എം. മുകുന്ദന്റെ ​​കോവിഡുകാല ജീവിതം

ഒരു ഭീതിയും അരക്ഷിതാവസ്ഥയും ഇപ്പോൾ സദാ കൂടെയുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴി എഴുത്താണ്. പക്ഷേ ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല, ജീവിതത്തിന്റെയും ചിന്തയുടെയും താളം മാറ്റിയ കൊറോണക്കാലത്തെപ്പറ്റിയുള്ള ആലോചനകൾ എൻ.ഇ.സുധീറുമായുള്ള അഭിമുഖത്തിൽ എം. മുകുന്ദൻ പങ്കുവെക്കുന്നു

യ്യഴിയിലെ മണിയമ്പത്ത് ഹൗസിൽനിന്ന് മുണ്ടും മടക്കികുത്തി ആ കുറിയ മനുഷ്യൻ നടക്കാനിറങ്ങും. ആ നടത്തത്തിന് പ്രത്യേക താളമുണ്ട്. ഭൂമിയോട് പ്രത്യേകമായൊരു മമതയോടെയാണ് ആ കാൽവെപ്പുകൾ. കൊറോണക്കാലം നഷ്ടപ്പെടുത്തിയത് തന്റെ പ്രിയപ്പെട്ട നടത്തങ്ങളെയാണെന്ന് എം . മുകുന്ദൻ പറയുന്നു. നാൽപതോളം വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് മയ്യഴിയിലെ തന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് മുകുന്ദൻ മടങ്ങിയെത്തിയിട്ട് നാലഞ്ചുവർഷങ്ങളേ ആയുള്ളൂ. ജീവിതത്തിന്റെ ബാക്കി കാലം എഴുത്തും പ്രസംഗവും ഒക്കെയായി നാട്ടിലങ്ങനെ രസിച്ച് കഴിയുകയായിരുന്നു. കൂട്ടിന് ഭാര്യ ശ്രീജ മാത്രം. മക്കൾ രണ്ടു പേരും അമേരിക്കയിൽ. കൊറോണയുടെ അപ്രതീക്ഷിതവരവ് ആ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പതിവുകൾ ഉപേക്ഷിക്കേണ്ടിവന്നു. എഴുത്ത് പോലും സാധിക്കുന്നില്ല.
ഗാർഡിയനും ന്യൂയോർക്ക് ടൈംസുമൊക്കെ വായിച്ച് ലോകാവസ്ഥയും രോഗാവസ്ഥയും അറിഞ്ഞുകൊണ്ട് 77 കാരനായ കഥാകാരൻ ദിവസങ്ങൾ തള്ളിനീക്കുന്നു. എന്താണ് ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എവിടെയാണ് തിരുത്ത് സാധ്യമാവുക? വൈറസിനുചുറ്റും വരുന്ന പുതിയ പ്രതിസന്ധികൾ എന്തൊക്കെയാണ്?

എൻ.ഇ. സുധീർ: കോവിഡ് വ്യാപനം ഭയന്ന് നമ്മളൊക്കെ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. ഇനിയും അത് തുടരേണ്ടിവരും എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ തോന്നുന്നത്. അപ്രതീക്ഷിതമായി വന്നുപെട്ട ഈ ആഗോള ദുരന്തത്തെ എങ്ങനെ കാണുന്നു?
എം. മുകുന്ദൻ: സ്പാനിഷ് ഫ്‌ളൂ അഞ്ചു കോടി മനുഷ്യരുടെ ജീവനാണെടുത്തതെന്ന് നമുക്കറിയാമല്ലോ. പിന്നെ, രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരാകട്ടെ, എട്ട് കോടിയാണ്. തുടർന്ന് എഴുപത്തിയഞ്ച് വർഷങ്ങളായി ചെറിയ യുദ്ധങ്ങൾ, പ്രളയങ്ങൾ, ഭൂകമ്പങ്ങൾ, സുനാമി തുടങ്ങിയ വിപത്തുകൾ മാത്രമേ നമ്മെ അലട്ടിയിട്ടുള്ളൂ. മഹാദുരന്തങ്ങൾ ഉണ്ടായിട്ടില്ല. പ്ലേഗിനെയും കോളറയെയും ക്ഷയരോഗത്തെയുമൊക്കെ നമ്മൾ കീഴടക്കി. ശാസ്ത്രസാങ്കേതികവിദ്യ വളരെ വികസിച്ചു.

ശാസ്ത്രസാങ്കേതിക വിദ്യയും മൂലധന സമ്പദ് വ്യവസ്ഥയുമൊന്നും മനുഷ്യരാശിയുടെ അതിജീവനത്തിന് പര്യാപ്തമല്ല എന്നതാണ് നാം പഠിക്കുന്ന ആദ്യ പാഠം

ഇനിയൊരു മഹാമാരി ഉണ്ടാകില്ലെന്ന് നമ്മൾ വിശ്വസിച്ചു. മൂലധന സമ്പദ്​വ്യവസ്​ഥയും കമ്പോള സംസ്‌കാരവും വളർന്നു വ്യാപിച്ചു. വിപണികൾ ഉപഭോഗവസ്തുക്കൾ കൊണ്ടുനിറഞ്ഞു. അങ്ങനെ ഭൂതകാലത്തെ മറന്ന് നമ്മൾ ജീവിതം ആഘോഷിച്ചു. അപ്പോഴാണ് കോവിഡ് വരുന്നത്. അതൊരു ഓർമിപ്പിക്കലാണ്. ശാസ്ത്രസാങ്കേതിക വിദ്യയും മൂലധന സമ്പദ് വ്യവസ്ഥയുമൊന്നും മനുഷ്യരാശിയുടെ അതിജീവനത്തിന് പര്യാപ്തമല്ല എന്നതാണ് നാം പഠിക്കുന്ന ആദ്യ പാഠം.

ചോദ്യം: ലോകം അടക്കി വാഴാനുള്ള സാമ്രാജ്യത്വമോഹങ്ങൾക്ക് കിട്ടിയ ഒരു തിരിച്ചടി കൂടിയാണ് കോവിഡ് എന്നാണോ പറയുന്നത്?
അതേ. കോവിഡ് ഒരു രാഷ്ട്രീയസമസ്യ കൂടിയാണ്. വാക്സിന്റെ വരവോടെ കോവിഡ് പോകും. പക്ഷേ അത് സൃഷ്ടിച്ച സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികൾ തുടരുകതന്നെ ചെയ്യും.
ചോദ്യം: എന്തുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ഒരു വൈറസിനെ ഭയന്ന് അനിശ്ചിതത്വത്തോടെ ഇങ്ങനെ വീട്ടിലിരിക്കേണ്ടി വന്നത്?
കുറച്ചുകാലമായി ഞാൻ പറയുകയും എഴുതുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്. ഇനി വരുന്ന കാലം ചെറുതിന്റെതായിരിക്കും എന്നതാണത്.

ഡോണൾഡ് ട്രംപ്

കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത വിധം ചെറുതായ ഒരു സൂക്ഷ്മജീവിയുടെ മുമ്പിൽ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ മുട്ടുമടക്കി നിൽക്കുന്നതാണ് കാണുന്നത്. അഹന്തയോട് ചേർന്നുനിൽക്കുന്ന ആത്മവിശ്വാസമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഒരു വൈറസിനെ അമേരിക്ക പോലുള്ള രാജ്യം എന്തിന് പേടിക്കണം എന്ന ഡോണൾഡ് ട്രംപിന്റെ നിലപാടാണ് കോവിഡ് ഇങ്ങനെ ലോകത്തിൽ പടർന്നുപിടിക്കാൻ ഒരു കാരണം. ബ്രസീലിലെ ബൊൽസൊനാരോ അതിനു കൂട്ടുനിന്നു.
ചോദ്യം: ഈ പ്രതിസന്ധി വലിയ ജീവിതമാറ്റത്തിന് കാരണമായി. നിലവിലെ പല ശീലങ്ങളും ഒഴിവാക്കേണ്ടി വന്നു. പല സന്തോഷങ്ങളും നഷ്ടമായി. അസ്വസ്ഥതയുളവാക്കുന്ന പുതിയ ശീലങ്ങൾ പാലിക്കേണ്ടി വരുന്നു. വലിയൊരു വഴിത്തിരിവിനാണ് കോവിഡ് കാരണമായിരിക്കുന്നത്. ഈ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു? ദൈനംദിന ജീവിതത്തിൽ എന്താണ് ഏറ്റവുമധികം നഷ്ടബോധത്തോടെ ഒഴിവാക്കേണ്ടി വന്നത്?

ഒരു വൈറസിനെ അമേരിക്ക പോലുള്ള ഒരു രാജ്യം എന്തിന് പേടിക്കണം എന്ന ഡോണൾഡ് ട്രംപിന്റെ നിലപാടാണ് കോവിഡ് ഇങ്ങനെ ലോകത്തിൽ പടർന്നുപിടിക്കാൻ ഒരു കാരണം

മുണ്ട് മടക്കിക്കുത്തി, കൈകൾ വീശി നിരത്തുകളിലൂടെ സ്വതന്ത്രനായി നടക്കുന്നതാണ് ഞാനിപ്പോൾ കാണുന്ന സ്വപ്നം. ചങ്ങാതിയുടെ തോളിൽ കൈയിട്ട് തിരക്കുള്ള കവലയിലൂടെ നടക്കുക. ഒരു ചായക്കടയിൽ കയറിയിരുന്ന് ചുടുള്ള ഒരു ഗ്ലാസ് പൊടിച്ചായയും എണ്ണക്കടിയും കഴിക്കുക. ഈയടുത്ത കാലം വരെ ഇതൊക്കെ നിസാരകാര്യങ്ങളായിരുന്നു. ഇപ്പോഴാണ് അതിന്റെ പ്രാധാന്യവും ആഹ്ലാദവും നമ്മൾ തിരിച്ചറിയുന്നത്. നമുക്ക് നഷ്ടപ്പെട്ട മറ്റൊന്ന് സ്പർശന സുഖമാണ്. ആരേയും നമുക്കിന്ന് തൊടാൻ കഴിയില്ല. അയൽപക്കത്തെ കുഞ്ഞിനെ കാണുമ്പോൾ അതിനെ കൈയിലെടുത്ത് ഓമനിക്കാൻ എനിയ്ക്ക് കൊതിയാകുന്നു.

ഹിറ്റ്​ലർ

ഉള്ളിൽ വലിയ അസ്വസ്ഥതകളുണ്ടാകുമ്പോൾ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ചെന്ന് കണ്ണടച്ചുനിന്ന് ഒന്ന് തൊഴാനുള്ള സ്വാതന്ത്ര്യം പോലും ഇന്നില്ല. ഹിറ്റ്​ലറുടെയും സ്റ്റാലിന്റെയും കാലത്തു പോലും നാമിത്ര അസ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ മുമ്പിലെ റോഡിലൂടെ നടന്നുപോകുന്നവർ എന്നെ നോക്കി ചിരിക്കാറുണ്ടായിരുന്നു. അവർ മുഖാവരണം ധരിച്ചതിനാൽ ആ ചിരിയും നഷ്ടപ്പെട്ടിരിക്കുന്നു. തമ്മിൽ തൊടാനും ചിരിക്കാനും കഴിയാത്ത അവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ലോകം ഒരു വലിയ ജയിലും നാമൊക്കെ അതിലെ തടവുകാരുമാണ്. എന്തിനാണ് ഈ ജയിൽ ശിക്ഷ? കാഫ്കയുടെ ജോസഫ് കെ. യെ പോലെ നമുക്കതറിയില്ല.
ചോദ്യം: ഒരു പകർച്ചവ്യാധിയുടെ മുന്നിൽ ലോകമിങ്ങനെ തളർന്നുനിൽക്കുന്നത് കാണുമ്പോൾ പ്രപഞ്ചത്തിലെ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്ത് തോന്നുന്നു?
നിസ്സഹായാവസ്ഥയാണത്. ഭാവിയെ കുറിച്ചുള്ള ആശങ്കയും നമുക്കുണ്ട്. വൈറസിനെ നമ്മൾ കീഴടക്കിയാലും ഈ ആശങ്കയിൽ നിന്നും ഭയത്തിൽ നിന്നും നമുക്ക് മോചനം ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം അറിയപ്പെടാത്ത വേറേയും എത്രയോ വൈറസുകൾ എവിടെയൊക്കെയോ പതിഞ്ഞിരിപ്പുണ്ട്. അവ വന്ന് നമ്മെ ഒന്ന് ഭയപ്പെടുത്തി തിരിച്ചുപോകട്ടെ. അത് മനുഷ്യന് ഗുണം ചെയ്യും. പക്ഷേ അങ്ങനെ തിരിച്ചു പോകുമെന്ന് എന്താണ് ഉറപ്പ്? വൈറസ് ബാധയിലൂടെയായിരിക്കും മനുഷ്യരാശിയുടെ അന്ത്യം എന്നു പോലും തോന്നിപ്പോകുന്നു.
ചോദ്യം: ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ അഭിനേതാക്കളാണോ നമ്മെളെല്ലാം എന്നാണ് ചിലപ്പോൾ തോന്നിപ്പോവുന്നത്. ഒരിക്കലും ആലോചിക്കാത്ത ഒരവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. ഇപ്പോൾ മനസിലെ അസ്വസ്ഥതകൾ എന്തൊക്കെയാണ്?
മീറ്റിംഗുകളില്ല. പ്രസംഗങ്ങളില്ല. മനുഷ്യച്ചങ്ങലയുമില്ല. വീട്ടിൽ തന്നെ ഇരിക്കുകയല്ലേ? ധാരാളം സമയമുണ്ട്. കുറച്ച് എഴുതണം. മുടങ്ങിപ്പോയ നോവലിന്റെ പണി തുടരണം. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ അങ്ങനെയൊക്കെയാണ് ഞാൻ വിചാരിച്ചത്. പക്ഷേ ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല.

വരുംനാളുകളിൽ കോവിഡ് സാഹിത്യം വിപണിയിൽ വന്നു നിറയും. അതൊക്കെ പുസ്തക വിപണിയുടെ പ്രലോഭനങ്ങളിലും തന്ത്രങ്ങളിലും പെടുന്ന എഴുത്തുകാർ എഴുതുന്നതായിരിക്കും. നമ്മുടെ ഭാഷയിൽ അത് സംഭവിച്ചു കഴിഞ്ഞു

പ്രായമായി. മരണത്തെ അത്ര വലിയ പേടിയൊന്നുമില്ല. എന്നിട്ടും മനസിലൊരു അസ്വസ്ഥത. എന്തിനെയാണ് ഭയപ്പെടുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥ. ഇതിലൂടേയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. പാട്ടു കേൾക്കലും പുസ്തക വായനയുമാണ് അൽപ്പമൊരു ആശ്വാസം നൽകുന്നത്.
ചോദ്യം: രോഗം സർഗാത്മകതയെ പ്രചോദിപ്പിക്കാൻ സാധ്യതയുള്ള ഒരവസ്ഥയാണ് എന്ന് പറയാറുണ്ട്. ഉത്തരം കിട്ടാത്ത അവസ്ഥ. തീർച്ചയായും എഴുത്തുകാരുടെ ഭാവനയെ ഉണർത്താനിടയുണ്ട്. സാഹിത്യചരിത്രത്തിൽ അത്തരം രേഖപ്പെടുത്തലുകൾ ഏറെയുണ്ട്. കമ്യുവിന്റെ പ്ലേഗ് ഒരുദാഹരണം. വായനയിൽ നിന്ന് അങ്ങനെ എന്തെങ്കിലും ഓർത്തെടുക്കാൻ പറ്റുമോ?
മഹാമാരികൾ സർഗോന്മാദങ്ങൾ കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമായി അനശ്വരമായ ക്ലാസിക് രചനകൾ നമുക്ക് കിട്ടിയിട്ടുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘വെയിസ്റ്റ് ലാൻഡ്’ ഉദാഹരണം. സ്പാനിഷ് ഫ്‌ളൂ എലിയട്ടിനെയും ബാധിച്ചിരുന്നു. വൈറസ് ബാധ അദ്ദേഹത്തെ ഒരുതരം ഉന്മാദാവസ്ഥയിൽ എത്തിച്ചു. ആ അവസ്ഥയിൽ നിന്നാണ് ‘വെയിസ്റ്റ് ലാൻഡ്’ ജന്മം കൊണ്ടതെന്ന് പറയപ്പെടുന്നു. ഈയിടെ വൈറസും സർഗാത്മകതയും എന്ന പേരിൽ ഒരു ഇംഗ്ലീഷ് ലേഖനം കാണാനിടയായി. അതിൽ ഇതിനെക്കുറിച്ചൊക്കെ പറയുന്നുണ്ട്.
ചോദ്യം: പാൻഡമിക് സാഹിത്യം ഒരു സാധ്യതയായി മുന്നിലുണ്ടോ? ഈ ദുരന്തത്തിൽ നിന്ന് ഊർജം കൊണ്ട് പുതിയൊരു സർഗാത്മക പ്രവർത്തനം ഉരുത്തിരിഞ്ഞു വരാനിടയുണ്ടോ?
തീർച്ചയായും; കോവിഡ് പശ്ചാത്തലത്തിൽ സാഹിത്യ കൃതികൾ ഉണ്ടാകും. പക്ഷേ ഒരു അപകടമുണ്ട്. ടി. എസ്. എലിയട്ടിന്റെയും അൽബേർ കമ്യുവിന്റെയും കാലത്ത് പുസ്തകം ഇന്നത്തെ പോലെ കമ്പോള ഉൽപന്നമായിരുന്നില്ല. വരുംനാളുകളിൽ കോവിഡ് സാഹിത്യം വിപണിയിൽ വന്നു നിറയും.

ടി. എസ്. എലിയറ്റ്

ആ പുസ്തകങ്ങളൊന്നും എലിയറ്റിനെപ്പോലെയോ കമ്യുവിനെപ്പോലെയോ ഉള്ള എഴുത്തുകാർ എഴുതിയതായിരിക്കില്ല. അതൊക്കെ പുസ്തക വിപണിയുടെ പ്രലോഭനങ്ങളിലും തന്ത്രങ്ങളിലും പെടുന്ന എഴുത്തുകാർ എഴുതുന്നതായിരിക്കും. ഞാൻ കാണുന്നത് ഈയൊരു സാധ്യതയാണ്. നമ്മുടെ ഭാഷയിൽ അത് സംഭവിച്ചു കഴിഞ്ഞു. മനുഷ്യന്റെ ആധികളെയും ഉന്മാദങ്ങളെയും പോലും വിൽപനച്ചരക്കുകളാക്കാനുള്ള മിടുക്ക് ഇന്നത്തെ മാർക്കറ്റ് ശക്തികൾക്കുണ്ട്.
ചോദ്യം: ഇത്തരമൊരു മഹാമാരിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ മാനവരാശി നടത്തിയിരുന്നില്ല. അതൊരു ശാസ്ത്രീയ പരാജയമെന്നതിലുപരി രാഷ്ട്രീയ പരാജയമാണ്. ശാസ്ത്രം തന്ന മുന്നറിയിപ്പുകളെ ശ്രദ്ധിക്കാൻ മനസുള്ള ഒരു രാഷ്ട്രീയ സംസ്‌കാരം ലോകത്ത് നേതൃത്വത്തിനുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ വർത്തമാനകാല രാഷ്ട്രീയത്തെ ഒന്നു വിശകലനം ചെയ്യാമോ?
ശാസ്ത്രത്തിന്റെ ഭാഗമല്ല രാഷ്ട്രീയം. പക്ഷേ നിർഭാഗ്യവശാൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ശാസ്ത്രം.

പെട്രോളിനു വേണ്ടിയുള്ള അധിനിവേശങ്ങളും യുദ്ധങ്ങളും മിക്കവാറും തീർന്നു. ഒരുപക്ഷേ വൈറസുകളുടെ പേരിലായിരിക്കും ഇനിയുള്ള ബലപ്രയോഗങ്ങൾ

ഹിരോഷിമയിൽ അണുബോംബ് വീഴ്ത്തി നാശംവിതച്ചതിന്റെ ഉത്തരവാദിത്വം ശാസ്ത്രത്തിനല്ല, രാഷ്ട്രീയത്തിനാണ്. ഒരു കോവീഡ് രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. അമേരിക്കയിൽ രോഗവ്യാപനം പിടിച്ചു നിർത്താൻ കഴിയാതെ വന്നപ്പോൾ അവിടെ ദശലക്ഷം സുരക്ഷാകവചങ്ങൾ ആവശ്യമായി വന്നു. അമേരിക്കയിൽ അതുണ്ടായിരുന്നില്ല. പി.പി.ഇ കിറ്റുകൾ കൈവശമുണ്ടായിരുന്ന ദുർബ്ബല രാജ്യങ്ങളെ ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി അതൊക്കെ കൈവശപ്പെടുത്തി. കോവിഡ് ചികിൽസയ്ക്കുള്ള മരുന്നായ റെഡംസിവിറിന്റെ പേറ്റന്റിന് അമേരിക്ക നടത്തിയ അധാർമിക നീക്കങ്ങളും നമ്മൾ കണ്ടു. പെട്രോളിനു വേണ്ടിയുള്ള അധിനിവേശങ്ങളും യുദ്ധങ്ങളും മിക്കവാറും തീർന്നു. ഒരുപക്ഷേ വൈറസുകളുടെ പേരിലായിരിക്കും ഇനിയുള്ള ബലപ്രയോഗങ്ങൾ.

ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വലിയ രാജ്യങ്ങൾ വൈറസുകൊണ്ട് ചെറിയ രാജ്യങ്ങളെ ഭയപ്പെടുത്തി മുട്ടുകുത്തിക്കുന്ന ഒരു രാഷ്ട്രീയം നമുക്ക് പ്രതീക്ഷിക്കാം.
ചോദ്യം: കോവിഡ് പ്രതിരോധത്തിൽ ഇതുവരെ മെച്ചപ്പെട്ട പ്രവർത്തനം കേരളം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. എന്താണ് തോന്നുന്നത്?
മനുഷ്യസാദ്ധ്യമായ എല്ലാം കേരളം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇതുവരെ കോവിഡിനെ നിയന്ത്രിച്ചു നിർത്താൻ നമുക്ക് കഴിഞ്ഞത്. സർക്കാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഇവരെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാകുകയില്ല. പക്ഷേ ഇപ്പോൾ നിയന്ത്രണം കൈവിട്ടു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. ജനങ്ങളുടെ പൂർണ സഹകരണം ഇല്ലാത്തതു കൊണ്ടാണ് ഈ അവസ്ഥ വന്നുചേരുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അതിൽ സന്തോഷിക്കുന്ന ചില നേതാക്കളും ഇവിടെയുണ്ട്. നമ്മുടെ ഈ ജീവന്മരണ പോരാട്ടത്തിൽ അവർ നിലയുറപ്പിച്ചുനിൽക്കുന്നത് മനുഷ്യരുടെ ഭാഗത്തല്ല, വൈറസിന്റെ ഭാഗത്താണ്. നമ്മുടെ നാട്ടിലും കോവിഡ് രാഷ്ട്രീയം വന്നുകഴിഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ചോദ്യം: എന്താണ് ഈ പ്രതിസന്ധി നമ്മളെ പഠിപ്പിക്കുന്നത്? ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും? പുതിയ തലമുറയുടെ ഭാവിജീവിതം നേരിടാനുള്ള വെല്ലവിളികൾ എന്തൊക്കെയാവാം?
രണ്ട് സാദ്ധ്യതകളാണ് ഞാൻ കാണുന്നത്. കോവിഡ് പൂർണമായി ഒഴിഞ്ഞുപോയാൽ നാം എല്ലാം മറക്കും. പഴയ അടിപൊളി ജീവിതം തുടരും. പ്രകൃതിയെ നശിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കും. കള്ളക്കടത്ത് തുടരും. മിക്കവാറും ഇതുതന്നെയായിരിക്കും സംഭവിക്കുക. പക്ഷേ ചിന്തിക്കുന്ന ചില മനുഷ്യരെങ്കിലും എല്ലായിടത്തുമുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും. അവർ ഒരു പുതിയ ലോകക്രമം വിഭാവന ചെയ്യും. തത്ത്വചിന്തയിലും സാഹിത്യത്തിലും കലയിലും വലിയ മാറ്റങ്ങൾ സംഭവിക്കും. ഇതാണ് രണ്ടാമത്തെ സാദ്ധ്യത.
ചോദ്യം: ഏതെങ്കിലും തരത്തിലുള്ള ഒരു ഭീതി ഇക്കാലത്ത് വ്യക്തിപരമായി വന്നുപെട്ടിട്ടുണ്ടോ?
ഒരു ഭീതിയും അരക്ഷിതാവസ്ഥയും ഇപ്പോൾ സദാ കൂടെയുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴി എഴുത്താണ്. ഓണപ്പതിപ്പുകൾക്ക് കഥ ആവശ്യപ്പെട്ട് പത്രാധിപസുഹൃത്തുക്കൾ വിളിക്കുന്നുണ്ട്. പക്ഷേ എഴുത്തും ദൂരെമാറി നിൽക്കുന്നു. എഴുത്ത് എഴുത്തുകാരനെ ഭയപ്പെടുകയാണെന്ന് തോന്നുന്നു. എഴുത്ത് തിരികെ വന്നാൽ ഞാൻ രക്ഷപ്പെടും. എങ്കിൽ ഒന്നോ രണ്ടോ കഥകളെങ്കിലും ഓണപ്പതിപ്പിനു വേണ്ടി എഴുതാം.
ചോദ്യം: കോവിഡ് കാലത്ത് വായിച്ച ധാരാളം ദുരിത സംഭവകഥകളുണ്ടല്ലോ. ഏറെ വേദനിപ്പിച്ച എന്തെങ്കിലും പറയാനുണ്ടോ?
അത് പ്രായമായവരെ മരണത്തിനു വിട്ടുകൊടുത്ത കഥയാണ്. ഫ്‌ളോറിഡ പോലുള്ള സ്ഥലങ്ങളിൽ ധാരാളമായി ഇത്തരം സംഭവങ്ങൾ നടന്നു. സമ്പത്തുണ്ടെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി പേർ വൃദ്ധസദനങ്ങളിൽ താമസിക്കുന്നുണ്ട്.

എഴുത്ത് എഴുത്തുകാരനെ ഭയപ്പെടുകയാണെന്ന് തോന്നുന്നു. എഴുത്ത് തിരികെ വന്നാൽ ഞാൻ രക്ഷപ്പെടും. എങ്കിൽ ഒന്നോ രണ്ടോ കഥകളെങ്കിലും ഓണപ്പതിപ്പിനു വേണ്ടി എഴുതാം

എല്ലാവരെയും ചികിൽസിക്കാൻ ആവശ്യമായത്ര വെന്റിലേറ്ററുകൾ ഇല്ലാതെ വന്നപ്പോൾ ഉള്ള വെന്റിലേറ്ററുകൾ ചെറുപ്പക്കാർക്കുവേണ്ടി നീക്കിവെക്കുകയും വയോധികരെ മരണത്തിന് വിട്ടു കൊടുക്കുകയുമാണ് ചെയ്തത്. പതിനായിരക്കണക്കിന് വയോജനങ്ങൾ അങ്ങനെ മരിച്ചൊടുങ്ങി. ഒരു തലമുറ പൂർണമായി ഇല്ലാതേയായി.
ചോദ്യം: വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണല്ലോ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതൊരു ദുരന്തമായി മാറിയത് ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾക്കാണ്. ഏറെക്കാലത്തെ ഡൽഹി ജീവിതം ഇത്തരം പാവപ്പെട്ട മനഷ്യരുടെ ജീവിതത്തെ അടുത്തറിയാൻ ഇടയാക്കിയിട്ടുണ്ടാവുമല്ലോ. എന്തുകൊണ്ടാണ് ഈ പാവപ്പെട്ട മനുഷ്യരോട് എപ്പോഴും നമുക്ക് ഇങ്ങനെ പെരുമാറാൻ തോന്നുന്നത്?
നമ്മുടെ രാജ്യത്ത് കോവിഡ് ദുരന്തത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിച്ചത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള സർക്കാർ തുടക്കം മുതലേ തൊഴിലാളികൾക്ക് താമസ സൗകര്യങ്ങളും ഭക്ഷണവുമെല്ലാം സൗജന്യമായി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡൽഹിയിലെ സ്ഥിതി അതായിരുന്നില്ല. ലോക്ക്ഡൗണിനെ തുടർന്ന് ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലായി. ധാരാളം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന നഗരമാണ് ഡൽഹി. മറുനാടൻ തൊഴിലാളികളിൽ ഏറെയും ഈ മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഒരു കെട്ടിടം ഉയരുമ്പോൾ അവർ അതിന്റെ പരിസരത്തുതന്നെ കുടിൽ കെട്ടി പാർക്കുന്നു. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി അതൊക്കെ പൊളിച്ചുമാറ്റപ്പെട്ടു. അങ്ങനെ അവർക്ക് തലചായ്ക്കാൻ ഇടവുമില്ലാതായി. അങ്ങനെയാണ് ഗ്രാമങ്ങളിലേക്കുള്ള അവരുടെ തിരിച്ചുപോക്ക് ആരംഭിച്ചത്. ആ കൂട്ട പലായനത്തിൽ പലരും കൊടുംചൂടിൽ മരിച്ചു വീണു. ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയ അവർക്ക് എന്ത് സംഭവിച്ചു? നമുക്കറിയില്ല. അവിടെയും പട്ടിണിയും ദാരിദ്ര്യവുമാണല്ലോ. ഏത് ദുരന്തകാലത്തും യാതന അനുഭവിക്കുന്നത് പാവങ്ങൾ തന്നെയായിരിക്കും.

ചോദ്യം: രണ്ട് മക്കളും അമേരിക്കയിലാണ്. അവർക്ക് സുഖമാണോ?
സുഖമാണ്. മകൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിലാണ് ജോലി ചെയ്യുന്നത്. ബോസ്റ്റണിൽ ധാരാളം കോവിഡ് കേസുകളുണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു. മകൾ താമസിക്കുന്ന മിന്നസോട്ടയിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. അത് വലിയൊരാശ്വാസമാണ്. അവിടെ എല്ലാവരും ഉറ്റുനോക്കുന്നത് അടുത്ത നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ തോൽവിയാണ്. ഡെമോക്രാറ്റ് പാർട്ടിയുടെ ജോ ബൈഡൻ ജയിക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്.

Comments