സ്‌ക്വിഡ് ഗെയിം പടരുന്നു അതിലെ 'നിഷ്‌കളങ്ക'കളികളും

ക്ഷിണ കൊറിയൻ സിനിമയെയും, സംഗീതത്തെയും ലോകം ഏറ്റെടുത്ത പോലെ ഏതാണ്ട് ഒരു മാസമായി നെറ്റ്ഫ്‌ളിക്‌സിൽ ലോകശ്രദ്ധ പിടിച്ചു പറ്റി റിലീസ് ആയി നാലാം നാൾ മുതൽ ഒന്നാംസ്ഥാനത്തു തുടരുന്ന സ്‌ക്വിഡ് ഗെയിം എന്ന പരമ്പര ഒരുപാട് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ സെപ്റ്റംബർ 17ന് റിലീസ് ആവുകയും തൊട്ടടുത്ത ദിവസം മുതൽ നെറ്റ്ഫ്‌ളിക്‌സിൽ രണ്ടാം സ്ഥാനത്തെത്തുകയും, സെപ്റ്റംബർ 21ന് ഒന്നാം സ്ഥാനത്തെത്തുകയും അതിന്നും തുടരുകയും, ഒരു പാട് ഓൺലൈൻ സ്ട്രീമിംഗ് റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് ലോകശ്രദ്ധ ആകർഷിച്ചു ജൈത്രയാത്ര തുടരുന്നു എന്നത് നെറ്റ്ഫ്‌ലിക്‌സിനെ സംബന്ധിച്ചും ഒരു കിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ സാംസ്‌കാരിക ഉത്പന്നം എന്ന നിലക്കും തികച്ചും അത്ഭുതകരമാണ്. മികച്ച സിനിമക്കും, മികച്ച സംവിധായകനും, മികച്ച തിരക്കഥക്കും 2020 അക്കാദമി അവാർഡ് നേടിയ പാരസൈറ്റ് (ബൊങ് യൂൻ ഹൊ) ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അടുത്ത കാലത്താണ് ലോകസിനിമാഭൂപടത്തിൽ ദക്ഷിണ കൊറിയൻ സിനിമകളും ദൃശ്യാവിഷ്‌കാരങ്ങളും ഒരു വിസ്മയമായി ഇടം പിടിക്കുന്നത്. പാരസൈറ്റിന്റെ വിജയതുടർച്ചയെന്നോണമാണ് പലരും സ്‌ക്വിഡ് ഗെയിമിനെ വിലയിരുത്തുന്നത്. യഥാർത്ഥത്തിൽ എന്താണ് സ്‌ക്വിഡ് ഗെയിം? എന്തിനെയാണ് ഈ സീരീസ് പ്രതിനിധീകരിക്കുന്നത്? സ്‌ക്വിഡ് ഗെയിം പോലുള്ള ഒരു സീരീസ് ഇത്രയുമധികം ജനങ്ങളെ ആകർഷിച്ചത് എന്ത് കൊണ്ടായിരിക്കാം?

ഹ്വാങ്ങ് ഡോങ് - ഹ്യുക് സംവിധാനം ചെയ്ത സ്‌ക്വിഡ് ഗെയിം survival drama എന്ന വിഭാഗത്തിൽ പെടുന്ന ഒരു ത്രില്ലറാണ്. As the God's Will (Miike Takashi, 2014), Battle Royale (Kinji Fukasaku, 2000), The Hunger Games (Gary Ross & Francis Lawrence 2012-present ) എന്നിവയുമായുള്ള സാമ്യവും സ്വാധീനവും പല നിരൂപകരും ചൂണ്ടികാണിച്ചതാണ്. കൊറിയയിലെ മുൻതലമുറയിൽ പെടുന്നവർക്ക് പരിചയവും ഗൃഹാതുരതയും ഉണർത്തുന്ന ആറ് കളികളിൽ 456 മുതിർന്നവർ ഏർപ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകൾ ഉള്ള സ്‌ക്വിഡ് ഗെയിമിന്റെ പ്രധാന ഇതിവൃത്തം. ആദ്യത്തെ മത്സരം കഴിയുന്നതോടെയാണ് സമ്മാനത്തുക എന്തെന്ന് പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും മനസ്സിലാവുന്നത്.

മനുഷ്യായുസ്സിൽ സമ്പാദിക്കാനാവാത്തത്രയും കൂറ്റൻ സമ്മാനത്തുകയായ 45.6 ബില്യൺ കൊറിയൻ വൺ ആണ് ഇവരെ ഈ മത്സരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഓരോ മത്സരത്തിലെയും തോൽവിക്കാർ പുറത്താകുന്നത് കളികളിൽ നിന്ന് മാത്രമല്ല ജീവിതത്തിൽ നിന്ന് തന്നെയാണ്. മത്സരത്തിനായി ""തിരഞ്ഞെടുക്കപ്പെട്ടവർ'' (the chosen ones) ജീവിതത്തിൽ സാമ്പത്തികമായി കൂറ്റൻ ബാധ്യതകൾ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കൽപിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതിൽ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഏഴാമത്തെ എപ്പിസോഡ് കഴിയുമ്പോളാണ് ഈ ഗെയിമുകൾ ഏതാനും "VIP' കൾക്ക് വിനോദം പകരുവാനുള്ള ഒരു ഗ്രാൻഡ് പ്രൊജക്റ്റ് ആണെന്ന് നമുക്ക് മനസ്സിലാവുന്നത്. 2020 ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദി പ്ലാറ്റ്‌ഫോം (2019) എന്ന സിനിമയുടെ ക്ലൈമാക്‌സിനെ ഓർമിപ്പിക്കുന്ന ഒരു ട്വിസ്റ്റാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഈ VIPകൾ വെറും കാണികളോ ആസ്വാദകരോ മാത്രമല്ല, മറിച്ചു കോടിക്കണക്കിനു കാശു പന്തയം വെച്ച് കളികളിലെ ജയവും പരാജയവും ആഘോഷിക്കുന്നവരാണ്. കുതിര പന്തയത്തിൽ കുതിരകളുടെ മേൽ വലിയതുക പന്തയം വെക്കുന്നത് പോലെ ഇവിടെ മനുഷ്യരുടെ മേലാണ് പന്തയം എന്ന വ്യത്യാസം മാത്രം. പങ്കെടുക്കുന്നവരുടെ എല്ലാ വിശദാംശങ്ങളും VIP കൾക്ക് നേരത്തെ പരിചിതമാണ്; അവരുടെ വ്യക്തിപരവും, സാമ്പത്തിക വിവരങ്ങളും, ബാധ്യതകളും എല്ലാം നന്നായി പഠിച്ചു മനസ്സിലാക്കിയാണ് പന്തയം വെക്കുന്നത്. എന്നാൽ ചില പന്തയങ്ങളൊക്കെ ചില പ്രത്യേക നമ്പറുകളുടെ ഭാഗ്യം അനുമാനിച്ചാണ്. മനുഷ്യൻ വെറും പന്തയവസ്തുവും ഉപഭോഗസംസ്‌കാരത്തിന്റെ ശേഷിപ്പും മാത്രമായി ചുരുങ്ങുന്നു.

കൃത്യമായ ഒരു ശ്രേണീകൃത സമൂഹമാണ് കളികൾ നിയന്ത്രിക്കുന്നത്. ഇവർക്കിടയിൽ പ്രകടമായ അധികാര വ്യവസ്ഥ നിലനിൽക്കുന്നതും മനസ്സിലാക്കാൻ സാധിക്കും. ധരിക്കുന്ന മാസ്‌ക്കുകൾ വഴി കളി നിയന്ത്രിക്കുന്നവരുടെയും, അത് പോലെ അവർക്ക് മുകളിൽ അധികാരസ്ഥാനത്തിരിക്കുന്ന Front Man (Lee Byung-hun) എന്നു വിളിക്കപ്പെടുന്ന ആളുടെയും, കളികൾ ആസ്വദിക്കാനെത്തുന്ന VIP കളുടെയും സ്വത്വം മറച്ചു വെക്കുന്നു. ഏറ്റവും താഴെ തട്ടിലുള്ളവരുടെ ഇടയിൽ തന്നെ ജാമിതീയ രൂപങ്ങൾ ആലേഖനം ചെയ്ത മാസ്‌കുകൾ വഴി അവരുടെ ഇടയിലുള്ള അധികാരതട്ടുകൾ പ്രകടമാവുന്നു. ഒന്നിൽ കൂടുതൽ സന്ദർഭത്തിൽ വൃത്താകൃതിമാസ്‌ക്ക്ധാരി അവരുടെ മുകളിലുള്ള അല്ലെങ്കിൽ സൂപ്പർവൈസർ ആയ ആളുടെ അനുവാദം ഇല്ലാതെ സംസാരിക്കാൻ അനുമതിയില്ലെന്നു സൂചിപ്പിക്കുന്നുണ്ട്. അത്രമാത്രം ശ്രേണീകൃത വ്യവസ്ഥയാണ് നിലനിൽക്കുന്നത്. പക്ഷെ ഇതിനു വിപരീതമായി കളികളിൽ ജീവൻ പണയം വെച്ച് കളിക്കുന്നവർക്കിടയിൽ അധികാരശ്രേണിയില്ലാതിരിക്കുന്നതും അവരുടെ സ്വത്വം മാസ്‌കിനുള്ളിൽ ഒളിപ്പിക്കാത്തതും ശ്രദ്ധേയമാണ്. പകരം എല്ലാവർക്കും ഓരോ യൂണിഫോമും നമ്പരും നൽകി കൊണ്ട് അവർ തമ്മിലുള്ള വർണ/ലിംഗ/പ്രായ വ്യത്യാസങ്ങൾ ഇല്ലായ്മ ചെയ്യുകയും അത് വഴി സീരിസിലെ അഞ്ചാമത്തെ എപ്പിസോഡിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ ഒരു നീതിപൂർവക സമൂഹം (A Fair World ) മുന്നോട്ടു വെക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഈ സീരീസ് മുന്നോട്ടു വെക്കുന്ന രണ്ടു തരം സമൂഹ വ്യവസ്ഥകളുടെ രാഷ്ട്രീയം ആഴത്തിൽ പഠിക്കേണ്ടത്.

വൈജാത്യങ്ങളെ റദ്ദ് ചെയ്തു കൊണ്ടു എല്ലാവരെയും സമഭാവനയോടെ ഉൾകൊള്ളുന്ന ഒരു ലോകം എന്നത് ആദ്യം വിസ്മയാവഹവും പിന്നീട് പ്രശ്‌നവൽകൃതവുമാണ്. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ ഒന്നും പരിഗണിക്കാതെ പൂർണമായും തന്റെ കഴിവിന്റെയും, സാമർഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്ക് കൊണ്ട് മാത്രമാണ് വിജയികൾ തീരുമാനിക്കപ്പെടുന്നത്. എല്ലാത്തിനും പുറമെ ഭാഗ്യത്തിന്റെ ആനുകൂല്യവും. Survival of the fittest എന്ന ഡാർവിൻ സിദ്ധാന്തം ഒരിക്കൽ കൂടി സ്ഥാപിക്കപെടുന്നു. സീരിസിൽ ഇതിനെ വിശേഷിപ്പിക്കുന്നത് സമത്വവാദത്തിൽ അധിഷ്ഠിതമായ സമൂഹവ്യവസ്ഥിതിയായാണ്. ഇവിടെ എഴുപതിനു മുകളിൽ പ്രായമായ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഓ ഇൽ നം (Yeong su-Oh) നേരിടേണ്ടത് നല്ല ആരോഗ്യമുള്ള യുവാക്കളെയാണ്; അത് പോലെ പ്രധാന സ്ത്രീകഥാപാത്രങ്ങളിൽ ഒരാളായ കാങ് സേ ബ്യൊക് (HoYeon Jung) മത്സരിക്കുന്നതു പുരുഷന്മാരോടൊപ്പവും. എല്ലാ വ്യത്യാസങ്ങളും ഇല്ലായ്മ ചെയ്തു കൊണ്ട് കൈവരിക്കാൻ ശ്രമിക്കുന്ന തുല്യത ജനാതിപത്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. എല്ലവർക്കും തുല്യഅവസരങ്ങൾ സാധ്യമാക്കുക എന്ന ജനാതിപത്യനയത്തെയാണ് ഇവിടെ മുതലാളിത്ത കമ്പോളവൽകൃത ഉത്തരാധുനിക സമൂഹത്തിന്റെ അടയാളമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വ്യവസ്ഥിതി മുന്നോട് വെക്കുന്ന ആശയം തികച്ചും അപ്രോയോഗികവും സാങ്കൽപികവും ജനാധിപത്യവിരുദ്ധവുമാണെന്ന് നിസ്സംശയം സ്ഥാപിക്കാം. അത്തരം ദൃഷ്ടാന്തപരമായ പരിസരത്തു നിന്ന് കൊണ്ട് സ്‌ക്വിഡ് ഗെയിമിനെ സസൂക്ഷമം വീക്ഷിക്കുമ്പോൾ പാരസൈറ്റ് മുന്നോട്ടു വെച്ച ആശയങ്ങളുടെ തുടർച്ചയായി കാണാവുന്നതാണ്.

സംവിധാകൻ ഹ്വാങ്ങ് ഡോങ് -ഹ്യുക് സ്‌ക്വിഡ് ഗെയിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ് : ""ആധുനിക മുതലാളിത്ത സമൂഹത്തിന്റെ ദൃഷ്ടാന്തമായി ഒരു കഥയെഴുതണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു; ജീവിതത്തിൽ ഇന്ന് നിലനിൽക്കുന്ന തീവ്ര മത്സര സ്വഭാവം ചിത്രീകരിക്കുന്ന ഒരു കഥ. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ വെച്ച് കൊണ്ടുള്ള കഥ.'' സീരിസിലെ എല്ലാ കഥാപാത്രങ്ങളും ഒരു പോലെ സാധാരണവും നിത്യജീവിതത്തിൽ കണ്ടുമുട്ടുന്നവരും അത് പോലെ എളുപ്പം പ്രവചിക്കാവുന്ന ഒരു കൂട്ടം ആളുകളാണ്. കഥാപാത്രങ്ങളെ പോലെ തന്നെ ലളിതമാണ് സീരിസിൽ കളിക്കുന്ന ആറ് കളികളും. പ്രേക്ഷരുടെ ശ്രദ്ധ കളികളിലേക്കും അതിന്റെ സങ്കീർണ്ണതകളിലേക്കും വ്യതിചലിക്കാതിരിക്കാനാണ് ഹ്വാങ് വളറെ ലളിതമായ കളികൾ തിരഞ്ഞെടുത്തതെന്ന് ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്. സംവിധായകൻ പ്രേക്ഷരുടെ ശ്രദ്ധ പൂർണ്ണമായും കഥാപാത്രങ്ങളിലേക്ക് കേന്ദ്രീകരിക്കുവാനാണ് ശ്രമിക്കുന്നത്. എന്നാൽ കഥാപാത്രങ്ങളേക്കാൾ സ്‌ക്വിഡ് ഗെയിം മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽ ആണ് പ്രേക്ഷരുടെ ശ്രദ്ധ കൂടുതൽ പതിയുന്നത്. സാമൂഹിക അസമത്വങ്ങൾ, സമ്പന്നരുടെ ആർത്തിയും അപരാധിത്വവും, സാമ്പത്തിക അന്തരങ്ങൾ എന്നീ വിഷയങ്ങൾ ഒറ്റ കാഴ്ച്ചയിൽ പ്രകടമാവുന്നു. സമ്പന്നരുടെ വിനോദ മാർഗങ്ങൾ എത്രത്തോളം ഭയാനകമാവാമെന്ന ഡിസ്റ്റോപിയൻ ദൃശ്യാവിഷ്‌കാരമാണ് ഈ സീരീസ്. ഇന്ന് നിലനിൽക്കുന്ന നവമുതലാളിത്തസംസ്‌കാരത്തെ വിമർശനാത്മകമായി സമീപിക്കുകയാണ് സീരീസ്.

സംവിധാകൻ ഹ്വാങ്ങ് ഡോങ്

സ്‌ക്വിഡ് ഗെയിമിനെ ഒന്ന് കൂടെ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ കൊറിയയിലും ലോകത്തെമ്പാടും ഇന്ന് നിലനിൽക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ജീവിത പരിസരവും ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിൽ അകപ്പെട്ടു ദൈന്യംദിന ജീവിതത്തിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രകടമാവുന്നത് കാണാം. എപ്പിസോഡ് അഞ്ച് എല്ലാ അർത്ഥതലത്തിലും പരമപ്രധാനമായ ഒന്നാണെന്ന് ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ മനസിലാക്കാം. കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ സോങ് ഗി-ഹുന്റെ (Lee Jung Jae) ഭൂതരാഷ്ട്രീയ പശ്ചാത്തലം ഏതാനും ദൃശ്യങ്ങളുടെ സഹായത്താൽ ആഖ്യാനത്തിൽ ഉൾപ്പെടുത്തിയത് സീരീസ് മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു. 2009ൽ ദക്ഷിണ കൊറിയയിൽ മോട്ടോർ കമ്പനികളിൽ ഉണ്ടായ സാമ്പത്തികമാന്ദ്യവും മറ്റും കാരണം ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടുകയും അതിനോടുള്ള പ്രതിഷേധം പോലീസ് വെടിവെപ്പിലേക്കും തൊഴിലാളികളുടെ മരണത്തിലേക്കും നയിച്ചത് തൊഴിലാളി വർഗത്തെ സംബന്ധിച്ചു മറക്കാനാവാത്ത ദുരനുഭവമാണ്.

എപ്പിസോഡിലെ ഏതാനും ചില ഷോട്ടുകൾ കൊണ്ട് മുതലാളി വർഗ്ഗത്തിന്റെയും ഭരണകൂട ഭീകരതയുടെയും വികൃതമായ മുഖം ആഖ്യാനത്തിൽ ഉൾപ്പെടുത്തുന്നു. മുതലാളി വർഗ്ഗത്തിന്റെ പിടിപ്പുകേട് കൊണ്ടുണ്ടായ നഷ്ടങ്ങൾക്ക് തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നതിനെ ഇത് വഴി ചോദ്യം ചെയ്യുന്നു. മാത്രമല്ല, മുതലാളിത്ത വ്യവസ്ഥിതിക്ക് കുട പിടിക്കുന്ന, പ്രതിഷേധസമരങ്ങളെയും വർഗ്ഗസമരങ്ങളെയും അടിച്ചൊതുക്കുന്ന ഭരണകൂടത്തിന്റെ കയ്യാളായി പ്രവർത്തിക്കുന്ന പൊലീസിനെയും കൃത്യതയോടെ ദൃശ്യപരമായി അടയാളപ്പെടുത്തുന്നു. അബ്ദുൽ അലി (Anupam Tripadi) എന്ന പാക്കിസ്താൻകാരനായ കഥാപാത്രവും പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗ്ഗത്തെയാണ്. നിരന്തരമായി ചൂഷണത്തിനു വിധേയമാകുന്നതും, തൊഴിൽ കേന്ദ്രങ്ങളിലെ അരക്ഷിതാവസ്ഥയും, കുടിയേറ്റക്കാർ നേരിടുന്ന വംശീയമായ അധിക്ഷേപവും സീരീസിൽ മുഖ്യവിഷയങ്ങളാവുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ സർവലോക തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും, രൂക്ഷമാവുന്ന തൊഴില്ലില്ലയ്മയും സീരിസിന്റെ ആഖ്യാനത്തിൽ പ്രകടമാണ്. അതിനോട് ഐക്യപ്പെടുവാനും തങ്ങളുടെ മുതലാളിവർഗ ചൂഷകരെ തിരിച്ചറിയുവാനും സാധിക്കുന്നു എന്നു സീരീസിന്റെ റിലീസിന് ശേഷം ഒക്ടോബർ 20ന് സിയോൾ നഗരത്തിൽ സ്‌ക്വിഡ് ഗെയിം വേഷവും മാസ്‌കും അണിഞ്ഞു കൊണ്ട് തൊഴിലാളി സംഘടനകൾ ഒത്തുചേർന്നു നടത്തിയ പ്രക്ഷോഭപരിപാടികൾ ചൂണ്ടി കാണിക്കുന്നു. പ്രകടനത്തിൽ മുഖ്യ ആവശ്യങ്ങളായി ഉയർന്നത് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, അസമത്വത്തിന്റെ അന്ത്യം, മികച്ച തൊഴിലവസരങ്ങൾ എന്നിവയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

കൊറിയൻ സിനിമ ടെലിവിഷൻ പഠനത്തിൽ വിദഗ്ദ്ധയായ Dr Sung-Ae lee അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്: 'It's about Homo economicus, rather than Homo sapiens - these are people who only think about money... We're living in an era where people follow neoliberal ideology without even knowing, so I think the audience identifies themselves in the story.' സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോളാണ് സ്‌ക്വിഡ് ഗെയിമിനെ പോലുള്ള മുതലാളിത്ത വിരുദ്ധ സാംസ്‌കാരിക ഉത്പന്നങ്ങൾക്കുള്ള പ്രസക്തിയേറുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അവിഭാജ്യഘടമാണ് നിരന്തരമായ നിരീക്ഷണം (constant surveillance). ഇവിടെയും എല്ലാ തട്ടുകളിലും നിരീക്ഷണത്തിനു വിധേയമാകുന്നുണ്ട്. മാത്രമല്ല പ്രബലമായ വിഭാഗം അതിൽ തിരിമറികൾ ചെയ്യുന്നു. ദൃശ്യരേഖകളെ മായ്ച്ചുകളയുകയും അത് വഴി അവർക്ക് ആവശ്യമുള്ള രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നു.

സീരിസിനകത്തുള്ള ഗെയിമിന്റെ ലോകത്തു പങ്കെടുക്കുന്നവരുടെ ലോകത്തെ വിശേഷിപ്പിക്കുന്നത്, നേരത്തെ സൂചിപ്പിച്ച പോലെ, നീതിപൂർവക ലോകം എന്നാണ്. ഇന്ന് ലോകത്തു നിലനിൽക്കുന്ന അസമത്വങ്ങൾക്കും അനീതികൾക്കും തൊഴിലില്ലായ്മക്കും ബദലായി തുല്യ അവസരങ്ങൾ ലഭ്യമാക്കുന്ന എല്ലാവർക്കും തുല്ല്യത ഉറപ്പു വരുത്തുന്ന ലോകമാണ് എന്നതാണ് ഗെയിമിന്റെ സംഘാടകർ മുന്നോട്ടു വെക്കുന്ന ആശയം. Front man പറയുന്നുണ്ട്, "All participants in the game are equal. We are giving people who have suffered unequal treatment and discrimination in the outside world the last chance to win a fair competition.'

കാങ് സേ ബ്യൊക് (Jung Ho-yeon) എന്ന മുഖ്യ സ്ത്രീ കഥാപാത്രം ഉത്തര കൊറിയയിൽ നിന്ന് പുറത്തു കടന്ന് ദക്ഷിണകൊറിയയിൽ തനിക്കും തന്റെ കുടുംബത്തിനും ഒരിടം കണ്ടെത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. രാജ്യാതിർത്തികളും പ്രത്യയശാസ്ത്രങ്ങളും വ്യക്തി ജീവിതത്തിലും കുടുംബബന്ധങ്ങളിലും ഉണ്ടാക്കാവുന്ന വിള്ളലുകളും പ്രതിസന്ധികളും പ്രതിനിധീകരിക്കുന്നു. Ageism, ലിംഗ വിവേചനം, മതം പോലുള്ള വൈജാത്യങ്ങളായ വിഷയങ്ങളും സ്‌ക്വിഡ് ഗെയിമിൽ കടന്നു വരുന്നുണ്ട്. മതം ആധുനികമനുഷ്യന്റെ അക്രമങ്ങളെയും അനീതികളെയും അതിജീവനത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളെയും "പാപങ്ങൾ' ആയി കണക്കാക്കുകയും "പാപപരിഹാരങ്ങൾ' നിർദ്ദേശിക്കുകയും ചെയ്യുന്നത് രൂക്ഷ വിമർശനത്തോടെ എടുത്തു കാണിക്കുന്നുണ്ട്. മനുഷ്യന്റെ പരിണാമത്തിന്റെ നാൾവഴികളിൽ മനുഷ്യത്വവും സഹജീവികളോടുള്ള കരുതലും സ്‌നേഹവും വിശ്വാസവും നഷ്ടപെട്ടിട്ടുണ്ടോ എന്നുമുള്ള ഒരാത്മപരിശോധനയായും പരമ്പരയെ വായിക്കാവുന്നതാണ്.

സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളും ചലനക്ഷമതാരാഹിത്യവും ഒപ്പം ഇവ മറികടക്കാനും സാമൂഹിക മുന്നേറ്റത്തിനുള്ള അഭിലാഷങ്ങളും മുന്നിൽ പ്രതിഷ്ഠിച്ചു കൊണ്ടുമാണ് സ്‌ക്വിഡ് ഗെയിമിന്റെ ആഖ്യാനം മുന്നോട്ടു പോകുന്നത്. സംവിധാകൻ ഡോങ്-ഹ്യുക് സ്‌ക്വിഡ് ഗെയിം പോലൊരു സീരീസിന്റെ കാലിക പ്രസക്തിയെ കുറിച്ച് പറഞ്ഞത് ഇന്നത്തെ ലോക രാഷ്ട്രീയത്തെ വിമർശനാത്മകമായി സമീപിക്കുന്നവർക്ക് എളുപ്പത്തിൽ ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയമാണ് സ്‌ക്വിഡ് ഗെയിന്റെ പ്രചോദനം എന്നത് കുറെ കൂടി ഗൗരവത്തിൽ കാണേണ്ട വിഷയമാണ്. ഡോങ് -ഹ്യുക് കൂട്ടിച്ചേർത്തു പറയുന്നത് ഇപ്രകാരമാണ്, "I think he kind of resembles one of the VIPs in the Squid Game ... It's almost like he's running a game show, not a country, like giving people horror'(World Socialist Website). അമേരിക്കൻ രാഷ്ട്രീയത്തെ മാത്രമല്ല അന്തർ ദേശീയ രാഷ്ട്രീയത്തെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും ചോദ്യം ചെയ്യുക കൂടി ചെയ്യുന്നുണ്ട് ഈ പരമ്പര. ഇന്നത്തെ കുത്തക മുതലാളിത്തവ്യവസ്ഥിതിയെ അംഗീകരിക്കുന്നതും അതിനു താങ്ങും തണലുമായി പ്രവർത്തിക്കുകയും തൊഴിലാളികളെ അസ്ഥിരപ്പെടുത്തുന്നതും കൂടുതൽ അസമത്വത്തിലേക്ക് തള്ളി വിടുന്നതുമായ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയത്തെയാണ് സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്.

VIP കളായി ചിത്രീകരിക്കപ്പെടുന്നത് കൊറിയക്കാരല്ല എന്നതും ഇവിടെ ശ്രദ്ധാർഹമാണ്. കൊറിയക്കാരല്ല എന്നു മാത്രമല്ല, VIP കൾ അമേരിക്കക്കാരോ വിദേശ സമ്പന്നരോ ആണെന്നത് anticapitalist ആഖ്യാനത്തിനു ബലം നൽകുന്ന ഘടകമാണ്. ആഗോളവത്കരണത്തിന്റെ പ്രതിഫലനമായി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ബഹുരാഷ്ട്രകുത്തക കമ്പനികൾ പലപ്പോഴും തദ്ദേശീയരുടെ നിയന്ത്രണത്തിലല്ല, മറിച്ച് പല വിദേശശക്തികളുടെയും അധീനതയിലാണ് എന്ന് ആവർത്തിക്കുകയാണ് സ്‌ക്വിഡ് ഗെയിമിലൂടെ. അത് പോലെ ഒരു മുതലാളിയുടെ അന്ത്യം ഒരു വ്യവസ്ഥിതി മാറ്റുന്നില്ലെന്നും അത് യാന്ത്രികമായി പ്രവർത്തിക്കുന്നുവെന്നും squid game പറഞ്ഞു വെക്കുന്നു.

Comments