കേരളം എന്നിൽ നിന്ന് പഠിച്ചതിനേക്കാൾ കൂടുതൽ ഞാൻ കേരളത്തിൽ നിന്നാണ് പഠിച്ചത്

കേരളത്തിന്റെ സാമൂഹിക ചരിത്രവും വികസന കാഴ്​ചപ്പാടുകളും ആഴത്തിൽ പഠിക്കുകയും മലയാള മാധ്യമ പ്രവർത്തനത്തെക്കുറിച്ച്​ വേറിട്ട രീതിയിൽ അന്വേഷണം നടത്തുകയും ചെയ്​ത, ‘ലോകത്തെ ഏറ്റവും പ്രശസ്​തനായ മലയാളി’ എന്നുപോലും വിശേഷിപ്പിക്കപ്പെടുന്ന റോബിൻ ജെഫ്രി ട്രൂ കോപ്പി തിങ്കിന്​ നൽകിയ അഭിമുഖം. ഇന്ത്യയെക്കുറിച്ച്​ പുതിയ പുസ്തകം എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹം, സമകാലിക കേരളത്തെയും ഇന്ത്യയെയും കുറിച്ചുള്ള കാഴ്​ചപ്പാട്​ എൻ.ഇ. സുധീറുമായി പങ്കിടുന്നു

കേരളത്തിനെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണങ്ങളിലെല്ലാം കടന്നുവരുന്ന പേരാണ് റോബിൻ ജെഫ്രിയുടേത്. ആസ്‌ത്രേലിയയിലെ മെൽബെണിൽ ജീവിക്കുന്ന കാനഡക്കാരൻ. മെൽബോൺ യൂണിവേഴ്‌സിറ്റിയിലെ ‘ആസ്‌ത്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടി'ന്റെ ഉപദേശകസമിതി തലവനാണ് അദ്ദേഹം. കേരളത്തെപ്പറ്റി പഠിക്കാനാണ് ജീവിതത്തിലെ ഏറിയപങ്കും ഈ അക്കാദമിഷ്യൻ ചെലവഴിച്ചത്. 1967-ൽ പഞ്ചാബിൽ നിന്ന് കണ്ണൂരിലേക്ക് നടത്തിയ യാത്രയായിരുന്നു കേരളവുമായുള്ള അടുപ്പത്തിന്റെ തുടക്കം. തുടർന്നാണ് ഗവേഷണത്തിന് തിരുവിതാംകൂറിലെ നായർ സമുദായത്തിന്റെ വികാസപരിണാമങ്ങൾ തെരഞ്ഞെടുത്തത്. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ ദക്ഷിണ കേരളത്തിന്റെ സാമൂഹ്യചരിത്രമായി മാറി. The Decline of Nayar Dominance എന്ന പേരിലുള്ള ആ ഗവേഷണ പ്രബന്ധം 1976-ൽ ബ്രിട്ടനിലെ സസക്‌സ് യൂണിവേഴ്‌സിറ്റി പുസ്തകമായി പ്രസിദ്ധീകരിച്ചു. ഏറെ ശ്രദ്ധേയമായ ആ കൃതി 1989-ൽ പുതുപ്പള്ളി രാഘവനും എം.എസ്. ചന്ദ്രശേഖരവാരിയരും ചേർന്ന് ‘നായർ മേധാവിത്വത്തിന്റെ പതനം ' എന്ന പേരിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി. അതോടെ റോബിൻ ജെഫ്രി കേരളത്തിലെ വായനക്കാർക്ക് സുപരിചിതനായി. പിന്നെയും അദ്ദേഹം കേരളം സന്ദർശിക്കുകയും ഇവിടെ താമസിച്ച് ഗവേഷണങ്ങളിലേർപ്പെടുകയും ചെയ്തു. 1992-ൽ Politics, Women and Well-Being: How Kerala Became a Model എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കേരള വികസന പരിസരത്തെ കുറിച്ചുള്ള ആഴമുള്ള ചിന്തകൾക്ക് അത് തുടക്കം കുറിച്ചു. 2000 ത്തിൽ India's Newspaper Revolution എന്ന മറ്റൊരു സുപ്രധാന രചനയും പുറത്തുവന്നു. മലയാള മാധ്യമ പ്രവർത്തനത്തിന്റെ വേറിട്ടൊരന്വേഷണമായിരുന്നു ആ പഠനം. Cell Phone Nation, Waste of a Nation എന്നിങ്ങനെയുള്ള മറ്റ് പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
കേരളത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് വിരാമമിട്ട്, കേരള പഠനത്തിന് ഉപയോഗിച്ച തന്റെ ഫയലുകളും രേഖകളും പുസ്തകങ്ങളും ചേർന്ന സ്വകാര്യ ലൈബ്രറി അദ്ദേഹം കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിന് കൈമാറി. ഇപ്പോൾ ഇന്ത്യയെക്കുറിച്ച് ഒരു പുസ്തക രചനയുടെ തിരക്കിലാണ് ഈ ചരിത്രകാരൻ.

എൻ.ഇ.സുധീർ: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന് നമുക്ക് തുടങ്ങാം. മനുഷ്യവംശം മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത, തീർത്തും അസാധാരണമായ ഈ സാഹചര്യത്തെ ഒരു ചരിത്രകാരനെന്ന നിലയിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

റോബിൻ ജെഫ്രി: 1918-20 കാലഘട്ടത്തിലെ സ്പാനിഷ് ഫ്ളു മഹാമാരിയ്ക്കുശേഷം ലോകത്തിന്റെ പലഭാഗങ്ങളും പെട്ടെന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിരുന്നു. ഒരു പരിധിവരെ, ആ മഹാമാരി ഭീതിജനകമായ ഒരു യുദ്ധത്തിന്റെ അവസാന അധ്യായമായിരുന്നു. നാലുവർഷത്തോളം എല്ലായിടത്തും മരണമായിരുന്നു. അതിനുശേഷം നടന്ന, ക്രൂരമായ കൂട്ടക്കൊലകളല്ലാത്ത, എന്തും തന്നെ അക്കാലത്തെ ജനതയ്ക്ക് സ്വീകാര്യമായി തോന്നിയിരുന്നു. കൂടാതെ ‘ഈ യുദ്ധം എല്ലാ യുദ്ധങ്ങളേയും അവസാനിപ്പിക്കും' എന്നും തോന്നലുമുണ്ടായി. യുദ്ധത്തിനൊപ്പം വന്ന മഹാമാരി യഥാർത്ഥത്തിൽ അതാണ് ചെയ്തതും.

ഇന്ന് സ്ഥിതി ഏറെ വ്യത്യസ്തമാണ്. സാമ്പത്തിക കാര്യങ്ങളിൽ, ജനങ്ങളുടെ വ്യവഹാരങ്ങളിൽ, ആശയവിനിമയങ്ങളിൽ എല്ലാം ഇന്ന് ലോകം വളരെയേറെ പരസ്പരബന്ധിതമാണ്. കഴിഞ്ഞ 45 വർഷത്തിനിടെ പലപ്പോഴും ചെറിയ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രബലശക്തികൾ ഭാഗമായ ഏറ്റവുമൊടുവിലത്തെ ‘വലിയ യുദ്ധം' വിയറ്റ്മായിരുന്നു. യുദ്ധം എന്താണ് ചെയ്തിരുന്നതെന്ന് ഇന്ന് ജനങ്ങളിൽ വലിയൊരു വിഭാഗം മറന്നുകഴിഞ്ഞിരിക്കുന്നു. ഇന്നിപ്പോൾ നിഷ്ഠൂരരായ ഭരണാധികളാൽ നയിക്കപ്പെടുന്ന പുതുശക്തിയായ ചൈന, യു.എസ് ഇതുവരെ ആസ്വദിച്ചിരുന്ന തരത്തിലുള്ള ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്നതിനാൽ കോവിഡാനന്തര ലോകം അപകടകരമായാണ് കാണപ്പെടുന്നത്.

ചോദ്യം: താങ്കളുടെ നാട്ടിൽ നിലവിലെ അവസ്ഥയെന്താണ്? കേരളത്തിലെ കോവിഡ് കേസുകളുടെ സ്ഥിതി താങ്കൾക്ക് അറിയാമെന്നു കരുതുന്നു. തുടക്കത്തിൽ, ഞങ്ങൾ നല്ല രീതിയിൽ പ്രതിരോധിച്ചു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമായല്ല പോകുന്നത്. മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും കേസുകൾ ഓരോ ദിവസവും കൂടി വരികയാണ്. എന്നാലും ഞങ്ങൾ ഒരു പരിധിവരെ മഹാമാരിയുടെ വ്യാപനം പിടിച്ചുകെട്ടി എന്നു പറയാം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേസുകളും മരണനിരക്കും കുറയ്ക്കാൻ കേരളത്തെ സഹായിച്ചത് എന്തായിരിക്കാം?

ജൂൺ അവസാനം മുതൽ മെൽബണിലും വിക്ടോറിയ സ്റ്റേറ്റിലും കാര്യങ്ങൾ കുഴഞ്ഞുമറിയാൻ തുടങ്ങി. രണ്ടാഴ്ചയായി ഞങ്ങൾ നാലാം ഘട്ട ലോക്ക്ഡൗണിലാണ്. നാല് ആഴ്ചകൾ കൂടി ഇത് തുടരും. പുതിയ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിട്ടുണ്ട്, പക്ഷേ ഇപ്പോൾ (ആഗസ്റ്റ് 16ന്) വിക്ടോറിയ സ്റ്റേറ്റിൽ മാത്രം 8,000ത്തോളം ആക്ടീവ് കേസുണ്ട്. 290ലേറെ പേർ മരിച്ചു. 70 വയസിൽ കൂടുതൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും.

ജനസാന്ദ്രതയും മലയാളികളുടെ മൊബിലിറ്റിയും വളരെ ഉയർന്നതായിട്ടുകൂടി ലോകത്തിലെ മറ്റുപലയിടങ്ങളേക്കാൾ നന്നായി കേരളം കോവിഡിനെ പ്രതിരോധിച്ചു. കേരളത്തിന്റെ ആരോഗ്യമേഖല വളരെ കാര്യക്ഷമമാണ്. പ്രാദേശിക ഭരണകൂടവും, പൗരസംഘടനങ്ങളും ജനങ്ങളുമായി തുടർച്ചയായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, എന്താണ് ആവശ്യമുള്ളത്, എന്തുകൊണ്ട് ചില നടപടികൾ അത്യാവശ്യമായിവന്നു എന്നൊക്കെ വിശദീകരിച്ചു. വൈറസിനെ നിയന്ത്രിച്ചുനിർത്തുന്നതിൽ ആ കൂട്ടുകെട്ട് നിർണായകമായിരുന്നു. പക്ഷേ രണ്ടാം ഘട്ട വ്യാപനത്തിൽ നിന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ല. അത് ലഘൂകരിക്കുകയെന്നുള്ളതാണ് വെല്ലുവിളി.

ചോദ്യം: ബഹുമാന സൂചകമായി താങ്കളെ മലയാളിയെന്നു വിശേഷിപ്പിക്കാറുണ്ട്. കേരളുവുമായുള്ള താങ്കളുടെ ബന്ധം 1960കളുടെ അവസാനം തുടങ്ങിയതാണെന്ന് അറിയാം. എങ്ങനെയാണത് സംഭവിച്ചത്? കേരളത്തിലേക്കുള്ള ആദ്യ സന്ദർശനത്തെക്കുറിച്ച് പറയാമോ?

1967 ഡിസംബർ 27നാണ് വിരാജ്പേട്ടിൽ നിന്ന് റോഡുമാർഗം ഞാൻ കേരളത്തിലെത്തുന്നത്. 22 കാരനായ കനേഡിയൻ, ‘കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന സംസ്ഥാനത്തേക്ക്' വരികയാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാറായിരുന്നു അധികാരത്തിൽ. മലനിരകൾ താണ്ടി കണ്ണൂരിലേക്ക് എത്തുമ്പോൾ, നീളമുള്ള ബലംകുറഞ്ഞ തൂണുകളിൽ പാറിപ്പറക്കുന്ന കുറേ ചെങ്കൊടികൾ കാണാമായിരുന്നു. പിന്നെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന ചെറിയ ക്ലാസിലെ ഒരുപറ്റം കുട്ടികളെ കണ്ടതും ഓർമയിലുണ്ട്, കൊച്ചുപെൺകുട്ടികൾ; വെളുത്ത ബ്ലൗസും നീലത്തട്ടവുമിട്ടങ്ങനെ പോകുന്നു. കണ്ണൂരിലെ സുഹൃത്തുക്കൾക്കൊപ്പം ഒന്നുരണ്ടുദിവസം ഞാൻ അവിടെ തങ്ങി.

ഞങ്ങൾ സെന്റ് ആഞ്ജലോ കോട്ട സന്ദർശിച്ചു, അഞ്ചരക്കണ്ടി സിനമൺ എസ്റ്റേറ്റിൽ പോയി. പിന്നീട് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ ആയ, ആർതർ വെല്ലസ്ലിയ്ക്ക് അഞ്ചരക്കണ്ടിയിലെ ബംഗ്ലാവിൽ താമസിക്കുന്ന കാലത്ത് വെടിയേറ്റ കഥ കേട്ടു. നെയ്ത്തുശാലകൾ കണ്ടു. ഞങ്ങൾ ഓടിച്ച് തലശ്ശേരി വരെ പോയി. 1968ലെ മഴക്കാലത്ത് വീണ്ടും കേരളത്തിൽ വരികയും കൊച്ചി തീരം മുതൽ കണ്ണൂർ വരെ യാത്ര ചെയ്യുകയും ചെയ്തു.

ചോദ്യം: തിരുവിതാംകൂറിലെ നായർ സമുദായത്തെക്കുറിച്ച് താങ്കൾ ഡോക്ടറൽ തീസിസ് എഴുതിയിരുന്നു. ഗവേഷണത്തിന് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാൻ കാരണമെന്താണ്?

ചണ്ഡീഗഢിലെ സ്‌കൂളിൽ രണ്ടുവർഷം ഞാൻ പഠിപ്പിച്ചിരുന്നു. ആ സമയത്ത് ഒരുപാട് യാത്ര ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാം എന്നെ ആകർഷിച്ചിരുന്നു. പിന്നീട് വലിയൊരു വിഭാഗം ഇന്ത്യൻ സ്‌കോളർമാരുള്ള യു.കെയിലെ സസക്സ് യൂണിവേഴ്സിറ്റിയിലേക്കാണ് പോയത്. ഒരുവർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തശേഷം തിരിച്ച് കാനഡയിലെത്തി മാധ്യമപ്രവർത്തകനാവണം എന്നതായിരുന്നു കണക്കുകൂട്ടൽ. പക്ഷേ ആ ഗവേഷണത്തോട് താൽപര്യമായി, ഇന്ത്യയോടുള്ള ആകർഷണം എന്നെ വിട്ടുപോയില്ല. ഇന്ത്യയോട്​ താൽപര്യമുള്ള പീറ്റർ റീവ്‌സ്, ആന്റണി ലോ എന്നീ രണ്ട് ഗവേഷകർക്കൊപ്പം ഞാൻ ജോലിചെയ്തിരുന്നു. വളരെ ഇൻസ്പെയറിങ് ആയിരുന്നു അവർ. ഇന്ത്യയിൽ ഫോക്കസ് ചെയ്യുന്നതിനു മുമ്പ് ആഫ്രിക്കയെക്കുറിച്ചു പഠിച്ചയാളായിരുന്നു ലോ. ‘നേരിട്ടല്ലാത്ത ഭരണ' ത്തെക്കുറിച്ച് അതായത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വ്യവഹാരങ്ങൾക്കുവേണ്ടി എങ്ങനെയാണ് അവർ പ്രാദേശിക ഭരണാധികാരികളെ ഏജന്റുമാരാക്കിമാറ്റിയതെന്ന് അറിയാൻ അദ്ദേഹത്തിന് വലിയ താൽപര്യമുണ്ടായിരുന്നു. അങ്ങനെയാണ് ‘മാതൃകാ നാട്ടുരാജ്യമായ' തിരുവിതാംകൂറിനെക്കുറിച്ച് ഡോക്ടറൽ തീസിസ് എഴുതാൻ 1971 ൽ ഞാൻ തിരുവനന്തപുരത്തേക്ക് വന്നത്.

ചോദ്യം: പിന്നീട് ആ തീസിസ് ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകമായി അച്ചടിച്ചുവന്നു. മലയാളം പതിപ്പിന്റെ തലക്കെട്ട് അൽപം ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ആധുനിക കാലത്തെ നായർ സമൂഹം അത് തെറ്റിദ്ധരിക്കുകയും ചെയ്തു. താങ്കളുടെ പുസ്തകത്തോടുള്ള അവരുടെ പ്രതികരണം അറിയാൻ കഴിഞ്ഞിട്ടുണ്ടോ?

പരിഭാഷ അൽപം കുഴപ്പം പിടിച്ച പണിയാണ്. എനിക്കു തോന്നുന്നത് ‘The Decline of Nair Dominance' എന്നതിന്റെ മലയാളം തലക്കെട്ട് നിങ്ങൾ ഇംഗ്ലീഷിലേക്ക് വീണ്ടും പരിഭാഷപ്പെടുത്തുകയാണെങ്കിൽ ‘The destruction of Nair rule' എന്നതിനോടടുത്ത എന്തെങ്കിലുമായിരിക്കും കിട്ടുക. തീർച്ചയായും അതല്ല ഈ തീസിസ്. ആ പുസ്തകത്തിന്റെ ഉള്ളടക്കവും അതല്ല. ‘Society and politics in Travancore, 1847-1908.' എന്ന സബ്ടൈറ്റിൽ, ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്.

ചോദ്യം: 1908 വരെ നായർ സമുദായത്തിനിടയിൽ നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയെക്കുറിച്ചാണ് ആ പഠനം പറയുന്നത്. തീസിസ് അവിടെ അവസാനിക്കുന്നു. പഠന വിധേയമാക്കിയ മേഖലയിൽ പിന്നീട് സ്ഥിരം സന്ദർശകനായ വ്യക്തിയെന്ന നിലയിൽ, കേരളീയ സമൂഹത്തിന്റെ ഇന്നത്തെ അധികാരഘടനയിൽ ആ സമുദായത്തിന്റെ സ്ഥാനമെന്താണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ?

പിന്നീടുണ്ടായ സംഭവവികാസങ്ങൾ Politics, Women and Well-Being: How Kerala Became a Model എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. മരുമക്കത്തായത്തിന്റെ അവശേഷിപ്പുകളെക്കുറിച്ച് 2005ൽ ഒരു ചെറുലേഖനം ഞാൻ എഴുതിയിരുന്നു (‘Legacies of Matriliny: the Place of Women and the ‘Kerala Model', Pacific Affairs, vol. 78, no. 1 Winter 2004-05, pp. 647-64). കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥകൾ സംബന്ധിച്ച പഠനത്തിന് കുറേവർഷങ്ങളായി ഞാൻ ശ്രമിച്ചിട്ടില്ല.

ചോദ്യം: കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ അറിയാൻ കൗതുകമുണ്ട്. ആ സാമൂഹ്യതിന്മയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

കുറേക്കാലം മുമ്പ് ഞാൻ കേരളത്തിലെ ഒരു സർക്കാർ ഓഫീസ് സന്ദർശിച്ച സമയത്ത് അവർ ചായ കൊണ്ടുവന്നുതന്നു. എനിക്കുകൊണ്ടുവന്നത് പഞ്ചസാര ചേർത്ത പാൽചായ ആയിരുന്നു. എന്നാൽ എന്റെയൊപ്പമുണ്ടായിരുന്ന ദളിത് വ്യക്തിക്ക് കൊടുത്തത് പഞ്ചസാരയില്ലാത്ത കട്ടൻചായയും. തന്നെ തരംതാഴ്ത്തി കാണിക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രവൃത്തിയായിരുന്നു അതെന്ന് പിന്നീട് അദ്ദേഹം രോഷത്തോടെ എനിക്കു വിശദീകരിച്ചു തന്നു. നിത്യജീവിതത്തിൽ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന കാര്യങ്ങളിൽ മുതൽ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിന് അല്ലെങ്കിൽ മീശവന്നുപോയതിന് കൊല്ലുന്നതുവരെയുള്ള കാര്യങ്ങളിലെല്ലാം ജാതീയത കാണാം.
Isabel Wilkerson ന്റെ അടുത്ത് പ്രസിദ്ധീകരിച്ച ‘Caste: the Origins of Our Discontents' എന്ന പുസ്തകത്തിന്റെ കോപ്പിക്ക് കാത്തിരിക്കുകയാണ് ഞാൻ. ആഫ്രിക്കൻ അമേരിക്കൻ മാധ്യമപ്രവർത്തകയാണ് അവർ. ആ പുസ്തകത്തിലൂടെ ഇന്ത്യയിലെ ദളിതർ, അമേരിക്കയിലെ ആഫ്രിക്കൻ അമേരിക്കക്കാർ, നാസി ജർമ്മനിയിലെ ജൂതർ എന്നിവരുടെ അവസ്ഥ എന്തായിരുന്നുവെന്ന് താരതമ്യം ചെയ്യുകയാണ്. പൊതുവായ ഭാഷ, ജാതിവിഭാഗങ്ങളുടെ ധാരാളിത്തമില്ലായ്മ, ആഫ്രിക്കൻ അമേരിക്കക്കാരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമായി നിലകൊള്ളുന്ന ഒരു ചെറു കൊമേഴ്‌സ്യൽ ക്ലാസ്, വിദ്യാസമ്പന്നരായ വൈദികന്മാരെ പിന്തുണയ്ക്കുന്ന പള്ളി സംവിധാനങ്ങൾ എന്നിങ്ങനെ ഇന്ത്യയിലെ ദളിതർക്ക് ഇല്ലാത്ത ചില ‘അനുകൂല ഘടകങ്ങൾ ' ആഫ്രിക്കൻ അമേരിക്കക്കാർക്കുണ്ട്.

ഇന്ത്യയെ സംബന്ധിച്ച്, പൊതുശുചിത്വം ഏറെ ബുദ്ധിമുട്ടുപിടിച്ച പ്രശ്നമായി തീരാനുള്ള കാരണങ്ങളിൽ ഒന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ജാതിയുമായി ബന്ധപ്പെട്ട മുൻവിധികളാണ്. ഉദാഹരണത്തിന്, ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രചാരത്തിലുള്ള ടു-പിറ്റ് ശൗചാലയങ്ങളുടെ കാര്യമെടുക്കാം. അതിന്റെ കുഴികൾ വൃത്തിയായി സൂക്ഷിക്കാൻ ഒരാൾ വേണം, ആ വ്യക്തി ഹിന്ദുമേൽജാതിക്കാരനാകാനുള്ള സാധ്യതയില്ല. ലോകത്തെവിടെയായാലും മനുഷ്യവിസർജ്യം കൈകാര്യം ചെയ്യുന്നത് ഒട്ടും സുഖകരമായ ജോലിയല്ല. എന്നാൽ തെക്കേ അമേരിക്കൻ പുൽമേടുകളിലെമ്പാടുമുള്ള കർഷകർ അവരുടെ ടോയ്ലറ്റുകൾ സ്വയം പരിപാലിച്ചിരുന്നു. ചൈന, ജപ്പാൻ, നെതർലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാർ മനുഷ്യവിസർജ്യം കൊണ്ട് പണമുണ്ടാക്കിയിരുന്നു. ജാതി ചിന്തകൾ സൃഷ്ടിക്കുന്ന ശുദ്ധിയെയും അശുദ്ധിയെയും കുറിച്ചുള്ള പ്രകൃത്യാതീത വിശ്വാസങ്ങൾ ജീവിതം പൂർണമായി ആസ്വദിക്കുന്നതിന് തടസ്സമാകും.

ചോദ്യം: ഇ.എം.എസ് നമ്പൂതിരിപ്പാട് അധികാരത്തിലുണ്ടായിരുന്ന സമയത്താണ് താങ്കൾ കേരളത്തിലേക്ക് ആദ്യമായി വന്നത് എന്നു പറഞ്ഞു. കേരളീയ സമൂഹത്തിൽ ഇടതുസർക്കാറിന്റെ പ്രധാന്യത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്? ഇടതുപക്ഷം ഇവിടെ അതിജീവിക്കാനുള്ള, കേരളത്തിന്റെ മാത്രം പ്രത്യേകതയായ സാഹചര്യമെന്താണ്?

ആധുനിക കേരളത്തിലെ നിർണായകമായ ഘടകം, രാഷ്ട്രീയ സാമൂഹ്യ സംഘടനകളാണെന്നാണ് എനിക്കു തോന്നുന്നത്. അത് കമ്യൂണിസ്റ്റുകളായാലും, കോൺഗ്രസായാലും ജാതി സംഘടനകളായാലും ചർച്ചുകളായാലും മോസ്‌കുകളായാലും. 1890 കൾ മുതൽ കോളോണിയൻ ഭരണകൂടത്തിന്റെ സ്ഥാപനങ്ങൾ വേരുപിടിക്കാൻ തുടങ്ങിയതോടെ, തങ്ങളെ പരിഷ്‌കരിക്കാനും പ്രതിരോധിക്കാനും പക്ഷംനിൽക്കാനും സംഘടനകളുണ്ടാവേണ്ടതിന്റെ ഗുണം, ആവശ്യകത ഇവിടുത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഉദാഹരണത്തിന് ഇ.എം.എസ് അദ്ദേഹത്തിന്റെ പൊതുജീവിതം തുടങ്ങിയത് നമ്പൂതിരി യോഗക്ഷേമ സഭയിലൂടെയാണ്.
ഞായറാഴ്ചത്തെ പതിവ് യോഗങ്ങൾ, മുകളിൽ നിന്നുള്ള ഉത്തരവ് സ്വീകരിച്ചുകൊണ്ട് ഒരു പള്ളി നിർമ്മിക്കുകയോ വിദ്യാലയം തുറക്കുകയോ ചെയ്യുന്ന പള്ളി വികാരിയുടെ അധികാര വിനിയോഗം എന്നിങ്ങനെയുള്ള പല സംഘടനാപരമായ ആശയങ്ങളും എസ്.എൻ.ഡി.പി യോഗം (1903), നായർ സർവീസ് സൊസൈറ്റി (1914) തുടങ്ങിയ സംഘടനകൾ കടംകൊണ്ടിട്ടുള്ളത് ക്രിസ്ത്യൻ പള്ളികളിൽ നിന്നാണെന്നാണ് എന്റെ ധാരണ.

സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും, കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിലും (തിരുവിതാംകൂർ, കൊച്ചി, മലബാർ) ദ്വി-പാർട്ടി രാഷ്ട്രീയ സമ്പ്രദായത്തിന് തുടക്കമിട്ടിരുന്നു. കമ്യൂണിസ്റ്റുകൾ ശക്തരായിരുന്നതുകൊണ്ടുതന്നെ അവർ സമത്വം എന്ന ആശയം മുന്നോട്ടുവെക്കുകയും എല്ലാവർക്കുംമുമ്പേ ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. തീവ്രമായ മത്സരബുദ്ധിയുളള ജനാധിപത്യ സംവിധാനവും ഒപ്പം വിദ്യാസമ്പന്നരായ ജനങ്ങളും, സത്യസന്ധമായ തെരഞ്ഞെടുപ്പ് നടപടികളും കേരളത്തിന്റെ സാമൂഹ്യഭാവിയെ വലിയൊരളവിൽ വിശദീകരിക്കുന്നുണ്ട്.

ചോദ്യം: സാമൂഹ്യശാസ്ത്രജ്ഞർക്കിടയിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് കേരള മോഡൽ വികസനം. താങ്കൾ ഇതുസംബന്ധിച്ച് ഒരു പുസ്തകം എഴുതിയിരുന്നു, ‘Politics Women & Well being- How Kerala became a Model'. ആ മോഡലിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്? ആ മോഡൽ ഇന്നും പ്രസക്തമാണെന്ന് കരുതുന്നുണ്ടോ?

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മുൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. നമുക്ക് എടുത്ത് മറ്റെവിടെങ്കിലും പ്രയോഗിച്ച് കേരളത്തിലേതിനു സമാനമായ ഫലം കിട്ടത്തക്കവിധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരുകൂട്ടം പോളിസികൾ എന്ന അർത്ഥത്തിൽ ഒരു "മോഡൽ' ഇല്ല. ഒരു കാലത്തും ഉണ്ടായിരുന്നുമില്ല. കുറഞ്ഞ ശിശുമരണനിരക്ക്, കൂടിയ ആയുർദൈർഘ്യം, മികച്ച പൊതുജനാരോഗ്യ സംവിധാനം, ഏറെ വ്യാപിച്ച വിദ്യാഭ്യാസ രംഗം എന്നിവയാണ് "ആ മോഡൽ' കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അതിനെ നമുക്കൊരു സമവാക്യത്തിലൂടെ രേഖപ്പെടുത്താൻ നോക്കാം: P+W=WB. അതായത് രാഷ്ട്രീയം (പൊളിറ്റിക്സ്) പ്ലസ് സ്ത്രീകൾ (വിമൻ) സമം ക്ഷേമം (വെൽ ബിയിങ്). ഇത്​ അമിത ലളിതവൽകരണമാണെന്നു പറയുന്നത്​ ന്യൂനോക്തിയാണ്! പക്ഷേ കേരളത്തെ വ്യത്യസ്തമാക്കിയ സവിശേഷ സാമൂഹ്യ സാഹചര്യങ്ങളായ- സ്ത്രീകളുടെ വിദ്യാഭ്യാസം, വലിയ തോതിൽ വളർന്നു വന്ന രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ - ഇവയൊക്കെ സാധ്യമാക്കിയ സാഹചര്യം. ഇതൊക്കെ ഈ സമവാക്യം ഉൾക്കൊള്ളുന്നുണ്ട്.

ചോദ്യം: താങ്കൾ മാധ്യമങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്, പ്രത്യേകിച്ച് മലയാളം മാധ്യമങ്ങളെക്കുറിച്ച്. എന്തായിരുന്നു ആ അന്വേഷണങ്ങളിലേക്ക് എത്തിച്ചത്? പ്രിന്റ് മാധ്യമങ്ങൾക്കു പുറമേ നമ്മുടെ സെൽഫോൺ കൾച്ചറിനെക്കുറിച്ചും താങ്കൾ പഠിച്ചിരുന്നു.

ഒരു പത്രത്തിലായിരുന്നു ഞാൻ ആദ്യമായി ജോലി ചെയ്തത്. ഹൈസ്‌കൂളുകളിലെ സ്പോർട്സിനെക്കുറിച്ചുള്ള എന്റെ കുറിപ്പിനാണ് 16ാം വയസിൽ എനിക്ക് ആദ്യത്തെ പേചെക്ക് ലഭിച്ചത്. വീടുവിട്ട് ഞാൻ

ചണ്ഡീഗഢിലേക്ക് പോകുന്നതിനു മുമ്പ് പ്രതിദിനമുള്ള ഒരു ടി.വി കോളം ഞാൻ എഴുതുന്നുണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പത്രത്തിൽ ശമ്പളം പറ്റുന്ന സ്പോർട്സ് റിപ്പോർട്ടറുമായിരുന്നു.

1968ൽ കൊച്ചിയിൽ ഒരു വീട്ടുവരാന്തയിലിരുന്ന് പ്രായമായ ഒരു സ്ത്രീ കണ്ണടയൊക്കെ ധരിച്ച് പത്രം വായിക്കുന്നത് കണ്ടത് ഞാൻ ഓർക്കുന്നു. ചണ്ഡീഗഢിൽ ഞാൻ പഠിപ്പിക്കുന്ന നൂറിൽ ഒരു കുട്ടിമാത്രം കണ്ണടവെച്ചിരുന്ന കാലത്താണ് അതെന്ന് ഓർക്കണം. കേരളത്തിന്റെ സാക്ഷരതയും പത്രങ്ങളും മോഹിപ്പിക്കുന്നതായിരുന്നു. 1980കളിൽ ഇന്ത്യൻ ഭാഷകളിലുള്ള പത്രങ്ങളുടെ റീച്ചിൽ വലിയ മാറ്റങ്ങളുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്കു വലിയ താൽപര്യമായിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള ന്യൂസ്പേപ്പർ ബിസിനസ് രംഗത്തെ ആവേശപൂർവ്വം നോക്കിക്കണ്ട മനോഹരമായ 19 വർഷങ്ങൾ എന്റെ ജീവിതത്തിലുണ്ട്.

ചോദ്യം: ഇന്ത്യയിലെ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടതാണ് താങ്കളുടെ ഏറ്റവുമൊടുവിലത്തെ വർക്ക്. ഈ വിഷയം തെരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു? കേരളത്തിലെ മാലിന്യ നിർമാർജന സംവിധാനത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

എന്റെ സുഹൃത്ത് Assa Doron നുമായി ചേർന്നാണ് ‘Waste of a Nation' എന്ന ഗ്രന്ഥം എഴുതിയത്. കാൻബറയിലെ ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ആന്ത്രപ്പോളജി പ്രഫസറാണ് Assa Doron. ഞങ്ങളൊരുമിച്ച്, മൊബൈൽ ഫോണുകളെക്കുറിച്ചുള്ള Cell Phone Nation എന്ന പുസ്തകവും എഴുതിയിരുന്നു.
‘മൊബൈൽ ഫോൺ’ ബുക്കിൽ നിന്നാണ് ‘വെയ്സ്റ്റ് ബുക്ക്’ ഉണ്ടായിവന്നത്. വലിച്ചെറിയപ്പെടുന്ന പഴയ ഫോണുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. അസ ഒരു റീസൈക്ലിങ് സെന്റർ സന്ദർശിച്ചിരുന്നു. അവിടെ പ്ലാസ്റ്റിക് ഉരുക്കി സർക്യൂട്ട് ബോർഡിലെ വിലകൂടിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാനായി ചെറിയ കുട്ടികൾ, മണ്ണെണ്ണ ബർണറുകൾക്കുമുകളിൽ ലോഹക്കറിചട്ടികളിൽ വെച്ച് ഫോണുകൾ ചൂടാക്കുകയായിരുന്നു. അതിനുശേഷം ‘ഈ മാലിന്യങ്ങളെക്കുറിച്ച് നമുക്കൊരു പുസ്തകം എഴുതണം' എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹമായിരുന്നു അതിന്റെ പ്രേരണ. അങ്ങനെയാണ് ഞങ്ങൾ ആ പുസ്തകമെഴുതിയത്. ഇന്ത്യയിലെമ്പാടുമുള്ള പോലെ തന്നെ അപര്യാപ്തമാണ് കേരളത്തിലെയും മാലിന്യനിർമാർജനമെന്നാണ് എനിക്കു തോന്നുന്നത്. ചില പ്രാദേശിക ഭരണകൂടങ്ങൾ കുറച്ചുകൂടി മികച്ച വഴികൾ തേടുന്നുണ്ട്. എളുപ്പപ്പണി അല്ലെങ്കിൽ ഹൈ ടെക്ക് സൊല്യൂഷനുവേണ്ടി തിരയുന്ന പ്രവണതയുമുണ്ട്. പതുക്കെയുള്ള, ദൂരവ്യാപകമായ, ജനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കൂടുതൽ ഫലപ്രദം. അതിന് ക്ഷമയും ദൃഢനിശ്ചയവും വേണം.

ചോദ്യം: കേരളവുമായി വളരെ അടുത്ത് പ്രവർത്തിച്ചിട്ടുള്ള അക്കാദമീഷ്യൻ എന്ന നിലയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? കേരളത്തിന്റെ അക്കാദമിക പരിതസ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? ഒപ്പം, രേഖകൾ സൂക്ഷിക്കുന്ന, അറിവ് സംരക്ഷിക്കുന്ന, ചരിത്രം എഴുതുന്ന കൾച്ചറിനെ എങ്ങനെ കാണുന്നു?

എന്നിൽ ഏറെ മതിപ്പുണ്ടാക്കിയ ഒന്നാണ് ഇപ്പോൾ നൂറ് സബ്സ്‌ക്രൈബർമാരുള്ള കേരള സ്‌കോളേഴ്സ് ലിസ്റ്റ് (http://egroup.keralascholars.org/). പി.എച്ച്.ഡി, എം.ഫിൽ ട്രെയിനിങ്ങിനെക്കുറിച്ചും മറ്റും നല്ല അവബോധമുണ്ടാക്കാൻ തക്കവണം ഈ അടുത്തകാലത്തൊന്നും ഞാൻ കേരളത്തിൽ ദീർഘകാലം താമസിച്ചിട്ടില്ല. മലയാളത്തിലെ വനിതാമാസികകളുടെ ചരിത്രം, പൊതുജനാരോഗ്യരംഗം, ഭൂമി ഉപയോഗം തുടങ്ങിയവ എനിക്കു വായിക്കാൻ ഇഷ്ടമുള്ള വിഷയങ്ങളാണ്. എന്നാൽ അന്തരാഷ്ട്ര തലത്തിലുളള വായനാസമൂഹത്തിന്റെ ശ്രദ്ധപതിയുന്നരീതിയിൽ, അവയെക്കുറിച്ച് അർഹമായ പഠനങ്ങൾ എഴുതപ്പെട്ടതായി തോന്നിയിട്ടില്ല. നിഷ്ഠയോടെ പ്രവർത്തിക്കുന്ന, കഴിവുള്ള സ്‌കോളർമാർ മുന്നോട്ടുവന്നാൽ സ്റ്റോറികളും സോഴ്സും എത്രത്തോളം കാമ്പുള്ളതാവുമെന്നതിന് തെളിവാണ് മനു എസ്. പിള്ളയുടെ The Ivory Throne.

കേരളത്തിലെ ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 30 വർഷമായി ഞാൻ പ്രവർത്തിച്ചിട്ടില്ല. കുറേക്കാലം മുമ്പ് തിരുവിതാംകൂർ സർക്കാറിന്റെ പഴയ ചില ലെറ്റർ-ബുക്കുകൾ, 1840 കളിലുള്ളത് നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാഗ്രതയുള്ള ആക്ടിവിസ്റ്റുകളുടെ ഇടപെടലിലൂടെ അവ സംരക്ഷിക്കാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

ചോദ്യം: താങ്കളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകളെക്കുറിച്ചും ഇറങ്ങാൻ പോകുന്ന പുസ്തകത്തെക്കുറിച്ചുമൊക്കെ പറയാമോ?

ആധുനിക ഇന്ത്യയെക്കുറിച്ച് ഒരു പുസ്തകമെഴുതണമെന്നത് എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. എല്ലാ തരത്തിലുള്ള വായനക്കാരുടെയും ശ്രദ്ധയാകർഷിക്കുന്ന, എളുപ്പം വായിക്കാവുന്ന, ദൂരവ്യാപകമായ വീക്ഷണമുള്ള, സ്‌കോളർമാർ സംതൃപ്തിയോടെ സ്വീകരിക്കുന്ന ഒരു പുസ്തകം. തെരഞ്ഞെടുത്ത കുറച്ചു വർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ ഒരു പഠനം തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ബിൽ ബ്രൈസണിന്റെ ‘One Summer: America 1927' ഉം ജോൺ വിൽസിന്റെ ‘1688' ഉം അറിയാവുന്നവർക്ക് എന്താണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് എളുപ്പം മനസ്സിലാകും. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു പുസ്തകത്തിലൂടെ അടയാളപ്പെടുത്തുകയെന്നതാണ് എന്റെ പദ്ധതി. എങ്ങനെയിത് ചെയ്യും? ഏതൊക്കെ വർഷങ്ങൾ? പ്രയാഗ്/ അലഹബാദിലെ മഹാ കുംഭമേള നടന്ന വർഷങ്ങളാണ് ഉചിതമെന്ന് ഞാൻ തീരുമാനിച്ചു. Common Era കലണ്ടർ പ്രകാരം, ജ്യോതിഷ സംബന്ധിയായ അടയാളങ്ങളെ ആശ്രയിച്ച് മഹാകുംഭമേള 11, 12 വർഷങ്ങളുടെ ഇടവേളകളിൽ മാറിമാറിവരാം. വൻകൂട്ടങ്ങളായി അവർ ഒത്തുചേരും- ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം. തെരഞ്ഞെടുപ്പുകൾ, യുദ്ധങ്ങൾ, പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ മരണം തുടങ്ങിയ സാമ്പ്രദായികമായ ‘വൻപരിപാടി'കളെ ആശ്രയിച്ചല്ല കുംഭമേള നടക്കേണ്ട വർഷങ്ങൾ തീരുമാനിക്കപ്പെടുന്നത് എന്നതിനാൽ, ആ സമയത്ത് ആളുകളെ സംബന്ധിച്ച് സുപ്രധാനമായ കാര്യം എന്താണോ അതിലേക്ക് ശ്രദ്ധയാകർഷിക്കുകയാണ് അവർ ചെയ്യുന്നത്. ഭൂതകാലവുമായി കൂടുതൽ ഫലപ്രദമായി താതാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന ഒരു രീതിയാണിത്. മഹാകുംഭമേള നടക്കുന്ന വർഷങ്ങൾ 1942, 1954,1966, 1977, 1989, 2001, 2013, 2025 എന്നിവ സമൃദ്ധിയുള്ള ആകർഷണീയമായ വർഷങ്ങളാണ്. ഇരുപത് വർഷങ്ങൾക്കുമുമ്പ് ഈ പ്രോജക്ടിനുവേണ്ടിയുള്ള ഒരുപാട് ഗവേഷണങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴാണ് അത് നടപ്പിൽവരുത്താനും ഞാൻ മനസിൽ കണ്ടതുപോലുള്ള ഒരു പുസ്തകം എഴുതാൻ ശ്രമിക്കാനും സമയം കിട്ടിയത്. എന്നിരുന്നാലും നമ്മൾ മനസിൽ കാണുന്നതും ചെയ്യുന്നതും അത് രണ്ടും രണ്ടാണ്! നിലവിൽ 1966 ലാണ് പൂർണമായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഭക്ഷ്യസമരവും അന്നത്തെ മധ്യപ്രദേശിലെ ബസ്തർ ജില്ലയിലുണ്ടായ ‘ലഹള'' യും ഒക്കെ പരാമർശിച്ചുള്ള ഒരു പുസ്തകം. പ്രധാനമന്ത്രിയുടെ മരണവും ബീഹാറിലെ വരൾച്ചും ക്ഷാമവും ഇതിലുൾപ്പെടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചോദ്യം: ഒരു കേരള സ്‌കോളർ എന്ന നിലയിൽ, താങ്കൾക്ക് ഞങ്ങളോടായി സ്വയം മെച്ചപ്പെടാനായി എന്തെങ്കിലും ഉപദേശമോ നിർദേശമോ മുന്നോട്ടുവെക്കാനുണ്ടോ?

കേരളം എന്നിൽ നിന്ന് പഠിച്ചതിനേക്കാൾ കൂടുതൽ ഞാൻ കേരളത്തിൽ നിന്നാണ് പഠിച്ചത്.

ചോദ്യം: ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും താങ്കൾ പ്രവർത്തിച്ചിരുന്നവല്ലോ. കേരളത്തിൽ വരുന്നതിന് മുമ്പ് താങ്കൾ പഞ്ചാബിൽ ജോലി ചെയ്തിരുന്നു. അതുപോലെ മറ്റുപല സംസ്ഥാനങ്ങളിലും യാത്ര ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നാടകീയ മാറ്റങ്ങൾ താങ്കൾ ശ്രദ്ധിക്കുന്നുണ്ടാവുമെന്നുറപ്പാണ്. എന്താണ് ഞങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യൻ സാമൂഹ്യ-ചട്ടക്കൂടുകളുടെ ഭാവിയെക്കുറിച്ച് താങ്കൾക്ക് ആധി തോന്നുന്നുണ്ടോ?

ഇന്ത്യയെക്കുറിച്ചു പറയാൻ പറ്റിയ ഒരു രൂപകം ആലോചിക്കുമ്പോൾ ഞാൻ ബിരിയാണിയെക്കുറിച്ച് ഓർക്കും. എനിക്ക് ബിരിയാണിയെന്നത് നല്ലമണമുള്ള ചോറാണ്, കൂട്ടുകളെല്ലാം ചേർത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പട്ട, കടല, മുളക് കഷണങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിങ്ങനെ എല്ലാതരം രുചികളും നിറങ്ങളുമൊക്കെക്കൊണ്ട് സമ്പുഷ്ടമായ ഒന്ന്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പരിപാടികൾ നോക്കുമ്പോൾ, ബിരിയാണി ഒരു ബ്ലൻഡറിലിട്ട് കൂട്ടിയോജിപ്പിച്ച് ഏക മിശ്രിതമാക്കാൻ ശ്രമിക്കുന്ന ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റർമാരെയാണ് എനിക്കു കാണാനാവുന്നത്. ബ്ലൻഡറിലിട്ട് മിശ്രിതമാക്കിയ ബിരിയാണി രുചികരമായിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.

Comments