര്‍ക്കായത് വിധിയുടെ കളികൊണ്ടാണെന്നുമാണ്.

സംസാരിക്കുന്നിടത്തെല്ലാം തന്റെ ഒന്നാം ക്ലാസും പിടിച്ചു നടക്കുന്ന ദാസന് മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എങ്ങനെ ജോലിയില്‍ ഇടപെടണം എന്നുപോലും പിടിയില്ല എന്നതാണ് വസ്തുത. എന്നല്ല വിദ്യാഭ്യാസയോഗ്യതയിലാണയാള്‍ മറ്റുള്ളവരെ അളക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞാല്‍ ചില ജോലിക്കര്‍ഹരല്ലെന്നും വിദ്യാഭ്യാസംകുറഞ്ഞവര്‍ ജോലികളില്‍ എത്തപ്പെടുന്നത് ‘വളഞ്ഞവഴി'യിലൂടെയാണെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ യോഗ്യതയുള്ള, അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെടുകയാണെന്നുമാണ് ഇതിലൂടെ അയാള്‍ പറയുന്നത്.
വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയിലെ അര്‍ഹതയെക്കുറിച്ചുമുള്ള ചില മിത്തുകളാണ് ഇതിലൂടെ നിര്‍മിക്കപ്പെടുന്നത്. വിദ്യാഭ്യാസം വലിയ മൂലധനമായി മാറുന്നത് നവോത്ഥാനകാലത്താണ്. പാരമ്പര്യമായി സ്വത്തുണ്ടായിരുന്ന സവര്‍ണര്‍ ഉന്നതവിദ്യാഭ്യാസത്തിലേക്കു പോയി വിദ്യാഭ്യാസമുള്ളവരെന്ന പദവി നേടിയെടുക്കുന്നു. അതിലൂടെ വിദ്യാഭ്യാസമില്ലാത്തവര്‍ കുറഞ്ഞവരാണെന്നും തങ്ങള്‍ക്കാണ് നല്ല ജോലികള്‍ കിട്ടേണ്ടതെന്ന വാദവും ഉയര്‍ത്തുന്നു. ദാസന്റെ കുടംബത്തിലെ ഭൂമി പണയംവച്ചാണ് ദാസനെ പഠിപ്പിച്ചതെന്ന സൂചന വിദ്യാഭ്യാസം പുതിയ കാലത്ത് സാമൂഹികപദവിനേടലിന്റെ അടയാളമായി സമൂഹം കണ്ടതിന്റെ തെളിവാണ്. ഇതിലൂടെ ‘കഷ്ടപ്പെട്ടുപഠിച്ച' ചിലര്‍ക്ക് ജോലിയില്ലെന്ന മിത്ത് സൃഷ്ടിക്കുന്നു. തൊഴിലാളികള്‍ പണിയെടുക്കുന്നവരല്ലെന്നുള്ള മിത്തും സമരം തെറ്റായതാണെന്ന മിത്തും ഇക്കാലത്തെ സത്യന്‍അന്തിക്കാട് സിനിമകള്‍ നിര്‍മിച്ചിരുന്നത് മുന്‍ പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

തമിഴ്‌നാട്ടിലെത്തിയശേഷം തൊഴിലില്ലാതെ നടക്കുമ്പോള്‍ രാധയുമായി ഉണ്ടാകുന്ന സംഭാഷണങ്ങളില്‍ രാധ ദാസന്റെ ഈ ‘കോംപ്ലക്‌സുകളെ' വിമര്‍ശിക്കുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ നടക്കുന്നത് ചില കോംപ്ലക്‌സുകള്‍ കാരണമാണെന്നും വൈറ്റ്‌കോളര്‍ ജോലി മാത്രം നോക്കിനടന്നാല്‍ ശരിയാവില്ലെന്നും രാധ പറയുന്നു. അതിനുശേഷമാണ് ദാസന്‍ പച്ചക്കറിവില്ക്കുന്ന തൊഴില്‍ ചെയ്യുന്നത്. പണംനല്കുന്നത് രാധയാണ്.
ഇതേ അവസ്ഥ നാട്ടിലെ ജീവിതത്തിലും കാണാം. തൊഴില്‍ നഷ്ടമായപ്പോള്‍ ദാസനും വിജയനും എന്തുചെയ്യണമെന്നറിയാതാകുന്നു. അപ്പോള്‍ പണിക്കരാണ് ബാങ്കുവായ്പയുടെ കാര്യംപറഞ്ഞ് അത് ശരിയാക്കിക്കൊടുക്കുന്നത്. ഓഫീസ് പണിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാത്തവരാണ് അവരെന്ന സൂചന അവരുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ നടക്കുകയും മറ്റുള്ളവര്‍ പറയുന്നതുകേട്ട് എന്തെങ്കിലും ചെയ്യുകയും ചെയ്യുന്ന സ്വഭാവത്തിലൂടെ ദാസന്മാരെ സൃഷ്ടിച്ചത് അവരുടെ ‘നിഷ്‌കളങ്കത'യെ സൂചിപ്പിക്കാനാണ്. ‘നിഷ്‌കളങ്കരാ'യ ചെറുപ്പക്കാര്‍ക്ക് സമൂഹത്തിലെ ‘കുഴപ്പങ്ങള്‍'കൊണ്ട് ജോലിയൊന്നും കിട്ടുന്നില്ലെന്ന തോന്നലിലൂടെ അവരുടെ ‘ദുഃഖങ്ങളെ' ആദര്‍ശവല്കരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വരവേല്പുപോലുള്ള സിനിമകളില്‍ കാണുന്നത്.
ഗള്‍ഫില്‍പോയി തിരിച്ചുവന്നിട്ട് എന്തുചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ വീട്ടുകാര്‍ പറയുന്ന പരിപാടികളൊക്കെ ചെയ്യാന്‍ നിശ്ചയിക്കുന്നത് വരവേല്പിന്റെ വിശകലനത്തില്‍ വ്യക്തമാക്കിയതാണ്. സമൂഹത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ കാഴ്ചപ്പാടില്ലാതെ പെട്ടെന്നു കാശുണ്ടാക്കാനായി എന്തേലുംചെയ്തുകൂട്ടിയശേഷം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതെല്ലാം സമൂഹത്തിലെ ചില ശക്തികളുടെ കുഴപ്പമാണെന്നു സ്ഥാപിച്ചു രക്ഷപെടാനുള്ള കൌശലമാണ് ഇവിടെ കാണുന്നത്.
ആധുനികത സൃഷ്ടിച്ച ചിലരുടെ ദാരിദ്ര്യം
തന്റെ വിദ്യാഭ്യാസയോഗ്യത വച്ച് മറ്റുള്ളവരെ അളക്കുന്ന ദാസന്‍ തന്റെ സുഹൃത്തായ വിജയനെയും ആ അളവുകോല്‍വച്ച് നിരന്തരം ഇകഴ്ത്തുന്നുണ്ട്. താന്‍ വിജയനെപ്പോലെയല്ലെന്നും കാഴ്ചയിലും യോഗ്യതയിലും വ്യത്യസ്തനാണെന്നും അയാള്‍ മിക്കപ്പോഴും പറയുന്നുണ്ട്. ഇവിടെ വിജയനും ദാസനും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നുണ്ട്. വിജയനാകട്ടെ എന്തുപണിയും ചെയ്യാന്‍ തയാറുള്ള ആളാണ്. വീട്ടിലെ ജോലികളെല്ലാം അയാളാണ് ചെയ്യുന്നത്. മറ്റുള്ളവരെ തന്റെ യോഗ്യതയുടെ പേരില്‍ ഇകഴ്ത്തുകയോ കളിയാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സിനിമ പരിചരിക്കുന്നത് ദാസന്റെ ജീവിതം കേന്ദ്രീകരിച്ചാണെന്നു കാണാം.

ദാസന്റെ വീട്ടിലെ ദാരിദ്ര്യവും അമ്മയുടെ രോഗാവസ്ഥയും നിരന്തരം ദാസന്‍ ഉന്നയിക്കുന്നുണ്ട്. അയാളുടെ അച്ഛന്‍ മരിച്ചതോടെ ഏതാണ്ട് അനാഥത്വത്തിലേക്ക് എത്തപ്പെട്ട അമ്മ ഒരു ബന്ധുവിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. പടിപ്പുരയൊക്കെയുള്ള പഴയ നായര്‍ തറവാടാണ് ആ വീട്. വീട്ടിലെ ഭൂസ്വത്തു വിറ്റാണ് അയാളെ പഠിപ്പിച്ചതെന്ന സൂചനയുമുണ്ട്. എന്തേലും പണി കണ്ടത്തി അമ്മയെ നന്നായി ചികിത്സിക്കുകയാണയാളുടെ ലക്ഷ്യമെന്ന് ബാലേട്ടനോട് പറയുന്നുണ്ട്. ഭൂസ്വത്ത് അന്യാധീനമാകല്‍, അച്ഛനില്ലായ്മ, അമ്മയുടെ രോഗം തുടങ്ങിയ സൂചനകള്‍ നല്കുന്നത് മലയാളസാഹിത്യത്തിലും സിനിമയിലും ആവര്‍ത്തിച്ചിട്ടുള്ള സവര്‍ണവിഭാഗങ്ങളുടെ പുതിയകാലത്തെ ദാരിദ്ര്യമെന്ന പ്രശ്‌നമാണ്. അതുസംഭവിച്ചത് ജാതിയുടെ തകര്‍ച്ചയും നവോത്ഥാനവും ഭൂപരിഷ്‌കരണംപോലുള്ള പ്രക്രിയകളും നടന്നതോടെയാണെന്നാണ് ആഖ്യാനങ്ങള്‍ പറയുന്നത്.
പഴയകാലത്ത് നല്ല നിലയില്‍ കഴിഞ്ഞ കുടുംബങ്ങള്‍ പലതിനും പ്രതിസന്ധിയുണ്ടായിരിക്കുന്നുവെന്നും ഇവരുടെ ദാരിദ്ര്യമാണ് വലിയപ്രശ്‌നമെന്നും അതിലേക്കു വഴിതെളിച്ച നവോത്ഥാനത്തെയൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണമെന്നുമാണ് ഇത്തരം ആഖ്യാനങ്ങള്‍ ആവശ്യപ്പെടുന്നത്. സവര്‍ണ കുടുംബങ്ങളുടെ ദുംഃഖത്തെ വലിയപ്രശ്‌നമായി അവതരിപ്പിക്കുന്നതുകൊണ്ടാണ് ചിലരുടെ എസ്. എസ്. എല്‍. സി വിദ്യാഭ്യാസമൊക്കെ പരിഹസിക്കുന്ന വിഷയമാകുന്നത്. അങ്ങനെ കേരളത്തിലെ തൊഴിലിടങ്ങളിലൊക്കെ യോഗ്യതയില്ലാത്തവരാണ് ജോലി ചെയ്യുന്നതെന്നും ശരിയായ യോഗ്യതയുള്ളവരൊക്കെ പുറത്താണെന്നും രാഷ്ട്രീയക്കാരും തൊഴിലാളിനേതാക്കളും ഭരണവും ആധിപത്യവും പുലര്‍ത്തുന്നതുകൊണ്ടാണിതൊക്കെ സംഭവിക്കുന്നതെന്നും ഇത്തരം ആഖ്യാനങ്ങള്‍ വ്യക്തമാക്കുന്നു. നവോത്ഥാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ആധുനികകേരളത്തിന്റെ ജനാധിപത്യപരമായ എല്ലാ സാമൂഹികതയെയും സംശയിക്കുകയെന്നതാണ് ഇത്തരം ആഖ്യാനങ്ങള്‍ ചെയ്യുന്നത്. പഴയജാതിവ്യവസ്ഥയുടെ അധികാരശ്രേണികളെ നിലനിര്‍ത്തുന്നവിധത്തില്‍ യോഗ്യതയുള്ള സവര്‍ണര്‍ക്ക് ഉയര്‍ന്ന സ്ഥാനവും അല്ലാത്തവര്‍ക്ക് താഴ്ന്ന സ്ഥാനങ്ങളും ലഭിക്കുന്നതാണ് സിനിമയുടെ അവസാനമെന്നും ശ്രദ്ധിക്കണം.

പുതിയ എം. ഡിയെ ആളറിയാതെ തല്ലിയതിന്റെ പേരില്‍ ആദ്യത്തെ കമ്പനിയില്‍നിന്ന് പുറത്താക്കുമ്പോള്‍ വിജയന്‍ രോഷത്തോടെ ഈങ്കുലാബ് സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വിജയനാണ് അതുചെയ്യുന്നതെന്നും ദാസന്‍ ഏറ്റുവിളിക്കുകയാണെന്നും കാണാം. കീഴാളത്തമുള്ള വിജയനാണ് തൊഴിലാളി ഐക്യം എന്നൊക്കെ വിളിക്കാനാവുക. ചരിത്രപരമായി അയാളിലുറങ്ങിക്കിടക്കുന്ന സമരങ്ങളുടെ ചില വേരുകളില്‍നിന്നാണയാള്‍ അതുചെയ്യുന്നതെന്നു വ്യക്തം. പക്ഷേ ഇവിടെ ഈ മുദ്രാവാക്യംവിളി ഹാസ്യമാണ് ഉല്പാദിപ്പിക്കുന്നത്. തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങളില്‍നിന്നുയര്‍ന്നിരുന്ന ഈ സമരബോധം കൃത്യമായി ജോലിചെയ്യാത്ത, ജോലിയ വെറുക്കുന്ന രണ്ടുപേര്‍ തങ്ങള്‍ കാണിച്ച് അബദ്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെടുമ്പോള്‍ ഉര്‍ത്തുന്നത് തൊഴില്‍ സമരങ്ങളെല്ലാം ഇത്തരത്തിലുള്ളതാണെന്നുള്ള പൊതുബോധം പങ്കുവയ്ക്കുന്നതുകാണാം.
നാടെന്ന ജാതിയിടം ഇല്ലാതാകുമ്പോള്‍
എണ്‍പതുകളില്‍ കേരളത്തെ രൂപപ്പെടുത്തിയ ദുബായ് തന്നെയാണ് ഈ സിനിമയുടെയും അടിസ്ഥാനപ്രമേയം. ഇവിടെ ജീവിക്കാന്‍ കൊള്ളാത്തതിനാല്‍ ഗള്‍ഫിലേക്കു പോവുകയെന്ന അക്കാലത്തെ ജീവിതതത്വം വിജയനാണ് മുന്നോട്ടുവയ്ക്കുന്നത്. ദാസന് അക്കാര്യത്തില്‍ വലിയ പിടിയില്ലായിരുന്നുവെന്നുമാത്രമല്ല സംശയങ്ങളും ഏറെയായിരുന്നു. അയാളുടെ ആഭിജാത്യബോധം നാടുവിടുന്നതില്‍നിന്ന് അയാളെ തടഞ്ഞെങ്കില്‍ എന്തുപണിയും എടുക്കാന്‍ തയാറുള്ള വിജയന് അതു പ്രശ്‌നമില്ലായിരുന്നു. ദുബായിലേക്കുപോയ അവര്‍ തമിഴ്‌നാട്ടിലെത്തുകയും തൊഴിലില്ലാതെ നടക്കുകയും ചെയ്യുന്നു.
ഗള്‍ഫ്, മലയാളിയുടെ ജാതിയിലധിഷ്ഠിതമായ തൊഴില്‍ബോധത്തെ ശക്തമായി ഉലച്ചുവെന്ന് മുന്‍വിശകലനങ്ങള്‍ വ്യക്തമാക്കി. അന്യദേശമായ തമിഴ്‌നാട്ടിലും സംഭവിക്കുന്നത് തൊഴിലിന്റെ പരമ്പരാഗതമായ ഘടനയുടെ തകര്‍ക്കലാണ്. ബാലേട്ടന്‍ അതിനുദാഹരണമാണ്. കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിച്ച് അവിടെ അയാള്‍ തന്റെ ജീവിതം സുരക്ഷിതമാക്കുന്നുണ്ട്. കേരളത്തിനുപുറത്തേക്കു പോയ മലയാളിയുടെ പ്രവാസജീവിതത്തിന്റെ രേഖകളാണ് ഈ ജീവിതങ്ങള്‍. നാടോടിക്കാറ്റെന്ന പേരുതന്നെ ജനിച്ചനാടാണ് ഒരാളുടെ ശരിയായ നാടെന്ന സങ്കല്പത്തെ റദ്ദാക്കുകയും നിരന്തരം നാടുമാറിയോടുന്ന പ്രവാസജീവിതാവസ്ഥയെ സൂചിപ്പിക്കുകയും ചെയ്യുന്നു.

കാറ്റുമാറിവീശുന്നപോലെ നാടും സ്വത്വവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ദാസന്റെ അമ്മയുടെ മരണവും നാട്ടില്‍ വേണ്ടപ്പെട്ടരില്ലെന്ന സൂചനയും അയാളുടെ പ്രവാസത്തിന് പുതിയമാനം നല്കുന്നുണ്ട്. വിജയനാകട്ടെ നാട്ടിലെ വേരുകളുണ്ടെന്ന സൂചന പോലുമില്ല. എന്നാല്‍ അയാള്‍ക്ക് തമഴ്‌നാട്ടില്‍ സുഹൃത്തക്കളുണ്ടെന്നു പറയുന്നുണ്ട്. മലയാളികള്‍ സ്വന്തംനാടുവിട്ടുള്ള ഓട്ടത്തിലൂടെയാണ് ജീവിതത്തെ കെട്ടുപണിചെയ്യുന്നതെന്നും മലയാളിത്തം മദ്രാസ് പോലുള്ള വലിയനഗരങ്ങളുടെ സാമിപ്യത്തിലൂടെ കേരളീയ ജാതിബോധത്തെ നിര്‍വീര്യമാക്കി നഗരസ്വഭാവത്തിലേക്കു മാറുകയാണെന്നും ഈ പരിണാമം പറയുന്നു. പച്ചപ്പണിഞ്ഞ കേരളത്തിലെ നാട് അഥവാ ഗ്രാമം ഇവിടുത്തെ ജാതിവ്യവസ്ഥ സൃഷ്ടിച്ച ഒന്നാണ്. ആ നാടിനെയാണ് പ്രവാസം പട്ടണസങ്കല്പങ്ങളിലൂടെ ഇല്ലാതാക്കുന്നത്.
ഈ സിനിമയുടെ രണ്ടാംഭാഗമായി ഇറങ്ങിയതിന്റെ പട്ടണപ്രവേശമെന്നായിരുന്നു (1988). മൂന്നാംഭാഗത്തിന് അക്കരെ അക്കരെ അക്കരെ എന്നും(1990). ഗ്രാമം എന്ന സങ്കല്പത്തില്‍നിന്ന് പട്ടണത്തിലേക്കും അവിടെനിന്ന് അമേരിക്കയിലെ വലിയനഗരത്തിലേക്കും സിനിമ തുടര്‍ച്ചയായി പോകുന്നുവെന്നത് കേരളീയതയുടെ ആഗോള സ്വഭാവത്തിലേക്കും ഗ്രാമവിരുദ്ധതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കാല്പനികകവികള്‍ ആദര്‍ശവല്കരിച്ച ജാതിയുടെ ഗ്രാമത്തെ കൈയൊഴിഞ്ഞ് മലയാളി ഒട്ടേറെ മുന്നോട്ടുപോയതിന്റെ അടയാളങ്ങളിലൊന്നാണ് ഈ സിനിമകള്‍.
മുഹമ്മദ് ജദീര്‍
Jun 27, 2022
4 minutes read
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
യാക്കോബ് തോമസ്
Jun 07, 2022
13 Minutes Read
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read